12/8/17

ഷിംല

കൂട്ടത്തിലുള്ള 'വർത്തമാന ചക്കി' എന്ന് പറയപ്പെടുന്ന അവൾ വാചകം നിറുത്തി ഗൗരവക്കാരിയായപ്പോഴെ സംശയം തോന്നിയതാണ്. അല്പം സമയത്തിനു ശേഷം എന്റേയും വയറിലാണോ തലയിലാണോ ഉരുണ്ടു കയറുന്നത് എന്നറിയാതെ ഞാനും കണ്ണടച്ചിരുന്നു. വണ്ടി അപ്പോൾ ഷിംലയിലേക്കുള്ള വളവുകൾ കേറുകയായിരുന്നു.ഹിമാലയ പർവതനിരകളുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2130 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഹിമാചൽ പ്രദേശത്തിന്റെ തലസ്ഥാനമായ ഷിംല. 1864 -ൽ ബ്രിട്ടീഷ് ഭരണക്കാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഞങ്ങൾക്കും ഡൽഹിയിൽ നിന്നുമുള്ളവർക്കും ഇവിടത്തെ ചൂടിൽ നിന്നുമുള്ള ഒരു രക്ഷ എന്ന പോലത്തെ യാത്രയാണിത്.വേനൽക്കാലത്ത് 14 c ക്കും 20c ഇടയ്ക്കാണ്. ഡൽഹിക്കാരുടെ ഒരു സുഖവാസ കേന്ദ്രമാണിത്. മനോഹരമായ പർവതനിരകളും പ്രകൃതി ഭംഗിയുമാണ് ഈ പട്ടണത്തിന്റെ പ്രത്യേകത.

സിറ്റി യുടെ ഒട്ടുമിക്കാൽ ഭാഗത്തും അത്യാഹിത വാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുള്ളൂ.എല്ലായിടത്തും നടത്തതിനാണ് പ്രാധാന്യം.അവിടെ എത്തിയ ഞങ്ങൾക്ക് ഹോട്ടലിൽ എത്താനായിട്ട് നല്ലൊരു നടപ്പു തന്നെ വേണ്ടി വന്നു. കയറ്റവും - ഇറക്കവുമായിട്ടുള്ള വഴിയിൽ കൂടിയുള്ള കാൽനട, വന്നത് അബദ്ധമായോ എന്ന ചിന്തയിലായി. കഴിഞ്ഞ കുറേക്കാലമായി വ്യായാമം എന്ന ആശയത്തിന്റെ ഭാഗമായി 'ആഞ്ഞ് നടക്കണം' എന്നൊക്കെ മനസ്സിൽ ഉണ്ടെങ്കിലും എന്തെങ്കിലും ആവശ്യത്തിനായിട്ട് പുറത്തോട്ട് പോകുമ്പോൾ വാഹനം കടയ്ക്കകത്ത് നിറുത്താൻ സാധിച്ചാൽ അത്രയും സന്തോഷം എന്ന് വിചാരിക്കുന്ന എനിക്കാണ്, ഈ എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്.

എന്നാൽ അവിടത്തെ സവിശേഷത എന്നു പറയുന്നതും പ്രധാന ഷോപ്പിംഗ് സ്ഥലമായ 'മാൾ റോഡിൽ' വാഹനങ്ങൾക്ക് പ്രവേശനമില്ല എന്നതാണ്. തിന്നും സൊറ പറഞ്ഞും അലസമായ നടത്തതിന് അനുയോജ്യം.കൂട്ടത്തിലുള്ളവർ അവിടത്തെ സ്ഥിരം സന്ദർശകരാണ്. അതുകൊണ്ട് അവർക്ക് അവരുടേതായ ഭക്ഷണശാലകളും ഷോപ്പിംഗിനായിട്ടുള്ള കടകൾ ഉണ്ട്. അവിടെ 'ഇന്ത്യൻ കോഫീ ഹൌസ്' കണ്ടതാണ്‌, എനിക്ക് പുതുമ തോന്നിയത്. ഒട്ടും ആഡംബരമില്ലാത്ത സ്ഥലവും പഴയ മേശയും കസേരകളും ആ കാപ്പിയുടേയും ദോശയുടെയും മണവും വേണമെങ്കിൽ കഴിച്ചിട്ടു പോകൂ എന്ന മട്ടിലുള്ള ഓർഡർ എടുക്കുന്ന ആൾ .......എല്ലാ കോഫീ ഹൌസ്സി നും ഒരേ ഛായപടമാണല്ലോ എന്നോർത്തു. ഇത്തിരി രാഷ്ട്രീയവും ഒത്തിരി ലോകകാര്യങ്ങളുമായി ഒരു പറ്റം വയസ്സായവർ അവിടെയിരുന്ന് വാദപ്രതിവാദങ്ങളുമായി തിരക്കിലാണ്.ഇതൊക്കെ തന്നെയാണ് തിരുവനന്തപുരത്തിലെ കോഫിഹൌസ്സിനെ കുറിച്ചുള്ള എന്‍റെ മനസ്സിലെ ചിത്രങ്ങള്‍.

എങ്ങോട്ടേക്കും എവിടേക്കും കാൽനട, ആയതു കൊണ്ടാണോ എന്നറിയില്ല, സ്‌കൂൾ കുട്ടികൾ രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ കൂട്ടം കൂടി പോകുന്നതും കണ്ടു. വലിയ നഗരങ്ങളിൽ നിന്നും മാഞ്ഞു പോകുന്ന കാഴ്ചകളാണല്ലോ!

പാശ്ചാത്യകെട്ടിട നിര്‍മ്മാണശൈലിയും കൊളോണിയന്‍ തച്ചുശാസ്ത്രത്തിലുള്ള കെട്ടിടങ്ങളുടെ സൌന്ദര്യം ഒന്നു വേറെ തന്നെയാണ്.പ്രസിദ്ധമായ ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ പള്ളി ഉത്തരേന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളികളില്‍ ഒന്നാണ്.

ഒരു നാടോടിയെ പോലെ അവിടെയൊക്കെ ചുറ്റിക്കറങ്ങി നടന്നപ്പോള്‍ കണ്ട കാഴ്ചകളില്‍ ദു:ഖകരമായി തോന്നിയത്, ഫ്രിഡ്ജ്‌, ടി.വി .......അങ്ങനത്തെ ഭാരമുള്ള സാധനങ്ങള്‍ മുതുകിലേറ്റി നടക്കുന്ന മനുഷ്യരെയാണ്,വാഹനനിയന്ത്രണത്തിന്റെ വൈഷമ്യം- ഇപ്പോഴും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്ന കാഴ്‌ചയാണ്.

ഏതോ സിനിമയിലേയോ പുസ്തകത്തിൽ നിന്നോ കിട്ടിയ അറിവ് വെച്ച്, ഒരു മഞ്ഞുമലയിലേക്ക് ഓടി കയറുക അവിടെ കാണുന്ന ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ പൊട്ടിച്ചു തിന്നുക എന്നുള്ളതാണ് ഷിംല കുറിച്ചുള്ള എൻ്റെ വിചാരം. തിരിച്ചുള്ള യാത്രയിൽ പലതരം ക്വാളിറ്റിയുള്ള ആപ്പിൾ വിൽക്കുന്ന കടകളിൽ നിന്ന് ആപ്പിൾ മേടിച്ച് ഒരാഗ്രഹത്തെ പകുതി സഫലീകരിച്ചുവെന്ന് പറയാം. ജനുവരി -ഫെബ്രുവരി മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാവാറുണ്ട്.ഐസ് സ്‌കേറ്റിഗിനും സ്കൈയിഗിനും മറ്റും അവസരമൊരുക്കുന്ന ശൈത്യക്കാലമാണ്, ഷിംല സന്ദർശിക്കാൻ പറ്റിയത്. എന്നെങ്കിലും ഷിംലയിലെ മഞ്ഞുമലയിലേക്ക് ഓടി ക്കയറാൻ പറ്റും എന്ന വിശ്വാസത്തോടെ, 2 ദിവസത്തെ യാത്ര അവസാനിപ്പിച്ച് തിരിച്ചു വീട്ടിലേക്ക്.

11/29/17

പുതിയ നിയമം -ങ്ങൾ

എന്തിനൊക്കെയോ പിണങ്ങി നടക്കുന്ന, ആവശ്യത്തിനും അനാവശ്യത്തിനും എല്ലാവരുമായി വഴക്ക് കൂടുന്നുണ്ട്, ചില കാര്യങ്ങൾ ആവശ്യമായി തോന്നുമെങ്കിലും ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ടു പോകുന്ന പ്രകൃതക്കാരിയായിട്ടാണ് 'നയൻതാര'. ഇടയ്ക്കിടെ കഥകളി മുഖവും മുദ്രകളും.അമ്മക്ക് വല്ല 'ലൈൻ ആണോ അതോ മാനസിക കുഴപ്പമാണോ' എന്ന സംശയത്തിലാണ് ന്യൂജിയായ മകൾ. ഇതിനിടയിലും അക്ഷോഭ്യനായി വളരെ ഗൗരവമായ കാര്യങ്ങളൊക്കെ തമാശയിലൂടേയും ഉപദേശമായും പറയുന്ന വക്കീലായ ഭര്‍ത്താവ്, മമ്മൂക്ക. എല്ലാം കൊണ്ടും ആകാംക്ഷയുള്ളവാക്കുന്ന രീതിയിലാണ് "പുതിയ നിയമം' - സിനിമയെങ്കിലും എനിക്ക് ബോറടിച്ചതു കൊണ്ട് ഞാൻ ഞെക്കി, റിമോട്ടിൽ.

അവിടെയാണെങ്കിൽ 'പോസ്റ്റവുമൺ'-ആയ മഞ്ജു വാര്യർ യും ഏത് സമയവും ഫോണിലും കാമറയുമായി നടക്കുന്ന മകൻ. കാശിനു പ്രാധാന്യം ഇല്ലാതെ നീതിക്കുവേണ്ടി മാത്രം വാദിക്കുന്ന വക്കീലായ ആനി എന്ന അമല.ഒരു സിനിമക്കുവേണ്ട എല്ലാ ചേരുവകൾ കൊണ്ട് കഥ പുരോഗമിക്കുമ്പോഴും തമാശക്കായി മഞ്ജു വാര്യർ കാണിക്കുന്ന കോപ്രായങ്ങൾ കണ്ടപ്പോൾ ( ലൈസൻസ് കിട്ടാൻ വേണ്ടിയുള്ള വണ്ടി ഓടിക്കൽ), ഞാൻ വീണ്ടും കുത്തി, റിമോട്ടിൽ .

ഏതോ ഡബ്ബിങ് സിനിമയാണ്.ഒരു കുറ്റാന്വേഷണ കഥയാണ്. റഹ്‌മാൻ, പോലീസ് ഓഫീസർ ആണ്.വലിയ പുതുമയൊന്നും തോന്നിയില്ല.

പൊതു അവധി ആഘോഷിക്കൂ എന്ന മട്ടിലാണ് എല്ലാ ചാനലുകാർ. പക്ഷെ പ്രൊജക്റ്റ് കളും വരാൻ പോകുന്ന പരീക്ഷകളുമായി കുട്ടികളും ചെയ്തു തീരാത്ത പണിയുമൊക്കെയായി വീട്ടിലുള്ളവരെല്ലാം തിരക്കിലാണ്. അതുകാരണം ചാനലുകാരോട് നീതി പുലർത്തുന്നത്, ഞാൻ മാത്രം.

മഴ വില്ലനായെത്തുമ്പോൾ പ്രത്യേകിച്ച് തുണി ഉണങ്ങാൻ ഇടുമ്പോൾ, ചിലപ്പോൾ ലിഫ്റ്റ് വരുന്നതുപോലും കാത്ത് നിൽക്കാതെ ഞാനും ടെറസ്സിൽ വിരിച്ചിട്ടിരിക്കുന്ന തുണികൾ എടുക്കാനായിട്ട് അഞ്ചാറു നിലകൾ ഓടിക്കയറാറുണ്ട്. സിനിമയിലെ നയൻതാര യുടെ മ്ലാനതയെക്കുറിച്ച് അറിഞ്ഞപ്പോൾ, സിനിമയാണെങ്കിലും ......സ്തംഭിച്ച ഒരു നിമിഷത്തിൽ നിന്ന് ഇറങ്ങി ഓടും പോലെ, ഞാൻ കുത്തി റിമോർട്ടിൽ.

5 മികച്ച ഫോട്ടോഗ്രാഫറിൽ ഒരാളായി തെരെഞ്ഞെടുത്ത മകനെ പാരീസിൽ വിടാൻ സമ്മതിക്കാത്ത മഞ്ജു. പിന്നെയങ്ങോട്ടുള്ള വാക്കുതർക്കങ്ങളിൽ, ' എൻ്റെ സ്വന്തം 'അമ്മ അല്ലല്ലോ എന്ന് മകൻ - ഒരു പക്ഷെ ഞാൻ സിനിമ കണ്ടു തുടങ്ങിയ നാളുകളിൽ ഉള്ള ഡയലോഗുകളിൽ ഒന്നാണിത്. പിന്നെയുള്ള 'സെൻറ്റി ഡയലോഗുകൾ കാണാൻ താല്പര്യം ഇല്ലാത്തതിനാലും റഹമാനെ പിണക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടും ഞാൻ ആ ചാനലിൽ എത്തി. അന്വേഷണം പുരോഗമിക്കുന്നു. പുതിയതായി തോന്നിയത്, കൊല കണ്ട ദൃക്‌സാക്ഷി പറയുന്നത്, എനിക്ക് 10 ലക്ഷം തന്നാൽ പോലീസിനോട് പറയില്ല. നിന്നെയൊക്കെ ജയിലിൽ ഇട്ടിട്ട് എന്ത് കാര്യം എന്നാണ്.ആളുകളുടെ മനോഭാവത്തില്‍ വന്ന വ്യത്യാസം!

പരസ്യങ്ങൾ എല്ലാ ചാനലിലും ഒരേ സമയം ആയതിനാൽ, വിശപ്പിന്റെ വിളി ആയി എത്തുന്നവരേയും അത്യാവശ്യം വീട്ടു ജോലികൾ ചെയ്തു തീർക്കാനും ഉപകാരപ്പെട്ടു.

IPC-376 പീഡിത വ്യക്തിയായ നയൻതാര പോലീസ് ഫോണ്‍വിളികളുടെ സഹായത്തോടെ എല്ലാ കുറ്റവാളികളേയും മാനസികമായി തളർത്തി ആത്മഹത്യ ചെയ്യിപ്പിക്കുന്നു. പിന്നീട് അതിനു പിന്നിൽ പോലീസ് അല്ലെന്നും നമ്മുടെ മമ്മുക്കയുടെ ആധുനിക ടെക്നോളജിയുടെ ആശയങ്ങൾ ആണെന്നും അറിയുമ്പോൾ നമുക്കും ഒരു സമാധാനം.

മഞ്ജുവിന്റെ 'സൈറാബാനു' യിൽ മകൻ എങ്ങനെയോ പോലീസ് കേസിൽ പെട്ടു. കഥയിൽ ചോദ്യമില്ല എന്ന് പറയുന്നത് പോലെ, എനിക്ക് ആ മകന്റെ അച്ഛൻ ആരാണെന്നോ എങ്ങനെ മഞ്ജു വിന്റെ അടുത്ത് എത്തിയോ എന്നറിയില്ല. നീതിക്കു വേണ്ടി മാത്രം കേസ് വാദിക്കുന്ന ആനിക്ക് ( അമല) എതിരെ കേസ് വാദിക്കാൻ മറ്റു വക്കീലുമാർ തയാറാകാത്ത കാരണം മഞ്ജു തന്നെയാണ് വാദിക്കുന്നത്. നിയമത്തെക്കുറിച്ച് വിവരം ഉള്ള അമലയും പോസ്റ്റവുമൺ ആയ മഞ്ജു വിന്റെ വാദപ്രതിവാദങ്ങൾ. കുറ്റക്കാരാനായ അമലയുടെ മകനെ രക്ഷിക്കുകയും പകരം പോലീസ് കാരിലേക്ക് കുറ്റം ചുമത്തുകയും ചെയ്തതോടെ ആ സിനിമയും " ശുഭം".

രണ്ടര - മൂന്നു മണിക്കൂർ കൊണ്ട് രണ്ട് സിനിമ കണ്ട കൃതജ്ഞതയോടെ ടി. വി യുടെ മുൻപിൽ നിന്ന് എണീക്കുമ്പോൾ പണ്ടത്തെ സിനിമകളായ വന്ദനം, ആകാശദൂത് ചിത്രം……. എന്നീ സിനിമകൾ കണ്ടു കഴിഞ്ഞപ്പോഴുള്ള നീറ്റൽ മനസ്സിനില്ല. എന്നാലും നമ്മുടെ പോലീസിനും നിയമങ്ങൾക്കും എന്തു പറ്റി ? കണ്ട രണ്ടു സിനിമയും നിയമങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായിട്ടാണ് തോന്നിയത്.

