"ഉയരം കൂടുതോറും രുചി കൂടുന്ന ചായ' - ഒരു ചായയുടെ പരസ്യത്തിൽ നമ്മുടെ
പ്രിയ സിനിമാ നടനായ ലാലേട്ടന്റെ വാക്കുകളാണിത്.ബ്രിട്ടീഷ് ഭരണകാലത്ത്
തേയിലകൃഷിക്കായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സ്ഥലമാണ്, മൂന്നാർ.
സമുദ്രനിരപ്പിൽ നിന്ന് 1600 -1800 മീറ്റർ ഉയരത്തിലാണിത്.അങ്ങോട്ടേക്കുള്ള
യാത്രയിൽ ചായയുടെ രുചിയേക്കാളും ഞാൻ മനസ്സിലാക്കിയെടുത്തത് മറ്റൊന്നാണ്.
പ്രാതൽ ഭക്ഷണത്തിന്റെ പൈസ കൊടുക്കാനായിട്ട്, കണ്ണട ഇല്ലാത്തതു കൊണ്ട്
കണ്ണ് ചുളുക്കിയാണ് ബില്ലിലേക്ക് നോക്കിയത്. നോട്ടത്തിൻ്റെ സ്റ്റൈൽ
ശരിയാവാത്തതു കൊണ്ടാവാം, "മലയാളികൾക്കുള്ള പൈസയെ എടുത്തിട്ടുള്ളൂ
എന്ന് കടയുടമസ്ഥൻ.കാര്യമറിയാതെ അദ്ദേഹത്തെ ഒന്നുകൂടി നോക്കിയപ്പോൾ
-' മെനു വിലെ പൈസ നോർത്ത് ഇന്ത്യക്കാർക്കും അറബികൾക്കുമുള്ളതാണ്".
അതോടെ എത്ര ഉയരത്തിൽ ചെന്നാലും നമ്മുടെ മലയാളഭാഷയെ മറക്കരുതെന്ന്
ഞാൻ മനസ്സിൽ പ്രതിജ്ഞയെടുത്തു. യാത്രകൾക്കിടയിലും നമ്മുടെ പോക്കറ്റും
നമ്മൾ നോക്കണമല്ലോ. കേരളത്തിലെ മനോഹരമായ ഹിൽസ്റ്റേഷനാണ് മൂന്നാർ.
9 ഡിഗ്രി ക്കും 26 ഡിഗ്രിക്കും ഇടയ്ക്കാണ് താപനില. ഓഗസ്റ്റ് മുതൽ മാർച്ച് വരെയാണ്
വിനോദസഞ്ചാരികൾ കൂടുതൽ.
കാഴ്ചകളുടെ മായാലോകമാണ് മൂന്നാർ.മനോഹരമായ താഴ്വാരങ്ങളും
തേയിലത്തോട്ടങ്ങളും മഞ്ഞും മലനിരകളുമൊക്കെയായി തദ്ദേശ വിദേശ
സഞ്ചാരികളുടെ പറുദീസയാണവിടെ.2000 ത്തിലാണ് കേരള സർക്കാർ മൂന്നാറിനെ
ഒരു വിനോദ സഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചത്.ഒരു പക്ഷേ മൂന്നാറിനെ പറ്റി പലരും
കേൾക്കുന്നത് അന്നു തൊട്ടായിരിക്കാം.എന്നാൽ എനിക്ക് അങ്ങനെയല്ല മൂന്നാറിൽ
നിന്ന് 22 കി.മീ അകലെയായിട്ട് KSEBയുടെ മണ്ണു കൊണ്ടും സിമൻറ് ഇല്ലാതെ മണ്ണും
കല്ലും കൊണ്ട് നിർമ്മിച്ച ആനയിറങ്കൽ ഡാമിലെ തുടക്കം മുതൽ ഒടുക്കം വരെ
ആസൂത്രണത്തിലും നിർവ്വഹണത്തിലും മുഖ്യപങ്ക് വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ
ഒരാളായിരുന്നു അച്ഛൻ. അവരുടെ പേര് വിവരങ്ങൾ ഒരു ഫലകത്തിൽ അവിടെ
ആലേഖനം ചെയ്തിട്ടുണ്ട്. അതിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അച്ഛൻ.
