8/21/15

ഓണസദ്യയും മാലാഖന്മാരും

ഓണം എന്ന് കേട്ടാൽ ആദ്യം ഓർമ്മയിലേക്ക് ഓടിയെത്തുക, വാഴയിലയിൽ വിളമ്പുന്ന  ഓണസദ്യയാണ്.കൂട്ടുകാരികളുടെ കൂടെയിരുന്ന് കഴിക്കുന്ന ആ സദ്യക്ക് പ്രത്യേക രുചി തന്നെ ആയിരുന്നു.ചില വീടുകളിൽ  താഴെ ചമ്രം പടിഞ്ഞിരുന്നു കഴിക്കണമെന്ന് നിർബന്ധമുണ്ട്. എൻറെ  ആ ഇരിപ്പും കഴിക്കുന്നതിലെ കഷ്ടപ്പാടും കാണുമ്പോൾ, പായസം ഗ്ലാസ്സിൽ കൊടുക്കുവാനുള്ള നിർദ്ദേശം ഉണ്ടാവാറുണ്ട്.ഒരുപക്ഷെ  മലയാളികൾ 4 ദിവസമായിരിക്കും ഓണസദ്യ ഉണ്ണുന്നത് എന്നാൽ ഞാനാണെങ്കിൽ അവധിക്കാലമായ പത്ത് ദിവസവും പിന്നെയുള്ള ശനി ഞായറും സദ്യയുണ്ണൽ പരിപാടിയിലായിരിക്കും.ഞാനൊരു ക്രിസ്ത്യാനിയും കൂട്ടുകാരെല്ലാം ഹിന്ദുക്കൾ ആയിരുന്നു എന്നത് കൊണ്ടു ഉണ്ടായ ഭാഗ്യമാണിത്.
എന്നാൽ  കല്യാണം കഴിഞ്ഞ് കേരളത്തിനോട് ഭാഗികമായി യാത്ര പറഞ്ഞ്, ജോലി സ്ഥലത്തോട്ട് ചേക്കേറിയപ്പോൾ, ഏറ്റവും കൂടുതൽ ദു:ഖിച്ചിട്ടുള്ളതും ഓണനാളുകളിലായിരുന്നു. ഏതോ ഫ്ലാറ്റിന്റെ മൂലയിലെ അടുക്കളയിൽ ഇരുന്ന്  പാചകപുസ്തകം നോക്കി ഓണസദ്യ ഒരുക്കിയപ്പോഴൊന്നും ആ അമ്മമാരുടെ കൈപ്പുണ്യമോ സ്നേഹമോ ഒന്നും എന്റെ വിഭവങ്ങളിൽ  കണ്ടില്ല. ഏതൊരു പ്രവാസി മലയാളികളെപ്പോലെ  ഗൃഹാതുരത്വമായ ഓർമ്മകളാൽ അറിയാതെ കണ്ണ് നനഞ്ഞു പോയിരുന്ന ദിവസങ്ങളായിരുന്നു.

നല്ലൊരു ദിവസമായിട്ട് കരയാനിരിക്കേണ്ട  എന്ന വീട്ടുകാരുടെ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണ്, തിരുവോണനാളിലെ സദ്യ ഏതെങ്കിലും ഓണസദ്യയൊരുക്കുന്ന  ഭക്ഷണശാലയിലേക്ക് മാറ്റിയത്.മലയാളികൾ ചെല്ലാത്ത നാട് ഇല്ലാത്തതു കൊണ്ടാവും ലോകത്ത് പല ഭക്ഷണശാലകളിലും "ഓണസദ്യയേയും വാണിജ്യവിഷയമാക്കാറുണ്ട്. എല്ലാ കറികളിലും കുറച്ച് തേങ്ങ ഇട്ടതു കൊണ്ട് മാത്രം കേരള രുചിയിലുള്ള സദ്യ ആകില്ല എന്ന്  മനസ്സിലാക്കി കൊടുക്കേണ്ട അവസരമായിരുന്നു അത്. എന്തോ, ആ സദ്യകളൊന്നും എന്റെ പ്രതീക്ഷകൾക്കൊപ്പം ആയിരുന്നില്ല. അവിടത്തെ മാനേജർ മുതൽ പാചകക്കാരെ വിളിച്ച് എന്റെ അതൃപ്തി അറിയിക്കേണ്ടതായി വന്നിട്ടുണ്ട്.  അവിടെ വന്നിട്ടുള്ള മറ്റുള്ളവരുടെയും വീട്ടുകാരുടേയും കണ്ണുരുട്ടൽ …….. ഫലം ...നിരാശ തന്നെ.

