ആഗ്രഹിച്ചൊരു കളിപ്പാട്ടം പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടുമ്പോഴുള്ള ഒരു കുട്ടിയുടെ സന്തോഷം പോലെയായിരുന്നു എനിക്ക് ആ ക്ഷണം.കുറച്ചു സാഹസമൊക്കെ ഇഷ്ടപ്പെടുന്ന ബൈക്ക് യാത്രക്കാരുടെ സ്വപ്നമാണ് ലേഹ് ( Leh ) യിലേക്കുള്ള യാത്ര. ഇതിനോടൊക്കെ താൽപര്യമുള്ള ഭർത്താവിന്റെ ലിസ്റ്റിലുള്ള യാത്രയാണിത്. .അപ്പോഴാണ് രണ്ടു- മൂന്നു പ്രാവശ്യം അവിടെയൊക്കെ ബൈക്കിൽ പോയിട്ടുള്ള കൂട്ടുകാരൻ ഫാമിലിയെ കാണിക്കാനായിട്ട് കാറിൽ പോകുന്നത്. കൂട്ടത്തിൽ വരുന്നോ എന്ന ക്ഷണവും. കേട്ടപാടെ ഞാൻ റെഡിയായി. ഇരുചക്രവാഹനത്തിന്റെ യാത്രയുടെ പിരിമുറക്കവും വേണ്ട.ഇതിൽപ്പരം ആനന്ദലബ്ധിക്കിനിയെന്ത് വേണം? ഹിമാലയത്തിലെ ഉയർന്ന മരുഭൂമി നഗരമായ ലേ, ജമ്മു -കാശ്മീർ സംസ്ഥാനത്തെ ലഡാക്ക് പ്രദേശത്തിലെ ഒരു ജില്ലയാണ് ലേ.434കി.മീ. നീളമുള്ള ശ്രീനഗർ - ലേ ദേശീയപാതയോ 473 കി.മീ. നീളമുള്ള മണാലി- ലേ ദേശീയ പാതയുമാണ് അങ്ങോട്ട് എത്താനുള്ള പ്രധാന പാതകൾ.
സമുദ്രനിരപ്പിൽ നിന്നും 3500 മീറ്റർ ഉയരത്തിലാണ് യാത്ര. അതുകൊണ്ടെന്താ AMS( acute mountain sickness) ഉണ്ടാവാനുള്ള സാധ്യതയുണ്ട്. വ്യത്യസ്ത ആളുകളിൽ വ്യത്യസ്ത രീതിയിലായിരിക്കും അതിന്റെ പ്രതികരണം.ഉയരത്തിൽ എത്തുന്നതോടെ ഓക്സിജന്റെ തന്മാത്രകൾ കുറയുന്നു. തലവേദന, തലകറക്കം, ഛർദ്ദി, ക്ഷീണം എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം.വേണമെങ്കിൽ യാത്രക്ക് മുൻപ് മെഡിസിൻ എടുക്കാം അല്ലെങ്കിൽ ഓക്സിജൻ ടാങ്ക് സൂക്ഷിക്കാം.ആസ്തമ പോലെയുള്ളവർക്ക് ഇങ്ങനത്തെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഇതൊക്കെ മനുഷ്യർക്കാണെങ്കിൽ ഡീസൽ വണ്ടികൾ തണുപ്പത്ത് ഡീസൽ കട്ടിപ്പിടിക്കാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെയുണ്ടാവാതിരിക്കാനായിട്ട് മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട് . കൂട്ടുകാരന്റെ ഇത്തരത്തിലുള്ള വിശദീകരണങ്ങൾ കേട്ടപ്പോൾ കിട്ടിയ കളിപ്പാട്ടം 'മാൻഡ്രേക്ക് ജൂനിയർ' - മലയാള സിനിമയിലെ statue പോലെയായോ എന്ന് സംശയം. എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം എന്ന മട്ടിലായി ഞാനും ഭർത്താവും. റോഡുകള്‍ക്ക് വേണ്ട പാസ്സുകള്‍ വേറെയും. എല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ ആയതുകൊണ്ട് അതൊരു ബുദ്ധിമുട്ടല്ല. ഡൽഹി യിൽ നിന്നും ലേഹ് യിലേക്ക് ഏകദേശം 1000 കി.മീ ആണുള്ളത്.
വെള്ളിയാഴ്ച വൈകുന്നേരമായിട്ടുപോലും നഗരത്തിന്റേതായ തിരക്കുകളില്ലാതെ കറുത്ത നദിപോലെ നീണ്ടു കിടക്കുന്ന ഹൈവേ.വശങ്ങളിൽ കാണുന്ന പാടങ്ങളും അവിടെയവിടെയായി കാണുന്ന ഇഷ്ടിക ഫാക്ടറിയുടെ പുകക്കുഴലും നല്ലൊരു കാഴ്ച സമ്മാനിച്ചു.ദേശീയപാതകളും ബൈപാസുകളും യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കി.
ഹരിയാനയിലെ പാനിപ്പട്ട് യിൽ exit ചെയ്തപ്പോൾ, മറന്നുപോയ ചരിത്രത്തെ ഓർമ്മിപ്പിക്കലും കൂടിയാകാറുണ്ട് യാത്രകൾ.ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് കാരണമായ യുദ്ധമായിരുന്നു.വെടിമരുന്ന്, പീരങ്കി എന്നിവയൊക്കെ ഉപയോഗിച്ചുള്ള ആദ്യത്തെ യുദ്ധങ്ങളിൽ ഒന്നായിരുന്നു ഒന്നാം പാനിപ്പത്ത് യുദ്ധം. ഞങ്ങളവിടെ എത്തിയപ്പോൾ രാത്രിയായിരുന്നു. എല്ലാവരും വീടെത്താനുള്ള വെപ്രാളയത്തിലായിരിക്കാം വാഹനത്തിലെ ഹോണിലായിരുന്നു എല്ലാവരുടേയും ശ്രദ്ധ. നഗരദൃശ്യങ്ങളുടെ ചിരപരിചിതത്വമുണ്ടാക്കുന്ന കാഴ്ചകളാണിന്നിവടെ.
ഹരിയാനയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതും പഞ്ചാബിലെ ചണ്ഡീഗഡിനടുത്തും ചേർന്ന പട്ടണമാണ് മൊഹാലി. അന്ന് അവിടെയായിരുന്നു ഞങ്ങളുടെ താമസം.ഡൽഹിയിൽ നിന്ന് ഏതൊരു സ്ഥലത്തേയും പുലർകാല യാത്രകൾ ഞാൻ ആസ്വദിക്കാറുണ്ട്. അതുപോലെയായിരുന്നു മൊഹാലിയിൽ നിന്നുമുള്ള യാത്രയും. പല നിറത്തിലും പല തരത്തിലുള്ള തലക്കെട്ടുകളുമായിട്ടുള്ള സർദാർജികളാണ് എവിടെയും. ഇരുചക്രവാഹനത്തിൽ തലയും മൂക്കും വായുമെല്ലാം മൂടിക്കെട്ടിയ വനിതകളെ കൂടി കണ്ടപ്പോൾ ഇവിടെ 'മാനുഷ്യരെല്ലാം ഒന്നു പോലെ' അല്ലെ എന്ന് തോന്നിപ്പോയി.
കൂട്ടുകാരന്റെ ഭാര്യയിൽ നിന്നും വന്ന ' വാട്ട്സ് ആപ്പ് മെസ്സേജ് ' എന്നെയൊന്ന് വിഷമത്തിലാക്കി. അവരുടെ 'ലൈവ് ലൊക്കേഷൻ' അയച്ചു തന്നിട്ട് ഞങ്ങളുടെ ലൊക്കേഷൻ അയച്ചു തരാനാണ് പറയുന്നത്. ഫോണിന്റെ സ്‌ക്രീനിന്റെ അവിടെ - ഇവിടെ തൊട്ടിട്ടും ലൊക്കേഷനുകൾ ഒന്നും ശരിയായി വരുന്നുമില്ല. നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിന് അപമാനകരമാണ് നീ - എന്ന കൂടെയുള്ളയാളുടെ അഭിപ്രായം കൂടിയായപ്പോൾ, മിന്നലിന്റെ വേഗതത്തിനേക്കാളും കുതിച്ചുരയുന്ന ടെക്നോളജി യെയോ അതോ പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം കൊടുക്കാതെയുള്ള വിദ്യാഭ്യാസരീതിയെയോ ആരെ കുറ്റം പറയണമെന്നറിയാതെ കണ്ണിൽ ഉരുണ്ടു കൂടിയ മുത്തുകൾ താഴെ വീഴാതിരിക്കാൻ പാടുപെടുകയായിരുന്നു.ഇങ്ങനത്തെ കൂട്ടുകൂടിയുള്ള യാത്രകൾ നമ്മളെ സ്വയം ആത്മപരിശോധനക്ക് വിധേയമാകാൻ സാധിക്കും.പിന്നീട് അവരെ ഫോണിൽ വിളിച്ച് കാര്യം പറയുകയായിരുന്നു. രണ്ടു കാറിലായിട്ടാണ് ഞങ്ങളുടെ യാത്ര.
ഇന്ത്യയിലെ തന്നെ 'റൊമാന്റിക് സ്ഥലമായ മണാലിയിലാണ് ഞങ്ങളുടെ അന്നത്തെ താമസം.റോഡിന്റെ സൈഡ് ചേർന്ന് ഒഴുകുന്ന നദിയും വലിയ മലകളും തണുപ്പുമൊക്കെയായി പഞ്ചാബ് പോലെയല്ല വേറെയൊരു ഭൂപ്രകൃതിയാണിവിടെ.ഹിമാലയത്തോട് ചേർന്ന് കിടക്കുന്ന ഈ വിസ്മയ ഭൂമി അതിമനോഹരം.പോകുന്ന വഴിയെല്ലാം 'വൈറ്റ് റിവർ റാഫ്റ്റിങ് ' ചെയ്യാനുള്ള പരസ്യമായിരുന്നു. നല്ലൊരു ടീം വർക്ക് ആവശ്യമുള്ള സാഹസമാണിത്. ഗ്രേഡ് 2 , 3 ......അങ്ങനെ പല ലെവൽ ഉണ്ട്. ഗ്രേഡ് കൂടുന്നതനുസരിച്ച് സാഹസവും കൂടും. നദിയിലൂടെ 3 കിമീ & 7 കിമീ റാഫ്റ്റിംഗ് ചെയ്യാവുന്നതാണ്. ഇതിന് മുൻപ് ചെയ്തിട്ടുള്ളതാണ്. റാഫ്ട് മറിയുകയും എനിക്ക് ഒരിക്കലും മറക്കാത്ത അനുഭവം ഉണ്ടായിട്ടുള്ളതാണ്.കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സന്ദർശനമായിരുന്നു മനസ്സിൽ. അവിടെ നിന്ന് 13 കി.മീ ദൂരെയുള്ള സോളോങ് വാലി / സ്നോപോയിന്റ് എന്നറിയപ്പെടുന്ന സ്ഥലം.മഞ്ഞ് കാണാനായിട്ട് വേറെ എവിടെയും പോകേണ്ടതില്ല.സാഹസിക കായിക വിനോദങ്ങൾക്കും ഇവിടെ അവസരമുണ്ട്. പാരാഗ്ലൈഡിങ് , സ്കേറ്റിംഗ് ......അങ്ങനെ നീണ്ടുകിടക്കുന്നു. ഇതൊക്കെ നമ്മുടെ ഇന്ത്യയിൽ തന്നെയോ എന്നതിശയം തോന്നുന്ന കാഴ്ചകളാണ്.
