കലണ്ടർ കണ്ടുകൊണ്ടിരിക്കുമ്പോൾ, ചേച്ചി പറഞ്ഞു, "അതിൽ ചിലതൊക്കെ, "ഫോട്ടോ ഷൂട്ട്" ന്റെ ആണ്".
കല്യാണം കഴിഞ്ഞിട്ടുള്ള ഹണിമൂൺ യാത്രയെ പറ്റി കേട്ടിട്ടുണ്ടെങ്കിലും "ഫോട്ടോ ഷൂട്ട്" എനിക്കും അവിടെ അതിഥിയായിട്ടുള്ള വല്യമ്മച്ചിക്കും പുതുമയുള്ള കാര്യമായിരുന്നു.
കൂട്ടുകാരികളൊക്കെ ഊട്ടി, കൊടൈക്കനാളിലേക്കോക്കെ ഹണിമൂൺ യാത്ര പോയപ്പോൾ, വല്യമ്മച്ചിയെ കൊണ്ടുപോയത് മദ്രാസ്സിലേക്കാണ്, ഇത്രയും ചൂട് പിടിച്ച രാജ്യത്തേക്ക് കൊണ്ടുപോയത് പോരാത്തതിന് ആ തീവണ്ടിയാത്രയിൽ കംപാർട്ട്മെൻറിലാണെങ്കിൽ വെള്ളവുമില്ലായിരുന്നു. എല്ലാംകൂടി ആയിട്ട് ഹണിമൂൺ യാത്രയുടെ കലിപ്പ് ഇപ്പോഴും തീരാതെയാണ് വല്യമ്മച്ചി.
ഞാനാണെങ്കിൽ, "ഹണിമൂൺ" എന്ന വകുപ്പിൽ പെട്ട ഒരു യാത്ര നടത്തിയിട്ടില്ലെങ്കിലും ജോലിയുടെ ഭാഗമായിട്ടുള്ള സ്ഥലമാറ്റം കാരണം കുട്ടികളും പെട്ടികളും ഒക്കെയായി മൂന്നുനാലു രാജ്യങ്ങളിൽ താമസിച്ചതു കൊണ്ടും കല്യാണ പിറ്റേന്ന് മുതൽ വീട്ടമ്മ എന്ന ലേബലിൽ ആയതിനാൽ യാതൊരുവിധ പിരിമുറക്കങ്ങൾ ഇല്ലാതെ, ജീവിതം ആസ്വദിക്കുന്ന അല്ലെങ്കിൽ എന്നും ഹണിമൂൺ ലൈഫ് എന്നാണ് കൂട്ടുകാരന്റെ അഭിപ്രായം.
ഹണിമൂൺ കലിപ്പ് തീരാത്ത വല്യമ്മച്ചിയും എന്നും ഹണിമൂൺ ലൈഫ് എന്ന് അവകാശപ്പെടുന്ന ഞാനും കൂടി ആ വീഡിയോ കാണാൻ ഇരുന്നു. കല്യാണം കഴിഞ്ഞ പെണ്ണും ചെറുക്കനും ഒരു പാർക്കിലേക്ക് ഓടി വരുന്നു. പെണ്ണിനെ എടുക്കുന്നു കറക്കുന്നു ഉമ്മ വെക്കുന്നു പിന്നെയും ഓടുന്നു. നല്ല ഉഗ്രൻ ഇംഗ്ലീഷ് പാട്ടാണ് പാശ്ചാത്തല സംഗീതം.അതിലെ വരികൾക്ക് അനുസരിച്ചാണ് സീനുകൾ. എന്തോ ബോധോദയം വന്ന പോലെ രണ്ടുപേരും കൂടി മീൻ പിടിക്കാൻ പോകുന്നു. ചൂണ്ട ഇട്ടെങ്കില്‍ കൊത്താം എന്ന മട്ടിലാണെന്ന് തോന്നുന്നു, മീനുകൾ. ചൂണ്ട ഇട്ടയുടൻ മീൻ റെഡി. ഉടൻ അതിന്റെ സന്തോഷപ്രകടനം. കെട്ടിപ്പിടുത്തവും ഉമ്മ യുമൊക്കെ പുട്ടിന് തേങ്ങ ഇടുന്നതു പോലെയാണ്. വിറകെല്ലാം തപ്പി നടന്ന് മീൻ-നെ ചുട്ടെടുക്കുന്നു. "ഇവരൊക്കെ മീനിനെ പിടിച്ചാണോ ഭക്ഷണം കഴിക്കുന്നത്, വീട്ടിൽ അടുപ്പൊന്നുമില്ലേ?" വല്യമ്മച്ചി യുടെ ചില സംശയങ്ങൾ കേട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അല്ലങ്കിൽ തന്നെ സ്നേഹപ്രകടനങ്ങൾ കണ്ട് ഇഷ്ടപ്പെടാതെ ഇരിക്കുകയാണ്, വല്യമ്മച്ചി. പാട്ടിന്റെ ഇടയ്ക്ക് രണ്ടു മൂന്നു പ്രാവശ്യം വേഷം മാറിയത് വല്യമ്മച്ചിയെ ആകെ കൺഫ്യുഷനിലാക്കി. തുണി മാറണമെങ്കിൽ ബീച്ചിലോ പാർക്കിലോ പോകണോ ? ജീവിതത്തിൽ ഇങ്ങനെയൊക്കെ ആവുമോ എന്നറിയില്ല എന്നാലും അതിലെ ഓരോ സീനുകളും ഒന്നിനൊന്ന് വ്യത്യസ്തവും വിസ്മയകരവുമായിരുന്നു. വല്യമ്മച്ചിയുടെ സംശയങ്ങളിലെ കോമഡി കൂടി ആയപ്പോൾ ഒരു സിനിമ കാണുന്നത് പോലെ തോന്നി.
