12/4/14

അമൃത് സർ -യാത്ര

ഡൽഹിയിൽ നിന്ന് ഏകദേശം 462 കി,മീ യുണ്ട് അമൃത സറിലേക്ക്. ഇന്ത്യാ -പാകിസ്ഥാൻ  ബോർഡറിലെ (വാഗ, Wagah border) ലെ പരേഡ്, സുവർണ്ണ ക്ഷേത്രം( Golden Temple) ജാലിയാൻ വാല ബാഗ്(Jallianwala bagh)............പ്രധാനമായും കാണാനുള്ള സ്ഥലങ്ങൾ.

ചില പുസ്തകങ്ങളിൽ  പരേഡിനെ ക്കുറിച്ച് വായിച്ചിട്ടുണ്ട്, അന്ന് മുതൽ മനസ്സിള്ളൊരു ആഗ്രഹമായിരുന്നു, നേരിട്ട് കാണുകയെന്നത്.ട്ടൂറിസ്സത്തിന്റെ  ഭാഗമായിട്ട് കാണിക്കുന്ന ഒരു പ്രഹസന്നമാണ് ഈ പരേഡ് എന്ന അഭിപ്രായക്കാരാണ് വീട്ടിലുള്ളവർ.അത് കൊണ്ട് തന്നെ അവിടെ വരെ ചെന്നിട്ട്  കാണാതെ വരേണ്ടി വരുമോ എന്ന ഉത്കണ്ഠ  എനിക്കുമുണ്ടായിരുന്നു.

NH_1( national highway) യിൽ കൂടി ഉദ്ദേശം പത്ത് മണിക്കൂർ യാത്രയുണ്ട്.വഴിയുടെ ഇരുവശങ്ങളിലും കോളിഫ്ലവർ,പാലക്ക് .......അങ്ങനെ പലതരം പച്ചക്കറികളുടെ പാടങ്ങളാണ്.കൂട്ടത്തിൽ കടുക്ച്ചെടി പൂത്ത് നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗി തന്നെയാണ്.ചില സ്ഥലങ്ങളിൽ വൈക്കോൽ കൂനകളും വൈക്കോൽ തിന്നുന്ന പശുക്കളേയും കണ്ടു.കടലാസ്സ് തിന്നുകൊണ്ട് നഗരത്തിൽ അലഞ്ഞുനടക്കുന്ന പശുക്കളെ കണ്ടിട്ടുള്ള കുട്ടികൾക്ക് അതൊരു പുതുമയുള്ള കാഴ്ചയായിരുന്നു


നാലുമണിയോടെ ഞങ്ങൾ "വാഗ ബോർഡർ" എത്തിച്ചേർന്നു.അവിടെ എത്തിയതോടെ, വണ്ടി പരിശോധിക്കുക, പട്ടിയെക്കൊണ്ട് വണ്ടിയുടെ അകം മണപ്പിക്കുക, ഓരോത്തരായി പരിശോധിക്കുക ............അങ്ങനെ വിവിധതരം പരിശോധനകളാണ്. റോഡിന്റെ  ഒരറ്റം ഇന്ത്യക്കാരും മറ്റേ അറ്റത്ത് പാകിസ്ഥാൻകാരുമാണ്. രണ്ട് സ്ഥലവും വേർതിരിച്ചിരിക്കുന്നത് ഒരു  ഇരുമ്പ് ഗേറ്റിനാലാണ്.നമ്മുടെ അവിടെ ഇൻഡ്യൻ പതാകയും അവരുടെ അടുത്ത് പാകിസ്ഥാൻ  പതാകയുമുണ്ട്.വഴിയുടെ രണ്ട് ഭാഗത്തുള്ള  ഗ്യാലറിയിൽ കാണികളെ കൊണ്ട് നിറഞ്ഞിരിക്കുവാണ്. രണ്ടു സ്ഥലത്തും പരേഡ്  തുടങ്ങാനുള്ള പരിപാടികൾ നടക്കുന്നു.

ഞങ്ങൾ ചെന്നപ്പോൾ രാജ്യഭക്തിയുള്ള ഗാനങ്ങൾ ലൗഡ് സ്പീക്കറിൽ കൂടി വരുന്നുണ്ട് അതിനസുരിച്ച് ഏതാനും സ്കൂൾ കുട്ടികൾ റോഡിൽ   ഡാൻസ് ചെയ്യുന്നുണ്ട്.ഈ പരേഡ് നടത്തുന്നത് -" Indian Border Security Force(IBSF) കാരാണ്.കാക്കി യൂണിഫോമും തലയിൽ  ചുമന്ന വിശറി പോലത്തെ തൊപ്പി യുമാണ് വേഷം. പാകിസ്ഥാൻ കാരുടേത് കറുത്ത വേഷവുമാണ്.പാട്ടും ഡാൻസും കഴിഞ്ഞതോടെ IBSF-ടീമിലെ ഒരംഗം വന്ന്,

വന്ദേ ......മാതരം
ഭാരത്‌ ......മാതാ കീ ജയ്‌
ഹിന്ദുസ്ഥാൻ .........സിന്ദാബാദ് .....
.ഇതിൽ ആദ്യഭാഗം ടീം അംഗവും മറ്റേ ഭാഗം കാണികളുമാണ് പറയേണ്ടത്.ടീം അംഗത്തിന്റെ ആ ജോലി ചില കാണികൾ ഏറ്റു പിടിച്ചു.ഇടയ്ക്കിടെ ടീം അംഗം വന്ന്, നിങ്ങളുടെ ശബ്ദം കേൾക്കുന്നില്ല  കുറച്ചു കൂടെ ഉറക്കെയാവട്ടെ എന്ന്  ആംഗ്യം കാണിക്കും.കാണികളിൽ പലരുടെ  മുഖത്തും കൈകളിലും നമ്മുടെ പതാകയുടെ "Tattoo" ചെയ്തിട്ടുണ്ട്.അങ്ങനെ ആകെ കൂടെ രാജ്യസ്നേഹം തുളുമ്പുന്ന നിമിഷങ്ങൾ!പരേഡിന്റെ പ്രത്യേകത എന്ന് പറയുന്നത്,"മാർച്ചിംഗ് ആണ്. കാലുകൾ ആഞ്ഞ് ചവിട്ടുമ്പോൾ കാലുകൾ അവരുടെ തലവരെ പൊങ്ങുന്നുണ്ട്.ബൂട്ട്സ്സ് -ന്റെ ശബ്ദവും നല്ല ഉച്ചത്തിലാണ്.ഇതിനിടയ്ക്ക് ഗേറ്റ് തുറക്കുകയും ഒട്ടും സഹൃദ്യയമല്ലാത്ത "ഷേക്ക് ഹാൻഡും കൂട്ടത്തിൽ "എന്ത് എന്നാ മട്ടിലുള്ള ചേഷ്ടകളും കാണാം. ഒട്ടും അനുകൂലിക്കാത്ത തരത്തിലുള്ള പെരുമാറ്റം ആണ് രണ്ടു പേരുടെ ഭാഗത്ത് നിന്നുമുള്ളത്. അവസാനം അവരവരുടെ  പതാക താഴ്ത്തി മടക്കി കൊണ്ട് വരുന്നതോടെ പരേഡ് അവസാനിക്കുന്നു.ഈ സമയമത്രയും വന്ദേ ....മാതരം, ഭാരത്‌ ......മാതാ കീ ജയ്‌ ,ഹിന്ദുസ്ഥാൻ .........സിന്ദാബാദ് വിളിച്ച് നമ്മളും ക്ഷീണീച്ചു കാണും. ഏകദേശം അരമണിക്കൂറിന്റെ പരേഡ് ആണിത്. രണ്ടു കൂട്ടരും ഒരേ സമയത്തു ഒരു പോലെ ചെയ്യുന്ന കാരണം, രണ്ടു കൂട്ടരുടെ പരിശീലനം നടത്തുന്ന സമയത്ത് സഹായക മനോഭാവത്തിലയിരിക്കാം ഒരു പക്ഷേ നമ്മുടെ മുന്‍പില്‍ കാണിച്ചില്ലെങ്കിലും ....അല്ലെ?

