ഉത്തരാംഖണ്ഡ്
ദേവഭൂമി എന്ന് വിളിക്കുന്ന ഉത്തരാഖണ്ഡ്. പ്രശസ്ത ഹൈന്ദവ ആരാധനാ പ്രദേശങ്ങളായഹരിദ്വാറും ഋക്ഷികേശും അതുപോലെ ഭാരത ചരിത്രത്തിൽ സ്ഥാനമുള്ള ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങളുടെയും സ്ഥലം. 2000 -യിലാണിത് ഇന്ത്യയുടെ 27-ാം സംസ്ഥാനമായി രൂപീകരിക്കപ്പെട്ടത്. ഹിമാലയൻ മലനിരകളെ കൊണ്ട് സമ്പുഷ്ടമായ ഇവിടം ടൂറിസത്തിനും പ്രസിദ്ധമാണ്. മഞ്ഞുകാലത്ത് പൂർണ്ണമായും മഞ്ഞു കൊണ്ട് പുതച്ചു കിടക്കുന്ന പല സ്ഥലങ്ങളുമുണ്ട് ഇവിടെ.
നിങ്ങളിലെ പ്രകൃതി സ്നേഹിയേയും, സാഹസികതയേയും, ഭക്തിയേയും ഒരു പോലെ പ്രീതിപ്പെടുത്തുന്ന സ്ഥലമാണിത്. ഒക്ടോബറിൽ ഒരാഴ്ചയ്ക്കായി ഞങ്ങൾ നടത്തിയ ഉത്തരാഖണ്ഡ് യാത്ര….
Rafting experience @ Shivalik
Mary had a little lamb,
Its fleece was white as snow, yeah
Everywhere the child went,
The little lamb was sure to go, yeah
ഈ യാത്രയിൽ എന്റെ അവസ്ഥയും ആ കുഞ്ഞാടിനെ പോലെയാണ്. ഇതിന് മുൻപ് രണ്ടു പ്രാവശ്യം ഈ സാഹസികയാത്ര ഞങ്ങൾ നടത്തിയിട്ടുള്ളതാണ്. അതിൽ ഒരു വട്ടം ബോട്ട് തലകുത്തി മറ
ഞ്ഞിട്ടുമുണ്ട്. മനസ്സിലെ ആ പേടിയെക്കുറിച്ച് കാന്തനോട് പറയണമെന്നുണ്ടെങ്കിലും പൊതുവെ സാഹസമാക്കെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിൽ നിന്നും തിരിച്ചു കേൾക്കാവുന്ന മറുപടിയെക്കുറിച്ചറിയാവുന്നതുകൊണ്ട് ഞാനും അദ്ദേഹത്തിന്റെ പുറകെ….
ഇന്ത്യയുടെ വടക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലുള്ള ശിവന്റെ വസ്ത്രങ്ങൾ എന്നർത്ഥം വരുന്ന ശിവാലിക് പർവ്വതനിരകളുടെയവിടെയുള്ള ഗംഗാനദിയിലാണ് ഞങ്ങളുടെ യാത്ര. റാഫ്റ്റിംഗ്, ട്രക്കിംഗ്, കയാക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് അനുയോജ്യമായ സ്ഥലം. പോരാത്തതിന് ധ്യാനത്തിനും യോഗക്കും പേരു കേട്ട ഋക്ഷികേശ് എന്ന ചെറിയ പട്ടണവും തൊട്ടടുത്ത് തന്നെ. എല്ലാം കൊണ്ടും പ്രാദേശിക ജനങ്ങളെക്കാളുമധികം സഞ്ചാരികളാണെന്ന് തോന്നുന്നു.
ഞങ്ങളടക്കം 9 പേരാണ് ഒരു ബോട്ടിൽ യാത്ര ചെയ്യുന്നത്.അതിൽ 2 പെൺകുട്ടികളും 5 ആൺ കുട്ടികളുമാണള്ളത്.. അവരെല്ലാവരും ഏതോ ഓഫീസിൽ നിന്ന് 3 - 4 ദിവസത്തെ അവധിക്ക് ആഘോഷിക്കാൻ വന്നവരാണ്. അതിന്റേതായ ബഹളത്തിലും ആഹ്ളാദത്തിലുമാണവർ.
ഞങ്ങളുടെ കൂടെ വന്നേക്ക് എന്നു പറഞ്ഞു കൊണ്ട്,Air നിറച്ച ആ ഭീമാകാരമായ ബോട്ട് തലയിൽ വെച്ചു കൊണ്ട് നിർദ്ദേശകനും അദ്ദേഹത്തിന്റെ സഹായിയും കൂടെ ഒരു കുന്നിറങ്ങി കൊണ്ട് ഒറ്റ ഓട്ടം. പല പ്രാവശ്യം മുകളിലോട്ടും താഴോട്ടും നടന്നതിന്റെ ഭാഗമായിട്ടുള്ള പാതയിലൂടെയാണ് ആ യാത്ര.
അതോടെ സാഹസത്തിന്റെ ആദ്യ കടമ്പ തുടങ്ങിയെന്ന് പറയാം. പെൺകുട്ടികളുടെ അവരവരുടെ boyfriend നോടുള്ള ചില പൊസ്സസ്സീവ് ആയിട്ടുള്ള പെരുമാറ്റം പലപ്പോഴും അരോചകമായി തോന്നിയെങ്കിലും 'മൗനം വിദ്വാന് ഭൂഷണം ' എന്നാണല്ലോ ?
ഗംഗാ നദിയിലൂടെ 13 കി.മീ.റാഫ്ക്ടിംഗ് (rafting) യാണ് ചെയ്യുന്നത്. അതിനു വേണ്ടിയുള്ള നിർദ്ദേശങ്ങളും എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചുള്ള വിവരണമായിരുന്നു അടുത്ത ഘട്ടം.അതോടെ കൂട്ടത്തിലുള്ളവരുടെ പലരുടേയും മുഖത്ത് പേടിച്ചരണ്ട ഭാവമായി. ഞാനടക്കം എല്ലാവർക്കും ഒരേ ഭാവം. അതെനിക്കൊരു ആശ്വാസമായി. ഞാൻ തുഴയില്ല എന്ന് പറഞ്ഞ് നിർദ്ദേശകനെ എന്റെ തുഴയും കൂടി ഏൽപ്പിച്ചപ്പോൾ കൂടുതൽ സമാധാനം. ഹെൽമെറ്റും ലൈഫ് ജാക്കറ്റുമിട്ട് അത്യാവശ്യത്തിനുള്ള പരിശീലനവും നടത്തി ഞങ്ങൾ മുന്നോട്ട്…..