വൈകുന്നേരങ്ങളിൽ വായ്നോക്കി നടക്കാനും ഷോപ്പിംഗിനുമായി മാൾ റോഡ്. ഹിന്ദുപുരാണത്തിലെ ഹിഡുംബൻ എന്ന അസുരന്റെ പെങ്ങളായ ഹഡിംബയുടെ ക്ഷേത്രവും മറ്റൊരാകർഷണമാണ്. 1533 ലുള്ള ഈ ക്ഷേത്രത്തിന്റെ രൂപശില്പം മനോഹരമാണ്. അവിടെയുണ്ടായിരുന്ന യാക്ക്-ന്റെ മുകളിലിരുന്നു കൊണ്ട് ഫോട്ടോയെടുക്കാം. യാക്ക് കണ്ടാൽ പേടി തോന്നുമെങ്കിലും ആളൊരു ശാന്തശീലനായിരുന്നു. അതുപോലെ ഹിമാലയൻ നിവാസികളുടെ വേഷം ധരിച്ചു കൊണ്ടുള്ള ഫോട്ടോയും എടുക്കാം. എല്ലാത്തിനും ചെറിയ ഒരു ഫീസ് മേടിക്കുന്നതാണ്.
ഏത് കാലാവസ്ഥയിലും ഇങ്ങോട്ട് യാത്ര ചെയ്യാവുന്നതാണ് എന്നാലും ജനുവരി മുതൽ ഏപ്രിൽ വരെ യാത്രചെയ്യാതിരിക്കുന്നതാവും നല്ലത്.ഇതിനടുത്തതായിട്ടുള്ള സമുദ്രനിരപ്പിൽ നിന്നും 3978 കി.മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 'റോത്താങ്പാസ് അടച്ചിടുന്നതാണ് കാരണം. ഇപ്രാവശ്യത്തെ യാത്രയിൽ ആകർഷിച്ചത് മരങ്ങളിൽ ഉണ്ടായി നിൽക്കുന്ന ആപ്പിളുകളാണ്. Vicco vajradanti paste '-ന്റെ പരസ്യമാണ് ഓർമ്മ വന്നത്. കൊച്ചുകുട്ടിയായിരുന്നപ്പോൾ സിനിമ കാണാൻ പോകുമ്പോഴുള്ള ആ പരസ്യം, മരത്തിൽ നിന്ന് ആപ്പിൾ പറിച്ച് കടിച്ചു തിന്നുന്നതാണ്. അന്നുമുതലുള്ള ഒരാഗ്രഹമായിരുന്നു അങ്ങനെ ആപ്പിൾ തിന്നണമെന്നുള്ളത്. ആഗ്രഹം ഇപ്പോഴും ആഗ്രഹമായിട്ടിരിക്കുന്നു. പല സ്ഥലത്തും ആപ്പിൾ കൂട്ടിയിട്ട് ചെറിയ പെട്ടികളിലാക്കി പാക്ക് ചെയ്യുന്നുണ്ടായിരുന്നു. തിരിച്ച് വരുമ്പോൾ അങ്ങനെ ഒരു പെട്ടി ആപ്പിൾ മേടിക്കണമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല.
ഹോട്ടലിൽ എത്തിയപ്പോഴേക്കും ഞങ്ങൾ ശരിക്കും മടുത്തിരിക്കുന്നു. ഹോട്ടലുടമ 'leh' യിലെല്ലാം സ്ഥിരം off - road ചെയ്യുന്നയാളായിരുന്നു. അയാൾ അതിൻ്റെ വീഡിയോയെല്ലാം കാണിച്ചു തന്നു. ഡ്രൈവിംഗ് ഒന്നും ചെയ്യാതെ യാത്ര ചെയ്ത് മടുത്ത ഞങ്ങൾ പെണ്ണുങ്ങൾ അടുക്കളയിൽ നിന്നും വരുന്ന ഭക്ഷണവും കാത്തിരുപ്പായി. നാളെ യാത്ഏ പിന്രെയും തുടരേണ്ടതാണ്. ഏകദേശം 553 കി.മീ യാത്ര ചെയ്തിരിക്കുന്നു.
Rohtang pass & Jispa
On your marks, get set, go .....8 മണിക്ക് പുറപ്പെടാമെന്ന് പ്ലാൻ ചെയ്‌താൽ ഏഴ് വയസ്സുള്ള അവരുടെ മകനടക്കം എല്ലാവരും റെഡിയായിട്ട് കാർ സ്റ്റാർട്ട് ചെയ്തിട്ടുണ്ടാവും.സമയം പാലിക്കുന്ന കാര്യത്തിൽ ഒരു പടി മുന്നിലായ എനിക്ക്, സമാന ചിന്താഗതിക്കാരായ സുഹൃത്തക്കളൊടൊപ്പമുള്ള യാത്രകൾ കൂടുതൽ ആനന്ദകരമായി. ഇന്നത്തെ ജനറേഷനിൽ ചുരുക്കം ചിലരിൽ കാണുന്ന സവിശേഷതയാണിത്.
മണാലിയിൽ നിന്ന് തന്നെ വണ്ടിക്ക് വേണ്ട ഇന്ധനം നിറക്കണം. കൂട്ടത്തിൽ കാനുകളിലും നിറക്കണം.പിന്നീടങ്ങോട്ടുള്ള യാത്രയിൽ പെട്രോൾ പമ്പ് കണ്ടെന്ന് വരില്ല.അവിടെ ചെന്നപ്പോൾ സോക്സ് അങ്ങനെ ചെറിയ കമ്പിളി സാധനങ്ങൾ knitting ചെയ്തുകൊണ്ട് ഒരു സ്ത്രീ അവിടെ ഇരിക്കുന്നു. ഞങ്ങൾ ടൂറിസ്റ്റ് ആണെന്ന് മനസ്സിലായപ്പോൾ അത് വിൽക്കാനുള്ള ശ്രമത്തിലായി.ആദ്യമായിട്ട് കണ്ടപ്പോൾ കൗതുകം തോന്നിയെങ്കിലും പിന്നീടങ്ങോട്ട് സ്ത്രീകൾ കൂട്ടം കൂടിയിരുന്ന് വർത്തമാനം പറഞ്ഞുകൊണ്ട് knitting ചെയ്യുന്നവരെ കണ്ടു.ടൂറിസ്റ്റ് കളെ കാണുമ്പോൾ അവർ സാധനങ്ങൾ വിൽക്കാനായിട്ട് ഓടിയെത്തും. യാത്രയിൽ ഓരോ സംസ്ഥാനത്തിൽ നിന്നുള്ള കാഴ്ചകൾ ഒന്നിനൊന്ന് വ്യത്യസ്‌തവും വിചിത്രവുമാണ്.
മണാലിയുടെ പ്രധാനാകർഷണമായിരുന്ന 'Rohtang pass, '52 കി.മീ യിലുള്ള കയറ്റം അഗാധമായ കൊക്കകളും പച്ചപ്പ് നിറഞ്ഞ താഴ്വാരകളും റോഡ് ചെറുതായതും ഉത്തരവാദിത്തമില്ലാത്ത ഡ്രൈവറന്മാരും 'ഒന്നും എളുപ്പം കിട്ടുന്നില്ല അതിപ്പോൾ മനോഹരമായ കാഴ്ചകളാണെങ്കിൽ പോലും എന്ന് ഓർമ്മിപ്പിക്കുന്നു .ജീപ്പോടിക്കാൻ സാധിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡാണിത്.അതിൻ്റെ അഹങ്കാരത്തിലാണ് ടൂറിസ്റ്റ് കളേയും കൊണ്ട് വരുന്ന അവിടത്തെ ടാക്സി ഡ്രൈവർന്മാർ.നെഞ്ചിടിപ്പോടെ വശങ്ങളിലേക്ക് നോക്കിയിരുന്നു. ഉന്നം പിടിക്കുന്ന വെടിവെയ്പുകാരന്റെ ഏകാഗ്രതയായിരിക്കണം സ്റ്റീയറിങ്ങിൽ കൺട്രോൾ ചെയ്യേണ്ട ആൾക്ക്. അല്ലെങ്കിൽ Rothang എന്ന വാക്കിന്റെ അർത്ഥമായ 'ശവങ്ങളുടെ കൂമ്പാരം ' ആകാൻ അധികം സമയം വേണ്ട.കുളുവിനെ ലാഹൌൽ, സ്പിതി എന്നിവയുമായി ബന്ധിപ്പിക്കുന്ന പാതയാണിത്.ഹിമാലയൻ മലനിരകളുടെ അത്ഭുതകരമായ കാഴ്ചകൾക്ക് പ്രശസ്തമാണ്.മഞ്ഞുവീഴ്ച കാരണം സെപ്റ്റംബർ മുതൽ മെയ് വരെ സഞ്ചാരയോഗ്യമായിരിക്കില്ല.
അവിടെ എത്തിക്കഴിഞ്ഞാൽ നൂറു ശതമാനം ടൂറിസ്റ്റ് സ്ഥലം. നമ്മുക്ക് ഒരു പ്രകൃതി സ്നേഹിയോ, ഫോട്ടോഗ്രാഫറോ സാഹസികനോ ആര് വേണമെന്ന് തീരുമാനിക്കാം.ഞങ്ങൾ അതിൽ ഫോട്ടോഗ്രാഫറുടെ വേഷമാണ് തിരഞ്ഞെടുത്തത്.ഒരു പാവം പയ്യൻ വന്ന് 'ഫോട്ടോ ഹേ ഹി ഹോ " എന്ന ചോദ്യത്തിന് എവിടെ നിന്നാണ് എടുക്കേണ്ടത് - എൻ്റെ മലയാളത്തിലെ തിരിച്ചുള്ള ചോദ്യം കണ്ടപ്പോൾ, അവൻ്റെ കണ്ണ് തള്ളിപ്പോയതു കാണാനും രസം. തൃശൂരിൽ നിന്നും കൂട്ടുകാരടക്കം മണാലി വരെ വന്ന അവൻ അവിടെ നിന്ന് ബൈക്ക് വാടകക്ക് എടുത്ത് തനിയെ വന്നിരിക്കുകയാണ്. കൂട്ടുകാരെല്ലാം തിരിച്ചു പോയി.
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരനേയും കുടുംബത്തെയും നോക്കിയപ്പോൾ അവരെല്ലാം മാഗി നൂഡിൽസ് തിന്നുന്ന തിരക്കിലാണ്.കണ്ടാൽ വൃത്തി തോന്നാത്തതു കൊണ്ട് മടിച്ചു.ഇനി ഭക്ഷണം കഴിക്കാനായിട്ട് വേറെ സ്ഥലമൊന്നുമില്ല. വേഗം കഴിക്കാനാണ് കൂട്ടുകാരന്റെ നിർദ്ദേശം.ഇത്രയും നേരം പലതരത്തിലുള്ള ദൈവങ്ങളാണ് രക്ഷിച്ചത്. ഇനി അഗ്നിഭഗവാൻ രക്ഷിക്കുമെന്ന ധൈര്യത്തിൽ മാഗി നൂഡിൽസ് ഓർഡർ ചെയ്തു.