സുവർണ്ണ ക്ഷേത്രം( Golden Temple) 


"സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുര്‍ഗ്ഗമം പിടിച്ചിതുമാണ്" എന്ന വാക്യത്തിന് പൂര്‍ണ്ണമായും യോജിക്കുന്ന രീതിയിലായിരുന്നു, ഇന്ത്യുടെ ഏഴ് വിസ്മയങ്ങളില്‍ ഒന്നായ സുവര്‍ണ്ണ ക്ഷേത്രത്തിലേക്കുള്ള വഴി. സിക്കുമതക്കാരുടെ ആരാധനാലയം ആണിത്.അവിടെ എത്തിച്ചേർന്നാൽ, മനോഹരമായ തടാകവും അതിന്റെ നടുവിലെ സ്വർണ്ണവും വെള്ള നിറവും കൂടി ചേർന്ന ക്ഷേത്രം,ശരിക്കും നയനമനോഹരം ആയിട്ടുണ്ട്. ഏത് ജാതിയിൽ പെട്ടവർക്കും ആ ആരാധനാലയത്തിന്റെ എവിടെ വേണമെങ്കിലും സന്ദർശിക്കാവുന്നതാണ്.തല ഒരു തുണി കൊണ്ട് മൂടിയിരിക്കണം അതുപോലെ പ്രധാനസ്ഥലത്തിന് മുൻപ് കാലുകൾ കഴുകിയിരിക്കണം, ഈ രണ്ട് നിബന്ധനകൾ മാത്രമെയുള്ളൂ. ചെരുപ്പുകൾ സൂക്ഷിക്കേണ്ട സ്ഥലത്തും കുടിക്കാൻ വെള്ളം കൊടുക്കുന്നവരും ആ പാത്രങ്ങൾ കഴുകുന്നവരും കാർപെറ്റ് വൃത്തിയാക്കുന്നവരും  എല്ലാം സ്വമനസ്സാലെ സേവനമനുഷ്‌ഠിക്കുന്നവരാണ് (karsewa). മറ്റ് ചില ആരാധനാലയങ്ങളിൽ കാണുന്നതിൽ നിന്ന് പുതുമ തോന്നിയ കാര്യങ്ങളാണ്.

ജാലിയൻ വാലാ ബാഗ്‌ (jallianwala bagh)


ചരിത്രപുസ്തകത്തിൽ കൂടി വായിച്ചട്ടറിഞ്ഞിട്ടുള്ള സംഭവങ്ങൾ  ഒരു പക്ഷെ സ്വപ്നം കാണാൻ പോലും പേടിപ്പിക്കുന്ന സാഹചര്യം ... എന്നാൽ ഇന്ന് ശാന്തിയും സമാധാനവും അധികം തിരക്കില്ലാത്ത ടൂറിസ്റ്റ് കേന്ദ്രമാണ്.മരിച്ചവർക്കായുള്ള  സ്മാരകവും ഒരു ചെറിയ മ്യൂസിയവും ഉണ്ട്. അന്നത്തെ  വെടിയുണ്ടകൾ  കൊണ്ട ഒന്ന് -രണ്ട് സ്ഥലവും  ഒരു മരത്തിലും   അടയാളപ്പെടുത്തിയിട്ടുണ്ട്. സ്മാരകത്തിന്റെ അഗ്രഭാഗം വിരലുകൾ കൊണ്ട് തൊടുന്ന രീതിയിലുള്ള ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു അവിടെ വന്നവരിൽ പലരും.

ഓർമ്മയിൽ സൂക്ഷിക്കാൻ കുറച്ച് നല്ല ഓർമ്മകളുമായി വീണ്ടും പതിവ് തിരക്കിലേക്ക്

10/13/14

കോടതി സന്ദര്‍ശനം

“അവരെ ഒരു പാഠം പഠിപ്പിക്കുക” എന്ന ഉദ്ദേശ്യത്തിലാണ്, എന്‍റെ കൂട്ടുകാരി. അവള്‍ കൊടുത്തിരിക്കുന്ന ഒരു കേസ്സിന്റെ സാക്ഷിയായ അവളെയും മറ്റ് സാക്ഷികളെയും വിസ്തരിക്കാനായിട്ട്, വക്കീല്‍ പറഞ്ഞ സമയത്ത് തന്നെ ഞങ്ങള്‍ ഹരിയാനയിലുള്ള ഡിസ്ട്രിക് കോടതിയില്‍ എത്തിച്ചേര്‍ന്നു. അവള്‍ക്ക് ഒരു കൂട്ടിനായിട്ടാണ് എന്‍റെ വരവ്.വക്കീലിന്‍റെ നിര്‍ദ്ദേശപ്രകാരം ആദ്യം വക്കീലുന്മാര്‍ ഇരിക്കുന്ന ഒരു ഹാളിലേക്കാണ് പോയത്.അവിടെയാണെങ്കില്‍ ഏതോ ഉജാലയുടെയോ അല്ലെങ്കില്‍ നീലത്തിന്‍റെയോ പരസ്യം കാണുന്നത് പോലെ തോന്നി.വെള്ളയുടെ പല വര്‍ണഭേദങ്ങള്‍, വെള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സുമാണ് വക്കിലുന്മാരുടെ വേഷം.സാധാരണ കാണുന്ന വക്കിലിന്റെ കറുത്ത കോട്ട് ധരിച്ച ആരേയും അവിടെ കണ്ടില്ല.ആ ഹാള്‍ മുഴുവന്‍ മേശകളും കസേരകളും നിരത്തിയിട്ടുണ്ട്.കൂട്ടുകാരിയും വക്കീലും കണ്ടയുടന്‍ തന്നെ അവിടെ കൊടുക്കേണ്ട പ്രമാണങ്ങളേയും ചോദിക്കേണ്ട ചോദ്യങ്ങളെയും പറ്റിയുള്ള ചര്‍ച്ച തുടങ്ങി.ഏതെങ്കിലും കറങ്ങുന്ന ഫാനിന്റെ അടിയില്‍ ഇരിക്കാം എന്ന്‍ വെച്ച് കസേര വലിച്ചപ്പോഴാണ് മനസ്സിലാവുന്നത്, എല്ലാ കസേരകളും മേശകളും ഒരു ചങ്ങല ഇട്ട് പൂട്ടി വെച്ചിരിക്കുകയാണ്.കള്ളന്മാരെയും സത്യസന്ധതരേയും തീരുമാനിക്കുന്ന കോടതിക്ക് അവിടെയുള്ള ചില കസേരകളേയും മേശകളെയും സംരക്ഷിക്കാനായിട്ട് ചങ്ങലയുടെ ആവശ്യമോ? കണ്ടപ്പോള്‍ തമാശയായിട്ടാണ് തോന്നിയത്!