നദിയിൽ പല തരത്തിലുള്ള rapids( അതിശീഘ്രമൊഴുക്കുള്ള നദി ഭാഗം ) ഉണ്ട്. ഞാൻ നടത്തിയിട്ടുള്ള യാത്രയിൽ ലെവൽ 5 വരെ ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ന് ലെവൽ 3 വരെ ചെയ്യുന്നുള്ളൂ എന്നതും എനിക്കൊരു ആശ്വാസമാണ്.
നേരത്തെ ചെയ്തിട്ടുള്ള ഇത്തരം യാത്രകളിൽ നിന്നും വ്യത്യസ്തമായി, കുണുങ്ങി സുന്ദരിയായി ഒഴുകുന്ന നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോൾ
ബോട്ടിലുള്ള കയർ പിടിച്ച് വെള്ളത്തിൽ ചാടാനായിരുന്നു നിർദ്ദേശകന്റെ നിർദ്ദേശം. rapids ലെ ലെവൽ 1&2 - എളുപ്പവും അധികം പ്രയാസമില്ലാത്തതുമാണ്. എന്നാൽ അടുത്ത 3 എത്തുന്നതോടെ intermediate level ലാവുന്നു. നദി ഏതോ ഗർജ്ജിക്കുന്ന രീതിയിലാണ്. മരണ വെപ്രാളത്തോടെയായിരുന്നു ഞാനടക്കം ഓരോരുത്തരും നിർദ്ദേശകന്റെ നിർദ്ദേശങ്ങൾ മറ്റുള്ളവർക്ക് പാസ്സ് ചെയ്തിരുന്നത്. ആ സമയത്ത് ചിലർ ഗംഗാദേവിയേ വിളിച്ച് പ്രാർത്ഥിക്കാനും മറന്നില്ല. ഒഴുക്കിന് എതിരെ ശക്തിയായി തുഴഞ്ഞ് മറികടക്കണം.അതിനെല്ലാം നല്ലയൊരു ടീം വർക്ക് ആവശ്യമാണ്. പിന്നീട് ലെവൽ1 റാപ്പിഡിൽ ബോട്ടിലുള്ള കയറിൽ പിടിച്ച് നീന്തി വരാനുമുള്ള അവസരവും ഉണ്ടാക്കി തന്നു.
യാത്ര കഴിയുമ്പോഴേക്കും എല്ലാവരിലെയും പൊസ്സസ്സീവ്‌ന്‌സ്സ് വെള്ളത്തിൽ ഒഴുകി പോയോ എന്ന് സംശയം. എല്ലാവരും ' കട്ട ഫ്രണ്ട്സ്'. ഭയപ്പെട്ടതു പോലുള്ള അപകടങ്ങൾ ഉണ്ടാവത്തതിനാൽ ഞാനും ഹാപ്പി.
നിർദ്ദേശകന്റെ ഹെൽമെറ്റിൽ സ്ഥാപിച്ചിരുന്ന Gopro പിന്നീട് കണ്ടാസ്വദിക്കാൻ പറ്റിയ വീഡിയോകളും ഫോട്ടോകളും സമ്മാനിച്ചു.
മേരിയുടെ കുഞ്ഞാടിനെ പോലെ ഞാൻ പിന്നെയും അദ്ദേഹത്തിനും പുറകെ…..
ലക്ഷമണാ ജൂലാ
ഋക്ഷികേശ് നഗരത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഗംഗാ നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് ലക്ഷ്മണ ജൂല. നദിയിലെ രണ്ടുവശത്തുള്ള ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ശ്രീരാമന്റെ ഇളയ സഹോദരനായ ലക്ഷ്മണൻ ഗംഗാനദി കടന്നത് ഇതേ സ്ഥലത്ത് നിന്ന് ചണക്കയറുപയോഗിച്ചാണെന്നാണ് വിശ്വാസം. ഇന്ന് അത് 450 അടി നീളവും നദിയിൽ നിന്ന് 70 അടി ഉയരവുമുള്ള ഇരുമ്പു പാലമാണ്. ഞങ്ങൾ സന്ദർശിച്ച ആ ദിവസം വടക്കേ ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളുടെ ആഘോഷമായ 'കാർവാ ചൗത്ത് 'ആയതിനാലാകാം ക്ഷേത്രത്തിൽ നിന്നുള്ള മന്ത്രങ്ങളും ശ്ലോകങ്ങളും കൊണ്ട് ആ പ്രദേശം മുഴുവനും ശബ്ദമുഖരിതമായിരുന്നു.
കർവാ ചൗത്ത്, നമ്മുടെ നാട്ടിൽ ഇതിന് വലിയ പ്രചാരമുണ്ടെന്ന് തോന്നുന്നില്ല. കാർത്തിക മാസത്തിലെ പൗർണ്ണമി കഴിഞ്ഞ് നാലാം ദിവസമാണ് ആഘോഷിക്കാറുള്ളത്. വിവാഹിതരായ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ സുരക്ഷിതത്വത്തിനും ദീർഘായുസ്സിനുമായി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വ്രതം അനുഷ്ഠിക്കുന്നു. മൈലാഞ്ചി ഇട്ട് പുതിയ വസ്ത്രം ധരിച്ച് പൂജ നടത്തി രാത്രി ചന്ദ്രനെ ദർശിച്ച് വെള്ളം കുടിച്ച് നോമ്പു തുറക്കും. ചില ഹിന്ദി സിനിമകളിൽ മനോഹരമായി ചിത്രീകരിച്ചു കണ്ടിട്ടുണ്ട്.
രാത്രിസമയത്ത് ദീപാലങ്കരങ്ങളാൽ ലക്ഷ്മണ ജൂല കൂടുതൽ സുന്ദരിയായിരിക്കുന്നു. ഇതിനോട് ചേർന്നുള്ള വഴിവക്കിലെ മാർക്കറ്റുകൾ നല്ലയൊരു ടൂറിസ്റ്റു കേന്ദ്രമാക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഫോണിലെ മലയാളം പാട്ടിന്റെ പശ്ചാത്തലത്തിൽ തലകുത്തി ഡാൻസ് ചെയ്യുന്ന പയ്യനെ കൗതുകത്തോടെയാണ് നോക്കി നിന്നതെങ്കിലും പിന്നീടുള്ള തെരുവുപട്ടിയേയും കൂടെ കൂട്ടിയുള്ള ഡാൻസു കണ്ടപ്പോൾ, ' ആൾ ശരിയല്ല' എന്ന് സ്വയം പറഞ്ഞു ഞാൻ വേഗം സ്ഥലം കാലിയാക്കി. മുടിയാകെ ജടയും താടിയും കാവിവേഷവുമൊക്കെയായി ഇതു പോലെയുള്ള ആൾക്കാർ അവിടെ ധാരാളമുണ്ടായിരുന്നു.
