9/5/14

പുഞ്ചിരി ട്ടീച്ചർ

പുഞ്ചിരി ട്ടീച്ചർ -നെ പറ്റി പറയുകയാണെങ്കിൽ, എന്നെ ഒൻപതിലും - പത്താം ക്ലാസ്സിലും മലയാളം പഠിപ്പിച്ച അധ്യാപിക ആയിരുന്നു.അക്ഷരസ്ഫുടതയോടെ സാവധാനം ചൊല്ലുന്ന മലയാള പദ്യങ്ങൾ കേൾക്കാൻ  ഞങ്ങൾക്ക് ഇഷ്ടമായിരുന്നു.എപ്പോഴും പുഞ്ചിരിക്കുന്ന മുഖമുള്ള അവർ മറ്റുള്ള അധ്യാപകരെ അപേക്ഷിച്ച് ചെറുപ്പവുമായിരുന്നു.അവരുടെ വസ്ത്രധാരണരീതിയും അതിന് അനുസരിച്ചുള്ള ഫാഷനും അവരോടുള്ള ഞങ്ങളുടെ ആരാധനയും ഇഷ്ടവും കൂട്ടി.  അങ്ങനെ അവരുടെ എല്ലാ ഗുണങ്ങളും കൂട്ടി ചേർത്ത് സ്കൂളിലെ കുട്ടികൾ  അവർക്ക് "പുഞ്ചിരി ട്ടീച്ചർ"എന്ന പേരും കൊടുത്തു.

