4/12/16

ദൈവദൂതനോ ??????

  മകനെ റ്റ്യൂഷന്  കൊണ്ടു വിട്ടിട്ടുണ്ട് ഒരു മണിക്കൂർ എവിടെയെങ്കിലും ചിലവഴിച്ച് അവനേയും കൂട്ടി തിരിച്ച് പോവുക എന്ന എന്റെ ഞാറാഴ്ച ഡ്യൂട്ടിയിലാണ്, ഞാൻ.  McDonalds , ഒരു കാപ്പിയും മേടിച്ച് കൂടെയുള്ള ഫോണിൽ  കുത്തിക്കളിച്ച് ഒരു മണിക്കൂർ തള്ളി നീക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്, ഞാൻ അങ്ങോട്ട് ചെന്നത്. അവിടെയാണെങ്കില്‍ ആരും ആരേയും ശ്രദ്ധിക്കാറില്ല അതുപോലെ വിശ്വസിക്കാവുന്ന ഒരു സ്ഥലമായിട്ടാണ് തോന്നിയിട്ടുള്ളത്.

ഞാറാഴച രാവിലെ പത്ത് മണി ആയെങ്കിലും  കടയിൽ തിരക്ക് ആയിട്ടില്ല എല്ലാവരും ഒരു അവധി ദിവസത്തിന്റെ അലസതയിലാണെന്ന് തോന്നുന്നു.ചിലർ ഭക്ഷണവും  പത്രം വായനയും ആയിട്ട് ഇരിക്കുന്നു  മറ്റു ചിലർ ആധുനിക സാമഗ്രികളായ ഫോണിലോ കമ്പ്യൂട്ടറിലാണ്. ഏകദേശം നാലോ അഞ്ചോ ആളുകൾ ചേർന്ന് ഓഫീസിനെക്കുറിനെക്കുറിച്ചും പതിവ് രാഷ്ട്രീയ ചർച്ചകളുമായിട്ട് ഇരിക്കുന്നുണ്ട്.  McDonalds-  ഉത്‌പത്തി അമേരിക്കയിൽ നിന്നുമാണെങ്കിലും അത് നെഞ്ചിലേറ്റിയിരിക്കുന്നത് നമ്മുടെ കുട്ടികളാണ്. സാധാരണ ഉച്ചയോടെ കൂടിയാണ് തിരക്ക് അനുഭവപ്പെടാറുള്ളത്. ആ കച്ചവട സാദ്ധ്യത മുന്നേ കണ്ടിട്ടുള്ള തയ്യാറെടുപ്പിലാണ് കടക്കാരും. ആകെ കൂടെ ശാന്തമായ അന്തരീക്ഷം.

പിന്നീട് അങ്ങോട്ട്‌ വന്ന ഉപഭോക്താവിന്റെ   കൂടെയുള്ള ചെളിയിൽ പൊതിഞ്ഞ ആ ഏതാനും കുട്ടികൾ, ശാന്തമായ അന്തരീക്ഷത്തെ  ഒരു നിമിഷത്തിനകം കാക്ക കൂട്ടത്തിൽ കല്ലിട്ടതു പോലെയാക്കി .എന്താണ് കാര്യം എന്നറിയാനായി എന്നെപ്പോലെ തന്നെ അവിടെയുള്ളവരുടെയെല്ലാം ശ്രദ്ധ അയാളിലും കുട്ടികളിലുമായി. കുട്ടികൾക്കാണെങ്കിൽ ഏതോ ലോകം കീഴടക്കിയ മട്ടിലായിരുന്നു.വന്നയുടന്‍ തന്നെ അയാള്‍ ഭക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനായി പൈസ നല്‍കേണ്ട  കൗണ്ടർ -ന്റെ അവിടെ തന്നെ നിന്നു. അദ്ദേഹത്തെ അന്വേഷിച്ച് പിന്നെയും കുട്ടികൾ കടയിലോട്ട് വരുന്നുണ്ട്. കണ്ടിട്ട്, അവർക്കെല്ലാം അദ്ദേഹത്തെ പരിചയമുണ്ട്. കുട്ടികൾ ആ പ്രദേശത്തെ ഭിക്ഷ യാചിക്കുന്നവരാണെന്ന് തോന്നുന്നു.  ഒരു പക്ഷെ അവരുടെ ഇടയിലെ "ദൈവദൂതൻ   ആയിരിക്കാം. കുട്ടികളാണെങ്കിൽ ഒരാൾക്ക് "ബർഗർ വേണമെങ്കില്‍ എല്ലാവർക്കും ബർഗർ, എന്തൊക്കെ ഓര്‍ഡര്‍ ചെയ്യണം എന്ന അങ്കലാപ്പിലാണ് അതിനിടയ്ക്ക് ആർക്കോ ഐസ് ക്രീം ഓർമ്മ വന്നു അതോടെ അതും എല്ലാവർക്കും വേണം. അയാൾ, കുട്ടികൾ ചോദിക്കുന്നതൊക്കെ ഓർഡറും  ചെയ്യുന്നുണ്ട്.  യാതൊരു മടിയും കൂടാതെ പിന്നെയും അവർക്ക് വേണ്ട ഭക്ഷണത്തെപ്പറ്റി ചോദിക്കുകയും അതെല്ലാം ഓർഡർ ചെയ്യുന്നുമുണ്ട്. ആ നല്ല പ്രവൃത്തിയുടെ മുൻപിൽ എനിക്ക് മാത്രമല്ല ഒരു പക്ഷെ അവിടെ ഇരിക്കുന്ന ഓരോത്തർക്കും സ്വയം കുറ്റബോധം തോന്നതിരുന്നില്ലെ ………



