1/8/21

Himachal Pradesh- Nahan & Chail

 ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള 18ാം മത്തെ സംസ്ഥാനമായ ഹിമാചൽ പ്രദേശ് . നിരവധി കൊടുമുടികളുടേയും ഒട്ടേറെ നദികളുടേയും ഉത്ഭവസ്ഥാനമാണിവിടെ.  ഷിംലയാണ്  തലസ്ഥാനം.  ഷിംല, കുളു, മണാലി ധർമ്മശാല  അങ്ങനെ പലതരം ഹിൽ സ്റ്റേഷനുകളും  ഐസ് സ്‌കേറ്റിംഗ് , റാഫ്റ്റിംഗ് , പാരാഗ്ലൈഡിംഗ് ---- സാഹസിക ടൂറിസത്തിനും  അതുപോലെ  പല പേരുകേട്ട ഹിന്ദുതീർത്ഥാടന കേന്ദ്രങ്ങളൊക്കെയായി ലോകമെമ്പാടുള്ള വിനോദ സഞ്ചാരത്തിന് പേര് കേട്ട സ്ഥലമാണിത്. പ്രാദേശികമായി Land of God എന്നറിയപ്പെടുന്നു. വീട്ടിലിരുന്ന് മടുത്ത കൊറോണക്കാലവും  unlockdown 5 ലെ ആനുകൂല്യങ്ങളും മൂന്നു - നാലു ദിവസത്തെ അവധികളും എല്ലാം കൂട്ടി ചേർത്തുള്ള യാത്രയായതു കൊണ്ട് അധികം തിരക്കില്ലാത്ത സ്ഥലത്തിനായിരുന്നു മുൻഗണന. ഹിമാചൽ പ്രദേശത്തിലെ  ശിവാലിക്ക് പർവ്വതനിരകൾക്കിടയിലെ  നഹാൻ എന്ന കൊച്ചു പട്ടണമാണ് തിരഞ്ഞെടുത്തത്. പക്ഷെ ഞങ്ങൾ ചെന്ന സ്ഥലങ്ങളിലെല്ലാം സന്ദർശകരുടെ തിരക്കിന് കുറവില്ലായിരുന്നു. ഞങ്ങളെ പോലെ തന്നെ എല്ലാവരും വിചാരിച്ചുവെന്ന് തോന്നുന്നു,. എന്നാലും ആരും  പരസ്പരം പരിചയപ്പെടാനോ സൗഹൃദ സംഭാഷണത്തിനൊ ഇല്ല.  പറയാതെ പറഞ്ഞ് ഒരകലം സൂക്ഷിക്കുകയാണ് അതിഥികൾ . സാമൂഹിക അകലവും സ്വയം സുരക്ഷയുമൊക്കെയായി  മാസ്കിലും സാനിറ്റൈസറിലേക്കും ഒതുങ്ങിയിരിക്കുന്നു.


സമുദ്രനിരപ്പിൽ നിന്ന് 932 മീറ്റർ ഉയരത്തിലാണിത്.

നവംബർ മുതൽ ജനുവരി വരെ മഞ്ഞുവീഴ്ചയുമുള്ള സ്ഥലമാണ്. അതുകൊണ്ടായിരിക്കും ഒക്ടോബറിലെ യാത്രയിൽ സൂര്യൻ തലക്ക്

 മുകളിൽ വന്നിട്ടും   താഴ് വാര കാഴ്ചകളും പൈൻ മരങ്ങളും പാതയോരത്ത് ഉണ്ടായിനിൽക്കുന്ന കാട്ടുപൂക്കളും അതിന്റെ സൗരഭ്യവുമൊക്കെ ആസ്വദിച്ചു കൊണ്ടുള്ള യാത്രയായിരുന്നു.

ഒറ്റനോട്ടത്തിൽ മനോഹരമായ ഒരു  മലയോര ഗ്രാമം.സ്ഥിരമായി കാണുന്ന നഗരക്കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായവ.

ട്രെക്കിംഗിന്  പേര് കേട്ട സ്ഥലമാണിവിടെ.