അച്‌ഛനോടൊപ്പം ഏകദേശം 45 മാസത്തോളം അവിടെ ചിലവഴിച്ച അമ്മക്ക്,
വരുന്ന വഴികളിലും മറ്റും ഒറ്റക്കും കൂട്ടമായും ആനകളെ കാണുന്നതും
അതുപോലെ മറ്റു മൃഗങ്ങളുടെ ശല്യങ്ങളും മൂടല്‍മഞ്ഞു കാരണം യാത്ര തുടരാതെ
തിരിച്ച് വീട്ടിലേക്ക് തന്നെ പോകേണ്ടി വരുന്നതുമൊക്കെയായി നഗരത്തിൽ ജനിച്ച
വളർന്ന അമ്മക്ക് പറഞ്ഞാൽ തീരാത്ത കഥകളാണുള്ളത്. എനിക്കിങ്ങനെയുള്ള
സ്ഥലങ്ങളില്‍ താമസിക്കാനുള്ള അവസരം കിട്ടിയിട്ടില്ല. അപ്പോഴേക്കും അച്ഛന്‍റെ
ജോലിയുടെ ഭാഗമായിട്ട് ഞങ്ങള്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്‍റെ
കുട്ടിക്കാലത്ത് അമ്മ പറയുന്ന ഇത്തരം കഥകളൊക്കെ കേൾക്കുമ്പോൾ ഞാന്‍
വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല . അന്നൊക്കെ എല്ലാവരും ടൂർ പോയിരുന്നത്
ബാംഗ്ലൂർ, ഊട്ടി, കൊടൈക്കനാൽ ....അങ്ങനെയുള്ള സ്ഥലങ്ങളിലായിരുന്നു.
അവിടത്തെ വിശേഷങ്ങൾക്കായിരുന്നു കൂടുതൽ ആഭിമുഖ്യം. അല്ലേലും
'മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ".
കന്നിമല, നല്ല തണ്ണി, കുണ്ടല ആണ് എന്നീ മൂന്നു ആറുകൾ ചേരുന്ന സ്ഥലം എന്ന
വിശേഷണത്തിൽ നിന്നാണ് മൂന്നാർ എന്ന പേരുണ്ടായത്. ഇരവികുളം നാഷണൽ
പാർക്ക്, സ്‌പൈസ് ഗാർഡൻ, ആനയിറങ്കൽ ജലസംഭരണിയിലെ ബോട്ട് യാത്ര,
കൊളുക്കുമല ......... മൂന്നാറിനും പരിസരപ്രദേശത്തുമായി പ്രധാന
ആകർഷണകേന്ദ്രങ്ങൾ അങ്ങനെ നീണ്ടു കിടക്കുന്നു.
ആനയിറങ്കൽ ജലസംഭരണിയിലെ ബോട്ട് യാത്രക്ക് പകരം അണക്കെട്ടിലെ
പുറകിലുള്ള കാടുകളിലൂടെയുള്ള യാത്രയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.Off road യാത്രയായതു കൊണ്ട് അവിടെയുള്ള ജീപ്പിലായിരുന്നു യാത്ര.അങ്ങോട്ടേക്ക് പോകാൻ പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ലെങ്കിലും അവിടെയുള്ളവരാണെങ്കിൽ വഴികളും ആനയെ കണ്ടാൽ എന്തു ചെയ്യണമെന്നറിയാം എന്നൊക്കെയാണ് ഡ്രൈവർ പറഞ്ഞത്.അവിടെ 38 ആനകൾ ഉണ്ട്. കാട്ടിലെ പല ഭാഗത്തും ക്യാമറ വെച്ചിട്ടുണ്ട്. അങ്ങനെ വനഉദ്യോഗസ്ഥന്മാർക്ക് അവരെ കുറിച്ച് അറിയാമെന്നാണ് പറയുന്നത്. കാടിന്റെയുള്ളിലൂടെയുള്ള യാത്ര ശരിക്കും ഒരു പുതിയ അനുഭവമാണ്.അത് ചെന്നെത്തുന്നത് ഒരു ജലാശയത്തിലാണ്.ചുറ്റും മലകളും പച്ചപ്പും നീലാകാശവും പഞ്ഞിക്കെട്ടുപോലത്തെ മേഘങ്ങളും ......കാൻവാസിൽ കോറിയ ചിത്രം പോലെ ...നയനമനോഹരം.എതിർഭാഗത്തുള്ള ഒരു മലയിൽ നാലഞ്ചു ആനകളെ ഡ്രൈവർ കാണിച്ചു തന്നു. കൂട്ടത്തിൽ ഒരു കുട്ടിയാനയുമുണ്ടായിരുന്നു.ബൈനാക്കുലേഴ്‌സ് ഇല്ലാത്തത് ദു:ഖമായി. കുറച്ച് നേരം കൂടി കാത്ത് നിൽക്കുകയാണെങ്കിൽ ആനകൾ വെള്ളം കുടിക്കാനായിട്ട് സംഭരണിയിലേക്ക് വരുമെന്നാണ് അദ്ദേഹത്തിൻ്റെ നിഗമനം.