കുറ്റവാളികൾക്കെതിരെ പോരാടുന്നത് നമ്മുടെ നിഴലുകൾക്കെതിരെ പോരാടുന്നതു പോലെയെന്ന ചിന്തയോ അതോ സാങ്കേതികയുടെ സൗകര്യങ്ങൾ കൂടിയതോടെ നമ്മുടെ നിയമങ്ങൾക്ക് പ്രാധാന്യം കുറയുകയാണോ ?

11/20/17

ചണ്ഡീഗഢ്

'അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്.. പണ്ട് ഭൂമിശാസ്ത്രപരീക്ഷയിൽ ഇന്ത്യയുടെ ഭൂപടത്തിൽ സ്ഥലങ്ങൾ അടയാളപ്പെടുത്താനായിട്ട് ഞാൻ മനസ്സിൽ പാടിയിരുന്ന പാട്ടാണിത്. അത്രയും പ്രാധാന്യമേ കേരളത്തില്‍ പുറത്തുള്ള സ്ഥലങ്ങൾക്ക് ഞാൻ കൊടുത്തിരുന്നുള്ളൂ.അതുകൊണ്ട് തന്നെ 'ചണ്ഡീഗഢ് ' ലേക്കുള്ള യാത്ര എന്ന് പറഞ്ഞപ്പോൾ, അത് എവിടെയാണെന്നോ കാലാവസ്ഥയെക്കുറിച്ചോ ആളുകളെക്കുറിച്ചോ ...യാതൊരു വിവരവുമില്ല.അന്നൊക്കെ 'ഗൂഗിൾ' ഇല്ലാത്തതുകൊണ്ട് വിവരമുള്ളവരോട് ചോദിച്ചപ്പോൾ, " പഞ്ചാബിലേക്കോ വേറെ കുഴപ്പം ഒന്നുമില്ല ഇടയ്ക്ക് കഴുത്തിന് മുകളിൽ തലയുണ്ടോ എന്ന് നോക്കിയാൽ മതി". 90-കളിൽ പഞ്ചാബിലേക്കുള്ള യാത്രയെ അതിഭയാനകമായിട്ടാണ് കേരളത്തിലുള്ളവർ കണ്ടിരുന്നത്. അതുകൊണ്ട് പേടിയോടെയാണ് യാത്ര തുടങ്ങിയത്.

ഡൽഹിയിൽ നിന്നും ഏകദേശം 250 കി.മി. നു മേലെയാണ്.ശതാബ്‌ദി ട്രെയിനിലാണ് യാത്ര ( അന്ന് രാജധാനി ഒന്നും ഇല്ല എന്നാണ് എൻ്റെ വിശ്വാസം) മുഴുവൻ തീവണ്ടിയിലെ എ.സിയും ഭക്ഷണം വിളബുന്നതുമെല്ലാം എനിക്ക് പുതുമയുള്ള കാര്യങ്ങളാണ് . അധികവും ഏതോ ഓഫീസ് ജോലിക്ക് പോകുന്ന എക്സിക്യൂട്ടീവ് തരത്തിലുള്ള ആളുകളായിരുന്നു. അവരുടെ ഇടയിൽ മൂന്നു - നാല് മണിക്കൂർ മിണ്ടാതെ ഇരിക്കുക എന്നത് അന്നൊക്കെ പ്രയാസമുള്ള കാര്യമാണ്.ഭാഷയും ഒരു വിലങ്ങുതടിയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ഈ സിറ്റി, അതുകൊണ്ടായിരിക്കും ഓരോ ഭാഗത്തേയും sector 1,2.......അങ്ങനെയാണ് അറിയപ്പെടുന്നത്.നാലു വഴിയും കൂട്ടിമുട്ടുന്ന കവലയിൽ ഒരു വലിയ 'Round about' ആണുള്ളത്. അതിനകത്ത് പലതരം ചെടികളും കാലാവസ്ഥക്കനുസരിച്ചുള്ള പൂന്തോട്ടങ്ങളുമാണ്. ഇവ നഗരത്തെ കൂടുതൽ മനോഹരമാക്കുന്നു

ഹിന്ദി ഭാഷയോടൊപ്പം  പലരും പഞ്ചാബി ഭാഷയും നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.ഹിന്ദി തന്നെ തഥൈവ ആയ എനിക്ക് രണ്ടു ഭാഷയും ഒരേപോലെ.

ശൈത്യവും ഉഷ്ണവും അതിന്റെ തീവ്രതയിൽ അനുഭവപ്പെടുന്നു.

അധികവും സിഖു മതവിഭാഗക്കാരാണ്( സര്‍ദാജിമാര്‍). അവരുടെ മതാചാരപ്രകാരം മുടി മുറിക്കുന്നത് നിഷിദ്ധമാണ്. കൊച്ചു ആണ്‍ കുട്ടികൾ നീണ്ട അവരുടെ തലമുടി മെടഞ്ഞ് തലയുടെ നേരെ മുകളിലായി ഒരു 'ബൺ' പോലെ കെട്ടി അതിന് മുകളിൽ ഒരു തുണി കൊണ്ട് പൊതിഞ്ഞിരിക്കുന്നത് കാണാം. ആണുങ്ങള്‍ മുടി നീട്ടി വളര്‍ത്തി തലപ്പാവ് വെക്കുന്നു.ചില വയസ്സായവർ താടിയും മുടിയും ഒതുക്കി വെക്കാനായിരിക്കും ഒരു തുണി കൊണ്ട് തലയും താടിയുടെ അടിയിലായി കെട്ടിവെച്ചിരിക്കുന്നത് കാണാം.ഞാനാണെങ്കിൽ മരിച്ചു കിടക്കുന്നവരിലാണ് അങ്ങനത്തെ കെട്ട് കണ്ടിട്ടുള്ളത്. അതുകൊണ്ട് വല്ല പ്രേതം ആണോ അതോ അപകടം പറ്റിയതാണോ എന്നറിയാതെ കണ്ണും വായും പൊളിച്ച് അവരെ നോക്കി നിന്നിട്ടുണ്ട്.എന്നാൽ പെണ്ണുങ്ങൾ ഇതിനൊക്കെ വിപരീതമായി കൂടുതൽ പരിഷ്കൃതരും ആധുനിക ചിന്താഗതിക്കാരും നല്ല കാര്യപ്രാപ്തിയുള്ളവരായിട്ടാണ് തോന്നിയത്.

ധനാഢ്യത വിളിച്ചോതുന്ന തരത്തിലായിരുന്നു ഓരോ വീടുകളും അതിലെ ചുറ്റുപാടുകളും. പൊതുവേ മൂന്നോ - നാലോ നിലയുള്ള വീടുകളായിരിക്കും. താഴത്തെ നിലയിൽ അച്ഛനുഅമ്മയും അതിൻ്റെ മുകളിലത്തെ നിലയിൽ മൂത്തമകനും കുടുംബവും രണ്ടാമത്തെ നിലയിൽ മറ്റൊരു മകനും കുംടുബവും അങ്ങനെ കൂട്ടുകുടുംബം ആണോ എന്ന് ചോദിച്ചാൽ അല്ല, അല്ലെ എന്ന് ചോദിച്ചാൽ ആണ് എന്നമട്ടിലാണ് അവരുടെ താമസം. ഓരോ നിലയിലുള്ള കുടുംബത്തിലെ പരിചാരകരും തോട്ടക്കാരും ഡ്രൈവർമാരും വീടിനു മുൻപിലുള്ള നാലോ - അഞ്ചോ കാറുകളുമൊക്കെയായിട്ടാണ് അവരുടെ താമസം. ആ കാലങ്ങളിൽ നമ്മുടെ നാട്ടിലെ അടുക്കളയിൽ നിന്നും പറമ്പിൽ നിന്നും ചേട്ടത്തിമാരും അമ്മച്ചിമാരും മാമനും ചേട്ടന്മാരും എല്ലാം 'റ്റാറ്റാ' പറഞ്ഞിരുന്ന കാലമാണ്.

പഞ്ചാബിന്റെ തലസ്ഥാനമായ ഇവിടെ, കൃഷിയുടെ കാര്യത്തിലും മുന്നിൽ തന്നെ. ചെറുപ്പക്കാർ വലിയ ശബ്ദത്തിൽ പാട്ട് വെച്ച് ട്രാക്ടറൊക്കെ റോഡിൽ കൂടി ഓടിച്ച് പോകുന്നത് കാണുമ്പോൾ കൃഷിക്കാരനും ഗ്ലാമർ വന്നതുപോലെ .

അങ്ങനെ അവിടത്തെ ഓരോ കൊച്ചുകാര്യങ്ങളും വിസ്മയജനകമാക്കി.

ഏകദേശം 25 ഏക്കർ സ്ഥലത്ത് 'വളപ്പൊട്ടുകൾ, കുപ്പിച്ചില്ലുകൾ, പഴയ ബൾബുകൾ, ടൈലിന്റെ പൊട്ടിയ കക്ഷണങ്ങൾ ..... അങ്ങനെ നമ്മൾ കളയുന്ന സാധനങ്ങൾ വെച്ച് പാമ്പ്, മത്സ്യങ്ങൾ, സ്ത്രീ രൂപങ്ങൾ മനുഷ്യർ സ്ത്രീ രൂപങ്ങളുമൊക്കെയായി ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ് അവിടത്തെ 'റോക്ക് ഗാർഡൻ '.മരാമത്ത് വകുപ്പിലെ എഞ്ചിനീയറായ 'നേക് ചന്ദ് ' ആണ് ഇതിനുപിന്നിൽ പ്രവർത്തിച്ചിരുന്നത്. തൊണ്ണൂറുകളിലെ 'റോക്ക് ഗാർഡൻ' നേക്കാളും കൂടുതൽ വിപൂലികരിച്ചു എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞിട്ടുള്ളത്.താജ്മഹൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് ഇവിടെയാണെന്നാണറിയപ്പെടുന്നത്.

1958 ലെ മനുഷ്യനിർമ്മിതിയായ ജലസംഭരണിയാണ്, 'സുഖാന ലേക്ക്'. ഉല്ലാസയാത്രക്ക് പറ്റിയ ഒരു സ്ഥലമാണിത്. കുട്ടികൾക്കായുള്ള പലതരം സവാരികളും ബോട്ട് യാത്രകളും സ്നാക്ക് കടകളുമൊക്കെയായി തിരക്ക് പിടിച്ച ഒരു സ്ഥലമാണിത്.രാവിലേയും വൈകുന്നേരങ്ങളിലും ജോഗിങ് അല്ലെങ്കിൽ വ്യായാമത്തിനായി ഒറ്റക്കും കൂട്ടമായി നടക്കുന്നവരേയും കാണാം. അവിടത്തെ മനോഹരമായ ദ്ര്യശ്യങ്ങളെ പല ഫോട്ടോഗ്രാഫറന്മാരും അവരുടെ വലിയ ക്യാമറയിൽ ഒപ്പിയെടുക്കുന്ന കാഴ്ചകളും സുലഭമാണ്.

പലതരത്തിലും നിറത്തിലുമുള്ള റോസാപ്പൂക്കൾ, ഓരോ പൂവിന്റേയും അസാമാന്യമായ വലിപ്പം ആണ് അതിൻ്റെ പ്രത്യേകതയായിട്ട് തോന്നിയത്.30 ഏക്കർ പരന്ന് കിടക്കുന്ന 'സക്കീർഹുസ്സൈൻ റോസ് ഗാർഡൻ ' യിൽ വേറെയും പലതരത്തിലുള്ള പുഷ്പങ്ങളുടെയും ഔഷധഗുണങ്ങൾ ഉള്ള സസ്യങ്ങളുമൊക്കെയായി പരന്ന് കിടക്കുന്നു.ഫെബ്രുവരി മാസത്തെ യാത്രയായതു കൊണ്ടായിരിക്കാം പല വീടുകളിലെ പൂന്തോട്ടവും 'റൌണ്ട് എബൌട്ട്' ലെ ഉദ്യാനമൊക്കെയായി മുഴുവന്‍ സിറ്റി തന്നെ ഒരു 'ഗാര്‍ഡന്‍ സിറ്റി ' ആയിട്ടാണ് എനിക്ക് തോന്നിയത്.

വൈവിധ്യമാർന്ന കച്ചവടവസ്തുക്കളായിട്ടുള്ള പ്രാദേശിക വിപണികൾ ഒരു മാതിരി എല്ലാ 'സെക്ടർ' ഉണ്ടായിരുന്നെങ്കിലും ചണ്ഡീഗഡ്-ന്റെ അന്തസ്സുള്ള ഷോപ്പിംഗ് എന്ന് പറയുന്നത് sector -17. 'ബ്രാൻഡ് സാധനങ്ങളുടെ കടകളും പലതരം ഭക്ഷണശാലകളുമൊക്കെയായി 'വായ്നോക്കി' നടക്കാൻ പറ്റിയ സ്ഥലമായിട്ടാണ്, എനിക്ക് തോന്നിയത്. 'ഓപ്പൺ മാൾ' എന്ന ആശയത്തിലായിരുന്നു അവിടെ സജ്ജീകരിച്ചിരുന്നത്.


ഏതാനും അധികനാൾ അവിടെ താമസിക്കേണ്ടി വന്നു. ഇന്ത്യയുടെ ഭൂപടത്തിലെ അങ്ങേയറ്റം പാവയ്ക്കായുടെ ആകൃതിയിൽ കിടക്കുന്ന കേരളത്തിൽ നിന്നും വന്ന എനിക്ക് പുതിയ കാഴ്ചകളുടേയോ അല്ലെങ്കിൽ കാഴ്ചപ്പാടുകളുടെയോ നാളുകളായിരുന്നു അവിടത്തെ താമസം !

10/23/17

" വന്നൂട്ടോ "


"ഹലോ ചേച്ചി വന്നൂട്ടോ", എന്ന് അവൾ സന്തോഷത്തോടെ ഫോണിൽ കൂടി പറഞ്ഞപ്പോൾ ....
ആര്, എന്ന്, എപ്പോൾ, എവിടെ ...എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനു മുൻപേ തന്നെ വിഷയം മാറി പോയതിനാൽ,
എന്തായാലും ഈ ഫോൺ സംഭാഷണം ഏകദേശം ഒന്ന് - ഒന്നര മണിക്കൂറിന്‍റെ ആയതു കൊണ്ട് സാവധാനം കണ്ടു പിടിക്കാമെന്ന് വിചാരിച്ചു.
അവളുടെ 'ഫോൺ കാൾ' എൻ്റെ പൊതുവായ ജ്ഞാനം വിപുലീകരിക്കാൻ വളരെയധികം സഹായിക്കാറുണ്ട്.പ്രത്യേകിച്ച് പ്രാദേശിക തലത്തിൽ. ഏതൊക്കെ കടയിൽ ഡിസ്‌കൗണ്ട് നടക്കുന്നു അവയിൽ ക്വാളിറ്റിയുള്ളവ എവിടെയാണ്, പുതിയ ഭക്ഷണശാലകൾ വല്ലതും തുറന്നുവോ ...... പോരാത്തതിന് കമ്പ്യൂട്ടർ & മൊബൈലിലെ എന്റെ സംശയങ്ങൾ തീർത്തു തരുന്നതും അവളാണ്. എല്ലാം കൊണ്ടും അവളുടെ ഫോൺ കാളുകൾ എനിക്ക് വളരെ പ്രാധാന്യമുള്ളതാണ് .

അവളുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോഴും എന്റെ മനസ്സിൽ വന്നത് ആരായിരിക്കും എന്ന ചോദ്യമായിരുന്നു.അവളുടെ ഭർത്താവിന്റെ അച്ഛനു അമ്മയുമായിരിക്കുമോ? അവരാണെങ്കിൽ എനിക്ക് വ്യക്തിപരമായി അടുപ്പം ഉള്ളവരാണ്.ലോകത്തിലുള്ള എല്ലാതരം അസുഖങ്ങളേയും അവർ രണ്ടു പേരും പങ്ക് വെച്ചത് പോലെയാണ്. എന്തായിരിക്കും അവർക്ക് ഉണ്ടാക്കി കൊടുക്കേണ്ടത്, ഞാൻ അങ്ങനെ ഒരു ഫുൾ സ്റ്റോപ്പ് ഇല്ലാത്ത മട്ടിൽ ചിന്തിച്ചു കൂട്ടുകയാണ്.
ഞങ്ങളുടെ സംഭാഷണത്തിൽ നന്ദുവിന്റെ ജോലിക്കാര്യത്തെപ്പറ്റിയും ആതിരയുടെ പഠിപ്പും പരീക്ഷയുടെ മാർക്കുകളും സുമയുടെ കല്യാണ ആലോചനകളെക്കുറിച്ചും സംസാരിക്കാറുണ്ട്. ചിലപ്പോൾ സുമയുടെ കല്യാണത്തിനായി മുട്ടിപ്പായി ഞാനും പ്രാർത്ഥിക്കാറുണ്ട്. ഇവരൊക്കെ ആരാണെന്നോ അവളുമായിട്ടുള്ള ബന്ധം എന്താണന്നോ എനിക്കറിയില്ല.എന്നാലും അവളുമായി ചങ്ങാത്തം കൂടിയപ്പോൾ മുതൽ ഇവരുടെ യൊക്കെ വിശേഷങ്ങൾ ഞങ്ങൾ കൈമാറുന്നതാണ്.ഓരോത്തരുടെയും സ്വഭാവ വിശേഷതകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പത്ത് മാസം കഴിഞ്ഞിട്ടും പ്രസവിക്കാൻ കഴിയാത്ത അവളെ പറ്റി കൂട്ടുകാരി പകുതി തമാശയോടെയാണ് പറഞ്ഞത്.പല യാഥാര്‍ത്ഥ്യങ്ങളേയും മാറ്റി മറിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, വല്ല ഗിന്നസ് ബുക്ക് ലക്ഷ്യമാക്കിയായിരിക്കും എന്നാണ് വിചാരിച്ചത്. അതിനിടയ്ക്ക് കഥയിൽ ഉണ്ടായ വഴിത്തിരിവ് കാരണം പ്രത്യാശനിർഭരമായ ആ കാത്തിരിപ്പ് അനന്തമായി നീണ്ടു പോവുകയാണ്.കുഞ്ഞു പുറത്തു വന്നിട്ട് വേണം പിതൃത്വത്തെക്കുറിച്ചുള്ള സസ്പെൻസ് തുടങ്ങാൻ എന്നൊക്കെ കൂട്ടുകാരി കളിയാക്കി പറഞ്ഞപ്പോൾ, ഞാനും ആ തമാശ യിൽ പങ്കു ചേരുകയാണ് ചെയ്തത്. സീരിയൽ കാണുന്നതോടെ പ്രാരാബ്ധക്കാരും കഷ്ടപ്പെടുന്നവരും അവരുടെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും മറക്കുകയാണോ ചെയ്യുന്നത്, ഒരിക്കലും മനസ്സിലാകാത്ത കാര്യങ്ങളാണ്.

ഏതോ ചെറിയ കാര്യത്തിനായി പിണങ്ങി കൽക്കട്ടയിലേക്ക് പോയ അവളുടെ സഹായി, സീരിയലിനെ കുറിച്ചുള്ള അത്യുല്‍ക്കണ്‌ഠ കാരണം പിണക്കമെല്ലാം മറന്ന് വീണ്ടും കൂട്ടുകാരിയുടെ വീട്ടിൽഎത്തിയ കാര്യം അറിഞ്ഞപ്പോൾ, വിചിത്രമായ സംഭവങ്ങളെ അവർ കഥകളാക്കി ആഖ്യാനം ചെയ്യുകയാണല്ലോ, അത് ഇപ്പോൾ മലയാളി ആണെങ്കിലും ബംഗാളി ആണെങ്കിലും സീരിയൽ കഥകളെല്ലാം ഒരു പോലെ തന്നെ. എന്തായാലും പലപ്പോഴും പലതിന്റേയും മാധുര്യവും മഹത്വവും നമ്മൾ മനസ്സിലാക്കുന്നത് അത് കൈമോശം വന്നതിനു ശേഷം മാത്രമാണ്, സഹായിയുടെ അഭാവം ഉദോഗ്യസ്ഥയായ കൂട്ടുകാരിക്ക് വളരെ പ്രായാസമായിരുന്നു. സ്വന്തം വീട് എന്ന തരത്തിലായിരുന്നു സഹായി കണ്ടും നോക്കിയും ചെയ്തിരുന്നത് പ്രത്യേകിച്ച് അവളുടെ നഴ്‌സറിയിൽ പഠിക്കുന്ന കുഞ്ഞിന്റെ കാര്യത്തിൽ.

അവരുടെ തിരിച്ചു വരവ് കൂട്ടുകാരിക്ക് മാത്രമല്ല എനിക്കും ഒരു ആശ്വാസം തന്നെയാണ്.നഴ്‌സറിയിൽ പഠിക്കുന്ന മകനെ സ്‌കൂൾ കഴിഞ്ഞ് 'ഡേ -കെയർ ' ആക്കാറാണ് പതിവ്. അവിടെയുള്ളവർ കണ്ണുരുട്ടിയും പേടിപ്പിച്ചും എല്ലാ കുട്ടികളേയും നിർബന്ധിച്ച് ഉറക്കും. അതോടെ മകന്റെ രാത്രിയിലുള്ള ഉറക്കം പാതിരാത്രി കഴിഞ്ഞാലും തഥൈവ അപ്പോഴെല്ലാം വീട്ടിലുള്ളവർ എല്ലാം ഉണർന്നിരിക്കണം.സാധാരണ ആ സമയത്താണ് കൂട്ടുകാരി എന്നെ ഫോൺ വിളിക്കാറുള്ളത്. അതോടെ എൻ്റെ ഉറക്കവും തഥൈവ.അവളുടെ നിസ്സാഹായത മനസ്സിലാക്കി ക്ഷമ കൈവരുത്തുകയാണ് പതിവ്.

അവളുടെ സന്തോഷവാർത്തയിൽ പങ്കു ചേർന്നെങ്കിലും സീരിയൽ കാണാൻ വേണ്ടി തിരിച്ചു വന്ന അവളുടെ വാർത്ത ശരിക്കും ആശ്ചര്യകരമായിരുന്നു. ഇതാ പറയുന്നത്, ആരേയും കുറ്റം പറയരുത് അതിപ്പോൾ സീരിയലാണെങ്കിൽ പോലും.😉

10/2/17

ബ്ലാക്ക് ജാക്ക്

“അങ്കിൾ, നമ്മൾ ഏതൊരു കാര്യം ചെയ്യുന്നതിനു മുൻപ് അതിൻ്റെ probability( സാധ്യത) നോക്കണം എന്തിനും അതിന്റേതായ strategy( ഉപായം ) കാണുമല്ലോ?” സായ്‌പിന്റെ നാട്ടിൽ വളർന്ന അവൻ്റെ ഓരോ കാര്യത്തോടുള്ള സമീപനത്തിൽ, മതിപ്പ് തോന്നിയ അദ്ദേഹവും ഒരു 'നേരം പോക്കിന്' ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ അല്ലെങ്കിൽ കാര്യങ്ങൾ ഒന്നും മനസ്സിലാവാതെ കൂട്ടത്തിലെ ആന്റിയായ ഈ ഞാനും.

ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്നാണല്ലോ, ലോകത്തിന്‍റെ തന്നെ പേര് കേട്ട 'ലാസ് വെഗാസ് ' യിലെ കാസിനോ യിൽ ചെന്നാൽ പിന്നെ എല്ലാം ആ രീതിയിൽ എന്ന മട്ടിലാണ്,അങ്കിൾ. ദൈവത്തിന്റെ കൃപ കൊണ്ട് ചൂതുകളിയിൽ പോയിട്ട് ഭാഗ്യത്തിന്റെ പേരിൽ പോലും ഒരു പെൻസിൽ കിട്ടാത്ത എനിക്ക് ഇതിനോടെല്ലാം എതിർപ്പാണ്.

ഇരുപത് വയസ്സുള്ള അവന്‍ ഞങ്ങളോടപ്പം കാസിനോനകത്ത് വരാൻ പറ്റുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഞങ്ങളോട് ആരും id ഒന്നും ചോദിച്ചില്ല. ഏതെങ്കിലും കളികൾ കളിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഇരുപത്തിയൊന്ന് വയസ്സാകണം അല്ലാത്തവർക്ക് കളികൾ അധികസമയം നോക്കിനിൽക്കാനും പാടില്ല എന്നാണ് നിയമം.കാസിനോകളിൽ പ്രസിദ്ധമായ ' ബ്ലാക്ക് ജാക്ക് / 21 'കളിക്കാന്‍ തീരുമാനിച്ചു. ആ കളിയെപ്പറ്റി യാതൊന്നും അറിയാത്ത ഞങ്ങൾക്ക് പിന്നീട് അര - മുക്കാൽ മണിക്കൂർ നേരം അവൻ്റെ വക 'ക്രാഷ് കോഴ്സ് ' പോലത്തെ ക്ലാസ്സ് ആയിരുന്നു.ചീട്ടിലെ 10, J, Q, K കൾക്ക് 10 പോയിന്റ് വെച്ചും Aക്ക് 1 അല്ലെങ്കിൽ 10 പോയിന്റുമാണ്. 2 മുതൽ 9 വരെ ആ സംഖ്യ യുടെ വില തന്നെയാണ്. തന്നിരിക്കുന്ന ചീട്ടുകളിലെ സംഖ്യകൾ കൂട്ടുമ്പോള്‍ 21 ആകണം. ഇനിയും ചീട്ട് വേണമെന്നുണ്ടെങ്കിൽ മേശമേൽ കൊട്ടണം- hit, stand, split ...അങ്ങനത്തെ ചില നിയമങ്ങള്‍ വേറെയും.എല്ലാം കേട്ടും സംശയങ്ങള്‍ ചോദിച്ചും മനസ്സിലാക്കി വന്നപ്പോള്‍ തലക്കകത്ത് ഒരു മരവിപ്പായിരുന്നു.

ഇതില്‍ എന്‍റെ ഒരു 'strategy' എന്ന് പറയുന്നത്, പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപിക ചോദ്യം ചോദിക്കുമ്പോള്‍, സാധാരണ അടുത്തിരിക്കുന്ന കുട്ടികളൊക്കെ ഉത്തരം പറഞ്ഞു സഹായിക്കുമായിരുന്നു. പലപ്പോഴും ചുണ്ട് അനക്കാതെ ആയിരിക്കും ഉത്തരം പറയുക. ഞാനാണെങ്കില്‍ അങ്ങനത്തെ വല്ല രീതികളും അവനെ പഠിപ്പിക്കാനായിട്ട് ശ്രമിക്കുകയായിരുന്നു. പാശ്ചാത്യസംസ്കാരത്തില്‍ വളര്‍ന്നതുകൊണ്ടായിരിക്കാം നിയമങ്ങളോടെല്ലാം ആദരവ് പുലര്‍ത്തുന്നുണ്ട്. നമ്മുക്കാണെങ്കിൽ ഇല്ലാത്തതും അതു തന്നെയാണ്. അന്നൊക്കെ ക്ലാസ്സിൽ ബോറടിക്കുമ്പോൾ ചുണ്ടനക്കാതെ ഞങ്ങൾ സിനിമാക്കഥകളൊക്കെ പറയുമായിരുന്നു. എന്തായാലും അവനെ ആ ശൈലി പഠിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ്, ഇന്നും ആ കാര്യത്തിൽ ഞാൻ ഒരു മിടുക്കിയാണെന്ന് മനസ്സിലായത്.

അവൻ പറഞ്ഞു തന്ന കാര്യങ്ങൾ എന്തൊക്കെയോ ഉരുവിട്ടും ഓർത്തെടുത്തതും കളിക്കാനായിട്ടുള്ള മേശയുടെ അടുത്തെത്തി. 10 ഡോളർ വെച്ച് രണ്ടുപേരും കൊടുത്തു. നമ്മൾ അവിടത്തെ ഇടപാടുകാരനുമായിട്ടാണ്
കളിക്കുന്നത്.ചീട്ട് തന്നു നോക്കി , പോയി ...ഹു ..ഹാ ..ഹി ... അടുത്ത ഘട്ടത്തിനായി ഇനിയും കാശ് ഇറക്കണം. അതേ, എല്ലാം വളരെ പെട്ടെന്നായിരുന്നു. 10 ഡോളർ പോയത് മാത്രം മനസ്സിലായി മറ്റൊന്നും മനസ്സിലായില്ല എന്ന് പറയാം. കളി മതിയാക്കി ഞങ്ങൾ അയാളോട് 'റ്റാ റ്റാ ' പറഞ്ഞു.അവൻ, അയാളെടുത്ത 'strategy' കുറിച്ച് വാചാലനാവുന്നുണ്ട്. എനിക്കാണെങ്കിൽ രക്ഷപ്പെട്ടു എന്ന നിലപാടിലായിരുന്നു.

കാസിനോ, ബ്ളാക്ക് ജാക്ക് ' നു പുറമെ പലതരം കളിക്കാനുളള മെഷീനുകളും ദീപാലങ്കാരങ്ങളും പാട്ടുമൊക്കെയായി വലിയ ഒരു ഉത്സവപ്പറമ്പിനെ ഓർമ്മപ്പെടുത്തുന്നത് പോലെ തോന്നി പക്ഷെ ഒരു കെട്ടിടത്തിനകത്താണെന്നു മാത്രം. ചില കളികളുടെ സമ്മാനം എന്ന് പറയുന്നത് ആ കളി പിന്നെയും കളിക്കാം എന്നുള്ളതാണ്.പ്രവൃത്തി ദിനം ആയതു കൊണ്ടായിരിക്കാം, ഞങ്ങളെ പ്പോലെ ഏതാനും വിനോദസഞ്ചാരികളും അവിടെ തന്നെയുള്ള പരിഷ്‌കൃതമായ വേഷം ധരിച്ച ഏതാനും വയസ്സായവരേയുമാണ് കണ്ടത്. വളരെ ഗൗരവത്തോടെ ഇരുന്ന് കളിക്കുന്ന ചില വയസ്സികളേയും കണ്ടപ്പോൾ, അറിയാതെ തന്നെ നെറ്റി ചുളിഞ്ഞു പോയി. 'ഇവർക്കൊന്നും വീട്ടിൽ പണിയില്ലേ ഇവിടെയിരുന്ന് കളിക്കുകയാണോ? ' എന്നാണ് സ്വയമറിയാതെ ചോദിച്ചു പോയത്. കൂടെ വന്ന അവനാണ് മറുപടി പറഞ്ഞത്, ചിലപ്പോൾ അവർ തന്നെയായിരിക്കും താമസിക്കുന്നത് അല്ലെങ്കിൽ മക്കളും പേരക്കുട്ടികളുമൊക്കെ തിരക്കിലായിരിക്കും.അവരുടെ ഏകാന്തതയിൽ നിന്നും ഒരു രക്ഷ എന്ന നിലയിൽ വന്നിരിക്കുന്നവരാണ്. പറഞ്ഞത് അബന്ധമായോ തോന്നി പോയി. സഹതാപത്തോടെ അവരെ നോക്കി ചിരിച്ചെങ്കിലും അവരെല്ലാം ആ കളികളിലെ തിരക്കിലാണ്. ആത്മാഭിമാനത്തിന്റെ കാര്യത്തിൽ അവർ എന്നും ഒരു പടി മുന്നിലാണല്ലോ?
ശരിയാണ് വാര്‍ദ്ധ്യകത്തിലെ ഏകാന്തത ഭീകരമായ അവസ്ഥയാണ്. ഇന്ന് പല പ്രായം ചെന്നവർക്കുമുള്ള ആവലാതിയും അതു തന്നെയാണ്. ഒരു നിമിഷം ഞാൻ എൻ്റെ വാർദ്ധ്യകത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു.അവരിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നുള്ള പ്രതീക്ഷ ഇല്ല. അതെ ഞാനും അതിന്റെ probability & strategy യെ പറ്റി ആലോചിക്കുകയായിരുന്നു. എന്തിനും ഏതിനും സായിപ്പിന്റെ ശീലങ്ങൾ പിന്തുടരുന്ന നമ്മൾക്ക് 'ബ്ലാക്ക് ജാക്ക് & കാസിനോ ‘ കളായിരിക്കുമോ രക്ഷ ?

9/8/17

ഷോപ്പിംഗും ഇനി സ്റ്റൈലിൽ !

ഓണം വരും വിഷു വരും ദീപാവലി വരും ........ആഘോഷങ്ങൾ വന്നു കൊണ്ടേയിരിക്കും അപ്പോഴെല്ലാം ഡിസ്‌കൗണ്ട് യും സേൽ (sale) വരും. ഓണത്തിന് മേടിച്ച സാധനങ്ങൾ വിഷുവിന് ഉപയോഗിക്കേണ്ടതില്ല എന്ന രീതിയിലാണ് കടക്കാർ. ഉപഭോക്താവായ, നമ്മൾ നീതി കാണിക്കണമെന്ന് മാത്രം. 5% മുതൽ 50%-70% വരെയൊക്കെ ഡിസ്‌കൗണ്ട് കൊടുക്കാറുണ്ട്. 100% കൊടുക്കാറില്ല എന്നതും എന്തെങ്കിലും ഇഷ്ടപ്പെട്ടു വരുമ്പോൾ അതിന് ഡിസ്‌കൗണ്ട് കാണാറില്ല എന്നതുമാണ്, എൻ്റെ സങ്കടം. എന്നാലും ഇത്തരം വാഗ്ദാനങ്ങൾ ഒന്നും ഞാൻ ഉപേക്ഷിക്കാറുമില്ല.

