3/9/16

പറയാതെ, പറഞ്ഞു തന്ന വിശേഷങ്ങൾ !!!!

കേരളത്തിലേക്കുള്ള യാത്രയിലാണ് ഞാന്‍, അങ്ങോട്ടുള്ള യാത്ര എന്ന് പറയുമ്പോൾ തന്നെ മനസ്സ് നിറയെ സന്തോഷമായിരിക്കും.എന്തായാലും വണ്ടിയിൽ അടുത്തിരിക്കുന്ന പെൺകുട്ടിയുടെ മുഖത്ത്  വലിയ സന്തോഷമൊന്നും ഇല്ല. കാതുകളെ "ഹെഡ്ഫോൺ " കൊണ്ട് ആവരണം ചെയ്യാത്തതു കൊണ്ട്, എന്തെങ്കിലും വർത്താമനം പറഞ്ഞ് നാട് എത്തിക്കാമെന്ന ഉദ്ദേശ്യത്തോടെ,

ഞാൻ - എവിടെ പോകുന്നു?
അവൾ -കേരളം 

കേരളത്തിലോട്ട് പോകുന്ന വണ്ടിയിൽ കേറി എവിടെ പോകുന്നു എന്ന ചോദ്യത്തിലെ അമളി അവളിലെ തീക്ഷണമായ നോട്ടത്തിലൂടെയാണ് മനസ്സിലായത്.മറുപടി കിട്ടിയ സ്ഥിതിക്ക്, നോട്ടത്തിന് ഞാൻ വലിയ പ്രാധാന്യം കൊടുത്തില്ല. അടുത്ത ചോദ്യവും ഉടൻ തന്നെ ചോദിച്ചു.
-അവിടെ ജോലി ആണോ
അവൾ -അല്ല
ഞാൻ -പിന്നെ
അവൾ -കാണാൻ പോകുന്നു

അവളുടെ മറുപടികൾ ഒട്ടും സഹൃദയമായിരുന്നില്ല പകരം പരുഷമാവുന്നുണ്ടോ എന്ന സംശയം ഇല്ലാതില്ല എന്നാലും അവളുടെ കൂടെ ആരേയും കാണാത്തതു കൊണ്ട്, പല വിദേശികളും കെട്ടും മാറാപ്പും മൊക്കെയായി നാടുകള്‍ കാണാന്‍ പോകുന്നതിനെപ്പറ്റി കേട്ടിട്ടുണ്ട് അതുപോലെ നമ്മുടെ ദേശി പെൺകുട്ടികളും തുടങ്ങിയോ? പീഡനം, കൊള്ള, കവർച്ച .....ഇതിനെക്കുറിച്ചൊന്നും ഇവൾക്ക് പേടിയില്ലെ .....അങ്ങനെ എനിക്ക് ചോദിക്കാനായി നൂറ് ചോദ്യങ്ങൾ ഉണ്ടെങ്കിലും ആരേയുംകൂസലില്ലാത്ത  അവളുടെ മുഖഭാവം അതിനൊക്കെ  ഒരു വിലങ്ങുതടിയായി.
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നാൽ നിദ്രാദേവിയുടെ അനുഗ്രഹത്തിനായി ഞാൻ കണ്ണടച്ചു ഇരുന്നു.ചിലപ്പോൾ ഇങ്ങനെയാണ്,   ആകെ മടുത്ത് ഇരിക്കുമ്പോഴാണ്, ആ "ഫോൺകോൾ”- എനിക്ക് തമാശയായി തോന്നിയത്. ഇവിടെ "ഫോൺ കോൾ" വന്നത് എന്റെ അടുത്തിരിക്കുന്ന കുട്ടിയുടെ മൊബൈലിലേക്കാണ്.

ഹലോ
ഇല്ല..ഞാൻ അടുത്ത തിങ്കളാഴ്ചയേ വരുകയുള്ളൂ
സ്ഥലത്തില്ല
കേരളത്തിലോട്ട്
പാക്കേജ് ട്ടൂർ.....6 രാത്രി യും 7 ദിവസം
മൂന്നാർ തേക്കടി പിന്നെ ഒരു ദിവസം ബോട്ടിൽ താമസിക്കും
8 പേരുണ്ട്
ചേച്ചി, അമ്മായിയുടെ വീട്ടിലാണ്
അടുത്താഴ്ച പരീക്ഷ തുടങ്ങും
ഒരാൾക്ക് Rs.----------രൂപയാണ്. പിന്നെ ഞങ്ങൾ എട്ടു പേര് ഉള്ള കാരണം ഡിസ്കൗണ്ട് കിട്ടി.ഓണർ ചിഞ്ചുവിന്റെ അമ്മയുടെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ കസിൻ ആണ് .

ചിഞ്ചു അന്ന് എന്റെ കൂടെ നിന്റെ വീട്ടിൽ വന്നില്ലേ
അവനും അവന്റെ അച്ഛനുമ്മയും കൂടെയുണ്ട്.
Spices യൊക്കെ മേടിക്കാൻ കിട്ടും
സിൽക്ക് സാരികളും
പിന്നീട് ഷോപ്പിംഗ്-നെ പറ്റി യായി സംസാരം.  അതൊക്കെ കേട്ട് ഞാൻ എപ്പഴോ ഉറങ്ങി പോയിരുന്നു. എന്റെ ഉറക്കം കഴിഞ്ഞ് നോക്കിയപ്പോൾഎന്റെ ചുമലിൽ കിടന്ന് ഉറങ്ങുന്നുണ്ട് അവൾ! ആ ബസ്സിലുള്ളവര്‍ക്കെല്ലാം അവളുടെ യാത്രയെ  കുറിച്ചുള്ള ഒരു ധാരണ കിട്ടിയെന്നു തന്നെ പറയാം. അവിടെ ഇവളുടെ മാത്രമല്ല പലരുടേയും വീട്ടുവിശേഷങ്ങളും നാട്ട് വിശേഷങ്ങളും ഗോസിപ്പുകളും അടക്കി പിടിച്ച് വർത്തമാനം പറയുന്നവരും പറയുന്നത് മുഴുവൻ നാലാൾ കേൾക്കണമെന്ന് നിർബന്ധമുള്ളവരും ഒക്കെയായി ആകെ ശബ്ദമയമാണ്. നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങള്‍. ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ടുള്ള ഗുണമോ ദോഷമോ? 

കേരളം എത്തി, അവൾക്ക് നല്ലൊരു അവധിക്കാലം ആശംസിച്ച്, ഞങ്ങൾ 

പിരിഞ്ഞപ്പോൾ .... ആ ഗൌരവക്കാരിയോട് ചോദിക്കാൻ എന്റെ മനസ്സിൽ ഒരു 
ചോദ്യവുമില്ല....
പറയാതെ അവൾ പറഞ്ഞു തന്ന വിശേഷങ്ങൾ…!!!!