മറ്റ് വക്കീലന്മാര്‍ അവരവരുടെ കക്ഷികള്‍ക്ക് കേസ് വായിച്ചു കൊടുക്കുകയും ചോദിക്കാവുന്ന ചോദ്യങ്ങള്‍ക്ക് കൊടുക്കേണ്ട മറുപടിയും പറഞ്ഞു കൊടുക്കുന്നുണ്ട്. അവിടെ വന്നിരിക്കുന്ന കക്ഷികളില്‍ പലര്‍ക്കും വായിക്കാനോ എഴുതാനോ അറിയാത്തവരായിട്ടാണ് തോന്നിയത്.എല്ലാവരുടെ മുഖത്തും ഒരു സമാധാനമുണ്ട്.

ഹാളിന്റെ പുറകിലായിട്ടാണ് കോടതി.ഒരു വലിയ കെട്ടിടത്തിന്‍റെ ഓരോ മുറികളെയും ഓരോ കോടതി ആയിട്ടാണ് പറയുന്നത്. ഞങ്ങളുടേത്, വളരെ ചെറിയ ഒരു മുറിയാണ് അതില്‍ മുക്കാല്‍ ഭാഗവും പ്ലാറ്റ്ഫോം പോലെയാണ് അവിടെയാണ് ജഡ്ജിയും കൂടെ രണ്ട്-മൂന്ന് പേരും ഇരിക്കുന്നുത്. അത്രയും ഭാഗത്തിന് ഇടഭിത്തിയുണ്ട്.ബാക്കിയുള്ള കുടുസ്സ് സ്ഥലത്താണ് വക്കീലും കക്ഷിയുമൊക്കെ നില്‍ക്കേണ്ടത്.അവര്‍ രണ്ടു പേരും അവരുടെ ഊഴം ആകാനായിട്ട് വാതിലിന്റെ അവിടെയും ഞാന്‍ അതിന് പുറത്തുള്ള വരാന്തയിലും സ്ഥാനം പിടിച്ചു.

കൂട്ടുകാരിയുടെ ബാഗിന് കാവല്‍ കൂട്ടത്തില്‍ അവളുടെ മൊബൈലില്‍ വരുന്ന കോളുകള്‍ക്ക് മറുപടി പറയുക ആ രണ്ടു ജോലിയും കൂടി എനിക്ക് തന്നിട്ടുണ്ട്. വരാന്തയില്‍ ആണെങ്കില്‍ പോലീസും കള്ളന്മാരും വിരലുകള്‍ക്കിടയില്‍ കോര്‍ത്ത് പിടിച്ചു കൊണ്ട് അവിടെയവിടെയായി ഇരിപ്പുണ്ട്.ഇപ്പോള്‍ കള്ളന്മാര്‍ക്ക് വിലങ്ങുകള്‍ ഇടാന്‍ പാടില്ല. അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു.അവിടെ ഇരുന്നപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയത്, കാത്ത് ഇരിക്കുന്നവര്‍ വളരെ പാവപ്പെട്ട കുടുംബത്തിലുള്ളവരാണ്,പണക്കാര്‍ ഒന്നും കേസ്സിന് പോകാറില്ലേ അതോ കേസ് നടത്തി ഇങ്ങനെ ആയതാണോ? എന്തായാലും ആവശ്യമില്ലാതെ ചിന്തിച്ച് തല ചൂടാക്കേണ്ടി വന്നില്ല അതിന് മുന്‍പ് തന്നെ കൂട്ടുകാരി, “വക്കീലിനെ തട്ടണം”, എന്ന്‍ പറഞ്ഞു കൊണ്ട് എന്‍റെ അടുത്ത് എത്തി. അവള്‍ പറയുന്നത് പോലെയൊന്നും വക്കീല്‍ അനുസരിക്കുന്നില്ല. അനുവദിച്ച കിട്ടിയ സമയത്തിന്‍റെ പകുതി ഭാഗവും അയാള്‍ “തല കുനിച്ച് ആദരവ് കാണിക്കാനാണ് ശ്രമിക്കുന്നത്,അവളെ നേരിട്ട് സംസാരിക്കാന്‍ അനുവദിക്കുന്നുമില്ല. ഒന്നെങ്കില്‍ വക്കീല്‍ അല്ലെങ്കില്‍ അവള്‍ എന്ന മട്ടിലാണ്. അപ്പോള്‍ അവരുടെ ഇടയില്‍ ഒരു മദ്ധ്യസ്ഥന്‍റെ  റോളും എനിക്ക് കൈകാര്യം ചെയ്യേണ്ടി വന്നു

കോടതിയേക്കാളും സജീവമാണ് അവിടത്തെ വരാന്തകള്‍, അവിടെ കാത്തിരിക്കുന്ന ആളുകളെ ചുറ്റിപറ്റി പലതരം കച്ചവടങ്ങളായ ചായ കച്ചവടം, തൂവാല സോക്സ് കച്ചവടങ്ങളും നടക്കുന്നുണ്ട് “ബാലവേല നിയമത്തെ കുറിച്ച് കുട്ടികള്‍ക്കോ അതോ കോടതിക്കോ അറിയാത്തത് കൊണ്ടാണോ എന്നറിയില്ല ഏതാനും കൊച്ചുകുട്ടികള്‍ ചെരുപ്പ് പോളീഷ് ചെയ്യാന്‍ നടക്കുന്നുണ്ട്.കയ്യില്‍ ഒരു പെട്ടിയും തലയില്‍ തൊപ്പിയുമായിട്ടുള്ള ആ ആളിന്റെ വരവ് എന്നെ ശരിക്കും പേടിപ്പിച്ചു, എന്‍റെ ചെവിയില്‍ വന്ന്‍ എന്തോ പറഞ്ഞു.കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പിന്നെയും ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നു.എന്‍റെ ചെവി വൃത്തിയാക്കി തരാമെന്നാണ് പറഞ്ഞത്. കൈയ്യിലെ പെട്ടിയില്‍ പലതരം കുഞ്ഞുകുപ്പികളുണ്ട് അതിലെല്ലാം എണ്ണയാണ് അത് പോലെ തൊപ്പിയില്‍ പല വലിപ്പത്തിലുള്ള ഈര്‍ക്കിലുകള്‍ വെച്ചിട്ടുണ്ട്. പഞ്ഞി ചെവിയുടെ മുകളിലും വെച്ചിട്ടുണ്ട്. അവിടെ ഇരിക്കുന്നവരില്‍ പലരും ചെവി വൃത്തിയാക്കുന്നുണ്ട്. എന്‍റെ ചോദ്യങ്ങള്‍ കേട്ട് മടുത്ത അദ്ദേഹം നീ ചെവി വൃത്തിയാക്കണ്ട എന്ന മട്ടില്‍ എന്നെ ഉപേക്ഷിച്ച് പോയി എന്നാലും വൃത്തിക്ക് വേണ്ടി അവര്‍ കാണിക്കുന്നത് വൃത്തികേടായിട്ടാണ് എനിക്ക് തോന്നിയത്. അവിടെയൊന്നും തുപ്പരുത് എന്ന്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ചിട്ടുണ്ട്, പട്ടിക്ക് വായിക്കാന്‍ അറിയാത്തത് കൊണ്ടാകും ആ എഴുതിയതിന്റെ നേരെ താഴെ വന്ന്‍ കാര്യം സാധിച്ചു പോകുന്നുണ്ട് ഒരു ചുള്ളന്‍. അങ്ങനെ വരാന്തയിലെ കാത്തിരുപ്പ് എനിക്ക് ഒട്ടും മുഷിവ്‌ തോന്നിയില്ല.

