നല്ല മര്യാദക്കുട്ടികളെപോലെ അച്ചടക്കത്തോടെ ക്യൂ നിന്ന് "ബിവറേജസ് " മേടിച്ച് അത് അകത്താക്കി കഴിഞ്ഞാൽ അതുവരെ കാണിച്ച മര്യാദയൊന്നും അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അകത്താക്കുന്നതോടെ ചിലർ കരയാനും മറ്റു ചിലർ ചിരിക്കാനും തുടങ്ങും.മറ്റു ചിലർ വഴക്ക് കൂടുന്ന മട്ടിലാവും. അങ്ങനത്തെ ഒരു സംഭവമായിരുന്നു_ കൂട്ടുകാരിയുമായി ബസ്സ് സ്റ്റോപ്പിലേക്ക് വന്ന എന്നോട്, ഒരാൾ വളരെ ദേഷ്യത്തോടെ ഏതോ രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയെ പറ്റി ചോദിച്ചു.ചോദിക്കുന്ന ആളുടെ മുഖഭാവം കണ്ട് പേടിച്ച്,ആര്‍ അല്ലെങ്കിൽ എന്തിനെപറ്റിയാണ് ചോദിക്കുന്നത് എന്ന് മനസ്സിലാകാതെ, "എന്നോട് ഒന്നും പറഞ്ഞില്ല” -വളരെ ഭവ്യതയോടെ പറഞ്ഞു എന്റെ മറുപടി കേട്ടതും അവിടെയുള്ളവരല്ലാം കൂട്ടചിരിയായി.പിന്നീട് അങ്ങോട്ട് വന്നവരോടെല്ലാം ആ ചോദ്യം ചോദിക്കുന്നുണ്ട്.കുടിച്ച് ഫിറ്റ് ആയി ആരോടെങ്കിലും വഴക്ക് കൂടാനുള്ള മനോഭാവത്തിലാണ്.നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസ്താവനകൾ കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങൾ ഉണ്ട്.അയാളുടെ ചോദ്യവും അതിനുള്ള ചിലരുടെ മറുപടിയും മറ്റ് ചിലരുടെ പ്രകോപ്പിക്കാനുള്ള മറുപടിയും രസകരമായിരുന്നു. “ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസം” എന്ന് പറയുന്നത് പോലെയാണ്.പക്ഷെ ആ സീനുകൾ അധികം കണ്ട് ആസ്വദിക്കാൻ സാധിച്ചില്ല.കൂട്ടുകാരിയും അവിടെ ഉണ്ടായിരുന്ന വേറെ സ്തീകളും അവരവരുടെ ബസ്സിൽ കേറി പോയതോടെ, അയാൾ പിന്നെയും പ്രസ്താവന ചോദിച്ച് എന്റെ നേരെ തിരിഞ്ഞു.കൂടെയുള്ളവർ അപ്പോഴും ചിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയ ഞാൻ വേഗം ഓട്ടോയിൽ അടുത്ത ബസ്സ് സ്റ്റോപ്പിലേക്ക് പാഞ്ഞു.എല്ലാം കണ്ട് കൊണ്ടിരുന്ന ഓട്ടോയുടെ ഡ്രൈവർ,"ചേച്ചി പേടിച്ചിട്ട് ഓടുകയാണോ " എന്ന ചോദ്യത്തിന് ......"അല്ല" _ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞെങ്കിലും ഇനി ആ കുടിയൻ ബസ്സിലെങ്ങാനും ഉണ്ടാവല്ലേ എന്ന് മനസ്സിൽ അറിയാതെ ഒരു പ്രാർത്ഥന ഉണ്ടായിരുന്നു.