ആദിവാസി കോളനിയിലേക്കായിരുന്നു അടുത്ത യാത്ര. അതും നല്ല ഒന്നാന്തരം
off - road യാത്ര. ശരീരത്തിലെ എല്ലാ എല്ലുകളും ഇളകി ഒരു പരുവമായിട്ടുണ്ട്.
ആനകളുടെ വരവ് അറിയാനായിട്ട് ഓരോ പറമ്പിനു ചുറ്റും ആനയുടെ
പൊക്കത്തിൽ കയർ കെട്ടി ഗ്ളാസ് കുപ്പികൾ കെട്ടി തൂക്കിയിട്ടിരിക്കുന്നു. വഴിയിൽ
കണ്ട ഏലയ്ക്ക എസ്റ്റേറ്റിന് ചുറ്റും വൈദ്യുതീകരിക്കപ്പെട്ട വേലികൾ കണ്ടിരുന്നു.
എല്ലായിടത്തും ആനയാണ് വില്ലൻ. അവിടെയും വ്യൂ പോയിന്റ് ഉണ്ട്.
പശ്ചിമഘട്ടത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ ഹിൽസ്റ്റേഷന് 'തെക്കിന്റെ കാശ്മീർ'
എന്ന അപരനാമവുമുണ്ട്. മലകളുടെ നെറുകയിൽ നിന്ന് തണുത്ത കാറ്റിന്റെ
അകമ്പടിയോടെ സുന്ദരമായ ഭൂമിയെ നോക്കി എത്ര നേരം വേണമെങ്കിലും നമ്മുക്ക്
ചിലവഴിക്കാം.
വരയാടുകളും 12 വര്‍ഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞിയുമാണ് ഇരവികുളം
ഉദ്യാനത്തിലെ പ്രധാനപ്പെട്ടത്.കഴിഞ്ഞ സന്ദർശനത്തിൽ പോയിട്ട് വരയാടുകൾ
എന്നത് പലരുടേയും മനോധർമ്മം അനുസരിച്ചുള്ള കാണൽ ആയിട്ടാണ് തോന്നിയത്.
ഞാൻ യാതൊരുവിധത്തിലുള്ള ആടുകളെയും കണ്ടില്ല. മൂന്നാറിൽ നിന്ന് 15 കി.മീ
ദൂരെയുള്ള അങ്ങോട്ടേക്ക് യാത്ര വേണ്ടെന്ന് വെച്ചു.
ഞാൻ യാതൊരുവിധത്തിലുള്ള ആടുകളെയും കണ്ടില്ല. മൂന്നാറിൽ നിന്ന് 15 കി.മീ
ദൂരെയുള്ള അങ്ങോട്ടേക്ക് യാത്ര വേണ്ടെന്ന് വെച്ചു.