ടൂറിസ്സത്തിന് പ്രാധാന്യമുള്ള സ്ഥലമായതുകൊണ്ട് താമസിക്കാനായിട്ട് ഹോട്ടലുകളും റിസോർട്ടുകളും ധാരാളം. എന്നാൽ നദിയെ അഭിമുഖീകരിച്ചുള്ള പ്രദേശത്ത് ടെന്റുകൾ കെട്ടി താമസത്തിനായി വാടകയ്ക്ക് കൊടുക്കുന്നവരും അതുപോലെ ചില കടയുടെ മുകളിലുള്ള ട്ടെറസ്സിൽ ടെന്റുകൾ കെട്ടി താമസ സൗകര്യം ഒരുക്കിയവരേയും കണ്ടു.
സഞ്ചാരികൾ എന്തും പരീക്ഷിക്കാൻ തയ്യാറാണെന്ന മട്ടിലാണെന്ന്
തോന്നുന്നു.
1986-ൽ പണി കഴിപ്പിച്ച രാം ജൂല ഋക്ഷി കേശിന്റെ മറ്റൊരു പ്രധാന അടയാളങ്ങളിലൊന്നാണ്. ഈ പാലം ലക്ഷ്മണൻ ജൂലയേക്കാൾ വലുതാണ്. ഇത് നദിയിൽ നിന്ന് 2 കി.മി. മുകളിലും 750 അടി നീളത്തിലുമാണ്. ഗംഗാനദിയിലെ ഇരുകരകളിലുമായിട്ടുള്ള നിരവധി ആശ്രമങ്ങളേയും മതകേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. പകൽ സമയത്തായിരുന്നു ഞങ്ങൾ ഇവിടെ സന്ദർശിച്ചിരുന്നത്. നദിയുടേയും നഗരത്തിന്റെയും വിശാലദൃശ്യം പ്രദാനം ചെയ്യുന്നു. മറ്റൊരു മനോഹരവും ആകർഷകവുമായ കാഴ്ചയാണിത്.
കാഴ്ചകളെപ്പോലെ തന്നെ ഇനിയും അന്തരീക്ഷ മലിനീകരണം ഇല്ലാത്ത UK എന്ന ചെല്ലപ്പേരിൽ വിളിക്കാവുന്ന ഉത്തരാഖണ്ഡ്. അവിടെ വെച്ച് എടുത്ത ഫോട്ടോകൾക്ക് 'from uk'എന്നു
എഴുതി കൂട്ടുകാരികൾക്കയക്കാനും ഞാൻ മറന്നില്ല. അങ്ങനെ ഒരു നിമിഷമെങ്കിലും അവരെയൊക്കെ പറ്റിക്കാനും ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും സാധിച്ച സന്തോഷത്തിൽ ഈ ഞാനും.
വസിഷ്ഠ ഗുഹ
യോഗയ്ക്കും ധ്യാനത്തിനും പേരു കേട്ട ഋക്ഷികേശിൽ , പതിമൂന്നിലധികം ആശ്രമങ്ങളുണ്ടെന്നാണ് പറയുന്നത്. അതിൽ
അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആശ്രമം, പ്രശസ്ത ബാൻഡായ ' ബീറ്റിൽസ്' ലെ അംഗങ്ങൾ ഈ സ്ഥലത്ത് ധ്യാനം പരിശീലിക്കുകയും നിരവധി ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പിന്നീട് ബീറ്റിൽസിന്റെ ആരാധകരുടെ ഒരു പ്രശസ്ത സന്ദർശനസ്ഥലമായി മാറി. 'ചൗരാസി കുടിയ' എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം 2015 നു ശേഷം 'ബീറ്റിൽസ് ആശ്രമം' എന്നാണറിയപ്പെടുന്നത്.
ഞങ്ങൾ സന്ദർശിച്ച ' വസിഷ്ഠ ഗുഹ', എന്ന ആശ്രമം, ഋക്ഷികേശിൽ നിന്ന് 25 കി.മീ. ദൂരെയായിട്ടാണ്.
ചില ഗുഹകൾക്ക് മതപരമായ മൂല്യങ്ങളും പ്രശസ്തമായ ചരിത്രങ്ങളുമുണ്ട്. വിദേശികളടക്കം പല തീർത്ഥാടകരും വിനോദസഞ്ചാരികളും സന്ദർശിക്കുന്ന സ്ഥലമാണ്.
പേരിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ പുരാതന ഇന്ത്യയിലെ ഏഴു മഹാമുനിമാരിൽ മഹാനായ വസ്ഷ്ഠിന്റെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.വസിഷ്ഠ ഋഷി വളരെക്കാലം ഇവിടെ ധ്യാനിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ഗുഹ ഋക്ഷികേശിലെ മനോഹരമായ ഒരു ധ്യാനസ്ഥലമാണ്. നിരവധി ആളുകൾ ധ്യാനത്തിനായി ഇവിടം സന്ദർശിക്കുന്നു.
മെയിൻ റോഡിൽ നിന്ന് ഗുഹയിലോട്ടുള്ള യാത്ര വളരെ ആയാസകരമാണ്.
പാതകളും പടികളുമുണ്ടെങ്കിലും ഇതൊന്നും ശീലമില്ലാത്തതു കൊണ്ട് കാലുകൾ പലപ്പോഴും ക്ഷീണിച്ചു മടുത്തു. ഒരു കുന്നിനടിയിലാണിത്. വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഒരാൾ ഞങ്ങളുടെ കൂടെ കൊച്ചുവർത്തമാനം പറഞ്ഞു കൊണ്ട് ഒരു ഗൈഡിനെ പോലെ കൂടെയുണ്ട്.