ഒരു സദ്യ ഉണ്ടാക്കുന്നതിനേക്കാൾ കീറാംമുട്ടിയായിട്ടാണ് കേരളതനിമയുള്ള ഓണസദ്യ ഒരുക്കുന്ന ഒരു സ്ഥലം കണ്ടുപിടിക്കുക..താൻ പാതി ഗൂഗിൾ പാതി എന്ന മട്ടിൽ കണ്ടുപിടിച്ച  ഈ സ്ഥലം ഇവിടത്തെ പേര്  കേട്ട  ആശുപത്രിയുടെ  പുറകിലായിട്ടായിരുന്നു.സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി കടയുടെ ബോർഡ് തന്നെ വലിയ അക്ഷരത്തിൽ മലയാളത്തിൽ എഴുതിയതായിരുന്നു. ചുറ്റും കണ്ണോടിച്ചപ്പോൾ ആ കടയുടെ മാത്രമല്ല അവിടെയുള്ള മിക്ക  കടകളുടെയും പേരുകൾ മലയാളത്തിൽ തന്നെയായിരുന്നു.എന്നെ ശരിക്കും ആശ്ചര്യഭരിതമാക്കിയ പ്രദേശം. ആശുപത്രിയിലെ  നഴ്സുമാരിൽ വലിയൊരു ശതമാനമായ മലയാളികൾ താമസിക്കുന്നതാണവിടെ.എവിടെ നോക്കിയാലും മലയാളം പറയുന്ന ചേച്ചിന്മാരും & ചേട്ടന്മാരും.ശരിക്കും കേരളത്തിൽ ചെന്ന പ്രതീതി.അവിടെയുള്ള ഹിന്ദി ചേട്ടന്മാരും മലയാളം പറയുന്നുണ്ടോ എന്ന് സംശയം !

കേരളത്തിലെ ചായക്കട പോലെയുളള  സ്ഥലം. ആകെ 5-6 മേശകളും അതിന് ചുറ്റുമുള്ള കസേരകൾ, ഞങ്ങൾ ചെന്നപ്പോൾ ഏതാനും നഴ്സുന്മാരും അവരുടെ കൂട്ടുകാരും കൂടെ ഓണസദ്യ കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്.കൂട്ടുകാർ സ്പൂണ്‍ വെച്ച് വാഴയിലയിൽ നിന്ന് പയറ്റാം എന്ന മട്ടിലാണ്..കറികളിൽ ഉണ്ടാവുന്ന എരിവിന്റെ കാര്യത്തിൽ വളരെ ഉൽകണ്ഠരായിരിപ്പുണ്ട്.അതിന്റെ മുന്നോടിയായി ഓരോത്തരും  ഒരു കുപ്പി  വെള്ളം  ആയിട്ടാണ് ഇരിക്കുന്നത്. നഴ്സുമാർ, ഹിന്ദിയിലും ഇംഗ്ലീഷിലുമായി  മാവേലി കഥയും  അത്തം ഇടുന്ന വിശേഷങ്ങളും കൂട്ടുകാരുമായി പങ്ക് വെക്കുന്നുണ്ട്. ഞങ്ങളുടെ വരവോട് കൂടി അവിടത്തെ മലയാളികളുടെ എണ്ണം കൂടി അതുകൊണ്ടായിരിക്കാം ഞങ്ങളുടെ കൂടെ നിർബന്ധത്തിന്റെ  ഭാഗമായി അവർ കൈകൊണ്ട് കഴിക്കാൻ തയ്യാറായി.എല്ലാവരും പരസ്പരം  പരിചയപ്പെട്ടും പഴയ ഓർമ്മകളെ തട്ടിയുണർത്തിയും ഗൃഹോചിതമായ ഒരന്തരീക്ഷം ഉണ്ടാക്കി എടുത്തു. ഓണത്തിനോടുള്ള ആവേശവും സന്തോഷവും തൊട്ടറിഞ്ഞ നിമിഷങ്ങൾ!. നഴ്സുമാർ, അവരുടെ ജോലിയോടൊപ്പം തന്നെ നമ്മുടെ സംസ്കാരത്തെയും ആഘോഷങ്ങളേയും കൂടെ കൊണ്ട് വന്നിരിക്കുന്നു!


അടുത്തുള്ള കടകളുടെ പേരും വിവരങ്ങളും മലയാളത്തിൽ തന്നെ. പലച്ചരക്കു കടയിൽ ആണെങ്കിൽ കപ്പ, നേന്ത്രപ്പഴം,വെളിച്ചെണ്ണ, മലയാളം മാഗസിനുകൾ .....കേരളത്തിന്റേതായ   എല്ലാ സാധനങ്ങളും ഉണ്ട്. കടയിൽ ഏത് ഭാഷയുടെ ഉപഭോക്താവ് വന്നാലും  മലയാളത്തിലാണ് മറുപടി.മലയാളം പ്രാദേശികഭാഷയാക്കാനുള്ള തയ്യാറെടുപ്പിലാണോ എന്നറിയില്ല.എന്തായാലും വന്നവർക്ക്  എല്ലാം മനസ്സിലാവുന്നുണ്ട് ...അതിനാണല്ലോ പ്രാധാന്യംഅതിനുപുറമേ നമ്മുടെയെല്ലാം പ്രത്യേക താൽപര്യമായ സ്വർണ്ണക്കടയേയും കണ്ടു . തവണകളായി പൈസ കൊടുത്ത് ആഭരണങ്ങൾ വാങ്ങിക്കാം എന്ന പ്രത്യേകതയോടെ. വൃത്തിയുടെ കാര്യത്തിൽ പുറകിലാണെങ്കിലും ആ കൊച്ചു കേരളത്തിൽ ചെന്നപ്പോൾ എനിക്ക് അതൊന്നും വലിയ പ്രശ്നമായി തോന്നിയില്ല.