പന്ത്രണ്ട് മണി ആയിട്ടും എതിര്‍ഭാഗം വക്കീലോ സാക്ഷികളോ വരാത്തത് കൊണ്ട് കേസ് രണ്ടു മണിയിലേക്ക് മാറ്റി.ഭക്ഷണം കഴിച്ചിട്ട് വരാമെന്ന്‍ വെച്ചപ്പോള്‍ അതിന്‍റെഅടുത്തൊന്നും അങ്ങനെ ഒരു സ്ഥലം കണ്ടില്ല പകരം വഴിവക്കില്‍ “ബട്ടൂര, പൂരി യൊക്കെ ഉണ്ടാക്കി വില്‍ക്കുന്നുണ്ട്.പലരും അവിടെ നിന്ന്‍ മേടിച്ച് കഴിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെ കഴിക്കാന്‍ മടി,അതുകൊണ്ട് ഭക്ഷണം കഴിക്കുന്നവരെ കണ്ട് ഞങ്ങളുടെ വിശപ്പടക്കി.

രണ്ടു മണിയോടെ ഞങ്ങള്‍ തിരിച്ച് കോടതിയില്‍ എത്തിയപ്പോള്‍,വക്കീല്‍ വലിയ സന്തോഷത്തോടെ ഞങ്ങളെ കാത്ത് നില്‍പ്പുണ്ട്.ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പില്‍ എതിര്‍ഭാഗം വക്കീല്‍ വന്ന്‍ കേസ് വേറെയൊരു ദിവസത്തേക്ക് മാറ്റി. അതോടെ സാക്ഷികളെചോദ്യം ചെയ്യുന്ന പരിപാടി നടക്കില്ല.ആ സ്ന്തോഷത്തിലാണ്അദ്ദേഹം.

ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തിന്, “ഇതൊരു സിവില്‍ കേസ്സ് അല്ലെ, ഒരു പാട് സൂത്രങ്ങള്‍(loopholes) ഉണ്ട് അതൊക്കെ വെച്ച് കേസ് ഇങ്ങനെ നീണ്ടു പോകും” എന്‍റെ അറിവില്‍ ഏകദേശം രണ്ടു വര്‍ഷത്തില്‍ കൂടുതലായിട്ടുള്ള കേസ്സ് ആണിത്. വക്കീലിന്റെ മറുപടിയും കൂട്ടത്തിലുള്ള വിടല ചിരിയും കൂട്ടുകാരിയുടെ നിസ്സാഹായ മുഖവും കണ്ടപ്പോള്‍, എനിക്കും വക്കീലിനെ “തട്ടി കളയണം എന്ന്‍ തോന്നി പോയി!

തിരിച്ചുള്ള യാത്രയില്‍ സിഗ്നലിന്റെ അവിടെവെച്ച് വക്കീലിന്റെ താല്‍ക്കാലിക രജിസട്രേഷനുള്ള കാര്‍ കൂടി കണ്ടപ്പോള്‍, വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും_” കൊണ്ടു പോയി കേസ് കൊടുക്ക് അല്ലെങ്കില്‍ നമ്മുക്ക് കോടതിയില്‍ വെച്ച് കാണാം അതുമല്ലെങ്കില്‍ വേണ്ടി വന്നാല്‍ സുപ്രീംകോടതി വരെ പോകും” എന്നിങ്ങനെ ഉള്ള ഡയലോഗുകള്‍ തമാശക്ക് പോലും പറഞ്ഞു പോകരുത് എന്ന തീരുമാനത്തിലായിരുന്നു ഞാന്‍.

കേസ്സിലൂടെ എന്‍റെ കൂട്ടുകാരി “അവരെ ഒരു പാഠം പഠിപ്പിക്കുകയാണോ അതോ ഏതോ വയ്യാവേലി ഏറ്റെടുക്കുകയാണോ എന്ന സംശയത്തിലാണ് ഞാന്‍!

"പട്ടി ചന്തക്ക് പോയതുപോലെയുള്ള" -ഒരു യാത്ര ആയിട്ടാണ്, കോടതി സന്ദര്‍ശനത്തെ കുറിച്ച് എനിക്ക് തോന്നിയത്. അങ്ങനത്തെ എത്ര യാത്രകള്‍ വേണം “അവരെ ഒരു പാഠം പഠിപ്പിച്ചെടുക്കാന്‍....?

9/5/14

പുഞ്ചിരി ട്ടീച്ചർ

പുഞ്ചിരി ട്ടീച്ചർ -നെ പറ്റി പറയുകയാണെങ്കിൽ, എന്നെ ഒൻപതിലും - പത്താം ക്ലാസ്സിലും മലയാളം പഠിപ്പിച്ച അധ്യാപിക ആയിരുന്നു.അക്ഷരസ്ഫുടതയോടെ സാവധാനം ചൊല്ലുന്ന മലയാള പദ്യങ്ങൾ കേൾക്കാൻ  ഞങ്ങൾക്ക് ഇഷ്ടമായിരുന്നു.എപ്പോഴും പുഞ്ചിരിക്കുന്ന മുഖമുള്ള അവർ മറ്റുള്ള അധ്യാപകരെ അപേക്ഷിച്ച് ചെറുപ്പവുമായിരുന്നു.അവരുടെ വസ്ത്രധാരണരീതിയും അതിന് അനുസരിച്ചുള്ള ഫാഷനും അവരോടുള്ള ഞങ്ങളുടെ ആരാധനയും ഇഷ്ടവും കൂട്ടി.  അങ്ങനെ അവരുടെ എല്ലാ ഗുണങ്ങളും കൂട്ടി ചേർത്ത് സ്കൂളിലെ കുട്ടികൾ  അവർക്ക് "പുഞ്ചിരി ട്ടീച്ചർ"എന്ന പേരും കൊടുത്തു.