ഗുഹ ഇരുണ്ടതും നീളമുള്ളതുമാണ്. വൃത്തിയായി പരിപാലിച്ചിരിക്കുന്നു. പ്രധാന പ്രതിഷ്ഠയുടെ അവിടെ നിന്നും വെള്ളം താഴോട്ടു വീഴുന്നുണ്ട്. അതിന് താഴെ പാറ കൊണ്ടുള്ള ചെറിയ സംഭരണിയിലേക്കാണ് വീഴുന്നത്. അതൊരുത്ഭവും പ്രസാദവും പോലെയുമാണ് അവിടെ വന്നവർ ആചരിക്കുന്നത്.
മൊബൈലിലെ വെളിച്ചത്തിലാണ് ഇതൊക്കെ കണ്ടത്. അത്രയും ഇരുട്ടാണ് അതിനുള്ളിൽ . ഗുഹക്ക് വെളിയിലായി ഒരു വരാന്തയുമുണ്ട്. ഞങ്ങൾ ചെന്നപ്പോൾ ഉച്ച സമയമായിരുന്നു. അവിടെ സൗജന്യ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ടു കൂടിയായിരിക്കാം ശബ്ദമുഖരിതമായിരുന്നു. ധ്യാനിക്കാൻ പറ്റിയ സ്ഥലം എന്ന കേട്ടറിവ് അത്ര ഉചിതമായി തോന്നിയില്ല.
ഗുഹയിൽ നിന്ന് 100-150 മീറ്റർ അകലെയായി ശാന്തമായി ഗംഗാനദി ഒഴുകുന്നുണ്ട്. എന്നാൽ ആ 100 - 150 മീറ്റർ , മണലും ഉരുളൻകല്ലുകളുമൊക്കെയായി വേറെ ഏതോ ഗ്രഹത്തിലെത്തിയ പോലെ ! അതെല്ലാം നദിയുടെ അടിത്തട്ടാണെന്ന് കൂടെയുള്ള ആൾ. അദ്ദേഹത്തിന്റെ ഓർമ്മയിൽ നദി ഒരിക്കലും അത്രയും വിപുലമായി ഒഴുകിയിട്ടില്ല എന്നാണ് പറഞ്ഞത്. ഗംഗാനദിയിൽ കുളിക്കാനുള്ള സൗകര്യമുണ്ട്. ഈ ആശ്രമത്തിനോട് ചേർന്ന് താമസിക്കാനുള്ള സ്ഥലവും കണ്ടു.
അവിടെ നിന്ന് തിരിച്ചുള്ള യാത്രയ്ക്കിടെയിലാണ് , നിങ്ങൾ എന്താ പ്രസാദം മേടിക്കാഞ്ഞത്? ഗൈഡായി വന്ന അദ്ദേഹത്തിന്റെ ചോദ്യം. പ്രസാദമെന്നത് ലഡു ആണെന്ന് ഞാനറിഞ്ഞില്ല. പൊതുവെ മധുരം ഇഷ്ടമുള്ള എനിക്ക് അതൊരു നഷ്ടമായി. സ്വമേധയാ കൂടെ വന്ന ഗൈഡിന് ചെറിയൊരു സംഭാവന കൊടുത്ത് അവിടെ നിന്ന് യാത്ര പറയുമ്പോൾ, ഭക്തന്മാർക്ക് മാത്രമല്ല ഇങ്ങനെയുള്ള ചിലർക്കും കൂടി ഒരു ആശ്രയമാണ് ഇത്തരം ആശ്രമങ്ങൾ എന്ന് തോന്നിപ്പോയി.
Dhanaulti
അമ്മയിൽ നിന്നും മാറ്റിയ കുഞ്ഞാടുകളുടെ കരച്ചിലോ മറുപടിയെന്നോണം ഉള്ള അമ്മയുടെ കരച്ചിലോ നിർദ്ദയം അവഗണിക്കുന്ന രീതിയിലായിരുന്നു ആ ആട്ടിടയന്റേത്.പത്ത് - പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന അവന്, ആട്ടിൻ കൂട്ടങ്ങളെ കാടുകളിൽ മേയ്ക്കാൻ വിട്ടതിനു ശേഷം വേണം സ്കൂളിൽ പോകാൻ. പോകുന്ന വഴിക്ക് സ്കൂളിൽ പോകാനായി നിൽക്കുന്ന പെൺകുട്ടികളോട് 'ഹോം വർക്കിനെ പറ്റിയൊക്കെ അന്വേഷിക്കുന്നുണ്ട്. സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ ആടുകളെ തിരിച്ചു കൊണ്ടു വരുമോ എന്ന ഞങ്ങളുടെ ചോദ്യത്തിന്, "ഇല്ല അവർ തനിയെ തിരിച്ചു വരുമെന്നാണ് മറുപടി. മനോഹരമായ ആ ഗ്രാമക്കാഴ്ചകളെ ചെറിയൊരു അസൂയയോടെയും കൗതുകത്തോടെയും വീക്ഷിക്കുകയായിരുന്നു ഞാൻ.
അടുത്തുള്ള സ്കൂളിലേക്ക് പോകാനായി കൂട്ടുകാരികളെ കാത്തുനിൽക്കുകയാണ് പെൺകുട്ടികൾ. ഹിന്ദി മീഡിയത്തിലാണ് പഠിക്കുന്നത്. ഇംഗ്ലീഷ് ഒരു ഭാഷയായിട്ട് പഠിക്കുന്നുണ്ട്. ഞങ്ങളുടെ ചോദ്യങ്ങൾക്ക് , അപരിചിതരോട് വർത്തമാനം പറയുന്ന ജാള്യതയും ചിരിയുമായിട്ട് ഉത്തരം പറയുമ്പോൾ, ഞങ്ങളോടുള്ള അവരുടെ ആ പെരുമാറ്റം ഇഷ്ടപ്പെടാത്തതുകൊണ്ട് അവിടെയുണ്ടായിരുന്ന ഒരു പെട്ടിക്കടക്കാരൻ അവരെ വഴക്കു പറയുന്നുമുണ്ട്. ആ രക്ഷാകർതൃസ്ഥാനം ഏറ്റെടുത്ത അയാളെ കണ്ടപ്പോൾ,എന്റെയെല്ലാം സ്ക്കൂൾ കാലത്തുണ്ടായിരുന്ന ആ 'ലോക്കൽ ഗാർഡിയൻ' മാരെയാണ് ഓർമ്മ വന്നത്. ബസ്സിലെ ഡ്രൈവറും കണ്ടക്ടറും മുറുക്കാൻ കടയിലെ അമ്മാവനും ഓട്ടോറിക്ഷാസ്റ്റാൻഡിലെ ചേട്ടന്മാരും എല്ലാവരും 'ലോക്കൽ ഗാർഡിയൻ' എന്ന സ്ഥാനം സ്വയം ഏറ്റെടുത്തവരായിരുന്നു. ഇന്ന് കേരളത്തിൽ നിന്ന് ശുഭകരമല്ലാത്ത വാർത്തകൾ കേൾക്കുമ്പോൾ നമ്മുടെ ലോക്കൽ ഗാർഡിയൻസിന് എന്തുപറ്റി എന്നോർക്കാറുമുണ്ട്. അവിടുത്തെ സ്കൂളിൽ ഏകദേശം 300 കുട്ടികൾ പഠിക്കുന്നുണ്ട്. പത്താം ക്ലാസ്സുവരെയുള്ള സർക്കാർ സ്കൂളാണത്.
ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നായ 'Dhanaulti' എന്ന സ്ഥലം സന്ദർശിച്ചപ്പോൾ കണ്ട ചില പുലർക്കാല കാഴ്ചകളാണിത്.ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർ പ്രദേശ്, എന്നിവയെല്ലാം ഉത്തരാഖണ്ഡിന്റെ അയൽ സംസ്ഥാനങ്ങളും ഡൽഹി പോലുള്ള നഗരത്തിന്റെ സാമീപ്യവും ഇതിനെ ഉത്തരാഖണ്ഡിന്റെ ജനപ്രിയ ശൈത്യ കേന്ദ്രമായി മാറ്റിയിരിക്കുകയാണ്.സമുദ്രനിരപ്പിൽ നിന്ന് 2286 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഹിമാലയത്തിന്റെ വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.
'ഗൂഗിളിന് എന്ത് അറിയാം' എന്ന മട്ടിലാണ് താമസിക്കുന്ന ഹോട്ടലിലുള്ളവർ ! eco Park യും സുർക്കന്ദ ദേവി ക്ഷേത്രവുമാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായി ഗൂഗിൾ പറഞ്ഞിരിക്കുന്നത്.
അവരുടെ അഭിപ്രായത്തിന്റെ ഭാഗമായിട്ടാണ്, ഏഴ്- എട്ട് കി.മീ ദൂരമുള്ള Digu 'water fall കാണാനായി ഞങ്ങൾ പുറപ്പെട്ടത്. വനം വകുപ്പുകാരുടെ അധീനതയിലുള്ള ആ സ്ഥലത്തെ വെള്ളച്ചാട്ടത്തിലേക്ക് എത്താൻ നല്ലയൊരു ട്രെക്കിംഗ് ആവശ്യമുള്ളതു കൊണ്ടാകാം തിരക്കും മാലിന്യങ്ങളുമില്ലാത്ത പ്രകൃതിയുടെ അമൂല്യ കാഴ്ച. ഞങ്ങൾ അവിടെ ചെന്നപ്പോൾ ,
പ്രകൃതി ഒരുക്കി തന്നിട്ടുള്ള ആ ദൃശ്യവിധാനത്തിന് മുമ്പിൽ നിന്ന് ഫോട്ടോകൾ എടുക്കുന്ന തിരക്കിലാണ് അവിടെയുണ്ടായിരുന്നവർ.
കോളേജ് കുട്ടികൾക്ക് അധികവും സെൽഫിയിലാണ് ശ്രദ്ധയെങ്കിൽ യുവമിഥുനങ്ങൾ പലപ്പോഴും വിചാരിച്ച പോലെ ഫോട്ടോ വരാത്തതിന്റെ നീരസത്തിലാണ്. എന്നാൽ 68 വയസ്സുള്ള അമ്മാവനും അദ്ദേഹത്തിന്റെ അനിയനും കൂടി വന്നിരിക്കുന്നത്, അമ്മാവൻ മരിക്കുമ്പോൾ ഇടേണ്ട പത്രവാർത്തയിൽ കൊടുക്കേണ്ട ഫോട്ടോ എടുക്കാനായിട്ടാണ്. ഓരോരുത്തരുടെയും ഫോട്ടോക്ക് വേണ്ടിയുള്ള ഭാവങ്ങൾ കാണാൻ രസകരം.
മഴവെള്ളമോ അല്ലെങ്കിൽ മഞ്ഞു ഉരുകിയുണ്ടാകുന്ന വെള്ളമാണ് വെള്ളച്ചാട്ടങ്ങളെ കൂടുതൽ സുന്ദരിയാക്കുന്നത്. വെള്ളച്ചാട്ടത്തെ തുടർന്നുള്ള അരുവിയും പാറക്കൂട്ടങ്ങളും നയന മനോഹരം.
ഞങ്ങളും അവിടെയുണ്ടായിരുന്ന അമ്മാവനും അനിയനും കൂടിയായിരുന്നു മടക്കയാത്ര . വന്നതിനേക്കാളും ബുദ്ധിമുട്ടുള്ളതായിരുന്നു ആ യാത്ര. കാലൊന്ന് തെറ്റിയാൽ മിനുട്ടുകൾക്കകം താഴെ എത്താം എന്ന മട്ടിലാണ് പലസ്ഥലവും. പലയിടത്തും ഞാൻ പേടിച്ചു നിന്നപ്പോൾ , അവർ ഓടിച്ചാടിയെല്ലാം പോകുന്നുണ്ട്. ഞങ്ങൾ' പഹാഡി 'കളെയല്ലേ( പഹാഡി , ഹിന്ദി വാക്കാണ്. മലയോരത്തിൽ വളർന്നവരല്ലെ) എന്നാണ് പറയുന്നത്.
പത്രത്തിൽ ഇടാനായി എടുത്ത ആളിന്റെ ഫോട്ടോ മാറി പോയോ , എന്ന സംശയത്തിലായി ഞാൻ!😉
ബദരീനാഥ് & കേഥാർനാഥ് ക്ഷേത്രങ്ങളിലേക്കുള്ള ഹെലികോപ്ടർ യാത്ര ആരംഭിക്കുന്നത് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലിൽ നിന്നു ആയതുകൊണ്ട് ഇടയ്ക്കിടെ ആ ശബ്ദവും കേൾക്കാം.
.മഞ്ഞുകാലത്ത് ഇവിടെ കനത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ, നിരവധി വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. എന്നാലും
വേനൽ കാലത്തിന്റെ അവസാനമെന്നു പറയാവുന്ന ഒക്ടോബറിൽ മാസത്തിലെ ഞങ്ങളുടെ യാത്രയിൽ - ദേവദാരു, ഉയരമുള്ള ഓക്ക് വനങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ സ്ഥലത്തു കൂടെയുള്ള യാത്രയും മോശമല്ല.
