11/22/15

"മൊബൈൽ ലേ ലോ ..... മൊബൈൽ ലേ ലോ"

കഴിഞ്ഞ രണ്ടു ദിവസ്സമായിട്ട് ഒരു കൊച്ചു കുട്ടിയുടെ ഇങ്ങനത്തെ വിളി ഞാൻ കേൾക്കുന്നു.ഉന്തു വണ്ടിയിൽ പച്ചക്കറികളും പഴങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും വിൽക്കാൻ വരാറുണ്ട്.പലപ്പോഴും അച്ഛ്നും മകനും കൂടെയായിട്ടായിരിക്കും വരുക.എല്ലാവരേയും വിളിച്ച് അവരുടെ സാന്നിദ്ധ്യം അറിയിക്കുക എന്ന ജോലി  ഏകദേശം പത്തോ-പന്ത്രണ്ടോ  വയസ്സിനു താഴെയുള്ള മകനായിരിക്കും ചെയ്യുക.അങ്ങനെ മൊബൈൽ ഫോണുകളും ഉന്തുവണ്ടിയിൽ നടന്ന് വിൽക്കാൻ തുടങ്ങിയോ? എന്റെ ആകാംക്ഷ എനിക്ക് അടക്കി വെക്കാനായില്ല.ഈ വിളി കേൾക്കുമ്പോഴെല്ലാം ഞാൻ ബാൽക്കണി തുറന്ന് വഴിയിലൂടെയെല്ലാം ആ ഉന്തുവണ്ടിയെ പരതാറുണ്ട്.പരിണതഫലം, ട്ടോം & ജെറി കാർട്ടൂണ്‍ പോലെയാകും. ഞാൻ ബാൽക്കണിയിൽ എത്തുമ്പോഴേക്കും ആകെ നിശ്ശബദത ആയിരിക്കും.തിരിച്ച് വന്ന് ഞാൻ എന്റെ ജോലിയിൽ തുടരുമ്പോൾ പിന്നെയും ആ വിളി കേൾക്കാറുണ്ട്.

ഏത് തരം ഫോണുകളായിരിക്കും വിൽക്കുന്നത്, ഉപയോഗിച്ചതിനുശേഷമുള്ള ഫോണുകളായിരിക്കുമോ?,അതിനെപ്പെറിയൊക്കെ  വിവരിച്ചു കൊടുക്കാൻ അവർക്കറിയുമോ ? ആരായിരിക്കും ഇത്രയും വില കൂടിയ ഫോണുകൾ ഇവരുടെ കൈയ്യിൽ നിന്നും മേടിക്കുക .....ഞാൻ വെറുതെ ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടാറുണ്ട്‌.

ഡൽഹി പോലെയുള്ള സിറ്റിയിൽ,താണനിലവാരത്തിലുള്ളവർ പലരും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കാറില്ല.അവർ പലരും ബീഹാർ അല്ലെങ്കിൽ കൽക്കട്ട നിന്നോ മെച്ചപ്പെട്ട ജോലി അന്വേഷിച്ചു എത്തുന്നവരാണ്. കുട്ടികൾ മിക്കവാറും കൂടെപ്പിറപ്പിനെ അന്വേഷിക്കല്ലോ അതുമല്ലെങ്കിൽ മാതാപിതാക്കന്മാരെ ജോലിയിൽ സഹായിക്കലോ ആണ് ചെയ്യാറുള്ളത്. വിദ്യാഭ്യാസത്തേക്കാളും ജീവിതപാഠംങ്ങൾ പഠിക്കട്ടെ എന്ന നിലപാടിലാണ് മാതാപിതാക്കന്മാരും.സർക്കാർ സ്കൂളിൽ ഒരുപാട് ആനുകൂല്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കുട്ടികൾക്ക് അവിടെ പോകാനോ രക്ഷിതാക്കള്‍ അവരെ നിർബന്ധിക്കാനോ ഇല്ല .സത്യം പറയാമല്ലോ, അച്ഛനും മകനുമായി  നടത്തുന്ന  പച്ചക്കറിക്കച്ചവടത്തിൽ മകനാണ് പച്ചക്കറി  എടുത്ത് തരുന്നതെങ്കിൽ രണ്ടുപ്രാവശ്യം നമ്മൾ നോക്കേണ്ടിയിരിക്കും ഒന്നെങ്കിൽ ചീഞ്ഞ തക്കാളിയോ അല്ലെങ്കിൽ തൂക്കത്തിൽ വ്യത്യാസമോ കാണും. നമ്മൾ കാണിച്ച് കൊടുത്താലും ഒന്നും മനസ്സിലാവാത്ത മട്ടിൽ അവൻ നിൽക്കും. എട്ടോ- പത്തോ വയസ്സുള്ള  അവന്‍റെ  കച്ചവടത്തിലെയും പെരുമാറ്റത്തിലെയും ആ കൗശലം എന്നെ അത്ഭുതപ്പെടുത്താറുണ്ട്.

ഇവരിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും ഷോപ്പിംഗ് മാളിലോ / മെട്രോയിലോ കാണുന്ന കുട്ടികൾ. അവരിൽ പലരും എവിടെയാണോന്നൊ എന്താണ് ചുറ്റും നടക്കുന്നതെന്നോ അറിയുന്നില്ല. മിക്കവാറും ഫോണിലോ അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും സാധനങ്ങളിൽ കളിച്ചു കൊണ്ടിരിക്കുന്നത് കാണാം.  അച്ചനോ.. അമ്മയോ ആരെയോ  പിന്തുടരുന്നതു കാണാറുണ്ട്.  പലപ്പോഴും കുട്ടികളെ ഒരു മാതിരി  ബ്രോയിലർ ചിക്കനെ പോലെയാക്കി എടുക്കുന്നതിൽ മാതാപിതാക്കന്മാർക്ക് വലിയ ഒരു പങ്ക് ഉള്ളതായി തോന്നാറുണ്ട്.

എന്റെ തലമുറയിൽപ്പെട്ടവരുടെ കളികളിൽ പലതും ജീവിതവുമായി പൊരുത്തപ്പെട്ടതായിരുന്നു.ചിരട്ടകൾ കൊണ്ട് ത്രാസ്സ് ഉണ്ടാക്കുന്നതും പപ്പായ തണ്ടു കൊണ്ട് "സ്ട്രോ" ആക്കി കുടിക്കുന്നതും മറ്റും പിന്നീട് ഞാൻ എന്റെ കുട്ടികൾക്ക് കാണിച്ചു കൊടുത്ത് അവരുടെയെല്ലാം ആരാധനാപാത്രമായിട്ടുള്ളതാണ്.എന്റെ കുട്ടികൾ "സൂപ്പർമാൻ -ന്റെ പാവയെ കൈയ്യിൽ പിടിച്ച് ജനാലിൽ നിന്ന് കട്ടിലിലേക്ക് ചാടുകയും കുത്തിമറിയുന്നതും കണ്ടിട്ടുണ്ട്.പിന്നീട് അവരും കമ്പ്യൂട്ടറിലേക്കും വീഡിയോ ഗെയിംസ് -കളിലേക്കും തിരിഞ്ഞു. അവരുടെ അഭിപ്രായത്തിൽ ആ കളികൾക്കും  ബുദ്ധിയും അതിയായ ഏകാഗ്രത വേണമെന്നാണ്.


"മൊബൈൽ ലേ ലോ ..."മൊബൈൽ ലേ ലോ"

വൈകുന്നേരം  ജനലുകൾ അടച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ വിളി ഞാൻ പിന്നെയും കണ്ടത്.ജോലി നിറുത്തി ശ്രദ്ധിച്ചപ്പോള്‍, താഴെ മരത്തിന്റെ അടിയിൽ നിൽക്കുന്ന രണ്ടു കുട്ടികളിൽ ഒരാളിൽ നിന്നുമാണ് വിളി വരുന്നത്.കുട്ടികളായതു കൊണ്ട് വീട്ടിലിരിക്കുന്ന ഏതാനും മിഠായികളുമായി ഞാൻ അവരുടെ അടുത്ത് ചെന്നു.3-4 വയസ്സുള്ള ആണ്‍കുട്ടി എന്നെ ക്കണ്ടതും മരത്തിന്റെ പുറകിൽ ഒളിച്ചു.വല്ല 2 വയസ്സ് മൂപ്പുള്ള ചേച്ചിക്കുട്ടി എന്നെക്കണ്ട് നിന്നു. മിഠായികൾ, കൊടുത്തപ്പോൾ അതിൽ രണ്ടെണ്ണം അനിയന് കൊടുത്ത് ബാക്കിയുള്ളതെല്ലാം കൊണ്ട് അവൾ ഓടി .....അടുത്ത വീട്ടിൽ ചില പുതുക്കിപ്പണികൾ നടക്കുന്നുണ്ട്. ആ ജോലിക്കാരുടെ മക്കളായിരിക്കാം.
തിരിച്ച് വീടിന്‍റെ ബാല്‍ക്കണിയില്‍ എത്തിയപ്പോള്‍, കുട്ടികളുടെ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്.എന്നെ കണ്ടപ്പോൾ അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു,"അവൻ വലുതാവുമ്പോ മൊബൈൽ കട തുടങ്ങുമെന്നാ പറയുന്നത്, അവന്റെ ഇപ്പോഴത്തെ കടയിലെ  മൊബൈൽ ശേഖരങ്ങളായ പലതരം കല്ലുകളും ട്ടൈൽസ്സുകളും കാണിച്ചു തന്നു.ഏത് ഫോണ്‍ കിട്ടിയാലും അവന്‍ ഉപയോഗിക്കാനറിയാം........ഏതൊരച്ഛനെയുംപോലെ മകന്‍റെ കഴിവുകളെക്കുറിച്ച് വാചാലനായി......അമ്മ തയ്യാറായി വന്നപ്പോള്‍ അവന്‍ അമ്മയുടെ ഒക്കത്ത് ഇരുന്ന്‍ എന്നെ നോക്കി ചിരിച്ചു.

