11/16/18

Excuse me, ഏത് ബിസിനസ്സ് സ്കൂളിലാ ?


ശപഥം വിജയിപ്പിക്കാൻ സാധിച്ചല്ലോ എന്ന സന്തോഷത്തിലാണ് ഞങ്ങളിൽ പലരും.യാത്രകളിലാണ് ഇങ്ങനത്തെ അനുഭവങ്ങൾ ഉണ്ടാവുക, പ്രത്യേകിച്ച് കൂട്ടമായി പോകുമ്പോൾ. ആരും അവരവരുടേതായ തീരുമാനങ്ങളിലും രുചികളിലും മാറ്റം വരുത്താൻ തയാറല്ല. ചിലർക്ക് വൃത്തിയാണെങ്കിൽ മറ്റു ചിലവർക്ക് പരിസരത്തെപ്പറ്റിയായിരിക്കും പ്രശ്‍നം .ഭക്ഷണത്തിന്റെ കാര്യത്തിൽ ആരും വിട്ടുവീഴ്‌ച ചെയ്യാൻ ഇല്ലേയില്ല.എന്തായാലും വൈകുന്നേരം നാലു മണിയായിട്ടും ഉച്ചഭക്ഷണത്തിനായി ഭക്ഷണശാലകൾ കേറിയിറങ്ങുന്നുണ്ടെങ്കിലും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
വടക്കേഇന്ത്യയിൽ പ്രധാന സിറ്റിയിൽ നിന്നും ഏകദേശം 100കി. മീ ആകുമ്പോൾ തന്നെ വിജനപ്രദേശത്തിന്റെ പ്രതീതിയാണ്. അവിടെയൊക്കെ ഒരു ഭക്ഷണശാല കാണാൻ സാധിക്കുന്നത് തന്നെ ഒരനുഗ്രഹമാണ്. അപ്പോഴാണ് ഓരോരുത്തരുടേയും നാട്യം.അങ്ങനെയാണ് ഞങ്ങളിൽ ചിലർക്ക് അടുത്ത ഭക്ഷണശാലയിൽ നിന്ന് ഞങ്ങൾ ഭക്ഷണം കഴിക്കും എന്ന തീരുമാനം എടുക്കേണ്ടി വന്നത്.
“എന്താണ് കഴിക്കാൻ ഉള്ളത്" എന്ന ചോദ്യത്തിന് പല തരം 'മെനു കാർഡുകളാണ് തന്നത്.നോർത്ത് & സൗത്ത് ഇന്ത്യാ വിഭവങ്ങൾ, ചൈനീസ്, തായ് വിഭവങ്ങളും അതിൻ്റെ എല്ലാം കൊതിപ്പിക്കുന്ന തരത്തിലെ പടങ്ങളുമാണതിൽ. സ്ഥലം കാണാൻ ഒരു 'ലുക്ക് ' ഇല്ലയെന്നേയുള്ളൂ. സിറ്റിയിലെപ്പോലെ കഴുത്തറക്കുന്ന മട്ടിലെ വിലകളും ഇല്ല.അതോടെ എല്ലാവരും ഹാപ്പി. ആവശ്യത്തിനും അല്ലാത്തതിനുമായി എല്ലാത്തരം വിഭവങ്ങളും ഓർഡർ ചെയ്തു.
സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ഓര്‍ഡര്‍ എടുത്ത ആള്‍ തിരക്കിലാണ്. ഇതിനോട് ചേര്‍ന്ന് താമസിക്കാനുള്ള സ്ഥലമുണ്ട്.മൂന്ന് ദിവസം അവധിയായതുകൊണ്ട് സിറ്റിയിലെ പലരും കുടുംബമൊന്നിച്ച് അവധികൾ ആഘോഷിക്കാനായിട്ട് അവിടെ എത്തിയിട്ടുണ്ട്.പലരും താമസസ്ഥലം അന്വേഷിച്ചും അത് കാണിച്ചു കൊടുക്കലുമായിട്ട് തിരക്കിലാണ്.ഭക്ഷണം കഴിക്കാനായി കൂടുതൽ ആളുകളും വരുന്നുണ്ട്.എല്ലാവർക്കും മെനു കാർഡ് കൊടുക്കുന്നതല്ലാതെ ഭക്ഷണം കൊടുക്കുന്നത് കാണുന്നുമില്ല. സാധാരണ ബോറടിക്കുമ്പോൾ ഞാൻ സ്വന്തം ഫോണിൽ 'സെൽഫി' എടുത്ത് സമയം കളയാറാണു പതിവ് . എനിക്ക്, എൻ്റെ മുഖം കാണുന്നത് തന്നെ അരോചകമായി. വയറിലാണെങ്കിൽ വിശപ്പിന്റെ വിളിയും.