വർഷങ്ങൾക്ക് ശേഷം "പുഞ്ചിരി ട്ടീച്ചർ -നെ കണ്ടപ്പോൾ, എന്റെ   കൂട്ടുകാരി അവളുടെ ബി.എഡ് -ന്റെ  ട്രെയിനിംഗ് -നായി ഞങ്ങൾ പഠിച്ച സ്ഥലത്താണ് ചേർന്നത്.അപ്പോഴേക്കും ഞങ്ങളുടെ കല്യാണമൊക്കെ കഴിഞ്ഞിരുന്നു.ഞാൻ അവളുടെ കൂടെ സ്കൂളിൽ ചെന്നതാണ്.ഇഷ്ടമുണ്ടായിരുന്ന അധ്യാപികരെ പോയി കണ്ടു. ഇഷ്ടമില്ലാത്തവരിൽ നിന്ന് കാണാതെ  രക്ഷപ്പെടാൻ ശ്രമിക്കുന്നത് അതിലും വലിയ കുഴപ്പത്തിലായിരിക്കും അവസാനിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്തും  ഞങ്ങൾ ഒരുമിച്ചായിരുന്നു. അന്നും ഞങ്ങളെ രണ്ടു പേരെ  ഒരുമിച്ച് കണ്ടത് പല ട്ടീച്ചർ മാർക്കും. അത്ഭുതമായിരുന്നു. പോരാത്തതിന് അവളുടെ ട്രെയിനിംഗ്- ന്റെ ഭാഗമായി എല്ലാവരുമായി പരിചയം പുതുക്കിയിട്ടുണ്ട്.അങ്ങനെ ആകെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ്, ഞങ്ങളുടെ "പുഞ്ചിരി ട്ടീച്ചർ -നെ കണ്ടത്. എന്റെ കൂട്ടുകാരിയെ കണ്ടതും അവർ ട്രെയിനിംഗിനെ പറ്റിയുള്ള വർത്തമാനം തുടങ്ങി. പുഞ്ചിരിയുമായി ഞാൻ അടുത്ത് തന്നെയുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ ട്ടീച്ചർ എന്നെ ചൂണ്ടി കാണിച്ചിട്ട് ചോദിച്ചു -" ഇതാരാണ്?
ഞാൻ ഞെട്ടിപ്പോയി.അവൾ എന്നെ പറ്റി പറയാൻ തുടങ്ങിയെങ്കിലും ട്ടീച്ചർക്ക്  ഓർമ്മയില്ല  .
"ഓരോ വർഷവും എത്ര കുട്ടികളെയാണ് പഠിപ്പിക്കുന്നത് അതുകൊണ്ട് എനിക്ക്  ഓർമ്മയില്ല "-യാതൊരു കൂസലുമില്ലാതെ സത്യം തുറന്ന് പറഞ്ഞപ്പോൾ, എന്റെ പുഞ്ചിരി പോയിയെന്ന് തന്നെ പറയാം. അവരുടെ വാദത്തെ അംഗീകരിച്ചുവെങ്കിലും ഒരു പാട് വിഷമം തോന്നി. ട്ടീച്ചറിനെ നോക്കി ചിരിക്കാനും അവരെ സംബോധന ചെയ്യാനുമായി ആ വിദ്യാലയം മുഴുവൻ എത്ര ഓടി നടന്നിട്ടുള്ളതാണ്!
പിന്നീട് ഒരിക്കലും അധ്യാപികരെ കാണാനോ, കണ്ടാൽ തന്നെ പരിചയം പുതുക്കാനോ ഞാൻ ശ്രമിക്കാറില്ല.പക്ഷെ ഈ അടുത്ത കാലത്ത് നടന്ന സംഭവം, റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്ത് ഇരിക്കുകയാണ് ഞാൻ.ഒരമ്മയും മകനും എന്റെ അടുത്ത് വന്നു, അമ്മ -മകനോട്,"എനിക്ക് ഇവരെ അറിയാം. ഞാൻ കേട്ടെങ്കിലും എനിക്ക് പരിചയം തോന്നാത്ത കാരണം, ഞാൻ കേൾക്കാത്ത മട്ടിൽ ഇരുന്നു.പിന്നെയും ആ അമ്മ പറയുന്നുണ്ട് " എനിക്ക് ഇവരെ അറിയാം"
"എന്നെയാണോ, എങ്ങനെ അറിയാം എന്ന എന്റെ  ചോദ്യത്തിന്, *********സ്കൂളീലാണോ പഠിച്ചത് ?  പെട്ടെന്നുള്ള ആ  ചോദ്യം കേട്ടപ്പോൾ ഞാനറിയാതെ തന്നെ എഴുന്നേറ്റ് നിന്ന് ചോദിച്ചു " അവിടത്തെ ട്ടീച്ചർ ആണോ"
എന്റെ  പെരുമാറ്റത്തിൽ വന്ന മാറ്റം  ഇഷ്ടപ്പെട്ട അവർ മകനോട്, ആ സ്കൂളീന്റെ ഗുണഗണങ്ങളെപറ്റി വിവരിക്കുകയായിരുന്നു.കൂട്ടത്തിൽ എവിടെ പോയാലും അവരുടെ വിദ്യാർത്ഥിനികളെ കണ്ട്മുട്ടാൻ സാധിക്കുന്നതിലെ സന്തോഷവും. എന്നെ മിഡിൽ സ്കൂളിൽ  ബയോളജി പഠിപ്പിച്ച അധ്യാപിക ആയിരുന്നു.ട്രെയിനിലും ഞങ്ങൾ അടുത്തടുത്തായിരുന്നു ഇരുന്നത്. അന്നത്തെ വിശേഷങ്ങളും കൂടെയുള്ളവരുടെ വിശേഷങ്ങളുമായി ഒരു പാട് സംസാരിച്ചു.ഒരു പക്ഷെ ട്ടീച്ചർ ന്മാരോട് ഞാനുണ്ടാക്കിയെടുത്ത പകയെല്ലാം ഒലിച്ചു പോയതുപോലെ തോന്നി.ജീവിതത്തിൽ കണ്ടു മുട്ടുന്ന പലരിൽ നിന്നും പല പാഠങ്ങൾ പഠിക്കേണ്ടി വരും!
അധ്യാപകദിനത്തിന്റെ ഭാഗമായി വിപണികളിൽ പലതരം കൊച്ചു സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്."Teacher എന്നെഴുതിയ കപ്പ്‌, ഫോട്ടോഫ്രെയിം, അധ്യാപികയുടെ നല്ല ഗുണങ്ങളെ വിവരിച്ചു കൊണ്ടുള്ള കാർഡുകൾ ചെറിയ പ്ലേറ്റുകൾ പൂക്കൾ ബൊക്കെകൾ ...........അങ്ങനെ പലവിധം. മാതാപിതാക്കന്മാരും കുട്ടികളും തെരഞ്ഞെടുക്കുന്ന തിരക്കിലാണ്. ചില കുട്ടികൾക്ക് പഠിപ്പിക്കുന്ന എല്ലാവർക്കും സമ്മാനം കൊടുക്കണമെന്ന വാശിയിലാണ്.അവരുടെ ഇടയിൽ നിന്നപ്പോൾ, എന്നെ പഠിപ്പിച്ചവരിൽ ആര്ക്കായിരിക്കും ഞാൻ സമ്മാനം കൊടുക്കുക എന്നോർത്ത് പോയി.യാതൊരുവിധസംശയവുമില്ലാതെ മനസ്സിലേക്ക് ഓടിവന്നത് "പുഞ്ചിരി ട്ടീച്ചർ" -ന്റെ മുഖമായിരുന്നു. അവരെ  പിന്നീട് ഞാൻ കണ്ടിട്ടേയില്ല എന്നാലും അവരുടെ പദ്യപാരായണം .......കവിതകളോട് യാതൊരുവിധ മമതയുമില്ലാത്ത ഞാൻ പോലും ആസ്വദിക്കുന്ന വിധത്തിലായിരുന്നു.

ലോകത്തിലുള്ള എല്ലാ "ട്ടീച്ചർ" മാരോടും എനിക്ക് അസൂയ തോന്നുന്നു....അവരെ ഓർത്തിരിക്കാൻ എത്ര വിദ്യാർത്ഥി / വിദ്യാർത്ഥിനികളാണ് ഒരു പക്ഷെ അവർ തിരിച്ച് ഓർത്തില്ലെങ്കിലും .......

