5/28/18

Taj Mahal

വിനോദസഞ്ചാരികളേയുംകൊണ്ട്, ബസ്സുകളും കാറുകളും പറക്കുന്നതുപോലെയാണ്, ഡൽഹിയിൽനിന്ന് ആഗ്രയിലേക്കു പോകുന്ന, 'യമുനാ എക്സ്പ്രസ് വേ' യിലെ ആറുവരിപ്പാതയിലൂടെയുള്ള യാത്ര.ക്യാമറയുണ്ട്, അമിതവേഗത്തിന് 'ഫൈൻ' ഉണ്ട് എന്ന ബോർഡുകൾ വഴിയിൽ പല സ്ഥലത്ത് കണ്ടെങ്കിലും ക്യാമറമാത്രം കാണാൻ സാധിച്ചില്ല.എന്നാൽ 'ടോൾ' -ന്റെ അവിടെ, സമയവും വേഗം കൂടി നോക്കിയായിരിക്കാം, പല വാഹനങ്ങൾക്കും പിഴ ഈടാക്കുന്നുണ്ട്.പൈസ പോയാൽ എന്താണ്, വേഗതയിൽ കാറോടിക്കാമല്ലോ, എന്ന മട്ടിലാണ് പല കാറുകാരും.

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ നമ്മുടെ സ്വകാര്യയഹങ്കാരം .മുഗൾ ചക്രവർത്തിയായ ഷാജഹാൻ തൻ്റെ പത്നി മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചത്.എന്‍റെ സ്കൂള്‍- കോളേജ് കാലത്തൊക്കെ ഡല്‍ഹി എന്നു പറഞ്ഞാല്‍, അനശ്വരപ്രേമത്തിന്‍റെ സ്മരണക്കായി പണികഴിപ്പിച്ച ' താജ്മഹല്‍' ലും അതിനുയോജ്യമായ ചിത്രങ്ങളുമായിരുന്നു, മനസ്സില്‍.പക്ഷേ ഹൈവേയില്‍നിന്നു പുറത്തിറങ്ങുന്നതോടെ ( ഞാന്‍ അവസാനം പോകുമ്പോള്‍ അവിടെ റോഡ്‌ പണി നടക്കുകയായിരുന്നു.) അധികവും 'ലെതര്‍ & മാര്‍ബിള്‍ ' ഫാക്ടറികളും ചന്തകളുമാണ്. ഒട്ടും മോടിയില്ലാത്ത കാഴ്ചകളാണിതൊക്കെ.

അന്തരീക്ഷമലിനീകരണകാരണം വാഹനങ്ങൾ താജ്മഹലിനടുത്തേക്ക് പോകാൻ സാധിക്കില്ല.അതിനുവേണ്ടി പ്രത്യേകസ്ഥലംതന്നെ ഒരുക്കിയിട്ടുണ്ട്. അവിടെ വണ്ടി 'പാർക്ക് ' ചെയ്യുന്നതോടെ, വഴിയോരക്കച്ചവടക്കാർ പലതരം പ്രാദേശികസാധനങ്ങളുമായി നമ്മെ സമീപിക്കുന്നതാണ്. ഞാൻ ഒന്നും കാണുന്നില്ലേ എന്ന ഭാവത്തിലാണ് ഇവരെ നേരിടേണ്ടത്.എന്നാലും ചന്തമുള്ള ആ സാധനങ്ങളിൽ കണ്ണുടക്കിപ്പോയാൽ , അവരെല്ലാം നമ്മുടെ പുറകെ ആയിരിക്കും.നമ്മളിലെ 'വിലപേശൽ' എന്ന നിപുണത പുറത്തെടുക്കേണ്ട സമയമാണിത്.നമ്മുടെ വില കേട്ട് ചീത്ത പറയുന്നതെല്ലാം സാധാരണമാണ്.അവസാനം നമ്മൾ പറഞ്ഞതിനേക്കാളും പത്തോ ഇരുപതോ രൂപ കൂടുതൽ പറഞ്ഞ് നമ്മളെകൊണ്ട് മേടിപ്പിച്ചെടുക്കുന്നതും അവരുടെ പ്രത്യേക കഴിവായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടെനിന്നു കുതിരവണ്ടിയിലോ, കാൽനടയായോ , ഇലക്ട്രിക്ക് വണ്ടിയിലോ ആയിട്ടാണ്, താജ്മഹൽ' -ന്റെ അങ്ങോട്ട് പോകേണ്ടത്.