ജീവിതചുറ്റുപാടുകളില്‍ നിന്നും അവന്‍ മനസ്സിലാക്കി എടുത്ത "വൈറ്റ് കോളര്‍ ജോലി " ആയിരിക്കാം "മൊബൈല്‍ കട! അവന്‍ ഇപ്പോഴേ  അതിനുള്ള തയ്യാറെടുപ്പിലാണ്... "മൊബൈൽ ലേ ലോ ..."മൊബൈൽ ലേ ലോ "
In Metro Manorama a man by name Sri.v.c.George had been complaining abt his neighbours barking dog.He approached even the govt.secy to stop this menace.My reply was to explain how I handled a similar situation  :-

ശ്രീ. വി.സി.ജോർജിന്റെ "പട്ടിയെ ആര് വയലന്റെ മോഡിലാക്കും എന്ന കുറിപ്പ് കണ്ട് എനിക്കുണ്ടായ സമാനമായ ഒരു അനുഭവം പങ്ക് വെയ്ക്കുന്നതാണ് ഈ കുറിപ്പ്.
ഞാനും എന്റെ കുടുംബവും താമസിക്കുന്ന തിരുവനന്തപുരത്തിലുള്ള ഫ്ലാറ്റിന്റെ അയൽക്കാരാനായി എത്തിയത് ആക്രിക്കച്ചവടം നടത്തുന്നവരായിരുന്നു. സാധാരണയായി ഡോക്ടർ മാരും കംസ്റ്റമസ്സ് ഉദ്യോഗസ്ഥരാണ് അവിടെ വാടകയ്ക്കായി താമസിക്കാൻ വരാറുള്ളത്.എന്തായാലും പുതിയ താമസക്കാരുടെ വരവോടെ ഫ്ലാറ്റിനു ചുറ്റുമുള്ള പറമ്പിൽ പഴയ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കൂളർ ......അങ്ങനെ പലതരം ആക്രി സാധനങ്ങൾ കൊണ്ട് നിറഞ്ഞു.ആദ്യത്തെ രണ്ടാഴ്ചക്ക് യാതൊരുവിധ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു.എന്നാൽ പിന്നിട് ആക്രി സാധനങ്ങൾ നിരത്തി വെച്ച് വലിയ ശബ്ദത്തിൽ പൊളിച്ചെടുക്കാൻ തുടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിൽ രാവും പകലും എന്നില്ലാതെ വലിയ ശബ്ദകോലാഹലമായി.ശാന്തജീവിതം നയിച്ചിരുന്ന ഞങ്ങളുടെ എല്ലാ സ്വസ്ഥയും തകർക്കുന്ന ശബ്ദമലീനകരണം നടത്തി പോന്നു.
.രണ്ടു മൂന്നു പ്രാവശ്യം വീട്ടുടമസ്ഥനോടു പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. ഒരു പക്ഷേ വാടക വരവിലുള്ള വ്യത്യാസമായിരിക്കാം, ആർക്കാണോ ബുദ്ധിമുട്ടാണോ അവർക്ക് വീട് മാറാം എന്ന നിലപാടിലായിരുന്നു വീട്ടുടമസ്ഥൻ. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഫ്ലാറ്റ് ഉപേക്ഷിച്ചു പോകാനും മനസ്സു വന്നില്ല.
നമ്മൾ തീരെ നിസ്സാരായി കരുതുന്ന "ആക്രിക്കച്ചവടക്കാരുടെ ജീവിതനിലവാരം നമ്മളെക്കാൾ ഉയർന്നതും അവരുടെ വരുമാനം വളരെ ഉയർന്നതാണെന്നും ആ കുറഞ്ഞ ദിവസങ്ങളിൽ നിന്നും മനസ്സിലായിരുന്നു.തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ വന്ന് അധ്വാനിക്കുന്ന അവരോട് എനിക്ക് അസൂയ ആണെന്നായിരുന്നു എന്റെ ഭർത്താവിന്റെ നിലപാട്
കൂലംകഷമായി ചിന്തിച്ച് ഞാനും എന്‍റെ മകനും കൂടി ഒരു പ്ലാനിട്ടു.താഴത്തെ നിലയിൽ താമസിക്കുന്ന ആക്രിക്കച്ചവടക്കാർ ശബ്ദ മലിനീകരണം തുടങ്ങുമ്പോൾ അതിനേക്കാൾ ഉച്ചത്തിൽ ആദ്യത്തെ നിലയിൽ താമസിക്കുന്ന ഞങ്ങൾ ഉപയോഗ്യശൂനമായ ഒരു മെറ്റൽ സ്റ്റൂളിൽ ചുറ്റിക കൊണ്ടടിക്കാൻ തുടങ്ങി. അവർ 2 പ്രാവശ്യം കൊട്ടുമ്പോൾ ഞങ്ങൾ 4 പ്രാവശ്യം ആയിരിക്കും കൊട്ടുക.അങ്ങനെ ഒരു ദിവസം കടന്നു. രാത്രി 12 മണിക്ക് അലാറം വെച്ച് ഉണർന്ന് അവരൊക്കെ ഗാഡനിദ്രയിലായിരിക്കുന്ന സമയത്ത് ചുറ്റിക കൊണ്ട് തറയിൽ ചെറുതായി കൊട്ടി അവരുടെ ഉറക്കം കെടുത്തി.അടുത്ത 2 ദിവസം കൂടി ഈ കലാപരിപാടികൾ തുടർന്നു.അതോടെ മറ്റു ഫ്ലാറ്റിൽ താമസിക്കുന്നവരും കൂടി പരാതിപ്പെടാൻ തുടങ്ങി.ഒരു മാസത്തിനുള്ളിൽ അവർ ശബ്ദമലിനീകരണ പരിപാടി നിറുത്തി.
ശ്രീ. വി. സി. ജോർജ്ജിനോട് പറയാനുള്ളത്, ഈ ചെറിയ കാര്യങ്ങൾക്ക് പോലീസിനെയും ആഭ്യന്തരസെക്രട്ടറിയേയും ബുദ്ധിമുട്ടിക്കരുതെന്നാണ്.തിരുവനന്തപുരത്ത് യഥേഷ്ടം സുലഭമായ തെരുവ് നായ്ക്കളെ ചങ്ങലയിൽ കെട്ടി നിങ്ങളുടെ വീടിനു മുൻപിൽ കെട്ടിയിടുക.രാപ്പകൾ അവ കുരയോട് കുരയായിരിക്കും.കുരോ ..കുരോ ...കുരോ .... അതോടെ അയൽവക്കത്തെ വീടുകളിലെ പട്ടികളും കുര തുടങ്ങും കുരോ ..കുരോ ...കുരോ .... ഈ കലാപരിപാടി അരങ്ങേറുന്നതോടെ നായ ശല്യം തീരും.2 ദിവസം ജനലും വാതിലും അടച്ച് ടി. വി ഉച്ചത്തിൽ വെച്ച് വീട്ടിലിരുന്നാൽ മാത്രം മതിയാകും."ഉരുളയ്ക്കുപ്പേരി അല്ലെങ്കിൽ തെറിക്കുത്തരം മുറിപ്പന്തൽ "- ഇതേ ഇക്കൂട്ടരോട് നടക്കൂ. 2 ദിവസം 3 തെരുവ് നായ്ക്കളെ സംരക്ഷിച്ചതിനുള്ള പുരസ്ക്കാരം പട്ടി സ്നേഹികൾ ചിലപ്പോൾ താങ്കൾക്ക് നൽകിയേക്കും !!!

മേരി ജോസി മലയില്‍

10/21/15

ഞാനും ന്യൂ ജി ആയോ?