എല്ലാ അധ്യാപക/ അധ്യാപികമാർക്കും - അധ്യാപകദിന ആശംസകൾ !!!!!

8/21/14

ഇനി എന്ത്?

എന്റെ  മകൻറെ +2 വിലുള്ള സ്കൂൾ വിദ്യഭ്യാസം കഴിഞ്ഞതോടെ. എന്റേയും ഒരു വട്ടം കൂടിയുള്ള സ്കൂൾ വിദ്യഭ്യാസം കഴിഞ്ഞു വെന്ന് പറയാം.ഒരു പക്ഷെ എന്റെ സ്കൂൾ കാലത്തേക്കാളും കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ മനസ്സിലാക്കിയ സമയം. കോളേജ് പഠനത്തിനായി അവൻ ഹോസ്റ്റലിലേക്ക് പോയപ്പോൾ, കഴിഞ്ഞ പത്ത് - പതിനഞ്ച് വർഷമായി എന്റെ നിഴൽ  ആയോ അല്ലെങ്കിൽ ഞാൻ അവന്റെ നിഴൽ ആയോ നടന്ന കാലങ്ങൾ കഴിഞ്ഞു. അങ്ങനെ ജീവിതത്തിന്റെ ഒരു ഘട്ടം കൂടി കഴിഞ്ഞിരിക്കുന്നു.

പെട്ടെന്ന് ഒറ്റക്ക്  ആയതുപോലെ ......."ഇനി എന്ത് ചെയ്യും - എന്ന ചിന്തയുടെ ഭാഗമായിട്ടാണ്,വായനാശീലം വളർത്തിയെടുത്താലോ എന്ന് ആലോചിച്ചത്.പലരും ഊണും ഉറക്കവുമില്ലാതെ പുസ്തകങ്ങൾ  വായിക്കുന്നത് കണ്ടിട്ടുണ്ട് എന്നതല്ലാതെ ഒരു നോവൽ വായിക്കാനുള്ള ക്ഷമയൊന്നും  എനിക്കില്ല .എന്നാലും ഒരു ശീലം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തിൽ ഞാൻ പുസ്തക കടയിൽ ചെന്നു.ശ്രീ ബെന്യാമിന്റെ "ആടുജീവിതം" ആണ് ആദ്യം ശ്രദ്ധയിൽ പ്പെട്ടത്, അതിന്റെ കഥയെപ്പറ്റി ഒരു രൂപം ഉള്ളതുകൊണ്ടും പുസ്തകം വായിച്ച് വിഷമിക്കാൻ താല്പര്യമില്ലാത്തതു കൊണ്ടും അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പുസ്തകമായ "പ്രവാചകന്മാരുടെ രണ്ടാം പുസ്തകം "തെരഞ്ഞെടുത്തത്പോരാത്തതിന്  പേജുകളുടെ എണ്ണം കുറവും വിലക്കുറവും തെരഞ്ഞെടുക്കാനുള്ള ചില കാരണങ്ങളാണ്.

ബൈബിളിനെ അടിസ്ഥാനമാക്കിയിട്ടുള്ള കഥയാണ്. ആദ്യത്തെ അദ്ധ്യായങ്ങളിൽ വായിച്ചപ്പോൾ

  •    അവർ നട്ടുനനച്ച മോചനസ്വപനങ്ങളുടെ പച്ച വയലുകളിൽ നിന്നും പ്രത്യാശയുടെ ഞാറ കൊക്കുകൾ എണ്ണമില്ലാതെ പറന്നുയർന്നു (p-26)

  •         ഉൾക്കരുത്തുള്ളൊരു ഉറവിൽ നിന്നെന്ന പോലെ ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരുന്ന യോഹാന്നന്റെ വാക്ധോരണി പൊടുന്നനേ ആരോ പിടിച്ചു നിറുത്തിയതുപോലെ ഉരത്തിനും കണ്ഠത്തിനും ഇടയിൽ വെച്ച് നിലച്ചു പോയി !


ചില കാര്യങ്ങളൊക്കെ ഇങ്ങനെയും എഴുതാമെന്ന് മനസ്സിലായിയെങ്കിലും  അതിനപ്പുറം വായനശീലം വളർത്തിയെടുക്കുക എന്ന കടമ നിർവ്വഹിക്കുന്നത് പോലെയായിരുന്നു അതുകൊണ്ട് തന്നെ പുസ്തകം ഊണുമേശയിലും ബാൽക്കണിയിലുമൊക്കെയായി ഒരനാഥപ്രേതം പോലെ അവിടെയവിടെ കിടപ്പുണ്ടായിരുന്നു.വേറെ ഒന്നും ചെയ്യാനില്ലെങ്കിൽ വായിക്കാം എന്ന നിലപാടിലായിരുന്നു ഞാൻ.

"കാനാവിൽ ഒരു കല്യാണസദ്യ" എന്ന അദ്ധ്യായം വായിച്ചതോടെ,   യേശുവിൻറെ  ആദ്യത്തെ അത്ഭുതമായിട്ടാണ് ബൈബിളിൽ പറയുന്നത് (St. John  chapter 2 verse 11)   കുഞ്ഞുനാളിൽ വേദോപദേശക്ലാസ്സിൽ ബൈബിളിനെ ആസ്പദമാക്കിയുള്ള സിനിമ കാണിച്ചപ്പോൾ, കാനാവിലെ കല്യാണസദ്യയിലെ അത്ഭുതം കണ്ടതോടെ, ഭക്തികൂടിയ കാരണം ബാക്കി ഭാഗങ്ങൾ ഞാൻ സ്തുതി പിടിച്ചിരുന്നാണ് കണ്ടെന്നാണ് അന്ന് കൂടെ ഉണ്ടായിരുന്നവർ  ഇന്നും പറഞ്ഞ് കളിയാക്കാറുള്ളത് നസ്രാണിയായ ഞാൻ കേട്ടതും വായിച്ചതിൽ നിന്നും നിന്നും വ്യത്യസ്തമായിട്ടായിരുന്നു ആ സംഭവം  വിവരിച്ചരുന്നത്.പുസ്തകത്തിന്റെ പുറംതാളിൽ ഗ്രന്ഥത്തെ പറ്റിയുള്ള പ്രസാധകന്റെ പ്രസ്താവനയിൽ "ക്രിസ്ത്യൻ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളേയും സന്മൂലം ഉടച്ചു പണിയുന്ന നോവൽ" എന്ന് പറയുന്നുണ്ടെങ്കിലും അത് മേടിക്കാൻ നേരത്ത് അതൊരു തമാശയായിട്ടാണ് തോന്നിയത്. ആ അവതരണം പുസ്തകത്തോട് കൂടുതൽ അടുപ്പം തോന്നി.പിന്നീടങ്ങോട്ടുള്ള ഓരോ ഭാഗവും എങ്ങനെയാണ് മാറ്റം വരുത്തിയിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു.ആകാംക്ഷക്ക് ഇടയ്ക്കാലാശ്വാസം നൽകാനായിട്ട് അവസാനഭാഗങ്ങൾ  വായിച്ച് നോക്കാനും തോന്നിയില്ല. ആകെ 223 പേജുകളുള്ള  പുസ്തകം വായിച്ചു തീർക്കാൻ പിന്നെയും ദിവസങ്ങൾ എടുത്തു.എന്നാലും എങ്ങനെയാണ് വ്യത്യസ്തകൾ വരുത്തിയിരിക്കുന്നത് എന്നറിയാനുള്ള കൗതുകം മനസ്സില് ഉണ്ടായിരുന്നു. ചില മാറ്റങ്ങൾ അംഗീകരിക്കാനായില്ല.മറ്റ് ചില ഭാഗങ്ങൾ ഇന്ന് നടക്കുന്ന സംഭവങ്ങളായിട്ടും തോന്നി.

