2/9/16

വല്ലവരുടെയും പ്രണയംValentine Day,ഫെബ്രുവരി ആകാൻ കാത്തിരുന്നതു പോലെയാണ് കടക്കമ്പോളങ്ങൾ, എല്ലായിടത്തും പ്രണയോപഹാരങ്ങൾ കൊടുക്കാനായി നമ്മൾ മനസ്സിൽ കാണുന്നത് കടക്കാർ മാനത്ത് കാണും എന്നതു പോലെ അവര്‍ അതിനായിട്ട് വിപണികൾ ആശയസമ്പന്നങ്ങളായിട്ടിരിക്കുകയാണ്.
ഭാഗ്യമോ അതോ നിർഭാഗ്യമോ എന്റെ  കൗമാരപ്രായത്തിലൊന്നും ഇങ്ങനെ ഒരു ദിവസത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ലായിരുന്നു.പിന്നീട് ആ ദിവസത്തെ കുറിച്ചുള്ള പ്രചാരം വന്നപ്പോഴേക്കും ഭദ്രമായ പ്രണയത്തിലായി അതായത് എന്റെ കല്യാണം കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ റോസാപ്പൂവിനോ അല്ലെങ്കിൽ ഹൃദയാകൃതിയിലുള്ള കാർഡിനോ വലിയ പ്രാധാന്യം തോന്നിയില്ല.എങ്കിലും എന്റെ മകൻ നഴ്സറിയിൽ പഠിക്കുമ്പോൾ, സ്നേഹോപഹാരം സംഘടിപ്പിക്കാനായി പ്രയാസപ്പെട്ടിട്ടുണ്ട്.
സ്കൂളിൽ നിന്നും വന്ന അവൻ എന്നോട് പറഞ്ഞു -" നാളെ ഇഷ്ടമുള്ളവർക്ക് സമ്മാനം കൊടുക്കേണ്ട ദിവസം ആണ്. ട്ടീച്ചർ പറഞ്ഞു "മഞ്ഞ റോസ" കൊണ്ടുവരാൻ"
കേട്ടപ്പോൾ നിസ്സാരമായി തോന്നിയെങ്കിലും അത് മേടിക്കാൻ പോയാപ്പോഴാണ്, ഈ ദിനത്തിന് ഇത്രയും പ്രാധാന്യം ഉണ്ടെന്നറിഞ്ഞത്.മിക്ക പൂക്കടയിലും മഞ്ഞ റോസ ഇല്ല. ഉള്ള വാടിതുടങ്ങിയ റോസാപ്പൂക്കൾക്കാണെങ്കിൽ ഏകദേശം 100 രൂപയുണ്ട്.നാളെ രാവിലെ 6 മണിക്ക് പുതിയ സ്റ്റോക്ക് വരും അതിൽ മഞ്ഞ റോസ കാണുകയോ കാണതിരിക്കുകയോ ചെയ്യാം. അയാൾക്കാണെങ്കിൽ വർത്തമാനം പറഞ്ഞ് സമയം കളയാനൊന്നുമില്ല.അത്രക്ക് തിരക്കുണ്ട് കടയിൽ. അന്നൊക്കെ മൊബൈൽ ഫോൺ ഇത്രയും പ്രചാരത്തിൽ ഇല്ലാതെയിരുന്നതു കൊണ്ട് അടുത്തുള്ള കടയിൽ നിന്ന് ഭർത്താവിനെ വിളിച്ചു പറഞ്ഞു -"ഓഫീസിൽ നിന്നും തിരിച്ച് വരുമ്പോൾ മഞ്ഞ റോസ മേടിച്ചു കൊണ്ടു വന്നോള്ളൊ "
ഒരു കരുത്തൽ എന്ന നിലയ്ക്ക് വാടിക്കൊണ്ടിരിക്കുന്ന പൂവിനെ അയാൾ പറഞ്ഞ വിലയ്ക്ക് മേടിച്ചു കൊണ്ടുവന്നു.കൂടുതൽ വാടാതിരിക്കാൻ വെള്ളത്തിൽ ഇട്ടു സൂക്ഷിച്ചു. മഞ്ഞ റോസ അല്ലാത്തകാരണം അവന്റെ മുഖവും വാടി ഇരുന്നു. അവന്റെ പ്രിയങ്കരിയായ "പുനം മാം" പിണങ്ങും അതായിരുന്നു അവന്‍റെ  സങ്കടം. മാം- ന് ഇഷ്ടമില്ലാത്തത് ചെയ്‌താൽ അവർ പിണങ്ങി ഇരുന്നാണ് കൊച്ചുകുട്ടികളെ കാര്യങ്ങൾ അനുസരിപ്പിച്ചിരുന്നത്.
പ്രതീക്ഷിച്ചതു പോലെ ഭർത്താവ് മേടിക്കാൻ മറന്നു. പിറ്റേ ദിവസം രാവിലെ 6 മണിക്ക്  തന്നെ പൂക്കാരന്റെ കടയിൽ എത്തി.മഞ്ഞ റോസ ഇല്ലെങ്കിലും ഫ്രഷ് ആയിട്ടുള്ള പൂക്കൾ  എത്തിയിട്ടുണ്ട്.വില തലേദിവസത്തേക്കാളും കൂടിയിട്ടുണ്ട്.അതിൽ നിന്നും ഒരെണ്ണം മേടിച്ചു.എന്തൊക്കെ ചെയ്തിട്ടും മകന് ദു:ഖഭാവം തന്നെ അത് കാണുമ്പോൾ എനിക്കും വിഷമം.പുനം മാം ഫ്രഷ് പൂവും വേറെ ഏതെങ്കിലും റ്റീച്ചർക്ക് ഫ്രഷ് അല്ലാത്ത പൂവും കൊടുക്കാം എന്ന എന്റെ നിർദ്ദേശത്തിൽ, കൈയ്യിൽ 2 റോസപ്പൂക്കളുമായി നിൽക്കുന്ന നഴ്സറിക്കാരനെ കണ്ടപ്പോൾ, ബസ് സ്റ്റോപ്പിലെ മുതിർന്ന കുട്ടികൾക്കും അവരെ കൊണ്ടുവിടാനായി വന്ന രക്ഷിതാക്കൾക്കും  തമാശ. അവന്റെ വിഷമം നിറഞ്ഞ മുഖത്തെക്കുറിച്ച് ചോദിക്കാത്തവരാരുമില്ല. കാരണം പറഞ്ഞപ്പോൾ, പലരും പറഞ്ഞത് പുനം മാം അവരുടെ വാലൻറ്റൈന് കൊടുക്കാനുള്ളത് പാവം കുട്ടികളെ കൊണ്ട് മേടിപ്പിച്ചെടുക്കുകയായിരിക്കും ? സത്യാവസ്ഥ എന്താണെന്നറിയില്ല എന്നാലും അതിനാണോ ഞാൻ ഈ പൂക്കൾക്ക് വേണ്ടി നെട്ടോട്ടമോടിയത്? പിന്നീടുള്ള ഒരു ക്ലാസ്സിലും പൂക്കള്‍ മേടിക്കേണ്ടി വന്നിട്ടില്ല!