ഒരു മാസത്തെ പലരുടേയും  തയ്യാറെടുപ്പിന്റെ  ഭാഗമായിട്ടുള്ള  യാത്രയാണിത്. അതിൽ പതിവ് പോലെ പിന്തിരപ്പന്മാരും പുരോഗമനചിന്താഗതിയുള്ളവരും ഉണ്ടായിരുന്നു എല്ലാവരും "ഹോബി " എന്ന കുടക്കീഴിൽ കൂടിയപ്പോൾ, എനിക്ക് വീണു കിട്ടിയത്  300 കി.മി ദൂരത്തേക്ക് മോട്ടോർ ബൈക്കിന്‍റെ  പിന്നിൽ  ഇരുന്നൊരു സവാരി  അതും ഇപ്പോഴത്തെ സൂപ്പർ ബൈക്കുകൾ എന്നറിയപ്പെടുന്ന  "Triumph" ലാണ്  ഈ സാഹസിക യാത്ര. കഴിഞ്ഞ പതിനഞ്ചു വർഷമായിട്ട് യാതൊരുവിധ ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യാത്ത ഞാനാണ്, ഇങ്ങനെയൊരു സവാരിക്ക് മുതിരുന്നത്. മനസ്സിൽ പേടി ഇല്ലാതില്ല എന്നാലും .......

സൂപ്പർ ബൈക്ക് എന്ന പദവിയിൽപ്പെട്ടതുകൊണ്ടായിരിക്കാം വേഗതയുടെ കാര്യത്തിലും ആ പേരിന് സമാനതയിലാക്കാനുള്ള തന്ത്രപ്പാടിലാണ് ഓടിക്കുന്നവരും.അതുകൊണ്ട് മുൻകരുതൽ എടുക്കേണ്ടത് തലക്ക് മാത്രമല്ല പകരം ശരീരത്തിന്റെ ഒരോ എല്ലുകളേയും സംരക്ഷിക്കാനുള്ള കവചങ്ങൾ വേണ്ടിയിരിക്കുന്നു. കാൽമുട്ടുകൾ കൈമുട്ടുകൾ തോളെല്ലുകൾ  .... എല്ലായിടത്തും രക്ഷാകവചങ്ങളോട് കൂടെയുള്ള ജാക്കറ്റ് ഗ്ലൗസ്സ്, ഹെൽമെറ്റ്‌, ബൂട്ട്സ്സ് പോലത്തെ ഷൂസ്, എല്ലാം കൂടെ ധരിച്ച് കണ്ണാടിയിൽ നോക്കിയപ്പോൾ, എനിക്ക് എന്നെ തന്നെ മനസ്സിലാവാത്ത രൂപം.ഏന്തോ "Iron Man/ Woman യിലെ കഥാപാത്രം പോലെയുണ്ട്!

12 ബൈക്കുകളുടെ ഒരു സംഘം ആയിട്ടാണ് യാത്ര.ഞാനടയ്ക്കം 4 പെണ്ണുങ്ങളുണ്ട്. "ഏതൊരു പുരുഷജീവിതവിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടെന്നാണ് ചൊല്ല്- അതിനുള്ള മാതൃകൾ ഞങ്ങളാണ് എന്ന മട്ടിൽ പുറകിലത്തെ സീറ്റിൽ ഇരിക്കാൻ തയ്യാറായി നിന്നു. യാത്രയ്ക്കായി ഓരോത്തരുടേയും  രക്ഷാകവചങ്ങളിലും "ബ്രാൻഡ്" കളുടെ അതിപ്രസരം ആയിരുന്നു. ARAI or SHOEI യുടെ ഹെൽമെറ്റിന് ഏകദേശം 2 ലക്ഷം രൂപ വിലയുണ്ടെന്നാണ് പറയുന്നത് അങ്ങനെ തലമുതൽ ഷൂസ് വരെ പലതരം ഉല്പന്നനാമങ്ങളുടെ പ്രദര്‍ശനമാണ്. ഇങ്ങനേയും മറ്റുള്ളവരുടെ അഭിപ്രായം നേടാം എന്ന്‍ തോന്നി. എന്തായാലും യാത്രയ്ക്കാൻ വന്ന കുട്ടികൾ എന്റെ നേരെ കണ്ണുരുട്ടി, "അമ്മയുടെ ഒരു പിശുക്ക് എന്ന മട്ടിൽ ! അല്ലെങ്കിലും എതെങ്കിലും അപകടം പറ്റുമ്പോൾ ഈ "ബ്രാൻഡുകൾക്ക് പ്രാധാന്യമുണ്ടോ   ?  അതുകൊണ്ട് ഞാനതിന് വലിയ പ്രാധാന്യം കൊടുത്തില്ല കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞ സമയം പാലിക്കാത്തതു കൊണ്ട്, തീരുമാനിച്ച സമയത്ത്  യാത്ര തുടങ്ങാൻ സാധിച്ചില്ല. ടീം ആയി പ്രവർത്തിക്കുന്നതിന്റെ ദോഷവശം എന്നുപറയാം. 

ഏകദേശം ഒരു മണിക്കൂര്‍ വൈകിയാണ് എത്തിയത്. എല്ലാവര്‍ക്കും എന്തിനും ഏന്തിനും ന്യായീകരണങ്ങള്‍ ഉള്ളതുപോലെ അദ്ദേഹത്തിനും വരാന്‍ താമസിച്ചതിനുള്ള കാരണങ്ങള്‍ ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വരവോടെ എല്ലാവരും യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.മിക്കവരുടെയും ഹെല്‍മെറ്റ്‌-യില്‍ ഓടിക്കുന്നതിന്റെ ഇടയില്‍  ഫോണില്‍ക്കൂടിവര്‍ത്തമാനം പറയുന്നതിന്നായി  മൈക്കും സ്പീക്കറും ഘടിപ്പിച്ചിട്ടുണ്ട്.ബ്ലൂറ്റൂത്ത് വഴി ആശയസംക്രമണം നടത്തുക  എന്നാണറിഞ്ഞത്. ചിലർ പുറകിൽ ഇരിക്കുന്നവരോട് മാത്രം  വർത്തമാനമോ നിർദ്ദേശങ്ങളോ കൊടുക്കാനായിട്ട് ഉപയോഗിക്കുന്നു.വീട്ടിൽ തന്നെ സംസാരം കമ്മി ആയ ഞങ്ങൾക്ക് അതിന്റെ  ആവശ്യമുള്ളതായി തോന്നിയില്ല. ചിലർ,പോകുന്ന വഴി "ഷൂട്ട് ചെയ്യാനായി ചെറിയ ക്യാമറയും ഹെൽമെറ്റിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഓടിക്കുമ്പോൾ  കാറ്റിനെ   പ്രതിരോധിക്കാനായി ഒരു ഗ്ലാസ്സ് ഷീറ്റ് ഹാൻഡിൽ ബാർ- ന്റെ അവിടെ ഘടിപ്പിക്കുന്നുണ്ട്. ഈ നാളുകളിൽ  യാത്രകൾക്കായി ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണല്ലോ "GPS !.... അങ്ങനെ എല്ലാവിധ സജ്ജീകരണങ്ങളോടു കൂടി യുള്ള സവാരി ആണ്. ഇതൊക്കെ എനിക്ക് പുതിയ കാഴ്ചകൾ ആയതിനാൽ, പുതിയതായി ഒരു സ്കൂളിൽ ചേർന്ന കുട്ടിയെപ്പോലെ എല്ലാം കണ്ടും മനസ്സിലാക്കിയും ഞാൻ നിന്നു!

പ്രധാനമായിട്ടും പന്തയങ്ങളിൽ ഓടിക്കുന്ന "daytonas", കുണ്ടും കുഴികളിൽ കൂടി അല്ലെങ്കിൽ റോഡിൽ നിന്ന് മാറി ഓടിക്കാൻ പറ്റുന്ന  tigers  & cruisers .....വിഭാഗങ്ങളിൽ പ്പെട്ടവയാണ് ഉണ്ടായിരുന്നത്. വഴികാട്ടി, ഞങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും കൂട്ടത്തിൽ, ഒരിക്കലും അയാളെ "ഓവർടേക്ക്' ചെയ്യരുത് എന്ന നിബന്ധനയും ഉണ്ടായിരുന്നു. ഏറ്റവും പുറകിലും അതുപോലെ പൊതുവായി ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും പ്രത്യേകിച്ച പ്രധാന കവലയിലും  മറ്റും  ആരായിരിക്കണം എന്നൊക്കെ നിശ്ചയിച്ചതിനു ശേഷം യാത്ര തുടർന്നു.
പുറകിലത്തെ സീറ്റിലിരുന്നുള്ള യാത്ര, .എന്തോ വശങ്ങളിൽ കൂടിയുള്ള കാഴ്ചയേക്കാളും മുന്നിലൂടെ നീണ്ടു നിവർന്ന് കിടക്കുന്ന റോഡ്‌ കാണുന്നതാണിക്കിഷ്ടം  അതുകൊണ്ട് തന്നെ ഒരു കണ്ണിൽ കൂടെ മുൻവശത്തെ ദൃശ്യങ്ങള്‍  കാണുന്ന രീതിയിലാണ്എന്റെ ഇരുപ്പ് .വീട്ടിൽ ആരെങ്കിലും "കാളിംഗ് ബെൽ" അടിക്കുമ്പോൾ ആരാണ് വന്നിരിക്കുന്നതെന്നറിയാൻ  വാതിലിനടുത്തുള്ള ജനലിൽ കൂടിയുള്ള നോട്ടമാണ് എനിക്കോർമ്മ വന്നത്.

കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് പായുന്ന ഒരു കൂട്ടം മോട്ടോർ സൈക്കിളുകാരുടെ  യാത്ര കണ്ട് പലരും വീഡിയോ / ഫോട്ടോ എടുക്കുന്നു.രാവിലെ ആയതുകൊണ്ട് സ്കൂളിൽ പോകാൻ നില്ക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കന്മാരായിരുന്നു റോഡിലധികവും. പലരും കാണാത്തവരെ വിളിച്ച് കാണിച്ചു കൊടുക്കുന്നു എല്ലാവരുടെ മുഖത്തും അതിശയം ! അവരോടെല്ലാം "റ്റാറ്റ " കാണിച്ചു കൊണ്ട് ഞാൻ ഒരു "optimistic(ശുഭാപ്‌തിവിശ്വാസക്കാരായ) ആണെന്ന് സ്വയം ബോധ്യപ്പെടുത്തുക ആയിരുന്നു. ഇങ്ങനെയൊരു അവസരം വരുന്നുണ്ടെന്നറിഞ്ഞപ്പോൾ തന്നെ, ബൈക്ക് അപകടത്തില്‍ മരിച്ച ബന്ധുക്കളുടെയും സുഹൃത്തുക്കളെയും കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു "pessimist(അശുഭാപ്‌തി വിശ്വാസമുള്ള) എന്നായിരുന്നു  വീട്ടുകാരുടെ എല്ലാം അഭിപ്രായം. എങ്കിലും ചില വാഹനങ്ങളുടെ നീട്ടിയുള്ള ഹോണുകൾ കേൾക്കുമ്പോഴും അതുപോലെ തന്നെ ചില ഇരുചക്ര വാഹനക്കാർ ഞങ്ങളോടൊപ്പം പന്തയം നടത്തുമ്പോഴും എന്നിലെ "pessimist" തലപൊക്കാതെ ഇരുന്നില്ല.രണ്ടു കൈകൊണ്ടും ഓടിക്കുന്ന ആളെ പിടിച്ചാണ് ഇരിക്കുന്നത്, എന്റെ മനസ്സിന്റെ ആകുലതയുടെ അളവിനെക്കുറിച്ച് ആ വിരലുകളിൽ നിന്ന് മനസ്സിലാക്കാമെന്നാണ്, ഓടിക്കുന്ന ആളിന്റെ അഭിപ്രായം !

നഗരത്തിലെ പ്രധാനവീഥീകളില്‍ നിന്ന്‍ തിരക്ക് കുറഞ്ഞ വഴികളിലെത്തിയതോടെ പലരും എടുത്ത തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളുംകാറ്റില്‍ പറപ്പിച്ചു കൊണ്ടായിരുന്നു ഓടിച്ചിരുന്നത്.സിഗ്നല്ലിന്റെ അവിടെ സഹയാത്രികരെ  കണ്ടാലായി എന്നു മാത്രം.പലരും സ്കൂളില്‍ കൂട്ടമണി കേള്‍ക്കുമ്പോള്‍ ഇറങ്ങി ഓടുന്നത് പോലെയുണ്ട്.പലരും 150/160 ഓടിച്ചെത്തുന്ന സന്തോഷത്തിലായിരുന്നു.കൂട്ടത്തിൽ രണ്ടുപേർക്ക് വഴിത്തെറ്റി എന്നുള്ളതാണ്ആ പോക്കിന്റെ പരിണിതഫലം.

ഏകദേശം 3 മണിയോടെ ലക്ഷ്യസ്ഥലത്ത് എത്തി. വലിയൊരു വീരസാഹസിക പ്രവൃത്തി ചെയ്ത പ്രതീതി ആയിരുന്നു ഞങ്ങളിൽ ഒരോത്തരിലും.ആ സാഹസകൃത്യത്തേക്കാളും അവരിൽ ഓരോത്തരുടെയും അഭിരുചിയും അത് നടപ്പിലാക്കാനുള്ള അവരുടെ തീക്ഷണമായ താല്പര്യത്തേയുംഅഭിനന്ദിക്കാതെ വയ്യ. ആദ്യമായി ജോലിയിൽ പ്രവേശിച്ചതിനു ശേഷം കിട്ടിയ സമ്പാദ്യം കൊണ്ട്  മേടിച്ചവർ മുതൽ ജോലിയിൽ നിന്ന് വിരമിച്ചതിനുശേഷം വാഹനം സ്വന്തമാക്കിയവർ വരെ സംഘത്തിലുണ്ട്. അവരുടെയൊക്കെ ആ സ്വപ്നം സാക്ഷാല്‍കരിച്ചപ്പോള്‍, പ്രായമല്ല സ്വപ്നങ്ങളും അത് നടപ്പിലാക്കുമ്പോഴുള്ള സന്തോഷമാണ്   മനുഷ്യന് യൌവനം സമ്മാനിക്കുന്നത് എന്ന് പറയുന്നത് എത്ര ശരിയാണെന്ന് തോന്നിപ്പോയി. അങ്ങനെ ഞാനൊക്കെ "ന്യൂജി "(new generation) ആയോ എന്തോ ?


9/16/15

ഗൈഡ്

16-ആം  നൂറ്റാണ്ടിലെ  1569, മുഗൾ ചക്രവർത്തിയായ അക്ബർ ഉണ്ടാക്കിയതാണ്. അന്ന് അദ്ദേഹത്തിന് 26 വയസ്സേയുള്ളൂ , എന്തിനാണ് ഉണ്ടാക്കിയതെന്ന് വെച്ചാൽ ............ ചരിത്രകഥയിൽ തുടങ്ങി, നമ്മൾ അത് മുഴുകി വരുമ്പോഴേക്കും , മലയാള സീരിയൽ പോലെ സസ്പെൻസ്സിൽ നിറുത്തും  പിന്നീട് അവരുടെ റേറ്റിനെ കുറിച്ചായിരിക്കും പറയുക.  ഏതൊരു സ്മാരകക്കെട്ടിടം  സന്ദർശിക്കുമ്പോഴും       കാണുന്ന ചില രംഗങ്ങളാണിത്. പിന്നീടങ്ങോട്ട് കാണുന്ന   ഏതൊരു തദ്ദേശനിവാസി ചെറുപ്പക്കാർക്കെല്ലാം പറയാനുള്ളത് ഇങ്ങനത്തെ ചില കാര്യങ്ങളായിരിക്കും. കഥയും റേറ്റും  തമ്മിലുള്ള ബന്ധം മനസ്സിലാക്കി വരുമ്പോഴാണ്, അയാൾ ഒരു ഗൈഡ് ആണെന്ന് നമ്മുക്ക് മനസ്സിലാവുക.

 ചിലർ സ്മാരകത്തിനെക്കുറിച്ചുള്ള  പാണ്ഡിത്യം പറഞ്ഞായിരിക്കും അവർ നമ്മളെ ആകർഷിക്കുക. അല്ലെങ്കിൽ സർക്കാരിന്റെ അംഗീകാരത്തോടു കൂടിയുള്ളവരാണ് എന്ന്  പറഞ്ഞ് ഫോട്ടോയുള്ള കാർഡ്  കാണിക്കും. അതുകൊണ്ടുള്ള ഗുണങ്ങളെപ്പറ്റിയും വിവരിക്കുന്നുണ്ടാവും  നമ്മളിൽ  നിന്ന് അനുകൂലമായ ഒരു മറുപടി കിട്ടാതെ ആകുമ്പോൾ സ്വന്തം ജീവിതപ്രാരാബന്ധങ്ങളെ കുറിച്ചായിരിക്കും പറയുക  അപ്പോഴേക്കും പ്രതിഫലത്തിന്റെ കാര്യത്തിലും ഗണ്യമായ വ്യത്യാസം ഉണ്ടാകും.നമ്മൾ പ്രവേശകവാടത്തിന്റെ അടുത്ത്  എത്തുമ്പോഴേക്കും  ഏകദേശം  പത്ത് -പതിനഞ്ച് ആളുകളായിരിക്കും, "ഗൈഡ്" എന്ന പേരിൽ നമ്മൾക്ക് ചുറ്റും എത്തുക.

