5/9/17

അബ്റട്ടോ (Aberto) അലാർറ്റെ ( Alarte)

കൈയ്യിൽ സ്‌കെയിലോ അല്ലെങ്കിൽ സ്ട്രോയോ പിടിച്ച് എന്നെ നോക്കി 'അബ്റട്ടോ' എന്നോ 'അലാർറ്റെ' എന്ന് പറയുന്ന, മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകന്റെ കളികളെ ഒരു തമാശ ആയിട്ടാണ് തോന്നിയത്.ചിലപ്പോൾ ദേഷ്യം വരുമ്പോൾ ഞാനും അവനെ നോക്കി 'അപ്പറന്റെയോ അലാറന്റോ ' എന്നൊക്കെ പറയുമ്പോൾ കൈയ്യിൽ ചട്ടുകമോ വല്ല തവിയോ ആയിരിക്കുമെന്ന് മാത്രം. മന്ത്രവാക്യങ്ങൾക്ക് മല്ലു ഉച്ചാരണവുമായിരിക്കും. അധ്യയനവർഷത്തിനിടയക്ക് കിട്ടുന്ന ഒരാഴ്‍ച അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണവൻ. ആ അവധിക്കാലത്ത് അവൻ്റെ ആവശ്യപ്രകാരം  'ഹാരിപോർട്ടർ' പുസ്തകം മേടിച്ചു കൊടുക്കാനും മടി തോന്നിയില്ല അങ്ങനെയാണല്ലോ വായനാശീലം ഉണ്ടാവുന്നത്. പുസ്തക വായന കഴിഞ്ഞപ്പോൾ അതിൻ്റെ സിനിമയുടെ 'dvd' കാണൽ ആയി അടുത്ത പരിപാടി. അങ്ങനെ രാവിലെ പുസ്തകവായന ഉച്ചയ്ക്ക് സിനിമ കാണൽ. ഒരു പക്ഷെ അതിൻ്റെ രചയിതാവ് ആയ 'ജെ. കേ റൌളിംഗ്' തന്‍റെ മനസ്സിൽ രൂപപ്പെടുത്തിയ കഥാപാത്രങ്ങളേക്കാൾ മനോഹരമായി അവൻ അതെല്ലാം ഉൾക്കൊണ്ടിട്ടുണ്ട്.

ഒരു രാത്രി, മഴയുടെ ആരംഭത്തിന്‍റെ ഭാഗമെന്ന പോലെ ഫ്ലാഷടിക്കുന്നതു പോലെയുള്ള മിന്നലും അതിനെ തുടര്‍ന്നുള്ള  കാതടപ്പിക്കുന്ന ഇടിവെട്ടും ശക്തമായ കാറ്റും...ഏതൊക്കെ ഫ്ലാറ്റിന്റെ ജനലുകളും വാതിലുകളും കൊട്ടിയടക്കുന്ന ശബ്ദം കൂട്ടത്തില്‍ മകന്‍റെ "അമ്മാ" വളരെ ദയനീയമായ കരച്ചിലും. എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ വീട്ടിലുള്ളവരെല്ലാം അവന്‍റെ അടുത്തെത്തി. അങ്ങേയറ്റം പേടിയുള്ള മുഖത്തോടെ കട്ടിലില്‍ ഇരുന്ന് കരയുന്നുണ്ട്. 'Voldemort' കർട്ടൺ -ന്‍റെ പുറകിൽ നിന്നും അങ്ങോട്ട് പോയി അവിടെന്ന് ഇങ്ങോട്ട് പോയി,  എന്നൊക്കെ പറഞ്ഞാണ് കരച്ചിൽ. അവൻ്റെ നിസ്സഹായതയോടു കൂടിയുള്ള മുഖവും വിവരണവും എന്നേയും പേടിപ്പിച്ചു. പിന്നീടുള്ള എല്ലാവരുടെ ചോദ്യം ചെയ്യലിൽ നിന്നാണ് അതൊരു ദു:സ്വപ്‍നം ആണെന്ന് മനസ്സിലായത്. എല്ലാവരും ആശ്വസിപ്പിച്ചും കളിയാക്കിയും അവനെ ചിരിപ്പിച്ചും സമാധാനപ്പിച്ചും അവനെ വീണ്ടും ഉറക്കാൻ കിടത്തി.  കഴിഞ്ഞ ഒരാഴ്‌ച യായി, സാങ്കല്പിക മാന്ത്രിക നോവലായ 'ഹാരിപോർട്ടർ' പുസ്തകവായനയും സിനിമ കാണലുമൊക്കെയായിരുന്നല്ലോ, അതുകൊണ്ട് തന്നെ എല്ലാവർക്കും തമാശ ആയിട്ടാണു തോന്നിയത്. അന്ന് രാത്രി പലപ്രാവശ്യം "അമ്മാ" ദയനീയമായ കരച്ചിലോടെ അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് കരഞ്ഞു കൊണ്ടിരുന്നു. ‘സ്വപ്‍നങ്ങൾക്കും ഹാംങ് വറോ’ ?