ലേഹ് വരെയുള്ള ഡ്രൈവിങ് 2 ദിവസത്തേക്കായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.Rohtang Pass കഴിയുന്നതോടെ ടൂറിസ്റ്റുകളുടെ പ്രധാന തിരക്ക് കുറയുന്നു.കയറ്റിറക്കങ്ങളും കുന്നുകളും മലമ്പാതകളുമൊക്കെയായി മുന്നോട്ട് പോകുന്ന വഴിയിൽ പിന്നെയും വണ്ടികൾ മുന്നോട്ട് പോകാതെയിരിക്കുന്നു. പ്രധാനമായും ആർമിയാണ് ആ വഴി ഉപയോഗിക്കുന്നത്.തലേദിവസം കൊക്കയിലേക്ക് വീണ അവരുടെ ട്രക്കിനെ പൊക്കിയെടുക്കുന്ന നടപടികളാണവിടെ.അതിലുണ്ടായിരുന്നവർക്ക് അപകടം എന്തെങ്കിലും - ആ ചോദ്യത്തിന്, ആർക്കും അറിഞ്ഞുകൂടാ.ഒന്നും പറ്റാതിരിക്കട്ടെ. ഏകദേശം ഒരു മണിക്കൂറിൽ കൂടുതൽ അവിടെ കാത്ത് നിൽക്കേണ്ടി വന്നു.നല്ല കാലാവസ്ഥയായതുകൊണ്ട് ബുദ്ധിമുട്ട് തോന്നിയില്ല.
പ്രധാനമായും ടെന്റുകൾക്ക് പേര് കേട്ട സ്ഥലമാണിവിടെ.ജൂൺ മാസമാണ് ഇവിടെത്തെ സീസൺ.ഞങ്ങളുടെ യാത്ര സെപ്റ്റംബറിൽ ആയതിനാൽ ടെന്റുകളൊക്കെ ഊരി കൊണ്ടുപോയിരിക്കുന്നു . പിന്നെയുള്ളത് അവിടെയുള്ള 2 ലോഡ്‌ജുകൾ പോലത്തെ സ്ഥലമാണ്.തണുപ്പിനെ പ്രതിരോധിക്കാനായിട്ട് പ്രകൃതി തെരുവ് നായകൾക്ക് നൽകിയ രോമക്കുപ്പായം കണ്ടപ്പോൾ അതിശയവും അതിലൊന്നിനെ സ്വന്തമാക്കാനും തോന്നി. അന്ന് ഞങ്ങൾ താമസിക്കാൻ നിശ്ചയിച്ച ജിസ്പ ( jispa ) യിലെ വിശേഷമാണിത്. വണ്ടിയിൽ നിന്നുമിറങ്ങിയപ്പോഴേ ഒരു കറുത്ത നായ ആതിഥേയ മര്യാദയുടെ ഭാഗമായിട്ടായിരിക്കും ഞങ്ങളൊടൊപ്പം കൂടെയുണ്ട്.രണ്ട് ലോഡ്ജുകളിലെയും അതിഥികളെ അന്വേഷിക്കലാണ് പ്രധാന പണി.വേണമെങ്കിൽ ഫോട്ടോക്കും പോസ് ചെയ്യുന്നതാണ്.
അവിടെ എത്തിയതോടെ ഇന്റർനെറ്റ് & ഫോൺ കണ്ണടച്ചു . BSNL മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഒരു കൂട്ടം വിദേശികൾ, ഡച്ചുകാർ വലിയൊരു ബിയർ ഗ്ലാസ്‌സുമായിട്ട് പിറ്റേ ദിവസത്തിലെ യാത്രയെ കുറിച്ച് മാപ്പിൽ നോക്കിയുള്ള ചർച്ചയിലാണ്. ഇടയ്ക്കിടെ പഴക്കാലത്തോട്ടുള്ള പോക്ക് നല്ലതാണെന്ന് തോന്നി. പിന്നെയുള്ള ബൈക്ക് റൈഡേഴ്‌സ് എല്ലാം മലയാളികളാണ് മണാലിയിൽ നിന്ന് ബൈക്ക് വാടകയ്‌ക്കെടുത്ത് വന്നവരാണ്.മദ്രാസി സർദാർജിയെന്ന് സ്വയം പരിചയപ്പെടുത്തി വന്ന സർദാർജിയും ഭാര്യ, 40 വർഷമായി ബാംഗ്ലൂരിൽ ജീവിക്കുന്നവർക്ക് അറിഞ്ഞുകൂടാത്ത തെക്കേയിന്ത്യൻ ഭാഷകളില്ല.എല്ലാവരും കൂടെയിരുന്ന് ചൂട് ചായയും പക്കാവടയും കൂടി കഴിച്ചപ്പോൾ യാത്രാക്ഷീണം പമ്പ കടന്ന പോലെ . കല്യാണം കഴിഞ്ഞ് പഞ്ചാബിൽ നിന്നും ബാംഗ്ലൂരെത്തിയ ഭാര്യക്ക് കിട്ടിയ exposure നെ കുറിച്ചും വായ്തോരാതെ പറയുന്നുമുണ്ട്. 'സൗത്ത് ഇന്ത്യൻസ് കാണാൻ ഒരു ലുക്ക് ഇല്ലെന്നേയുള്ളൂ ഞങ്ങൾ ഒരു സംഭവമാണെന്ന് സ്വയം പറഞ്ഞ് അഹങ്കരിക്കാൻ ഒരവസരം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.
687 കി.മീ കഴിഞ്ഞിരിക്കുന്നു.
687 കി.മീ കഴിഞ്ഞിരിക്കുന്നു.
Dream come true
മണാലി - ലേ ഹൈവേ
ഇന്നാണ് ....ഇന്നാണ് ....ആ സുദിനം, ഹോട്ടലിൽ താമസിക്കുന്ന ഓരോത്തരുടേയും മനസ്സിലെ ഏറെ കൊതിച്ചിരുന്ന ആ യാത്ര. കഴിഞ്ഞ മൂന്നു - നാലു ദിവസമായിട്ട് നടത്തിയിരുന്ന യാത്രകളെല്ലാം ഇതിന് വേണ്ടിയായിരുന്നല്ലോ ? എല്ലാവരും ആകെ ത്രില്ലടിച്ചാണ്. രാവിലെ ആറു മണിമുതൽ ബ്രേക്‌ഫാസ്‌റ്റ് റെഡി വേണമെങ്കിൽ പാക്ക് ചെയ്തു തരാനും ഹോട്ടലുകാർ തയ്യാറാണ്.ഏകദേശം 340 കി. മീ ദൂരത്തേക്ക് 10 മണിക്കൂറാണ് മാപ്പ് പറയുന്നത്.അപ്പോൾ തന്നെ ആ വഴികളെ കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ.യാത്രയുടെയിടയിൽ പല ഭാഗങ്ങളും സമുദ്രനിരപ്പിൽ നിന്നും ഉയരം കൂടിയും കുറഞ്ഞുമൊക്കെയായതിനാൽ AMS( acute mountain sickness) നുള്ള സാദ്ധ്യത ഏറെയാണ്.അവിടെയുള്ളവരിൽ പലരും മരുന്ന് കഴിക്കുന്നവരും കഴിക്കാൻ പോകുന്നവരൊക്കെയാണ്. ആദ്യമായിട്ടാണ് ഞാൻ ഇത്രയും high altitude യിൽ യാത്ര ചെയ്യുന്നതെങ്കിലും സാധാരണ ഇങ്ങനത്തെ യാത്രയിൽ വെള്ളവും ഭക്ഷണവും കുറയ്ക്കും അധികവും pepsi / coke കൊണ്ട് കഴിച്ചു കൂട്ടാറാണു പതിവ്.കുന്നുകളും ചെരിവുകളും നദികളും വളവുമൊക്കെയുണ്ടെങ്കിലും മനുഷ്യരെ കാണാൻ ബുദ്ധിമുട്ടാണ്. യാത്രയിൽ മിക്കവാറും നമ്മൾ തന്നെയായിരിക്കും.സഹായത്തിനായി എവിടെയും ആർമിക്കാർ ഉണ്ടെന്നുള്ളതാണ് എല്ലാവരുടെയും ആശ്വാസം.അവിടെയുള്ള എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങളുടെ 'dream comes true' യാത്ര ആരംഭിച്ചു.
‘Don’t be a gama in the land of lama”
‘Its risky to drive after whisky”
“Be proactive
Not reactive
Towards safety”
Not reactive
Towards safety”
മനാലി തൊട്ട് ലേഹ് വരെയുള്ള റോഡ്, BRO - border road organisation ന്റെ ആണ്.അവർ വെച്ചിരിക്കുന്ന മുന്നറിയിപ്പ് അടയാളങ്ങൾ രസകരമാണ്. അതിൽ ചിലതാണ് മുകളിൽ കൊടുത്തിരിക്കുന്നത്.മഞ്ഞു മലകളാൽ ചുറ്റപ്പെട്ട ചെറിയ ജലാശയം, ദീപക് ദാൽ - പതിവുപ്പോലെ ആദ്യത്തെ ഫോട്ടോക്കുള്ള സ്ഥലം. സമുദ്രനിരപ്പിൽ നിന്ന് 4888.992 m ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉയർന്ന പാതയാണ് 'Baralacha La'. 8 കി.മീ ദൈർഘ്യമുള്ള ഈ പാത Rohtang pass കഴിഞ്ഞാൽ മഞ്ഞുമലകൾ കാണുന്ന മറ്റൊരു സ്ഥലമാണ്. സഞ്ചാരികൾ അധികം ഇല്ലയെന്നതും സ്ഥലത്തിന്റെ മറ്റൊരുനുഗ്രഹമാണ്.മഞ്ഞുമൂടി കിടക്കുന്ന മലനിരകളിൽ സൂര്യരശ്മികള്‍ ഉണ്ടാക്കുന്ന കാഴ്ച അവിസ്മരണീയമാണ്.ഇതിഹാസങ്ങൾക്ക് പഞ്ഞമില്ലാത്ത നമുക്ക് ഈ സ്ഥലത്തെക്കുറിച്ചും ഒരു കഥയുണ്ട്. ചന്ദ്രന്റേയും സൂര്യദേവന്റെയും മക്കൾ പരസ്പരം കല്യാണം കഴിക്കാനാഗ്രഹിച്ചു. Baralacha La' കേറിയ അവർ എതിർദിശകളിലേക്ക് ഓടി. മിടുക്കനായ ചന്ദ്രൻ, ഇടുങ്ങിയ മലയിടുക്കുകളിലൂടെ ഓടിയ അവളെ 115 കി.മീ ദൂരെയുള്ള 'താണ്ടി' എന്ന സ്ഥലത്ത് കണ്ടുപിടിച്ചു. അങ്ങനെ അവർ അവിടെ വെച്ച് വിവാഹിതരായി.ഇതിന്റെ പുറകിലത്തെ ലോജിക്ക് പിടികിട്ടിയില്ലെങ്കിലും കഥയിൽ ചോദ്യമില്ല എന്നാണല്ലോ.വഴിയിൽ ഐസ് ഉരുകിത്തുടങ്ങിയിട്ടുണ്ടെങ്കിൽ ( ബ്ലാക്ക് ഐസ്)വണ്ടി സ്ലിപ് ആകാനുള്ള സാദ്ധ്യതയുണ്ട്.നല്ല മധുരമുള്ള പായസത്തിൽ ഒരു സ്പൂൺ ഉപ്പു കൂടി ഇട്ടാൽ എങ്ങനെയിരിക്കും അതുപോലെയാണ് എനിക്ക് ഈ സ്ഥലത്തെക്കുറിച്ച് തോന്നിയത്.പ്രകൃതി ഭംഗിയാൽ നമ്മൾ ഏതോ മാസ്‌മരികലോകത്ത് ഇരിക്കുമ്പോഴും പെട്ടെന്നുള്ള വളവുകളും തിരിവുകളും ബ്ലാക്ക് ഐസും ഇടയ്ക്ക് എതിർഭാഗത്തിൽ നിന്നും വരുന്ന വാഹനങ്ങളും എല്ലാം കൂടെ 'ഈശ്വരോ രക്ഷ"!
