9/16/15

ഗൈഡ്

16-ആം  നൂറ്റാണ്ടിലെ  1569, മുഗൾ ചക്രവർത്തിയായ അക്ബർ ഉണ്ടാക്കിയതാണ്. അന്ന് അദ്ദേഹത്തിന് 26 വയസ്സേയുള്ളൂ , എന്തിനാണ് ഉണ്ടാക്കിയതെന്ന് വെച്ചാൽ ............ ചരിത്രകഥയിൽ തുടങ്ങി, നമ്മൾ അത് മുഴുകി വരുമ്പോഴേക്കും , മലയാള സീരിയൽ പോലെ സസ്പെൻസ്സിൽ നിറുത്തും  പിന്നീട് അവരുടെ റേറ്റിനെ കുറിച്ചായിരിക്കും പറയുക.  ഏതൊരു സ്മാരകക്കെട്ടിടം  സന്ദർശിക്കുമ്പോഴും       കാണുന്ന ചില രംഗങ്ങളാണിത്. പിന്നീടങ്ങോട്ട് കാണുന്ന   ഏതൊരു തദ്ദേശനിവാസി ചെറുപ്പക്കാർക്കെല്ലാം പറയാനുള്ളത് ഇങ്ങനത്തെ ചില കാര്യങ്ങളായിരിക്കും. കഥയും റേറ്റും  തമ്മിലുള്ള ബന്ധം മനസ്സിലാക്കി വരുമ്പോഴാണ്, അയാൾ ഒരു ഗൈഡ് ആണെന്ന് നമ്മുക്ക് മനസ്സിലാവുക.

 ചിലർ സ്മാരകത്തിനെക്കുറിച്ചുള്ള  പാണ്ഡിത്യം പറഞ്ഞായിരിക്കും അവർ നമ്മളെ ആകർഷിക്കുക. അല്ലെങ്കിൽ സർക്കാരിന്റെ അംഗീകാരത്തോടു കൂടിയുള്ളവരാണ് എന്ന്  പറഞ്ഞ് ഫോട്ടോയുള്ള കാർഡ്  കാണിക്കും. അതുകൊണ്ടുള്ള ഗുണങ്ങളെപ്പറ്റിയും വിവരിക്കുന്നുണ്ടാവും  നമ്മളിൽ  നിന്ന് അനുകൂലമായ ഒരു മറുപടി കിട്ടാതെ ആകുമ്പോൾ സ്വന്തം ജീവിതപ്രാരാബന്ധങ്ങളെ കുറിച്ചായിരിക്കും പറയുക  അപ്പോഴേക്കും പ്രതിഫലത്തിന്റെ കാര്യത്തിലും ഗണ്യമായ വ്യത്യാസം ഉണ്ടാകും.നമ്മൾ പ്രവേശകവാടത്തിന്റെ അടുത്ത്  എത്തുമ്പോഴേക്കും  ഏകദേശം  പത്ത് -പതിനഞ്ച് ആളുകളായിരിക്കും, "ഗൈഡ്" എന്ന പേരിൽ നമ്മൾക്ക് ചുറ്റും എത്തുക.

എന്തു ചെയ്യണമെന്നറിയാതെ നമ്മളും പ്രതീക്ഷയോടെ നമ്മളെ നോക്കിനിൽക്കുന്ന ഒരു പറ്റം ചെറുപ്പക്കാരും. നമ്മളോട് വർത്തമാനം പറയുമ്പോഴും അവരുടെ കണ്ണുകൾ പുതിയ ഇടപാടുകാരെ തപ്പുന്നത് കാണാം.അവരുടെ മുഖത്ത് നോക്കി "No" പറയാനൊരു വിഷമം. ഒരു മുടന്തന്‍ ന്യായം എന്ന മട്ടിൽ പറയാനുള്ളത് " ഞങ്ങൾക്ക്  ഹിന്ദി അറിഞ്ഞുകൂടാ  ഇംഗ്ലീഷിൽ വിവരിച്ചു തരണം. ചിലർ " ഗുഡ്മോണിംഗ് / വെൽക്കം ....എന്നീ വാക്കുകളിൽ തുടങ്ങുമെങ്കിലും പിന്നിട് കൂടുതല്‍ പറയാന്‍ കഴിയാതെ തിരിച്ച് ഹിന്ദിയിൽ തന്നെ എത്തും. അവരുടെ ഭാഷയില്‍ ഞങ്ങള്‍ - മദിരാശികൾ ആയതിനാൽ, പറയുന്നതിൽ കാര്യമുണ്ടെന്ന്  എല്ലാ ഗൈഡുമാർക്കും തോന്നികാണും. അങ്ങനെയാണ്  അവരുടെ ഒരു കൂട്ടുകാരനെ കൂട്ടി കൊണ്ട് വന്നത്.