വർഷങ്ങൾക്ക് ശേഷം "പുഞ്ചിരി ട്ടീച്ചർ -നെ കണ്ടപ്പോൾ, എന്റെ   കൂട്ടുകാരി അവളുടെ ബി.എഡ് -ന്റെ  ട്രെയിനിംഗ് -നായി ഞങ്ങൾ പഠിച്ച സ്ഥലത്താണ് ചേർന്നത്.അപ്പോഴേക്കും ഞങ്ങളുടെ കല്യാണമൊക്കെ കഴിഞ്ഞിരുന്നു.ഞാൻ അവളുടെ കൂടെ സ്കൂളിൽ ചെന്നതാണ്.ഇഷ്ടമുണ്ടായിരുന്ന അധ്യാപികരെ പോയി കണ്ടു. ഇഷ്ടമില്ലാത്തവരിൽ നിന്ന് കാണാതെ  രക്ഷപ്പെടാൻ ശ്രമിക്കുന്നത് അതിലും വലിയ കുഴപ്പത്തിലായിരിക്കും അവസാനിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്തും  ഞങ്ങൾ ഒരുമിച്ചായിരുന്നു. അന്നും ഞങ്ങളെ രണ്ടു പേരെ  ഒരുമിച്ച് കണ്ടത് പല ട്ടീച്ചർ മാർക്കും. അത്ഭുതമായിരുന്നു. പോരാത്തതിന് അവളുടെ ട്രെയിനിംഗ്- ന്റെ ഭാഗമായി എല്ലാവരുമായി പരിചയം പുതുക്കിയിട്ടുണ്ട്.അങ്ങനെ ആകെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ്, ഞങ്ങളുടെ "പുഞ്ചിരി ട്ടീച്ചർ -നെ കണ്ടത്. എന്റെ കൂട്ടുകാരിയെ കണ്ടതും അവർ ട്രെയിനിംഗിനെ പറ്റിയുള്ള വർത്തമാനം തുടങ്ങി. പുഞ്ചിരിയുമായി ഞാൻ അടുത്ത് തന്നെയുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ ട്ടീച്ചർ എന്നെ ചൂണ്ടി കാണിച്ചിട്ട് ചോദിച്ചു -" ഇതാരാണ്?
ഞാൻ ഞെട്ടിപ്പോയി.അവൾ എന്നെ പറ്റി പറയാൻ തുടങ്ങിയെങ്കിലും ട്ടീച്ചർക്ക്  ഓർമ്മയില്ല  .
"ഓരോ വർഷവും എത്ര കുട്ടികളെയാണ് പഠിപ്പിക്കുന്നത് അതുകൊണ്ട് എനിക്ക്  ഓർമ്മയില്ല "-യാതൊരു കൂസലുമില്ലാതെ സത്യം തുറന്ന് പറഞ്ഞപ്പോൾ, എന്റെ പുഞ്ചിരി പോയിയെന്ന് തന്നെ പറയാം. അവരുടെ വാദത്തെ അംഗീകരിച്ചുവെങ്കിലും ഒരു പാട് വിഷമം തോന്നി. ട്ടീച്ചറിനെ നോക്കി ചിരിക്കാനും അവരെ സംബോധന ചെയ്യാനുമായി ആ വിദ്യാലയം മുഴുവൻ എത്ര ഓടി നടന്നിട്ടുള്ളതാണ്!
പിന്നീട് ഒരിക്കലും അധ്യാപികരെ കാണാനോ, കണ്ടാൽ തന്നെ പരിചയം പുതുക്കാനോ ഞാൻ ശ്രമിക്കാറില്ല.പക്ഷെ ഈ അടുത്ത കാലത്ത് നടന്ന സംഭവം, റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്ത് ഇരിക്കുകയാണ് ഞാൻ.ഒരമ്മയും മകനും എന്റെ അടുത്ത് വന്നു, അമ്മ -മകനോട്,"എനിക്ക് ഇവരെ അറിയാം. ഞാൻ കേട്ടെങ്കിലും എനിക്ക് പരിചയം തോന്നാത്ത കാരണം, ഞാൻ കേൾക്കാത്ത മട്ടിൽ ഇരുന്നു.പിന്നെയും ആ അമ്മ പറയുന്നുണ്ട് " എനിക്ക് ഇവരെ അറിയാം"
"എന്നെയാണോ, എങ്ങനെ അറിയാം എന്ന എന്റെ  ചോദ്യത്തിന്, *********സ്കൂളീലാണോ പഠിച്ചത് ?  പെട്ടെന്നുള്ള ആ  ചോദ്യം കേട്ടപ്പോൾ ഞാനറിയാതെ തന്നെ എഴുന്നേറ്റ് നിന്ന് ചോദിച്ചു " അവിടത്തെ ട്ടീച്ചർ ആണോ"
എന്റെ  പെരുമാറ്റത്തിൽ വന്ന മാറ്റം  ഇഷ്ടപ്പെട്ട അവർ മകനോട്, ആ സ്കൂളീന്റെ ഗുണഗണങ്ങളെപറ്റി വിവരിക്കുകയായിരുന്നു.കൂട്ടത്തിൽ എവിടെ പോയാലും അവരുടെ വിദ്യാർത്ഥിനികളെ കണ്ട്മുട്ടാൻ സാധിക്കുന്നതിലെ സന്തോഷവും. എന്നെ മിഡിൽ സ്കൂളിൽ  ബയോളജി പഠിപ്പിച്ച അധ്യാപിക ആയിരുന്നു.ട്രെയിനിലും ഞങ്ങൾ അടുത്തടുത്തായിരുന്നു ഇരുന്നത്. അന്നത്തെ വിശേഷങ്ങളും കൂടെയുള്ളവരുടെ വിശേഷങ്ങളുമായി ഒരു പാട് സംസാരിച്ചു.ഒരു പക്ഷെ ട്ടീച്ചർ ന്മാരോട് ഞാനുണ്ടാക്കിയെടുത്ത പകയെല്ലാം ഒലിച്ചു പോയതുപോലെ തോന്നി.ജീവിതത്തിൽ കണ്ടു മുട്ടുന്ന പലരിൽ നിന്നും പല പാഠങ്ങൾ പഠിക്കേണ്ടി വരും!
അധ്യാപകദിനത്തിന്റെ ഭാഗമായി വിപണികളിൽ പലതരം കൊച്ചു സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്."Teacher എന്നെഴുതിയ കപ്പ്‌, ഫോട്ടോഫ്രെയിം, അധ്യാപികയുടെ നല്ല ഗുണങ്ങളെ വിവരിച്ചു കൊണ്ടുള്ള കാർഡുകൾ ചെറിയ പ്ലേറ്റുകൾ പൂക്കൾ ബൊക്കെകൾ ...........അങ്ങനെ പലവിധം. മാതാപിതാക്കന്മാരും കുട്ടികളും തെരഞ്ഞെടുക്കുന്ന തിരക്കിലാണ്. ചില കുട്ടികൾക്ക് പഠിപ്പിക്കുന്ന എല്ലാവർക്കും സമ്മാനം കൊടുക്കണമെന്ന വാശിയിലാണ്.അവരുടെ ഇടയിൽ നിന്നപ്പോൾ, എന്നെ പഠിപ്പിച്ചവരിൽ ആര്ക്കായിരിക്കും ഞാൻ സമ്മാനം കൊടുക്കുക എന്നോർത്ത് പോയി.യാതൊരുവിധസംശയവുമില്ലാതെ മനസ്സിലേക്ക് ഓടിവന്നത് "പുഞ്ചിരി ട്ടീച്ചർ" -ന്റെ മുഖമായിരുന്നു. അവരെ  പിന്നീട് ഞാൻ കണ്ടിട്ടേയില്ല എന്നാലും അവരുടെ പദ്യപാരായണം .......കവിതകളോട് യാതൊരുവിധ മമതയുമില്ലാത്ത ഞാൻ പോലും ആസ്വദിക്കുന്ന വിധത്തിലായിരുന്നു.

ലോകത്തിലുള്ള എല്ലാ "ട്ടീച്ചർ" മാരോടും എനിക്ക് അസൂയ തോന്നുന്നു....അവരെ ഓർത്തിരിക്കാൻ എത്ര വിദ്യാർത്ഥി / വിദ്യാർത്ഥിനികളാണ് ഒരു പക്ഷെ അവർ തിരിച്ച് ഓർത്തില്ലെങ്കിലും .......

എല്ലാ അധ്യാപക/ അധ്യാപികമാർക്കും - അധ്യാപകദിന ആശംസകൾ !!!!!