ഇതെന്താ 'മലയാളികളുടെ സമ്മേളനമോ , ബൈക്കിലും കാറിലുമായിട്ട് അവിടെ ചായ കുടിക്കാൻ വന്നവരെല്ലാം മലയാളികൾ.എല്ലാവരും കൂടെ യാത്രയുടെ വിശേഷങ്ങൾ പങ്ക് വെച്ച് വെയിലും കൊണ്ട് ചായയും നൂഡിൽസും കഴിക്കുമ്പോൾ ഇത്രയും സഹൃദയമായൊരു ചായക്കട കേരളത്തിൽ കണ്ടിട്ടുണ്ടോയെന്നു സംശയം.Sarchu,പ്രധാന സൈനികത്താവളം കൂടിയാണ്. ഇവിടെ താമസിക്കാനുള്ള സൗകര്യവുമുണ്ട്.
21 hairpin bends ആയിട്ടുള്ള 10 കി.മീ നീളുന്നു. സമുദ്രനിരപ്പിൽ നിന്ന് 4200.144m നിന്ന് ആരംഭിച്ച് 4664.05mഅവസാനിക്കുന്ന 'Gata Loops'.ഭൂപ്രകൃതിക്ക് രൗദ്രഭാവമാണ്.പോകുന്നതിന് മുൻപ് സ്ഥലത്തെക്കുറിച്ച് കേട്ട കഥ ആ രൗദ്രഭാവം കൂട്ടിയോയെന്ന് സംശയം.ചരക്ക് ലോറിയുമായി പോയിട്ടുള്ള ലോറിയുടെ ക്ലീനർ ആ വഴിയിൽ മരിച്ചു പോയിട്ടുണ്ട്. അതിനുശേഷം മഞ്ഞുവീഴ്ച കാലത്തിന്റെ ഭാഗമായിട്ട് ആ പാത അടച്ചു. അഞ്ചാറുമാസം കഴിഞ്ഞിട്ട് പാത തുറന്നപ്പോൾ വെള്ളം ചോദിച്ചുകൊണ്ട് ഒരു ഭിക്ഷക്കാരനെ കണ്ടുവത്രെ! അത് ക്ലീനറുടെ പ്രേതമാണെന്നാണ് കഥ.സാവധാനത്തിൽ നീങ്ങുന്ന ചരക്ക് ലോറികൾ ആ വഴിയിൽ ധാരാളമുണ്ടായിരുന്നു.ചിലപ്പോൾ കേറ്റം കേറി വരുന്ന ലോറികളും. നമ്മുടെ മുൻപിൽ പോകുന്ന ട്രക്കുകൾ 'വലത് വശത്തെ ഇൻഡിക്കേറ്റർ' ഇടുന്നത് കാണുമ്പോൾ, വലതു വശത്ത് കൊക്കയാണ് , ഇനി ക്ലീനർ പ്രേതത്തിൻ്റെ കളിയോ അതോ ആത്മഹത്യാശ്രമമാണോ? മനസ്സിലൊരു നടുക്കം ! പിന്നീടാണ് മനസ്സിലായത് മുൻപിൽ തടസ്സങ്ങളില്ലാതിരുന്നതിനാൽ നമ്മളോട് 'overtake' ചെയ്യാനുള്ള നല്ലവരായ ഡ്രൈവറുടെ നിർദ്ദേശമാണിത്. ഞാൻ വെറുതെ സംശയിച്ചു!
( താങ്ക്സ് to google)
റൂട്ടിന്റെ നാലാമത്തെ ഉയർന്ന പാതയായ Lachulung La എളുപ്പമായിട്ടുള്ള പാസുകളിലൊന്നാണ്.അടുത്ത സ്ഥലമായ Pang -ലെ ചായക്കട ആയപ്പോഴേക്കും പലർക്കും ഉഷാറില്ലാതായി. കൂട്ടുകാരന്റെ ഭാര്യയും മകനും ഛർദ്ദി & തലവേദനയായി മടുത്തു. എല്ലാവരും കാറ്റ് പോയ ബലൂൺ പോലെയായി.
ഭൂമിയുടെ 'ടേബിൾ ടോപ് ' എന്ന് വിളിക്കുന്ന 'Moore Plains', അവിടെ എത്തുമ്പോൾ ഇതെന്താ ചക്രവാളത്തിലേക്ക് നയിക്കുന്ന നേരായ റോഡോ, അങ്ങനെ തോന്നിയാൽ അതിശയിക്കാനില്ല. നാൽപ്പത് കി.മീ യോളം മനോഹരമായ നിർമ്മിച്ച റോഡിന് ഇരുവശത്തുള്ള സമതലവും മേഘങ്ങളുടെ കൂട്ടായ്മ നിലനിറുത്താൻ തരിശായ ഹിമാലയവും മറ്റൊരു കാഴ്ച സമ്മാനിക്കുന്നു. പക്ഷെ പരീക്ഷണങ്ങൾ അവിടെയും അവസാനിക്കുന്നില്ല. നേരായ റോഡ് കാണുമ്പോൾ അറിയാതെ തന്നെ വണ്ടിയുടെ ആക്‌സിലേറ്ററിൽ കാലുകൾ അമരുകയും വെള്ളം ഒഴുകി പോകുന്നതിനായിട്ട് ഉണ്ടാക്കിയിട്ടുള്ള റോഡിൻറെ താഴ്ന്ന ഭാഗം വണ്ടിയുടെ സസ്‌പെൻഷൻ മാത്രമല്ല നമ്മുടെ തലക്കും നല്ലൊരു ഷോക്ക് കിട്ടുന്നു.ആദ്യത്തെ ഇത്തരത്തിലുള്ള ഒന്നു -രണ്ടു അനുഭവം കഴിയുന്നതോടെ സ്പീഡിനോടുള്ള നമ്മുടെ ആർത്തി താനേ കുറയുന്നതാണ്.
( Thanks to google)
ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തതും ഈ റൂട്ടിലെ അവസാനത്തേതുമായ 'Tanglang La Pass' മറ്റൊരു നയനസുന്ദരമായ സ്ഥലമാണിത്.മറ്റ് പർവ്വതങ്ങൾക്ക് നിഴൽ വീഴ്‌ത്തുന്ന ഈ പാസ് 5328 മീറ്റർ ഉയരത്തിലാണ്. എല്ലാ കോണുകളിൽ നിന്നും മനോഹരമായ കാഴ്ച നൽകുന്നു.അവിടെ എത്തിയപ്പോഴേക്കും മൗണ്ടൈൻ സിക്ക്നെസ്സ് ആയ തലവേദന, ഛർദ്ദി യൊന്നും വന്നില്ലെങ്കിലും ദേഹം അടച്ചുള്ള വേദനയായിരുന്നു.പല കാഴ്ചകളിൽ മുങ്ങിപ്പൊങ്ങിയുള്ള ആ യാത്രയിൽ അവിടെ എത്തിയപ്പോഴേക്കും ഫോട്ടോക്ക് വേണ്ടി ചിരിച്ചപ്പോൾ അതൊരു പ്ലാസ്റ്റിക് പുഞ്ചിരി ആയില്ലെയെന്ന് സംശയം. എന്നാലും ഈ യാത്രയിൽ കൂടുതൽ ക്ഷീണിച്ചത് മിക്കവാറും ക്യാമറ ആയിരിക്കും.ഓരോ ദൃശ്യവും ഒന്നിനൊന്ന് വ്യത്യസ്തവും അങ്ങേയറ്റം വിസ്മയകരവുമാണല്ലോ, നിറുത്താതെയുള്ള ക്ലിക്കുകൾ ആയിരുന്നു .
( Thanks to google)
ഇന്ത്യയുടെ മറ്റൊരു കോണിലെ സ്‌കൂളിൽ ഇരുന്ന് പഠിച്ച, ഏഷ്യയിലെ ഏറ്റവും നീളമേറിയ നദികളിലൊന്നായ 'Indus നദി കണ്ടപ്പോൾ പുളകോദ്ഗമം ! ഇതൊന്നും ജീവിതത്തിൽ ഒരിക്കൽപോലും കാണുമെന്ന് പ്രതീക്ഷിച്ചതല്ലല്ലോ. തെളിഞ്ഞ നീലനിറത്തിൽ ഒഴുകുന്ന ആ നദി എത്ര നേരം വേണമെങ്കിലും നോക്കിനില്ക്കാം. കൂട്ടുകാരൻ കുടിക്കാനായിട്ട് കുപ്പിയിൽ വെള്ളം നിറച്ചെടുത്തു.
വൈകുന്നേരം 5 മണിയോടെ ഞങ്ങൾ ലേഹ് യിലെത്തി. ഒറ്റ നോട്ടത്തിൽ വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ പട്ടണം. ഒരു ദിവസത്തെ ഉദയാസ്തമനങ്ങൾക്കിടയിൽ ഞങ്ങൾ കണ്ട കാഴ്ചകളും ഹൃദയമിടിപ്പ് കൂട്ടിയ യാത്രകളും അവിശ്വസനീയം. ഏതാനും നാളത്തെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തോടെ ഹോട്ടലിലേക്ക് ......
Bum കളുള്ള ലേക്ക്
(Pangong lake)
(Pangong lake)
'ആന്റിക്ക് ഏതു നിറമുള്ള bum ആണിഷ്ടം?'- കൂട്ടുകാരന്റെ മകൻ വളരെ നിഷ്കളങ്കതയോടെ ചോദിച്ചപ്പോൾ, എന്ത് ഉത്തരം പറയണമെന്നറിയാതെ ഞാനൊന്നു പരുങ്ങി.