മൂന്നാറിൽനിന്ന് 36 കി.മീ ദൂരെയായിട്ടാണ് കേരളത്തിന്റെ അതിർത്തിക്കടുത്തുള്ള തമിഴ്‌നാട്.കേരളത്തിന്റെ വശത്ത് 3 കട്ടിയുള്ള വരകൾ വരച്ചാണ് അതിർത്തി തിരിച്ചിരിക്കുന്നത്.തമിഴ്‌നാട്ടിലെ ചായക്കടയിൽനിന്ന് ചായയും പരിപ്പ് വടയും കഴിച്ച് തമിഴ്‌നാട്ടുകാരോട് ഞങ്ങളുടെ ആദരവ് കാണിച്ചു. കടയുടെ മുൻപിൽ ഓരോ കുട്ട നിറയെ പരിപ്പ് വടയും ബോണ്ടയും ഉണ്ടാക്കി വെച്ചിരിക്കുന്നു. ഓരോന്നിനും 5 രൂപയാണ് വില. പൈസ കൊടുക്കുന്നവർക്ക് പത്രക്കടലാസ്സിൽ പൊതിഞ്ഞ് തരുന്ന ഭക്ഷണം. കൈയ്യിൽ gloves ഇല്ലാതെ tissue പേപ്പറിൽ പൊതിഞ്ഞ് തരാത്ത ആ പരിപ്പ് വട കഴിക്കാൻ സഞ്ചാരികളില്‍ പല "വിദേശികളായ" ദേശി കുട്ടികള്‍ക്ക് മടി. അഞ്ചോ - പത്തോ വര്‍ഷത്തിനു മുന്പ് നമ്മളും ഇങ്ങനെയൊക്കെയായിരുന്നില്ലേ! എന്തായാലും തമിഴ്നാട്ടുകാരുടെ ലാളിത്യം എനിക്കിഷ്ടമായി. അവിടത്തെ view point യിൽ നിന്ന് തേനി ജില്ലയിലെ 'ബോഡിമെട്ടു' മൊത്തം വീക്ഷിച്ചു. ഫോട്ടോ എടുക്കുന്ന പതിവും തെറ്റിച്ചില്ല.മധുരയിൽനിന്ന് കൊച്ചിയിലേക്ക് പോകുന്ന ദേശീയ പാതയാണത് അതുകൊണ്ട് തന്നെ ചായക്കടയിലും view point ലും മലയാളികൾ ധാരാളം. തമിഴ്‌നാട്ടിലെ ഏലം വളർത്തുന്ന പ്രധാന പ്രദേശമാണ്.
തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നവർക്ക് ഒരു കുന്നിൽനിന്ന് മറ്റൊരു കുന്നിലേക്ക് പോകാനായിട്ടാണ് 'ഹാങ്ങിങ് ബ്രിഡ്ജ്'ഉണ്ടാക്കിയിരിക്കുന്നത്.ഒറ്റ നോട്ടത്തിൽ തേയിലത്തോട്ടങ്ങൾ കണ്ണെത്താത്ത ദൂരം പരന്ന് കിടക്കുകയാണെങ്കിലും അതിനിടയിലൂടെ ഒരാൾക്ക് നടന്ന് പോകാനുള്ള പാതയുണ്ട്. പൊതുവെ തേയില ചെടിയുടെ തളിരിലകൾ പറിക്കുന്നതിനും ചെടികൾക്കിടയിലെ കളകൾ നീക്കം ചെയ്യുക വളമിടുക ......അങ്ങനെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ജോലികളാണിതിന്റെ പിന്നിലുള്ളത്. അതിനൊക്കെയായിട്ടാണ് ഈ പാത.ഓരോ തേയില ചെടിയും 100 -150 വർഷം ആദായം തരുന്നതാണ്.അധികം സൂര്യപ്രകാശം ആവശ്യമില്ലാത്തതിനാൽ ഇടയ്ക്ക് തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കാറുണ്ട്. ഗൈഡ് അല്ലെങ്കിൽ ഡ്രൈവറിൽനിന്ന് തേയിലയെ കുറിച്ചുള്ള കേട്ട ചെറിയ വിവരങ്ങൾ രസകരമായി തോന്നി. ജീവശ്വാസം പോലെ ചായയെ കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ പലരും ഒരു പക്ഷെ ഊതി കുടിക്കുമ്പോൾ ചായ നമ്മളോട് പറയാത്തവ.തൂക്കുപാലത്തിനടുത്ത് എത്തി തിരിഞ്ഞ് നോക്കിയപ്പോൾ, ഏതോ പ്രിയദർശന്റെ സിനിമയിലെ പാട്ട് സീനുകളിലെ പ്രകൃതി ദൃശ്യം. തൂക്കുപാലത്തിന്റെ അവസ്ഥ ശോചനീയമായിതിനാൽ പാട്ട് സീനുകൾ അനുകരിക്കാനൊന്നും പോയില്ല. രണ്ടു- മൂന്ന് ഫോട്ടോകളിൽ ഒതുക്കി.