നമ്മൾ വായിച്ചതും വിശ്വസിക്കുന്നതുമായ കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് മാറുമ്പോൾ, അതിന്റേതായ മുറുമുറുപ്പുകൾ കൂട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ ഉണ്ടായിരുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും വ്യത്യസ്തമായ ഈ അവതരണം എനിക്കിഷ്ട്മായി അല്ലെങ്കിലും നമ്മൾ വളർത്തി കൊണ്ടുവന്നിട്ടുള്ള വിശ്വാസങ്ങളേയും ആചാരങ്ങളേയും ഒരു നോവൽ / സിനിമ കൊണ്ട് മാറ്റാവുന്നതാണോ ?

എന്തായാലും പുസ്തക വായന കഴിഞ്ഞു അതിനെപറ്റിയുള്ള ചർച്ചകൾ നടക്കുന്നു."ഇനി എന്ത് " എന്ന ചിന്തയിലാണ് ഞാൻ? അല്ലെങ്കിൽ അലസമനസ്സ് പിശാചിന്റെ പണിപ്പുര എന്നല്ലേ!

Diary notes_8 (From T.R.Johny Thekkethala)

2014 ലെ തെരഞ്ഞെടുപ്പ് - ഒരു അവലോകനം.പുതിയ ലോക്സഭ നിലവില്‍ വന്നു.ഒരു കക്ഷിക്ക് മാത്രം അമ്പത്തിരണ്ടു ശതമാനം
സീറ്റുകള്‍ ലഭിച്ചു.എന്നാല്‍ അവര്‍ക്ക് മുപ്പത്തിഒന്നു ശതമാനം വോട്ടുകള്‍ മാത്രമേ 
കിട്ടിയുള്ളൂ.ഇതിന്റെ അര്‍ഥം മറ്റുള്ളവര്‍ എതിരാണ് എന്നല്ല.മുപ്പത്തിഒന്നു ശതമാ 
നം പേരുടെ പ്രഥമ പരിഗണന അവര്‍ക്കായിരിക്കുമെന്നും ഭൂരിപക്ഷതിന്റെത് അതല്ല 
എന്നുമാണ്.
അംഗങ്ങളില്‍ മൂന്നിലൊന്നോളം പേര്‍ ക്രിമിനല്‍ കേസുപ്രതികള്‍ ആണ്.രാഷ്ട്രീയ പാര്‍ട്ടികള്‍ എവിടെ നില്‍ക്കുന്നു എന്ന് ഇതില്‍ നിന്നറിയാം.ധാര്‍മിക മൂല്യങ്ങളും മാന്യതയും കാട്ടുന്നവരെ മാത്രമേ സമൂഹം അമ്ഗീകരിക്കുകയുള്ളൂ  എന്ന നില 
വരേണ്ടിയിരിക്കുന്നു.

7/20/14

“ഛോളി കേ പിഛേ” – കാലം പോയ പോക്കേ..!!

ദൂരദർശൻ കാണിക്കുന്ന ചിത്രഹാർ കണ്ടില്ലെങ്കിൽ ജീവിതം വഴി മുട്ടി പോകുമോ എന്ന് വിചാരിച്ചിരുന്ന കാലം. അതുകൊണ്ടാണ് വീട്ടിലെ ട്ടി.വി പ്രവർത്തിക്കാത്തതു കാരണം അടുത്ത വീട്ടിലേക്ക് പാഞ്ഞത്. ഞാനും അവിടെയുള്ളവരും കൂടി ഒരോ പാട്ടുകളും സീനുകളും ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്, അപ്പോഴാണ് അന്നത്തെ പേരുകേട്ട  പാട്ടായ " ഛോളി കേ പിഛേ.........മാധുരി ദീക്ഷിത്തിന്റെ പാട്ട് വന്നത്.പാട്ടിന്റെ വരികളും ഡാൻസും കണ്ട് അവിടത്തെ ഗൃഹനാഥൻ മുറിയിൽ നിന്നും എണീറ്റ്  പോയി.ചിത്രഹാർ കണ്ട് കൊണ്ടിരിക്കുന്ന ഗൃഹനാഥയെ വിളിച്ച് ട്ടിവി "ഓഫ് " ചെയ്യാൻ പറയുന്നുണ്ടെങ്കിലും,  കണ്ണ് തള്ളി വായ്പൊളിച്ച് ഇരിക്കുന്ന എന്നെയും അവരുടെ കുട്ടികളേയും കണ്ട അവർക്ക് അത് "ഓഫ് " ചെയ്യാൻ ഒരു വിഷമം. പിന്നെയും ഭർത്താവിന്റെ നിർബന്ധം സഹിക്കാൻ വയ്യാതായപ്പോൾ, അവർ ഞങ്ങളുടെ മുൻപിൽ വെച്ച് തന്നെ പറഞ്ഞു -"ഇപ്പഴത്തെ കുട്ടികൾക്ക് ഇതൊന്നും സാരമില്ല !"

തിരിച്ച് വീട്ടിൽ പോകുന്നതിന് മുൻപായി എല്ലാവരോടും യാത്ര പറയുന്ന സമയത്താണ്, ഗൃഹനാഥൻ അവിടെ ഇല്ലെന്ന് മനസ്സിലായത്. എന്റെ അന്വേഷണത്തിന്റെ ഭാഗമായി മാമൻ കഷായം കുടിച്ച മുഖത്തോടു കൂടി  പ്രത്യക്ഷപ്പെട്ട്, എന്റെ യാത്ര പറച്ചിലിനെ ശരിവെച്ചെങ്കിലും കുട്ടികളുടെ മുഖത്ത് നോക്കാൻ ഒരു പ്രയാസം.കൂട്ടത്തിൽ ഇതൊന്നുമല്ല ജീവിതം നന്നായി പഠിച്ചാലെ ഇന്ന് ജീവിക്കാൻ പറ്റുകയുള്ളൂ എന്ന ഉപദേശവും ഉണ്ടായിരുന്നു.പഴയകാലത്തെ അർത്ഥവത്തായ സിനിമ പാട്ടുകളേയും അത് പാടിയ വരെക്കുറിച്ചും അഭിനയിച്ചവരെക്കുറിച്ചും പറഞ്ഞു തന്നു.രണ്ടു -മൂന്നു പാട്ടുകൾ യാതൊരുവിധ ശ്രുതിയോ സംഗതിയോ ഇല്ലാതെ പാടുകയും കൂടി ചെയ്തപ്പോൾ ........ഇനി ചിത്രഹാർ കാണാൻ വീട്ടിലേക്ക് വരില്ലെന്ന് ഞാൻ മനസ്സിൽ പ്രതിജ്ഞയെടുത്തു.