പല ദേശങ്ങളിലെ വിചിത്രമായ സംഭവങ്ങളിലൊന്നായിട്ടാണ് 'രേണുകാ ജി' തടാകവും മീനുകളും. പരശുരാമന്റെ  മാതാവ് രേണുകാദേവിയുടെ പേരിലാണ് ഈ തടാകം. രേണുകാ ജി യുടെ ഒരു ക്ഷേത്രം തടാകത്തിന്റെ കരയുടെ ഒരു വശത്തുണ്ട്. ഹിമാചൽ പ്രദേശത്തിന്റെ ഏറ്റവും വലിയ തടാകമാണിത്. തടാകത്തിൽ ബോട്ട് സഫാരിയുണ്ടെങ്കിലും കൊറോണയുടെ ഭാഗമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ തടാകത്തിലുള്ള മീനുകൾ , മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണെങ്കിലും നമുക്ക്  ഭക്ഷണം കൊടുക്കാം. അതിന്റെ മേന്മ അവരെ കാണുമ്പോൾ തന്നെയറിയാം. എല്ലാവരും തടിച്ചി / തടിയന്മാരായി നമ്മളെ യാതൊരു പേടിയുമില്ലാതെ അങ്ങോട്ടേക്കുള്ള പടികളുടെ അടുത്തു വരെ വരുന്നുണ്ട്. ഞങ്ങൾക്ക് കഴിക്കാനായി മേടിച്ച ഭക്ഷണം അവർക്ക് കൊടുത്ത് ആ കാഴ്ച കൂടുതൽ മനോഹരമാക്കി.


Jaitak Fort


ചരിത്രത്തിലേക്ക് എത്തി  നോക്കാൻ പറ്റിയ സ്ഥലം. താമസിക്കുന്ന സ്ഥലത്ത് നിന്ന് ഏകദേശം 25km  ദൂരമുണ്ട്. നഹാൻ കൊട്ടാരവും കോട്ടയും ആക്രമിച്ച് കൊള്ളയടിച്ചതിനു ശേഷം ഗൂർഖ നേതാവും കൂട്ടരും ചേർന്നാണ് ഈ കോട്ട പണിതതെന്ന് കരുതുന്നു. കുന്നിൻ മുകളിലുള്ള ഈ കോട്ട അന്നത്തെ രാജയുടെ സൈന്യത്തിന്റെ  'വാച്ച് പോയിന്റുകളിലൊന്നാണിത്.  ചെറിയ ഒരു കോട്ടയാണെങ്കിലും   ചുറ്റിനും മനോഹരമായ കാഴ്ച സമ്മാനിക്കുന്നു. സഞ്ചാരികളായി  ഞങ്ങൾ മാത്രമായതുകൊണ്ട് കോട്ട നമുക്ക് സ്വന്തം പോലെ .


Shivalik Fossil Park


ഏഷ്യയിലെ ഏറ്റവും വലിയ ഫോസിൽ പാർക്ക് ഇവിടെയാണ്. വംശനാശം സംഭവിച്ച ആറു മൃഗങ്ങളുടെ ജീവിത വലുപ്പത്തിലുള്ള ഫൈബർ ഗ്ലാസ്സ് മോഡലുകളുടെ എക്സിബിഷനും ഫോസിലുകളും പ്രദർശിപ്പിച്ചിരിക്കുന്നു.Ranital


താൽ എന്ന് വെച്ചാൽ തടാകം. അന്നത്തെ രാജ്ഞി ഇവിടത്തെ തടാകത്തിൽ വന്ന് കുളിക്കാറുണ്ട്. അങ്ങനെയാണ് ഈ പേര് ലഭിച്ചത്. തടാകത്തിന് ചുറ്റുമുള്ള പൂന്തോട്ടവും തടാകത്തിലെ മീനുകളും ആമയുമെല്ലാം അവധി സമയം ചെലവഴിക്കാനുള്ള നല്ലയൊരു സ്ഥലം.

ഇങ്ങനെയുള്ള സ്ഥലങ്ങളിലെ രസകരമായ കാഴ്ചകളായി തോന്നിയിട്ടുള്ളത് വിരുന്നുകാരുടെ ഫോട്ടോക്കുള്ള പോസുകളായിരിക്കും. 


രാത്രികാലങ്ങളിലെ ചീവീടിന്റെ കാതടപ്പിക്കുന്ന ശബ്ദവും ആകാശത്തിലെ നക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം ഏതോ ഗതകാല സുഖസ്മരണയിലേക്ക് കൊണ്ടുപോകുന്നു. അതിനിടയിലേക്ക് തൊണ്ടയിലൂടെ മറ്റാരോ അലറി വിളിക്കുന്നതു പോലത്തെ ചിലരുടെ ഫോൺ വിളികൾ അരോചകമായിരുന്നു.


