"Surf Excel ഉണ്ടല്ലോ, അപ്പോൾ കറ നല്ലതല്ലേ " - എന്ന് പറയുന്നതു പോലെയാണ് ആ വഴിയിലെ ഗതാഗത തടസ്സങ്ങളോടും അതിനെ തുടർന്നുള്ള ഹോണടികളോടും അതു വഴി പോകുന്ന ഓരോ വാഹനത്തിലുള്ളവരുടെ മനോഭാവം. അവർ അതൊക്കെ ആസ്വദിക്കുകയാണ്. ലോക്ക് ഡൗണിന് ശേഷമുള്ള പലരുടേയും കുടുംബമൊത്തുള്ള യാത്രയാണിത്. ഡൽഹിയിലെ കർഷക സമരമായതുകൊണ്ട് പല ഹൈവേകൾ അടച്ചിട്ടിരിക്കുന്നതും വർഷാവസാന അവധി ആഘോഷിക്കാനുള്ളവരുടെ യാത്രകളുമൊക്കെയായി വഴികളിൽ പതിവിൽ കൂടുതൽ വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. കൂട്ടത്തിൽ എങ്ങനെയെങ്കിലും ആദ്യം എത്തണം എന്ന മത്സരബുദ്ധി വണ്ടിയോടിക്കുന്നവർക്ക് മാത്രമല്ല വാഹനത്തിലുള്ളവർക്കെല്ലാമുണ്ട്. അതിനായിട്ടുള്ള തിക്കിത്തിരക്കി ഓടിക്കലും ഹോണടിയുമൊക്കെയായി ആകെ ബഹളമയം. എന്നാൽ 'first' എന്നത് ഞങ്ങളുടെ അവകാശമെന്ന രീതിയിലാണ് ഇരുചക്ര വാഹനങ്ങൾ. അതിനായിട്ട് വഴിയിലെ വശങ്ങളിലെ മണ്ണിൽ കൂടിയും ഭീമാകാരമായ ട്രക്കുകൾക്കിടയിലൂടെയൊക്കെയായി ഞങ്ങളും കുതിക്കുകയാണ്. രാജസ്ഥാനിലെ Patan Mahal ലേക്കാണ് ഈ യാത്ര.
GPS പറഞ്ഞതനുസരിച്ച് പ്രധാന വീഥിയിൽ നിന്നും മാറി യാത്ര തുടരുമ്പോൾ , വഴിയിൽ ഒന്നോ രണ്ടോ കടകൾ കണ്ടാലായി. വെയിലു കൊള്ളുന്ന ഏതാനും വൃദ്ധരേയും തലയും മുഖവും മറച്ച രാജസ്ഥാനി സ്ത്രീകളും മഹലിലേക്കായി പോകുന്ന വാഹനങ്ങളെ ഒക്കെ ആശ്ചര്യത്തോടെ നോക്കി നിൽക്കുന്ന കുട്ടികളും. അപ്പോഴേക്കും GPS പണിമുടക്കിയിട്ടുണ്ടാകും. പിന്നീടുള്ള യാത്ര ഇവരുടെ സഹായത്തോടെയായിരിക്കും. ഇതൊക്കെ രാജസ്ഥാനിന്റെ പ്രത്യേകതകളാണെന്ന് പറയാം.
മഹലിൽ എത്തുന്നതോടെ വീണ്ടും പരിഷ്ക്കാരത്തിന്റെ ലോകമായി. അവർ നീട്ടിയ വെൽക്കം ഡ്രിങ്ക് കുടിച്ചു കൊണ്ട് അവിടെയെല്ലാം ചുറ്റിക്കറങ്ങി നടക്കുന്നതിനിടയിൽ, ഇന്ത്യൻ ചരിത്രത്തിലെ അവസാനത്തെ മഹത്തായ യുദ്ധങ്ങളിലൊന്നായ പത്താൻ യുദ്ധം കേട്ടിട്ടില്ലെ എന്ന ചോദ്യത്തിന് മുൻപിൽ , തന്ന വെൽക്കം ഡ്രിങ്കിലെ അടിയിൽ അലിയാതെ കിടക്കുന്ന പഞ്ചസാര അലിയിപ്പിച്ചെടുത്ത് കുടിക്കുന്ന തിരക്കിലായിരുന്നു ഞാൻ. കൂട്ടത്തിലുള്ളവരിൽ നിന്നും മറുപടി കിട്ടാത്തതു കൊണ്ടായിരിക്കാം അദ്ദേഹം തുടർന്നു.
പൃഥിരാജ് ചൗഹാന് മുൻപുള്ള അവസാന ഹിന്ദു ചക്രവർത്തി ദില്ലി ഭരണാധികാരിയുടെ പിൻഗാമിയായിട്ടാണ് അറിയപ്പെടുന്നത്.