ഒരു കൊച്ചുകുഞ്ഞിനെ കൈകാര്യം ചെയ്യുന്നതിനേക്കാൾ ശ്രദ്ധയോടെ വേണം പരിചരിക്കാൻ. കുഞ്ഞിനെ എടുക്കുന്നതുപോലെ ഒക്കത്ത് വെച്ചു കൊണ്ടാണ് നിൽപ്പ് മറ്റേ കൈക്കൊണ്ട് വീഴാതിരിക്കാനായിട്ട് ബസ്സിന്റെ കമ്പിയിലും പിടിച്ചിട്ടുണ്ട്.കൈയ്യിൽ നിന്ന് പത്ത് രൂപയും കൊടുത്ത് കിട്ടിയ മാരണത്തെ ഓർത്ത് ചിരിക്കണമോ കരയണോ എന്നറിഞ്ഞു കൂടാ.കോടതി നിയമപ്രകാരം പ്ലാസ്റ്റിക്ക് ബാഗ് നിറുത്തലാക്കിയ കടക്കാർ പകരം കടലാസ്സു കൊണ്ടുണ്ടാക്കിയ സഞ്ചിയിൽ കടയുടെ പരസ്യത്തിന്റെ രൂപഭംഗിക്ക് ഒരു കുറവുമില്ല.കാശ് കൊടുത്ത് മേടിക്കുന്ന ഈ ബാഗിന്റെ ഉറപ്പും ബലവും തഥൈവ തന്നെ.

എന്നോട് സഹതാപം തോന്നിയിട്ട് ആയിരിക്കണം,ഒരു സ്ത്രീ എനിക്ക് ഇരിക്കാൻ സ്ഥലം ഉണ്ടാക്കി തന്നു.അടുത്ത് ഇരുന്ന ഉടൻ അവർ ആദ്യം ചോദിച്ചത് ആ കടയിലെ സാധനങ്ങളേയും ഡിസ്കൗണ്ടിനെക്കുറിച്ചുമാണ്. അവരുടെ കൈയ്യിലും വില കൂടിയ ഏതോ ബ്രാൻഡ് കടയുടെ ബാഗാണ്.ചില സമയങ്ങളിൽ ഇത്തരം ബാഗുകൾ നമ്മുടെ 'സ്റ്റാറ്റസ് സിമ്പൽ' ആകാറുണ്ട്.
ഞാൻ അവരുടെ ബാഗിന്റെ അകത്തേക്ക് നോക്കിയപ്പോൾ, അതിനകത്ത് ക്യാരറ്റും തക്കാളിയുമൊക്കെയാണ് കണ്ടത്. വായിക്കാനായിട്ട് കണ്ണട ഉപയോഗിക്കുന്നുണ്ടെങ്കിലും കണ്ണിന് വേറെ കുഴപ്പങ്ങൾ ഒന്നുമില്ല എന്നാണ് എൻ്റെ വിശ്വാസം.അതോ ആ ബ്രാൻഡ് കടക്കാർ പച്ചക്കറി വിൽപ്പനയും തുടങ്ങിയോ? എന്റെ മുഖത്തെ ചിന്താക്കുഴപ്പം കണ്ടിട്ടായിരിക്കും, അവർ വളരെ ലാഘവത്തോടെ പറഞ്ഞു,"ഞാൻ എവിടെ പോകുമ്പോഴും ഈ ബാഗ് എടുത്ത് പിടിക്കും എല്ലാവരും ബാഗ് മാത്രമല്ലേ ശ്രദ്ധിക്കൂ, അതിനകത്ത് എന്താണെന്ന് നോക്കുകയില്ലലോ? പൈസ കൊടുത്ത് മേടിക്കുന്നത് അല്ലെ അത് അങ്ങനെ കളയാൻ പറ്റുമോ? നമ്മളോടാണോ കളി എന്ന മട്ടിലായിരുന്നു, അവര്‍.
ആശയം അഭികാമ്യമായി എനിക്കും തോന്നി. പലപ്പോഴും കൈയ്യിൽ ഒരു ബാഗ് ഇല്ലാത്തതു കൊണ്ട് സാധനങ്ങൾ മേടിക്കാൻ ഞാൻ മടിക്കാറുണ്ട്.ചില ചെറുകിട കച്ചവടക്കാർ സാമാനങ്ങൾ മേടിക്കുമ്പോൾ അവരുടെ ബാഗിൽ ഇട്ടു തരും അതിനായി അധിക പൈസ മേടിക്കുന്നത് നമ്മളോട് പറയാറുമില്ല . 'പൂച്ച എങ്ങനെ വീണാലും നാലു കാലിൽ' എന്ന് പറയുന്നതു പോലെ ഏത് നിയമങ്ങളും അവർക്കു അനുകൂലമാക്കും.ഇന്നത്തെ കാലത്ത് സാധനത്തിന്റെ ഗുണമേന്മയേക്കാളും പ്രാധാന്യം ബ്രാൻഡ് -ന് കൊടുക്കുമ്പോൾ, അങ്ങനത്തെ ഒരു ബ്രാന്‍ഡ്‌ കടയുടെ ബാഗ് ഉണ്ടെങ്കിൽ ഷോപ്പിംഗും ഇനി സ്റ്റൈലിൽ ആക്കാം പക്ഷേ ബാഗിനെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നുമാത്രം കൂട്ടത്തില്‍ പ്ലാസ്റ്റിക്‌ വിമുക്ത ഇന്ത്യ ക്ക് നമ്മുക്ക് ഭാഗം ആകാം അല്ലെ !

8/15/17

Ooooppppps

'അങ്കമാലിയിലെ അമ്മാവന്‍ പ്രധാനമന്ത്രിയാണ്' കിലുക്കം സിനിമയിൽ രേവതിക്ക് അങ്ങനെ പറയാമെങ്കിൽ, തിരുവനന്തപുരം വിമാനത്താവളം എന്‍റെ സ്വന്തം അല്ലെങ്കിൽ സ്വന്തം പോലെ എന്ന് പറയാൻ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. അച്ഛന്‍റെ ജോലിയുടെ ഭാഗമായിട്ട് പലപ്പോഴും ഡൽഹി യാത്രയുണ്ടായിരുന്നു. അപ്പോഴൊക്കെ അച്ഛനെ യാത്രയ്ക്കാനും സ്വീകരിക്കാനുമൊക്കെയായിട്ട് ഞാനും വിമാനത്താവളത്തിൽ പോകുമായിരുന്നു. അന്നൊക്കെ ഇന്നത്തെപ്പോലത്തെ ഉറപ്പ്സുരക്ഷപ്രദാനം ചെയ്യുന്ന നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ വിമാനത്താവളത്തിനകത്ത് ഒരു പരിധി വരെ നമ്മുക്കും അകത്ത് പ്രവേശിക്കാം.അങ്ങനെയുള്ള രണ്ടു - മൂന്ന് സന്ദർശനത്തോടെ വിമാനം റൺവേയിൽ കൂടി എവിടെ വരെ പോകും തിരിയുന്നതെപ്പോൾ, മുകളിലോട്ട് പൊങ്ങുന്നത് എപ്പോൾ, അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .......എല്ലാം എനിക്ക് കാണാപ്പാഠം.ആവശ്യത്തിന് അവിടെയുള്ളവർക്ക് തത്സമയവിവരണങ്ങൾ കൊടുക്കാനും ഞാൻ മറന്നില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കലും അതിനകത്ത് കേറാനോ യാത്ര ചെയ്യാനോ ആഗ്രഹമില്ലായിരുന്നു.അന്നത്തെ കുട്ടിക്കുപ്പായക്കാരിയായ ഞാൻ, സിനിമ കണ്ട് ചിരിച്ച് മതി മറന്ന നിമിഷങ്ങളിലൊന്നായിരുന്നു, വിമാനസീറ്റിലെ ബെൽറ്റ് ഇട്ടതിനുശേഷം അത് ഊരാനാറിയാതെ കിടന്ന് കഷ്ടപ്പെടുന്നതും അതുപോലെ ഭക്ഷണം കൊണ്ടുവരുമ്പോൾ അതിന് പൈസ കൊടുക്കണമെന്ന് വിചാരിച്ച് കഴിക്കാതെ കൂടെയുള്ളവർ കഴിക്കുന്നത് നോക്കി കൊതിയോടെ ഇരിക്കുന്നതുമെല്ലാം. നമ്മുടെ ഹാസ്യസാമ്രാട്ടുകാരായ കുഞ്ചൻ / കുതിരവട്ടം പപ്പു ആ ഭാഗങ്ങളെല്ലാം തകർത്തു അഭിനയിച്ച സീനുകളായിരുന്നു.

വർഷങ്ങൾക്കു ശേഷം എന്റെ ആദ്യത്തെ വിമാനയാത്ര കേട്ട് നാട്ടുകാരും കൂട്ടുകാരും അസൂയയോടെ നോക്കിയപ്പോഴും സീറ്റിൽ നിന്നിറങ്ങാൻ പറ്റാതെ കഷ്ടപ്പെടുന്ന ആ സീനുകൾ എന്നിൽ ഉള്ളിൽ എവിടെയോ ഇരുന്ന് എന്നെ നോക്കി പല്ലിളിച്ചു.അല്ലെങ്കിലും അനാവശ്യ ചിന്തകൾ റബ്ബർപ്പന്തു പോലെയല്ലേ. എത്ര കണ്ട് താഴ്ത്തിയിടുവാൻ ശ്രമിക്കുന്നുവോ അത്രക്കണ്ട് വാശിയോടെ തിരിച്ചു വരുന്നു.അപ്പോഴേക്കും ഗൾഫ് രാജ്യങ്ങളിൽ ജോലിക്കായി പോയിവരുന്ന ആളുകളുടെ എണ്ണം കൂടി വരുന്ന സമയമാണ്.അവരോടൊക്കെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സ്വീകാര്യമായി തോന്നിയത്, ബെൽറ്റ് ഇടാനൊന്നും പോകണ്ട പകരം ഇടുന്നതു പോലെ കാണിച്ച് ദുപ്പട്ട കൊണ്ട് മറച്ചു വെച്ചാൽ മതിയെന്നാണ്. ആ ഐഡിയക്ക് അനുസരിച്ചുള്ള വേഷവിധാനങ്ങളോടെയായിരുന്നു അന്നത്തെ യാത്ര.

ഭയഭക്തി ബഹുമാനത്തോടെ വലുത് കാൽ വെച്ച് കേറിയതു കൊണ്ടാണോ എന്നറിയില്ല 'East West airlines, ആദ്യത്തെ pvt airlines ആണ്, താമസിയാതെ അടച്ചുപൂട്ടി.ആ വിമാനത്തിൽ തന്നെ പോകുന്ന ഒരു കുടുംബവുമായി അച്ഛൻ എന്നെ പരിചയപ്പെടുത്തി തന്നു.അവരുടെ കൂടെ എല്ലാ ‘ഫോർമാലിറ്റി’ കളും കഴിഞ്ഞ്, പ്ലെയിനിൽ കേറി. അടുത്തടുത്തുള്ള സീറ്റുകൾ അവർ ചോദിച്ചു മേടിച്ചിട്ടുണ്ടായിരുന്നു.പക്ഷെ എല്ലാം വളരെ പെട്ടന്നായിരുന്നു എന്ന് പറയുന്നത് പോലെ, ഞാൻ സീറ്റിൽ ഇരുന്നതും എന്റെ എല്ലാ പദ്ധതികളേയും കാറ്റിൽ പറപ്പിച്ചു കൊണ്ട് സീറ്റ് ബെൽറ്റ് ഇട്ടു തന്നു.'ഒന്നും പേടിക്കേണ്ട എന്ന ഉപദേശവും തന്ന് അവർ ഉറങ്ങാൻ തുടങ്ങി.കരയണോ ചിരിക്കണോ എന്നറിയാതെ ഞാനും.ബോംബൈയിലേക്കാണ് യാത്ര.ആ കാലഘട്ടങ്ങളിലെ സിനിമകളിൽ നിന്നുള്ള വിവരം വെച്ച് ബോംബൈ മുഴുവൻ 'ബ്രീഫ് കേസും' പിടിച്ച് കൊള്ളയും കൊലയും ചെയ്യാൻ മടിയില്ലാതെ അധോലോകനായകന്മാർ 'തേരാ പേരാ ' നടക്കുന്നതാണ്.എന്നെ വിളിക്കാനുള്ളവർ അവിടെ കാണുമോ ഇല്ലെങ്കിൽ എന്തു ചെയ്യും എന്നതിനേക്കാളും, വിമാനസീറ്റ് ബെൽറ്റിൽ കുരുങ്ങിക്കിടക്കുന്ന ഞാനും എന്നേ നോക്കി പല്ലിളിക്കുന്ന യാത്രക്കാരേയും ആണ്, ഞാൻ മനസ്സിൽ കണ്ടത്.മനസ്സിന്റെ മിഥ്യാധാരണങ്ങളും ചാപല്യങ്ങളും കൊണ്ട് ആ യാത്ര ദുരിതപൂർണ്ണമാക്കിയെടുത്തു. എന്തായാലും എയർഹോസ്റ്റസ് കാണിച്ചു തന്ന നിർദ്ദേശവും ആ ചേച്ചിയുടെ സഹായത്തോടെ ഒരു പക്ഷെ ആദ്യം സീറ്റിൽ നിന്ന് ചാടി എണീറ്റത് ഞാനായിരിക്കാം.

പിന്നീട് പലപ്രാവശ്യം അന്തര്‍ദേശീയവും ദേശീയവുമായ വിമാനയാത്രകൾ കൂട്ടത്തിലും അല്ലാതെയുമായി ചെയ്യേണ്ടി വന്നിട്ടുണ്ട്.അപ്പോഴെല്ലാം ആ സീറ്റ് ബെൽറ്റ് എന്നെ നോക്കി കളിയാക്കി ചിരിക്കാറില്ലേ എന്ന് സംശയം. അത് പോലെയൊരു തനിയേയുള്ള യാത്രയില്‍ ഭക്ഷണം കൊണ്ട് വന്നവരോട്, 'വേണ്ട ' എന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ്, Ooopps അത് 'ഫ്രീ ' ആയിരുന്നോ, ശ്രദ്ധിച്ചത്. പല വിമാനക്കമ്പനികൾ സ്വകാര്യവല്‍ക്കരിച്ചതോടെ ഭക്ഷണം വേണമെങ്കിൽ മേടിക്കണം എന്നായിരിക്കുന്നു. ചില കമ്പനികളിൽ ആ മാറ്റം ഇല്ലതാനും.പ്രത്യേകിച്ച് സ്വദേശീയ യാത്രകളിൽ. ലോകം മുഴുവൻ അവനവിനലേക്ക് ഒതുങ്ങാനും ചുറ്റുമുള്ളവരോട് ഒട്ടും സഹൃദയമല്ലാത്തതുമായ സഹയാത്രക്കാരുടെ ഇടയിൽ പറ്റിപ്പോയ അബദ്ധം മറ്റുള്ളവരെ അറിയിക്കാതിരിക്കാനുള്ള ഏകമാർഗം ഗൗരവത്തിന്റെ മുഖംമൂടി അണിഞ്ഞ് കണ്ണടച്ച് ഉള്ള ഗമ വിടാതെ ഞാനിരുന്നു.കുട്ടിയുടുപ്പുക്കാരിയായ ഞാൻ കണ്ട സിനിമകളിലെ ഹാസ്യരംഗങ്ങളായിരുന്നു, മനസ്സിലേക്ക് ഓടി വന്നത് . കൂട്ടത്തിൽ നമ്മുടെ ഹാസ്യസാമ്രാട്ടുകാരും എന്നെ നോക്കി കളിയാക്കി ചിരിക്കുകയാണോ എന്ന് സംശയം.സിനിമകൾ അന്നൊക്കെ അത്രമാത്രം നമ്മളെ സ്വാധീനിച്ചിരുന്നു.ആ കഥകളിലൊക്കെ നമ്മുടെ ജീവിതവും ആത്മാവുമുണ്ടായിരുന്നു.

മരണം വരെ നമ്മൾ പഠിച്ചു കൊണ്ടിരിക്കും എന്ന് പറയുന്നതു പോലെയാണോ ........Ooopps !


