4/11/17

അവരുടെ വിശ്വാസമോ?

പ്രതീക്ഷിക്കാതെ ഒരവധി കിട്ടിയത് ആസ്വദിക്കാമെന്ന  മട്ടിലായിരുന്നു ഞാന്‍. രാവിലെ അഞ്ചു മണിക്ക് തന്നെ അറിയാതെ കണ്ണു തുറന്നെങ്കിലും ഡൽഹി യിലെ തണുപ്പും അവധിയായ്തിനാലും കമ്പിളിയുടെ അടിയിൽ  ചുരുണ്ടുകൂടി കിടന്നപ്പോഴാണ്, ആ പാട്ട്...ഹരേ രാമാ ഹരേ കൃ^ഷ്ണാ.....ഒരു കൂട്ടം ആള്‍ക്കാര്‍ പാട്ട് പാടി റോഡില്‍ കൂടി നടക്കുവാണ്. അവരുടെ പാട്ടിന് താളമായിട്ട് "Tambourine" ഉണ്ട്. എന്തു പറയാനാ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് 'റെസിഡൻഷ്  ഏരിയ'  യില്‍ കൂടി പാട്ടും ബഹളവുമായി  നാട്ടുകാരെ മുഴുവന്‍ ഉണർത്തിയാലെ  ഈ പ്രാർത്ഥന അതിൻ്റെ  പൂർണതയിൽ   എത്തുകയുള്ളോ,  ഈര്‍ഷ്യയോടെ ഓര്‍ത്തു പോയതാണ്.

പക്ഷെ ഞായറാഴ്‌ച കുർബ്ബാനക്കായി പള്ളിയിൽ ചെന്നപ്പോൾ ഉള്ള അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഞങ്ങൾ അഞ്ചു പേർ ഇരിക്കുന്ന ബെഞ്ചിലേക്കുള്ള ആറാമത്തെ ആളുടെ വരവ്. ഇവിടെ ഇരിക്കാൻ സ്ഥലമില്ല എന്ന് പറഞ്ഞെങ്കിലും ഒന്നും കേൾക്കുന്നതായിട്ടുള്ള ഭാവം ഇല്ല.

"മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്" (ലൂക്കാ 18:27)

എന്ന വിശ്വാസത്തിലായിരിക്കാം, അതോടെ എല്ലാവരും ഞരുങ്ങിയും ഞെങ്ങിയും അവർക്കും ഇരിക്കാനുള്ള സ്ഥലം ഉണ്ടാക്കി കൊടുത്തു. ബെഞ്ചിന്റെ ഒരറ്റത്ത് ഇരിക്കുന്ന എൻ്റെ കാര്യമാണ് കഷ്ടം.ഓരോത്തരുടെ ഒരു ചെറിയ അനക്കങ്ങൾ പോലും എന്നെ കൂടുതൽ പേടിപ്പിച്ചു.

"കർത്താവിൽ വിശ്വാസമർപ്പിക്കുന്നവൻ സുരക്ഷിതനത്രേ" (സുഭാ 29:25)

ആ വാചകം മനസ്സിലോർത്ത് സമാധാനിക്കുകയേ നിവൃത്തുയുള്ളൂ എന്നാലും ഒരു കരുതൽ എന്ന നിലയിൽ ബഞ്ചിന്റെ കൈവരിയിൽ ഞാൻ മുറുകെ പിടിച്ചു.

ആറാമത്തെ ആളുടെ വരവോടെ ബാക്കിയുണ്ടായിരുന്ന എല്ലാവരുടേയും ഭക്തി "ശടെ"ന്നു പോയി. കുർബ്ബാനക്കിടയിൽ നിൽക്കുകയും മുട്ടുകുത്തുക യുമൊക്കെ ചെയ്യേണ്ടതുണ്ട്. പക്ഷെ ഞങ്ങൾ ആറുപേരും ഏതോ സിമന്റ് ഇട്ട് ഉറപ്പിച്ച പോലെ ഒരേ ഇരുപ്പായി.കുറച്ചു സമയത്തിന് ശേഷം അമ്മയെ തപ്പി മകളും കൂടി വന്നതോടെ,ആ കുട്ടിയെ അവർ മടിയിലിരുത്തി. യാതൊരു കൂസലുമില്ലാത്ത അവരുടെ മുഖം കണ്ടപ്പോൾ, പഴയ  അംബാസിഡർ കാറിലുള്ള കല്യാണയാത്രകളാണ്, എനിക്ക് ഓർമ്മ വന്നത്.ആ കാറിന്റെ "സീട്ടിംഗ് കപ്പാസിറ്റി" യെ പറ്റി ആരും പറയുന്നത് കേട്ടിട്ടില്ല.ആർക്കെല്ലാം  യാത്ര ചെയ്യണമോ അവർക്കെല്ലാമായിട്ട് ആ "കാർ" റെഡിയാണ്.

"ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു" (യാക്കോ 4:17)

എന്നാണല്ലോ, അവിടെ നിന്ന് എഴുന്നേറ്റ് പോയാലോ, എന്ന് ആലോചിക്കാതിരുന്നില്ല, അതിൻ്റെ മുന്നോടിയായി  ഞാൻ അവരെ കൂടുതൽ ശ്രദ്ധിച്ചു. പ്രായം കൊണ്ട് എന്നെക്കാളും ചെറുപ്പമാണ്. ഒരു ക്രിസ്താനി ആണെന്നറിയിക്കാനുള്ള മാലയും മോതിരവുമെല്ലാം ധരിച്ചിട്ടുണ്ട്. അങ്ങേയറ്റം ഭക്തിയോടെയാണിരുപ്പ്. ഞാനാണെങ്കിൽ ഏഴ് മണിയുടെ കുർബ്ബാനക്കായിട്ട്, അമ്മയോടപ്പം അഞ്ച് മണിക്ക് എണീറ്റ് അമ്മയെ സഹായിച്ച് അവരേയും കൊണ്ട് കുര്‍ബ്ബാനയ്ക്ക്  അരമണിക്കൂർ മുൻപേ തന്നെ എത്തിയതാണ്. പണ്ട് അപ്പന്റെ കൈ  പിടിച്ചാണ് ഞാൻ പള്ളിയിൽ വന്നിരുന്നെങ്കിൽ ഇന്ന് ഞാൻ അപ്പനെ കൈ പിടിച്ചു കൊണ്ടാണ് വന്നത്.പോരാത്തതിന് നടക്കാൻ സഹായത്തിനായിട്ടുള്ള "ഊന്ന് വടി" ഇടയ്ക്ക് ഒരു ആയുധം പോലെ ഉപയോഗിക്കാനും അപ്പന്  മടിയില്ല, അത് എവിടെ വെച്ചാണെങ്കിലും. അങ്ങനെ പരിത്യാഗങ്ങളുടെ കാര്യത്തിലാണെങ്കിൽ ഞാനും ഒട്ടും പുറകിലല്ല. ഞാൻ, എൻ്റെ ശരികളെ  പാറ പോലെ ഉറപ്പിച്ചെടുത്തു.

"നിന്നെപ്പോലെ തന്നെ  നിന്റെ അയൽക്കാരനേയും  സ്നേഹിക്കുക" (മാർക്കോ 12:31)

കുർബ്ബാനക്കഴിഞ്ഞ് യാത്ര പറയാനെന്നോണം, ഞാൻ അവരെ നോക്കി ചിരിച്ചു. പകയും വിദ്വേഷവും പ്രതിഫലിപ്പിക്കുന്ന നോട്ടമായിരുന്നു, തിരിച്ചുള്ള മറുപടി.

"നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു സമാധാനത്തോടെ പോവുക" (ലൂക്കാ 7:50)

സമാധാനത്തോടെയോ അല്ലാതെയോ പള്ളിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ, ഞാൻ ഒരു തെറ്റുകാരി അല്ല എന്നാണ് എൻ്റെ വിശ്വാസം.

അതിഭക്തി, നമ്മുടെ ദേശീയ സ്വഭാവമാണെന്ന് പോലും എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്. എന്നാലും മറ്റുള്ളവരെ ശല്യം ചെയ്യുന്നതരത്തിലുള്ള ഭക്തിയിലാണോ, അവരുടെ വിശ്വാസം ?