കൂട്ടുകാരൻ ഞങ്ങളെയൊക്കെ ആശ്ചര്യഭരിതനാക്കികൊണ്ട്-   ഇംഗ്ലീഷ്, ഏത് രാജ്യത്തിന്റെ, അമേരിക്ക,ആസ്ട്രേലിയ, ലണ്ടൻ .........ഉച്ചാരണത്തിലാണ് വിവരിക്കേണ്ടത് എന്ന ചോദ്യത്തിലാണ്. വെറും നാട്യം എന്നാണ് മനസ്സിൽ കരുതിയതെങ്കിലും ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഉച്ചാരണ രീതിയിലുള്ള വ്യത്യാസം കാണിച്ചു തന്നു.ഇംഗ്ലീഷിൽ വിവരിച്ചാൽ മതിയോ അതോ മറ്റ് ഏതെങ്കിലും വിദേശഭാഷയിൽ വിവരിക്കണോ എന്നതായിരുന്നു അടുത്ത ചോദ്യം !
ഞങ്ങളുടെ സംഘത്തിലെ ഒരു കുട്ടി ഫ്രഞ്ച്, മൂന്നാം ഭാഷയായിട്ട്  സ്കൂളിൽ പഠിക്കുന്നത്.അതുകൊണ്ട് ഫ്രഞ്ചിലും വിവരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു.അതോടെ ഇംഗ്ലീഷിൽ ഞങ്ങളോടും ഫ്രഞ്ചിൽ അവനോടുമായിട്ടായിരുന്നു വിവരണം.രണ്ടു ഭാഷയും വളരെ അനായാസമായി കൈകാര്യം ചെയ്യുന്നത് കാണാൻ കൌതുകം തോന്നി.അവനോട് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഭാരതത്തിൽ നിൽക്കുമ്പോൾ എങ്ങനെ ആ ഭാഷയിൽ മറുപടി പറയും എന്ന  ചിന്താകുഴപ്പത്തിലാണ് അവൻ ! അവന് അതേ രീതിയിൽ മറുപടി പറയാൻ അറിഞ്ഞുകൂടാ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ...

ഗൈഡ്, പിന്നീടങ്ങോട്ടുള്ള സമയവും ഫ്രഞ്ചിൽ മാത്രമല്ല മറ്റു ഭാഷകളിലുള്ള നൈപുണ്യം കാണിച്ചു തരുകയായിരുന്നു. അവിടെ വന്നിട്ടുള്ള 2 ജർമ്മൻ വിദേശികളോട് ആ ഭാഷയിൽ സംസാരിച്ച് ഞങ്ങളെ  അതിശയിപ്പിച്ചു.വേറെയും 5-6 ഭാഷകൾ അറിയാമെന്നാണ് പറഞ്ഞത്.

സ്വാഭാവികമായും അവന്റെ കഴിവിൽ മതിപ്പ് തോന്നിയ ഞങ്ങൾ, ഇത്രയും ഭാഷകളിൽ  എങ്ങനെ പ്രവീണനായി എന്ന ചോദ്യത്തിന്, ഇവിടെ വരുന്ന വിനോദസഞ്ചാരികളുടെ അടുത്ത് നിന്ന് പഠിച്ചതാണ് കൂട്ടത്തിൽ ഒരു സ്വാകാര്യം പോലെ പറഞ്ഞു " എന്റെ വിദ്യാഭ്യാസം എന്ന് പറഞ്ഞാൽ "Thumbs Up"  കാണിച്ചു തന്നു.ആകെ കണ്ണും തള്ളി വായും തുറന്ന നിൽക്കുന്ന ഞങ്ങളോട് അവൻ തന്നെ വിവരിച്ചു തന്നു, എഴുതാനും വായിക്കാനൊന്നും അറിഞ്ഞുകൂടാ, ഒപ്പിനു പകരം തള്ളവിരൽ അടയാളമാണ് ഉപയോഗിക്കാറുള്ളത്!

എല്ലാം കേട്ട് ആശ്ചര്യഭരിതായി നില്ക്കുന്ന ഞങ്ങളോട് യാത്ര പറഞ്ഞ് അദ്ദേഹം അടുത്ത കസ്റ്റമറെ തപ്പി പോയി. ഒരു പക്ഷേ ആ സ്മാരകത്തേക്കാളും ഞങ്ങളെ കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിന്റെ ബഹുഭാഷാപാണ്‌ഡിത്യം ആണ്.

ഉത്തർപ്രദേശിലെ " ഫത്തേർപൂർസിക്രി  ഫോർട്ട് " സന്ദർശിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം ആണിത്. സാധാരണക്കാരായ മനുഷ്യരിൽ നിന്ന് നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലുള്ള ആ കഴിവുകള്‍ പല അവസരങ്ങളിലെന്ന പോലെ ഒരു പ്രാവശ്യവും കൂടി തൊട്ടറിഞ്ഞ അവസരം !