കാലം മാറി ആളുകളുടെ ചിന്താഗതി തന്നെ മാറി. പ്രണയം ഇല്ലെങ്കിൽ ഏതോ മനോരോഗചികിത്സാവിദഗ്‌ദ്ധനെ കാണേണ്ടവരായി.ഈ അടുത്ത കാലത്ത് ആഘോഷിക്കുന്ന പല "ഡേ" കളിലും അങ്ങേയറ്റം പ്രസിദ്ധി "വാലൻറ്റൈൻ ഡേ " ക്കാണ്.  അങ്ങനെ പ്രണയദിനാഘോഷ ത്തെക്കുറിച്ച് അറിയാനാണ്, ഞാൻ അവളെ ഫോൺ വിളിച്ചത് .ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന അവൾക്ക് ആഘോഷത്തെപ്പറ്റി അല്ല പകരം തെറ്റി പിരിഞ്ഞതിന്റെ വിശേഷങ്ങളാണ്  പറയാനുള്ളത്.ഡിന്നറിന്പറഞ്ഞ സമയത്ത് വന്നില്ലായിരുന്നു അതായിരുന്നു കാരണം.
അനുരഞ്ജപ്പിക്കുക എന്ന നിലയിൽ ഞാൻ, ജോലി തിരക്ക് കൊണ്ടായതു കൊണ്ടായിരിക്കും ഏതോ വലിയ യൂണിവേഴ്സിറ്റിയിലൊക്കെ പഠിച്ച ആളല്ലേ ...മിടുക്കനല്ലേ ....അതുകൊണ്ട് .....
പറയാൻ മുഴുമിപ്പിക്കാതെ തന്നെ അവൾ ചോദിച്ചു "  എന്റെ company ക്ക്എന്താ മോശം, എനിക്കെന്നാ ജോലി ഇല്ലേ , തിരക്കില്ലേ ...യൂണിവേഴ്സിറ്റി അവിടെ പഠിച്ചെന്നേയുള്ളൂ മാർക്കൊന്നുമില്ല എനിക്കാണെങ്കിൽ 85% മാർക്കാണ് ..... അവൾ വിടാൻ ഭാവമില്ല...ഇവർ പ്രണയലേഖനങ്ങൾക്ക് പകരം മാർക്ക് ഷീറ്റ് ആണോ കൈമാറിയെന്ന  സംശയത്തോടെ ഞാൻ പിന്നേയും അവനു വേണ്ടി വാദിച്ചു. ആന്റിക്കൊന്നും മനസ്സിലാവില്ല എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു.അവനെപ്പറ്റി എനിക്ക് പരിചയമില്ല കല്യാണം ഉറപ്പിച്ചിരിക്കുന്ന അവരുടെ കല്യാണം ഈ കാരണത്തോടെ മുടങ്ങരുതെന്നെ എനിക്കുണ്ടായിരുള്ളൂ. എന്തായാലും അവളുമായിട്ടുള്ള എന്‍റെ  കൂട്ടുകെട്ട് അതോടെ നിന്നു.

Feb 14 എന്ന ദിവസത്തിന്റെ പ്രത്യേകത കൊണ്ട് വന്ന പല ആഘോഷങ്ങളിൽ വല്ലവരുടേയും പ്രണയം മുന്നോട്ട് പോകാനായിട്ട് എനിക്ക് അഭിമുഖീകരിക്കേണ്ട വന്ന ചില പ്രശ്നങ്ങളാണിത്.ഒരു പക്ഷെ പ്രണയത്തിനും പ്രണയികൾക്കുമായി ജീവിച്ച് മരിച്ച പുരോഹിതനായ വാലൻറ്റൈൻ പോലും ഇങ്ങനേയും ചില സങ്കീർണ്ണതകൾ ഉണ്ടാവുമെന്ന് വിചാരിച്ചു കാണില്ല.


പല നൂതനാശയങ്ങളോടെ ആ ദിനം ആഘോഷിക്കാനും ആഘോഷിപ്പിക്കാനും ഒരു കൂട്ടർ തയ്യാറായി നിൽക്കുമ്പോൾ ആരുടെയും പ്രണയം പരാജയമാകല്ലെ എന്ന്‍ പ്രാര്‍ത്ഥനയോടെ  എല്ലാവർക്കും   Happy Valentine's Day!!!!!!!!!!!!