വീഡിയോ കാണുന്നതിനിടയ്ക്ക് അതിലെ നായകനും നായികയും അവിടെ വന്നിട്ടുണ്ടായിരുന്നു. കല്യാണത്തിന് ഫോട്ടോ എടുക്കുന്നതിലെ പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ളതാണ് ഈ "ഫോട്ടോ ഷൂട്ട്." കണ്ടപ്പോൾ രസകരവും ബാലിശമായിട്ടാണ് തോന്നിയത്. വെയിലത്ത് കൂടിയുള്ള ഷൂട്ടിംഗ് യും അവരുടെ ജോലിയുടെ ഇടയ്ക്ക് "ലീവ്" എടുക്കേണ്ടി വന്നതിനെകുറിച്ചുമായിട്ട്, അവർക്കും ആവലാതികൾ പറയാനേറെയുണ്ട്. എന്നാലും അവർ "ഹാപ്പി" ആണ്. അവരുടേതായ പുതിയ ലോകത്തിലെ വലിയ വിജയങ്ങളിലെത്താനുള്ള പ്രതീക്ഷയിലാണ് രണ്ടുപേരും.
പത്തമ്പതു വർഷം അതിയാന്റെ കൂടെയുള്ള ജീവിതവും മക്കളും ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന പേരക്കുട്ടികളും അവരുടെ കുട്ടികളൊക്കെയായിട്ടുള്ള വല്യമ്മച്ചി, പഴയതും പുതിയതുമായ എന്തൊക്കെയോ കാര്യങ്ങൾ ചിന്തിച്ച് അതിന്റെ ക്ലേശത്തിൽ ജീവിതം തന്നെ മടുത്ത രീതിയിലാണ് പെരുമാറ്റം. അതുകൊണ്ടായിരിക്കാം പുതിയ അറിവ് കിട്ടിയ രീതിയിൽ വല്യമ്മച്ചി എൻ്റെ ചെവിയിലായിട്ട് ചോദിച്ചു, "ഇങ്ങനെയൊക്കെ ഓടിയാൽ സ്നേഹം കൂടുമോ?"
വല്യമ്മച്ചിക്ക് ഓടാനോ അതോ ബാക്കിയുള്ളവരെ ഓടിക്കാനാണോ എന്നറിയില്ല അതുകൊണ്ട് തന്നെ മറുപടി കൊടുക്കാതെ ഞാൻ ചിരിച്ചു. അതേ, ഇന്നത്തെ പുതിയ തലമുറകളുടെ ആശയങ്ങളോട് പൊരുത്തപ്പെടാനാകാതെ, വല്യമ്മച്ചി ആകെ ചിന്താകുഴപ്പത്തിലാണ്.
ആകെ ചിന്താകുഴപ്പത്തിലായ വല്ല്യമ്മച്ചി ...
ReplyDeleteഅതെ ...പാവം വല്യമ്മച്ചി.....നന്ദി
Deleteകാലവും കോലവും മാറുന്നു .അല്‍പ്പം മാറിയിരുന്നു കാണാം .അതാണ് കരണീയം
ReplyDeleteഹ ഹ ....അതെ ഇനി രക്ഷയുള്ളൂ .....നന്ദി
Deleteഅതെ ....കാലം മാറി കോലവും മാറിക്കൊണ്ടിരിക്കുന്നു ... വല്യമ്മച്ചിമാരൊന്നും അത്ര പെട്ടെന്നൊന്നും ഇത് ഉൾക്കൊള്ളാനും പോവുന്നില്ല.
ReplyDeleteശരിയാന്നു......നന്ദി
Delete