ഇന്ത്യക്കാർക്ക് 40 രൂപയുടെ ടിക്കറ്റും വിദേശികൾക്ക് 1000 രൂപ ടിക്കറ്റ് .........വിലവിവരപ്പട്ടിക കാണുമ്പോൾ നമ്മുക്ക് വെറുതെ ഒരഹങ്കാരം വന്നുവോ, സംശയം. അന്ന് ഞായറാഴ്ച ആയതു കൊണ്ട് ക്യൂ നീണ്ടുനിരന്നുകിടക്കുകയാണ്. വർഷംതോറും ഏകദേശം നാല് ദശലക്ഷം ആളുകൾ സന്ദർശിക്കുന്നതായിട്ടാണ് കണക്ക്. ഒന്നുമറിയാത്തപോലെ ക്യൂ തെറ്റിച്ച് മുന്നിൽ പോയി നിൽക്കുന്നവരും ടിക്കറ്റും ക്യൂ യും ഇല്ലാതെ അകത്തോട്ട് കയറാനുള്ള ഏതാനും ഗൈഡുമാരുടെ സാമർത്ഥ്യവുമാണ് , അവിടെ നിൽക്കുമ്പോഴുള്ള നമ്മുടെ നേരംപോക്ക്.

സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ്‌, പ്രധാനകവാടം കടന്ന്
അകത്തോട്ടു പ്രവേശിക്കുമ്പോൾ,വിശാലമായ ഉദ്യാനവും അതിനകത്തെ ചെറിയ വെള്ളച്ചാട്ടങ്ങളും അതിനു പുറകിലായി വെണ്ണക്കലിൽ നിർമ്മിച്ച സ്മാരകവും എല്ലാംകൂടെ നയനമനോഹരം.അവിടത്തെ ഒരു പ്രത്യേകസ്ഥലത്തു നിന്നാൽമാത്രമേ, ഈ മനോഹരമായക്കാഴ്ചയെ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കാൻ സാധിക്കുകയുള്ളൂ. അതിനവസരം ഒരുക്കിക്കൊണ്ട് ഒരു സിമന്റ് ബെഞ്ച് ഇട്ടിട്ടുണ്ട്. അവിടെ ഇരുന്ന് ഒരു ഫോട്ടോ എടുക്കുകയെന്നത്, ഒരു കസേരക്കളിയിൽ ഏർപ്പെട്ടതുപോലെയാണ്. പലപ്പോഴും തോറ്റു പിൻവാങ്ങേണ്ടി വന്നു.വീട്ടിൽ പോയി കംപ്യൂട്ടറിൽ അങ്ങനത്തെ ഫോട്ടോ ഉണ്ടാക്കി എടുക്കാനാണ് വീട്ടുകാരുടെ നിർദ്ദേശം . എന്നാലും ഡൽഹി എന്ന് പറയുമ്പോൾ പലരുടെയും അവിടെയുള്ള ഫോട്ടോ ആണു മനസ്സിൽ.
സാധാരണമായി മുഗൾക്കെട്ടിടങ്ങൾ ചെമന്ന മണൽക്കല്ലിലാണ് പണിതിരുന്നത്.അതിന് വ്യത്യസ്തമായാണ് മാർബിളിൽ പണിത താജ്മഹൽ.പേർഷ്യൻ-ഇന്ത്യൻ-ഇസ്‌ലാമിക്-വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. 1632 യിൽ തുടങ്ങി 1653 യിലാണ് പണി തീർന്നത്. എല്ലാംകൊണ്ടും മുഗൾക്കാലത്തെ മറ്റു കെട്ടിടങ്ങളൊക്കെ അപേക്ഷിച്ച് താജ്മഹലിന് പ്രത്യേകയാകർഷണമുണ്ടായിരുന്നു . അങ്ങനെ നമ്മൾ കേട്ടതും വായിച്ചതും പഠിച്ചതുമായ വിവരങ്ങൾ ഏറെ.

എന്തായാലും അതിനകത്ത് കേറുന്നതിനു മുൻപ് പിന്നെയും വലിയൊരു ക്യൂ.വിദേശികളേയും നമ്മളേയും ( ഇന്ത്യക്കാർ) മാറി- മാറി ഓരോ ഗ്രൂപ്പ് ആയി അകത്തോട്ടു കടത്തിവിടും. വിദേശികൾ ഗ്രൂപ്പായി പോകുമ്പോൾ ഉന്തും തള്ളുമായി നമ്മൾ തിരക്കിലാണ്. നമ്മുടേതായ ചില സ്വഭാവങ്ങളൊന്നും മാറ്റാൻ പറ്റില്ലല്ലോ.