സ്ഥിരമുള്ള തിരക്കിൽ നിന്നും വ്യത്യസതമായിട്ടുള്ള  കാഴ്ചകളും അനുഭവങ്ങളും  എനിക്കിഷ്ടമായി . 


Morini Fort


Google നിർദ്ദേശമനുസരിച്ച്  അടുത്തതായി കാണാൻ  തീരുമാനിച്ച സ്ഥലം മോർണി കുന്നിൻ മുകളിലുള്ള 2000 വർഷം പഴക്കമുള്ള കോട്ടയാണ്. പതിവു പോലെ google മാപ്പ് അനുസരിച്ചുള്ള യാത്രയാണ്. വശങ്ങളിലെ ഗോതമ്പും കരിമ്പിൽ പാടങ്ങളും ,   ചില പാടങ്ങൾ വിളവെടുപ്പിനു ശേഷം കത്തിക്കുന്നതും കാണാൻ സാധിച്ചു. പതിവിനു വിപരീതമായിട്ടുള്ള കാഴ്ചകൾ കണ്ടു കൊണ്ടുള്ള യാത്രയായതു കൊണ്ടാകാം ഹരിയാന സംസ്ഥാനമായത് അറിഞ്ഞില്ല. മോർണിഹിൽസ്, ഹിമാചൽ പ്രദേശത്തിന്റെ അതിർത്തിക്കടുത്തുള്ള ഹരിയാനയിലാണ്. അന്തവും കുന്തവുമില്ലാത്ത യാത്രയായതു കൊണ്ട് Morini Fort ഹരിയാനയിലാണെന്ന് ശ്രദ്ധിച്ചില്ലയെന്നതും സത്യം. മോർണി കുന്നുകളിലെ രണ്ടായിരം വർഷം പഴക്കമുള്ള ഈ കോട്ട ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് കോട്ട പണിതിരിക്കുന്നത്.  പ്രധാന വഴിയിൽ നിന്നും തിരിഞ്ഞു പോകേണ്ടേ ആ  കുത്തനെയുള്ള  വഴി  കണ്ടാൽ ആകാശത്തിലേക്കാണോ ഈ യാത്ര  എന്ന് തോന്നത്തക്കവിധത്തിലുള്ളതായിരുന്നു. ബൈക്കിലെ യാത്രയായതു കൊണ്ട് പുറകിലത്തെ സീറ്റിലിരുന്ന് ഒന്നനങ്ങാൻ പോയിട്ടു കണ്ണു തുറക്കാൻ പോലും എനിക്ക് ധൈര്യമില്ലായിരുന്നു.


ഒരപകടം പറ്റിയ ഒരു മാൻ കുട്ടിയെ അവിടത്തെ വാച്ചറും മറ്റൊരാളും കൂടി പരിപാലിക്കുന്ന കാഴ്ചയാണ് അവിടെ എത്തിയപ്പോൾ കണ്ടത്. കൗതുകത്തോടെ കുറെ നേരം  ആ കാഴ്ച നോക്കി നിന്നതിനു ശേഷം ഫോർട്ടിൽ കേറാൻ നോക്കിയപ്പോൾ,  കോവിഡ് കാരണം  ഫോർട്ട് അടച്ചിട്ടിരിക്കുകയാണെന്നാണ് അവിടെ നിന്ന പോലീസുകാരൻ പറഞ്ഞത്.

രണ്ടു കാറുകളിലായി വന്ന  ആളുകൾ അതിനകത്തോട്ട് പോകുന്നത് ഞങ്ങൾ കണ്ടിരുന്നു. അതിനെ പറ്റി ചോദിച്ചപ്പോൾ പറയുന്നത്, അവരൊക്കെ VIP s ആണെന്നാണ്.


