11/29/18

ഞാന്‍ കണ്ട കാനഡ

Tim Hortons,  1964 യിൽ തുടങ്ങിയിട്ടുള്ളതാണ് ഈ  'ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ്റ്',
'ഫാസ്റ്റ് ഫുഡ്' എന്ന് പറയുമ്പോൾ അമേരിക്കക്കാരുടെ McDonalds ആണ്
നമ്മുക്കറിയാവുന്നത്.  എന്തോ ഇന്ത്യയിൽ ഇവരെപ്പറ്റി കേൾക്കാത്തതു കൊണ്ടാകും
പേരിനും അവിടത്തെ കാപ്പിക്കും പ്രത്യേക രുചി.ഓർഡർ ചെയ്ത കാപ്പിയുമായി
വലിയ ഗ്ലാസ്സ്  ജനലിന്റെ അടുത്തുള്ള കസേരയിൽ തന്നെ സ്ഥാനം പിടിച്ചു.
ഏതൊരു വിദേശരാജ്യത്തിലും നമ്മളെ ആദ്യം ആകർഷിക്കുന്നത് അവിടത്തെ
വൃത്തിയും വെടിപ്പുമാണല്ലോ. കാനഡയിലും അതിന് മാറ്റമൊന്നുമില്ല.


ശനിയാഴ്ചയും രാവിലെ ആയതു കൊണ്ടുമായിരിക്കാം ഉറക്കം തൂങ്ങിയ
മട്ടിലിരിക്കുന്നത്. രണ്ടു - മൂന്നു കൂട്ടരെ അവിടെയവിടെയിരുന്ന് ഭക്ഷണം
കഴിക്കുന്നത് കാണാം.വേഷമെല്ലാം ഉറക്കത്തിൽ നിന്നെണീറ്റ് വന്നതു പോലെയുണ്ട്.
ആരും ആരേയും ശ്രദ്ധിക്കാത്തവർ ആയതു കൊണ്ടാകും. ഡൽഹി - കാനഡ
ഏകദേശം പതിനാല്  മണിക്കൂർ യാത്രയിൽ, എൻ്റെ അടുത്തിരുന്ന അമ്മയും
അവരുടെ മടിയിലിരിക്കുന്ന ആ രണ്ടു വയസ്സുകാരനേയും ഓർത്തുപ്പോയി.
കൊച്ചുകുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് സഹായഹസ്തവുമായി
പെരുമാറുകയെന്നത് എന്റെയൊരു ഡ്യൂട്ടിപ്പോലെയാണ്, ഞാൻ കരുതിയിട്ടുള്ളത്.
ചില സമയങ്ങളിൽ പാരയും ആവാറുണ്ട്.പക്ഷെ ഈ യാത്രയിൽ എന്റെ
സഹായമനോഭാവം അമ്മക്ക് ശല്യമാവുകയാണെന്ന് തോന്നിയപ്പോൾ,
'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടിൽ സ്വയം പിന്മാറുകയായിരുന്നു.ആ കുട്ടിയുടെ
കൈയ്യോ കാലോ എന്റെ ദേഹത്ത് തട്ടിയത് രണ്ടോ -മൂന്നു പ്രാവശ്യം. അതിനെല്ലാം  
അമ്മ എന്നോട് അവിടത്തെ ഇംഗ്ലീഷ് ഉച്ചാരണത്തില്‍ 'സോറി' പറയുകയും ചെയ്തു.


ഏതാനും വയസ്സായ സർദാർജികളും ഭാര്യഭാര്യമാരുമായിരുന്നു പിന്നെയുണ്ടായിരുന്ന
ഇന്ത്യൻ യാത്രക്കാർ.അവരിൽ പലർക്കും ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ലായിരുന്നു.
 പക്ഷെ വിദേശയാത്രയിൽ വിളമ്പുന്ന മദ്യം തെരഞ്ഞെടുക്കുന്നതിന് ഭാഷയുടെ
ആവശ്യമില്ലെന്ന മട്ടിലാണ് അവർ പെരുമാറിയത്. അതിനായിട്ട് ഇംഗ്ലീഷ്
അറിയാത്തവരോട് ചില  വിദേശി എയർഹോസ്റ്റസ് -മാർ തമാശയായി
പെരുമാറുന്നുണ്ടായിരുന്നു. അവിടെ സ്ഥിരം താമസമാക്കിയവരോ അവിടത്തെ
പൗരത്വം സ്വീകരിച്ചവരോ ആയിരിക്കാം. എന്നാൽ ഇംഗ്ലീഷ് അറിയാതെ അവർ
എങ്ങനെ അവിടെ ജീവിക്കുന്നു എന്നതായിരുന്നു എൻ്റെ അത്ഭുതം.പക്ഷെ
പാർലമെന്റിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷയെന്ന നിലയിൽ
പഞ്ചാബിക്ക് നാലാം സ്ഥാനമാണുള്ളത്. ഇംഗ്ലീഷ് യും ഫ്രഞ്ചുമാണ്, രാജ്യത്തെ
ഔദ്യോഗിക ഭാഷകള്‍. പ്രധാനമായും പഞ്ചാബി, ഗുജറാത്തി മലയാളി തമിഴ് ......
ഒക്കെയാണ് അവിടത്തെ പ്രധാന ഇന്ത്യൻ വംശജർ.പഞ്ചാബിയിൽ കാനഡയെ
'കനാഡ' എന്നാണോ പറയുന്നത് എന്നറിയില്ല. എന്നാലും അവിടെയുള്ള
ഇന്ത്യക്കാർക്ക് 'കനാഡ' ആണ്. ഞങ്ങൾ  ഡൽഹിയിൽ വിസ എടുക്കാൻ
പോയപ്പോഴും അവിടെയുള്ളവർ കനാഡ' എന്നാണ് പറഞ്ഞിരുന്നു.
9 മണിക്കൂറും 30 മിനിറ്റും മുൻപിലാണ് ഇന്ത്യക്കാർ.  14 മണിക്കൂര്‍ ഉള്ള യാത്രയില്‍
വിമാനത്തിന്റെ ജനലിൽ കൂടി കണ്ട ദിവാകരന്‍ സമ്മാനിച്ച ……..


ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് കാനഡ.ആർട്ടിക്ക് പ്രദേശത്തോട്
ചേർന്ന് കിടക്കുന്നതിനാൽ മിക്ക സ്ഥലങ്ങളിലും മഞ്ഞുമൂടി ജനവാസയോഗ്യമല്ല.
ഏറ്റവും കൂടുതൽ കടൽത്തീരവും പ്രകൃതിഭംഗിക്കും പേരുകേട്ട
സ്ഥലവാസമാണിത്‌. ജനവാസം വളരെ കുറവാണിവിടെ.10 സംസ്ഥാനങ്ങളും
മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ചേരുന്നതാണ് കാനഡ.