അതിനേക്കാളുപരി ശുദ്ധവായുവും നിശ്ശബ്ദതയുമാണ് അവിടുത്തെ സൗന്ദര്യം കൂട്ടുന്നത്. അതൊക്കെ തന്നെയായിരിക്കണം ആ ഹിൽസ്റ്റേഷനിൽ നിന്ന് തിരിച്ചു വരുമ്പോൾ, നമ്മളെ കൂടുതൽ ഊർജ്ജസ്വലരാക്കുന്നതും.
Rajaji National Park
മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരത കാണുകയും അതേ കുറിച്ചുള്ള വാർത്തകൾ കേൾക്കുകയും വായിക്കുകയും ചെയ്യുമ്പോൾ , ഇവരെല്ലാം സംഘടിച്ച് നമുക്ക് എതിരെ തിരിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. എന്തായാലും ഇവിടെ ഭാവനയിൽ എന്തു സംഭവിക്കുമെന്ന് ഓർക്കാനൊന്നും സമയമില്ല. കുരങ്ങന്മാരെല്ലാം സംഘടിതരാണ്. ഭക്ഷണം കഴിക്കാനുള്ള കടയോട് ചേർന്നുള്ള മേശയും കസേരകൾക്കും ചുറ്റുമായി ലോഹം കൊണ്ടുള്ള നെറ്റ് ഇട്ടിരിക്കുകയാണ്.ശരിക്കും നമ്മൾ കൂടിനകത്തായതു പോലെ. .
കൂടിനായി ഇട്ടിരിക്കുന്ന നെറ്റിൽ പിടിച്ച് നമ്മളെ നോക്കുകയും ശബ്ദമുണ്ടാക്കുകയും പല്ല് കാണിച്ച് പേടിപ്പിക്കാനും അവർക്ക് മടിയില്ല. ബഹളം കൂടുമ്പോൾ കടയിലുള്ളവർ വലിയ വടിയായിട്ട് എല്ലാവരേയും ഓടിക്കും. കുറച്ചു സമയത്തേക്ക് ശാന്തത. പിന്നെയും തഥൈവ. നമ്മുടെ കൈയ്യിലെ ബാഗ് തട്ടിപ്പറിക്കാനും ഫോട്ടോ എടുക്കുമ്പോൾ മൊബൈൽ കൊണ്ട് ഓടാനും അവർക്ക് മടിയില്ലായെന്നാണ് നാട്ടുകാർ പറയുന്നത്. ഉത്തരാഖണ്ഡിലെ രാജാജി നാഷണൽ പാർക്കിനടുത്തുള്ള ചില്ല എന്ന സ്ഥലത്തെ വഴിവക്കിലെ ഭക്ഷണശാലയിൽ നിന്നുള്ള അനുഭവമാണിതൊക്കെ.
ഋക്ഷികേശിന്റെയും ഹരിദ്വാറിന്റെയും മധ്യത്തിൽ സ്ഥിതി ചെയ്യുന്ന 'ചില്ല' എന്ന സ്ഥലം.ഇന്ത്യയിലെ രാജാജി നാഷണൽ പാർക്കിന്റെ ഭാഗവും ഒരു വന്യ പ്രദേശവുമാണ്.
ഇവിടെയുള്ള അണക്കെട്ടും പവർ ഹൗസുമാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. 1974 യിൽ ആരംഭിച്ച് 1980 പൂർത്തീകരിച്ചു. ഇതിനോട് ചേർന്നുള്ള ഗസ്റ്റ് ഹൗസിലായിരുന്നു ഞങ്ങളുടെ താമസം. തടി കൊണ്ട് ഉണ്ടാക്കിയിട്ടുള്ള കോട്ടേജുകളും പൂന്തോട്ടത്തിന്റെ മനോഹാരിതയും ഗസ്റ്റ് ഹൗസിനടുത്തായിട്ടുള്ള അണക്കെട്ടിലെ വെള്ളം ഒഴുകുന്നതും സർക്കാർ ഗസറ്റ് ഹൗസുകളും ഒട്ടും മോശമല്ല എന്ന് പറയുന്നതായിരുന്നു കൂട്ടത്തിൽ പോക്കറ്റിലെ പഴ്സ് കാലിയാകുന്നതും വളരെ സാവധാനമാണെന്ന സമാധാനവുമുണ്ട്. പക്ഷെ
'photography stricely prohibited' എന്ന ബോർഡ് കണ്ടപ്പോൾ, സർക്കാരിന്റെ അല്ലെ, എന്ന പതിവു വാചകം ചൊല്ലാതെ വയ്യല്ലോ?
ഉത്തരാഖണ്ഡിലെ മൂന്നു ജില്ലകളിലായി 820 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നതാണ് രാജാജി ദേശീയോദ്യാനം . വിനോദ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും സന്തുലിതമാക്കുന്നതിനുമായി പ്രധാനമായും നാല് സഫാരി സോണുകളുണ്ട്. തുറന്ന ജിപ്സി ജീപ്പിലുള്ള ജംഗിൾ സഫാരിയാണുള്ളത്. ആനക്കൂട്ടങ്ങൾ, പുലികൾ, പുള്ളിമാൻ, കടുവ ---- മൂന്നൂറിലധികം ഇനങ്ങളിൽ പെട്ട പക്ഷികളും ഇവിടെയുണ്ട്.
രാവിലെയും വൈകുന്നേരമാണ് കാട്ടിൽ കൂടി യാത്ര ചെയ്യാവുന്ന സഫാരി . മൂന്നു - നാലു മണിക്കൂറിലെ യാത്രയാണ്. രണ്ടു സൈഡും വനങ്ങളും അതിന് നടുവിലൂടെയുള്ള ഓഫ് റോഡ് യാത്ര, അമ്പരപ്പും ഭീതിയുമാണ് ആദ്യം അനുഭവപ്പെട്ടത്. പിന്നീട് മൃഗങ്ങളെയൊന്നും കാണാതായപ്പോൾ animal planet tv യിൽ കണ്ടിട്ടുള്ള ചില tips വെച്ച് ഏതെങ്കിലും മൃഗങ്ങൾ അടുത്തുണ്ടോ എന്ന ഗവേഷണത്തിലായി. അടുത്ത കാലത്തുണ്ടായിരുന്ന മഴ കൊണ്ടായിരിക്കാം ഇരുവശങ്ങളും ഇടതൂർന്ന പച്ചപ്പ് ആയിരുന്നു. വണ്ടിയുടെ ശബ്ദം കാരണം അവിടെയവിടെയായി നിന്നിരുന്ന മാനുകളും കാട്ടുപന്നിയും മറ്റും ഓടി മറഞ്ഞു. മൃഗങ്ങളെ കാണാത്തതു കൊണ്ട് കാട്ടിലുള്ള മരങ്ങളെ കുറിച്ചുള്ള വിവരണമായി ഗൈഡിന് . എട്ടുകാലി ഉണ്ടാക്കിയ giant spider web യായിരുന്നു പിന്നെ കണ്ട കൗതുകം. ഒരു ദിവസം കൊണ്ടാണ് അതുണ്ടാക്കുന്നത്.