ചുറ്റുമുള്ളവരുമായിട്ടുള്ള കുശലാന്വേഷണവും കഴിഞ്ഞു. അവിടെയിരിക്കുന്നവർക്ക് ആർക്കും ഒന്നും ചെയ്യാനില്ല.എല്ലാവരും അടുക്കളയിലേക്കും ഓർഡർ എടുത്ത ആളേയും നോക്കിയിരുപ്പായി.ക്ഷമയുടെ നെല്ലിപ്പടി കണ്ടു തുടങ്ങി.
അപകടം വരുമ്പോൾ മുൻകൂട്ടി ആരേയും അറിയിക്കാറില്ലല്ലോ നമ്മൾ സാഹചര്യം അനുസരിച്ച് പെരുമാറുകയല്ലേ വേണ്ടത്.ഞങ്ങൾ വന്നപ്പോൾ അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരുന്ന മനുഷ്യൻ, ആ പണിയൊക്കെ നിറുത്തി വീട്ടിൽ പോകാനായി തയ്യാറാവുകയാണ്.അത് കണ്ടതോടെ എല്ലാം ഓർഡറുകളും വേണ്ടെന്നുവെച്ച് ഞങ്ങളെല്ലാവരും ആ ചപ്പാത്തികളും ദാൽ കറിയും തരൂ' എന്ന വാശിയിലായി.ഞങ്ങളുടെ ആവശ്യം കണ്ടപ്പോൾ അവിടെയുണ്ടായിരുന്നവർക്കും ചപ്പാത്തി & ദാൽ കറി മതിയെന്നായി.അവിടെ ആകെ അത് രണ്ടുമാണ് ഉണ്ടാക്കിയിട്ടുള്ളത്. വിശപ്പിന്റെ കാര്യത്തിൽ അവിടെ വന്നിരിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി ഒത്തൊരുമയോടെ ആ ഭക്ഷണത്തിനോട് നീതി കാട്ടി. ഉടമസ്ഥൻ തിരക്കായിരുന്ന സമയങ്ങളിൽ ഞങ്ങൾ തന്നെ അടുക്കളയിൽ പോയി കറിയും ചപ്പാത്തിയെടുത്ത് പങ്കിട്ടെടുത്തു.പലതരത്തിലുള്ള 'മെനുകാർഡുകൾ' എന്തിനാണെന്ന് മനസ്സിലായില്ല. ഒരു ചാൺ വയറിനുവേണ്ടി എന്തിനാണ് ഇത്രയും വൈവിധ്യമായ ഭക്ഷണങ്ങൾ, എന്നായിരിക്കും അദ്ദേഹം വിചാരിക്കുന്നത്. വിശപ്പടങ്ങിയപ്പോൾ ഞങ്ങളും അങ്ങനെ ചിന്തിക്കാതിരുന്നില്ല!
പൈസ കൊടുക്കാൻ നേരത്ത് പലർക്കും അറിയേണ്ടത് ഉടമസ്ഥൻ- Excuse me, ഏത് ബിസിനസ്സ് സ്‌കൂളിലാണ് പഠിച്ചതെന്നാണ്. അതിലെ തമാശ മനസ്സിലാവാതെ വെറുതെ ഞങ്ങളെ നോക്കി ചിരിച്ചു.അതോ ഞങ്ങൾക്ക് വലിയൊരു സത്യം മനസ്സിലാക്കി തരുകയായിരുന്നോ ?
ഓരോ യാത്രക്കും അതിന്റേതായ വിസ്മയങ്ങൾ !

6 comments:

 1. വിശപ്പുള്ളപ്പോഴുള്ള അന്നരുചി ഒന്നു വേറേത്തന്നേ!!
  ആശംസകൾ

  ReplyDelete
 2. കേട്ടിട്ടില്ലേ, ഗതി കെട്ടാൽ മെനുവും വേണ്ടാന്ന്...

  ReplyDelete
 3. ഓരോ യാത്രക്കും
  അതിന്റേതായ വിസ്മയങ്ങൾ !

  ReplyDelete
  Replies
  1. അതെ ......തീര്‍ച്ചയായും ......

   Delete