ദൂരദർശനുപുറമെ മറ്റ് ചാനലുകളുടെ അരങ്ങേറ്റത്തോടെ, വീട്ടിലുള്ളവരിലെ പലരുടെ മുഖവും കഷായം കുടിച്ചതു പോലെയായി.ദൂരദർശൻ നടത്തിയിരുന്ന സെൻസർ (censor) -ന്റെ ഭാഗമായിട്ട് കാണിച്ചിരുന്ന പൂവിന്റെയും അരയന്നങ്ങളുടെ ക്ലിപ്പുകൾ സ്റ്റാർ മൂവീസ് ..........പോലത്തെ ചാനലുകൾ കാണിക്കാത്തതായിരുന്നു പ്രധാന കാരണം. സീനുകൾ കണ്ട് പരിചയിച്ചതോടെ "എന്താ, ഛോളി കേ പീഛേ  പാട്ട് കണ്ട മാമന്റെ മുഖം പോലെയിരിക്കുന്നത് " എന്ന  തമാശ ചോദ്യം.പിന്നീട് ചമ്മിയ മുഖമായിട്ടിരിക്കുന്ന വീട്ടുകാരോടൊ കൂട്ടുകാരോടോ "  എന്താ, ഛോളി കേ പീഛേ" ആയിട്ടിരിക്കുന്നേ എന്ന കളിയാക്കലായി മാറി.

  വേണ്ടാത്ത സീനുകളിലേക്ക് കത്രിക വെക്കുന്നതു പോലെയായിരുന്നു പരിപാടികൾ ക്കിടയിൽ ചാനലുകൾ മാറ്റുക എന്നത് ആർക്കോ  തോന്നിയ ഐഡിയ യുടെ  ഭാഗമായിരുന്നു  അതോടെ പരിപാടികൾ കാണാൻ കാഴ്ച എത്ര ആവശ്യമാണോ അത്രയും പ്രാധാന്യം തന്നെ "റിമോട്ടുകൾക്കും ഉണ്ടായിരുന്നു.

ജീവിതത്തിൽ പുതിയതായി വന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട സമാധനത്തിൽ ഇരിക്കുമ്പോഴാ ണു, അടുത്ത കണ്ട മലയാള സിനിമ എന്നെ വീണ്ടും "ഛോളി കേ പീഛേ" എന്ന പാട്ടും അതിന്റെ പിന്നിലെ കഥകളും ഓർമ്മപ്പെടുത്തുന്നതായിരുന്നു.

കുറെ കാലം കഴിഞ്ഞ് തിയറ്ററിൽ ഇരുന്ന് സിനിമ കാണുന്ന സന്തോഷത്തിലായിരുന്നു ഞാൻ. പക്ഷെ "ലോ പോയിൻ റ് എന്ന മലയാള സിനിമ, ആദ്യം മുതൽ, പീഡനത്തിന്റെ ഭാഗമായിട്ടുള്ള ആത്മഹത്യാശ്രമം.അതോടെ പീഡനം,റേപ്പ്, മൈനർ പ്രായപൂർത്തിയാകാത്ത..........ഇവയെ കുറിച്ചുള്ള ഡലലോഗുകൾ ആയിരുന്നു.ഇതൊക്കെ നായികയുടെ ദു:ഖങ്ങളാണെങ്കിൽ നായകന്  ,സ്വന്തം കരിയറിനെ അത്യന്തം സ്നേഹിക്കുന്ന മാതാപിതാക്കന്മാർ, അവരുടെ ഇടയിലേക്ക് കടന്ന് വരുന്ന അനിയനെയോ/ അനിയത്തിയോ അബോർഷൻ ചെയ്യാനും അല്ലെങ്കിൽ അതിനായി "പ്രീകോഷൻ( precaution) എടുക്കാത്തതിനെപ്പറ്റി തല്ല് കൂടുന്ന അച്ഛ്നും അമ്മയും. ദ്വായാർതഥങ്ങൾ വേറേയും.സിനിമ കഴിഞ്ഞപ്പോൾ കൂട്ടിന് കൊണ്ടു വന്ന പിള്ളേർ സംഘത്തിന്റെ മുഖത്ത് നോക്കാൻ എനിക്കാകെ ഒരു വിഷമം. ചരിത്രം ആവർത്തിക്കുന്നു എന്ന് പറയുന്നത് പോലെയായി. എന്തായാലും സിനിമയുടെ അവസാനം   വക ചിന്തളിൽ നിന്നും വ്യത്യസ്തമാണ് എന്ന ഒരു  സമാധാനം.

ഏതാനും ദിവസങ്ങൾക്ക് ശേഷം എറണാകുളത്ത് താമസിക്കുന്ന എന്റെ ഒരു കൂട്ടുകാരിയെ കണ്ടു അവൾക്കും ഒരു ടീനേജ് പ്രായത്തിലെ ഒരു മകളുണ്ട്.അവളെ കണ്ടതും "ലോ പോയിന്റ്" സിനിമയും അതിലെ ഡയലോഗുകളെ ക്കുറിച്ചായിരുന്നു എനിക്ക് പറയാനുള്ളത്. പക്ഷെ അവൾക്ക് അത് കേട്ടിട്ട് വലിയ ഭാവവ്യത്യാസം ഒന്നുമില്ല. അവളുടെ അഭിപ്രായത്തിൽ പീഡനവാർത്തകളൊക്കെ എന്നും പത്രത്തിലുള്ളത് അല്ലെ. ഇന്ന് അഞ്ചു വയസ്സുകാരി ആണെങ്കിൽ നാളെ അമ്പത്തിയഞ്ചു വയസ്സുകാരി.......വയസ്സിൽ മാത്രമെ വ്യത്യാസമുള്ളൂ.........അതുകാരണം കുട്ടികൾക്ക് ഒക്കെ കഥകളിൽ വലിയ പുതുമയില്ല. അവൾ എന്നെ ആശ്വസിപ്പിക്കാനായിട്ട് പറഞ്ഞു-" നിനക്ക് ഒരു ട്ടിക്കറ്റിനായി 35 - 50 രൂപയല്ലെ ആയുള്ളൂ. ഞങ്ങൾ ലുലുമാളിലാണ് സിനിമ കാണാൻ പോവുക കൂട്ടത്തിൽ നിന്ന അവിടെ നിന്ന് കഴിക്കുകയും ചെയ്യും അതും കൂടെ ആവുമ്പോൾ ഒരു ആയിരത്തിന്റെ നോട്ട് തീരും. നഷ്ടത്തിന്റെ മുൻപിൽ വക ഡയലോഗുകൾ എത്രേയൊ നിസ്സാരം!

അവളുടെ ആശ്വാസവചനങ്ങൾ കേട്ടപ്പോൾ, രണ്ട് മൈനസ്സുകൾ തമ്മിൽ ഗുണിക്കുമ്പോൾ പ്ലസ്സ് ആകുന്ന കണക്കിലെ ചില കളികളെയാണ് ഓർമ്മ വന്നത്.എല്ലാ മൈനസ്സ് ചിന്തകളും രൂപയുടെ മുൻപിൽ പോസിറ്റീവ് ആകുന്നു. അതോടെ "ഛോളി കെ പിഛേ.... യുടെ മുഖഭാവത്തിന് വിടപറഞ്ഞ് ..........ഇപ്പഴത്തെ കുട്ടികൾക്ക് ഇതൊന്നും സാരമില്ല .....എന്ന് ഞാൻ സ്വയം പറഞ്ഞ് ആശ്വസിച്ചു!!!!!  കാലം പോയ പോക്കെ!!!!!!