വന്നിരിക്കുന്ന കുട്ടികളിൽ മൂത്ത കുട്ടിക്ക് വല്ല ഏഴ് വയസ്സ് കാണും അവളുടെ ഒക്കത്ത് ആറോ ഏഴോ മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. അവളൊക്കെ ഉത്തരവാദിത്വമുള്ള ഒരു ചേച്ചി ആണ്. വേറെയും രണ്ട് ആൺകുട്ടികൾ ഉണ്ട്. അവരൊക്കെ എവിടെ ഇരിക്കണം എന്നറിയാതെ എല്ലാ കസേരകളിലും മാറി മാറി ഇരിക്കുന്നുണ്ട്.അവർ ഞങ്ങളെ നോക്കി ചിരിക്കുകയും റ്റാറ്റാ പറയുകയും ചെയ്യുന്നുണ്ട്. അതൊക്കെ കാണുമ്പോൾ, പണ്ട് സ്കൂളിൽ നിന്നും ഉല്ലാസയാത്രക്കായി  പോകുമ്പോൾ ബസ്സിൽ കേറി കഴിയുമ്പോൾ, ജനലിന്റെ അടുത്ത് ഇരിക്കണോ കൂട്ടുകാരികളുടെ അടുത്ത് ഇരിക്കണോ  എവിടെ ഇരിക്കണം എന്നറിയാതെ  ആകെ വെപ്രാളവും സന്തോഷവും കൊണ്ട് ബസ്സ്‌ മുഴുവൻ ഓടി നടക്കുന്നത് പോലെയാണ് ആ കുട്ടികളും.ആ കടയുടെ തന്നെ ഒരാൾ വന്ന് അവരെ എല്ലാവരേയും നിഷ്‌കര്‍ഷമായി ഒരു സ്ഥലത്ത് തന്നെ ഇരുത്തി.ആ കുഞ്ഞുവാവയെ മേശ യുടെ പുറത്ത് ഇരുത്തി എല്ലാവരും ഐസ് ക്രീം മേടിക്കാൻ പോയി.  അവരുടെ അഴുക്കും പൊടിയും പുരണ്ട മേനിയും വസ്ത്രങ്ങളും ആണെങ്കിലും തിളക്കമാർന്ന പ്രതീക്ഷയോടെയുള്ള അവരുടെ കണ്ണുകൾ……ശരിക്കും  ഹൃദയസ്പർശിയായ ദൃശ്യങ്ങളായിരുന്നു.

ഐസ്ക്രീമും ആയി കുട്ടികൾ മേശയുടെ ചുറ്റും ഇരുന്നു. ചിലരുടെ അത് താഴോട്ട് വീഴുന്നുണ്ട് അവിടെ നിന്ന് വാരി എടുക്കുന്നുണ്ട്  . അതിനിടയ്ക്ക് ഒരു കുട്ടി പുറത്തേക്ക് ഓടി കൂട്ടത്തിൽ മറ്റൊരുത്തനും ചേച്ചി കുട്ടി ഓർഡർ ചെയ്ത  "ബർഗർ "നായി പോയി ചോദിച്ചെങ്കിലും അവരുടെ കൂടെ ഉണ്ടായിരുന്ന ദൈവദൂതനെ അവിടെ എങ്ങും കണ്ടില്ല. അത് മനസ്സിലാക്കിയ കടക്കാർ 'ബർഗർ ഒന്നും കൊടുക്കാതെ തന്നെ എല്ലാവരേയും ഓടിച്ചു വിട്ടു. ഏതാനും നിമിഷത്തെ "ഷോ " കണ്ടതിനു ശേഷം എല്ലാവരും അവരവരുടെ പഴയ ജോലികളിൽ വ്യാപൃതായി. കടയിൽ പിന്നേയും നിശ്ശബ്‌ദത ആയി.  ഒന്നും സംഭാവിക്കാതെ പോലെ കടക്കാരും ആ സ്ഥലമെല്ലാം വൃത്തിയാക്കാനും തുടങ്ങി.

  എന്തോ,എനിക്ക്  ദൈവദൂതനോട് ദേഷ്യം തോന്നി, അയാളുടെ ആ നല്ല പ്രവൃത്തിയെ  ഒരിക്കലും വിലമതിക്കാനായില്ല. നല്ലൊരു കാര്യം ചെയ്തെങ്കിലും അതുകൊണ്ടുള്ള പ്രയോജനം ആർക്കുമുണ്ടായില്ല.അതിനായി കുറച്ച് ക്ഷമയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായിരുന്നു.  "കുടം കമഴ്ത്തി വച്ച് വെള്ളം ഒഴിച്ചതു പോലെത്തെ ഒരു സംഭവം ആയിട്ടാണ് എനിക്ക് തോന്നിയത്  ഒരു പക്ഷെ നമ്മുടെ നിത്യജീവിതത്തിലും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില ചെറിയ കാര്യങ്ങൾ !