7/18/17

A+


ഭക്ഷണം കഴിച്ച പ്ലേറ്റുകളും മറ്റു പാത്രങ്ങളും അടുക്കളയിൽ കൊണ്ടുവെച്ച് അവിടെത്തെ ബാക്കി ജോലികളും കഴിഞ്ഞു തിരിച്ച് വന്നപ്പോൾ, പോയപ്പോളുണ്ടായിരുന്ന സ്ഥിതിവിശേഷം ആയിരുന്നില്ല അവിടെ.ഭർത്താവ്, ലാംപ് റ്റോപ്പ് തുറന്ന് വെച്ച് ഏതോ ഗൗരവമായ പണിയിലാണ്. മകനാണെങ്കിൽ T.V കാണുന്നുണ്ടെങ്കിലും ചില വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഭർത്താവിന് കൊടുക്കുന്നുണ്ട്. അവൻ്റെ ഓരോ വാക്കുകള്‍ക്കും പ്രാധാന്യവും കൊടുക്കുന്നുമുണ്ട്. കഴിഞ്ഞ പത്ത് - പതിനഞ്ചു മിനിറ്റിനകം നടന്ന സംഭവവികാസങ്ങങ്ങൾ അറിയാതെ ഞാൻ അന്തം വിട്ടു നിന്നു.കാര്യങ്ങൾ അന്വേഷിക്കാൻ പോയില്ലെങ്കിലും അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു.

സ്‌കൂൾ പ്രോജക്ടു മായി വീട്ടിലെത്തിയ അവൻ, ഓഫീസിലെ ഏതോ ' മീറ്റിംഗ് 'ൽ അകപ്പെട്ടുപോയ അച്ഛനെ നിരന്തരം ഫോൺ വിളിച്ചു ശല്യം ചെയ്യുകയാണ്. ശല്യം സഹിക്കാതായ അച്ഛൻ കൂട്ടുകാരനായ എൻ്റെ ഭർത്താവിന് ആ പ്രൊജക്റ്റ് ഇമെയിൽ ചെയ്തു. അവൻ, എൻ്റെ മകന്റെ സ്‌കൂളിൽ ഒരു വർഷം താഴ്ന്ന ക്ലാസ്സിലാണ് പഠിക്കുന്നത്.കഴിഞ്ഞ വർഷം മകൻ ചെയ്തതാണ്.അതുകൊണ്ടാണ് പലപ്പോഴും മകനുമായിട്ടുള്ള ചര്‍ച്ചകൾ നടക്കുന്നത്.കാര്യങ്ങളൊക്കെ മനസ്സിലാക്കിയപ്പോൾ, ഏതൊരു ഭാര്യമാർ പറയുന്ന ഡയലോഗുകളാണ് മനസ്സിലേക്ക് ഓടി വന്നത്. എന്നാലും 'മൗനം വിദ്വാനു ഭൂഷണം'!

ഓഫീസിലുള്ളവരുടെ കുടുംബമൊത്തുള്ള ഒത്തു ചേരലിൽ 'അവനെ ' കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ പ്രോജെക്ടിന് 'A+' കിട്ടിയെന്നുമാത്രമല്ല ആ സ്കൂളിന്റെ ശാഖയായ മറ്റൊരു സ്കൂളിലും പ്രദർശനത്തിന് വെച്ചു.ആ ഭാഗ്യം എല്ലാ 'A+' കാർക്കും കിട്ടില്ല.എന്തായാലും ഭർത്താവിന്റെ പരിശ്രമത്തിന് ഗുണമുണ്ടായി.

"അവൻ അങ്ങനെയാണ്, എല്ലാവരും അവനുവേണ്ടി പ്രവർത്തിക്കണമെന്ന് നിർബന്ധമാണ്". അവന്‍റെ അമ്മ, ആ വിജയരഹസ്യത്തെപ്പറ്റി പറയുകയായിരുന്നു. ഓരോ പ്രോജെക്ട് കിട്ടുമ്പോഴും വീട്ടിലെ എല്ലാവരും അവരവരുടെ ഗവേഷണത്തിന്റെ ഫലം അമ്മക്ക് ഇമെയിൽ ചെയ്തു കൊടുക്കും. അമ്മ അതിനെയെല്ലാം ചിട്ടപ്പെടുത്തിയതിനു ശേഷം പ്രിന്റ് എടുക്കും.സ്വന്തം കൈയ്യക്ഷരത്തിലാണ് എഴുതി കൊടുക്കേണ്ടത്. അതൊരു ഭാഗ്യമായിട്ടാണ് എനിക്ക് തോന്നിയത് അല്ലെങ്കിൽ 'ഏത് പ്രോജെക്ട് / എന്ത് പ്രോജെക്ട് എന്ന നിലപാടിലായിരിക്കും അവൻ !

ആ അമ്മയുടെ അവനിലുള്ള ഉത്കണഠ കണ്ടപ്പോൾ, ഞാൻ എൻ്റെ അമ്മയെക്കുറിച്ചാണ് ഓർത്തത്. പരീക്ഷയുടെ ഏതാനും നാളുകൾക്ക് മുൻപ് അമ്മ ചില സ്വപ്നങ്ങൾ കാണും. പഠിക്കാതെ നടക്കുന്ന ഞാൻ നല്ല മാർക്ക് ഇല്ലാത്തതു കൊണ്ട് ആ ക്ലാസ്സിൽ തോൽക്കുന്നതും ആ പ്രദേശത്തെ എന്നേക്കാളും പ്രായം കുറഞ്ഞ കുട്ടികൾ എൻ്റെ കൂടെ ഒരേ ക്ലാസ്സിൽ പഠിക്കുന്നതും എന്നെ കളിയാക്കുന്നതൊക്കെ ആയിരിക്കും, അതിലെ ഉള്ളടക്കം. അതൊക്കെ കേൾക്കുന്നതോടെ അത്രയും നാളും പാഠപുസ്തകത്തിനകത്ത് ബാലരമയും പൂമ്പാറ്റ യും വായിച്ചിരുന്ന ഞാൻ, കഥാപുസ്തകത്തിനകത്ത് പാഠപുസ്തകങ്ങൾ വെച്ച് വായിക്കാൻ തുടങ്ങും. എൻ്റെ പഠിക്കുന്ന രീതി അനുസരിച്ച് സ്വപ്നങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുന്നതാണ്. അങ്ങനത്തെ ചില സ്വപ്നങ്ങൾ ഞാനുമായി പങ്കിടുന്നതോടെ അമ്മയുടെ ചുമതല കഴിഞ്ഞുവെന്ന് തന്നെ പറയാം.

ചരിത്രം ആവർത്തിക്കുന്നു ...ഇങ്ങനത്തെ സ്വപ്നക്കഥകൾ മകന്റെ അടുത്ത് പറഞ്ഞപ്പോൾ, കിട്ടിയ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.ഒരു തോൽ‌വിയിൽ കൂടി അവന് കിട്ടുന്നത് 50-52 പുതിയ കൂട്ടുകാർ ഗൃഹപാഠങ്ങളോ പഠിക്കാനോ ഒന്നുമില്ല എല്ലാതും ഈ വർഷം പഠിക്കുന്നതാണല്ലോ? 'Be positive, be happy' ആ വക സന്ദേശങ്ങൾ അക്ഷരംപ്രതി ഉൾക്കൊണ്ടിട്ടാണ് അവനിരിക്കുന്നത്. അതോടെ ഞാൻ പിന്നീട് ഒരു തരം സ്വപ്നങ്ങളും കണ്ടിട്ടില്ല എന്നു പറയാം.

അവിടെ വന്നിട്ടുള്ളവരില്‍ മിക്കവരും അവനെ അഭിനന്ദിക്കാന്‍ മറന്നില്ല. മറ്റു മാതാപിതാക്കന്മാരുടെ സ്ഥിതിയും മറിച്ചല്ല. എല്ലാവരും അവരവരുടെ കുട്ടികളുടെ പാഠ്യപദ്ധതിയിലും മറ്റു കാര്യങ്ങളിലും കുട്ടികളേക്കാളും താത്‌പര്യമുള്ളവയായിരുന്നു. ആ ഗവേഷണത്തിലൂടെ നേടിയ പുതിയ അറിവുകളെക്കുറിച്ചാണ് ഭർത്താവ് പറഞ്ഞതെങ്കിൽ അത് എങ്ങനെ എഴുതണം എന്നതിനെക്കുറിച്ചുള്ള രീതിയെപറ്റിയാണ് മകന് പറയാനുണ്ടായിരുന്നത്.  ആ ശൈലിയിൽ എഴുതാഞ്ഞതു കൊണ്ട് അവന് A യെ കിട്ടിയുള്ളൂ എന്ന് അവൻ സങ്കടത്തോടെ അറിയിച്ചു. ഒരുപക്ഷേ സ്ഥിരം മടുത്ത ഓഫീസ് വിഷയങ്ങളിൽ നിന്നുള്ള രക്ഷ എന്ന പോലെയായിരിക്കും എല്ലാവരും ആ വിഷയത്തെക്കുറിച്ച് ആധികാരമായി സംസാരിച്ചു കൊണ്ടിരുന്നു. കുട്ടികളുടെ പഠിത്തക്കാര്യങ്ങളിൽ കാര്യമായിട്ട് ശ്രദ്ധിക്കാത്ത ഞാൻ, ആ സദസ്സിൽ ഒറ്റപ്പെടുന്നത് പോലെയായി.

യാത്ര പറയാൻ നേരം എല്ലാവരുടേയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിക്കൊണ്ട് നിൽക്കുന്ന അവനോടും അവൻ്റെ അമ്മയോടും എല്ലാവിധ വിജയാശംസകൾ ആശംസിച്ചു കൊണ്ട് പിരിഞ്ഞപ്പോഴുംആ അമ്മ പറയുന്നുണ്ടായിരുന്നു, "അവൻ അങ്ങനെയാണ്, എല്ലാവരും അവനുവേണ്ടി പ്രവർത്തിക്കണമെന്ന് നിർബന്ധമാണ്". അതിനായിട്ടുള്ള എല്ലാ സഹായസഹകരണങ്ങൾ വാഗ്ദാനംചെയ്തപ്പോൾ ഭർത്താവ് എന്നെ നോക്കി കണ്ണുരുട്ടിയോ എന്നൊരു സംശയം.

സത്യത്തിൽ ആർക്കാണ് A+ അർഹയായത് അവനോ അവൻ്റെ അമ്മയോ മകനോ ?

7/1/17

മരങ്ങളും ഈ ഞാനും

എല്ലാ കോലാഹങ്ങളും കഴിഞ്ഞ് എല്ലാവരും അവരവരുടെ തിരക്കിലേക്ക് തിരിഞ്ഞു. എന്‍റെ മനസ്സിലേക്ക് ഓടി വന്നത് വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കവിതാശകലമാണ്. കുഞ്ഞുനാളിൽ ഭാവമയമായി പാടി തകർത്തിട്ടുള്ളതാണ്. ഇവിടെ എന്തായാലും അത്രയും വികാരം കൊള്ളേണ്ട കാര്യമില്ലെങ്കിലും വെറുതെ .......

കുഞ്ഞുനാൾ മുതലേ ചെടികൾ നട്ട് വളർത്താൻ എനിക്കിഷ്ടമായിരുന്നു. അച്ഛന്‍റെ ജോലി സംബന്ധമായ കാരണങ്ങളാൽ വാടകവീട്ടിൽ ആയിരുന്നു ഞങ്ങളുടെ  താമസം. ചെടികൾ അവരുടെ സ്നേഹം പൂവും ഫലങ്ങളുമായി എന്നോട് കാണിക്കുമ്പോഴേക്കും ഞങ്ങൾക്ക് ആ വീട് മാറേണ്ടി വരുമായിരുന്നു. പുതിയ സ്ഥലത്തും ഒരു പിന്തുടര്‍ച്ച  എന്ന പോലെ ആയിരുന്നു  ചെടികള്‍   നട്ടുവളര്‍ത്തുന്നതും വീടു മാറുന്നതും. ഇന്നും അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.  കല്യാണം കഴിഞ്ഞതോടെ താമസം ഫ്ലാറ്റിലേക്കും ചെടികളൊക്കെ ചട്ടിയിൽ ആയിയെന്നു മാത്രം.പതിവ് പോലെ പൂക്കളും കായ്കളും ആകുമ്പോൾ ഭർത്താവിന്റെ ജോലിയുടെ ഭാഗമായി അതൊക്കെ ആർക്കെങ്കിലും കൊടുത്ത്, എല്ലാവരോടും "റ്റാറ്റാ' പറഞ്ഞു പോകാറാണു പതിവ്. "നീ ഇങ്ങനെ ചെടികൾ നട്ട് വളർത്തുന്നതു കൊണ്ട് നിനക്ക് വേണ്ടിയും ആരെങ്കിലും ചെടികൾ നട്ടു വളർത്തുന്നുണ്ടാകും" എന്നൊക്കെ തത്വശാസ്ത്രം പറഞ്ഞു കൊണ്ട് പലരും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ എനിക്ക് അതൊന്നും  വലിയ വിഷമമായി  തോന്നാറില്ല.

താമസിക്കുന്ന 'വില്ല'യില്‍  വളര്‍ത്തി കൊണ്ടു  വന്ന മാവിന്‍റെ തൈകള്‍ ,  ഏകദേശം എന്നേക്കാളും ഉയരത്തില്‍ ആയപ്പോഴാണ് വീട്ടുകാർ ശ്രദ്ധിക്കുന്നത്. “വീടിന്‍റെ തൊട്ടടുത്ത് ആരെങ്കിലും ഇത്രയും വലിയ മരം നടുമോ?” എന്ന ചോദ്യമായി വീട്ടുകാരും  നാട്ടുകാരും.  കണ്മുൻപിൽ  വെട്ടിക്കളയാൻ എനിക്കും വിഷമം. വലിയ ഒരു പൂച്ചെട്ടിയിൽ മാറ്റി നട്ടെങ്കിലും അത് ഇഹലോകവാസം വെടിയാൻ അധികം നാളുകൾ വേണ്ടി വന്നില്ല. അതോടെ അതിന് ഒരു തീരുമാനം ആയി.
പിന്നീടുണ്ടായിരുന്നത് മതിലിന്‍റെ അടുത്തായിരുന്നു. വീടും മതിലും തമ്മിൽ 'ഇട്ടാവട്ടം' സ്ഥലമാണുള്ളത്. അതോടെ എല്ലാവർക്കും മതിലിനെ കുറിച്ചുള്ള ദു:ഖമായി. 'ഞാൻ  ഇവിടെ നിന്ന് പോകുന്നതോടെ മാവ് മുറിച്ചേക്കൂ,” എന്ന് പറഞ്ഞ് ഞാൻ ശക്തമായി മാവിന് വേണ്ടി വാദിച്ചു. ഒരു മരം വളർത്തി എടുക്കാനുള്ള പ്രായാസമേ!
എല്ലാം കണ്ടും കേട്ടും നിന്ന മാവ്, എന്നെ സന്തോഷിപ്പിക്കാനാവും കഴിഞ്ഞ ഫെബ്രുവരിയിൽ പൂവിട്ടു. ചെറിയ കണ്ണിമാങ്ങകൾ ഉണ്ടായി. ഡൽഹിയിലെ ചൂടിന്റെ ഭാഗമായി പലതും കരിഞ്ഞ് കരിക്കട്ട പോലെ നിലം പതിച്ചു.എന്നാലും ഏതാനും മാങ്ങകൾ പിന്നെയും വളർന്നു.അതോടെ അടുത്ത പ്രശ്നമായി നാട്ടുകാർ എത്തി. മാങ്ങ പഴുക്കുന്നതോടെ കുരങ്ങന്മാർ കൂട്ടത്തോടെ വരാനുള്ള ചാൻസ് ഉണ്ട്. ഇവിടെ ഇപ്പോൾ അവരുടെ ശല്യം ഇല്ല. അതിനും ഒരു ഒറ്റയാൾ പട്ടാളം പോലെ മറുപടി പറഞ്ഞു നിന്നു. ആദ്യമായിട്ടാണ് ഞാന്‍ നട്ടുവളര്‍ത്തിയ ഒരു ചെടിയില്‍ നിന്നു ഫലം കിട്ടുന്നത്.വളര്‍ന്നു വരുന്ന മാങ്ങകള്‍ ആയിരുന്നു അപ്പോഴും ഒരു സന്തോഷം.

മഴയോ കാറ്റോ ഒന്നുമില്ലാതെ തന്നെ മരം ഏതോ താണ്ഡവം നൃത്തമാടുകയാണ്. കുരങ്ങനെ പ്രതീക്ഷിച്ചാണ് പോയി നോക്കിയതെങ്കിലും ഒരു മനുഷ്യൻ മരത്തിന്റെ ശാഖകൾ വലിച്ച് താഴ്ത്തി മാങ്ങകൾ പറിക്കുകയാണ്."അയ്യോ" എന്ന എൻ്റെ വിളി അദ്ദേഹം മാത്രമല്ല കോളനി മുഴുവൻ കേട്ടു. സെക്യൂരിറ്റിക്കാരും ക്യാമറ കളുമായി സുരക്ഷിതമായ ഒരു സ്ഥലം ആയിട്ടാണ് ഞങ്ങൾ ഓരോരുത്തരും വിചാരിച്ചിരിക്കുന്നത്. അല്ലെങ്കിലും നേരിട്ടറിയുമ്പോഴല്ലേ പല മുൻവിധികളും നമ്മുക്ക് തെറ്റാണെന്ന് മനസ്സിലാവുക.