അങ്ങനെ ഞങ്ങളുടെ കാനഡ കാഴ്ചകൾക്കായുള്ള യാത്ര  ആരംഭിക്കുകയാണ്…..
'ചുരുട്ടീട്ടും ചുരുട്ടീട്ടും തീരാത്ത പായ' ഏതോ റേഡിയോ ജോക്കി ചോദിച്ചതാണ്
ഈ ചോദ്യം. ഉത്തരം -റോഡ് . ഉത്തരം കേട്ടപ്പോൾ അതിനെ വിഭാവന ചെയ്യാൻ
ശ്രമിച്ചപ്പോൾ എന്തോ, മനസ്സ് അംഗീകരിക്കാത്തതുപോലെ.എന്തായാലും
അവിടത്തെ റോഡുകൾ അക്ഷരംപ്രതി ശരിയാണെന്ന് മട്ടിലുള്ളതായിരുന്നു.
വണ്ടിയുടെ വേഗം മുൻപിലത്തെ വണ്ടിയുമായിട്ടുള്ള അകലം ലേയിന്റെ (lane)
നിന്റെ പുറത്തോട്ട് പോയാലുള്ള താക്കീത് എല്ലാം തിട്ടപ്പെടുത്തി.കാപ്പിയോ ജ്യൂസോ
അല്ലെങ്കിൽ ചിപ്സ് യൊക്കെ തിന്നുകൊണ്ടുള്ള ഡ്രൈവിംഗ് രീതി കാണുമ്പോൾ
ഇയാൾ വണ്ടി ഓടിക്കുകയാണോ അതോ വല്ല കമ്പ്യൂട്ടർ ഗെയിം കളിക്കുകയാണോ
എന്ന് തോന്നാതിരുന്നില്ല. ആരും നിയമം വിട്ട് ഒന്നിനുമില്ല. എന്നാലും വിസിറ്റിംഗിന്
ചെന്ന ഞങ്ങൾക്ക് 'right hand drive'യും അതിനോട് ചേർന്നുള്ള നിയമങ്ങളും
പരിചയമില്ലാത്തതുകൊണ്ട് പലപ്രാവശ്യം വെറുതേ ആധിപിടിക്കേണ്ടിവന്നു.

സൈക്കിൾ ഓടിക്കുന്നവരെയോ റോഡുപണിക്കാരേയോ കണ്ടാൽ അവർക്കാണ്
പരിഗണന അതുകൊണ്ട് മാറിപ്പോവുക.നമ്മളുടെ ഡ്രൈവിംഗിന്റെ ഭാഗമായി
അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ' end of your life', അവിടെ വാഹനമോടിക്കാൻ
താത്പര്യം കാണിച്ച ഭർത്താവിനോട് ആ ഡ്രൈവര്‍ കൊടുത്ത ഉപദേശം.
ഡൽഹി - ജയ്‌പൂർ ഹൈവേയിൽ, തല മൂടി സാരിയിട്ട് കുനിഞ്ഞിരുന്ന് റോഡിന്റെ
വശങ്ങളിലെ മണ്ണ് അടിച്ചുവാരുന്ന റോഡ് പണിക്കാരെയാണ് ഓർമ്മ വന്നത്."her life '
എന്ന് പറയുന്നത് അവരുടെ ആയുസ്സിന്റെബലംകൊണ്ടുമാത്രമാണെന്ന്
തോന്നാറുണ്ട്.

'jetlag(യാത്രസമയത്തില്‍ മാറ്റം വരുമ്പോള്‍ ശാരീരികാസ്വാസ്ഥ്യം,) കൊണ്ടോ
വഴിയിൽ അധികം വണ്ടികൾ ഇല്ലാത്തതുകൊണ്ടോ .......ഓടിക്കുന്ന സമയമെല്ലാം
അദ്ദേഹം ഉറങ്ങിവീഴുകയായിരുന്നു. പലപ്പോഴും വഴിയുടെ സൈഡിൽനിന്നു
പുറത്തോട്ടു പോയാലുള്ള 'കുടുകുടു ( rumbling) ശബ്ദം കേൾക്കാമായിരുന്നു.
ഓടിക്കുമ്പോൾ 'challenge ഇല്ല ' എന്നതാണ് അദ്ദേഹത്തിൻ്റെ മുടന്തൻ ന്യായം.
ആധിയും വ്യാധിയുമില്ലാതെ നമ്മുക്കെന്ത് വാഹനയാത്ര അല്ലേ !
ഞായറാഴ്ച ആയതുകൊണ്ടാകാം വില കൂടിയതോ കുറവോ എന്നില്ലാതെ
പലതരത്തിലുള്ള ബൈക്കുകളും അതിൽത്തന്നെ ഭേദഗതി വരുത്തി കൂട്ടമായി
ദീർഘദൂര 'ബൈക്ക് റൈഡേഴ്‌സിനേയും കണ്ടു. ഇതിനോടൊക്കെ
താൽപര്യമുള്ളതിനാൽ ഇന്ത്യയിൽ ഇങ്ങനത്തെ സൗകര്യമില്ലാത്തതിന്റെ വിഷമം
ആരോടെന്നപോലെ പിറുപിറുക്കുന്നുണ്ടായിരുന്നു.ജൂലൈമാസം അവിടത്തെ സമ്മർ
ആയതുകൊണ്ട് പൂക്കളിലും ചെടികളിലും താൽപര്യമുള്ള ഞാൻ അതൊക്കെ കണ്ട്
ആസ്വദിക്കുകയായിരുന്നു.'Scenic caves- കാണാനാണ്, അന്നത്തെ ഞങ്ങളുടെ യാത്ര.


'Scenic caves - Nature adventure' പേരിൽ പറയുന്ന പ്രത്യേകത അവിടെ ചെല്ലുമ്പോൾ
കാണാം. ഹിമയുഗത്തില്‍ ഭൂമിയുടെ ഒട്ടേറെ ഭാഗങ്ങള്‍ മഞ്ഞുമൂടിക്കിടന്നു.സൂര്യന്‍
റെ ചൂടുകൊണ്ടു പര്‍വതമുകളിലെ മഞ്ഞുരുകി താഴോട്ടു പ്രവഹിച്ചു.
അനേകവര്‍ഷങ്ങള്‍കൊണ്ടു പ്രകൃതിതന്നെ ശില്പവേല ചെയ്തു.ഗുഹകളും
നിലവറകളും (caverns) ഉണ്ടായി.കാനഡയുടെ മഹത്തായ പ്രകൃതിവിസ്മയങ്ങള്‍
രൂപപ്പെട്ടു .(Scenic caves)

ടിക്കറ്റെടുത്ത് അകത്തോട്ട് കേറുമ്പോൾ തരുന്ന മാപ്പ് ഒരു കീറാമുട്ടിയായിട്ടാണ്
തോന്നിയിട്ടുള്ളത്.എനിക്ക് വായിക്കാൻ കണ്ണാടി വേണമെന്ന് പറഞ്ഞ് ആ
കടലാസ്സുകഷണം, കൂടെയുള്ളവരെ ഏൽപ്പിക്കുമ്പോൾ, നോക്കാനറിയാത്തത്
ആണെന്നുള്ള സത്യം മറച്ചുവെയ്ക്കാൻ സാധിച്ചതിലുള്ള സന്തോഷം.
ദൈവത്തിന്റെ ഓരോ അനുഗ്രഹങ്ങൾ.