യാത്ര തുടങ്ങിയപ്പോൾ മുതൽ കൂട്ടുകാരന്റെ മകനും ഭാര്യയും തമ്മിൽ പലപ്പോഴും അമ്മ പറയുന്നതു അനുസരിക്കില്ലയെന്ന മട്ടിൽ മകനും അനുസരിപ്പിക്കും എന്ന ശാഠ്യത്തോടെയുള്ള അമ്മയുമായിട്ടുള്ള പല സംവാദങ്ങളും കേൾക്കാറുണ്ട്.മലയാളികളുടേതായ സ്വഭാവത്തിന്റെ കാര്യത്തിൽ എനിക്കും മാറ്റമില്ലാത്തതു കൊണ്ട് ഞാനറിയാതെ അവരുടെ സംഭാഷണം ശ്രദ്ധിക്കാറുണ്ടെങ്കിലും അവരുടെ ഭാഷ 'ഗുജറാത്തി' ആയതുകൊണ്ട് എനിക്കൊന്നും മനസ്സിലാവില്ലെങ്കിലും ഞാനൊന്നും ശ്രദ്ധിക്കുന്നില്ലയെന്ന മട്ടിലിരിക്കാറാണ് പതിവ്.വാക്കുതർക്കങ്ങളുടെ അവസാനം അമ്മയുടെ 'തുറുപ്പ് ചീട്ട് ' മട്ടിൽ red bum na na എന്ന് പറയുന്നതോടെ മകൻ ഒന്നടങ്ങും.ഗുജറാത്തിയും ഇംഗ്ലീഷും കലർന്ന ആ സംഭാഷണത്തെ ഞാൻ എന്റേതായ രീതിയിൽ തർജ്ജമ ചെയ്തുവരുമ്പോൾ, നമ്മുടെ നാടൻ രീതിയിൽ ആലോചിക്കുമ്പോൾ 'bum' അടിച്ച് red ആക്കും.അവരുടെ മുഖത്തെ ഭാവങ്ങളും കൂടിയാകുമ്പോൾ ഞാൻ എൻ്റെ തർജ്ജമയിൽ വിശ്വസിച്ചു.അവൻ്റെ ആ ചോദ്യം, ഇനി എന്നേയും അടിച്ച് ചുമപ്പ് ആക്കുമോ എന്ന ഭയത്തിലായി.
യാത്ര തുടങ്ങിയപ്പോൾ മുതൽ കൂട്ടുകാരന്റെ മകനും ഭാര്യയും തമ്മിൽ പലപ്പോഴും അമ്മ പറയുന്നതു അനുസരിക്കില്ലയെന്ന മട്ടിൽ മകനും അനുസരിപ്പിക്കും എന്ന ശാഠ്യത്തോടെയുള്ള അമ്മയുമായിട്ടുള്ള പല സംവാദങ്ങളും കേൾക്കാറുണ്ട്.മലയാളികളുടേതായ സ്വഭാവത്തിന്റെ കാര്യത്തിൽ എനിക്കും മാറ്റമില്ലാത്തതു കൊണ്ട് ഞാനറിയാതെ അവരുടെ സംഭാഷണം ശ്രദ്ധിക്കാറുണ്ടെങ്കിലും അവരുടെ ഭാഷ 'ഗുജറാത്തി' ആയതുകൊണ്ട് എനിക്കൊന്നും മനസ്സിലാവില്ലെങ്കിലും ഞാനൊന്നും ശ്രദ്ധിക്കുന്നില്ലയെന്ന മട്ടിലിരിക്കാറാണ് പതിവ്.വാക്കുതർക്കങ്ങളുടെ അവസാനം അമ്മയുടെ 'തുറുപ്പ് ചീട്ട് ' മട്ടിൽ red bum na na എന്ന് പറയുന്നതോടെ മകൻ ഒന്നടങ്ങും.ഗുജറാത്തിയും ഇംഗ്ലീഷും കലർന്ന ആ സംഭാഷണത്തെ ഞാൻ എന്റേതായ രീതിയിൽ തർജ്ജമ ചെയ്തുവരുമ്പോൾ, നമ്മുടെ നാടൻ രീതിയിൽ ആലോചിക്കുമ്പോൾ 'bum' അടിച്ച് red ആക്കും.അവരുടെ മുഖത്തെ ഭാവങ്ങളും കൂടിയാകുമ്പോൾ ഞാൻ എൻ്റെ തർജ്ജമയിൽ വിശ്വസിച്ചു.അവൻ്റെ ആ ചോദ്യം, ഇനി എന്നേയും അടിച്ച് ചുമപ്പ് ആക്കുമോ എന്ന ഭയത്തിലായി.
ആശങ്കയോടെ അവൻ്റെ അമ്മയെ നോക്കിയപ്പോൾ, നമ്മൾ ഇപ്പോൾ പോകുന്ന സ്ഥലത്തെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് മറുപടി.ആ സ്ഥലമാണെങ്കിൽ 4350 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ ഈ തടാകം ഇന്ത്യ തൊട്ടു ചൈന വരെ നീണ്ടുകിടക്കുന്നു. തടാകത്തിൻ്റെ 60 % ചൈനയിലാണ്സ്ഥിതി ചെയ്യുന്നത്.അങ്ങോട്ട് പോകണമെങ്കിൽ 'inner line permit' ആവശ്യമുണ്ട്.ഇന്ത്യക്കാർക്ക് വ്യക്തിഗത പെർമിറ്റ് ചെറിയൊരു ഫീസ് കൊടുത്ത് ലഭിക്കുന്നതാണ്.അങ്ങനെ ഒരുപാട് വിശേഷതകളുള്ള തടാകമാണ് പാങ്ങോങ്ങ് സോ തടാകം.
ലേഹ് യിൽ നിന്നും ഏകദേശം 160 കി.മീ ദൂരെയായിട്ടുള്ള ഈ തടാകത്തിലോട്ടുള്ള പാത, വളഞ്ഞും പുളഞ്ഞും മലകൾ ഇറങ്ങിയും കുന്നുകൾ കേറിയിട്ടുമുള്ളതാണ്.ഒരു വളവ് തിരിഞ്ഞ് മുകളിലോട്ട് കേറുമ്പോൾ , മുൻപിലുണ്ടായിരുന്ന കാറാണോ അതോ ഡ്രൈവറാണോ മോഹാലസ്യത്തിൽ എന്നറിയാത്തപോലെ.കാർ അവിടെ ആകെ കറങ്ങിക്കളിക്കുയാണ്.തലേദിവസം ഉണ്ടായ മഞ്ഞുപെയ്തത് രാത്രിയായതോടെ ഐസ് ആയതാണ് പ്രശ്‍നം.പലരും കാർ തള്ളി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നെണ്ടെങ്കിലും ഐസിൽ കൂടി നടക്കുന്നതും എളുപ്പമല്ല.ചിലവർ തെന്നി വീഴുന്നുണ്ട്.ഈ കാഴ്ചകളൊക്കെ കണ്ട് അന്തം വിട്ടിരിക്കാനെ എനിക്ക് കഴിഞ്ഞുളളൂ.എന്നാൽ ടാക്സിക്കാർ അവരുടെ വണ്ടിയുടെ ചക്രത്തിൽ ചങ്ങലയിട്ടതിനുശേഷം യാത്ര തുടരുന്നുണ്ട്. ഇത് കണ്ടപ്പോൾ പണ്ട് അമേരിക്കയിലെ ഇതുപ്പോലത്തെ തണുപ്പുള്ള സ്ഥലത്തോട്ട് പോയതാണ് ഓർമ്മ വന്നത് (Yosemite national park). തലേദിവസം പാസ് എടുക്കാൻ പോയപ്പോൾ വണ്ടിക്ക് ചങ്ങല ഇല്ലാത്തതുകൊണ്ട് വണ്ടി കൊണ്ടുപോകാൻ പറ്റില്ലയെന്ന് പറഞ്ഞതോടെ ഞങ്ങൾ അന്ന് ടാക്സിയിലാണ് പോയത്.ഇവിടത്തെ നിയമങ്ങളൊക്കെ 'കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് ഒന്നിനും തീരുമാനമില്ല.ചില ടൂറിസ്റ്റുകാരുടെ വാഹനങ്ങളിലെ മോഹാലസ്യത്താൽ ആർക്കും മുന്നോട്ട് പോകാനാവാത്ത അവസ്ഥ അതിനിടയിലെ ടാക്സിക്കാരുടെ ഹോണടി ബഹളവും.ചില ബൈക്ക് യാത്രക്കാരും മുന്നോട്ട് പോകാൻ സാധിക്കാതെ യാത്ര മതിയാക്കി തിരിച്ചു പോയി. ആ സമയത്താണ് ആർമിക്കാരുടെ ട്രക്കുകളുടെ 'convoy' എതിർഭാഗത്ത് നിന്ന് വരുന്നത്. ആർമിക്കാർ തന്നെ ഞങ്ങളെ ഒരു വശത്തോട്ട് ഒതുക്കി നിർത്താനൊക്കെ സഹായിച്ചു.ഏകദേശം ഒന്നര മണിക്കൂർ അങ്ങനെ കാത്ത് നിൽക്കേണ്ടി വന്നു.അതോടെ ഓക്സിജന്റെ ലഭ്യതയുടെ കുറവ് അനുഭവപ്പെടാൻ തുടങ്ങി.ഈ ബഹളത്തിനിടയിലും കാറിൽ നിന്ന് ചെറിയ ഗ്യാസും അടുപ്പുമായിട്ട് സൂപ്പ് ഉണ്ടാക്കുന്നവരേയും കണ്ടു.യാത്രാനുഭവങ്ങൾ ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തവും രസകരവുമാണ്.
യാത്ര പിന്നീട് തുടങ്ങുമ്പോൾ നമ്മുടെ കാറിന് മോഹാലസ്യം വരുമോ എന്നതായിരുന്നു എൻ്റെ പേടി. കാർ 4 *4 ആയതുകൊണ്ട് വരില്ലയെന്നാണ് കൂടെയുള്ളയാൾ.ഈയൊരു യാത്രയോടെ വണ്ടികളെ കുറിച്ചുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് ഒരറിവ് കിട്ടിയെന്ന് പറയാം.സാധാരണ ഇങ്ങനത്തെ കാര്യങ്ങളൊക്കെ ആരെങ്കിലും പറയുമ്പോൾ ' എന്തരോ എന്തോ' എന്ന മട്ടിൽ നിൽക്കാറാണ് പതിവ്.'ഗതികെട്ടാൽ പുലി പുല്ലും തിന്നും'!
ഇന്ത്യയിലെ ലഡാക്കിലെ ഉയർന്ന പർവ്വതനിരയാണ് 'changla pass, 5360 m.ഏറ്റവും ഉയർന്ന മോട്ടോർ പ്രാപ്തമായ റോഡ്. ഫോട്ടോ എടുത്തതും മറ്റുള്ളവർക്ക് ഫോട്ടോ എടുത്തുമായിരുന്നു ഞങ്ങൾ അവിടെ നിന്ന് യാത്ര പറഞ്ഞത്.