വിവിധ തരത്തിലുള്ള ഔഷധസസ്യങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ പലതരത്തിലുള്ള
മരങ്ങൾ ഇതൊക്കയാണ് പ്രധാനമായും സ്‌പൈസ് ഗാർഡനിലുള്ളത്.
അതിനെകുറിച്ചെല്ലാം പറഞ്ഞ് തരാനായിട്ട് അരമണിക്കൂറിന്റെ ടൂർ ഉണ്ട്.
അതിനായിട്ട് 50 രൂപ ഒരാളിൽ നിന്ന് ഫീസ് ആയിട്ട് മേടിക്കുന്നുണ്ട്.
ഇംഗ്ലീഷ് / ഹിന്ദി / മലയാളം ഏത് ഭാഷയിലും വിവരിച്ച് തരാൻ റെഡിയാണവർ
ഏലം, കുരുമുളക്. കറുവപ്പട്ട, കുറുന്തോട്ടി, കാപ്പി ......അങ്ങെനെ കണ്ടിട്ടുള്ളതും
അല്ലാത്തതുമായ ചെടികൾ ധാരാളം. അതിൽ ഇൻസുലിൻ ഉണ്ടാക്കുന്ന ഇലകൾ,
റോബസ്റ്റ കോഫി...യൊക്കെ പുതുമയുള്ളതായിരുന്നു. രുദ്രാക്ഷത്തെ കുറിച്ച്
കൂടുതൽ അറിയാൻ സാധിച്ചു.ഒരേ മുഖം രണ്ടു മുഖമുള്ളവ. അത്തരത്തിലുള്ള
രുദ്രാക്ഷ മരങ്ങളിൽനിന്ന് വർഷത്തിൽ ഒന്നോ രണ്ടോ രുദ്രാക്ഷം മാത്രമേ
കിട്ടുകയുള്ളൂ. അതേ സമയം സാധാരണ കാണാറുള്ള രുദ്രാക്ഷമരത്തിൽ
നിന്ന് വർഷത്തിൽ 500 എണ്ണം വരെ കിട്ടുമെന്നാണ് പറഞ്ഞത്. ഇതിനോട്
ചേർന്ന് കടയുണ്ട്. വേണ്ട സാധനങ്ങളൊക്കെ നമ്മുക്ക് കടയിൽ നിന്നും
മേടിക്കാവുന്നതാണ്.
പലതരം ചായപ്പൊടികളും ( പല flavours) ഹോം made chocolates യുമാണ് പ്രധാനമായും
ഷോപ്പിംഗിനായി കണ്ടത്. കൂട്ടത്തിൽ കേരളത്തിന്റേതായ handicrafts സാധനങ്ങളും.
വളരെ ചെറിയ ഒരു നഗരമാണിത് . വലിയ നഗരത്തെ പോലെ തിക്കും തിരക്കില്ലാത്ത
നേരിയ തണുപ്പ് ആസ്വദിച്ച് കൊണ്ടുള്ളതായിരിക്കും ഷോപ്പിംഗ്.
വളഞ്ഞ പുളഞ്ഞ വഴികളും റോഡിലെ കുണ്ടും കുഴികളും അതിനിടക്കുള്ള പല
ഓഫ് റോഡ് യാത്രകളും ആകെ മടുപ്പിച്ചിരിക്കുന്നു. ചില സ്ഥലങ്ങളിൽ റോഡ് പണി
നടക്കുന്നുണ്ട്. വൈകുന്നേരത്തോടെ മഞ്ഞ് കാരണം വണ്ടി ഓടിക്കുന്നത്
ബുദ്ധിമുട്ടാവുന്നതു കൊണ്ട് ഞങ്ങൾ താമസസ്ഥലത്തേക്ക് തിരിച്ചു.