പിറ്റേദിവസത്തെ രാവിലത്തെ സഫാരിക്കും ഞങ്ങൾ പോയിരുന്നു. ആനയ്ക്ക് ഇഷ്ടമുള്ള ഏതോ മരത്തിന്റെ അടുത്ത് കുറെ സമയം കാത്ത് നിന്നെങ്കിലും അവരൊക്കെ പിണക്കത്തിലാണെന്ന് തോന്നുന്നു.
Pebble river jeep drive, ഗംഗാനദിയും എണ്ണമറ്റ ചെറുതും വലുതുമായ അരുവികൾ ആ നാഷണൽ പാർക്കിനെ സമ്പന്നവും വൈവിധ്യ പൂർണ്ണമാക്കിയിട്ടുണ്ട്. അങ്ങനെ പൊട്ടിച്ചിരിക്കുന്ന പുഴയുടെ വശത്തു കൂടെയും നാണം കുണുങ്ങിയൊഴുകുന്ന പുഴയെ മുറിച്ചു കടന്നും പുഴ യോട് ചേർന്നുള്ള ചില ഭാഗത്ത് ഇടി - മിന്നലിന്റെ ഭാഗമായി നശിച്ചു പോയ മരങ്ങളും പശ്ചാത്തലത്തിലുള്ള കുന്നുകളും മനോഹരമായ കാഴ്ച സമ്മാനിക്കുന്നു.
ഡ്രൈവർ കൊണ്ടുപോയ ചായക്കടയിൽ ചെന്നപ്പോൾ, ട്ടെക്നോളജിയുടെ കാര്യത്തിൽ അവരും ഒട്ടും പുറകിലല്ല എന്ന മട്ടിലാണ്. ഗോതമ്പും മറ്റു ധാന്യങ്ങളും പൊടിപ്പിക്കുന്ന മിൽ പ്രവർത്തിപ്പിക്കുന്നത് അതിനടുത്ത് കൂടെ ഒഴുകുന്ന അരുവിയിലെ വെള്ളത്തിന്റെ ശക്തി ഉപയോഗിച്ചാണത്ര. തണുപ്പ് കാലത്ത് ശരീരത്തിന് ചൂട് കിട്ടാനായി ആട്ടയുടെ കൂടെ 'മഞ്ചു വാ' ഇട്ടാണ് പൊടിക്കുന്നത്. 'മഞ്ചുവാ' കണ്ടാൽ റാഗി പോലെയുണ്ടെങ്കിലും അവരുടെ ഭാഷയിലെ മഞ്ചുവായും ഞങ്ങളുടെ ഭാഷയിലെ റാഗിയുടെയും സാമ്യം കണ്ടു പിടിക്കുന്ന തിരക്കിലായി. പിന്നീട് ഗൂഗിളുമായിട്ടുള്ള ആശയവിനിമയത്തിന്റെ ഭാഗമായി അതു
രണ്ടും ഒരേ സാധനമാണ്. ട്ടെക്നോജിയുടെ കാര്യത്തിൽ ഞങ്ങളും മോശമല്ല എന്ന് സ്വയം അങ്ങനെ സമാധാനിച്ചു. തണുപ്പു കാലത്ത് റാഗി ശരീരത്തിന് ചൂട് തരും എന്നത് പുതിയ അറിവായിരുന്നു.
നവംബർ മുതൽ ജൂൺ വരെയാണ് രാജാജി നാഷണൽ പാർക്ക് സന്ദർശിക്കാൻ അനുയോജ്യമായ സമയം. മഴക്കാലത്ത് പാർക്ക് അടച്ചിടും. മൃഗങ്ങളായ ആനകളേയും പുലികളേയും
കാണുന്നതിനെ കുറിച്ച് പല അഭിപ്രായമാണ്. വേനൽക്കാലത്ത് വശങ്ങളിലെ പച്ചപ്പ് വരണ്ടുണങ്ങന്നതു കൊണ്ട് മൃഗങ്ങളെ കാണാനുള്ള ചാൻസ് കൂടുതലാണെന്നാണ് ചിലവരുടെ അഭിപ്രായം. എന്നാൽ ഇവരെയൊക്കെ കാണാനായി കാട്ടിലൊന്നും പോകേണ്ട അവർ ചിലപ്പോൾ നാട്ടിലേക്ക് ഇറങ്ങാറുണ്ടെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. എന്തായാലും പ്രകൃതിരമണീയതയ്ക്കും പ്രകൃതി സ്നേഹികൾക്കും ഒരു പറുദീസയാണ് ഈ പാർക്ക് എന്നതിന് ഒരു സംശയവുമില്ല.
ഹരിദ്വാർ
ജഡ പിടിച്ച ആ സന്യാസിയുടെ കൂടെ ഒരു സെൽഫി എടുത്താലോ, മനസ്സിലൊരു കുസൃതി ! കൂടെയുള്ള ആളോട് ചോദിക്കാനൊരു പേടി - ഈ ഫോട്ടോ അയച്ചു കൊടുക്കുമ്പോൾ കൂട്ടുകാരുടെ അടുത്തു നിന്നുണ്ടാകുന്ന അഭിപ്രായങ്ങളെ കുറിച്ചോർത്തപ്പോൾ പിന്നീട് സ്വയം വേണ്ടെന്ന് വെച്ചു. എന്നാലും അവരെ കണ്ടപ്പോൾ മനസ്സിലേക്ക് ഓടി വന്നത് അമ്മയെയാണ്. ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ വീടിനടുത്ത് താമസിക്കുന്നവരിലൊരാൾക്ക് ജഡയുണ്ടായിരുന്നു. ഏതോ ദേവിയുടെ അനുഗ്രഹമായിട്ടാണ് അവർ കരുതിയിരുന്നത്. എന്നാൽ ശരിക്കും കുളിക്കാത്തതു കൊണ്ടാണ് അങ്ങനെയുണ്ടാവുന്നതെന്നാണ് അമ്മയുടെ ഭാഷ്യം. അതുകൊണ്ടു തന്നെ വൃശ്ചിക മാസത്തിലെ തണുപ്പിൽ തണുത്ത വെള്ളത്തിൽ വല്ലപ്പോഴും നടത്തിവരുന്ന 'കാക്ക കുളി ' കാരണം ജഡയുണ്ടാകുമോ എന്ന ഭയം എനിക്ക് പലപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു.