Ice cave & fat man's cave ( photo ഇട്ടിട്ടുണ്ട്). രണ്ടു സ്ഥലത്തും അനായാസമായി
അകത്തോട്ട് കേറാമെങ്കിലും ഉള്ളിലോട്ട് പോകുന്തോറും കൂടുതൽ ഇടുങ്ങിയതാവും.
അതുകൊണ്ട്പകുതിയാത്രയായപ്പോൾത്തന്നെ ഞാൻ പിൻവാങ്ങി.ice cave യിൽ
എത്തുന്നതോടെ താപനിലയിലെ വ്യത്യാസം പ്രകടമാണെന്നാണ് മറ്റുള്ളവരുടെ
അഭിപ്രായം. അനേകം നിരീക്ഷണസ്ഥാനങ്ങളിലൂടെ (lookouts)പുറമെയുള്ള
കൌതുകക്കാഴ്ചകളും കാണാം.
(fat man's cave)

വിനോദസഞ്ചാരികളെ ആകർഷിക്കാനായിട്ട് 2003 യിൽ ഉണ്ടാക്കിയ 'Ontario യുടെ
ഏറ്റവും നീളം കൂടിയ 'suspension foot bridge , 420 മീറ്റർ നീളമുള്ളത്.
രണ്ടു വശങ്ങളിലേയും മനോഹരമായ കാഴ്ചകൾ അതിമനോഹരം.
ഞാൻ ആദ്യമായിട്ട് ഇത്തരം ബ്രിഡ്‌ജിൽ കേറുന്നത് പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ
സ്കൂളിൽനിന്നു കൊണ്ടുപോയ പിക്നിക്കിൽ, മലമ്പുഴയിൽവെച്ചാണ്. അതിൽ കേറിയ
ഉടനെ മൂന്നു നാലു കുട്ടികൾ കരയാൻ തുടങ്ങി അതോടെ ബാക്കിയുള്ളവരും കൂടി
കരയാൻ തുടങ്ങി. അങ്ങനെ കൂട്ടക്കരച്ചിലിലായിരുന്നു ആ യാത്ര.ആ
അനുഭവമൊക്കെ കൂടെയുള്ളവരുമായി പങ്കുവെച്ചുകൊണ്ടിരിക്കുമ്പോഴാണ്
ബ്രിഡ്ജ് ഭയങ്കരമായി ആടിയുലയാൻ തുടങ്ങിയത്.ശരിക്കും പേടിച്ചുപോയിരുന്നു.
മൂന്നു നാലു യുവാക്കൾ കോണോടുകോണായ രീതിയിൽ നടന്നാണ് അതിനെ
ആട്ടിയുലച്ചത്.


(suspension foot bridge)

ഭക്ഷണസ്ഥലത്തെ കാക്കയെപ്പോലെതന്നെ കൗശലമുള്ള ആ പക്ഷിയെ
നോക്കിയിരിക്കാനും രസകരം.
ചില പുതിയ കാഴ്ചകൾ കാണാൻ കഴിഞ്ഞ സന്തോഷത്തോടെ ഞങ്ങൾ തിരിച്ച്
ഞങ്ങളുടെ താമസസ്ഥലത്തേക്ക് !


30000 Island


കാനഡയുടെ മറ്റൊരു ആകർഷണമായ '30000 islands' ക്കാണ് ഞങ്ങളുടെ അന്നത്തെ   
യാത്ര.അനേകവര്‍ഷങ്ങള്‍ക്കു മുമ്പു കാനഡയുടെ ഭാഗത്ത് greaville എന്നൊരു
പര്‍വ്വതനിര ഉണ്ടായിരുന്നുവത്രെ.ജലം,കാറ്റ് മുതലായ പ്രകൃതി ശക്തികളുടെ
പ്രവര്‍ത്തനം കൊണ്ടു മലയുടെ  മിക്കവാറും ഭാഗങ്ങള്‍ പിന്നീട് ഇല്ലാതായി.
അസ്തിവാരം ഏതാണ്ട് മുപ്പതിനായിരം ദ്വീപുകളുള്ള ദ്വീപസമൂഹമായി എന്നു
കരുതപ്പെടുന്നു.ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലസംഭരണി ആയ (georgian bay)
 ജോര്‍ജിയന്‍ ചെറുകടലില്‍ ആണിത്.ഈ കടലിലൂടെ കപ്പലിലൂടെ ഈ
ദ്വീപുകളൊക്കെ കാണാവുന്നതാണ്.ഏകദേശം രണ്ടര - മൂന്നു മണിക്കൂറിന്റെ
യാത്രയാണ്.
കൂടെയുണ്ടായിരുന്നവരെല്ലാം  ഫ്രഞ്ച്, സ്പാനിഷ്, സംസാരിക്കുന്നവരും
ഞങ്ങളെപ്പോലെ കാണാൻ വന്നവരുമാണ്. കൂടുതലും  വയസ്സായവര്‍ ആയിരുന്നു.
പലരും ഞങ്ങളെ അത്ഭുതജീവികളെപ്പോലെയാണ് നോക്കിയിരുന്നത്. ഞങ്ങളുടെ
ഭാഷയും സൗന്ദര്യത്തിലെ വ്യത്യാസവുമായിരിക്കാം. ഇംഗ്ലീഷ് ഭാഷയിൽ പറയുന്ന
ഉച്ചാരണത്തില്‍ നിന്നാണ് പലരേയും ഏത് രാജ്യത്തിൽ നിന്നാണെന്ന് മനസ്സിലാക്കുക.
കൂടെയുള്ളവർ അവിടെ പഠിച്ച് വളർന്നവർ ആയതുകൊണ്ട് എല്ലാവരുടേയും നോട്ടം
എന്നിലായിരുന്നു. 'വേല മനസ്സിലിരിക്കട്ടെ' എന്ന മട്ടിൽ  എല്ലാവരുമായി
പുഞ്ചിരിയിലും അത്യാവശ്യം ചേഷ്ടകളിലുമായിട്ടായിരുന്നു കാര്യങ്ങൾ
മനസ്സിലാക്കിയത്.


കപ്പലിന്റെ ക്യാപ്റ്റിൻ പ്രധാന ഐലൻഡ് കളെ  കുറിച്ച് മൈക്കിൽ കൂടി പറഞ്ഞു
തരും. Lambert Island -Wright Brothers, അവരുടെ വേനൽക്കാലം ചെലവഴിച്ചിരുന്ന ദ്വീപ്,
Discovery Harbour, Brebeuf Island- 1626 യിൽ വന്ന ജെസ്യുട്ട് മിഷിനറി വന്നതും താമസിച്ച
ദ്വീപ്,.......അതിൽ ചിലതൊക്കെ. ചിലത് വലുതും  കൂടി വന്നാൽ ഒരു ചെറിയ
മേശയുടെ വലിപ്പമുള്ള ദ്വീപുകളേയും കാണാം. അതിൽ ഏതെങ്കിലും സ്വന്തമാക്കി
അതിനോട് ചേർന്ന് കല്ലും മണ്ണും ചപ്പും ചവറും എല്ലാമിട്ട് ദ്വീപിനെ വലുതാക്കി
എടുത്തു കൂടെ - എന്നൊരു ഐഡിയയും കൂട്ടത്തിൽ ഉള്ള ഒരാൾക്ക്
തോന്നാതിരുന്നില്ല.  ചിലർ കുടുംബമായി സ്വന്തം ബോട്ടുകൾ ഓടിച്ച് പോകുന്നതും
കാണാമായിരുന്നു. എന്തായാലും ഈ കടലിലൂടെ കപ്പലില്‍ സഞ്ചരിച്ചാല്‍
നയനാനന്ദകരമായ കാഴ്ചകളാണ്.
30000 Island, അതിനടുത്തുള്ള ഒരു കോട്ടേജിലാണ് അന്നത്തെ  ഞങ്ങളുടെ താമസം.
അങ്ങോട്ടുള്ള യാത്രയിൽ സ്വന്തം വണ്ടിയുടെ കൂടെ ബോട്ടും
സൈക്കിളുമൊക്കെയായി യാത്ര ചെയ്യുന്നവരെയും കണ്ടു . വീക്കെൻഡ്
ആഘോഷിക്കാനുള്ളതാണ് എന്ന മട്ടിലാണ് അങ്ങോട്ട് പോകുന്നവർ
എന്നു തോന്നുന്നു.
ഓൺലൈനിൽ കൂടി ബുക്ക് ചെയ്ത കോട്ടേജിന്റെ വിലാസം gps യിൽ ഇട്ടിട്ടുണ്ട്.
കോട്ടേജിന്റെ വാതിലിന്റെ താഴ്, നമ്പർ ലോക്ക് ആണ്. അതിൻ്റെ നമ്പർ ഇമെയിൽ
ആയി അയച്ചു തന്നിട്ടുണ്ട്.ഈ വക സൗകര്യങ്ങളൊക്കെ ഇപ്പോൾ എല്ലായിടത്തും
ലഭ്യമാണ്. യാത്രയിൽ പലപ്പോഴായി പണിമുടക്കുന്ന gps -നെ ഇന്ത്യയിൽ
പ്രതീക്ഷിക്കാം. അതിനും പത്ത് വർഷം പിന്നോട്ടാണെങ്കിൽ  വീടിന്റെ താക്കോൽ
തരാനായിട്ട് കാത്ത് നിൽക്കുന്ന, പേര് കേട്ടപ്പോൾ മമ്മൂട്ടിയെപ്പോലെ ഒരാളെ
പ്രതീക്ഷിച്ചെങ്കിലും കണ്ടത് ശങ്കരാടിയെപ്പോലെയുണ്ടല്ലോ, എന്ന നമ്മുടെ ഇടയിലെ
കമന്റും ........എല്ലാം കാനഡക്കാർക്ക് മുത്തശ്ശിക്കഥകൾ ആയിരിക്കാം. പൊതുവേ
'ടെൻഷൻ ഫ്രീ' യാത്രകളാണവിടെ.


