1/7/21

Bawadi/ Baudi

 Bawadi/ Baudi


2 years ago എന്ന് പറഞ്ഞു കൊണ്ട് ഈ പടം ഗൂഗിൾ  കാണിച്ചു തന്നപ്പോൾ , ആ ഫോട്ടോ നോക്കി കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ. 


ജയ്പൂരിലെ സ്ഥിരം കാണുന്ന കാഴ്ചകളിൽ നിന്ന് വ്യത്യസ്ഥമായി ഗൂഗിൾ സേർച്ച് ചെയ്തിന്റെ ഭാഗമായി കണ്ടു പിടിച്ച bawadi . ദൈനം ദിന ജീവിതത്തിലെ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള രക്ഷയായിട്ടാണ് ഞാൻ യാത്രകളെ കാണാറുള്ളത്. ഏതൊരു ചെറിയ കാര്യത്തേയും ചിന്തിച്ച് എമണ്ടൻ കാര്യമാക്കിയെടുക്കുന്ന കൂടെയുള്ള ആൾക്ക് , ആ യാത്രയിലെ വണ്ടി ഓടിക്കുന്നതിലാണ് കൂടുതൽ താൽപര്യം. അതുകൊണ്ടു തന്നെ "Bawadi" എങ്കിൽ " Bawadi" എന്ന മട്ടിലാണ് ഞങ്ങൾ രണ്ടു പേരും. ജയ്പൂരിൽ നിന്ന് 120 കി.മീ. നേക്കാളും കൂടുതലുണ്ട് ഈ സ്ഥലത്തോട്ട്.


ജയ്പൂരിലെ പ്രധാന നിരത്തുകൾ കഴിഞ്ഞാൽ  വഴിയുടെ ഇരുവശങ്ങളിലും കടുകിന്റേയും ബജ്റകളുടേയും പാടങ്ങളായിരിക്കും. ചുരുക്കമായേ വീടുകൾ കാണാനുള്ളൂ. ഉള്ള വീടുകളുടെ  മുൻപിൽ ധാരാളം പശുക്കളേയും എരുമകളേയും കാണാം..  ട്ടെറസ്സിട്ട  വീടുകൾ വിരളം  അതുപോലെ കാറുകളും അപൂർവ്വം. ശരിക്കും ഒരു ഗ്രാമാന്തരീക്ഷമാണ് എവിടേയും . ആ നാട്ടുകാർ ഞങ്ങളേയും  കാർ യാത്രയേയും അന്തം വിട്ട് നോക്കുന്നുണ്ട്. പക്ഷെ gps ഏറ്റെടുത്ത ജോലിയുടെ ഭാഗമായിട്ടുള്ള നിർദ്ദേശങ്ങൾ തരുന്ന തിരക്കിലാണ്.


സ്കൂളിൽ ഹിന്ദി പഠിപ്പിച്ചിരുന്ന ക്ലാസ്സിൽ പുറകിലത്തെ ബെഞ്ചിലിരുന്ന് സിനിമാക്കഥ കേട്ടും കുത്തിട്ട് കളിച്ചതിന്റേയും അനന്തരഫലമെന്ന് പറയാം. Bawadi എന്ന ഹിന്ദി വാക്ക് - എന്നുവെച്ചാൽ ഒരു തരം കിണർ ( step well) ആണത്ര. അവിടെ ചെന്നപ്പോഴാണ് എനിക്ക് അത് മനസ്സിലായത്. ഗൂഗിളിൽ പറയുന്ന യാതൊരു വിധ attraction നും അവിടെയില്ല.


 ചെന്നത്തിയ  Bawadi യുടെ അടുത്തുണ്ടായിരുന്ന  സ്കൂൾ കഴിഞ്ഞ സമയമായിരുന്നു അപ്പോൾ. ആ സ്കൂളിലെ എല്ലാ കുട്ടികളും ഞങ്ങളുടെ അടുത്തോട്ട് വന്നു. ചില കുട്ടികൾ ഞങ്ങൾക്ക് ചുറ്റും മറ്റു ചിലർ കാറിന് ചുറ്റും കാറിന്റെ മുകളിലൊക്കെ ചാടിക്കയറി ആകെ ബഹളം. ഞങ്ങളുടെ ഭാഗ്യത്തിന് അവരെ നിയന്ത്രിക്കാനായി ഏതാനും നാട്ടുകാരും അവിടെ എത്തി.