എന്തു ചെയ്യണമെന്നറിയാതെ നമ്മളും പ്രതീക്ഷയോടെ നമ്മളെ നോക്കിനിൽക്കുന്ന ഒരു പറ്റം ചെറുപ്പക്കാരും. നമ്മളോട് വർത്തമാനം പറയുമ്പോഴും അവരുടെ കണ്ണുകൾ പുതിയ ഇടപാടുകാരെ തപ്പുന്നത് കാണാം.അവരുടെ മുഖത്ത് നോക്കി "No" പറയാനൊരു വിഷമം. ഒരു മുടന്തന്‍ ന്യായം എന്ന മട്ടിൽ പറയാനുള്ളത് " ഞങ്ങൾക്ക്  ഹിന്ദി അറിഞ്ഞുകൂടാ  ഇംഗ്ലീഷിൽ വിവരിച്ചു തരണം. ചിലർ " ഗുഡ്മോണിംഗ് / വെൽക്കം ....എന്നീ വാക്കുകളിൽ തുടങ്ങുമെങ്കിലും പിന്നിട് കൂടുതല്‍ പറയാന്‍ കഴിയാതെ തിരിച്ച് ഹിന്ദിയിൽ തന്നെ എത്തും. അവരുടെ ഭാഷയില്‍ ഞങ്ങള്‍ - മദിരാശികൾ ആയതിനാൽ, പറയുന്നതിൽ കാര്യമുണ്ടെന്ന്  എല്ലാ ഗൈഡുമാർക്കും തോന്നികാണും. അങ്ങനെയാണ്  അവരുടെ ഒരു കൂട്ടുകാരനെ കൂട്ടി കൊണ്ട് വന്നത്.

കൂട്ടുകാരൻ ഞങ്ങളെയൊക്കെ ആശ്ചര്യഭരിതനാക്കികൊണ്ട്-   ഇംഗ്ലീഷ്, ഏത് രാജ്യത്തിന്റെ, അമേരിക്ക,ആസ്ട്രേലിയ, ലണ്ടൻ .........ഉച്ചാരണത്തിലാണ് വിവരിക്കേണ്ടത് എന്ന ചോദ്യത്തിലാണ്. വെറും നാട്യം എന്നാണ് മനസ്സിൽ കരുതിയതെങ്കിലും ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഉച്ചാരണ രീതിയിലുള്ള വ്യത്യാസം കാണിച്ചു തന്നു.ഇംഗ്ലീഷിൽ വിവരിച്ചാൽ മതിയോ അതോ മറ്റ് ഏതെങ്കിലും വിദേശഭാഷയിൽ വിവരിക്കണോ എന്നതായിരുന്നു അടുത്ത ചോദ്യം !
ഞങ്ങളുടെ സംഘത്തിലെ ഒരു കുട്ടി ഫ്രഞ്ച്, മൂന്നാം ഭാഷയായിട്ട്  സ്കൂളിൽ പഠിക്കുന്നത്.അതുകൊണ്ട് ഫ്രഞ്ചിലും വിവരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു.അതോടെ ഇംഗ്ലീഷിൽ ഞങ്ങളോടും ഫ്രഞ്ചിൽ അവനോടുമായിട്ടായിരുന്നു വിവരണം.രണ്ടു ഭാഷയും വളരെ അനായാസമായി കൈകാര്യം ചെയ്യുന്നത് കാണാൻ കൌതുകം തോന്നി.അവനോട് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഭാരതത്തിൽ നിൽക്കുമ്പോൾ എങ്ങനെ ആ ഭാഷയിൽ മറുപടി പറയും എന്ന  ചിന്താകുഴപ്പത്തിലാണ് അവൻ ! അവന് അതേ രീതിയിൽ മറുപടി പറയാൻ അറിഞ്ഞുകൂടാ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ...

ഗൈഡ്, പിന്നീടങ്ങോട്ടുള്ള സമയവും ഫ്രഞ്ചിൽ മാത്രമല്ല മറ്റു ഭാഷകളിലുള്ള നൈപുണ്യം കാണിച്ചു തരുകയായിരുന്നു. അവിടെ വന്നിട്ടുള്ള 2 ജർമ്മൻ വിദേശികളോട് ആ ഭാഷയിൽ സംസാരിച്ച് ഞങ്ങളെ  അതിശയിപ്പിച്ചു.വേറെയും 5-6 ഭാഷകൾ അറിയാമെന്നാണ് പറഞ്ഞത്.

സ്വാഭാവികമായും അവന്റെ കഴിവിൽ മതിപ്പ് തോന്നിയ ഞങ്ങൾ, ഇത്രയും ഭാഷകളിൽ  എങ്ങനെ പ്രവീണനായി എന്ന ചോദ്യത്തിന്, ഇവിടെ വരുന്ന വിനോദസഞ്ചാരികളുടെ അടുത്ത് നിന്ന് പഠിച്ചതാണ് കൂട്ടത്തിൽ ഒരു സ്വാകാര്യം പോലെ പറഞ്ഞു " എന്റെ വിദ്യാഭ്യാസം എന്ന് പറഞ്ഞാൽ "Thumbs Up"  കാണിച്ചു തന്നു.ആകെ കണ്ണും തള്ളി വായും തുറന്ന നിൽക്കുന്ന ഞങ്ങളോട് അവൻ തന്നെ വിവരിച്ചു തന്നു, എഴുതാനും വായിക്കാനൊന്നും അറിഞ്ഞുകൂടാ, ഒപ്പിനു പകരം തള്ളവിരൽ അടയാളമാണ് ഉപയോഗിക്കാറുള്ളത്!

എല്ലാം കേട്ട് ആശ്ചര്യഭരിതായി നില്ക്കുന്ന ഞങ്ങളോട് യാത്ര പറഞ്ഞ് അദ്ദേഹം അടുത്ത കസ്റ്റമറെ തപ്പി പോയി. ഒരു പക്ഷേ ആ സ്മാരകത്തേക്കാളും ഞങ്ങളെ കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിന്റെ ബഹുഭാഷാപാണ്‌ഡിത്യം ആണ്.

ഉത്തർപ്രദേശിലെ " ഫത്തേർപൂർസിക്രി  ഫോർട്ട് " സന്ദർശിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം ആണിത്. സാധാരണക്കാരായ മനുഷ്യരിൽ നിന്ന് നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലുള്ള ആ കഴിവുകള്‍ പല അവസരങ്ങളിലെന്ന പോലെ ഒരു പ്രാവശ്യവും കൂടി തൊട്ടറിഞ്ഞ അവസരം !8/21/15

ഓണസദ്യയും മാലാഖന്മാരും

ഓണം എന്ന് കേട്ടാൽ ആദ്യം ഓർമ്മയിലേക്ക് ഓടിയെത്തുക, വാഴയിലയിൽ വിളമ്പുന്ന  ഓണസദ്യയാണ്.കൂട്ടുകാരികളുടെ കൂടെയിരുന്ന് കഴിക്കുന്ന ആ സദ്യക്ക് പ്രത്യേക രുചി തന്നെ ആയിരുന്നു.ചില വീടുകളിൽ  താഴെ ചമ്രം പടിഞ്ഞിരുന്നു കഴിക്കണമെന്ന് നിർബന്ധമുണ്ട്. എൻറെ  ആ ഇരിപ്പും കഴിക്കുന്നതിലെ കഷ്ടപ്പാടും കാണുമ്പോൾ, പായസം ഗ്ലാസ്സിൽ കൊടുക്കുവാനുള്ള നിർദ്ദേശം ഉണ്ടാവാറുണ്ട്.ഒരുപക്ഷെ  മലയാളികൾ 4 ദിവസമായിരിക്കും ഓണസദ്യ ഉണ്ണുന്നത് എന്നാൽ ഞാനാണെങ്കിൽ അവധിക്കാലമായ പത്ത് ദിവസവും പിന്നെയുള്ള ശനി ഞായറും സദ്യയുണ്ണൽ പരിപാടിയിലായിരിക്കും.ഞാനൊരു ക്രിസ്ത്യാനിയും കൂട്ടുകാരെല്ലാം ഹിന്ദുക്കൾ ആയിരുന്നു എന്നത് കൊണ്ടു ഉണ്ടായ ഭാഗ്യമാണിത്.
എന്നാൽ  കല്യാണം കഴിഞ്ഞ് കേരളത്തിനോട് ഭാഗികമായി യാത്ര പറഞ്ഞ്, ജോലി സ്ഥലത്തോട്ട് ചേക്കേറിയപ്പോൾ, ഏറ്റവും കൂടുതൽ ദു:ഖിച്ചിട്ടുള്ളതും ഓണനാളുകളിലായിരുന്നു. ഏതോ ഫ്ലാറ്റിന്റെ മൂലയിലെ അടുക്കളയിൽ ഇരുന്ന്  പാചകപുസ്തകം നോക്കി ഓണസദ്യ ഒരുക്കിയപ്പോഴൊന്നും ആ അമ്മമാരുടെ കൈപ്പുണ്യമോ സ്നേഹമോ ഒന്നും എന്റെ വിഭവങ്ങളിൽ  കണ്ടില്ല. ഏതൊരു പ്രവാസി മലയാളികളെപ്പോലെ  ഗൃഹാതുരത്വമായ ഓർമ്മകളാൽ അറിയാതെ കണ്ണ് നനഞ്ഞു പോയിരുന്ന ദിവസങ്ങളായിരുന്നു.

