4/21/21

Deeg Palace - Rajasthan

 രാജസ്ഥാനിലൂടെ -----

ഡീഗ് പാലസ് 




" അനിയത്തിയെ കാണിച്ച് ചേച്ചിയുടെ കല്യാണം നടത്തുനതിനെ പറ്റി കേട്ടിട്ടുണ്ട്. ഈ യാത്ര കഴിഞ്ഞു വന്നപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്. മനോഹരമായ Website ലെ ചിത്രം കണ്ട് യാത്ര പുറപ്പെട്ട ഞങ്ങൾക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാകുന്നില്ല. 


രാജസ്ഥാൻ എന്ന് പറഞ്ഞാൽ രാജാക്കന്മാരുടെ നാട് എന്നാണ്. രാജകീയതയും ആഢംബരമൊക്കെയായി ഒട്ടേറെ രാജാക്കന്മാർ ഇവിടെ ഭരിച്ചു കടന്നുപോയിട്ടുണ്ട്. രാജാസ്ഥാനിലെ ആഗ്രക്കും ഡൽഹിക്കും ഇടയിലുള്ള ഡീഗ് പാലസിനും പറയാനേറെയുണ്ട്. രാജസ്ഥാന്റെ മുക്കിലും മൂലയിലും ചരിത്രം ഉറങ്ങുന്നു എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇവിടത്തെ ചരിത്ര വിശേഷങ്ങൾ രസകരമായിരിക്കുന്നു.


മുഗൾ , തുർക്കികൾ, മുസ്ലിംകൾ അവരുടെയെല്ലാം ആക്രമണത്തിന് മുൻപ്  18-ാം നൂറ്റാണ്ടിൽ വിവിധ ജാട്ട് വംശജരാണ് രാജസ്ഥാൻ ഭരിച്ചിരുന്നത്. ജാട്ട് രാജാക്കന്മാരുട വേനൽക്കാല വസതിയാണിത്. 1721-യിൽ സിംഹാസനത്തിലെത്തിയ രാജാവ് ഇവിടെയൊരു കൊട്ടാരം പണിതു. പല പ്രാവശ്യം ആക്രമണങ്ങൾ നേരിടേണ്ടി വന്നതു കൊണ്ട് അദ്ദേഹത്തിന്റെ മകൻ  സൂരജ് മാൾ കൊട്ടാരത്തിന് ചുറ്റും കോട്ട നിർമ്മിച്ചു. കോട്ടയിൽ കൂറ്റൻ മതിലുകളും ആഴത്തിലുള്ള കായലും ഉണ്ടായിരുന്നു.അതുകൊണ്ടായിരിക്കാം ഇതിന്  ജൽ മഹൽ എന്നും പേരുണ്ട്. ചുറ്റുമുള്ള കായൽ, മാലിന്യങ്ങളും sewage യൊക്കെയായി ഇന്ന് നമ്മൾ കണ്ടുവരുന്ന ഏതൊരു കായൽ പോലെയായിട്ടുണ്ട്.




"കക്കാൻ അറിഞ്ഞാൽ പോരാ നിൽക്കാനും അറിയണം എന്നാണ് പഴഞ്ചൊല്ലെങ്കിലും   സൂരജ് മാൾ രാജാവ്  അതിനും ഒരു പടി മുന്നിലാണെന്ന് തോന്നുന്നു.ഡൽഹി പിടിച്ചടക്കിയ ശേഷം ചെങ്കോട്ട കൊള്ളയടിച്ചു.  കൊള്ളയടിച്ച മാർബിൾ കെട്ടിടം ഉൾപ്പെടെ പലതും ഡീഗിൽ പുനർനിർമ്മിച്ചു. അതുപോലെ ഊഞ്ഞാലാടാനുള്ള മാർബിളിന്റെ സ്തംഭം (stand) ആഗ്രയിൽ നിന്നും കൊണ്ടുവന്നുവെന്നാണ് പറയുന്നത്. എന്തായാലും മുഗൾ രാജാക്കന്മാരുടെയവിടെ നിന്നും കൊള്ളയടിക്കപ്പെട്ട പലതും കാണാവുന്ന ഒരേയൊരു സ്ഥലമാണിത്.