"Bawadi/ Baudi" -  രണ്ടു മുതൽ നാലു വരെയുള്ള നൂറ്റാണ്ടുകൾക്കിടയിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ഓരോ step well കളും അവയുടെ പരിതസ്ഥിതി അനുസരിച്ച് ആകൃതിയിലും പ്രവേശന കവാടങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. ഭൂഗർഭജലത്തിനായി ഭൂമിയിലേക്ക് ആഴത്തിലുള്ള തോടുകൾ കുഴിക്കുന്നു. ഈ തോടുകളുടെ മതിലുകൾ കല്ലു കൊണ്ട് നിരത്തി വെള്ളത്തിലേക്ക് ഇറങ്ങുന്ന പടികൾ ഉണ്ടാക്കി. ആളുകൾക്ക് ഭൂഗർഭജലത്തിലെത്താനും കിണർ പരിപാലിക്കാനും കൈകാര്യം ചെയ്യാനും എളുപ്പമാക്കുന്നു. വരൾച്ചയുടെ കാലഘട്ടത്തിലും വെള്ളം ഉറപ്പാക്കാനാണ് ഇത്തരത്തിൽ ഉണ്ടാക്കിയിരുന്നത്. വെള്ളം സംഭരിക്കുന്നതിനും കൃഷിക്കുള്ള ജലസേചനത്തിനുമാണ് ഇവ ഉപയോഗിച്ചിരുന്നത്. അവിടെ വന്ന നാട്ടുകാരിൽ നിന്നറിഞ്ഞ വിവരണമാണിതൊക്കെ. ഇതിന്റെയൊക്കെ പുറകിലുള്ള എൻഞ്ചിനിയറിംഗ് & വാസ്തുവിദ്യ ശ്രദ്ദേയമാണ്. ഒരിക്കൽ കൂടി ചരിത്രം രസകരമാണെന്ന് ഓർമ്മിപ്പിക്കുന്നു.


ഏതോ സിനിമാ ഷൂട്ടിംഗ് അവിടെ വെച്ച് നടന്നിട്ടുണ്ട്. ഞങ്ങൾ വന്നതും അതുപോലെയുള്ള വല്ല ഷൂട്ടിംഗിന്റെ ഭാഗമായിട്ടായിരിക്കാം എന്നാണ് വിചാരിച്ചതെന്ന്, നാട്ടുകാർ. അതിന്റെ നിരാശ അവരുടെ വർത്തമാനത്തിൽ ഉണ്ടായിരുന്നതായി തോന്നി.  ആ നിരാശയുടെ ഭാഗമായിട്ടായിരിക്കാം  തിരിച്ചുള്ള യാത്രക്കായി കാറിൽ കയറി യാത്ര പറയുന്നതിനിടയിൽ ഒരു കുട്ടി എന്നെ നോക്കി കൊഞ്ഞനം കാണിച്ചത്. ഇത് കണ്ടുനിന്ന നാട്ടുകാരിലൊരാൾ ഒരു വടി എടുത്ത് , "എന്റെമ്മോ , പടക്കം പൊട്ടണ പോലത്തെ അടി. കാറിനകത്തിരുന്ന ഞാൻ പോലും അറിയാതെ കാലിൽ തടവി പോയി. അവനെ കൊണ്ട്  ചെവി  രണ്ടും പിടിച്ച് ഏത്തം ഇടുന്ന രീതിയിൽ മാപ്പും പറയിപ്പിച്ചു. ആ അടി -ഈ ഫോട്ടോ കാണുമ്പോഴും ഞാനറിയാതെ കാല് തടവിപ്പോയോ എന്ന് സംശയം!


അല്ലെങ്കിലും ഓരോ യാത്രയിലെയും അനുഭവങ്ങൾ ഒന്നിനൊന്ന് വ്യത്യസ്ഥമാണല്ലോ.



അല്ലെങ്കിലും  ഓരോ യാത്രയും മനോഹരമായ ഓർമ്മകളാണല്ലോ.


No comments:

Post a Comment