കാനഡയിൽ ശുദ്ധജലതടാകങ്ങളും നദികളും ധാരാളം.കോട്ടേജിന്റെ പുറകിൽ
കൂടിയും ഒരു നദി ഒഴുകുന്നുണ്ട്. കൂടെയുള്ളവരെല്ലാം നദിയിൽ ഒന്നോ രണ്ടോ
ആളുകൾക്ക് തുഴയാൻ പറ്റുന്ന തോണി( Kayak) യും പെഡൽ ബോട്ടിലൊക്കെയായി
തിരക്കിലാണ്.അങ്ങനത്തെ 2 -3 തോണികളും പെഡൽബോട്ടുകളൊക്കെ
കോട്ടേജിൽ ഉണ്ട്. ഇങ്ങനത്തെ കാര്യങ്ങളിൽ പേടിയായതുക്കൊണ്ട് ഞാൻ
വീടൊക്കെ ചുറ്റിക്കണ്ടു.എല്ലാവിധ സൗകര്യങ്ങളുള്ള ഒരു ചെറിയ വീട്.എല്ലാം നല്ല
അടുക്കിപ്പെറുക്കി  വൃത്തിയായി വെച്ചിട്ടുണ്ട്.നമ്മൾ തിരിച്ചു പോകുമ്പോഴും
അങ്ങനെത്തന്നെ ചെയ്യണമെന്ന് വെബ്‌സൈറ്റിൽ നിഷ്കർഷിച്ചിട്ടുണ്ട്.
കാര്യങ്ങളൊക്കെ 'നേരെ വാ നേരെ പോ' എന്ന നയമാണ്.എന്തൊക്കെ കാര്യങ്ങൾ
ചെയ്യാം ചെയ്യാണ്ടാത്തവ ....എല്ലാം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
തോണിയാത്ര കഴിഞ്ഞ് വന്നവര്‍ മീന്‍പിടുത്തമായി അടുത്ത പരിപാടി.വെള്ളം
തെളിഞ്ഞതായതു കൊണ്ട് മീന്‍ വരുന്നതും ഭക്ഷണം കഴിക്കുന്നതും ഹുക്കില്‍
അകപ്പെടുന്നതുമെല്ലാം നമ്മുക്ക് കാണാം.പിടിക്കപ്പെടുന്ന മീനുകളെ ഹൂക്കില്‍
നിന്ന് ഊരി തിരിച്ച് വെള്ളത്തിലോട്ട് തന്നെയിടുകയായിരുന്നു. മീന്‍പിടുത്തം
പ്രധാനമായും ഫോട്ടോ എടുക്കാനും FB യിലെ ലൈക്കിനും കമന്റിനുമായിരുന്നു.


രാത്രിയിൽ എപ്പോഴോ ഗിറ്റാർ വായിച്ചു കൊണ്ട് പാട്ട് പാടുന്നത് കേൾക്കാമായിരുന്നു.
അടുത്ത കോട്ടേജിലുള്ളവരുടെ ആഘോഷമായിരിക്കാം. സമയത്തിന്റെ വ്യത്യാസം
മൂലം 'early to bed early to rise' എന്ന നയത്തിലാണ്, ഞങ്ങൾ.early to rise, പുലർക്കാലേ
3 മണിക്ക് എണീറ്റു പോകുമെന്നുമാത്രം.


ഇന്ത്യക്കാരുടെ വൃത്തിക്കൂടുതല്‍ കൊണ്ടോ അതോ വെള്ളത്തിന്റെ ഉപയോഗ
കൂടുതൽ കൊണ്ടോ, എല്ലാവരുടേയും കുളിയുമൊക്കെ കഴിഞ്ഞുവന്നപ്പോൾ
കുളിമുറിയും & ടോയ്‌ലറ്റും എല്ലാം ബ്ലോക്ക്.കൂടെയുണ്ടായിരുന്നവർ യാതൊരു
മടിയും കൂടാതെ അതൊക്കെ ശരിയാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനുവേണ്ട
സാമഗ്രികളെല്ലാം ആ വീട്ടിലുണ്ട്. ഇതൊക്കെ അവിടത്തെ നിത്യസംഭവങ്ങളാണെന്ന്
തോന്നുന്നു.വീടിന്റേയും വാഹനങ്ങളുടേയും അറ്റകുറ്റപണികൾ എല്ലാം സ്വയം
ചെയ്യുക എന്നൊരു നയമാണ് അവർക്കുള്ളത്. വീടിന്റെ പെയിന്റിംഗ് പോലും
വീട്ടുകാർ തന്നെയാണ് ചെയ്യുന്നത്. ഇങ്ങനത്തെ സാധനങ്ങൾ വിൽക്കുന്ന
കടയിലേക്ക് , പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളെ  കൊണ്ടുപോയിരുന്നു.
പതിവുപ്പോലെ കിലോമീറ്ററുകളോളം നടക്കേണ്ട സ്ഥലം.നമ്മുടെ ആവശ്യങ്ങൾ
അന്വേഷിക്കാനും അതനുസരിച്ച് സഹായിക്കാനും ഇഷ്ടംപ്പോലെ സഹായികൾ.
പതിവ് ഷോപ്പിംഗിൽ നിന്ന് വ്യത്യസ്തത തോന്നിയ സ്ഥലം.


ലോകത്തിന്റെ ഓരോ ഭാഗത്തുള്ളവരുടെ മനോഭാവങ്ങളും പ്രവൃത്തികളും
കാണുമ്പോൾ - ഓരോ യാത്രകളും വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെയുള്ള
കടന്നുപോകലാണല്ലോ?