നല്ലൊരു ദിവസമായിട്ട് കരയാനിരിക്കേണ്ട  എന്ന വീട്ടുകാരുടെ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണ്, തിരുവോണനാളിലെ സദ്യ ഏതെങ്കിലും ഓണസദ്യയൊരുക്കുന്ന  ഭക്ഷണശാലയിലേക്ക് മാറ്റിയത്.മലയാളികൾ ചെല്ലാത്ത നാട് ഇല്ലാത്തതു കൊണ്ടാവും ലോകത്ത് പല ഭക്ഷണശാലകളിലും "ഓണസദ്യയേയും വാണിജ്യവിഷയമാക്കാറുണ്ട്. എല്ലാ കറികളിലും കുറച്ച് തേങ്ങ ഇട്ടതു കൊണ്ട് മാത്രം കേരള രുചിയിലുള്ള സദ്യ ആകില്ല എന്ന്  മനസ്സിലാക്കി കൊടുക്കേണ്ട അവസരമായിരുന്നു അത്. എന്തോ, ആ സദ്യകളൊന്നും എന്റെ പ്രതീക്ഷകൾക്കൊപ്പം ആയിരുന്നില്ല. അവിടത്തെ മാനേജർ മുതൽ പാചകക്കാരെ വിളിച്ച് എന്റെ അതൃപ്തി അറിയിക്കേണ്ടതായി വന്നിട്ടുണ്ട്.  അവിടെ വന്നിട്ടുള്ള മറ്റുള്ളവരുടെയും വീട്ടുകാരുടേയും കണ്ണുരുട്ടൽ …….. ഫലം ...നിരാശ തന്നെ.

ഒരു സദ്യ ഉണ്ടാക്കുന്നതിനേക്കാൾ കീറാംമുട്ടിയായിട്ടാണ് കേരളതനിമയുള്ള ഓണസദ്യ ഒരുക്കുന്ന ഒരു സ്ഥലം കണ്ടുപിടിക്കുക..താൻ പാതി ഗൂഗിൾ പാതി എന്ന മട്ടിൽ കണ്ടുപിടിച്ച  ഈ സ്ഥലം ഇവിടത്തെ പേര്  കേട്ട  ആശുപത്രിയുടെ  പുറകിലായിട്ടായിരുന്നു.സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി കടയുടെ ബോർഡ് തന്നെ വലിയ അക്ഷരത്തിൽ മലയാളത്തിൽ എഴുതിയതായിരുന്നു. ചുറ്റും കണ്ണോടിച്ചപ്പോൾ ആ കടയുടെ മാത്രമല്ല അവിടെയുള്ള മിക്ക  കടകളുടെയും പേരുകൾ മലയാളത്തിൽ തന്നെയായിരുന്നു.എന്നെ ശരിക്കും ആശ്ചര്യഭരിതമാക്കിയ പ്രദേശം. ആശുപത്രിയിലെ  നഴ്സുമാരിൽ വലിയൊരു ശതമാനമായ മലയാളികൾ താമസിക്കുന്നതാണവിടെ.എവിടെ നോക്കിയാലും മലയാളം പറയുന്ന ചേച്ചിന്മാരും & ചേട്ടന്മാരും.ശരിക്കും കേരളത്തിൽ ചെന്ന പ്രതീതി.അവിടെയുള്ള ഹിന്ദി ചേട്ടന്മാരും മലയാളം പറയുന്നുണ്ടോ എന്ന് സംശയം !

കേരളത്തിലെ ചായക്കട പോലെയുളള  സ്ഥലം. ആകെ 5-6 മേശകളും അതിന് ചുറ്റുമുള്ള കസേരകൾ, ഞങ്ങൾ ചെന്നപ്പോൾ ഏതാനും നഴ്സുന്മാരും അവരുടെ കൂട്ടുകാരും കൂടെ ഓണസദ്യ കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്.കൂട്ടുകാർ സ്പൂണ്‍ വെച്ച് വാഴയിലയിൽ നിന്ന് പയറ്റാം എന്ന മട്ടിലാണ്..കറികളിൽ ഉണ്ടാവുന്ന എരിവിന്റെ കാര്യത്തിൽ വളരെ ഉൽകണ്ഠരായിരിപ്പുണ്ട്.അതിന്റെ മുന്നോടിയായി ഓരോത്തരും  ഒരു കുപ്പി  വെള്ളം  ആയിട്ടാണ് ഇരിക്കുന്നത്. നഴ്സുമാർ, ഹിന്ദിയിലും ഇംഗ്ലീഷിലുമായി  മാവേലി കഥയും  അത്തം ഇടുന്ന വിശേഷങ്ങളും കൂട്ടുകാരുമായി പങ്ക് വെക്കുന്നുണ്ട്. ഞങ്ങളുടെ വരവോട് കൂടി അവിടത്തെ മലയാളികളുടെ എണ്ണം കൂടി അതുകൊണ്ടായിരിക്കാം ഞങ്ങളുടെ കൂടെ നിർബന്ധത്തിന്റെ  ഭാഗമായി അവർ കൈകൊണ്ട് കഴിക്കാൻ തയ്യാറായി.എല്ലാവരും പരസ്പരം  പരിചയപ്പെട്ടും പഴയ ഓർമ്മകളെ തട്ടിയുണർത്തിയും ഗൃഹോചിതമായ ഒരന്തരീക്ഷം ഉണ്ടാക്കി എടുത്തു. ഓണത്തിനോടുള്ള ആവേശവും സന്തോഷവും തൊട്ടറിഞ്ഞ നിമിഷങ്ങൾ!. നഴ്സുമാർ, അവരുടെ ജോലിയോടൊപ്പം തന്നെ നമ്മുടെ സംസ്കാരത്തെയും ആഘോഷങ്ങളേയും കൂടെ കൊണ്ട് വന്നിരിക്കുന്നു!


അടുത്തുള്ള കടകളുടെ പേരും വിവരങ്ങളും മലയാളത്തിൽ തന്നെ. പലച്ചരക്കു കടയിൽ ആണെങ്കിൽ കപ്പ, നേന്ത്രപ്പഴം,വെളിച്ചെണ്ണ, മലയാളം മാഗസിനുകൾ .....കേരളത്തിന്റേതായ   എല്ലാ സാധനങ്ങളും ഉണ്ട്. കടയിൽ ഏത് ഭാഷയുടെ ഉപഭോക്താവ് വന്നാലും  മലയാളത്തിലാണ് മറുപടി.മലയാളം പ്രാദേശികഭാഷയാക്കാനുള്ള തയ്യാറെടുപ്പിലാണോ എന്നറിയില്ല.എന്തായാലും വന്നവർക്ക്  എല്ലാം മനസ്സിലാവുന്നുണ്ട് ...അതിനാണല്ലോ പ്രാധാന്യംഅതിനുപുറമേ നമ്മുടെയെല്ലാം പ്രത്യേക താൽപര്യമായ സ്വർണ്ണക്കടയേയും കണ്ടു . തവണകളായി പൈസ കൊടുത്ത് ആഭരണങ്ങൾ വാങ്ങിക്കാം എന്ന പ്രത്യേകതയോടെ. വൃത്തിയുടെ കാര്യത്തിൽ പുറകിലാണെങ്കിലും ആ കൊച്ചു കേരളത്തിൽ ചെന്നപ്പോൾ എനിക്ക് അതൊന്നും വലിയ പ്രശ്നമായി തോന്നിയില്ല.


ആശുപത്രിയുടെ പ്രധാനകവാടത്തിൻ മുന്നിൽ കൂടെ പോകുമ്പോൾ കൂട്ടം കൂട്ടമായി മലയാളികൾ പോകുന്നത് കണ്ടിട്ടുണ്ട്. ലോകത്തുള്ള ഏത് ആശുപത്രിയിൽ പോയാലും പ്രവചനാതീതമായ സഹായങ്ങളുമായി നമ്മുടെ കൂടെ ഉണ്ടാവുന്നത്  മലയാളി നഴ്സുമാരായിരിക്കും. എന്നാലും കഴിഞ്ഞ 5-6 വർഷമായിട്ട് പ്രവർത്തനാരംഭിച്ച  ഈ ആശുപത്രിയുടെ പുറകിൽ ഇങ്ങനെയൊരു "കോളനി ഉള്ള കാര്യം എനിക്ക് ഒരു  പുതിയ ഒരറിവ്‌  ആണെങ്കിലും ഇവിടത്തെ പല മലയാളികളും അവിടത്തെ കടകളിലെ നിത്യസന്ദർശകരാണ്. പിന്നിട് പലപ്പോഴും പല കേരളസാധനങ്ങൾക്കായി ആ കടകൾ സന്ദർശിക്കേണ്ടി വന്നിട്ടുണ്ട് ഒരു പ്രദേശത്തുള്ള  മലയാളികൾക്കായി ഔചിത്യപ്രവര്‍ത്തനങ്ങളും ഒരു പക്ഷെ അവരറിയാതെ  തന്നെ ചെയ്യുന്നു. …പ്രശംസാര്‍ഹമായ കാര്യം തന്നെ ! നമ്മുടെ മാലാഖകുട്ടികൾ ചെയ്തു തന്ന ഈ ഉപകാരത്തിന് നന്ദി പറഞ്ഞു കൊണ്ട് എല്ലാ മലയാളികൾക്കും എന്റെ ഓണാശംസകൾ !!!!