"അയ്യോ" എന്ന വിളി ഒരു പ്രദേശത്തെ ആളുകളെ സടകുടഞ്ഞെണീപ്പിച്ചു. കേട്ടറിഞ്ഞും കണ്ടറിഞ്ഞും വന്നവർ കള്ളനെ പിടിക്കുക  എന്ന ദൗത്യത്തിലായിരുന്നു. അതിന്റെ ആദ്യ പടിയായി ക്യാമറയിൽ കൂടി കള്ളനെ കുറിച്ച് ഏകദേശം രൂപം മനസ്സിലാക്കി എടുത്തു. അടുത്തുതന്നെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടത്തെ ജോലിക്കാർ ആരെങ്കിലും ആയിരിക്കുമെന്നാണ് എല്ലാവരുടേയും അഭിപ്രായം. സെക്യൂരിറ്റിക്കാർ അവരുടെ എല്ലാം "ഐഡൻറിറ്റി കാർഡ്" സൂക്ഷിച്ചിട്ടുണ്ട്. പലരുടേയും ആധാർ കാർഡ് ആണ്. അതിലെ ഫോട്ടോ വെച്ച് അപ്പോൾ അവിടെ ജോലി ചെയ്യുന്നവരെ തന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം.

പലർക്കും തോറ്റു പിൻവാങ്ങേണ്ടി വന്ന വിഷമം ആയിരുന്നു. ഇതിൽ എന്ത് പുതുമയാണ് ഉള്ളത് ഇതൊക്കെ നമ്മുടെ ദേശീയ സ്വഭാവം ആണല്ലോ, അങ്ങനെ ഓരോരുത്തരും  സ്വയം സമാധാനിക്കാൻ ശ്രമിക്കുമ്പോഴും ........ചില കാര്യങ്ങൾ അങ്ങനെയാണ് എത്ര സ്വയം സമാധാനിച്ചാലും അതിനെല്ലാം മുകളിൽ കയറി നിന്ന് അവ നമ്മളെ നോക്കി കൊഞ്ഞനം കുത്തും.പലതരത്തിലുള്ള മാമ്പഴങ്ങൾ കൊണ്ടാണ് ഓരോ  ' ഫ്രൂട്ട് ഷോപ് ' എന്നിട്ടും ഇങ്ങനെ പറിക്കേണ്ട കാര്യമുണ്ടോ അല്ലെങ്കിൽ മാവ് നട്ട് വളർത്തേണ്ട കാര്യമുണ്ടോ .....പല ചിന്തകളിലാണ് നാട്ടുകാർ.

ഒരു മരം നട്ടു വളർത്തിയതിന്റെ ഖിന്നതയിൽ ഈ ഞാനും !!!





6/15/17

'ബോള്‍ഡ് അമ്മ'

സ്‌കൂളിന്റെ അടുത്തുള്ള 'കഫേ' കളിൽ, വ്യാപാരം അതിൻ്റെ ഉച്ചസ്ഥാനത്ത് എത്തുന്നത് ഇങ്ങനെയുള്ള ചില ദിവസങ്ങളിലായിരിക്കും.മകന്റെ +2 അവസാന പരീക്ഷകൾ ഉള്ള ദിവസങ്ങളിൽ, അവനെ സ്‌കൂളിൽ കൊണ്ടാക്കിയാൽ മാത്രം പോരാ, പരീക്ഷ തീരുന്നതു വരെ അമ്മ അവിടെ തന്നെ കാണണം എന്നാണ്, അവൻ്റെ ആവശ്യം.ആ രണ്ടു മൂന്ന് മണിക്കൂർ വേണമെങ്കിൽ സ്‌കൂളിന്റെ അടുത്തുള്ള പള്ളിയിൽ പോയി പ്രാർത്ഥന നടത്തി അവിടെ ഉറക്കം തൂങ്ങിയിരിക്കാം. അല്ലെങ്കിൽ അടുത്തുള്ള "കഫേ" പോയി വേറെ രണ്ടു-മൂന്ന് അമ്മമാരുടെ കൂടെ അവൻ എങ്ങനെ പരീക്ഷ എഴുതും എന്നതിനെക്കുറിച്ച് ആധിയോടെ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കാം.ഇതൊക്കെയാണ് ആ സമയങ്ങളിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. രണ്ട് കാര്യത്തിലും താല്‍പര്യമില്ല. ആ ദിവസങ്ങളിൽ സ്‌കൂളിന്റെ ഏഴ് അയലത്തു കൂടെ പോലും വാഹനങ്ങൾ ഒച്ചിന്റെ ന്റെ വേഗതയിൽ ആയിരിക്കും നീങ്ങുന്നത്. എല്ലാം കൊണ്ടും അവന്റെ ആവശ്യങ്ങൾ എനിക്ക് സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. അതിൻറേതായ മുഖം വീർപ്പിക്കൽ അവൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്നത്തേയും പോലുള്ള യാത്രയായിരുന്നു അന്നും. എന്‍റെ ഈ പെരുമാറ്റം മറ്റുള്ള അമ്മമാർക്ക്, ഞാനൊരു "ബോൾഡ് അമ്മ " എന്ന അഭിപ്രായമായിരുന്നു.
വേണമെങ്കിൽ അതിനുള്ള നന്ദി അച്ഛനോട് പറയാം.സർക്കാര് ഉദ്യോഗസ്ഥനായ അച്ഛൻ, സർക്കാരിനെ സേവിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കും. 'സ്‌കൂൾ/ കോളേജ് ബസ്സ്' ഉണ്ടെങ്കിലും എൻ്റെ യാത്രകൾ എല്ലാം സർക്കാർ ബസ്സിലായിരുന്നു. പരീക്ഷകൾ ഉള്ള ദിവസവും പ്രത്യേക പരിഗണന ഒന്നുമില്ലായിരുന്നു. ആ ദിവസം ഓട്ടോയിൽ പോകാനുള്ള പൈസ തരും അഥവാ ബസ്സ് വന്നില്ലെങ്കിൽ ഓട്ടോയിൽ പോവുക എന്നതായിരുന്നു നിർദ്ദേശം. അന്നും ഇന്നത്തെ പോലത്തെ മാതാപിതാക്കന്മാർ ഉണ്ടായിരുന്നെങ്കിലും, വിരളമായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്റെ ഇങ്ങനത്തെ നിയമങ്ങളിൽ വലിയ വിഷമം തോന്നിയിട്ടില്ല. ഔപചാരിക വിദ്യാഭ്യാസത്തേക്കാളും ജീവിതത്തിൽ ഉപകരിക്കുക അനൌപചാരിക വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവുകളായിരിക്കും എന്ന അനുഭവജ്ഞാനമായിരിക്കാം.
പൊതുവെ കർശനസ്വഭാവക്കാരനായിരുന്ന അച്ഛൻ, ആ കാലത്ത് തിരുവന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ നിന്നു പഠിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഏക എഞ്ചിനിയർ കോളേജ് ആയിരുന്നു.എന്നാലും മക്കളായ ഞങ്ങളെ ആരേയും ആ വഴി തിരഞ്ഞെടുക്കാൻ നിർബന്ധിച്ചില്ല. അതുകൊണ്ടായിരിക്കും വീട്ടിൽ എന്നും മനസ്സമാധാനമുണ്ടായിരുന്നു. സ്വന്തമായ വ്യക്തിത്വത്തിനായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയത്.
ചില കാര്യങ്ങൾ അറിഞ്ഞൊ അറിയാതെയോ നമ്മൾ ഉൾക്കൊള്ളുന്നു, അതിലൊന്നാണ് 'സമയനിഷ്ഠ'. അച്ഛന്റെ കൂടെയാണ് നമ്മൾ പുറത്ത് പോകുന്നതെങ്കിൽ, പോകുന്നതിനു മുൻപേ ഒരു സമയം പറഞ്ഞിരിക്കും ആ സമയം ആകുമ്പോൾ അച്ഛൻ പോയിരിക്കും. പിന്നീട് ഓടിയോ നടന്നോ നമ്മൾ ആ സ്ഥലത്ത് എത്തിയിരിക്കണം. ഒരു നിമിഷം പോലും കാത്ത് നിൽക്കാൻ തയ്യാറല്ലായിരുന്നു. ആ കാലങ്ങളിലൊക്കെ ഏറ്റവും കൂടുതൽ ദേഷ്യവും സങ്കടവും തോന്നിയ നിമിഷങ്ങളാണ്.എന്നാൽ പിന്നീട് "സമയം പാലിക്കുക എന്നുള്ളത് ഒരു ബാധ പോലെ ആവാഹിച്ച് എടുത്തിട്ടുണ്ട്. പറഞ്ഞ സമയത്തിൽ നിന്നുള്ള ഒരു ചെറിയ മാറ്റം പോലും എന്നെ ഒരു "നാഗവല്ലി" ആക്കാൻ അധികം സമയം വേണ്ട. വീട്ടിലെ ക്ളോക്ക് പോലും എന്നെ പേടിച്ചാണ് സൂചികൾ മാറുന്നത്, എന്നാണ് കുട്ടികളുടെ അഭിപ്രായം.
ഇന്ന് ഏറ്റവും കൂടുതൽ അച്ഛനുമായി പിണങ്ങുന്നതും സമയനിഷ്ഠയെ ചൊല്ലിയാണ്.
വാർദ്ധക്യ സംബന്ധമായ ഓരോ കാരണങ്ങളാൽ സമയത്തിന് തയ്യാറാകാൻ സാധിക്കാറില്ല.ഇതൊക്കെ പഠിപ്പിച്ച ആൾ തന്നെ സമയം തെറ്റിക്കുമ്പോൾ,അല്ലെങ്കിലും നമ്മൾ എപ്പോഴും നമ്മളെ മാത്രമല്ലേ കാണുകയുള്ളൂ. ഒരു ദിവസം വളരെ യാദൃഛികമായി  പറയുകയുണ്ടായി, "ഞാൻ മനപ്പൂർവ്വം ലേറ്റ് ആകുന്നത് അല്ല. പലപ്പോഴും എനിക്ക് സുഖമില്ല. പിന്നെ നിന്നെയൊക്കെ കണ്ട സന്തോഷത്തിൽ ഓരോ സ്ഥലത്തേക്ക് പുറപ്പെടുന്നതാണ്”. എൺപത് വയസ്സിന് മേലെയുള്ള അച്ഛന്റെ ആ കുമ്പസാരം പറച്ചിൽ കേട്ട് ഹൃദയസ്പർശിയായി തോന്നിയെങ്കിലും പതിവ് ശൈലിയിൽ ചിരിച്ച് തള്ളുകയാണ് ചെയ്തത്.ഒരു പക്ഷേ ആ വാക്കുകൾ എൻ്റെ എൺപതാം വയസ്സിൽ നേരിടേണ്ടി വരുന്ന അവസ്ഥക്കുള്ള ഉപദേശമോ അതോ അന്നും എന്നെ "ബോൾഡ് 'അമ്മ" ആക്കാനാണോ ?

എല്ലാ വർഷവും ജൂൺ മൂന്നാമത്തെ ഞായറാഴ്ച  "Fathers day" ആയി ആഘോഷിക്കുമ്പോള്‍, അതിന്‍റെ ഭാഗമായി  പലതരം സന്ദേശങ്ങൾ അയക്കുമ്പോഴും   പറഞ്ഞും പറയാതെയുമുള്ള ഉപദേശങ്ങളും പ്രവൃത്തികളുമായി അച്ഛൻ എന്ന ശക്തി !

5/30/17

വാച്ചുകളുടെ വിശേഷം

ഷഷ്ടിപൂർത്തി ആഘോഷത്തിൻറെ ആൽബം കണ്ടപ്പോൾ, പിറന്നാൾ കേക്ക് ആണോ പിറന്നാൾ ആഘോഷിക്കുന്ന ആളെ കണ്ടിട്ടാണോ കൂടുതൽ അതിശയിപ്പിച്ചത് എന്ന് ചോദിച്ചാൽ, ജീൻസ്സും ടീ -ഷർട്ടും കറുത്ത തലമുടിയുള്ള "അങ്കിൾ" നെ കണ്ടാൽ അത്രയും പ്രായം തോന്നില്ല എന്നതാണ്. എന്നാൽ ഞാനൊഴിച്ച് ആൽബം കണ്ടുകൊണ്ടിരുന്നവരെല്ലാം "കേക്കിനെ" പുകഴ്ത്തി പറയുന്നത് കണ്ടപ്പോഴാണ്, ഞാനത് ശ്രദ്ധിച്ചത്.കേക്ക്, അത് മുറിച്ച് കഴിക്കാൻ ഉള്ളതല്ലേ എന്ന മനോഭാവത്തിലായിരുന്നു , ഞാൻ.

കൂട്ടത്തിലുള്ളവരുടെ വിവരണവും കേക്കിന്റെ പല ഭാഗത്തിൽ നിന്നുമുള്ള പടങ്ങളും അതിനെ കൂടുതൽ ശ്രദ്ധിക്കേണ്ടി വന്നു.കൈയ്യിൽ കെട്ടുന്ന വാച്ചിന്റ"ഡയൽ"-ന്റെ രൂപത്തിലായിരുന്നു.നിലവിലുള്ള ഏതോ കമ്പനിയുടെ ഏകദേശം പന്ത്രണ്ട് ലക്ഷം വില വരുന്ന വാച്ചിന്റെ മോഡലിൽ ആയിരുന്നു. ആ ചെറിയ ഘടികാരത്തിലുള്ള ഏറ്റവും ചെറിയ സാമ്യത പോലും കേക്കിലുമുണ്ടാക്കിയിട്ടുണ്ട്. അതൊക്കെയാണ് തിന്നാനുള്ള ആ സാധനത്തിന്റെ പ്രത്യേകത. വാച്ചുകളോട് താത്പര്യം ഒന്നും തോന്നാത്ത എനിക്ക് ഇതെല്ലാം പുതിയ വിശേഷങ്ങളായിരുന്നു.

"പന്ത്രണ്ട് ലക്ഷത്തിന്റെ വാച്ചോ! " എന്റെ ആശ്ചര്യം കണ്ടിട്ടായിരിക്കാം കൂടെയുള്ളവർ സമയം നോക്കുന്ന ആ സാധനത്തെ പറ്റി ഒരു ക്ലാസ്സ് തന്നെ എനിക്ക് തന്നു.ബാറ്ററി ഇട്ട് ഉപയോഗിക്കുന്നത്,കീ കൊടുത്ത് ഉപയോഗിക്കുന്നത് എന്നാൽ ഇത് രണ്ടും വേണ്ടാത്തത് –“Seiko-5” ചിലതിന് ഡയലിന്റെ അടിയിൽ ഗ്ലാസ്സ് ആയിരിക്കും അതിന്റെ പ്രവർത്തനം നമ്മുക്ക് നേരിട്ട് കാണാനായിട്ടാണ്, മറ്റു ചിലത് തിരിച്ചുവിടാവുന്ന തരത്തിലുള്ള ഡയൽ ആണ്. 2 രാജ്യങ്ങൾ എപ്പോഴും സന്ദർശിക്കുന്നവർക്ക് ഉപകാരപ്പെടുമെന്നാണ്
പലരുടേയും അഭിപ്രായം .......അങ്ങനെ വിശേഷങ്ങൾ നീളുകയാണ്. ചില സവിശേഷതകൾ കണ്ടും കേട്ടിട്ടുണ്ടെങ്കിലും അതിനൊക്കെ ആളുകൾ ഇത്രമാത്രം ശ്രദ്ധചെലുത്തുന്നു എന്നത് ഒരു പുതിയ വിവരം. തന്നെയാണ്.പലതരം വാച്ചുകളുടെ പരസ്യങ്ങൾ കാണാറുണ്ടെങ്കിലും അതിനൊന്നും ഞാൻ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും അവിടെയുള്ളവർക്കെല്ലാം ആദ്യത്തെ ജോലി അല്ലെങ്കിൽ ആദ്യത്തെ ശബളം എന്നതുപോലെ പ്രാധാന്യമുണ്ടായിരുന്നു ആദ്യത്തെ വാച്ചിനും. എന്റെയും സ്ഥിതിയും മറിച്ചായിരുന്നില്ല.രാജ്യസഭയിലെ ഒരു ബിൽ പാസ്സാവുന്നതിനേക്കാളും പ്രയാസമായിരുന്നു, ഒരു വാച്ച് മേടിച്ച് തരാം എന്ന ഉറപ്പിന്, പിന്നെ അത് കൈയ്യിൽ കിട്ടാൻ, പരീക്ഷയുടെ മാർക്കുകൾ,വീട്ടിലേയും നാട്ടിലേയും അനുസരണ......അങ്ങനെ കടമ്പകൾ ഒരു പാടുണ്ടായിരുന്നു.അവസാനം സഹോദരന് ജോലി കിട്ടിയതിന്റെ ഭാഗമായിട്ടാണ് "hmt” യുടെ ആ വിലകൂടിയ സാധനം കിട്ടിയത്. ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു അന്നൊക്കെ.അത് കൈയ്യിൽ കിട്ടുന്നതിന് മുൻപും പിൻപുമായി എത്രമാത്രം സ്വപ്‌നങ്ങൾ കണ്ടിരിക്കുന്നു.പക്ഷെ ആദ്യത്തെ തന്നെയുള്ള ട്രെയിൻ യാത്രയിൽ "എന്റെ ആ നിധി"ആരോ പറിച്ചു കൊണ്ടു പോവുകയും ചെയ്തു.അപ്പോഴെല്ലാം കേട്ട വഴക്കുകൾ, ആ സാധനത്തോടുള്ള എന്റെ മമത കുറച്ചു എന്ന് തന്നെ പറയാം.