നയാഗ്ര


ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്- ? പണ്ട് സ്‌കൂളിൽ
പഠിക്കുമ്പോൾ,  'തത്തമ്മേ പൂച്ച പൂച്ച പൂച്ച ' എന്ന മട്ടിൽ കാണാതെ പഠിച്ച
ഉത്തരം - ‘നയാഗ്ര’ എന്നെഴുതുമ്പോൾ ഒന്നോ - രണ്ടോ മാർക്ക് കിട്ടും. കൂടാതെ
അങ്ങനത്തെ ഉത്തരങ്ങൾ കൂട്ടുകാരിക്ക് കാണിച്ചു കൊടുത്താൽ ചിലപ്പോൾ പരീക്ഷ
കഴിയുമ്പോൾ പത്ത് പൈസയുടെ ഒരു മിഠായി സംഘടിപ്പിക്കാം.
ഇതൊക്കെയാണ് നയാഗ്രയെ കുറിച്ചുള്ള എന്‍റെ ഓർമ്മകൾ.കാനഡയിലേക്ക്
പുറപ്പെട്ടപ്പോൾ മനസ്സിൽ ആഗ്രഹിച്ചത് അത് കാണണമെന്നുള്ളതാണ്.
അമേരിക്കയുടേയും കാനഡയുടേയും  അതിർത്തിയിൽ കിടക്കുന്ന നയാഗ്ര
നദിയിലെ പടുകൂറ്റൻ വെള്ളച്ചാട്ടമാണിത്.
കാനഡയുടെ ഭാഗത്ത് കുതിരലാടത്തിന്റെ ആകൃതിയിലുള്ള മലയിടുക്കിൽ നിന്ന്
2600 അടി വീതിയിലാണ് വെള്ളം താഴേക്ക്  വീഴുന്നത്.അതുപോലെ തൊട്ടടുത്ത്
അമേരിക്കൻ ഭാഗത്ത് 2 വെള്ളച്ചാട്ടങ്ങൾ ഇവ മൂന്നും കൂടി ചേരുന്നതാണ്
ഈ വിസ്മയിക്കുന്ന പ്രകൃതിയുടെ  പ്രതിഭാസം.ദൂരെ നിന്ന് തന്നെ നയാഗ്രയുടെ
ഗർജ്ജനം കേൾക്കാം.അസാമാന്യമായ വീതിയും ഉയരവും ഉള്ള ഒരു
അത്ഭുതപ്രതിഭാസം എന്നു തന്നെ പറയാം.
പ്രവൃത്തി ദിനമായതു കൊണ്ടാകാം ഞങ്ങൾ പോയ ദിവസം വലിയ
തിരക്കില്ലായിരുന്നു. നയാഗ്ര നദിയിൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടു താഴെ വരെ
പോകാനുള്ള ബോട്ട് ടൂർ ഉണ്ട്.അതിനുള്ള ടിക്കറ്റ് മേടിച്ചു കഴിഞ്ഞപ്പോൾ
ഞങ്ങൾക്കെല്ലാം ( കാനഡ) ചുവന്ന റൈൻ കോട്ട് തന്നു. വെള്ളച്ചാട്ടത്തിന്റെ
അടുത്ത് എത്തുമ്പോൾ എല്ലാവരും നനയും. ഇരുനില ബോട്ടിലാണ് അങ്ങോട്ടുള്ള
യാത്ര. ഇതുപോലെത്തെ ബോട്ട് ടൂർ അമേരിക്കയിൽ നിന്നുമുണ്ട്. അവർക്ക് നീല
നിറത്തിലുള്ള റൈൻ കോട്ട് -ആണ്.
Niagara water falls
നദിയുടെ ശാന്തമായ ഭാഗത്ത് നിന്നു തുടങ്ങിയ ടൂർ പ്രധാന ഭാഗത്ത്
എത്തുമ്പോഴേക്കും വെള്ളച്ചാട്ടം സൃഷ്ടിച്ച ഓളങ്ങളുടെ താളത്തിനൊത്ത് ബോട്ട്
ആടിയുലയാൻ തുടങ്ങും.വെള്ളം താഴേക്ക് പതിക്കുമ്പോഴുള്ള ആ 'mist spray ' -
ശരിക്കും ഒരു പുതിയ അനുഭവമാണ്.എല്ലാവരും അതിൽ ശരിക്കും നനഞ്ഞു കുളിച്ചു.
. ആ ബോട്ട് യാത്രയിൽ കണ്ട സീഗൾ പക്ഷികളും മഴവില്ലും ...എല്ലാം
അതിമനോഹരം!
വേണമെങ്കിൽ ആ റൈൻകോട്ട് നമുക്ക് വീട്ടിലോട്ട് കൊണ്ടുവരാം. തിരിച്ചു
കൊടുക്കാനായിട്ട് ഒരു ബാസ്‌ക്കറ്റ് അവിടെ വെച്ചിട്ടുണ്ട്. വെറുതെ പെട്ടിയുടെ
ലഗേജ് കൂട്ടണ്ട എന്ന് പറഞ്ഞ കാരണം ഞാൻ അത് അവിടെത്തന്നെ ഉപേക്ഷിച്ചു.
പകരം 'souvenir' എന്ന രീതിയിൽ ' നയാഗ്ര' എന്നെഴുതിയ mug മേടിച്ചു. വയസ്സാൻ
കാലത്ത് ഓർക്കാനെന്തെങ്കിലും!
Casino
അവിടെത്തന്നെ നയാഗ്ര വെള്ളച്ചാട്ടത്തിനോട്‌ ചേര്‍ന്ന് വൈകുന്നേരങ്ങളിൽ
'ലൈവ് മ്യൂസിക് ' കളുള്ള റെസ്റ്റോറന്റുകളും കാസിനോയുമുണ്ട്. 'കാസിനോ'
കളിൽ പോകാനാണ് കൂടെയുള്ളവർക്ക് താല്പര്യം. കാസിനോ, എന്ന് പറയുമ്പോൾ
'ചൂതാട്ടസ്ഥലം' - എന്തോ, എനിക്കത് ഉൾക്കൊള്ളാൻ ഒരു വിഷമം. 'റോമാക്കാരുടെ  
അവിടെ പോകുമ്പോൾ  റോമാക്കാരെപ്പോലെ' എന്നാണല്ലോ.
അതാണ് കൂടെയുള്ളവരുടെ നയം.
മിന്നി മിന്നി പ്രാകാശിക്കുന്ന വൈദ്യുതദീപങ്ങൾ ഉള്ള ആ വലിയ ഹാളിലേക്ക്
കേറുമ്പോൾ, വലിയ ഒരു ഉത്സവപ്പറമ്പിനെ ഓർമ്മപ്പെടുത്തുന്നത് പോലെ തോന്നി
പക്ഷെ ഒരു കെട്ടിടത്തിനകത്താണെന്നു മാത്രം.  ഉച്ചയായതു കൊണ്ടാകാം അധികം
തിരക്കില്ല.കളിക്കാനായിട്ട് ഒരു ബജറ്റ് തീരുമാനിച്ച് ഞങ്ങളെല്ലാം
അങ്ങനെ അങ്കത്തിലിറങ്ങി. ബ്ലാക്ക് ജാക്ക് / 21 എന്ന ചീട്ടിന്റെ ഗെയിം അല്ലെങ്കിൽ
roulette ആണ് കൂടുതൽ കണ്ടത്. അതിൽ രണ്ടിലും എനിക്ക് ജ്ഞാനമില്ലാത്തതു
കൊണ്ട് 'മെഷീൻ ഗെയിം ' കളാണ് എനിക്ക് വേണ്ടി തിരഞ്ഞെടുത്തത്.
ചിലപ്പോഴൊക്കെ കളി നഷ്ടപ്പെട്ടുവെന്നും മറ്റു ചിലപ്പോൾ ഒരു കളിയും കൂടി
കളിക്കാമെന്നുള്ള ചെറിയ സന്ദേശങ്ങൾ അല്ലാതെ മറ്റൊന്നും തന്നെ എനിക്ക്
മനസ്സിലായില്ല.താൽപ്പര്യവും തോന്നിയില്ല.