  


7/10/15

The Fort Unchagaon

പനി  മാറിയതിന്റെ ക്ഷീണം കാരണമായിരിക്കാം, യാത്ര ചെയ്യാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നു ഞാൻ. അതു കൊണ്ട് തന്നെ യാത്രക്ക് തയ്യാറെടുക്കുമ്പോഴും അതിന്റേതായ ഉത്സാഹമോ കൗതുകമോ തോന്നിയില്ല.വീട്ടിൽ നിന്നും ഏകദേശം 130 കി.മീ ദൂരമുള്ള "Heritage Resort “ ആയ  “The Fort Unchagaon” ആണ്  ചെന്നു ചേരേണ്ട ഇടം. ഉത്തർപ്രദേശ്, നഗരത്തിലൂടെയുള്ള യാത്ര വണ്ടിയോടിക്കുന്ന ആൾക്ക് മാത്രമല്ല അതിനകത്ത് ഇരിക്കുന്നവരേയും ഒരേ പോലെ മുൾമുനയിലാക്കി.ട്രാഫിക്ക് നിയമങ്ങൾക്കും സിഗ്നലുകൾക്കും വലിയ  പ്രാധാന്യമൊന്നും തദ്ദേശനിവാസികൾ കൊടുക്കാത്തതായിരുന്നു പ്രധാനകാരണം.അല്ലെങ്കിലും ഉത്തർപ്രദേശിലുള്ളവരെ "ഉൽട്ടാപ്രദേശ് എന്ന് പറഞ്ഞ് കളിയാക്കുന്നതാണ് ഓർമ്മ വന്നത്.


19- ആം നൂറ്റാണ്ടിലെ ഈ കോട്ട അന്നത്തെ രാജകുടുംബത്തിൽപ്പെട്ട " സുരേന്ദ്ര പാൽസിംഗ് (Surendra pal Singh) ന് അനന്തരവകാശമായി ലഭിച്ചതാണ്.വാരാന്ത്യം അല്ലാത്തതുകൊണ്ടാവും അതിഥികളായി ആരും തന്നെ ഉണ്ടായിരുന്നില്ല. അമ്പരപ്പിക്കുന്ന നിശ്ശബ്ദതയാണവിടെ. ഞങ്ങളെ സ്വീകരിക്കാനും "വെൽക്കം ഡ്രിംങ്ക് " തരാനുമായിട്ട് അവിടെ ഉണ്ടായിരുന്ന രണ്ടു പേർ ഓടിനടക്കുന്നുണ്ട്.ഒരുപക്ഷെ  അവരുടെ "വെബ് സൈറ്റ്-യിൽ പറഞ്ഞിരിക്കുന്ന വിശേഷഗുണങ്ങളോട് നീതിപുലർത്താനുള്ള വെപ്രാളത്തിലായിരിക്കാം .ഇന്ത്യയുടെയും ബ്രിട്ടീഷുകാരുടേയും വാസ്തുശൈലി കൂട്ടികലർത്തിയ രീതിയിലാണ് സൗധം.ഏകദേശം 20-23 മുറികളേയുള്ളൂ.മുറികളിലാണെങ്കിൽ ആധുനികസൗകര്യങ്ങളുടെ ഭാഗമായ A.C,  T.V, കുളിക്കാനായിട്ട് ചൂടുവെള്ളം ........ അങ്ങനെ എല്ലാവിധ സൗകര്യങ്ങളോട് കൂടിയതാണ് ഈ "ഹെറിട്ടേജ് ഫോർട്ട്"

ഞങ്ങൾക്ക് അവിടെയെല്ലാം കാണിച്ചു തരാനായിട്ട് "ഛോട്ടു എന്ന ചെല്ലപ്പേരിലുള്ള ഒരാൾ അവിടെ ഉണ്ടായിരുന്നു.ആ സുഖവാസകേന്ദ്രത്തിന്റെ പുറകിലായി ഏതാനും ഏക്കറുകൾ മാവിൻ തോട്ടമായിരുന്നു.പ്രധാന വിളവെടുപ്പ് കഴിഞ്ഞിരുന്നു.എന്നാലും ബാക്കിയുള്ള ഏതാനും മാങ്ങകൾക്ക് വേണ്ടിയായിരിക്കാം എല്ലാതരം പ്രായത്തിലുള്ള  കുരങ്ങന്മാരായിരുന്നു അവിടെ.അതൊക്കെ കണ്ടപ്പോൾ സ്കൂൾ അവധിക്കാലത്ത്‌ തറവാട്ടിലുള്ള പറമ്പ് കളിലൊക്കെ  ഓടിക്കളിച്ചതാണ് ഓർമ്മ വന്നത്. കുരങ്ങന്മാർക്ക് പകരം ഞങ്ങൾ കുട്ടികളായിരുന്നു എന്ന് മാത്രം !

ഏതോ കാലത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഇവിടെ മാത്രം വെള്ളം കേറിയില്ല, അങ്ങനെയാണ്, ഊച്ച -ഗാവ് എന്ന പേര് വന്നത്.
ശ്രീ.സുരേന്ദ്ര പാൽസിംഗ് (Surendra pal Singh), ശ്രീ. നെഹ്രു വിന്റേയും ശ്രീമതി. ഗാന്ധിയുടെയും അടുത്ത സുഹൃത്തായിരുന്നു.ശ്രീമതി. ഗാന്ധിയുടെ കാലത്ത് " Tourism Minister" ആയിരുന്നുവത്ര. പിന്നീട് രാഷ്ട്രീയം ഇഷ്ടമല്ലാത്ത കാരണം അതൊക്കെ ഉപേക്ഷിച്ചു.അദ്ദേഹത്തിന്റെ മകൻ, എല്ലാവിധ മലിനീകരണത്തിൽ നിന്നുള്ള രക്ഷ എന്ന രീതിയിൽ അവിടെ തന്നെ താമസിക്കുന്നുണ്ട്.വഴിമദ്ധ്യേ 2 കുതിരകൾ കൂടിയ കുതിരാലയങ്ങളും കണ്ടു.കാഴ്ചകളും ഛോട്ടുവിന്റെ വിശേഷ ങ്ങളുമായിട്ട്, ഏക്കറുകൾ താണ്ടിയത് അറിഞ്ഞില്ല.

എന്നെ ആശ്ചര്യഭരിതയാക്കിയത് അവിടെയുള്ള മ്യൂസിയം കണ്ടപ്പോൾ ആണ്, മുറിയുടെ ഭിത്തിയിലെ 2 വശത്തും പുലിയുടെ തലകൾ സ്റ്റഫ് (stuffing) ചെയ്തുവെച്ചിരിക്കുന്നു.കൂട്ടത്തിൽ വർഷവും പുലിയുടെ നീളവും തൂക്കവും എഴുതിവെച്ചിട്ടുണ്ട്.ഭക്ഷണം കഴിക്കുന്ന മുറിയിലാണെങ്കിൽ
മാൻ -ൻറെ കൊമ്പുകളും. ശ്രീ.സുരേന്ദ്ര പാൽസിംഗ് -ൻറെയും അദ്ദേഹത്തിന്റെ പുത്രന്റെയും നായാട്ടിന്റെ ബാക്കിപത്രങ്ങൾ!


 അവർ ഉപയോഗിച്ചിരുന്ന പഴയകാല റേഡിയോ, ടൈപ്പ് റൈറ്റർ, ski(ഹിമപാദുകം )......., വായിച്ചിരുന്ന പുസ്തകങ്ങൾ ......എല്ലാം  ഭംഗിയായി അടുക്കി വെച്ചിട്ടുണ്ട് ആ  പ്രദർശനാലയത്തില്‍. .അതെല്ലാം കണ്ടപ്പോൾ, ആ കാലത്തും അവർക്കെല്ലാം നമ്മളിൽ നിന്ന് വ്യത്യസ്തമായ ജീവിതരീതിയാണല്ലോ എന്നായിരുന്നു!

