സ്കൂൾ അവധിക്കാലത്താണ് തിയറ്ററിൽ പോയി സിനിമ കാണുക.ഓണാവധിക്ക് ഒരെണ്ണം കണ്ടാൽ പിന്നെ ക്രിസ്തുമസ്സ് അവധിക്കാണ് അടുത്ത സിനിമകാണൽ പരിപാടി.അത്രയും ദിവസങ്ങൾ കണ്ട സിനിമയുടെ തമാശകൾ പറയുക, അതിന്റെ കഥ കൂട്ടുകാർക്ക് പറഞ്ഞ കൊടുക്കുക, വരുത്താവുന്ന മാറ്റങ്ങളെ പറ്റി ചർച്ച ചെയ്യുക .....ഇതൊക്കെ സിനിമയുമായീ ബന്ധപ്പെട്ട എന്റെ കുട്ടിക്കാല വിശേഷങ്ങളാണ്.ചില മനോഹരമായ ഓർമ്മകളെ ജീവിതത്തിൽ കൂടെ കൊണ്ടുനടയ്ക്കാൻ എനിക്കിഷ്ട്മാണ് അല്ലെങ്കിൽ അടുത്ത തലമുറയ്ക്ക് ഓർത്തിരിക്കാൻ എന്തെങ്കിലും എന്ന ചിന്തയായിരിക്കാം സ്കൂൾ അവധിക്കാലത്ത് എല്ലാവരും കൂടെ തിയറ്ററിൽ പോയി ഒരു സിനിമ എന്നുള്ളത് എന്റെ ഒരാഗ്രഹം ആണ്.
രണ്ട്-മൂന്ന് മാസം കഴിഞ്ഞാൽ ട്ടിവിൽ കാണാമല്ലോ, വെറുതെ പൈസ കളയാനുള്ള ഒരാഗ്രഹം എന്ന മട്ടിൽ ഭർത്താവും അമ്മ കാരണം ഒരു സിനിമ കാണണമല്ലോ എന്ന മട്ടിൽ കുട്ടികളും പ്രതികരിച്ചു.ഏത് സിനിമ എന്ന ചോദ്യത്തിന്, ഓരോത്തർക്കും ഓരോ ഭാഷയിൽ ആഭിമുഖ്യം ഉള്ള കാരണം ഒരു സിനിമ തെരഞ്ഞെടുക്കാനായി ഒരു പാട് ചർച്ചയും വാക്ക്തർക്കങ്ങൾ ചെയ്യേണ്ടി വന്നു.. പ്രശ്നങ്ങൾ അവിടെയും തീരുന്നില്ല. സിനിമ കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ, എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാവും അതിന്റെ യൊക്കെ മണം കാരണം കാണുന്നതിൽ ശ്രദ്ധിക്കാൻ പറ്റില്ല എന്നതാണ് കുട്ടികളുടെ അടുത്ത വാദം. തിയറ്ററിന്റെ അടുത്തുള്ള കടയിൽ നിന്ന് പോപ്പ് കോണ്‍ മുതൽ ശരിയായ ഭക്ഷണം (ലഞ്ച്/ ഡിന്നർ ) വരെ കിട്ടും. നമ്മൾ ആദ്യമേ ഓർഡർ കൊടുത്താൽ സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ അവർ കൊണ്ട് തരും. വിലകൾ മാത്രം എല്ലായിടത്തുള്ളതിനേക്കാളും രണ്ടോ _ മൂന്നോ ഇരട്ടിയാകുമെന്നുമാത്രം.സിനിമ, പഴയ ട്ടാക്കീസ്സിൽ നിന്നും സിനിപ്ലെക്സ്(Cineplex) ലേക്ക് മാറിയതിന്റെ ചില ഗുണങ്ങൾ!
എവിടെയും നമ്മുടേതായഒരു ചിലവ് ചുരുക്കൽ നയം നടത്തേണ്ടതു കൊണ്ട്, ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് സിനിമയ്ക്ക് പോകാം എന്ന തീരുമാനം എടുത്തു.അതോടെ മണങ്ങളെ അവഗണിച്ചുള്ള സിനിമ കാണലിന് എല്ലാവരും റെഡിയായി.സ്കൂൾ ഹോംവർക്കുകൾ , റ്റ്യൂഷൻ മറ്റ് ഇഷ്ടമുള്ള പരിപാടികൾ അവയൊന്നും ആരും ഉപേക്ഷിക്കാൻ തയ്യാറല്ലാത്തത് കാരണം ഞായറാഴ്ച വൈകുന്നേരം പള്ളിയിലെ കുർബ്ബാന കഴിഞ്ഞ് പോകാമെന്ന് തീരുമാനമായി.രാത്രി എട്ടരയ്ക്കുള്ള ഷോക്കായി ട്ടിക്കറ്റ് ഓണലൈൻ ബുക്കും ചെയ്തു. ഒരു സിനിമ കാണുന്നതിനുള്ള കഷ്ടപ്പാടുകൾ!