ശ്ശെടാ, ഇനിയെന്ത് എന്ന മട്ടിൽ നിൽക്കുമ്പോൾ, ആ പോലീസുകാരന് ഞങ്ങൾ അവിടെ നിൽക്കുന്നതോ ഇരിക്കുന്നതൊന്നും ഇഷ്ടപ്പെടുന്നില്ല. അതിനായി ഞങ്ങളെ വിരട്ടി കൊണ്ടിരിക്കുകയാണ്. വിരട്ടൽ സഹിക്കാതെയായപ്പോൾ നമ്മുടെ tax നെ പറ്റിയും അതുകൊണ്ട് അവർക്കുള്ള നേട്ടങ്ങളെ കുറിച്ചുള്ള ഞങ്ങളുടെ പ്രഭാഷണവും കൂട്ടത്തിൽ VIP യോട് ഞങ്ങൾ സംസാരിച്ചു കൊള്ളാം എന്ന ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയപ്പോൾ  അയാളൊന്നടങ്ങി. അതോടെ വിരട്ടൽ  സൗഹൃദത്തിന് വഴി മാറി. അതിനടുത്ത് താമസിക്കുന്ന പോലീസുകാരൻ VIP വിസിറ്റ് കാരണം ഞാറാഴ്ചയായിട്ടു പോലും ഡ്യൂട്ടിക്ക് വന്നിരിക്കുകയാണ്.


VIP എന്ന് പറയുമ്പോൾ ചീറി പാഞ്ഞു പോകുന്ന ഒരു കൂട്ടം കാറുകളും അവരുടെ ആ യാത്രക്കായി മണിക്കൂറുകളോളം റോഡിൽ കാത്തുകിടക്കുന്ന ഹതഭാഗ്യന്മാരായവരുടെ നീണ്ട നിരയാണ് മനസ്സിൽ  . അങ്ങനത്തെ 2-3 അനുഭവങ്ങളിൽ കൂടി കടന്നുപോകേണ്ടി വന്നിട്ടുള്ളതു കൊണ്ട് ഇവരെയൊക്കെ T V യിലോ പത്രത്താളുകളിലോ കാണുന്നതാണെനിക്കിഷ്ടം.


ഞങ്ങൾ തമ്മിൽ മലയാളത്തിലും പോലീസുകാരനോട് ഹിന്ദിയും ഇംഗ്ലീഷും  അങ്ങനെ ഭാഷയെ ഒരു അവിയൽ പരുവമാക്കിയെടുത്തതിന്റെ ബാക്കിയായി അയാളുടെ സൗഹൃദം ആരാധനയായോ എന്ന് സംശയം. ഞങ്ങൾ കേരളയിൽ നിന്നും ബൈക്കിൽ ഈ കോട്ട കാണാൻ വന്നതാണെന്നാണ് പോലീസുകാരൻ മനസ്സിലാക്കിയതെന്നു തോന്നുന്നു.ഇതിനിടയിൽ VIP യും കൂട്ടരും ഞങ്ങളാരേയും ശ്രദ്ധിക്കാതെ വന്ന കാറിൽ തിരിച്ചു പോവുകയും ചെയ്തു. ആ കോട്ടയുടെ സൂക്ഷിപ്പുകാരന്റെയടുത്ത് ഞങ്ങളെയവിടെ കാണിച്ചു കൊടുക്കാൻ പറഞ്ഞ്, പോലീസുകാരനും ബൈ പറഞ്ഞു. അങ്ങനെ ജീവിതത്തിലാദ്യമായി VIP യെ കൊണ്ട് ഗുണമുണ്ടായി.


 രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ഭരിച്ച ഒരു രാജ്ഞിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്.സിർ മൂർ രാജാവ് ഇവിടെ ഒളിച്ചു താമസിച്ചിട്ടുണ്ട്. നല്ല വായു സഞ്ചാരമുള്ള താഴികക്കുടങ്ങൾ ഉള്ളതിനാൽ വേനൽക്കാലത്തും കോട്ട തണുത്തിരിക്കും.  ഇന്ന് 

ഹരിയാന വകുപ്പ് ഈ കോട്ടയെ ഒരു മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്.  പ്രകൃതിയെ കുറിച്ച് പഠനം നടത്തുന്നതിനായി   'Nature cum Learning Center ' ആയി വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ഗൂഗിളിൽ നിന്ന് കിട്ടിയ  മതിപ്പൊന്നും അവിടെ കണ്ടില്ലെങ്കിലും ചരിത്ര വിശേഷങ്ങളും മ്യൂസിയക്കാഴ്ചകളുമൊക്കെയായി  അവിടത്തെ സൂക്ഷിപ്പുകാരനുമായി ഒരു ഓട്ടപ്രദക്ഷണത്തോടെ എല്ലാ കാഴ്ചകളും കണ്ടുവെന്ന് പറയാം. 