നോക്കെത്താദൂരത്തോളം തല ഉയർത്തിനിൽക്കുന്ന മലനിരകൾക്ക് താഴെ വശ്യമായി ഒഴുകുന്ന പാങ്ങോങ്ങ്. സൂര്യപ്രകാശത്തിൽ വെള്ളം അതിശയകരമായ ആഴത്തിലുള്ള നീലനിറമാണ്. 5 കി.മീ യാണ് ഈ തടാകത്തിൻ്റെ വീതി.കൈ നനച്ചപ്പോൾ കൈ മരവിച്ച് പോകുന്ന തണുപ്പ്. മഞ്ഞുകാലത്ത് ഇത് പൂർണ്ണമായും തണുത്തുറഞ്ഞു പോകുന്നു. വെള്ളം രുചിച്ചു നോക്കാൻ പറഞ്ഞപ്പോൾ, നല്ല ഉപ്പുരസം. ലോകത്തിലെ ഏറ്റവും വലിയ ഉപ്പു ജലതടാകമാണിത്.ഇന്ത്യയിൽ എവിടെ യാത്ര ചെയ്താലും അത്ഭുതത്തിൻ്റെ ഒരു മുത്തുച്ചിപ്പിയുണ്ടാകും.ലവണാംശം കൂടുതൽ കാണപ്പെടുന്നതു കൊണ്ട് സസ്യങ്ങളും ജലത്തിൽ കാണുന്ന മറ്റു ജീവജാലങ്ങളും ഇവിടെയില്ല.ഇന്ത്യ- ചൈന തർക്കം നിലനിൽക്കുന്നസ്ഥലം കൂടിയാണിത്. സുരക്ഷാകാരണങ്ങൾ മുൻനിറുത്തി ഇന്ത്യ ബോട്ടിങ്ങിന് അനുമതി നൽകുന്നില്ല.തെളിഞ്ഞ വെള്ളവും മനോഹരമായ കാഴ്ചകളും വാക്കുകളാൽ വിശദീകരിക്കാൻ പ്രയാസം. എങ്ങോട്ടു നോക്കിയാലും സൗന്ദര്യത്തിന്റെ മാന്ത്രികവിരൽ സ്പർശം.
കൂട്ടുകാരന്റെ മകൻ 50 രൂപ ചോദിച്ചു കൊണ്ട് വന്നു. പ്രകൃതിഭംഗി ആസ്വദിക്കുന്നതിനേക്കാളും അവന് വേണ്ടത് red bum ഇരിക്കുന്ന ഫോട്ടോയാണ്.'രാജ്‌കുമാർ ഹിറാനി ' സംവിധാനം ചെയ്‌ത 2009 ലെ സിനിമയായ 3 idiots എന്ന ഹിന്ദി സിനിമയുടെ ക്ലൈമാക്സ് ഇവിടെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.ഹിന്ദി സിനിമകൾ കാണാത്ത എനിക്ക് ഇതൊന്നും അറിഞ്ഞുകൂടായിരുന്നു.ലേക്കിന്റെ ഭാഗത്ത് ചുമപ്പ്, നീല, പച്ച നിറത്തിലുള്ള bum കളുടെ സീറ്റുകൾ ഉണ്ടാക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഒരു മഞ്ഞ സ്‌കൂട്ടറും. അതിലിരുന്ന് ഫോട്ടോയെടുക്കാനാണ് 50 രൂപ.വേറെയും ഹിന്ദി സിനിമകൾ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും 3 ഇഡിയറ്റ്സ് നാണ് ജനപ്രിയം. അവിടത്തെ ചായക്കടയുടെ പേര് 3 idiots. ഒരാൾക്ക് ലോട്ടറി അടിച്ച് കോടീശ്വരനായതു പോലെയാണ് അവിടെയുള്ളവർക്ക് ആ ഷൂട്ടിംഗ് എന്നു തോന്നുന്നു.
ടൂറിസത്തിന്റെ ഭാഗമായി ആ ചായക്കടയുടെ സ്ഥലം സർക്കാർ അവർക്ക് കൊടുത്തുവെന്നാണ് പറഞ്ഞത്. ചായക്കടയോട് ചേർന്ന് താമസിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. സീസൺ കഴിയുന്നതോടെ അവർ അവരുടെ ഗ്രാമത്തിലാണ് താമസിക്കുന്നത്. മഞ്ഞുകാലത്ത് ഇന്ത്യൻ ആർമിക്കാർ സഹായിക്കുമെന്നാണ് പറയുന്നത്. ഇന്ത്യൻ ആർമി, അവിടെയുള്ളവർക്കും വിസിറ്റ് വരുന്നവർക്കും ദേവദൂതന്മാരെ പോലെയാണ്.
തിരിച്ചുള്ള ലേഹ് -യിലോട്ടുള്ള യാത്രക്ക് പോയതുപ്പോലെയുള്ള പ്രയാസങ്ങൾ ഇല്ലായിരുന്നു.ഐസ് -എല്ലാം വെള്ളമായിരിക്കുന്നു.മനോഹരമായ കാഴ്ചകൾക്കും മറക്കാനാവാത്ത റോഡ് യാത്രയും അയവിറക്കി കൊണ്ട് തിരിച്ച് താമസസ്ഥലത്തേക്ക് .........
Jolley
ലഡാക്കിലെ ഹോട്ടലിൽ ചെന്നപ്പോൾ ഖാത്ത എന്ന സിൽക്ക് സ്കാഫ് പുതപ്പിക്കുന്നതിനോടൊപ്പം jolley എന്ന് പറഞ്ഞുകൊണ്ടാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.Jolley, കാര്യം പിടി കിട്ടിയില്ലെങ്കിലും അറിവില്ലായ്മയെ പുഞ്ചിരികൊണ്ട് നേരിടാറാണു പതിവ്. ഇവിടെയും എന്റെ പതിവ് ഞാൻ തെറ്റിച്ചില്ല.അവിടെ പ്രധാനമായും സംസാരിക്കുന്ന ഒരു ടിബറ്റ് ഭാഷയാണിത് 'ഹലോ' എന്ന അർത്ഥം.
ലേ പട്ടണത്തിലെ കാലാവസ്ഥയുമായി ചേർന്ന് പോകുന്നതിനും acute mountain sickness പ്രതിരോധിക്കാനും ശരീരത്തെ സജ്ജമാക്കാനും 24 തൊട്ട് 48 മണിക്കൂറിന്റെ വിശ്രമം ആവശ്യമുണ്ട്.3500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ മഞ്ഞുമൂടിയ കൊടുമുടികളും താഴ്വരകളും നയന മനോഹരങ്ങളാണ്. ഇവിടെയും കാണാൻ ധാരാളം സ്ഥലങ്ങൾ ഉണ്ട്.ഇന്ത്യയിലെ വലിയ രണ്ടാമത്തെ ജില്ലയാണിത് ചൈന പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളോട് അതിർത്തി പങ്കിടുന്നതിനാൽ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യൻ പട്ടാളക്കാർ അതീവ ജാഗ്രത പുലർത്തുന്നു. എവിടെയും പട്ടാളക്കാരെയും അവരുടെ ക്യാമ്പും കാണാം. ഒരു ദിവസം രാവിലത്തെ യാത്രയിൽ ആർമിക്കാരോ അതോ BRO ആണെന്ന് അറിയില്ല റോഡ് മുഴുവൻ അടിച്ചു വൃത്തിയാക്കുകയും പ്ലാസ്റ്റിക് കവറുകൾ പെറുക്കി എടുക്കുന്നതും കണ്ടു.എല്ലായിടത്തും വൃത്തിയുള്ള സ്ഥലം.പട്ടണങ്ങളിൽ കാണുന്നതുപോലെയുള്ള ബഹളങ്ങളും ഗതാഗതക്കുരുക്കുകളും ഇല്ല.ചൈനയുടെയും ടിബറ്റിന്റേയും നേപ്പാളിന്റേയും ഇടകലർന്ന സംസ്കാരമാണ് ഇവിടെയുള്ളത്.
പൊതുവേ എല്ലാവരും സമാധാന പ്രിയരായിട്ടാണ് തോന്നിയത്.
പൊതുവേ എല്ലാവരും സമാധാന പ്രിയരായിട്ടാണ് തോന്നിയത്.
ധാരാളം ബുദ്ധ വിശ്വാസികൾ ഉള്ളതു കൊണ്ടായിരിക്കാം monastery കളും ധാരാളം. അതിമനോഹരമായ പർവ്വതനിരകൾക്കിടയിൽ 1655 ലഡാക്ക് രാജാവ് തൻറെ പിതാവിൻറെ ഓർമ്മയ്ക്കായി നിർമ്മിച്ച 'Shey palace'.39 അടി ഉയരത്തിലുള്ള ശാക്യ മുനി യാണ് ,ഇവിടത്തെ പ്രത്യേകത.
ലഡാക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ ബുദ്ധപ്രതിമ യാണിത്. ബുദ്ധൻറെ പിന്നിലെ ഭിത്തിയിൽ ഏറ്റവും പ്രചാരമുള്ള രണ്ടു ശിഷ്യന്മാരുടെ ചിത്രങ്ങളുണ്ട്. Monastery യിലെ ചുമരുകൾ മുഴുവൻ വർണ്ണാഭമായ ചിത്രീകരണങ്ങൾ വരച്ചിട്ടുണ്ട്. ബുദ്ധൻറെ
ഒന്നിലധികം ചുവർചിത്രങ്ങളും കൊത്തുപണിയൊക്കെയായി അലങ്കരിച്ചിരിക്കുന്നു. എല്ലാത്തിനും പുറമേ അവിടെയുള്ള നിശബ്ദതയാണ് എന്നെ കൂടുതൽ ആകർഷിച്ചത്.ലഡാക്കിലെ വേനൽക്കാല തലസ്ഥാനമായിരുന്നു 'Shey palace'.
ലഡാക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ ബുദ്ധപ്രതിമ യാണിത്. ബുദ്ധൻറെ പിന്നിലെ ഭിത്തിയിൽ ഏറ്റവും പ്രചാരമുള്ള രണ്ടു ശിഷ്യന്മാരുടെ ചിത്രങ്ങളുണ്ട്. Monastery യിലെ ചുമരുകൾ മുഴുവൻ വർണ്ണാഭമായ ചിത്രീകരണങ്ങൾ വരച്ചിട്ടുണ്ട്. ബുദ്ധൻറെ
ഒന്നിലധികം ചുവർചിത്രങ്ങളും കൊത്തുപണിയൊക്കെയായി അലങ്കരിച്ചിരിക്കുന്നു. എല്ലാത്തിനും പുറമേ അവിടെയുള്ള നിശബ്ദതയാണ് എന്നെ കൂടുതൽ ആകർഷിച്ചത്.ലഡാക്കിലെ വേനൽക്കാല തലസ്ഥാനമായിരുന്നു 'Shey palace'.
ഇന്ത്യാ - പാക് യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ' ഹാൾ ഓഫ് ഫെയിം' ഇന്ത്യൻ ആർമിയാണ് നിർമ്മിച്ചതും നോക്കി നടത്തുന്നതും. യുദ്ധത്തിൽ പട്ടാളക്കാർ ഉപയോഗിച്ച യുദ്ധോപകരണങ്ങൾ ആയുധങ്ങൾ യുദ്ധഭൂമി യുടെ ചിത്രങ്ങൾ …….. പ്രദർശിപ്പിച്ചിരിക്കുന്നു.അതുപോലെ ഏറ്റവും തണുപ്പേറിയ പർവ്വത മേഖലകളിൽ മാതൃരാജ്യത്തിൻറെ സുരക്ഷയ്ക്കായി കാവൽ നിൽക്കുന്ന സൈനികർ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ആയുധങ്ങളും ടെന്റ് കളും പ്രദർശിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ കാഴ്ചകളാണിത്.
