11/29/16

സലെബ്രിറ്റി

പുലിക്കളിയോട് സാമ്യമുള്ള ഷർട്ടും തൊപ്പിയും നല്ല കറുത്ത കണ്ണാടിയും ധരിച്ച് വണ്ടിയിലേക്ക് കേറി വരുന്ന  ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കാതിരിക്കാൻ  കഴിഞ്ഞില്ല. അത്രയും നേരം ഭർത്താവുമായി കൊഞ്ചിയും കുഴഞ്ഞും ഇരുന്ന എന്റെ അടുത്ത സീറ്റിലെ പെൺകുട്ടി, അയാളെ കണ്ടതും ഒറ്റ കുതിപ്പിന് അവന്റെ അടുത്തെത്തി, സൗഹൃദസംഭാഷണത്തിലും അവനുമായിട്ടുള്ള സെൽഫിയുടെ ലോകത്തായി.ഇന്നത്തെ യാത്രകളിൽ മിക്കവരും അവരവരുടെ ലോകത്തായിരിക്കും. ഒരു പരിചയഭാവമോ സൗഹൃദസംഭാഷണത്തിനോ ആരും തയ്യാറല്ല.എല്ലാവരും മൗനത്തിന്റെ ഒരു കോട്ട കെട്ടി ആരോട് പിണങ്ങി ഇരിക്കുന്നതു പോലെയാണ്.യാത്രകളിൽ മിക്കവാറും ആളുകളെയും അവരുടെ ഭാവങ്ങളേയും നോക്കിയിരിക്കാൻ എനിക്കിഷ്ടമാണ്.അടുത്തിരിക്കുന്നവർ കല്യാണം കഴിഞ്ഞ് വല്ല"ഹണിമൂൺ ട്രിപ്പ്" ന് പോകുന്നവരായിട്ടാണ്, ഞാൻ വിചാരിച്ചിരുന്നത്. ആ അവളാണോ, തൊപ്പിക്കാരനുമായിട്ട് "സെൽഫി എടുക്കുന്നത്..? സെൽഫിയിലെ   "പോസ്സുകളായ രണ്ടു പേരുടെ മുഖം ചേർത്തു വെച്ചതും, തോളിൽ കൈയ്യിട്ടുള്ള പോസ്സുകൾ എന്നെ കൂടുതൽ മാനസികപിരിമുറക്കത്തിലാക്കി. പഴയകാല സിനിമയിൽ ആണെങ്കിൽ അങ്ങനത്തെ ഒരു ഫോട്ടോയാണ്, കഥയിലെ പ്രധാന വില്ലന്‍. ആ നായികമാർക്ക് വേണ്ടി എന്തുമാത്രം കണ്ണുനനച്ചിരിക്കുന്നു എന്നെപ്പോലെയുള്ളവര്‍. അതു കൊണ്ട് തന്നെ അവളുടെ ഭർത്താവിന്റെ മുഖഭാവത്തെ ഞാൻ ഇടംകണ്ണിട്ട് നോക്കി, അവിടെ  വലിയ കോളിളക്കമൊന്നും കാണാത്ത കാരണം ആ തത്സമയ പരിപാടികളിൽ ഞാനും ആസ്വാദകനായി!

ആകാംക്ഷയോടെയുള്ള "അതാരാ" എന്ന ചോദ്യം. തിരിച്ചു വന്നിരുന്ന പെൺകുട്ടിയോട് ആയിരുന്നെങ്കിലും സെൽഫി എടുത്ത് തിരിച്ച് പോകുന്ന ഒരു ചെറിയ കുട്ടി, അയാളുടെ പേര് പറഞ്ഞു തന്നു.അതാരാണ് എന്നായി അടുത്ത ചോദ്യം.MTV യിലെ ഒരു അവതാരകനാണ്.കൂട്ടത്തിൽ എന്നോട് ഒരു ചോദ്യവും, ആന്‍റിക്ക് ഇവരെയൊന്നും അറിഞ്ഞുകൂടേ- "ഇല്ല-എന്ന് തലയാട്ടി കാണിച്ചെങ്കിലും. എന്റെ ജി.കെ (general knowledge) യുടെ കാര്യത്തിൽ ഞാൻ ആകെ ചെറുതായതു പോലെ തോന്നി.പണ്ട് ഡൽഹി കാണാൻ വന്ന കുടുംബത്തിലെ കുട്ടിക്ക്, നെഹ്‌റു ഗാന്ധി, ഇന്ദിരാ ഗാന്ധി യുടെയൊക്കെ മ്യൂസിയം കാണാൻ പോയപ്പോൾ അവരെപ്പറ്റി മൊത്തം "കൺഫ്യൂഷൻ " ആയിരുന്നു. അതൊക്കെ മനസ്സിലാക്കി കൊടുത്തത് ഞാനായിരുന്നു.പൊതുവെ റ്റി.വി പരിപാടികളോട് താത്പര്യം ഇല്ലാത്തതു കൊണ്ട് ഇങ്ങനത്തെ "ഷോ" കൾ കാണാറില്ല. അതുകൊണ്ട് ഉണ്ടായ നാണക്കേടാണിത്. ഇനി ഇതൊക്കെ ആരോട് പറയാൻ, അല്ലെങ്കിലും ഇന്നത്തെ കാലത്ത് അവരെക്കാളും പ്രാധാന്യം ഇവർക്കാണല്ലോ! ഒരുപക്ഷെ ഞാൻ തന്നത്താൻ മനസ്സമാധാനം കാണുകയായിരുന്നു.