ഓരോ യാത്രകളിൽ നിന്നു കിട്ടുന്ന അനുഭവങ്ങൾ ഒന്നിനൊന്ന്  വ്യത്യസ്തവും പുതുമയുള്ളതുമാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചിരിക്കുന്നു.

Chailഹിമാചൽ പ്രദേശത്തിലെ ഷിംല ജില്ലയിൽ സ്ഥിതിചെയ്യുന്ന സാധ് ടിബ (Sadh Tita) കുന്നിലെ മറ്റൊരു ഹിൽസ്റ്റേഷനാണ് ഛെയിൽ. നഗരത്തിലെ പോലെ തിക്കും തിരക്കുമില്ലാത്ത പ്രകൃതിയുടെ മടിയിൽ കിടക്കുന്ന മറ്റൊരു ശാന്ത സുന്ദരമായ സ്ഥലം. പട്യാല മഹാരാജാവിന്റെ വേനൽക്കാല തലസ്ഥാനമായിരുന്നു. ശീതക്കാലത്ത് മഞ്ഞിൽ കുളിച്ച് നിൽക്കുന്ന സ്ഥലം കൂടിയാണിത്.


വീതി കുറഞ്ഞ വളഞ്ഞു പുളഞ്ഞ  വഴികളിലൂടെ അങ്ങോട്ടേക്ക് പോകുമ്പോൾ മറ്റ് വാഹനങ്ങൾ വഴികളിലില്ല എന്നതാണ് വലിയൊരാശ്വാസം. വല്ലപ്പോഴും കാണുന്ന ട്രക്കുകാരാണെങ്കിലും  നമ്മുടെ യാത്രക്കാണ് മുൻഗണന തരുന്നത്. അതിനായിട്ടുള്ള നിർദ്ദേശങ്ങൾ തരാനും മടിയില്ല. ആ നല്ല മനസ്സുകൾക്ക് വലിയൊരു നമസ്കാരം. 


ഉച്ചയോടെ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തെത്തി. അവിടെയപ്പോൾ ഉണ്ടായിരുന്ന ശക്തമായ കാറ്റും മർമ്മരങ്ങളും കേട്ടപ്പോൾ , വന്നത് അബദ്ധമായോ എന്ന് ചിന്തിക്കാതിരുന്നില്ല. ആ ഭാവങ്ങൾ മുഖത്തും പ്രതിഫലിച്ചതു കൊണ്ടാകാം - ' ഇത് ഇവിടെ സാധാരണമാണ്. ഉച്ചയോടെ കാറ്റ് തുടങ്ങും വൈകുന്നേരം വരെ കാണും'  എന്ന് ഹോട്ടലുകാർ. ഹിമാചൽ പ്രദേശിന്റെ മറ്റു പല ഭാഗങ്ങളിലും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണ്. പിന്നീടുള്ള ആ രണ്ടു ദിവസത്തിലെ താമസത്തിൽ കണ്ട പലരോടും കാറ്റിനെ പറ്റി ചോദിച്ചെങ്കിലും പലരും അത് ശ്രദ്ധിച്ചിട്ടേയില്ല. അതൊക്കെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്നാണ് മറുപടി.


ഛെയിലോട്ടുള്ള യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ കൂട്ടുകാരിൽ പലരും പറഞ്ഞത്  ലോകത്തിന്റെ തന്നെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടും പോളോ ഗ്രൗണ്ടിനേയും കുറിച്ചാണ് .  1893 യിൽ പട്യാല മഹാരാജാവാണ് ഇത് സ്ഥാപിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 2444 മീറ്റർ ഉയരത്തിലാണ് ഈ ഗ്രൗണ്ട്. പക്ഷെ കൊറോണ കാരണം അതെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. അവിടത്തെ മിലിട്ടറി സ്കൂളാണ് ഇപ്പോൾ ഈ മൈതാനങ്ങളൊക്കെ നോക്കി നടത്തുന്നത്.