കൊളുക്കുമല
നമ്മുടെ രാജ്യത്തെ സേഫ്റ്റിവെച്ചുനോക്കുമ്പോൾ എടുത്ത തീരുമാനം ശരിയായോ
എന്നറിയില്ല പോരാത്തതിന് അലാറം വെക്കേണ്ടത് രാവിലെ മൂന്നര മണിക്കും.നാലര
മണിക്ക് മൂന്നാറിൽനിന്നു യാത്ര തുടങ്ങിയാലേ കൊളുക്കുമലയിലെ സൂര്യോദയം
കാണാൻ സാധിക്കുകയുള്ളൂ.സമുദ്രനിരപ്പിൽനിന്ന് 8000 അടിയോളം ഉയരത്തിലാണിത്.
ഏകദേശം 35 കി.മീ ദൂരമുണ്ട് .ലോകത്തിലെ ഏറ്റവും ഉയരമുള്ള
തേയിലത്തോട്ടങ്ങളാണവിടെ.ദുർഘടപാതയായതിനാൽജീപ്പുമാത്രമേ ഇതുവഴി
സഞ്ചരിക്കുകയുള്ളൂ.പറഞ്ഞ സമയത്തുതന്നെ ജീപ്പ് വന്നു.
മൂന്നാറിൽനിന്നു ചിന്നക്കനാൽവഴി സൂര്യനെല്ലിയിലേക്കാണ് യാത്ര. അവിടെനിന്നാണ്
ടിക്കറ്റ് മേടിക്കേണ്ടത്. സൂര്യനെല്ലി എന്ന ബോർഡ് കണ്ടപ്പോൾ മനസ്സിലാകെ വിഷമം.
പീഡനക്കേസിലൂടെ പേരുകേട്ട സ്ഥലം. 1996 കളിൽ പത്രം വായിച്ചിരുന്നതുതന്നെ
ഇതിനെക്കുറിച്ചറിയാനായിരുന്നല്ലോ.. ഏതൊരു പീഡനക്കേസുകളിലെയും
വാര്‍ത്തകള്‍പോലെ എന്നെയും വിസ്‌മൃതിയിലാക്കിയതായിരുന്നു. എന്നാൽ ഞാൻ
വായിച്ചുകൊണ്ടിരിക്കുന്ന സേവ്യർ ജെ യുടെ
പത്രപ്രവർത്തകയായ 'ലീല മേനോൻ '- നെ കുറിച്ചുള്ള പുസ്തകത്തിൽ
( വെയിലേക്ക് മഴ ചാഞ്ഞു) ഈ കുട്ടിയേക്കുറിച്ചും എഴുതിയിട്ടുണ്ടായിരുന്നു.
അപ്പോഴെല്ലാം ശ്രീ. ലാൽജോസ് സംവിധാനം ചെയ്ത അച്‌ഛനുറങ്ങാത്ത വീട്-
എന്ന സിനിമയിലെ ചില രംഗങ്ങളായിരുന്നു മനസ്സിൽ. കഴിഞ്ഞ ഏതാനും
ദിവസങ്ങളായിട്ട് ആ കുട്ടിയെക്കുറിച്ചോര്‍ക്കാറുണ്ടായിരുന്നു, .
രാവിലത്തെ ഉറക്കം കളഞ്ഞുള്ള യാത്രയും സൂര്യനെല്ലിയും എന്തോ എന്നിലെ
ഉഷാറെല്ലാം കളഞ്ഞു.