ആഗ്രയിലേയും ദില്ലിയിലേയും മുഗൾ വാസ്തുവിദ്യകളുടെ മഹത്വം ഇവിടേയും കാണാം. ഉദ്യാനവും അതിന്റെ കേന്ദ്രത്തിലെ നടപ്പാതയുമെല്ലാം മുഗൾ ചാർബാഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ഉണ്ടാക്കിയിട്ടുള്ളതാണ്. പറഞ്ഞിട്ട് നോക്കുമ്പോൾ ശരിയാണ് ആഗ്രയിലും ഇങ്ങനെയൊക്കെയാണല്ലോ.


മറ്റൊരു അതിശയമായി തോന്നിയത്, കോട്ടയെ നിരവധി മാളികളായി തരം തിരിച്ചിരിക്കുന്നു. അതിലെ  കേശവ് ഭവൻ /മൺസൂൺ പവലിയൻ - വേനൽക്കാലത്തെ താപനില കുറക്കുക എന്ന ഉദ്ദേശ്യത്തോടെ 2 വലിയ വാട്ടർ ടാങ്കുകളിൽ നിന്ന്

2000 ത്തിൽ കൂടുതൽ ഫൗണ്ടൻ വെച്ച് മഴയും നൂറു കണക്കിന് മെറ്റൽ ബാളുകൾ ജല സമ്മർദ്ദം ഉപയോഗിച്ച് ഉരുട്ടിക്കൊണ്ടിരിക്കുന്നു. ഇത് ഇടിമിന്നൽ പ്രതീതിയുണ്ടാക്കുന്നു.അങ്ങനെ ആകെ മൊത്തം മൺസൂൺ അന്തരീക്ഷം സൃഷ്ടിക്കുന്നു.250 വർഷം മുൻപ് നിർമ്മിച്ച ഇവ ഇപ്പോഴും വർഷത്തിൽ രണ്ടു തവണ  പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം October ലും പിന്നെ  north India യുടെ പേര് കേട്ട ഹോളിക്കുമാണ് പ്രവർത്തിക്കാറുള്ളത്. അതിനായിട്ട് അതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് കേട്ടപ്പോൾ വെറുതെ കണ്ണും തള്ളി വായും പൊളിച്ച് നിൽക്കാനെ സാധിച്ചുള്ളൂ. അവരൊക്കെ ഏത് കോളേജിലാണാവോ പഠിച്ചത്?


ഗൈഡ് എന്ന് പറയാൻ പ്രത്യേകിച്ച് ആരുമില്ലയെങ്കിലും അവിടത്തെ സെക്യൂരിറ്റിക്കാരൻ തന്നെയാണ് ഗൈഡിന്റെ കർത്തവ്യവും ഏറ്റെടുത്തിരിക്കുന്നത്. കൂടെയുള്ളവരിൽ പലരും അയാളിൽ വിശ്വാസമില്ലാതെ ഗൂഗിളിലാണ് ആശ്രയിച്ചിരിക്കുന്നത്. ഗൂഗിളും അദ്ദേഹത്തിന്റെ വിവരണവുമൊക്കെയായി അവിടത്തെ വിവരണങ്ങൾ ഞങ്ങൾ മനസ്സിലാക്കി എടുക്കുകയായിരുന്നു. അതുകൊണ്ടൊക്കെയായിരിക്കാം ടൂറിസ്റ്റുകാരുടെ ലിസ്റ്റിൽ  ഇല്ലാത്ത ഒരു സ്ഥലമാണിത്. അധികം കേട്ടിട്ടു പോലുമില്ല.വേണമെങ്കിൽ മറഞ്ഞിരിക്കുന്ന നിധി എന്നു തന്നെ പറയാം. 


ബന്ധപ്പെട്ട അധികാരികൾ നന്നായി കൈകാര്യം ചെയ്തിരുന്നെങ്കിലെന്ന് വെറുതെയൊരാശ !







No comments:

Post a Comment