" ദൈവത്തിലേക്കുള്ള കവാടം" എന്നറിയപ്പെടുന്ന ഹരിദ്വാർ ,
ഹൈന്ദവരുടെ ഏറ്റവും പ്രധാനമായ തീർത്ഥാടന കേന്ദ്രമാണ്.
സംസ്ഥാനത്തെ നാലു തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടം. ഗംഗ, യമുന എന്നീ പുണ്യനദികളുടെ പ്രഭവ കേന്ദ്രത്തിലേക്കുള്ള യാത്രയും ഹരിദ്വാറിലാണ്. ഹരി എന്ന വിഷ്ണു, ഹരൻ എന്നാൽ ശിവൻ , ഇവർ അധിവസിക്കുന്ന സ്വർഗ്ഗത്തിലേക്കുള്ള കവാടം എന്ന അർത്ഥത്തിലാണ് ഹരിദ്വാർ പേരുണ്ടായത് എന്ന് പറയുന്നു . ഇതിഹാസപുരാണങ്ങളുമായി വളരെയധികം ബന്ധമുണ്ട്. കപില മഹർഷിയുടെ ശാപത്തെ തുടർന്ന് നാമാവശേഷമായ തന്റെ പൂർവികരുടെ ആത്മാക്കൾക്ക്
ശാന്തിയേകാനായി ഭഗീരഥൻ എന്ന രാജാവ് തപസ്സ് നടത്തിയത് ഹരിദ്വാറിലാണ്. ഈ തപസ്സിന്റെ ഫലമായാണ് ഗംഗാനദി ഭൂമിയിൽ എത്തി എന്നാണ് ഐതിഹ്യം.എന്തായാലും നമ്മുടെ കുഞ്ഞൻ വൈറസിന്റെ പിടി ഇവിടേയും മുറുകിയതിനാലാവാം ഏതോ ഉത്സവം കഴിഞ്ഞുള്ള പറമ്പു പോലെയാണ് ആ പ്രദേശം.
പാലാഴിമഥന ശേഷം ലഭിച്ച അമൃത് ഗരുഡൻ കൊണ്ടുപോകുന്നതിനിടയിൽ ദേവന്മാരുടെ കൈയിൽ നിന്നും അബദ്ധത്തിൽ തുളുമ്പി തെറിച്ചു വീണ ഇടങ്ങളിൽ ഒന്നാണിത്. ഈ വിശ്വാസ പ്രകാരമാണ് മൂന്ന് വർഷത്തെ ഇടവേളയിൽ നാല് സ്ഥലങ്ങളിലായി കുംഭമേള നടത്തുന്നത്. ഇതു കൂടാതെ ലക്ഷക്കണക്കിനു ഭക്തർ ഓരോ വർഷവും തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷം നേടാൻ എന്ന വിശ്വാസത്തിൽ ഇവിടെ എത്തി ഗംഗയിൽ കുളിക്കുന്നു. ഒരു സംസ്കാരത്തിന്റെ ആഘോഷമായ കുംഭമേളയിൽ പങ്കെടുക്കാൻ 214 കി.മീ. ദൂരമുള്ള ഡൽഹിയിൽ നിന്നും മറ്റും നഗ്ന പാദങ്ങളാൽ നടന്നു പോകുന്ന ഭക്തരെ അത്ഭുതത്തോടെയാണ് ഞാൻ നോക്കി കാണാറുള്ളത്.
ഇന്ത്യയിലെ പുണ്യനദിയായ ഗംഗക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് ഗംഗാ ആരതി. ഒരു ദേവതായി ആരാധിക്കുന്നു. ഗംഗാനദിയിൽ നടത്തുന്ന ആരതി എന്ന ആരാധന വളരെ പ്രസിദ്ധമാണ്.
രാവിലെയും വൈകുന്നേരവുമാണ് ആരതിക്കുള്ള സമയം. സൂര്യോദയവും സൂര്യാസ്തമയവും അനുസരിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കാനായി ധാരാളം പേർ ഗംഗാ നദിയുടെ ഇരുകരകളിലും ഒത്തു കൂട്ടാറുണ്ട്.
'നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ', ഓരോത്തരുടെയും വിശ്വാസങ്ങളെ അങ്ങനെ കാണാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.
അതുകൊണ്ടു തന്നെ മറ്റു മതവിശ്വാസികൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടോ എന്ന് അന്വേഷിക്കാനും പോയില്ല. അവിടെയൊക്കെ കറങ്ങി നടക്കുമ്പോൾ ഒരു പാട് ഓർമ്മകളാണ് അയവിറക്കാനുണ്ടായിരുന്നത്. പഠനമെല്ലാം തിരുവനന്തപുരത്തും കൂട്ടുകാരികൾ ഹിന്ദു വിശ്വാസികളായതുകൊണ്ട് അവരുടെ കൂടെ അമ്പലത്തിൽ പോകാനും പ്രസാദമായി കിട്ടുന്ന ചന്ദനം പൊട്ടിന് മുകളിൽ ഭംഗിയായി ചാർത്താനൊക്കെ താൽപ്പര്യമുണ്ടായിരുന്നു. ഇതിനൊന്നും വീട്ടിൽ വിലയ്ക്ക് ഇല്ലാത്തതുകൊണ്ടായിരിക്കാം പിന്നീട് അതിനോടുള്ള പുതുമയും താനെ നഷ്ടപ്പെട്ടു.
സിനിമയിൽ കൂടി മാത്രം കണ്ടിട്ടുള്ള ആ പുണ്യഭൂമിയൊക്കെ കാണാൻ സാധിച്ച സന്തോഷത്തിൽ തിരിച്ച് താമസ്ഥലത്തേക്ക് ----..
No comments:
Post a Comment