'ബ്ലാക്ക് ജാക്ക് '-ൽ വിദഗ്‌ദ്ധരാണ് എന്ന മട്ടിലാണ് കൂടെയുള്ളവർ. അവിടെയുള്ള
ഇടപാടുകാരനുമായിട്ടാണ് കളിക്കുന്നത്.അധികം തിരക്കില്ലാത്ത മേശയിൽ
കളിക്കുന്നവരുടെ കൂടി അവരും കളി തുടങ്ങി.മെഷീൻ ഗെയിം പോലെ അല്ല
കളിയും അതിൻ്റെ  നിയമങ്ങളും അറിയാമെങ്കിൽ രസകരമാണ്.അപ്പോഴേക്കും
മറ്റു മേശയിൽ കളിച്ചു കൊണ്ടിരുന്നവർ അവിടത്തെ കളി മതിയാക്കി
ഇവിടെയുള്ളവരുടെ കൂടെ കളിയിൽ ചേരുന്നുണ്ട്. ഇന്ത്യൻ ചിന്താരീതി അനുസരിച്ച്
ഇവരൊക്കെ ഒരു ടീം ആണോ എന്നോർക്കാതെയിരുന്നില്ല. ഇതിന്‍റെ പുറകില്‍
എന്തെങ്കിലും കള്ളത്തരമുണ്ടോ, ഒരു ഡിറ്റെക്റ്റീവ്  തലയുമായിട്ടായിരുന്നു
പിന്നീടുള്ള എന്റെയിരുപ്പ് എന്നാലും  അറിയാതെ ആ കളികളിൽ അടിമപ്പെട്ടു
പോകാൻ അധികസമയമൊന്നും വേണ്ട..എന്തായാലും നേരത്തെ നിശ്ചയിച്ച
കളിയുടെ ബജറ്റ് തീർന്നപ്പോൾ ആ കളി മതിയാക്കി.
പ്രവൃത്തി ദിനം ആയതു കൊണ്ടായിരിക്കാം, ഞങ്ങളെപ്പോലെ ഏതാനും
വിനോദസസഞ്ചാരികളെയും  അവിടെ തന്നെയുള്ള പരിഷ്‌കൃതമായ വേഷം ധരിച്ച
ഏതാനും വയസ്സായവരേയുമാണ്  കണ്ടത്. വളരെ ഗൗരവത്തോടെ ഇരുന്ന് കളിക്കുന്ന
ചില വയസ്സികളേയും കണ്ടപ്പോൾ, അറിയാതെ തന്നെ  നെറ്റി ചുളിഞ്ഞു പോയി.
'ഇവർക്കൊന്നും വീട്ടിൽ പണിയില്ലേ ഇവിടെയിരുന്ന് കളിക്കുകയാണോ? '
എന്നാണ് സ്വയമറിയാതെ ചോദിച്ചു പോയത്. കൂടെയുള്ളവരാണ് മറുപടി പറഞ്ഞത്,
ചിലപ്പോൾ അവർ തന്നെയായിരിക്കും താമസിക്കുന്നത് അല്ലെങ്കിൽ മക്കളും
പേരക്കുട്ടികളുമൊക്കെ തിരക്കിലായിരിക്കും.അവരുടെ ഏകാന്തതയിൽ നിന്നും
ഒരു രക്ഷ എന്ന നിലയിൽ വന്നിരിക്കുന്നവരാണ്. പറഞ്ഞത് അബദ്ധമായോ  തോന്നി
പോയി. സഹതാപത്തോടെ അവരെ നോക്കി ചിരിച്ചെങ്കിലും അവരെല്ലാം ആ
കളികളിലെ തിരക്കിലാണ്. ആത്മാഭിമാനത്തിന്റെ കാര്യത്തിൽ അവർ എന്നും
ഒരു പടി മുന്നിലാണല്ലോ?

വൈകുന്നേരം നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അവിടെ ആ ശബ്ദവും    കാഴ്ചകളും
ഒന്നുകൂടെ ആസ്വദിച്ച് തിരിച്ച് വീട്ടിലോട്ട്. എന്തായാലും അന്നത്തെ ദിവസമെന്നത്
'വിസ്മയങ്ങളുടെ ഒരു ഭാണ്ഡക്കെട്ട് തന്നെയായിരുന്നു'.

welland കനാല്‍
അമ്പരപ്പിക്കുന്ന മനുഷ്യനിര്‍മ്മിത അത്ഭുതങ്ങളില്‍ മറ്റൊന്നാണിത്.കാനഡയിലെ ontario
യില്‍ കപ്പലുകള്‍ പോകുന്ന ഒരു കനാലുണ്ട്.wellland കനാല്‍ എന്നാണു പേര്.ഇത് eric
തടാകത്തെയും ontario തടാകത്തെയും യോജിപ്പിക്കുന്നു.

നയാഗ്രയില്‍ ഭൂമിയുടെ കിടപ്പു കുത്തനെയാണ് .അതുകൊണ്ട് അവിടെ വലിയ
വെള്ളച്ചാട്ടം രൂപപ്പെട്ടു.ഇതില്‍ പെടാതെ ജലശക്തിയും ഗുരുത്വാകര്‍ഷണവും  
ഉപയോഗിച്ചു കനാലിലൂടെ കപ്പലുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നു.
eric തടാകത്തില്‍ നിന്ന് outaria തടാകത്തിലേക്കു പോകുന്ന വെള്ളം കൃത്രിമ
അറയിലേക്ക് (lock) ഒഴുക്കുന്നു.ജലപ്രവാഹം നിയന്ത്രിക്കുന്ന ചീപ്പുകള്‍ തുറക്കുകയും
അടക്കുകയും ചെയ്യുന്നു.ഒഴുക്കിനെ നിയന്ത്രിക്കുന്നു.ലോക്കില്‍ കപ്പല്‍ കയറ്റും.ഗേറ്റുകള്‍
അടക്കും.അകത്തെ വെള്ളം വേറെ ദ്വാരങ്ങളിലൂടെ ഒഴുക്കി കളയും.
വെള്ളത്തിന്റെ വിതാനം level താഴും.കൂടെ കപ്പലും താഴും.അടുക്കേണ്ട
സ്ഥലമെത്തുമ്പോള്‍ കപ്പല്‍ പുറത്തിറക്കും. .ലിഫ്റ്റ്‌ ഉപയോഗിച്ചു മനുഷ്യര്‍ താഴോട്ടും
മേലോട്ടും പോകുന്നത് പോലെ,കപ്പല്‍ lock-ല്‍ കൂടെ താഴോട്ടും മേലോട്ടും പോകുന്നു.
ഈ കനാല്‍ ഒരു ‘byepass പോലെയാണ്. രസകരമായ ഈ കാഴ്ച കണ്ടു മണിക്കൂറുകള്‍
ചെലവഴിക്കാം.
എപ്പോഴാണ് കപ്പൽ വരുന്നതെന്ന് മുൻകൂട്ടി ചോദിച്ച് മനസ്സിലാക്കി ഞങ്ങൾ ആ
സമയത്ത് അവിടെ എത്തിച്ചേര്‍ന്നു.ഞങ്ങളെപ്പോലെ കാണാൻ വന്നവർ ധാരാളം.ഈ
വക കാര്യങ്ങളെപ്പറ്റി ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നതും കാണുന്നതും
അതുകൊണ്ടെന്താ 'പന്തം കണ്ട പെരുച്ചാഴി' യുടെ മുഖഭാവത്തോടെയാണ് ആ
പടുകൂറ്റൻ കപ്പലിന്റെ വരവും കനാലിലെ വെള്ളത്തിന്റെ അളവിലെ വ്യത്യാസവും
ഞാൻ നോക്കി നിന്നത്.കപ്പലിനകത്ത് ഏതോ ഓഫീസ്‌ ജോലിയിൽ
ഏർപ്പെട്ടിരിക്കുന്നതു പോലെയുള്ള മൂന്നു നാലു ജോലിക്കാർ ഉണ്ടായിരുന്നു. അവരെല്ലാം
ഇന്ത്യക്കാരും അതിൽ ഒരാൾ സർദാർജിയുമാണ്.അവരോട് ഞങ്ങളടക്കമുള്ള കാണികൾ
 കൈ വീശി കാണിച്ചതോടെ അവരെല്ലാം ജോലി മതിയാക്കി. ബാൽക്കണിയിൽ വന്നു.
അവിടെ എത്തുമ്പോൾ മലയാളികളെ കണ്ടില്ലെങ്കിലും ഇന്ത്യക്കാരെ
കാണുമ്പോൾ തന്നെ വളരെ സന്തോഷം.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു വടക്കേ അമേരിക്കയില്‍ വരുന്ന കൂറ്റന്‍
കപ്പലുകള്‍ ഇതു വഴിയാണ് എത്തുന്നത്. ജലഗതാഗതത്തിലെ , ചില പ്രത്യേകതകള്‍ !
1 8 2 9 -ല്‍ ആയിരുന്നു നിര്‍മ്മാണം.
(welland കനാല്‍)