Zanstar നദിയും ഇൻഡസ് നദിയും ചേരുന്ന ദൃശ്യമാണ് മറ്റൊരു സുന്ദരമായ കാഴ്ച. തെളിഞ്ഞ നീല നിറമാണ് ഇൻഡസ് നദിയിലെ വെള്ളത്തിനെങ്കിൽ ചെളി കലങ്ങിയ നിറമാണ് zanstar യുള്ളത്. രണ്ടും ഒരുമിച്ച് ചേർന്നാലും കുറേദൂരം ആ വ്യത്യാസം നമുക്ക് കാണാൻ സാധിക്കുന്നതാണ്.
പ്രത്യേക സ്ഥലത്ത് വാഹനം ന്യൂട്രലിൽ ഇട്ടാൽ വാഹനം തന്നെ കേറി പോകുമെന്ന് പറയുന്ന 'മാഗ്നെറ്റിക് ഹിൽ ' ആണ് മറ്റൊരു ആകർഷണം. മണ്ണിൻറെ കാന്തികശക്തിയാണിതിന്കാരണം.എന്തോ ഞങ്ങളുടെ ക്ഷമ ഇല്ലായ്മ ആയിരിക്കാം ,അങ്ങനെ ഒന്നും തോന്നിയില്ല.
Thiksay Monastery, ടിബറ്റൻ ബുദ്ധമതത്തിലെയാണിത്. സന്യാസിമാരുടെ വീട് ,അസംബ്ലി ഹാൾ ഏകദേശം 10 ക്ഷേത്രങ്ങൾ അങ്ങനെ ലഡാക്കിലെ ഏറ്റവും വലിയ സമുച്ചയമാണിത്. രണ്ടുനിലയുള്ള ബുദ്ധന്റെ ഒരു വലിയ പ്രതിമയാണ് ഇവിടത്തെ പ്രധാന ആകർഷണം. ലഡാക്കിലെ ഏറ്റവും വലിയ പ്രതിമയാണിത്. പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിടുന്ന പ്രാര്‍ത്ഥനാ ചക്രങ്ങള്‍ ഇവിടെയും പട്ടണത്തിന്റെ പല ഭാഗത്തും കണ്ടു. നമ്മുടെയവിടത്തെ വഴിയിൽ കാണുന്ന അമ്പലങ്ങളും പള്ളികളും പോലെ. രണ്ട് ദിവസത്തേക്കായിട്ടുള്ള ഉത്സവം Oct - Nov യിലാണ്.മാസ്ക്കു കൾ ധരിച്ചിട്ടുള്ള സന്യാസിമാരുടെ ഡാൻസ് ആണ് പ്രധാന ആകർഷണം.മുഖംമൂടി ധരിച്ച നൃത്തം തിന്മയെ അകറ്റും എന്നാണ് വിശ്വാസം. കേട്ടപ്പോൾ രസകരമായി തോന്നി.
ലേ പാലസ് കൊട്ടാരം കാണാനായിരുന്നു ഞങ്ങളുടെ അടുത്ത പ്ലാൻ . പക്ഷെ ഇൻറർനെറ്റ് ഇല്ലാത്തതുകൊണ്ട് നേരത്തെ ഡൗൺലോഡ് ചെയ്ത മാപ്പ് ഞങ്ങളെ കൊണ്ടുപോയത് ലേ പാലസ് ഹോട്ടലിലേക്കാണ്.അബദ്ധവും വിശപ്പിന്റെ വിളിയും കാരണം ഞങ്ങൾ പിന്നീട് എത്തിയത് അവിടത്തെ ഷോപ്പിംഗ് സ്ഥലത്താണ്.ഇന്ത്യക്കാരെയും വിദേശികളെയും ഒരുപോലെ സത്കരിച്ചിട്ടുള്ള ആ ചെറിയ പട്ടണത്തിലെ ഭക്ഷണശാലകളിലെ
മെനുവിൽ ധാരാളം വിദേശിഭക്ഷണങ്ങളാണുള്ളത്. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടത് .
മെനുവിൽ ധാരാളം വിദേശിഭക്ഷണങ്ങളാണുള്ളത്. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടത് .
ആൻറിക്ക്(antique) ഷോപ്പുകളും തണുപ്പ് തുടങ്ങി വരുന്നതിനാൽ കമ്പിളി ഉടുപ്പുകളും മാല, കമ്മൽ അങ്ങനത്തെ കടകളാണ് ഷോപ്പിംഗിനായിട്ട് കണ്ടത്. ആൻറിക്ക് കടയുള്ളവരിൽ പലർക്കും കേരളത്തിലും കടയുണ്ടെന്നാണ് പറഞ്ഞത്. തണുപ്പ് കൂടുന്നതോടെ അവർ ഈ കടയെല്ലാം അടച്ച് അവരുടെ ഗ്രാമത്തിലേക്ക് പോകും.
കണ്ടു തീർക്കാനായിട്ട് ഏറെയുണ്ടെങ്കിലും ഞങ്ങൾക്ക് അവിടെത്തോട് വിട പറയാറായിരിക്കുന്നു.റൈഡേഴ്സിന് ഏറ്റവും ഉയരത്തിലുള്ള സഞ്ചാരയോഗ്യമായ റോഡുകളാണെങ്കിൽ എന്നെ പോലെയുള്ളവർക്ക് മൊണസ്റ്ററികളും എത്ര കണ്ടാലും മതി വരാത്ത പ്രകൃതി രമണീയതയുമാണ്. ഓരോരുത്തർക്കും ഓരോ രീതിയിലാണ് ഈ സ്ഥലം മനസ്സിൽ പതിയുക.
കാർഗിൽ വാർ മെമ്മോറിയൽ
ലേ- ലഡാക്കിൽ നിന്ന് തിരിച്ചുള്ള യാത്ര ശ്രീനഗർ - ജമ്മു കാശ്മീർ വഴിയിലൂടെയായിരുന്നു. ശ്രീനഗർ - ജമ്മു കാശ്മീർ വഴി ലഡാക്കിലേക്ക് പോവുകയും തിരിച്ചുള്ള യാത്ര മണാലി ഹൈവേ വഴി സഞ്ചരിക്കുകയാണെങ്കിൽ ഉയർന്ന ഉയരങ്ങളിലേക്കുള്ള യാത്രയുമായി പൊരുത്തപ്പെടാൻ സാധിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. പക്ഷേ കൂടെയുള്ളവരുടെ
സാഹസത്തിന് നോടുള്ള ആക്രാന്തം കാരണം ഞങ്ങൾ തിരഞ്ഞെടുത്ത വഴി നേരെ വിപരീതമായിരുന്നു.
സാഹസത്തിന് നോടുള്ള ആക്രാന്തം കാരണം ഞങ്ങൾ തിരഞ്ഞെടുത്ത വഴി നേരെ വിപരീതമായിരുന്നു.
ലോകത്തിലെ ആൾ താമസമുള്ള ശീത പ്രദേശങ്ങളിൽ രണ്ടാമത്തെ സ്ഥലമായ ദ്രാസ് യിൽ കൂടിയാണ് ഞങ്ങളുടെ യാത്ര. തണുപ്പുകാലത്ത് ചില വർഷങ്ങളിൽ മൈനസ് 40 യിൽ താഴെ വരെ പോകുമെന്നാണ് പറയുന്നത്.ഇവിടുത്തെ ഭൂപ്രകൃതി സാഹസിക സഞ്ചാരികളെ പ്രധാനമായും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരെ ഇങ്ങോട്ട് ആകർഷിക്കുന്നു.നമ്മൾ ഒരു പക്ഷേ ഈ പേര് കേട്ട് തുടങ്ങിയത് കാർഗിൽ യുദ്ധത്തോടെ ആയിരിക്കും .1999 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടന്നത്.ദ്രാസിൽ നിന്നും കാർഗിലേക്കുള്ള വഴിയിലാണ് കാർഗിൽ യുദ്ധസ്മാരകം.
പ്രധാന കവാടത്തിനടുത്ത് ഞങ്ങളുടെ പേരും വിവരങ്ങളും എഴുതി അകത്തോട്ട് കടന്നപ്പോൾ സാധാരണ ചെരുപ്പുകൾ ധരിച്ച എന്നോട് ,'ഷൂസ് ധരിച്ചാൽ മാത്രമെ അകത്തോട്ട് പോകാൻ പറ്റുകയുള്ളൂ' -അവിടത്തെ ഉയർന്ന ഉദ്യോഗസ്ഥൻ.
'ഷൂസ് ധരിക്കണോ'- എൻറെ മലയാളത്തിലുള്ള ചോദ്യം അവിടെയുള്ളവരെ ഒന്ന് അമ്പരപ്പിച്ചു വോ, സംശയം. അതോടെ നിബന്ധനയിൽ ഇളവും കൂട്ടത്തിൽ മുഖത്തെ ഗൗരവവും കുറഞ്ഞിരിക്കുന്നു. വലിയ തോക്കുകൾ ഏന്തി നിൽക്കുന്ന അവരോട് കൂടുതൽ സംസാരത്തിന് ഞാനും പോയില്ല.
'ഷൂസ് ധരിക്കണോ'- എൻറെ മലയാളത്തിലുള്ള ചോദ്യം അവിടെയുള്ളവരെ ഒന്ന് അമ്പരപ്പിച്ചു വോ, സംശയം. അതോടെ നിബന്ധനയിൽ ഇളവും കൂട്ടത്തിൽ മുഖത്തെ ഗൗരവവും കുറഞ്ഞിരിക്കുന്നു. വലിയ തോക്കുകൾ ഏന്തി നിൽക്കുന്ന അവരോട് കൂടുതൽ സംസാരത്തിന് ഞാനും പോയില്ല.
യുദ്ധത്തിൽ വീരമൃത്യു മരിച്ച പട്ടാളക്കാരുടെ പേരുകൾ ഓരോ ഫലകത്തിൽ ആയി കൊത്തിവെച്ചിട്ടുണ്ട്.
രണ്ടു ഭാഗത്തുനിന്നും ഏകദേശം 1200 സൈനികർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.തണുത്ത നിശബ്ദതയിൽ യുദ്ധത്തിൻറെ ഓർമ്മകൾ ഉണർത്തുന്ന പറയാതെ പറയുന്ന ആ മ്യൂസിയം ഞങ്ങൾ നടന്നു കണ്ടു. പിടിച്ചെടുത്ത പാക്കിസ്ഥാൻറെ പതാക തലതിരിച്ച് വെച്ചിരിക്കുന്നത് കണ്ടപ്പോൾ നമ്മുടെ പട്ടാളക്കാരോട് ആദരവും അഭിമാനവും തോന്നി.