ആതിഥേയ മര്യാദയുടെ ഭാഗമായി കൊടുക്കുന്ന "സ്മാൾ / ഒന്ന് വീശൽ .......പാനീയങ്ങളും ചിലപ്പോൾ "ആരാന്റെ അമ്മക്ക് ......എന്ന പഴഞ്ചൊലിന് ചേർന്ന രീതിയിൽ ചിരിക്കാൻ വക കിട്ടാറുണ്ട്.പണ്ട് കാലത്തൊക്കെ വീടിന്റെ പുറകിലോ അല്ലെങ്കിൽ അധികം പബ്ലിസിറ്റി കൊടുക്കാതെയാണ്‍ വിളമ്പിയിരുന്നത്. എന്നാൽ ഇന്ന് "മിനിബാർ "എന്ന പേരിൽ വീടിന്റെ ഒരു ഭാഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. കണ്ടാൽ ഒരു ചെറിയ അലമാരയായിട്ടെ തോന്നുകയുള്ളൂ, മാന്ത്രികൻ തൻറെ മാന്ത്രിക വടി ചുഴറ്റി അത്ഭുതങ്ങൾ കാണിച്ച് തരുന്നത് പോലെ, ആ അലമാര തുറക്കുകയും അതിനകത്തെ ചില ഭാഗങ്ങൾ തിരിക്കുകയും കറക്കുകയും ചെയ്യുന്നതോടെ ആവശ്യത്തിന് വലിപ്പമുള്ള ഒരു മേശയായി മാറും.പോരാത്തതിന് നീളം കൂടിയതും കുറഞ്ഞതും ത്രികോണാകൃതിലുമൊക്കെയായി പലതരം ഗ്ളാസ്സുകൾ .ഓരോ തരം ഗ്ലാസ്സിലും കുടിക്കേണ്ടവയെ പറ്റി വിവരിക്കുകയാണ് അവിടത്തെ ഗൃഹനാഥൻ കൂട്ടത്തിൽ ഭാര്യയുടെ ഗുണങ്ങളും അവരുടെ "ഇന്റീരിയർ ഡെക്കറേഷനിലെ അഭിരുചിയും വിവരിക്കുന്നുണ്ട്.ഇതിനകം ഏതാനും ഗ്ളാസ്സുകൾ വീശിയ അദ്ദേഹം വളരെ സ്വകാര്യമായീ -"ഭാര്യ എന്നെ ഇതുവരെ തല്ലിയിട്ടില്ല ട്ടോ"..ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ അവസ്ഥയിലായി, ഞാൻ . അതിന്റെ സത്യാവസ്ഥ മനസ്സിലാക്കി വരുമ്പോഴേക്കും എന്റെ നല്ലൊരു കൂട്ടുകാരിയെ നഷ്ടപ്പെടുമോ എന്ന പേടിയിൽ, ഞാൻ ചിരിച്ച് കൊണ്ട് അവിടെന്ന് മുങ്ങി .... എന്നാലും?
ഇത് പോലെ ഓർത്ത് ചിരിക്കാനുള്ള ഒരു പാട് അവസരങ്ങളുണ്ടായിട്ടുണ്ട് . എന്നാലും മദ്യത്തെയോ മദ്യപാനികളെയോ _ അവർക്കായിട്ടുള്ള ന്യായീകരണങ്ങളെയോ ഒരിക്കലും മനസ്സ് കൊണ്ട് അംഗീകരിക്കാനായിട്ടില്ല
പലതരം സംസ്ഥാനങ്ങളുടെ കരകൗശല വസ്തുക്കളുടെ പ്രദർശനത്തിനിടയിലാണ്, ചെറിയ ഇരുമ്പ് കൊണ്ടുണ്ടാക്കിയ മനോഹരമായ മെഴുകുതിരി വെക്കാനുള്ള സ്റ്റാൻഡ് കണ്ടത്. വാങ്ങിക്കാനുള്ള ഉദ്ദേശത്തോടെ കടക്കാരനെ സമീപച്ചെങ്കിലും ഭയങ്കര വില. വിലപേശലിൽ വിജയിക്കുമോ ഇല്ലയോ എന്ന ഒരു നിലപാടിൽ നിൽക്കുമ്പോഴാണ് ആ സാധനങ്ങളെ പറ്റി കൂടുതലറിയാനായി ശ്രമിച്ചത്. Chhattigarh,ലെ ഒരു ഗ്രാമത്തിലെ ആൾക്കാരാണ് ഇത് ഉണ്ടാക്കുന്നത് ."അവരുടെ കൈയ്യിൽ നിന്ന് നിങ്ങൾ മേടിക്കുമോ _ എൻറെ ചോദ്യത്തിന്
ഒരു ചെറിയ ചിരിയോടെ അയാൾ പറഞ്ഞു -"അവർക്ക് പൈസയേക്കാളും അത്യാവശ്യം മദ്യം ആണ്.അത് മുടങ്ങാതെ എത്തിച്ചു കൊടുക്കാറുണ്ട്."