1891 യിൽ പണി കഴിപ്പിച്ച ഛെയിൽ കൊട്ടാരം രാജഭരണത്തിന്റെ സാക്ഷ്യപത്രമായി അവശേഷിക്കുന്നു. ഷിംലയിൽ നിന്ന് നാടുകടത്തപ്പെട്ട പട്യാല രാജാവ് ഇവിടെ കൊട്ടാരം പണിയുകയും  വേനൽക്കാല തലസ്ഥാനമാക്കുകയും ചെയ്തു. ഇന്നിപ്പോൾ അതൊരു ഹെറിറ്റേജ് ഹോട്ടലും കൂടിയാണ്.കൊട്ടാരങ്ങളുടെ ഭംഗിയും ആഢ്യത്വവും ഒന്നു വേറെ തന്നെ. പറയാതിരിക്കാൻ വയ്യ. ഏതാനും ബോളിവുഡ് സിനിമാ ഷൂട്ടിംഗും ഇവിടെ  നടന്നിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ഞങ്ങൾ അവിടെ ചെന്നപ്പോൾ അവിടെയൊരു pre wedding shooting നടക്കുകയായിരുന്നു. പാലസ് എല്ലാം ചുറ്റിക്കറങ്ങി കണ്ടു കഴിഞ്ഞു ഞങ്ങൾ തിരിച്ചു വന്നപ്പോഴും  pre - wedding  shoot ലെ നായകൻ - നായിക,  കൂടി നിൽക്കുന്ന പത്തു പേരിൽ നിന്നുള്ള  നിർദ്ദേശങ്ങൾക്ക് മുൻപിൽ 'confused' ആയി നിൽക്കുന്നുണ്ട്. കണ്ടപ്പോൾ തമാശയായിട്ടാണ് തോന്നിയത്. 


ഹോട്ടലിൽ ഉള്ളവർ 'Sadhupul' കാണുന്നില്ലേ എന്ന് ചോദിച്ചപ്പോൾ , ഇവിടെ പുല്ലിന് എന്താണിത്ര പ്രത്യേകത എന്നാണ് മനസ്സിൽ ആദ്യം തോന്നിയത്. പിന്നീടാണ് Pul എന്ന് വെച്ചാൽ bridge ആണെന്ന് മനസ്സിലായത്. ഛെയിൽ അടുത്തായിട്ടുള്ള ഒരു ചെറിയ ഗ്രാമം. അശ്വനി എന്ന നദിക്ക് മുകളിൽ നിർമ്മിച്ച പാലം.ആഴം കുറഞ്ഞ നദിയുടെ തീരത്തുള്ള സ്ഥലം, കുടുംബ പിക്നിക്കുകളും ക്യാമ്പിംഗ് ഫയറിന് പറ്റിയൊരു സ്ഥലം. നദിയിലും കാര്യമായിട്ട് വെള്ളമില്ലായിരുന്നു. അടുത്ത് കണ്ട വാട്ടർ പാർക്ക് കൊറോണ കാരണം അടച്ചിട്ടിരിക്കുന്നു.


ഹോട്ടലിൽ  നിന്ന് നോക്കിയാൽ ഷിംല, കസോളിയൊക്കെ കാണാം. രാത്രി സമയങ്ങളിലെ വൈദ്യുത ദീപങ്ങളാൽ നിറഞ്ഞ ഷിംല & കസോളിയൊക്കെ  കൂടുതൽ മനോഹരിയാക്കിയിരിക്കുന്നു. അതുപോലെ  പൈൻ പൊതിഞ്ഞ കുന്നുകളും   മനോഹരമായ താഴ് വാര കാഴ്ചകളും നിശബ്ദമായ അന്തരീക്ഷവും കുന്നിറങ്ങി  എങ്ങോട്ടെന്നില്ലാത്ത കാൽ നടയാത്ര ആസ്വദിച്ചെങ്കിലും   തിരിച്ചു ഹോട്ടലിലേക്കുള്ള ആ കാൽ നടയാത്രയെ കുറിച്ച് പറയേണ്ടതില്ലല്ലോ?മൂന്നു - നാലു ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ

പ്രകൃതിയിൽ സമയം ചിലവഴിക്കുന്നത് നമുക്ക് നവോന്മേഷം നൽകുന്നുവെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. അതിന് പറ്റിയ ഒരു സ്ഥലമാണ് ഹിമാചൽ പ്രദേശ് !


2 comments:

  1. പടങ്ങൾ കൂടി ചേർത്താൽ അതിമനോഹരമായിരുന്നേനെ ..

    ReplyDelete
    Replies
    1. ok...ചേര്‍ക്കാം .....താങ്ക്സ്

      Delete