പിന്നീടുള്ള രാത്രികളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അതോടെ എല്ലാവരുടേയും കുറ്റപ്പെടുത്തലുകള്‍   എന്‍റെ നേരെ ആകാന്‍ അധികം സമയം വേണ്ടി വന്നില്ല. പതിവുള്ള കുസൃതിയും ചിരിയും വാശികളുമില്ലാതെ എന്തിനെയോ ഭയപ്പെടുന്ന മാതിരിയുള്ള അവന്‍റെ മുഖം കാണുമ്പോൾ, എന്നെ കൂടുതൽ ഭയപ്പെടുത്തുമായിരുന്നു. എന്നാലും ആ പുസ്തകത്തിലെ വില്ലനായ 'Vodemort' ആണോ വന്നത്, ഞാൻ ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞു കൊണ്ട് അവനെ ആശ്വസിപ്പിക്കുമ്പോൾ, ജീവിതത്തിൽ  ഓരോ പുതിയ പരീക്ഷണങ്ങളും എവിടെ നിന്നാണ് വരുന്നതെന്നും അത് എങ്ങനെ കൈകാര്യം ചെയ്യേണ്ടതെന്നും എന്നറിയാതെ ഞാൻ വിഷമിച്ചു. എനിക്കാണെങ്കിൽ ചില രക്തരക്ഷസ്സുകളെ കുരിശ് കാണിച്ച് പേടിപ്പിക്കുന്ന ചില കഥകളാണ് അറിയാവുന്നത്.
പിശാചുകളുടേയും പ്രേതങ്ങളുടേയും കഥയുടെ പുസ്തകമാണോ, ഒരു കൊച്ചു കുട്ടിക്ക് വായിക്കാൻ കൊടുത്തതെന്ന് ചോദിച്ച്, ബന്ധുമിത്രാദികളും എനിക്ക് നേരെ നെറ്റി ചുളിച്ചു. ഏകദേശം 46 ദശലക്ഷം പകർപ്പുകളാണ് വിറ്റു പോയിട്ടുള്ളത്. 67  ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള പുസ്തകമാണ് പക്ഷെ ഇതൊക്കെ ആരോട് പറയാനാണ്. എന്തായാലും പേടിച്ച് കരയുന്ന അവനെ, ചിന്തകളിൽ നിന്നും   മാറ്റം വരുത്തുക എന്ന ലക്ഷ്യത്തിൽ ട്ടി.വി. യിലെ കാർട്ടൂൺ കാണിച്ച് കൊടുത്ത് അവശ്യത്തിനും അനാവശ്യത്തിനും തമാശ എന്ന് പറഞ്ഞ് ചിരിച്ച്, ഉറക്കം തൂങ്ങിയിരിക്കുന്ന അവനെ ചിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു.എന്നും കാർട്ടൂൺ ചാനലിനോട് "നോ" പറയുന്ന എനിക്ക് വന്ന മാറ്റം അവനെ കൂടുതൽ പേടിപ്പിച്ചോ അതോ ചിരിപ്പിച്ചോ എന്നറിയില്ല എന്നാലും അത്ഭുതത്തോടെ അവൻ എന്നെ നോക്കുമായിരുന്നു. ഈ പരിപാടി രാത്രിയിൽ പല പ്രാവശ്യവും ഉണ്ടാകുമായിരുന്നു. എനിക്ക് സഹനത്തിന്റെ നാളുകളായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, പേടിയൊക്കെ മാറി അവൻ സുഖമായിട്ടുറങ്ങാൻ തുടങ്ങി.എന്നാലും അവൻ ഉറക്കത്തിൽ കരയുന്നുണ്ടോ എന്നറിയാനായി ഞാൻ പലപ്രാവശ്യവും അവൻ കിടന്നുറങ്ങുന്നത് പോയി നോക്കുമായിരുന്നു. അങ്ങനെ  വല്ല വിധത്തിലും ഹാരിപോർട്ടർ പുസ്തകത്തിലെ വില്ലനായ ''Vodemort' നെ ഞാൻ ഒതുക്കി എന്ന് തന്നെ പറയാം.
കാലം മാറി, കുട്ടികൾ വലുതായി കൂട്ടത്തിൽ ഞാനും. കൈയ്യിൽ ചട്ടുകം ഒക്കെ പിടിച്ച് "അബ്‌റാട്ടോ / അലാർറ്റെ' ഒക്കെ പറഞ്ഞിരുന്ന ഞാനിപ്പോൾ ചട്ടുകത്തിന് പകരം മൊബൈൽ ഫോൺ ആയിരിക്കും പിടിക്കുക. സാങ്കേതികവിദ്യയിൽ വന്ന മാറ്റം കൊണ്ടുള്ള സംശയങ്ങൾ 'ഗൂഗിൾ' നോക്കി മനസ്സിലാക്കി എടുക്കന്നതിനേക്കാളും എളുപ്പം  ഇന്ന് കോളേജിൽ പഠിക്കുന്ന അവനോട് ചോദിക്കുന്നതാണ്. പക്ഷെ അതിനായിട്ടു അവൻ കനിയണം. ഒരു പഞ്ച് ലൈൻ (Punch line) എന്ന രീതിയിൽ, 'ദയനീയമായ അമ്മാ ' വിളിയും വിളിക്കാൻ ഞാൻ മറക്കാറില്ല.
അല്ലെങ്കിലും സഹനത്തിന്റെ നാളുകൾ പിന്നിട്ടു കഴിയുമ്പോൾ ആ ഓർമ്മകൾക്ക് പ്രത്യേകിച്ചോരു  മധുരമുണ്ടാകുമല്ലോ. ഒരമ്മയുടെ റോളിൽ ഇരുന്ന് ഓർത്തിരിക്കാനുള്ള ചില നല്ല മുഹൂർത്തങ്ങളാണിതൊക്കെ. എനിക്കുറപ്പാണ് ഏതൊരു അമ്മയ്ക്കും പടിയിറങ്ങിയ കൊല്ലങ്ങളിലൂടെ തിരിച്ച് കേറുമ്പോൾ മനസ്സിലോർത്ത് വെക്കാനായിട്ട് ഒരു പാട് നല്ല മുഹൂർത്തങ്ങൾ അവർ നമ്മുക്ക് സമ്മാനിച്ചിട്ടുണ്ടാകും. ഇങ്ങനത്തെ ഓർമ്മകളും അവരെക്കുറിച്ചുള്ള ഉല്‍കണ്ഠകളും നെടുവീർപ്പുകളും എല്ലാം ഒരമ്മക്ക് സ്വന്തം, അല്ലെ ?