മുതലാളിയോടൊപ്പം ആ തമാശയിൽ പങ്ക് ചേർന്നെങ്കിലും അതൊരിക്കലും ആരാന്റെ അമ്മക്ക് .......അതിനോട് യോജിക്കാൻ തോന്നിയില്ല. മനോഹരമായ കരകൗശല ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന അവരുടെ കഴിവിനെക്കുറിച്ച് ആരാധന തോന്നിയെങ്കിലും മദ്യത്തിന് വേണ്ടി സ്വന്തം കഴിവുകളെ പണയം വെച്ച് ജീവിക്കുന്ന അവരെ ഓർത്ത് മനസ്സിൽ വല്ലാത്ത വിഷമം തോന്നി..
ഒഴിയാബാധപോലെ മദ്യത്തിന് അടിമയാവർ അങ്ങനെ എത്ര പേർ അല്ലെ?
മദ്യപന്മാരെ കാണുമ്പോള്‍ തഞ്ചത്തില്‍ എസ്കേപ് ആവുകയാണ് എന്റെ പതിവ്
ReplyDeleteഇത്തരം അനുഭവക്കുറിപ്പുകൾ കേരളത്തിലെ ഒരുവിധപ്പെട്ട എല്ലാവർക്കും പങ്കു വെക്കാനുണ്ടാവും.
ReplyDeleteമദ്യപന്മാരോട് സംസാരിക്കണമെങ്കിൽ സംസാരിക്കുന്നവരും മദ്യം കഴിച്ചിരിക്കണം എന്ന അവസ്ഥയാണ്. അല്ലാത്തപ്പോൾ ഇങ്ങനെ ഓടി രക്ഷപ്പെടുകയോ ഒഴിഞ്ഞുമാറുകയോ ഒക്കെ വേണ്ടി വരും. പക്ഷേ, അത് വേണ്ടപ്പെട്ടവർ തന്നെയാവുമ്പോഴാണ് അതൊരു വലിയ വേദനയായി മാറുക. മദ്യപിക്കുന്നവർ അവരുടെ ആത്മസുഖം മാത്രം മുന്നിൽ കാണുന്നു. മറ്റുള്ളവരെല്ലാം അതിനു വേണ്ടി അവരെ സഹായിക്കാൻ നിയോഗിക്കപ്പെട്ടവരാണ് എന്ന് വിശ്വസിക്കുന്നു. കേരളത്തിന്റെ ഭാവിയെ കുറിച്ചോർത്ത് ഭയം തോന്നുന്നു.
കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് നന്നായിരിക്കും.
മുതിര്‍ന്നവരെ പോലെ വലിയൊരു വിഭാഗം സ്കൂള്‍ കുട്ടികളും മദ്യപാനത്തിന് അടിമകളാണെന്നതാണ് നടുക്കുന്ന സത്യം... :-(
ReplyDeleteഈ അഭിപ്രായങ്ങള്‍ക്ക് നന്ദി കൂട്ടുകാരെ
ReplyDelete