അവിടെനിന്നാണ് മല കയറാൻ തുടങ്ങുന്നത്.ആദ്യം കുറെ ദൂരം
പൊട്ടിപ്പൊളിഞ്ഞതാണെങ്കിലും വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. ഇരുവശവും
തേയിലത്തോട്ടങ്ങളാൽ സമൃദ്ധം. 'ഹാരിസ് മലയാളം ലിമിറ്റഡ്' എന്ന ബോർഡ് പല
സ്ഥലത്തും കണ്ടു. പതിയേ റോഡിലെ സിമന്റ് അപ്രത്യക്ഷമാവുകയും മൺപാതകളായി
.പിന്നീടങ്ങോട്ട് കല്ലും കുഴികളുമുള്ള വഴികളായി.പോരാത്തതിന് വളവുകളും
തിരിവുകളും. മുകളിലോട്ട് പോകുംതോറും വശങ്ങളിലെ താഴോട്ടുള്ള കാഴ്ച ശരിക്കും
പേടിപ്പെടുത്തുന്നതാണ്.പരിചയസമ്പന്നനായ ഡ്രൈവർ ആയിട്ടുപോലും വളവുകളിൽ
പലപ്രാവശ്യം റിവേഴ്‌സ് എടുത്തിട്ടാണ് മുന്നോട്ട് പോകാൻ സാധിച്ചത്.ഏകദേശം പത്ത്
കി.മീ. ദൈർഘ്യമുണ്ട് ഈ യാത്രക്ക്.ഏകദേശം ആറുമണിയോടെ ഞങ്ങൾ ഏറ്റവും
മുകളിലെത്തി.
അവിടെനിന്നു മലയുടെ മുകളിലെത്താന്‍ ഇനിയും പത്തുപതിനഞ്ചു നിമിഷത്തെ
നടപ്പുംകൂടെയുണ്ട്. ജീപ്പിൽനിന്നു പുറത്തിറങ്ങിയപ്പോൾ, ആകെ തണുപ്പ്. കഴിഞ്ഞ
ഒന്നര മണിക്കൂറിലെ കുലുങ്ങിയുള്ള യാത്ര കൈയും കാലുമൊക്കെ
അവിടെത്തന്നെയുണ്ടോയെന്ന് സംശയം. നടക്കാനുള്ള വഴിയും അത്ര സുഖകരമല്ല.
ഇതൊന്നും അറിഞ്ഞുകൂടാത്ത ഞാൻ സാധാരണ ചെരുപ്പുകളാണ് ധരിച്ചിരുന്നത്.അത്
എനിക്ക് അതിന്റേതായ പ്രശ്‍നങ്ങൾ ഉണ്ടാക്കിത്തന്നു.എന്തായാലും സൂര്യൻ
തയ്യാറായിവരുന്നതിന്നുമുമ്പേ ഞങ്ങൾ അവിടെ തയ്യാറായി എത്തി.
പതിവുപോലെ പ്രകൃതി അതിന്റെ ക്യാൻവാസിൽ നിറങ്ങൾകൊണ്ട് നിറച്ചു.സൂര്യനും
പതുക്കെ പൊങ്ങിവന്നു പക്ഷേ അനുസരണയില്ലാത്ത കുട്ടികളെപ്പോലെ
പറന്നുനടക്കുന്ന പഞ്ഞിക്കെട്ടുകളായ മേഘങ്ങൾ നമ്മുടെ ആദിത്യനെ മറച്ചുകളഞ്ഞു.
ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളും. ഒന്നോ - രണ്ടോ നിമിഷം
അപ്പോഴേക്കും ചെറിയ ഒരു കാറ്റില്‍ മേഘങ്ങള്‍ അവിടെനിന്ന് മാറി പോകും.
പാറിപ്പറന്നുനടക്കുന്ന മേഘങ്ങള്‍ ഒളിപ്പിച്ചും അതിൽനിന്ന് രക്ഷപ്പെട്ടുവരുന്ന,
സൂര്യനേയും എത്ര നേരം വേണമെങ്കിലും നോക്കിനിൽക്കാൻ സാധിക്കും. സൂര്യോദയം
പല പ്രാവശ്യം പല സ്ഥലങ്ങളിൽവെച്ച് കണ്ടിട്ടുണ്ടെങ്കിലും മികച്ച സൂര്യോദയക്കാഴ്ച
സമ്മാനിച്ചു.കാറ്റിനൊപ്പം മലമുകളിലേക്കും മറ്റുമായി നീങ്ങുന്ന മേഘങ്ങളാണ്
ഇവിടത്തെ താരം.