ചുമരുകളിൽ കണ്ട ആദ്യത്തെ ഫോട്ടോയിൽ രാജാവും 3 മക്കളും ജനങ്ങളുമൊക്കെയാണ്. അടുത്ത ഫോട്ടോയാകുമ്പോഴേക്കും ഏതാനും വെള്ളക്കാരേയും കൂടെ അതിൽ കാണാം. പണ്ട് സിനിമാ പോസ്റ്ററുകൾ കണ്ട് സിനിമാക്കഥ ഊഹിച്ചെടുക്കുന്നതു പോലെ അവിടത്തെ ചരിത്രം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ജയ്പൂരിലെ 70 മൈൽ വടക്ക് കിഴക്കായിട്ടുള്ള രാജസ്ഥാനിലെ ചരിത്ര നഗരമായ പടാൻ . 13-ാം നൂറ്റാണ്ടിലെ പഴയ ഈ മഹൽ "Rao Digvijay Sing Patan ന്റെയും കുടുംബത്തിന്റേയും പൂർവ്വിക വസതിയാണിത്. എല്ലാ ആധുനിക സൗകര്യങ്ങളുള്ള 19 മുറികൾ ഉള്ള ഹെറിറ്റേജ് ഹോട്ടലാണിന്ന്. വായുസഞ്ചാരമുള്ളതും വലുപ്പം കൂടിയ കിടപ്പുമുറികളും അതിനേക്കാൾ വലുപ്പം കൂടിയ ബാത്ടബ്ബ് അടക്കമുള്ള ബാത്ത് റൂമുകളും പഴയ സിനിമകളിൽ കാണുന്ന പോലത്തെ ഫർണീച്ചറുകളും എല്ലാം കൂടെ ഏതോ പഴയ തറവാട്ടിൽ എത്തിയ പ്രതീതി. ഫ്ളാറ്റിൽ വളർന്ന കുട്ടികൾക്ക് അവിടെ നിന്ന് ക്രിക്കറ്റ് കളിക്കാൻ തോന്നിയാൽ കുറ്റം പറയാനാകില്ല. ചുമരിലേയും മേൽക്കൂരയിലേയും മനോഹരമായ പെയിന്റിംഗുകൾ രാജസ്ഥാനി കരകൗശല വിദഗ്ദ്ധരുടെ കഴിവുകൾ കാണാം. പഴയ രീതിയിലുള്ള ഗോവണികളും സ്വിച്ചുകളും ഓരോ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നു. രാജകീയവും മനോഹരവുമായ മഹൽ.
ഇങ്ങനെയുള്ള സ്ഥലങ്ങളിലെ പ്രധാന ആകർഷണമെന്ന് പറയുന്നത് അവിടുത്തെ നിശ്ശബ്ദതയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ട്രെക്കിംഗിന് അവസരമൊരുക്കുന്ന ബദൽഗഡ് മഹലും അതിന് മുകളിലുള്ള കോട്ടയുമുണ്ട്. കോട്ട ഇന്നു വരെ ആർക്കും ആക്രമിച്ച് കീഴടക്കാൻ സാധിച്ചിട്ടില്ലാത്ത ചുരുക്കം ചില കോട്ടകളിലൊന്നാണിത്. ഫ്രഞ്ചുകാരുടേയും മറാത്തക്കാരുടേയും സംയുക്തസേനയാണ് അവസാനമായി കീഴടക്കാൻ ശ്രമിച്ചത്.
Organic farm യാണ് മറ്റൊരാകർഷണം. നെല്ലിക്കാ മരത്തിൽ നിന്ന് ഉണ്ടായി വരുന്ന നെല്ലിക്ക പറിച്ചു കഴിഞ്ഞപ്പോൾ …. എന്റെമ്മോ!
അവിടെ നിന്ന് പറിച്ചെടുത്ത റാഡിഷ് കറമുറ തിന്നുമ്പോൾ ….yummy.
പൂത്തുലഞ്ഞ് നിൽക്കുന്ന കടുക് ചെടികൾ …. മനോഹരമായ കാഴ്ച .
ചില ചെടികളുടെ വിത്തുകൾ അവിടെ നിന്ന് സംഘടിപ്പിച്ചപ്പോൾ ... സന്തോഷം.
പുതിന ഇല, മല്ലിയില, തണുത്ത് വിറച്ചു നിൽക്കുന്ന വാഴകൾ, പേരമരങ്ങൾ, മാവുകൾ കിണർ വൃത്തിയായി തോന്നിയില്ലെങ്കിലും അതിന് ചുറ്റുമുള്ള അടയ്ക്കാ കുരുവികളുടെ കൂടുകൾ …. എല്ലാം കൂടെ കേരളത്തിലെ ഏതോ പറമ്പിൽ എത്തിയോ എന്ന് സംശയം. വർഷാവസാനം കേരളത്തിൽ പോകാൻ പറ്റാത്ത വിഷമം അങ്ങനെ തീർത്തു.
ചരിത്രത്തിലും മനോഹാരിതയിലും നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലത്ത് നിന്ന് യാത്ര പറയുമ്പോൾ, വാരാന്ത്യം ചെലവഴിക്കാൻ പറ്റിയ ഒരു സ്ഥലം. കഴിഞ്ഞ ഏതാനും നാളുകളായിട്ടുള്ള online ജോലി / പഠനത്തിൽ നിന്നുള്ള മോചനം. തിരിച്ചുള്ള യാത്ര പുറപ്പെടുമ്പോൾ ശരീരവും മനസ്സും ആകെയൊന്ന് റീചാർജ്ജ് ചെയ്തതുപോലെ….
നന്നായിട്ടുണ്ട് ...
ReplyDeletethanks
Delete