11/16/18

ഞാനും കുട്ടികളും പിന്നെ ഡ്രൈവിംഗും


കാർ ഓടിക്കാനുള്ള ലൈസൻസ് എടുത്തത് തിരുവനന്തപുരത്തുനിന്നാണെങ്കിലും ബാക്കിയുള്ളവരുടെ ‘ ഓടീര് ‘ ശരിയാവാത്തതു കൊണ്ടാവാം എന്റെ രണ്ട് ഓടീര് കണ്ടപ്പോഴെ അച്ഛൻ അതങ്ങ് നിറുത്തലാക്കി.

പിന്നീട് ഒരവസരം കിട്ടുന്നത് ഛണ്ഡിഗർ താമസിച്ച നാളുകളിലാണ്. അപ്പോഴേക്കും 2 കുട്ടികളൊക്കെയായി ഞാനൊരു പ്രാരബ്ധക്കാരിയായിരുന്നു. മൂത്ത കുട്ടിക്ക് രണ്ടു വയസ്സ് ഇളയാൾക്ക് ആറേഴു മാസം. അവിടത്തെ റോഡിലുള്ള one way കളും അധികം വാഹനങ്ങൾ ഇല്ലാത്തതുമെല്ലാം .....ഞാന്‍ driving യിൽ തെളിഞ്ഞു.

പ്രശ്നങ്ങൾ അവിടെക്കൊണ്ടൊന്നും തീർന്നില്ല. മൂത്ത മകനെ പുറകിലത്തെ സീറ്റിലിരുത്തും ഇളയ ആളെ മുൻപിലത്തെ സീറ്റിലിരുത്തും . ഞാൻ ഓടിക്കും അതാണ് സ്റ്റെൽ’.അംബാസിഡർ കാറിൽ ഓടിക്കാൻ പഠിച്ചതു കൊണ്ടാകാം മാരുതി വാനിൽ ഓടിക്കുമ്പോൾ പ്രത്യേകിച്ച് ബ്രേക്ക് ചവിട്ടുമ്പോൾ അതൊരു ‘സഡൻ ബ്രേക്ക്’ പോലെയാകും. അന്ന് കാറുകളിൽ സീറ്റ് ബെൽറ്റ് ഒന്നുമില്ല.അതുകൊണ്ടെന്താ എന്റെ ഓരോ ബ്രേക്ക് ചവിട്ടിക്കഴിയുമ്പോഴും കുട്ടികളൊക്കെ താഴെ വീണു കിടന്ന് കരച്ചിലായിരിക്കും. പിന്നീട് വാഹനം ഒതുക്കി നിറുത്തി എല്ലാവരേയും സമാധാനിപ്പിച്ച് അതാത് സ്ഥലത്തിരുത്തി വണ്ടിയോടിക്കുമ്പോൾ രണ്ടു പേരുടേയും ഏങ്ങലുകൾ കേൾക്കാം. ആ കരച്ചിൽ മാറ്റാനായിട്ട് ഞാൻ ഉറക്കെ നഴ്സറി പാട്ടുകൾ പാടുകയോ പൂച്ച പട്ടികളുടെ കരച്ചിലുകളുടെ അനുകരണമൊക്കെയായി മുന്നേറും. എന്നിലെ ഒരു കലാകാരിയെ ഞാൻ തന്നെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. അന്ന് കാറിന് എ.സി. ഇല്ല. ഏതോ സർക്കസ്സ് വണ്ടികൾ പോകുന്നതു പോലെയാണ് ഞങ്ങളുടെ യാത്ര.

മൂന്നു - നാല് പ്രാവശ്യത്തെ ഇങ്ങനെത്ത അനുഭവങ്ങൾ കഴിഞ്ഞപ്പോൾ എന്റെ ബ്രേക്ക് ചവിട്ടുന്ന രീതിയിലും വ്യത്യാസം വന്നു. അതിനു പുറമെ ബ്രേക്ക് ചവിട്ടുന്നതിനോടൊപ്പം ഇടതു കൈ കൊണ്ട് മകനെ ശക്തമായി സീറ്റിനോട് ചേർത്തു പിടിക്കുമായിരുന്നു. പിന്നീടും കുറെക്കാലം ബ്രേക്ക് ചവിട്ടുന്നതിനോടൊപ്പം എന്റെ ഇടതു കൈ സീറ്റിന്റെ അടുത്തേക്ക് നീളുമായിരുന്നു. പലരും കളിയാക്കിയാണ് ആ ശീലം ഞാൻ സ്വയം മാറ്റിയെടുത്തതാണ്.

ആയൊരു സമയത്താണ് എനിക്ക് വിദേശ രാജ്യം സന്ദർശിക്കാനുള്ള അവസരം കിട്ടിയത്. അവിടെയുള്ളവർ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രാം(pram) & car seat ഒക്കെയായി ഏതൊരു കുഞ്ഞു കൊച്ചുങ്ങളുടെ അമ്മമാർ ഓരോ കാര്യങ്ങളും നിറവേറ്റുന്നതു കാണുമ്പോൾ ആശ്ചര്യത്തോടും അതത് അസൂയയോടുമായി നോക്കി നിന്നിട്ടുണ്ട്. ബസ്സ്, മെട്രോ, കെട്ടിടങ്ങൾ ….... അങ്ങനെ എല്ലാ പൊതുസ്ഥലങ്ങളിലും pram or wheelchair ഉന്തിക്കൊണ്ടു പോകാനുള്ള സൗകര്യമുണ്ട്. അവരേയും അവർ അംഗീകരിക്കുന്നു .

വീട്ടുകാരിൽനിന്നോ ബന്ധുക്കളിൽനിന്നോ മാറിത്താമസിക്കുന്നവർക്ക് ഇന്നും കൊച്ചുകുഞ്ഞുങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനായിട്ട് പ്രയാസമാണ്. അതിനുള്ള യാതൊരുവിധ സൗകര്യങ്ങളും ഇന്നും ഇവിടെയില്ല എന്നതാണ് സത്യം .
കഴിഞ്ഞ ദിവസങ്ങളിൽ പലരും കൊച്ചു കുട്ടികളുടെ യാത്രയിലുള്ള സേഫ്റ്റിയെ കുറിച്ചുള്ളത് വായിച്ചപ്പോൾ ‘ എന്റെ ആ പഴയ കാലം ഓർത്തു പോയതാണ്.

6 comments:

  1. അവസരത്തിനൊത്തുയരുക....
    ആശംസകൾ

    ReplyDelete
  2. ന്റെ പൊന്നേ...ഓരോ ബ്രേക്കിലും വീണ് വീണ് കുഞ്ഞുങ്ങൾ വളർന്നപ്പോൾ ഒരു പരുവമായിക്കാനും

    ReplyDelete
    Replies
    1. ഹ ഹ ....അതെ വലുതായപ്പോള്‍ അവരും ഇത് പറഞ്ഞ് എനിക്ക് പണി തരാറുണ്ട്.

      Delete
  3. കാർ ഓടിക്കാനുള്ള ലൈസൻസ് എടുത്തത് തിരുവനന്തപുരത്തുനിന്നാണെങ്കിലും ബാക്കിയുള്ളവരുടെ ‘ ഓടീര് ‘ ശരിയാവാത്തതു കൊണ്ടാവാം എന്റെ രണ്ട് ഓടീര് കണ്ടപ്പോഴെ അച്ഛൻ അതങ്ങ് നിറുത്തലാക്കി....
    ഹ ..ഹാ ..ഹ.. ഹ

    ReplyDelete