1932 യിലുള്ള തേയിലഫാക്ടറിയാണു അവിടത്തെ മറ്റൊരു ആകർഷണം.ഞങ്ങൾ
ഫാക്ടറികത്ത് വിസിറ്റ് ചെയ്യതില്ലെങ്കിലും തേയില വിൽപ്പന നടത്തുന്ന കടയുണ്ട്.
അത്യാവശ്യം ഷോപ്പിംഗും കൂട്ടത്തിൽ നല്ല ഓർഗാനിക് ചായയും കുടിക്കാൻ കിട്ടി.
അവിടത്തെ തൊഴിലാളികൾ വരുന്നതേയുള്ളൂ. മിക്കവാറും തമിഴും മലയാളവും
കൂട്ടിക്കലർത്തിയാണ് സംസാരിക്കുന്നത്. ഏതൊരു വിനോദസഞ്ചാരകേന്ദ്രത്തിലും
കാണുന്നതുപോലെ, ഈ മനോഹരമായക്കാഴ്ചകളെല്ലാം സഞ്ചാരികൾക്കുള്ളതാണ്.
അവിടെയുള്ളവർ ഇതൊക്കെ ആസ്വദിക്കുന്നുണ്ടോ എന്നത് സംശയമാണ്.അവരെല്ലാം
ജീവിതം ജീവിച്ചുതീർക്കാനുള്ള പങ്കപ്പാടിലാണ്.
ഹോട്ടലിലേക്കുള്ള തിരിച്ചുള്ള യാത്ര, തണുപ്പിന്റെ ലഹരിയും കാഴ്ചയുടെ കൗതുകവും
നിറഞ്ഞയാത്രയാണ്. മനോഹരമായ വെള്ളച്ചാട്ടത്തിന്റെ മുൻപിൽനിന്ന് ഫോട്ടോ
എടുക്കാനായിട്ട് ജീപ്പിൽനിന്നറങ്ങിയപ്പോഴാണ്, കൊളുക്കുമലയിൽനിന്നു
കൊണ്ടുവരുന്ന 2 അതിഥികളെ കണ്ടത്. എൻ്റെ ഓരോരോ കാൽപാദങ്ങളിലിരുന്ന്
രക്തം കുടിക്കുന്ന അട്ടകൾ .വേദനയോ ചൊറിച്ചിലോ ഒന്നുമില്ല. ആദ്യം ചെളിയാണെന്ന്
വിചാരിച്ച് ഒരെണ്ണത്തിനെ തട്ടിക്കളഞ്ഞു.അപ്പോഴേക്കും ഡ്രൈവർ കണ്ട് മറ്റേതിനെ
വലിച്ചെടുത്തുകളഞ്ഞു. അങ്ങനെയാണ് അതിനെ മാറ്റേണ്ടത്. എന്തായാലും കുറെ
നേരത്തേക്ക് രക്തം ഒഴുകുന്നുണ്ടായിരുന്നു.ഇപ്പോൾ ആ മലയുടെ ഓർമ്മയ്ക്കായി
ഓരോരോ കറുത്ത പാടുകളുണ്ട്, .ഓഗസ്റ്റ് മാസമായിരുന്നു ഞങ്ങളുടെ ഈ വിസിറ്റ്.
മഴക്കാലസമയത്ത് അട്ടകളുടെ ശല്യം കൂടുതലാണ്.
‘Enjoy your holidays differently’ ഞങ്ങൾ താമസിച്ച ഹോട്ടലിലെ പരസ്യത്തിൽ കണ്ട
വാചകമാണ്. അതേ,മൂന്നാറില്‍ പ്രകൃതി നമുക്കായി ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചകളും
അനുഭവങ്ങളും വ്യത്യസ്തവും മനോഹരവുമാണ്.
അതേ,മൂന്നാറില്‍ പ്രകൃതി
ReplyDeleteനമുക്കായി ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചകളും
അനുഭവങ്ങളും വ്യത്യസ്തവും മനോഹരവുമാണ്.
true
Delete