മിക്കവരും അവനുമായിട്ടുള്ള സെൽഫിയുടെ തിരക്കിലാണ്.എല്ലാവരോടും വിനയാന്വിതനായിട്ടാണ് പെരുമാറ്റമെങ്കിലും ആളുകളുടെ ശ്രദ്ധപിടിച്ചെടുക്കാനായിട്ട് തെരഞ്ഞെടുത്ത വേഷവിധാനങ്ങളിൽ അവൻ വിജയിച്ചിരിക്കുന്നു.വലിയ വൃത്താകൃതിയിലുള്ള തൊപ്പി കാണാൻ ആകർഷണമാണെങ്കിലും അനുസരണയില്ലാത്ത കൊച്ചുകുട്ടിയെ പോലെയായിരുന്നു. തലയുടെ ഓരോ അനക്കത്തിലും അടുത്തുള്ളവരുടെ കണ്ണാടിയുടെ സ്ഥാനം തെറ്റിക്കുകയും പലരുടെ മുഖത്തും പോറലുകളുണ്ടാക്കി.എന്നാലും പലർക്കും തൊപ്പി വെച്ചിട്ടുള്ള അവതാരകന്റെ കൂടെയുള്ള സെൽഫിക്കാണ് ഡിമാന്‍ഡ്.അദ്ദേഹം, അടുത്ത പ്രോജക്ട് -നെ കുറിച്ചും ഇപ്പോഴത്തെ പരിപാടിയിലെ തമാശകളെ കുറിച്ചും  ചില നാട്ടുകാരെ കണ്ടുപിടിച്ച് അവിടത്തെ വിശേഷങ്ങൾ ആരായുന്നുണ്ടെങ്കിലും അതിലൊക്കെ ആർക്കെങ്കിലും താത്പര്യമുണ്ടെന്ന് തോന്നുന്നില്ല.പലർക്കും എടുത്ത ഫോട്ടോ, കൂട്ടുകാർക്ക് അയച്ചു കൊടുക്കുന്നതിനും അതിലെ കമന്റ്സ് -നുമാണ് പ്രാധാന്യം.


 എന്തൊക്കെയാണെങ്കിലും "സലെബ്രിറ്റി'യുടെ വരവോടെ, യാത്രക്കാരെല്ലാം ഉഷാറായി. കേട്ടും കണ്ടും അറിഞ്ഞ് വന്ന ആളുകൾ അദ്ദേഹത്തിന്റെ ചുറ്റും എപ്പോഴും ഉണ്ടായിരുന്നു.  എത്ര പെട്ടെന്നാണ് എല്ലാവരും അവരവരുടെ മൗനത്തിന്റെ കോട്ടയിൽ നിന്നും പുറത്തിറങ്ങിയത്.

എന്റെ യാത്ര ഇത്രയും രസകരമാക്കി തന്നതിന്റെ നന്ദി സൂചകമായി, ഞാനും ഒരു "ഷേക്ക് ഹാൻഡ് കൊടുത്ത്, അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ, മനസ്സിലറിയാതെ വന്ന വരികൾ
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ 
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ 
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു  കെട്ടുന്നതും  ഭവാന്‍













9/29/16

80G



ഉച്ച ഉറക്കത്തിന്റെ ആലസ്യത്തിലാണ് കതക് തുറന്നത്. പരിഷ്ക്കാരികളായ രണ്ടു ചെറുപ്പക്കാരികളാണ് അവിടെ ഉണ്ടായിരുന്നത്. എന്നെ കണ്ടയുടൻ -അമ്മ എവിടെ, അമ്മയെ വിളിക്കാമോ ?'

ആരുടെ അമ്മ ? എന്റെ അമ്മയോ ? എങ്ങനെ അറിയാം ?

എന്റെ ഇംഗ്ലീഷും അവരുടെ ഹിന്ദിയും പിന്നെ എന്റെ ഹിന്ദിയും അവരുടെ ഇംഗ്ലീഷും -അങ്ങനെ ഭാഷയിലെ വ്യത്യാസം ഞങ്ങളെ ആകെ ആശയക്കുഴപ്പത്തിലാക്കി.
പരിചയമില്ലാത്ത ശബ്ദം കേട്ടിട്ടാവും മകനും കാര്യം അന്വേഷിച്ച് അവിടെ എത്തി.