പിന്നീട് എന്റെ ജീവിതത്തിൽ ഒരു സാധനത്തിന്റെ വില കുറഞ്ഞു കാണുന്നതും വാച്ചിനാണ്.ചൈനീസ്സ് വാച്ചുകൾ സുലഭമായതും ചില അക്ഷരങ്ങളിലെ വ്യത്യാസമൂലം പല വിലകൂടിയ വാച്ചുകളും 100 യോ 2 00 രൂപയ്ക്കോ കിട്ടാനും തുടങ്ങി.പോരാത്തതിന്,ഫോണ്‍ കമ്പ്യൂട്ടർ ......എല്ലാവരും സമയം കാണിക്കുന്ന ഉത്തരവാദിത്വവും ഏറ്റെടുത്തു. കൈയ്യിൽ കെട്ടുന്ന ആ ചെറിയ ഘടികാരത്തിന് ഇത്രയും പ്രാധാന്യമുള്ള കാര്യം ഞാൻ അറിഞ്ഞതേയില്ല.

പലതരത്തിലുള്ള വാച്ചുകൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ്, അങ്കിളിന്റെ ഹോബി, അതിന്റെ ഭാഗമായിട്ടാണ് ആ വിലകൂടിയ വാച്ചിന്റെ മോഡലായിട്ട് കേക്ക് ഉണ്ടാക്കിയിരിക്കുന്നത്.ഈ തരത്തിലുള്ള വിശേഷങ്ങൾ കേട്ട് കണ്ണ് തള്ളിയിരിക്കുന്ന എനിക്ക്, അദ്ദേഹത്തിന്റെ ശേഖരത്തിൽ നിന്ന് മൂന്നു-നാലെണ്ണം എനിക്ക് കാണിച്ച് തന്നു.അതിൽ ഒരെണ്ണം,Bireitling എന്നതാണ്, ഏകദേശം 5 ലക്ഷം രൂപ വിലയുണ്ട്.Bentley എന്ന സ്പോർട്ട്സ് കാറിന് എങ്ങനെ പെയിന്റ് അടിക്കുമോ അതേ രീതിയിൽ ആണ് ഈ വാച്ചിനും നിറം നൽകുന്നത്.ആ കാർ കമ്പനി ഉണ്ടാക്കുന്നതാണിത്.ഇതൊക്കെ കാണിച്ച് തന്നപ്പോഴും എന്റേയും ആ വാച്ച് കളിലേയും സമയം ഒന്ന് തന്നെയായിരുന്നു. അത് കൊണ്ടായിരിക്കാം അവയൊക്കെ കാണുമ്പോഴും എനിക്ക് അങ്കിളിനോടോ വാച്ചുകളോടോ പ്രത്യേകിച്ച് കുശുമ്പോ പരിഭവമോ തോന്നിയില്ല എന്നത് ഒരു സത്യം !

5/9/17

അബ്റട്ടോ (Aberto) അലാർറ്റെ ( Alarte)

കൈയ്യിൽ സ്‌കെയിലോ അല്ലെങ്കിൽ സ്ട്രോയോ പിടിച്ച് എന്നെ നോക്കി 'അബ്റട്ടോ' എന്നോ 'അലാർറ്റെ' എന്ന് പറയുന്ന, മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകന്റെ കളികളെ ഒരു തമാശ ആയിട്ടാണ് തോന്നിയത്.ചിലപ്പോൾ ദേഷ്യം വരുമ്പോൾ ഞാനും അവനെ നോക്കി 'അപ്പറന്റെയോ അലാറന്റോ ' എന്നൊക്കെ പറയുമ്പോൾ കൈയ്യിൽ ചട്ടുകമോ വല്ല തവിയോ ആയിരിക്കുമെന്ന് മാത്രം. മന്ത്രവാക്യങ്ങൾക്ക് മല്ലു ഉച്ചാരണവുമായിരിക്കും. അധ്യയനവർഷത്തിനിടയക്ക് കിട്ടുന്ന ഒരാഴ്‍ച അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണവൻ. ആ അവധിക്കാലത്ത് അവൻ്റെ ആവശ്യപ്രകാരം  'ഹാരിപോർട്ടർ' പുസ്തകം മേടിച്ചു കൊടുക്കാനും മടി തോന്നിയില്ല അങ്ങനെയാണല്ലോ വായനാശീലം ഉണ്ടാവുന്നത്. പുസ്തക വായന കഴിഞ്ഞപ്പോൾ അതിൻ്റെ സിനിമയുടെ 'dvd' കാണൽ ആയി അടുത്ത പരിപാടി. അങ്ങനെ രാവിലെ പുസ്തകവായന ഉച്ചയ്ക്ക് സിനിമ കാണൽ. ഒരു പക്ഷെ അതിൻ്റെ രചയിതാവ് ആയ 'ജെ. കേ റൌളിംഗ്' തന്‍റെ മനസ്സിൽ രൂപപ്പെടുത്തിയ കഥാപാത്രങ്ങളേക്കാൾ മനോഹരമായി അവൻ അതെല്ലാം ഉൾക്കൊണ്ടിട്ടുണ്ട്.

ഒരു രാത്രി, മഴയുടെ ആരംഭത്തിന്‍റെ ഭാഗമെന്ന പോലെ ഫ്ലാഷടിക്കുന്നതു പോലെയുള്ള മിന്നലും അതിനെ തുടര്‍ന്നുള്ള  കാതടപ്പിക്കുന്ന ഇടിവെട്ടും ശക്തമായ കാറ്റും...ഏതൊക്കെ ഫ്ലാറ്റിന്റെ ജനലുകളും വാതിലുകളും കൊട്ടിയടക്കുന്ന ശബ്ദം കൂട്ടത്തില്‍ മകന്‍റെ "അമ്മാ" വളരെ ദയനീയമായ കരച്ചിലും. എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ വീട്ടിലുള്ളവരെല്ലാം അവന്‍റെ അടുത്തെത്തി. അങ്ങേയറ്റം പേടിയുള്ള മുഖത്തോടെ കട്ടിലില്‍ ഇരുന്ന് കരയുന്നുണ്ട്. 'Voldemort' കർട്ടൺ -ന്‍റെ പുറകിൽ നിന്നും അങ്ങോട്ട് പോയി അവിടെന്ന് ഇങ്ങോട്ട് പോയി,  എന്നൊക്കെ പറഞ്ഞാണ് കരച്ചിൽ. അവൻ്റെ നിസ്സഹായതയോടു കൂടിയുള്ള മുഖവും വിവരണവും എന്നേയും പേടിപ്പിച്ചു. പിന്നീടുള്ള എല്ലാവരുടെ ചോദ്യം ചെയ്യലിൽ നിന്നാണ് അതൊരു ദു:സ്വപ്‍നം ആണെന്ന് മനസ്സിലായത്. എല്ലാവരും ആശ്വസിപ്പിച്ചും കളിയാക്കിയും അവനെ ചിരിപ്പിച്ചും സമാധാനപ്പിച്ചും അവനെ വീണ്ടും ഉറക്കാൻ കിടത്തി.  കഴിഞ്ഞ ഒരാഴ്‌ച യായി, സാങ്കല്പിക മാന്ത്രിക നോവലായ 'ഹാരിപോർട്ടർ' പുസ്തകവായനയും സിനിമ കാണലുമൊക്കെയായിരുന്നല്ലോ, അതുകൊണ്ട് തന്നെ എല്ലാവർക്കും തമാശ ആയിട്ടാണു തോന്നിയത്. അന്ന് രാത്രി പലപ്രാവശ്യം "അമ്മാ" ദയനീയമായ കരച്ചിലോടെ അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് കരഞ്ഞു കൊണ്ടിരുന്നു. ‘സ്വപ്‍നങ്ങൾക്കും ഹാംങ് വറോ’ ?

പിന്നീടുള്ള രാത്രികളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അതോടെ എല്ലാവരുടേയും കുറ്റപ്പെടുത്തലുകള്‍   എന്‍റെ നേരെ ആകാന്‍ അധികം സമയം വേണ്ടി വന്നില്ല. പതിവുള്ള കുസൃതിയും ചിരിയും വാശികളുമില്ലാതെ എന്തിനെയോ ഭയപ്പെടുന്ന മാതിരിയുള്ള അവന്‍റെ മുഖം കാണുമ്പോൾ, എന്നെ കൂടുതൽ ഭയപ്പെടുത്തുമായിരുന്നു. എന്നാലും ആ പുസ്തകത്തിലെ വില്ലനായ 'Vodemort' ആണോ വന്നത്, ഞാൻ ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞു കൊണ്ട് അവനെ ആശ്വസിപ്പിക്കുമ്പോൾ, ജീവിതത്തിൽ  ഓരോ പുതിയ പരീക്ഷണങ്ങളും എവിടെ നിന്നാണ് വരുന്നതെന്നും അത് എങ്ങനെ കൈകാര്യം ചെയ്യേണ്ടതെന്നും എന്നറിയാതെ ഞാൻ വിഷമിച്ചു. എനിക്കാണെങ്കിൽ ചില രക്തരക്ഷസ്സുകളെ കുരിശ് കാണിച്ച് പേടിപ്പിക്കുന്ന ചില കഥകളാണ് അറിയാവുന്നത്.
പിശാചുകളുടേയും പ്രേതങ്ങളുടേയും കഥയുടെ പുസ്തകമാണോ, ഒരു കൊച്ചു കുട്ടിക്ക് വായിക്കാൻ കൊടുത്തതെന്ന് ചോദിച്ച്, ബന്ധുമിത്രാദികളും എനിക്ക് നേരെ നെറ്റി ചുളിച്ചു. ഏകദേശം 46 ദശലക്ഷം പകർപ്പുകളാണ് വിറ്റു പോയിട്ടുള്ളത്. 67  ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള പുസ്തകമാണ് പക്ഷെ ഇതൊക്കെ ആരോട് പറയാനാണ്. എന്തായാലും പേടിച്ച് കരയുന്ന അവനെ, ചിന്തകളിൽ നിന്നും   മാറ്റം വരുത്തുക എന്ന ലക്ഷ്യത്തിൽ ട്ടി.വി. യിലെ കാർട്ടൂൺ കാണിച്ച് കൊടുത്ത് അവശ്യത്തിനും അനാവശ്യത്തിനും തമാശ എന്ന് പറഞ്ഞ് ചിരിച്ച്, ഉറക്കം തൂങ്ങിയിരിക്കുന്ന അവനെ ചിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു.എന്നും കാർട്ടൂൺ ചാനലിനോട് "നോ" പറയുന്ന എനിക്ക് വന്ന മാറ്റം അവനെ കൂടുതൽ പേടിപ്പിച്ചോ അതോ ചിരിപ്പിച്ചോ എന്നറിയില്ല എന്നാലും അത്ഭുതത്തോടെ അവൻ എന്നെ നോക്കുമായിരുന്നു. ഈ പരിപാടി രാത്രിയിൽ പല പ്രാവശ്യവും ഉണ്ടാകുമായിരുന്നു. എനിക്ക് സഹനത്തിന്റെ നാളുകളായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, പേടിയൊക്കെ മാറി അവൻ സുഖമായിട്ടുറങ്ങാൻ തുടങ്ങി.എന്നാലും അവൻ ഉറക്കത്തിൽ കരയുന്നുണ്ടോ എന്നറിയാനായി ഞാൻ പലപ്രാവശ്യവും അവൻ കിടന്നുറങ്ങുന്നത് പോയി നോക്കുമായിരുന്നു. അങ്ങനെ  വല്ല വിധത്തിലും ഹാരിപോർട്ടർ പുസ്തകത്തിലെ വില്ലനായ ''Vodemort' നെ ഞാൻ ഒതുക്കി എന്ന് തന്നെ പറയാം.
കാലം മാറി, കുട്ടികൾ വലുതായി കൂട്ടത്തിൽ ഞാനും. കൈയ്യിൽ ചട്ടുകം ഒക്കെ പിടിച്ച് "അബ്‌റാട്ടോ / അലാർറ്റെ' ഒക്കെ പറഞ്ഞിരുന്ന ഞാനിപ്പോൾ ചട്ടുകത്തിന് പകരം മൊബൈൽ ഫോൺ ആയിരിക്കും പിടിക്കുക. സാങ്കേതികവിദ്യയിൽ വന്ന മാറ്റം കൊണ്ടുള്ള സംശയങ്ങൾ 'ഗൂഗിൾ' നോക്കി മനസ്സിലാക്കി എടുക്കന്നതിനേക്കാളും എളുപ്പം  ഇന്ന് കോളേജിൽ പഠിക്കുന്ന അവനോട് ചോദിക്കുന്നതാണ്. പക്ഷെ അതിനായിട്ടു അവൻ കനിയണം. ഒരു പഞ്ച് ലൈൻ (Punch line) എന്ന രീതിയിൽ, 'ദയനീയമായ അമ്മാ ' വിളിയും വിളിക്കാൻ ഞാൻ മറക്കാറില്ല.
അല്ലെങ്കിലും സഹനത്തിന്റെ നാളുകൾ പിന്നിട്ടു കഴിയുമ്പോൾ ആ ഓർമ്മകൾക്ക് പ്രത്യേകിച്ചോരു  മധുരമുണ്ടാകുമല്ലോ. ഒരമ്മയുടെ റോളിൽ ഇരുന്ന് ഓർത്തിരിക്കാനുള്ള ചില നല്ല മുഹൂർത്തങ്ങളാണിതൊക്കെ. എനിക്കുറപ്പാണ് ഏതൊരു അമ്മയ്ക്കും പടിയിറങ്ങിയ കൊല്ലങ്ങളിലൂടെ തിരിച്ച് കേറുമ്പോൾ മനസ്സിലോർത്ത് വെക്കാനായിട്ട് ഒരു പാട് നല്ല മുഹൂർത്തങ്ങൾ അവർ നമ്മുക്ക് സമ്മാനിച്ചിട്ടുണ്ടാകും. ഇങ്ങനത്തെ ഓർമ്മകളും അവരെക്കുറിച്ചുള്ള ഉല്‍കണ്ഠകളും നെടുവീർപ്പുകളും എല്ലാം ഒരമ്മക്ക് സ്വന്തം, അല്ലെ ?

May 14, 2017 ..എല്ലാ അമ്മ മാര്‍ക്കും മാതൃദിനാശംസകള്‍








4/11/17

അവരുടെ വിശ്വാസമോ?

പ്രതീക്ഷിക്കാതെ ഒരവധി കിട്ടിയത് ആസ്വദിക്കാമെന്ന  മട്ടിലായിരുന്നു ഞാന്‍. രാവിലെ അഞ്ചു മണിക്ക് തന്നെ അറിയാതെ കണ്ണു തുറന്നെങ്കിലും ഡൽഹി യിലെ തണുപ്പും അവധിയായ്തിനാലും കമ്പിളിയുടെ അടിയിൽ  ചുരുണ്ടുകൂടി കിടന്നപ്പോഴാണ്, ആ പാട്ട്...ഹരേ രാമാ ഹരേ കൃ^ഷ്ണാ.....ഒരു കൂട്ടം ആള്‍ക്കാര്‍ പാട്ട് പാടി റോഡില്‍ കൂടി നടക്കുവാണ്. അവരുടെ പാട്ടിന് താളമായിട്ട് "Tambourine" ഉണ്ട്. എന്തു പറയാനാ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് 'റെസിഡൻഷ്  ഏരിയ'  യില്‍ കൂടി പാട്ടും ബഹളവുമായി  നാട്ടുകാരെ മുഴുവന്‍ ഉണർത്തിയാലെ  ഈ പ്രാർത്ഥന അതിൻ്റെ  പൂർണതയിൽ   എത്തുകയുള്ളോ,  ഈര്‍ഷ്യയോടെ ഓര്‍ത്തു പോയതാണ്.