May 14, 2017 ..എല്ലാ അമ്മ മാര്‍ക്കും മാതൃദിനാശംസകള്‍








8 comments:

  1. അഡ്വാൻസ് ആയി മാതൃദിനാശംസകൾ .ഭർത്താവായാലും മക്കളായാലും ഓരോ കാലത്തും കിട്ടുന്ന പ്രതികരണം ,സ്നേഹം ഒക്കെ വേറെ വേറെയാണ്. മഞ്ചാടിക്കുരു പോലെ പെറുക്കിക്കൂട്ടി സൂക്ഷിച്ചോളൂ .പിന്നീട് ഓർക്കാം .

    ReplyDelete
    Replies
    1. നന്ദി ......വളരെ ശരിയാ ...ഓര്‍ക്കാന്‍ കുറെ നല്ല ഓര്‍മ്മകള്‍

      Delete
  2. മാതൃദിനാശംസകള്‍... പൊടിമീശക്കാരായപ്പോള്‍ കുഞ്ഞിലെ കാര്യങ്ങള്‍ പറഞ്ഞാല്‍ ആദ്യം നിഷേധിക്കുമെങ്കിലും, കുറച്ച് കഴിഞ്ഞാല്‍, 'പിന്നെയെന്താ ഞാന്‍ ചെയ്തത്' എന്നും ചോദിച്ചു വരാറുണ്ട് എന്‍റെ മക്കള്‍ :)

    ReplyDelete
    Replies
    1. അതെ.....വളരെ സത്യം ആണ്

      Delete
  3. കാലം മാറി...
    ചട്ടുകത്തിന് പകരം മൊബൈൽ ഫോൺ
    സാങ്കേതികവിദ്യയിൽ വന്ന മാറ്റം മനസ്സിലാക്കി
    എടുക്കന്നതിനേക്കാളും ഒരു ഒരമ്മയുടെ റോളിൽ ഇരുന്ന്
    ഓർത്തിരിക്കാനുള്ള ചില നല്ല മുഹൂർത്തങ്ങളാണിതൊക്കെ.
    എനിക്കുറപ്പാണ് ഏതൊരു അമ്മയ്ക്കും പടിയിറങ്ങിയ കൊല്ലങ്ങളിലൂടെ
    തിരിച്ച് കേറുമ്പോൾ മനസ്സിലോർത്ത് വെക്കാനായിട്ട് ഒരു പാട് നല്ല
    മുഹൂർത്തങ്ങൾ അവർ നമ്മുക്ക് സമ്മാനിച്ചിട്ടുണ്ടാകും. ഇങ്ങനത്തെ ഓർമ്മകളും അവരെക്കുറിച്ചുള്ള ഉല്‍കണ്ഠകളും നെടുവീർപ്പുകളും എല്ലാം ഒരമ്മക്ക് സ്വന്തം

    ReplyDelete
  4. ഒരമ്മയ്ക്കെന്തെല്ലാം ഓർത്തിരിക്കാനുണ്ടാകും അല്ലേ ചേച്ചീ.?

    ReplyDelete
    Replies
    1. അതെ ...ഓര്‍ പാട് ...ഒരു ജീവിതം മുഴുവനും .....

      Delete