കൃത്യസമയത്ത് തന്നെ ഞങ്ങൾ കുർബ്ബാനക്ക് എത്തി.ആറ് മണിക്ക് തുടങ്ങിയാൽ ഏഴ് മണിയോടെ തീരുന്നതാണ്.പ്രാർത്ഥനകളുടെ ഇടയിലെ മതപുരോഹിതന്റെ പ്രസംഗം നീളുന്നത് കണ്ട്,കുട്ടികൾ എന്നെ നോക്കി കണ്ണുരുട്ടി, സമയത്തിന്റെ ട്ടെൻഷൻ ഉണ്ടെങ്കിലും ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് അത് അംഗീകരിക്കാൻ സാധിക്കാത്തത് കൊണ്ട് ഞാനും തിരിച്ച് കണ്ണുരുട്ടി.കണ്ണുരുട്ടലുകളുടെയും പ്രാർത്ഥനകളുമൊക്കെയായി കുർബ്ബാന തീർന്നപ്പോൾ ഏഴേകാൽ ആയി.മനസമാധാനത്തോടെ പള്ളിയിൽ നിന്നും ഇറങ്ങുന്നതിന് പകരം കൂടുതൽ പിരിമുറക്കത്തോടെയാണ് ഞങ്ങൾ കാറിന്റെ അടുത്തെത്തിയത്.
കാർ, മുന്നോട്ട് എടുക്കാനാവാത്ത വിധം വേറെയൊരു വണ്ടി മുൻപിൽ ഇട്ടിരിക്കുകയാണ്.പള്ളിയിൽ വന്നിട്ടുള്ള ആളുകൾ പോകാൻ കാത്തിരുന്നു എന്നിട്ടും ഈ വണ്ടിക്ക് ഒരു അനക്കവുമില്ല.ചില ആളുകൾ അവിടെയവിടെയായി വർത്തമാനം പറഞ്ഞു നിൽക്കുന്നുണ്ട് .വേറെ ചിലർ പ്രാർത്ഥന ആയിട്ട് പള്ളിക്കകത്തുമുണ്ട്. അവരുടെ ആണോ എന്നറിയാൻ കുട്ടികൾ അവരോട് ചോദിക്കാൻ പോയതും അടുത്തുള്ള കടയിൽ നിന്ന് സാധനങ്ങൾ മേടിച്ച്കൊണ്ട് കാറിന്റെ ഉടമസ്ഥൻ വന്ന് ആ കാറും കൊണ്ട് പോയി.അതോടെ തടസ്സം മാറിയെങ്കിലും കുട്ടികളെ കാത്തുള്ള നിൽപ്പിൽ അടുത്ത അഞ്ചോ -പത്തോ മിനിറ്റ് പോയി കിട്ടി.സമയത്തിന് ഇത്രയും വിലയുള്ള സമയത്താണ് ഇങ്ങനത്തെ ഗുലുമാലുകൾ
എല്ലാവരെയും സംഘടിപ്പിച്ച് ഞങ്ങൾ യാത്ര തിയറ്റർ എന്ന ലക്ഷ്യത്തിലേക്ക്, അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്, ഞങ്ങൾ വിചാരിച്ച" മാൾ" അല്ല സിനിമക്കുള്ള ട്ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഞങ്ങൾ ട്ടിക്കറ്റ് എടുത്തത് "സിറ്റി സെന്റർ" _ യിൽ എന്നാൽ എത്തിയത് "സിറ്റി വാക്ക്"_ പേരിനുള്ള ക്ഷാമം കൊണ്ടാണോ എന്നറിയില്ല, എല്ലായിടത്തും സിറ്റിയിൽ തുടങ്ങുന്ന പേരുകൾ ഇടുന്നത്.
ഞായറാഴ്ച ആയതുകൊണ്ട് റോഡിൽ തിരക്കില്ലെങ്കിലും ചില കാൽ നടക്കാരുടെയും സൈക്കിളുകാരുടെയും റോഡ് മുറിച്ച് കടക്കൽ എന്ന അഭ്യാസത്തിൽ, 1970 -ലെ സിനിമയുടെ അവസാനത്തിൽ കാണുന്നത് പോലെ പോലീസ് ജീപ്പിനെ വെട്ടിച്ച് ഓടിക്കുന്ന വില്ലന്റെ കാർ പോലെ, സിറ്റി സെന്റർ എന്ന മാൾ " ലേക്ക് ഞങ്ങൾ കുതിച്ചു.ആ സ്ഥലം പരിചയമില്ലാത്തത് കൊണ്ട് "ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ട് എടുത്ത തീരുമാനം അവതാളത്തിലാകുമോ എന്ന ഭയത്തിലായിരുന്നു കുട്ടികൾ.