താജിന്റെ അകത്താണ് ഷാജഹാൻ & മുംതാസ് -ന്റെ ശവകുടീരം. മഹലിന്റെ അകത്തും ധാരാളം കൊത്തുപണികളും മാർബിളിൽകൊണ്ടുള്ള ജാലികളും കാണാം. താജ്മഹൽ മൊത്തം പലതരം കൊത്തുപണികളും , കൈയെഴുത്ത് കൊത്തുപണികളുമായി നിറഞ്ഞിരിക്കുന്നു. പലതും ഖുറാനിൽനിന്നുള്ള വചനങ്ങളാണ്. എങ്ങോട്ടു നോക്കിയാലും സൗന്ദര്യത്തിന്റെ മാന്ത്രികവിരൽസ്പർശംതന്നെയാണ്.

നാലു ഭാഗത്തും അതിഗംഭീരമായ തൂണുകളും മാർബിളിൽത്തന്നെ. പുറകിലായിട്ടാണ് യമുനാനദി ഒഴുകുന്നത്.താജ്മഹലിനെക്കുറിച്ചുള്ള പരസ്യത്തിലാണ് ആ നദിയുടെ ഭംഗി ഞാനാസ്വദിക്കാറുള്ളത്.

ഡൽഹിയിൽ താമസിക്കുന്നതുകൊണ്ട് പലപ്രാവശ്യം അവിടെ സന്ദർശിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.ആദ്യം പോയപ്പോൾ , താജ്മഹലിൽ ചെരിപ്പിട്ടുകേറാൻ സമ്മതിക്കില്ല. ചെരുപ്പിന്റെ മുകളിൽക്കൂടി ചാക്കുകൊണ്ടുള്ള ഒരു കവർ മേടിച്ച്, ചെരുപ്പിന്റെ മുകളിൽ കൂടി കെട്ടിവെക്കണം. അതെല്ലാം അവിടെ ലഭിക്കുമെങ്കിലും മേടിക്കാനായിട്ട് മറന്നുപോയി. അതുകാരണം ചുട്ടുപഴുത്ത മാർബളിൽ ഓടിയും ഒറ്റക്കാലിൽ ചാടിയുമാണ്, അന്ന് കണ്ടുതീർത്തത്.പിന്നെത്തെയൊരു യാത്ര വെള്ളിയാഴ്ചയായിരുന്നു. അന്ന് അവധിയാണ്. എന്നാലും ഐ .ഡി കാണിച്ച് മുസ്ലിം കൾക്ക് അതിനകത്ത് പ്രാർത്ഥിക്കാവുന്നതാണ്.അങ്ങനെ താജ്മഹൽ സന്ദർശനങ്ങൾ പലതരം അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.പൗർണ്ണമിനാളുകളിലും അതിനു മുൻപും പിൻപും 2 ദിവസങ്ങളിൽ രാത്രിനാളുകളിൽ താജ് കാണുന്നതിനായി സന്ദർശകരെ അനുവദിക്കാറുണ്ട്.അങ്ങനെയൊരു നാൾ താജ് കാണണം എന്ന പ്രതീക്ഷയോടെ ....


4 comments:

 1. വളരെ പ്രതീക്ഷിച്ചത് കൊണ്ടാവാം താജ് മഹല്‍ വല്ലാതേ മോഹിപ്പിച്ചില്ല. വെണ്ണക്കല്ല് എന്നൊക്കെ കേട്ടത് വെറുതെ ആയത് പോലെ

  ReplyDelete
  Replies
  1. അങ്ങനെയാണോ ......എന്നാലും 1632 യില്‍ ഉണ്ടാക്കിയത്. ആ കാലഘട്ടത്തില്‍ ഇങ്ങനെയൊക്കെ ഉണ്ടാക്കിയല്ലോ,അതിലാണ് അതിന്‍റെ 'beauty'എനിക്ക് തോന്നിയിട്ടുള്ളത്.

   Delete
 2. താജ് മഹൽ ഇതുവരെ കണ്ടിട്ടില്ല
  എന്തായാലും സന്ദർശന വിവരണം നന്നായിട്ടുണ്ട്

  ReplyDelete