Ottawa - ഒട്ടാവ

കാനഡയുടെ തലസ്ഥാനം.പ്രസിദ്ധമായ ഒട്ടാവ നദിക്കരയിലായിട്ടാണ് അവിടത്തെ
പാർലമെന്റ് സ്ഥിതി ചെയ്യുന്നത്.അവിടെയെല്ലാം ചുറ്റി നടന്ന്
കാണുന്നതിനിടയിലാണ് ആ ദീപശിഖ കണ്ടത്.
(centennial flame)
1 9 6 7 -ല്‍ ജനുവരി 1 നു അന്നത്തെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍
അതിന്‍റെ തിരി തെളിച്ചു.കാനഡ രാജ്യസഖ്യത്തിന്‍റെ ശതവാര്‍ഷികമായിരുന്നു
അന്ന്.ശതവാര്‍ഷിക ദീപശിഖ (centennial flame)എന്നാണു പേര്. ഞങ്ങളെ കണ്ടപ്പോൾ
 വിനോദസഞ്ചാരികൾ ആണെന്ന് തോന്നിയതു കൊണ്ടാകാം അവിടെയുണ്ടായിരുന്ന
volunteer പറഞ്ഞു തന്നതാണിതൊക്കെ. പാർലമെന്റിനകം കാണണോ
എന്ന ചോദ്യത്തിൽ 'വേണ്ട' - എന്നതായിരുന്നു ഞങ്ങളുടെ മറുപടി. tv യിലും മറ്റും
കണ്ടിട്ടുള്ള ഇന്ത്യൻ പാർലമെന്റ് -ആയിരുന്നു, മനസ്സിൽ. എന്നാൽ അതൊരു
നഷ്ടമായിരുന്നു എന്നാണ് പിന്നീട് അവിടെയുണ്ടായിരുന്നവർ പറഞ്ഞത്.
ബ്രീട്ടീഷ് രാജ്ഞി ഇടയ്ക്ക് വന്നിരിക്കാറുള്ള ഉപരിസഭയൊക്കെയുണ്ട്.
ഇങ്ങനെയൊക്കെ  കേൾക്കുമ്പോഴാണ് വിദേശികളെപ്പോലെ പോകുന്നതിനുമുൻപ്
ആ സ്ഥലത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി പോകണമെന്നൊക്കെ
തീരുമാനിക്കുക.പക്ഷെ എല്ലാം തീരുമാനങ്ങളിൽ മാത്രം ഒതുങ്ങും. volunteer ൽ
നിന്നുമാണ് 'sound & light show ' കുറിച്ച് അറിഞ്ഞത് .
( Parliament House- sound & light show)
പാർലമെന്റ് ബിൽഡിംഗിൽ  കാണിക്കുന്ന ദൃശശ്രാവ്യസൌകര്യങ്ങള്‍ ,
കാനഡയുടെ ചരിത്രത്തിൽ തുടങ്ങി രാജ്യത്തിന്റെ പ്രധാന സംഭവങ്ങളേയും
കൂട്ടിയിണക്കിയിട്ടുള്ളതാണ്. ബ്ലാക്ക് & വൈറ്റ് യിൽ തുടങ്ങി colour ലേക്കും
ഇടയ്ക്ക് 2d യൊക്കെയായി, അരമണിക്കൂർ നമുക്ക്  വിജ്ഞാനപരവും
നയനമനോഹരവും ആകുന്നു.ഫ്രീ ആണെന്നുള്ളത് നമ്മളെപ്പോലെയുള്ള
സഞ്ചാരികൾക്ക് കൂടുതൽ ആശ്വാസകരം.അവിടത്തെ കറൻസി ആയ ഡോളർ ,
1 ഡോളർ എന്നത് ഏകദേശം 53 രൂപയാണ്.

'ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം' എന്നൊക്കെയാണ്
പോളിസിയെങ്കിലും കഴിഞ്ഞ ഏതാനും ദിവസത്തെ ഭക്ഷണങ്ങളായ ചീസിലും
പലതരം സോസിലും മുങ്ങിത്താഴ്ന്നു പോയ പാസ്തകളും പിസ്സയും സോസേജുകളും
മറ്റുമായി  ഓരോ ഭക്ഷണവും കഴിച്ചു കഴിയുമ്പോഴും കൂട്ടത്തിൽ ഭക്ഷണം
പാഴാക്കരുത് എന്ന നമ്മുടെ നയവും കൂടിച്ചേരുമ്പോൾ പാമ്പ് ഇര വിഴുങ്ങിയ അവസ്ഥ
യാണ്.അങ്ങനെയാണ് 'ചോറ് കിട്ടുന്ന സ്ഥലം അന്വേഷിച്ച് നടന്നത്.
'ഇന്ത്യൻ ഫുഡ്' എന്ന് പറയുമ്പോൾ, 'നോർത്ത് ഇന്ത്യൻ & പാകിസ്ഥാൻ
ഭക്ഷണങ്ങൾ ചേർന്ന ഭക്ഷണശാലകളാണ്.അല്ലെങ്കിൽ ചൈനീസ് ഭക്ഷണശാലയിലെ
'ഫ്രൈഡ് റൈസ്' നാണ് ഡിമാൻഡ്.അവർ തരുന്ന ഭക്ഷണത്തിന്റെ അളവ്
കൂടുതലാണ് എന്നതും ഒരു പ്ലസ് പോയിന്റ് ആണ്. പഠിക്കാനായിട്ട് വന്നിട്ടുള്ള
പല ഇന്ത്യൻ കുട്ടികളേയും അവിടെ വെച്ച് കണ്ടു. ചിലർ ഓർഡർ ചെയ്ത
ഭക്ഷണത്തിന്റെ പകുതി കഴിച്ച് ബാക്കി പകുതി മറ്റൊരു സമയത്ത് കഴിക്കാനായിട്ട്
പാക്ക് ചെയ്തെടുക്കുന്നതു കണ്ടപ്പോൾ വിഷമം തോന്നി.
Cambridge, അവിടെയുള്ള മറ്റൊരു സ്ഥലമാണ്.അവിടെ എത്തിയപ്പോൾ പൂർണ്ണമായും
പര്യടനക്കാർ ആയി എന്ന് പറയാം. ആകെയുണ്ടായിരുന്ന ഇംഗ്ലീഷ് ഭാഷ കൊണ്ടും
പ്രയോജനമില്ലാതായി. Sign board കളെല്ലാം ഫ്രഞ്ച് ഭാഷയിലാണ്
എഴുതിയിരിക്കുന്നത്. അവിടെയുള്ളവർക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും ഫ്രഞ്ച്
ഭാഷയോടാണ് ആഭിമുഖ്യം.മറ്റു സിറ്റികളെ അപേക്ഷിച്ച് പഴയതരത്തിലുള്ള
കെട്ടിടങ്ങളാണ് കണ്ടത്. ആളുകളും ഒട്ടും പരിഷ്കൃതമായി തോന്നിയില്ല.
അതുപോലത്തെ മറ്റൊരു പട്ടണമായിട്ടാണ് Brantford കണ്ടത്. പക്ഷേ കാനഡയുടെ
ഏത് ഭാഗത്താണെങ്കിലും സാമൂഹ്യമര്യാദകൾ പാലിക്കുന്നതിനും തമ്മിൽ
കാണുമ്പോൾ അഭിവാദ്യം ചെയ്യാനും ചെറിയകാര്യങ്ങൾക്കു പോലും നന്ദി പറയാനും
മടിയില്ല. പുറകിൽ വരുന്നവർക്കായി വാതിൽ തുറന്ന് പിടിച്ച് കൊടുക്കുന്നതും
മറ്റും ശ്രദ്ധാർഹമാണ്. പൊതുവെ തുറന്ന പെരുമാറ്റമാണ്.