ആനയുടെ പുറത്ത് ഇരിക്കുന്നതിന്റെ മേലെ ഗ്ലാസ്സ് ഇട്ടതാണ്, ഈ ചെറിയ മേശ.
ഗംഗാനദിയുടെ 

അടുത്തായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.അവിടെ ഡോൾഫിനുകളെ കാണാൻ സാധിക്കും എന്നുള്ളത് മറ്റൊരു ആകർഷണമാണ്.പിറ്റെദിവസം രാവിലെ തന്നെ ഞങ്ങൾ ഡോൾഫിനുകളെ കാണാനായിട്ട് ഇറങ്ങി.പോകുന്നവഴിക്ക് സുരേന്ദ്ര പാൽസിംഗ് (Surendra pal Singh) -ൻറെ മകൻ, റൂബിൻ എന്നാണ് പറഞ്ഞത്, ഏകദേശം 70 വയസ്സ് കാണുമായിരിക്കും, അദ്ദേഹം അവിടെയുള്ള ജോലിക്കാരോട്  സൗഹൃദസംഭാഷണം നടത്തി കൊണ്ടിരിക്കുന്നു.അദ്ദേഹത്തിനോട് "ഹലോ പറയാനും പരിചയപ്പെടാനും സാധിച്ചു.ഡോൾഫിനുകളെ കാണാൻ വരുന്നോ എന്ന ചോദ്യത്തിന്,

" അതിന്റെ  തല സ്റ്റഫ് ചെയ്തു വെക്കാൻ പറ്റില്ലല്ലോ .......ഹി ഹി
ഗംഗാ നദി കാണാനുള്ള ഞങ്ങളുടെ ക്ഷണത്തിന്...... " ഞാനും അങ്ങോട്ട് പോയികൊണ്ടിരിക്കുകയാണ് ചിലപ്പോൾ അടുത്ത 3-4 വർഷത്തിനകം അവിടെ എത്തുമായിരിക്കും.....എന്തായാലും നല്ലൊരു രസികനായിട്ട് തോന്നി നമ്മുടെ "ഹിസ്‌ ഹൈനസ് !

പോത്ത് വലിക്കുന്ന വണ്ടിയിലാണ് ഞങ്ങളുടെ യാത്ര.വണ്ടിയിൽ കിടക്കയും അതിനുമുകളിൽ നല്ല വിരിപ്പ് വിരിച്ച് ഇരിപ്പിടം കൂടുതൽ സുഖകരമാക്കിയിട്ടുണ്ട്.മുകളിൽ തകരം കൊണ്ട് മൂടിവെച്ചിട്ടുണ്ട്പോരാത്തതിന് നല്ല 'ഓപ്പണ്‍ എയർ കണ്ടിഷണറും.ഞാനടക്കം പലരും ആദ്യമായിട്ടാണ് അങ്ങനെയൊരു വണ്ടിയിൽ കേറുന്നത് അതുകൊണ്ട് തന്നെ 7 Series BMW കേറിയ പ്രതീതിയായിരുന്നു.വഴിയിൽ പലരും ഞങ്ങളെ  കാണാനായിട്ട് നോക്കി നിന്നു.പല കർഷകരും അവരുടെ കാള/ പോത്ത് വണ്ടിയിൽ  കുട്ടികളും പെണ്ണുങ്ങളുമായി കൃഷിസ്ഥലത്തേക്ക് പോവുന്നുണ്ടായിരുന്നു.പ്രത്യേകിച്ച് "ഹോണ്‍ -ന്റെ ബഹളമൊന്നുമില്ലാതെ തന്നെ അവരെല്ലാം ഞങ്ങൾക്ക് വേണ്ടി മാറി  നിന്നു.ആകെ കൂടെ vip ആയോ എന്ന് സംശയം! 

ഗംഗാനദിയുടെ അനുഗ്രഹം ആ ഗ്രാമം മുഴുവൻ ഉണ്ടെന്ന് പറയാം, എവിടെയും സസ്യശ്യാമളതയാണ്.ചോളത്തിന്റേയും കരിമ്പിന്റെയും പാടങ്ങളാണ് പോകുന്ന വഴിക്ക് രണ്ടുവശത്തും.പല വീടുകളുടെ മുൻപിലും ധാരാളം പശുക്കളേയും എരുമകളേയും കണ്ടു വീടുകൾ മിക്കതും ഓലക്കൊണ്ടുള്ളതാണ്.co-operative society യിൽ നിന്ന് രാവിലെയും വൈകുന്നേരവും "പാൽ" ശേഖരിക്കുവാൻ വരുമെന്നാണ് ഛോട്ടു പറഞ്ഞത്. ഒരു പക്ഷേ ഞങ്ങൾ മേടിക്കുന്ന കവർ പാലിന്റെ ഉറവിടം അവിടെ നിന്നായിരിക്കുമോ?ഗംഗാനദി, ഹിമാലയിലോ അതിനടുത്ത പ്രദേശങ്ങളിൽ എവിടെയോ ഉണ്ടായ കനത്ത മഴയുടെ ഭാഗമായി നദിയിലെ വെള്ളവും ഒഴുക്കും കൂടിയിരിക്കുകയാണ്.ആദ്യമഴയായതുകൊണ്ടായിരിക്കാം ചെളിവെള്ളമാണ് ഒഴുകുന്നത്.ഡോൾഫിനുകളെയൊന്നും കണ്ടില്ല പകരം 2 മുതലക്കുഞ്ഞുങ്ങളെ കണ്ടുവെന്ന് നാട്ടുകാർ. ഗംഗാനദിയിൽ കുളിച്ച് പാപരഹിതമായില്ലെങ്കിലും ഏറ്റവും കുറഞ്ഞത് കൈ എങ്കിലും നനയ്ക്കണമെന്നുണ്ടായിരുന്നു. മുതലക്കുട്ടികളുടെ കാര്യം കേട്ടതോടെ ഞാൻ ആ സാഹസത്തിൽ നിന്ന് പിന്മാറി.കണ്ണ് എത്താദൂരത്തോളം പരന്ന് കിടയ്ക്കുന്ന ആ നദിയെ നോക്കിനിൽക്കുക എന്നത് കണ്ണിനും മനസ്സിനും ഒരാനന്ദം തന്നെയാണ്.ശരിക്കും മനോഹരം!

നദിയുടെ അടുത്തായി ഒരു അമ്പലം ഉണ്ട്.അമ്പലത്തേക്കാളും  എന്നെ ആകർഷിച്ചത്  ഈ മരം ആണ്.
അന്നവിടെ ചന്തദിവസം ആയിരുന്നു. ഏകദേശം 8 ഗ്രാമങ്ങളിൽ നിന്നും ആൾക്കാർ സാധനങ്ങൾ ക്രയവിക്രയം ചെയ്യാനായിട്ട് എത്തും.റോഡിനുരുവശവും കാർഷികഉത്പന്നങ്ങൾ, തുണിത്തരങ്ങൾ,..........കൂട്ടത്തിൽ ഐസ്ക്രീം വണ്ടികൾ, ബലൂണ്‍കാർ , ഉച്ചത്തിലുള്ള പാട്ടുകൾ ......ഒരു വ്യാപാരമേള തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.വൈകുന്നേരത്തോടെയാണ് കൂടുതൽ സജീവമാവുക. ആ യാത്രയിലും മാന്തോപ്പുകൾ സന്ദർശിച്ചു. അവിടെ മാങ്ങ പറിച്ച് ക്വാളിറ്റി അനുസരിച്ച് തരം തിരിക്കുന്നു.മഹാരാഷ്ട്ര യിലേക്ക് കേറ്റി വിടാനായിട്ട്  ഒരു ലോറി തയ്യാറായി നിൽക്കുന്നു.താഴെ വീണതും ചീത്തയാകാൻ പോകുന്ന മാങ്ങ മേടിക്കാൻ ഗ്രാമവാസികൾ എത്തിയിട്ടുണ്ട്, അവർ അതുകൊണ്ട് പോയി അച്ചാർ ഇട്ട് വിൽക്കുമെന്നാണ് പറയുന്നത്.കച്ചവടത്തിലെ രഹസ്യങ്ങൾ ! 

ഏതാനും ബൈക്കുകളും ഡിഷ്‌ ആന്റിനകളും അവിടെ    കണ്ടെങ്കിലും നഗരവത്കരണത്തിൽ നിന്നും ഇപ്പോഴും  മാറി നിൽക്കുന്നതായി തോന്നി .ഗ്രാമങ്ങൾ അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് .......കൂട്ടത്തിലുള്ള പുതിയ തലമുറയ്ക്ക് പുതിയ അനുഭവവും എന്നെപ്പോലെയുള്ള  പഴയ ആൾക്കാർക്ക് ഓർമ്മകളെ അയവിറക്കിയുമായിരുന്നു ഞങ്ങളുടെ  തിരിച്ചുള്ള യാത്ര.

നമ്മുടെ രാജ്യം, "Incredible India തന്നെ! പക്ഷെ അതൊക്കെ അറിയണമെങ്കിൽ ഇങ്ങനെയുള്ള യാത്രകൾ വേണമെന്ന് മാത്രം !!