സമയമില്ലാസമയത്തും "ചിലവ് ചുരുക്കൽ നയം പ്രാവർത്തികമാക്കാനായി അവിടെ കണ്ട ഒരു "ഫാസ്റ്റ് ഫുഡിൽ കേറി . ചില സിനിമകളിൽ പൊട്ടാൻ പോകുന്ന ബോംബും സമയവും മാറി -മാറി കാണിക്കുന്നത് പോലെയായിരുന്നു പ്ലേറ്റിലെ ഭക്ഷണവും -മിനിറ്റുകളുടെ സൂചിയും തമ്മിൽ! കിട്ടിയത് എന്തും വിഴുങ്ങുക എന്ന പോളിസിയിലായിരുന്നു കുട്ടികൾ.പൊതുവെ പതുക്കെ ഭക്ഷണം കഴിക്കുന്ന എന്റെ പാത്രത്തിലും അവരുടെ പോളിസി നടപ്പിലാക്കിയതോടെ പ്ലേറ്റ് കാലിയായെങ്കിലും ..ഞാൻ പട്ടിണിയിൽ തന്നെ
സമയം 8.25 ...26 ....അടുത്ത കടമ്പ ആ മാളിൽ കാർ പാർക്ക് ചെയ്യുകയെന്നതാണ് അതിനായി ഞങ്ങളുടെ യാത്ര മുന്നോട്ട് ....മാളിന്റെ മുന്പിലായി ഞാനും കുട്ടികളും ഇറങ്ങി.ട്ടിക്കറ്റ് എടുക്കാനായി അവിടെ ചെന്നപ്പോൾ, സൂട്ടും കോട്ടും ഇട്ട ഒരു മനുഷ്യൻ "സോറി, ചില സാങ്കേതിക കാരണങ്ങളാൽ ഈ ഷോ വേണ്ടെന്ന് വെച്ചിരിക്കുകയാണ്". ഈ വിവരത്തിന് ഒരു ഇ-മെയിൽ അല്ലെങ്കിൽ sms അയച്ചു കൂടെ എന്ന ചോദ്യത്തിന് _ "സോറി മാഡം/ സോറി സാർ" അതിനപ്പുറം ഒരു വാക്ക് അയാൾക്ക് അറിഞ്ഞുകൂട എന്ന മട്ടിലായിരുന്നു.
അരമണിക്കുറിനകം കാർ അവിടെന്ന് പുറത്തോട്ട് എടുക്കുകയാണെങ്കിൽ പാർക്കിംഗ് ഫീസ് ലാഭിക്കാം എന്ന കാര്യം അപ്പോഴാണ് ഓർത്തത്. അതിന് വേണ്ടി വാഹനം കണ്ടുപിടിക്കാനായി ഭർത്താവിന്റെ മൊബൈലിലോട്ടുള്ള ഫോണ്‍ വിളികളായി, സിഗ്നൽ ഇല്ല/ ബിസ്സി ട്ടോണ്‍ .....അങ്ങനെ കാറുമായി പുറത്തോട്ട് എത്തിയപ്പോഴോ_ ആ നിയമം "വീക്കെൻഡിൽ ബാധകമല്ല എന്നാണ് സെക്യൂരിറ്റിക്കാരൻ.
തിരിച്ച് വീട്ടിലോട്ട് പോകുന്ന വഴിക്ക് ഞാൻ ഓർത്തു ഇതിനെയൊക്കെയാണോ "Murphy’s law” എന്ന് പറയുന്നത് ? എന്തായിരിക്കും "മർഫീസ് ലോ,”Whatever can go wrong will go wrong”.ഈ സിനിമ കാണൽ പരിപാടിയെ മർഫീസ് ലോ,അങ്ങനെ തന്നെ വിഴുങ്ങിയത് പോലെയുണ്ട്.തിരിച്ചുള്ള യാത്രയിലും കുട്ടികൾ എന്നെ കുറ്റപ്പെടുത്തുകയായിരുന്നു, അമ്മയുടെ ഓരോ ഓർമ്മകൾ എന്ന മട്ടിൽ .......
ഹഹഹ
ReplyDeleteകഴിഞ്ഞ അവധിയ്ക്ക് എറണാകുളത്ത് ഒരു ഹോസ്പിറ്റലില്‍ അപ്പോയിന്റ്മെന്റ് സമയം വരെ ബോറടിക്കേണ്ടല്ലോ എന്നോര്‍ത്ത് വൈഫിനെയും കൂട്ടി മേനകതിയേറ്ററിലേയ്ക്ക് നടന്നു. അതിന്റെ വാതില്‍ക്കല്‍ എത്തി തിയേറ്റര്‍ തപ്പിനടന്ന് ഒരാളിനോട് ചോദിച്ചപ്പോള്‍ അയാള്‍ ‘ആക്കി‘യൊരു നോട്ടം. അവിടെ തിയറ്റര്‍ അടച്ചിട്ട് വര്‍ഷങ്ങള്‍ പലതായത്രെ.