ദിവസങ്ങൾ ഒരു പക്ഷെ യന്ത്രങ്ങളിൽ എണ്ണയിടുമ്പോൾ ഓടുന്ന പോലെ
ഓടിക്കൊണ്ടിരിക്കുകയാണ്.3 ആഴ്ചക്കായിട്ടാണ് ഞങ്ങൾ കാനഡയിലേക്ക് വന്നത്.
തിരിച്ചു പോകാനുള്ള ദിവസങ്ങൾ അടുത്തിരിക്കുന്നു. അപ്പോഴേക്കും ഏകദേശം
4000 k.m യോളം ഞങ്ങള്‍ യാത്ര ചെയ്തിരിക്കുന്നു.
Tornoto യില്‍ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്. അവിടെ നിന്നുമാണ്
ഞങ്ങളുടെ തിരിച്ചുള്ള യാത്രയും.  അവിടെയുള്ള ചില ബന്ധു സന്ദര്‍ശനങ്ങള്‍
നടത്തി വീണ്ടും സിറ്റി കാണാനായിട്ടിറങ്ങി. Tornoto ക്ക് മറ്റു സ്ഥലങ്ങള്‍ പോലെയല്ല
ഒരു 'metropolitan സിറ്റിയുടെ ഭാവവും മട്ടുമാണ്. അംബരചുംബികളായ  
കെട്ടിടങ്ങളും ഓഫീസ്‌ സമുച്ചയങ്ങളും ഷോപ്പിംഗ്‌ മാളുകളും എന്തിനോ
വേണ്ടി തിരക്ക് കൂട്ടുന്ന ആള്‍ക്കാരുമൊക്കെയാണ്. അവിടെയാണ് പേരുകേട്ട
'ലാൻഡ്മാർക്ക്‌' ആയ 'CN Tower',553 മീറ്ററാണ് പൊക്കം. 1972 -1976 കാലങ്ങളിലാണ്
ഉണ്ടാക്കിയിട്ടുള്ളത്.അതിന്റെ മുകളിൽ നിന്ന് ( 447 മീറ്റർ) പൊക്കത്തിൽ
നിന്ന് മൊത്തം സിറ്റിയുടെ കാഴ്‌ച  കാണുകയെന്നതിന്റെ ദൃശ്യഭംഗിയേക്കുറിച്ച്
പ്രത്യേകം പറയേണ്ടതില്ലല്ലോ! അത്ഭുതങ്ങളില്‍ ഒന്നാണ്. 351 മീറ്റർ പൊക്കത്തിലായി
ഒരു 'revolving restaurant' ഉണ്ട്. ബിൽഡിങ് കണ്ടപ്പോൾ മലേഷ്യയിലുള്ള
'Meenara KL' -നെയാണ് ഓർമ്മ വന്നത്.

(CNN Tower)

അതിൻ്റെ അടുത്തായുള്ള 'Rogers centre', domed sports' സ്ഥലമായിരുന്നു. അന്ന്
അവിടെ എന്തോ പരിപാടി നടക്കുന്നതുക്കൊണ്ട് ഭയങ്കര തിരക്കായിരുന്നു.
അതുകൊണ്ട് ഓടി നടന്നു സ്ഥലം കണ്ടല്ലോ എന്ന മട്ടില്‍ കണ്ട് ഇറങ്ങുകയായിരുന്നു.


eaton centre, പതിവുപോലെ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്ന
ഷോപ്പിംഗ് മാൾ.ഇപ്പോൾ മാളുകൾ സർവ്വ സാധാരണമായതിനാൽ വലിയ പുതുമ
തോന്നിയില്ല.അധികവും ബ്രാൻഡഡ് സാധനങ്ങൾ ആയതുകൊണ്ട് കൂടുതൽ മടുപ്പ്
തോന്നി. പിന്നെയും വല്ല 'discount / sale ' -ന്റെ ബോർഡ് കാണുമ്പോളാണ് ഒരാശ്വാസം.


zoo, മ്യൂസിയം, അക്വാറിയം, പാർക്കുകൾ ....... അങ്ങനെ കാണാനേറെയുണ്ട്.
കൂടെയുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളും കൂടി നോക്കുമ്പോൾ പലതും വേണ്ടായെന്ന്
വെക്കുകയാണ്.ചില വിദേശരാജ്യങ്ങളിൽ സന്ദർശിക്കുകയും താമസിക്കുകയും
ചെയ്തിട്ടുള്ളത് കൊണ്ട് പുതുമ ഇല്ലെന്നാണവരുടെ വാദം.

അവിടത്തെ ഓരോ കാഴ്ചകളും ഒന്നിനൊന്ന് വ്യത്യസ്തവും വിസ്മയകരവുമായിരുന്നു.എന്നാലും ഇനിയും കാണാനേറെയുണ്ടെന്നാണ് അവിടെ താമസിക്കുന്ന ബന്ധുക്കളുടെ അഭിപ്രായം. അല്ലെങ്കിലും കണ്ടതെല്ലാം മനോഹരം കാണാത്തതെല്ലാം അതിമനോഹരം !

ഓരോ ദിവസങ്ങളിലേയും നമ്മുടെ ചിന്തകളിൽ നിന്നും സംഘർഷങ്ങളിലും
നിന്നുമുള്ള മോചനമാണ് യാത്രകൾ എന്ന് പറയാറുണ്ട്.അതുപോലെ
തന്നെയായിരുന്നു ഈ യാത്രയും.എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ തിരിച്ച്
ഞങ്ങളുടെ ദൈനംദിന പ്രാരാബ്ധത്തിലേക്ക് ........