രണ്ടു ഭാഗത്തുനിന്നും ഏകദേശം 1200 സൈനികർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.തണുത്ത നിശബ്ദതയിൽ യുദ്ധത്തിൻറെ ഓർമ്മകൾ ഉണർത്തുന്ന പറയാതെ പറയുന്ന ആ മ്യൂസിയം ഞങ്ങൾ നടന്നു കണ്ടു. പിടിച്ചെടുത്ത പാക്കിസ്ഥാൻറെ പതാക തലതിരിച്ച് വെച്ചിരിക്കുന്നത് കണ്ടപ്പോൾ നമ്മുടെ പട്ടാളക്കാരോട് ആദരവും അഭിമാനവും തോന്നി.
ഈ യുദ്ധത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെൻററി ഷോയും ഉണ്ട് കണ്ണ് നനയാതെ നമുക്ക് അത് കണ്ടു തീർക്കാനാവില്ല.ഷോയുടെ അവസാനം ദുഃഖഭാവത്തോടെയുള്ള ' യുദ്ധം വേണ്ട എന്ന രീതിയിലുള്ള ചില സന്ദേശങ്ങളും മറ്റും നമ്മുടെ ചില സിനിമാനടി നടന്മാരുടെ ദുഃഖഭാവത്തോടെയുള്ള ഭാവാഭിനയം അരോചകമായിരുന്നു. യാഥാർത്ഥ്യവും അഭിനയവും എന്തിന് കൂട്ടി കുഴക്കുന്നു അല്ലേ?
ശ്രീനഗറിലേക്ക് എത്തിയപ്പോഴേക്കും അവിടെയുള്ള ജനങ്ങളെക്കാൾ അധികം പട്ടാളക്കാർ ആയിരുന്നു എവിടെയും തോക്കും പിടിച്ചു കൊണ്ടുള്ള പട്ടാളക്കാരും അവരുടെ വണ്ടികളും കാണാം.എന്നാലും ഒരു സമാധാന അന്തരീക്ഷം ആണ് കണ്ടത്.അന്ന് ഞങ്ങൾ അവിടെ താമസിക്കാനാണ് തീരുമാനിച്ചത്.ഹോട്ടൽ അന്വേഷിച്ചുള്ള യാത്രയിൽ പലപ്പോഴും പട്ടാളക്കാരുടെ നോട്ടപ്പുള്ളികളാവേണ്ടി വന്നു. ഇന്റർനെറ്റ് ഇല്ലാത്തതുകൊണ്ട് ഡൗൺലോഡ് ചെയ്ത മാപ്പ് പലപ്പോഴും പണിമുടക്കിയിരുന്നു.പോയ വഴിയിൽ കൂടെ തന്നെ പിന്നെയും പിന്നെയും പോകേണ്ടി വന്നതുകൊണ്ട് ചില പട്ടാളക്കാർ ഞങ്ങളെ നിർത്തി കാര്യം അന്വേഷിച്ചു.കഴിഞ്ഞ മാസങ്ങളിലൊന്നും യാതൊരു ബിസിനസും ഇല്ലാത്തതിനാൽ മുറിയുടെ വാടകയ്ക്കായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണ് ഹോട്ടലുകാർ. ഇൻറർനെറ്റ് ഇല്ലാത്തതു കൊണ്ട് ജീവിതം മടുത്തു പോയിയെന്നാണ് അവിടത്തെ ഒരു ചെറുപ്പക്കാരൻ പറഞ്ഞത്.ആകെക്കൂടെ ഫോൺ വിളിക്കാൻ സാധിക്കും.
പ്രധാനമായും മൂന്നു pass കളാണുള്ളത്. ഓരോന്നും 3500 മീറ്റർ സമുദ്ര നിരപ്പിൽ നിന്നും മുകളിൽ ആണുള്ളത്.വീതികുറഞ്ഞ റോഡുകളും മുകളിലേക്കും താഴേക്കും പോകുന്ന ചരക്കുലോറികളും പലപ്പോഴും മണിക്കൂറുകളോളം റോഡിൽ കാത്തു കിടക്കേണ്ടിവന്നു. ആർമി ക്കാർ ലേ- ലഡാക്കിൽ ദൈവദൂതന്മാരെ പോലെയാണെങ്കിൽ ഇവിടെയുള്ളവർക്കു അവർ ഗുണ്ടകളെ പോലെയാണെന്നാണ് പറയുന്നത്. കാശ്മീരിലെ താഴ്വരകളുടെ സൗന്ദര്യത്തെക്കാളും ആകെക്കൂടി ഭീതിയുണർത്തുന്ന
നിമിഷങ്ങളായിട്ടാണ് തോന്നിയത്.
നിമിഷങ്ങളായിട്ടാണ് തോന്നിയത്.
ഭൂപടത്തിൽ അടയാളപ്പെടുത്തിയും ചരിത്രപുസ്തകത്തിൽപഠിച്ചതുമായ കാര്യങ്ങളാണ് എനിക്ക് കാശ്മീർ ആയിട്ടുള്ള പരിചയം. കൺകുളിർക്കെ യുള്ള കാഴ്ചകൾ മാത്രമല്ല രുചി വൈവിധ്യങ്ങളുടെയും നാടാണ് കാശ്മീർ.
എന്തായാലും ഹോട്ടലുകാർ തന്ന വെൽക്കം ഡ്രിങ്ക്, കഹ് വാ- ഗ്രീൻ ടീ കുങ്കുമപ്പൂവ് അടക്കം 11 സുഗന്ധ വ്യഞ്ജനങ്ങൾ കൊണ്ടിട്ടുള്ള ചായ കുടിച്ചു കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.കൂടെയുണ്ടായിരുന്നവർ വെജ് റ്റേറിയൻ ആയതിനാൽ
കൂടുതൽ രുചി തേടാനും സാധിച്ചില്ല.
എന്തായാലും ഹോട്ടലുകാർ തന്ന വെൽക്കം ഡ്രിങ്ക്, കഹ് വാ- ഗ്രീൻ ടീ കുങ്കുമപ്പൂവ് അടക്കം 11 സുഗന്ധ വ്യഞ്ജനങ്ങൾ കൊണ്ടിട്ടുള്ള ചായ കുടിച്ചു കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.കൂടെയുണ്ടായിരുന്നവർ വെജ് റ്റേറിയൻ ആയതിനാൽ
കൂടുതൽ രുചി തേടാനും സാധിച്ചില്ല.
പ്രധാന പട്ടണത്തിൽ നിന്നും മാറിയാൽ ആളുകൾ കൈ കൊണ്ട് കുഴച്ച് ചോറും രാജ്മ കറിയും കഴിക്കുന്നത് കണ്ടപ്പോൾ
എനിക്കൊരു സന്തോഷം.ഇത്തരത്തിലുള്ള ഭക്ഷണ രീതി സാധാരണ നമ്മുടെ സൗത്ത് ഇന്ത്യക്കാരുടെ കുത്തകായിട്ടാണ് വെയ്പ്.
ജനങ്ങൾ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. കൂട്ടത്തോടെ ആടുകളെയും കുതിരകളെയും കൊണ്ടുനടക്കുന്ന ഇടയന്മാരെ യും വഴിയിൽ കണ്ടു.
എനിക്കൊരു സന്തോഷം.ഇത്തരത്തിലുള്ള ഭക്ഷണ രീതി സാധാരണ നമ്മുടെ സൗത്ത് ഇന്ത്യക്കാരുടെ കുത്തകായിട്ടാണ് വെയ്പ്.
ജനങ്ങൾ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. കൂട്ടത്തോടെ ആടുകളെയും കുതിരകളെയും കൊണ്ടുനടക്കുന്ന ഇടയന്മാരെ യും വഴിയിൽ കണ്ടു.
രാത്രിയോടെ ഞങ്ങൾ കാശ്മീരി നോട് വിട പറഞ്ഞ് പഞ്ചാബിൽ എത്തി.
ബോർഡർ കടന്നതും 'പീപ്പ് ' എന്ന ശബ്ദം ഫോണിൽ. ഇൻറർനെറ്റ് തിരിച്ചു കിട്ടിയിരിക്കുന്നു.'Back to civilization'-അതോടെ ആരുടേയും അനക്കം ഇല്ല എല്ലാവരും ഫോണിലേക്ക് കുനിഞ്ഞു .കഴിഞ്ഞ നാലഞ്ചു ദിവസം ഇതൊന്നുമില്ലാതെയും ജീവിക്കാമെന്ന് കാണിച്ചുതന്ന യാത്ര. അങ്ങനെ യാത്രയിലെ പ്രധാന സാഹസികത അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ചു വീട്ടിലോട്ട്…...
ബോർഡർ കടന്നതും 'പീപ്പ് ' എന്ന ശബ്ദം ഫോണിൽ. ഇൻറർനെറ്റ് തിരിച്ചു കിട്ടിയിരിക്കുന്നു.'Back to civilization'-അതോടെ ആരുടേയും അനക്കം ഇല്ല എല്ലാവരും ഫോണിലേക്ക് കുനിഞ്ഞു .കഴിഞ്ഞ നാലഞ്ചു ദിവസം ഇതൊന്നുമില്ലാതെയും ജീവിക്കാമെന്ന് കാണിച്ചുതന്ന യാത്ര. അങ്ങനെ യാത്രയിലെ പ്രധാന സാഹസികത അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ചു വീട്ടിലോട്ട്…...
'ഇന്ത്യയുടെ മറ്റൊരു കോണിലെ സ്‌കൂളിൽ ഇരുന്ന് പഠിച്ച, ഏഷ്യയിലെ ഏറ്റവും നീളമേറിയ നദികളിലൊന്നായ 'Indus നദി കണ്ടപ്പോൾ പുളകോദ്ഗമം ! ഇതൊന്നും ജീവിതത്തിൽ ഒരിക്കൽപോലും കാണുമെന്ന് പ്രതീക്ഷിച്ചതല്ലല്ലോ. തെളിഞ്ഞ നീലനിറത്തിൽ ഒഴുകുന്ന ആ നദി എത്ര നേരം വേണമെങ്കിലും നോക്കിനില്ക്കാം. കൂട്ടുകാരൻ കുടിക്കാനായിട്ട് കുപ്പിയിൽ വെള്ളം നിറച്ചെടുത്തു.വൈകുന്നേരം 5 മണിയോടെ ഞങ്ങൾ ലേഹ് യിലെത്തി. ഒറ്റ നോട്ടത്തിൽ വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ പട്ടണം. ഒരു ദിവസത്തെ ഉദയാസ്തമനങ്ങൾക്കിടയിൽ ഞങ്ങൾ കണ്ട കാഴ്ചകളും ഹൃദയമിടിപ്പ് കൂട്ടിയ യാത്രകളും അവിശ്വസനീയം. ഏതാനും നാളത്തെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തോടെ ഹോട്ടലിലേക്ക് ..'
ReplyDeleteഅസ്സലായിട്ടുള്ള ഒരുഗ്രൻ സഞ്ചാര വിവരണം ...!
Thanks a lot
Deleteഒറ്റശ്വാസത്തിൽ എഴുതിയിട്ടത് ഒറ്റയിരിപ്പിനു വായിച്ചു. മലയാളികൾ കൂടുതലായി മണാലിയിലേക്ക് പോകുന്നുണ്ടെന്ന് സോഷ്യൽ മീഡിയ പോസ്റ്ററുകൾ സൂചിപ്പിക്കുന്നു. ഇഷ്ടം!!
ReplyDeletethanks
Delete