ആശുപത്രിയുടെ പ്രധാനകവാടത്തിൻ മുന്നിൽ കൂടെ പോകുമ്പോൾ കൂട്ടം കൂട്ടമായി മലയാളികൾ പോകുന്നത് കണ്ടിട്ടുണ്ട്. ലോകത്തുള്ള ഏത് ആശുപത്രിയിൽ പോയാലും പ്രവചനാതീതമായ സഹായങ്ങളുമായി നമ്മുടെ കൂടെ ഉണ്ടാവുന്നത്  മലയാളി നഴ്സുമാരായിരിക്കും. എന്നാലും കഴിഞ്ഞ 5-6 വർഷമായിട്ട് പ്രവർത്തനാരംഭിച്ച  ഈ ആശുപത്രിയുടെ പുറകിൽ ഇങ്ങനെയൊരു "കോളനി ഉള്ള കാര്യം എനിക്ക് ഒരു  പുതിയ ഒരറിവ്‌  ആണെങ്കിലും ഇവിടത്തെ പല മലയാളികളും അവിടത്തെ കടകളിലെ നിത്യസന്ദർശകരാണ്. പിന്നിട് പലപ്പോഴും പല കേരളസാധനങ്ങൾക്കായി ആ കടകൾ സന്ദർശിക്കേണ്ടി വന്നിട്ടുണ്ട് ഒരു പ്രദേശത്തുള്ള  മലയാളികൾക്കായി ഔചിത്യപ്രവര്‍ത്തനങ്ങളും ഒരു പക്ഷെ അവരറിയാതെ  തന്നെ ചെയ്യുന്നു. …പ്രശംസാര്‍ഹമായ കാര്യം തന്നെ ! നമ്മുടെ മാലാഖകുട്ടികൾ ചെയ്തു തന്ന ഈ ഉപകാരത്തിന് നന്ദി പറഞ്ഞു കൊണ്ട് എല്ലാ മലയാളികൾക്കും എന്റെ ഓണാശംസകൾ !!!!


  


13 comments:

  1. നമ്മുടെ നേഴ്സുമാര്‍ മലയാളത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്..ഈ രചന അവര്‍ക്കുള്ള ഒരു അഭിനന്ദനം കൂടിയായി.

    ReplyDelete
    Replies
    1. അതെ സത്യം ആണ് .......വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  2. ഓണസദ്യയും മാലാഖന്മാരും നമ്മുടെ സംസ്കാരത്തെയും ആഘോഷങ്ങളേയും കൂടെ കൊണ്ട് വന്നിരിക്കുന്നു good kedu ayetundu

    ReplyDelete
    Replies
    1. ഈ വരവിന് നന്ദി ട്ടോ

      Delete
    2. ഈ വരവിന് നന്ദി ട്ടോ

      Delete
  3. നാം സാന്തോഷത്തോടെ കൂട്ടിവയ്ക്കുന്ന ഓര്‍മ്മകള്‍

    ReplyDelete
  4. നന്നായി ഓണസദ്യയുടെ വിശേഷങ്ങള്‍

    ReplyDelete
    Replies
    1. Thx ...... ഈ വരവിനും അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി

      Delete
    2. Thx ...... ഈ വരവിനും അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി

      Delete
  5. അല്ല ഇതാ സ്ഥലം എന്ന് പറഞ്ഞില്ല :)
    നല്ലോര്‍മ്മകള്‍ -ഓണസദ്യ നന്നായി അല്ലെ?

    ReplyDelete
    Replies
    1. ഡല്‍ഹിയിലുള്ള "Medanta Hospital"ആണ്. വായനക്കും അഭിപ്രായത്തിനും നന്ദി. അതെ നല്ല ഒരു ഓണസദ്യയായിരുന്നു അന്ന്‍ .......ഓണാശംസകള്‍

      Delete
  6. എന്റെയും ഇപ്രാവശ്യത്തെ ഓണം നാട്ടിൽ നിന്നും വീട്ട്..ഓണാശംസകൾ..

    ReplyDelete
    Replies
    1. പുതിയ സ്ഥലത്തും ഓണം അടിച്ചു പൊളിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ........ഈ വരവിന് നന്ദി

      Delete