പക്ഷെ ഞായറാഴ്‌ച കുർബ്ബാനക്കായി പള്ളിയിൽ ചെന്നപ്പോൾ ഉള്ള അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഞങ്ങൾ അഞ്ചു പേർ ഇരിക്കുന്ന ബെഞ്ചിലേക്കുള്ള ആറാമത്തെ ആളുടെ വരവ്. ഇവിടെ ഇരിക്കാൻ സ്ഥലമില്ല എന്ന് പറഞ്ഞെങ്കിലും ഒന്നും കേൾക്കുന്നതായിട്ടുള്ള ഭാവം ഇല്ല.

"മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്" (ലൂക്കാ 18:27)

എന്ന വിശ്വാസത്തിലായിരിക്കാം, അതോടെ എല്ലാവരും ഞരുങ്ങിയും ഞെങ്ങിയും അവർക്കും ഇരിക്കാനുള്ള സ്ഥലം ഉണ്ടാക്കി കൊടുത്തു. ബെഞ്ചിന്റെ ഒരറ്റത്ത് ഇരിക്കുന്ന എൻ്റെ കാര്യമാണ് കഷ്ടം.ഓരോത്തരുടെ ഒരു ചെറിയ അനക്കങ്ങൾ പോലും എന്നെ കൂടുതൽ പേടിപ്പിച്ചു.

"കർത്താവിൽ വിശ്വാസമർപ്പിക്കുന്നവൻ സുരക്ഷിതനത്രേ" (സുഭാ 29:25)

ആ വാചകം മനസ്സിലോർത്ത് സമാധാനിക്കുകയേ നിവൃത്തുയുള്ളൂ എന്നാലും ഒരു കരുതൽ എന്ന നിലയിൽ ബഞ്ചിന്റെ കൈവരിയിൽ ഞാൻ മുറുകെ പിടിച്ചു.

ആറാമത്തെ ആളുടെ വരവോടെ ബാക്കിയുണ്ടായിരുന്ന എല്ലാവരുടേയും ഭക്തി "ശടെ"ന്നു പോയി. കുർബ്ബാനക്കിടയിൽ നിൽക്കുകയും മുട്ടുകുത്തുക യുമൊക്കെ ചെയ്യേണ്ടതുണ്ട്. പക്ഷെ ഞങ്ങൾ ആറുപേരും ഏതോ സിമന്റ് ഇട്ട് ഉറപ്പിച്ച പോലെ ഒരേ ഇരുപ്പായി.കുറച്ചു സമയത്തിന് ശേഷം അമ്മയെ തപ്പി മകളും കൂടി വന്നതോടെ,ആ കുട്ടിയെ അവർ മടിയിലിരുത്തി. യാതൊരു കൂസലുമില്ലാത്ത അവരുടെ മുഖം കണ്ടപ്പോൾ, പഴയ  അംബാസിഡർ കാറിലുള്ള കല്യാണയാത്രകളാണ്, എനിക്ക് ഓർമ്മ വന്നത്.ആ കാറിന്റെ "സീട്ടിംഗ് കപ്പാസിറ്റി" യെ പറ്റി ആരും പറയുന്നത് കേട്ടിട്ടില്ല.ആർക്കെല്ലാം  യാത്ര ചെയ്യണമോ അവർക്കെല്ലാമായിട്ട് ആ "കാർ" റെഡിയാണ്.

"ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു" (യാക്കോ 4:17)

എന്നാണല്ലോ, അവിടെ നിന്ന് എഴുന്നേറ്റ് പോയാലോ, എന്ന് ആലോചിക്കാതിരുന്നില്ല, അതിൻ്റെ മുന്നോടിയായി  ഞാൻ അവരെ കൂടുതൽ ശ്രദ്ധിച്ചു. പ്രായം കൊണ്ട് എന്നെക്കാളും ചെറുപ്പമാണ്. ഒരു ക്രിസ്താനി ആണെന്നറിയിക്കാനുള്ള മാലയും മോതിരവുമെല്ലാം ധരിച്ചിട്ടുണ്ട്. അങ്ങേയറ്റം ഭക്തിയോടെയാണിരുപ്പ്. ഞാനാണെങ്കിൽ ഏഴ് മണിയുടെ കുർബ്ബാനക്കായിട്ട്, അമ്മയോടപ്പം അഞ്ച് മണിക്ക് എണീറ്റ് അമ്മയെ സഹായിച്ച് അവരേയും കൊണ്ട് കുര്‍ബ്ബാനയ്ക്ക്  അരമണിക്കൂർ മുൻപേ തന്നെ എത്തിയതാണ്. പണ്ട് അപ്പന്റെ കൈ  പിടിച്ചാണ് ഞാൻ പള്ളിയിൽ വന്നിരുന്നെങ്കിൽ ഇന്ന് ഞാൻ അപ്പനെ കൈ പിടിച്ചു കൊണ്ടാണ് വന്നത്.പോരാത്തതിന് നടക്കാൻ സഹായത്തിനായിട്ടുള്ള "ഊന്ന് വടി" ഇടയ്ക്ക് ഒരു ആയുധം പോലെ ഉപയോഗിക്കാനും അപ്പന്  മടിയില്ല, അത് എവിടെ വെച്ചാണെങ്കിലും. അങ്ങനെ പരിത്യാഗങ്ങളുടെ കാര്യത്തിലാണെങ്കിൽ ഞാനും ഒട്ടും പുറകിലല്ല. ഞാൻ, എൻ്റെ ശരികളെ  പാറ പോലെ ഉറപ്പിച്ചെടുത്തു.

"നിന്നെപ്പോലെ തന്നെ  നിന്റെ അയൽക്കാരനേയും  സ്നേഹിക്കുക" (മാർക്കോ 12:31)

കുർബ്ബാനക്കഴിഞ്ഞ് യാത്ര പറയാനെന്നോണം, ഞാൻ അവരെ നോക്കി ചിരിച്ചു. പകയും വിദ്വേഷവും പ്രതിഫലിപ്പിക്കുന്ന നോട്ടമായിരുന്നു, തിരിച്ചുള്ള മറുപടി.

"നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു സമാധാനത്തോടെ പോവുക" (ലൂക്കാ 7:50)

സമാധാനത്തോടെയോ അല്ലാതെയോ പള്ളിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ, ഞാൻ ഒരു തെറ്റുകാരി അല്ല എന്നാണ് എൻ്റെ വിശ്വാസം.

അതിഭക്തി, നമ്മുടെ ദേശീയ സ്വഭാവമാണെന്ന് പോലും എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്. എന്നാലും മറ്റുള്ളവരെ ശല്യം ചെയ്യുന്നതരത്തിലുള്ള ഭക്തിയിലാണോ, അവരുടെ വിശ്വാസം ?

3/7/17

ചിന്താവിഷ്ടയായ വല്യഅമ്മച്ചി


ഭിത്തിയില്‍  തൂക്കിയിട്ടിരിക്കുന്ന ആ മിനുസമുള്ള പേപ്പർ (glossy) കൊണ്ടുള്ള കലണ്ടർ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. വല്ല ഹിന്ദി സിനിമാനടിയുടെയോ  അല്ലെങ്കിൽ  മോഡല്‍സ്‌, ന്‍റെ യോ ആകുമെന്നാണ് വിചാരിച്ചത്. അടുത്ത് പോയി നോക്കിയപ്പോളല്ലേ, അന്തം വിട്ടു പോയത് ! ആ വീട്ടിലെ, ഇപ്പോൾ ചായ കൊണ്ടു തന്ന ചേച്ചിയല്ലേ, ഓ, ചേച്ചിക്ക് ഇത്രയും ഗ്ലാമറോ? കണ്ടപ്പോൾ അസൂയ തോന്നി ട്ടോ. ചേച്ചിയുടെ മകന്റെ കല്യാണത്തിന്റെ പല ഫോട്ടോകൾ വെച്ച് കലണ്ടർ ഉണ്ടാക്കിയിരിക്കുവാണ്. പണ്ടൊയൊക്കെ ഫോട്ടോ എന്നു പറയുമ്പോൾ, "ഉള്ള കോലം അല്ലെ കാണാൻ പറ്റുള്ളൂ" എന്നായിരുന്നു. പക്ഷെ ഇന്ന് അങ്ങനെയാണോ, എല്ലാവരും  അസാമാന്യ സൗന്ദര്യത്തിന്റെ ഉടമകളായിട്ടാണ് നിൽപ്പ്.


കലണ്ടർ കണ്ടുകൊണ്ടിരിക്കുമ്പോൾ, ചേച്ചി പറഞ്ഞു, "അതിൽ ചിലതൊക്കെ, "ഫോട്ടോ ഷൂട്ട്" ന്റെ ആണ്".
കല്യാണം കഴിഞ്ഞിട്ടുള്ള ഹണിമൂൺ യാത്രയെ പറ്റി കേട്ടിട്ടുണ്ടെങ്കിലും "ഫോട്ടോ ഷൂട്ട്" എനിക്കും അവിടെ അതിഥിയായിട്ടുള്ള   വല്യമ്മച്ചിക്കും പുതുമയുള്ള കാര്യമായിരുന്നു.


കൂട്ടുകാരികളൊക്കെ ഊട്ടി, കൊടൈക്കനാളിലേക്കോക്കെ ഹണിമൂൺ യാത്ര പോയപ്പോൾ, വല്യമ്മച്ചിയെ കൊണ്ടുപോയത് മദ്രാസ്സിലേക്കാണ്, ഇത്രയും ചൂട് പിടിച്ച രാജ്യത്തേക്ക് കൊണ്ടുപോയത് പോരാത്തതിന് ആ തീവണ്ടിയാത്രയിൽ കംപാർട്ട്മെൻറിലാണെങ്കിൽ വെള്ളവുമില്ലായിരുന്നു. എല്ലാംകൂടി ആയിട്ട് ഹണിമൂൺ യാത്രയുടെ കലിപ്പ് ഇപ്പോഴും തീരാതെയാണ് വല്യമ്മച്ചി.
ഞാനാണെങ്കിൽ, "ഹണിമൂൺ" എന്ന വകുപ്പിൽ പെട്ട ഒരു യാത്ര നടത്തിയിട്ടില്ലെങ്കിലും ജോലിയുടെ ഭാഗമായിട്ടുള്ള സ്ഥലമാറ്റം കാരണം കുട്ടികളും പെട്ടികളും ഒക്കെയായി മൂന്നുനാലു രാജ്യങ്ങളിൽ  താമസിച്ചതു കൊണ്ടും കല്യാണ പിറ്റേന്ന് മുതൽ വീട്ടമ്മ എന്ന ലേബലിൽ ആയതിനാൽ   യാതൊരുവിധ പിരിമുറക്കങ്ങൾ ഇല്ലാതെ, ജീവിതം ആസ്വദിക്കുന്ന അല്ലെങ്കിൽ എന്നും ഹണിമൂൺ ലൈഫ് എന്നാണ് കൂട്ടുകാരന്റെ അഭിപ്രായം.


ഹണിമൂൺ കലിപ്പ് തീരാത്ത വല്യമ്മച്ചിയും എന്നും ഹണിമൂൺ ലൈഫ് എന്ന് അവകാശപ്പെടുന്ന ഞാനും കൂടി ആ വീഡിയോ കാണാൻ ഇരുന്നു. കല്യാണം കഴിഞ്ഞ പെണ്ണും ചെറുക്കനും ഒരു പാർക്കിലേക്ക് ഓടി വരുന്നു. പെണ്ണിനെ എടുക്കുന്നു കറക്കുന്നു ഉമ്മ വെക്കുന്നു പിന്നെയും ഓടുന്നു. നല്ല ഉഗ്രൻ ഇംഗ്ലീഷ് പാട്ടാണ്  പാശ്ചാത്തല സംഗീതം.അതിലെ വരികൾക്ക് അനുസരിച്ചാണ് സീനുകൾ. എന്തോ ബോധോദയം വന്ന പോലെ രണ്ടുപേരും കൂടി മീൻ പിടിക്കാൻ പോകുന്നു. ചൂണ്ട ഇട്ടെങ്കില്‍ കൊത്താം എന്ന മട്ടിലാണെന്ന് തോന്നുന്നു, മീനുകൾ. ചൂണ്ട ഇട്ടയുടൻ മീൻ റെഡി. ഉടൻ  അതിന്റെ സന്തോഷപ്രകടനം. കെട്ടിപ്പിടുത്തവും ഉമ്മ യുമൊക്കെ പുട്ടിന് തേങ്ങ ഇടുന്നതു പോലെയാണ്. വിറകെല്ലാം തപ്പി നടന്ന് മീൻ-നെ ചുട്ടെടുക്കുന്നു. "ഇവരൊക്കെ മീനിനെ പിടിച്ചാണോ ഭക്ഷണം കഴിക്കുന്നത്, വീട്ടിൽ അടുപ്പൊന്നുമില്ലേ?" വല്യമ്മച്ചി യുടെ ചില സംശയങ്ങൾ കേട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അല്ലങ്കിൽ തന്നെ  സ്നേഹപ്രകടനങ്ങൾ കണ്ട് ഇഷ്ടപ്പെടാതെ ഇരിക്കുകയാണ്, വല്യമ്മച്ചി. പാട്ടിന്റെ ഇടയ്ക്ക് രണ്ടു മൂന്നു പ്രാവശ്യം വേഷം മാറിയത് വല്യമ്മച്ചിയെ ആകെ കൺഫ്യുഷനിലാക്കി. തുണി മാറണമെങ്കിൽ  ബീച്ചിലോ പാർക്കിലോ പോകണോ ? ജീവിതത്തിൽ ഇങ്ങനെയൊക്കെ ആവുമോ എന്നറിയില്ല എന്നാലും അതിലെ ഓരോ സീനുകളും ഒന്നിനൊന്ന് വ്യത്യസ്തവും വിസ്മയകരവുമായിരുന്നു. വല്യമ്മച്ചിയുടെ സംശയങ്ങളിലെ കോമഡി കൂടി ആയപ്പോൾ ഒരു സിനിമ കാണുന്നത് പോലെ തോന്നി.


വീഡിയോ കാണുന്നതിനിടയ്ക്ക് അതിലെ നായകനും നായികയും അവിടെ വന്നിട്ടുണ്ടായിരുന്നു. കല്യാണത്തിന് ഫോട്ടോ എടുക്കുന്നതിലെ പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ളതാണ് ഈ "ഫോട്ടോ ഷൂട്ട്." കണ്ടപ്പോൾ രസകരവും ബാലിശമായിട്ടാണ് തോന്നിയത്. വെയിലത്ത് കൂടിയുള്ള ഷൂട്ടിംഗ്‌ യും അവരുടെ ജോലിയുടെ ഇടയ്ക്ക് "ലീവ്" എടുക്കേണ്ടി വന്നതിനെകുറിച്ചുമായിട്ട്, അവർക്കും ആവലാതികൾ പറയാനേറെയുണ്ട്. എന്നാലും അവർ "ഹാപ്പി" ആണ്. അവരുടേതായ പുതിയ ലോകത്തിലെ വലിയ വിജയങ്ങളിലെത്താനുള്ള പ്രതീക്ഷയിലാണ് രണ്ടുപേരും.



പത്തമ്പതു  വർഷം അതിയാന്റെ കൂടെയുള്ള ജീവിതവും മക്കളും ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന പേരക്കുട്ടികളും അവരുടെ കുട്ടികളൊക്കെയായിട്ടുള്ള വല്യമ്മച്ചി, പഴയതും പുതിയതുമായ എന്തൊക്കെയോ കാര്യങ്ങൾ ചിന്തിച്ച് അതിന്റെ ക്ലേശത്തിൽ ജീവിതം തന്നെ മടുത്ത രീതിയിലാണ് പെരുമാറ്റം. അതുകൊണ്ടായിരിക്കാം പുതിയ അറിവ് കിട്ടിയ രീതിയിൽ വല്യമ്മച്ചി എൻ്റെ ചെവിയിലായിട്ട് ചോദിച്ചു, "ഇങ്ങനെയൊക്കെ ഓടിയാൽ സ്നേഹം കൂടുമോ?"


വല്യമ്മച്ചിക്ക് ഓടാനോ അതോ ബാക്കിയുള്ളവരെ ഓടിക്കാനാണോ എന്നറിയില്ല അതുകൊണ്ട് തന്നെ മറുപടി കൊടുക്കാതെ ഞാൻ ചിരിച്ചു. അതേ, ഇന്നത്തെ പുതിയ തലമുറകളുടെ ആശയങ്ങളോട് പൊരുത്തപ്പെടാനാകാതെ, വല്യമ്മച്ചി ആകെ ചിന്താകുഴപ്പത്തിലാണ്.