"ഓ! ചേച്ചി യാണോ വീട്ടിലെ അമ്മ, ഞങ്ങൾ ഓർത്തു .....അത്രയും നേരം "ദീദി" എന്ന് വിളിച്ചിരുന്നവർ പിന്നീട്  ആന്റി വിളിയിലോട്ട് മാറാൻ അധിക സമയം വേണ്ടിവന്നില്ല.ആശയക്കുഴപ്പവും അതിലെ തമാശയുമൊക്കെ ആസ്വദിച്ചു വന്നപ്പോഴേക്കും ഞങ്ങൾ നാലു പേരും സ്വീകരണ മുറിയിലെ സോഫയിൽ ഇരിപ്പായി.

ഒരു ചെറുപ്പക്കാരി മകനോടായി -" അമ്മയെ പറ്റി എന്താണഭിപ്രായം, ഒരു പക്ഷെ അമ്മയില്ല എന്ന് വിചാരിച്ചു നോക്കൂ "

ങേ, വടി പോലെ മുൻപിൽ ഇരിക്കുന്ന ഞാൻ ഇല്ലാതാവുകയോ -അവന് ഒരു പിടിയും കിട്ടിയില്ല.

ഉറങ്ങികിടന്ന എന്നെ "കാളിങ് ബെല്ലടിച്ച് എണീപ്പിച്ച്   വല്ല "ശവപ്പെട്ടിയിൽ കിടത്താനാണോ ...ദൈവമേ, വട്ടാണോ .......കാര്യം അറിയാതെ ഞങ്ങൾ രണ്ടുപേരും വീണ്ടും ആശയക്കുഴപ്പത്തിലായി!

അവധിദിനമായതു കൊണ്ട് വീട്ടിലുണ്ടായിരുന്ന ഭർത്താവും ഈ സംഭാഷണങ്ങൾ കേട്ടിട്ടാവും സ്വീകരണമുറിയിൽ എത്തി. I.T co യിൽ ജോലി ചെയ്യുന്ന അവർ, മാതൃദിനമായ അന്ന് ഏതോ ചാരിറ്റബിൾ സ്ഥാപനത്തിന് വേണ്ടി പിരിവിന് വേണ്ടി ഇറങ്ങിയതാണ്. .സ്ഥാപനത്തെ കുറിച്ചുള്ള ലഘുരേഖകളും വിവരണപത്രവും കാണിച്ചു തന്നു. അവിടെയുള്ള കുട്ടികളെ പറ്റിയും അവരുടെ ഭാവിയെ കുറിച്ചുമാണ് അവർ സംസാരിച്ചിരുന്നത്..അഭിനന്ദീനമായ അവരുടെ ആ   പ്രവൃത്തി ഞങ്ങളെ അത്ഭുതപ്പെടുത്തി പ്രത്യേകിച്ചും ഇന്നത്തെ പുതിയ തലമുറയിലെ ചെറുപ്പക്കാരികൾ ! പക്ഷേ സംഭാവനയ്ക്കായി മേടിക്കുന്ന തുകയ്ക്കുള്ള രസീതിൽ, ആ സ്ഥാപനം രജിസ്റ്റർ ചെയ്ത സംഖ്യ(number) ഇല്ലായിരുന്നു. ഭർത്താവ് അവരോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ, അവർക്കും അങ്ങനത്തെ അറിവ് ഒന്നും ഇല്ല.

അതോടെ ഞങ്ങൾക്കും അവരോടുള്ള ബഹുമാനം കുറഞ്ഞു തുടങ്ങിയോ എന്ന് സംശയം. അപ്പോഴേക്കും കൂട്ടത്തിലെ ഒരു കുട്ടിക്ക് ബാത്ത് റൂം യിൽ പോകണം മറ്റേയാൾക്ക് കുടിക്കാൻ വെള്ളവും വേണം പിന്നീടുള്ള വർത്തമാനത്തിൽ നിന്ന് മനസ്സിലായി രാവിലെ മുതൽ ഇങ്ങനെ നടന്ന കാരണം ഉച്ചഭക്ഷണം കഴിച്ചിട്ടില്ലെന്ന്.അങ്ങനെ വിശപ്പ്, ദാഹം, ബാത്ത്റൂം എല്ലാത്തിനും പരിഹാരങ്ങൾ ചെയ്തു കൊടുക്കുമ്പോഴും അവർ ആ സ്ഥാപനത്തെപ്പറ്റി വായ്തോരാതെ പറയുന്നുണ്ട്.ഇന്ത്യ പോലെയുള്ള  ഒരു രാജ്യത്ത് ഇങ്ങനത്തെ ഒരു രസീത് പുസ്തകം അച്ചടിക്കാനാണോ പ്രയാസം "? എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.ഭർത്താവിൽ നിന്നും അനുകൂലമായ മറുപടി കിട്ടാത്തതു കൊണ്ടാവും അവർ എന്നോടായി പറഞ്ഞു - " ആന്റി, ഇതിന് 80G ഉണ്ട് ". ഒരു വീട്ടമ്മ ആയതു കൊണ്ട് അതിനൊന്നും എനിക്ക് വലിയ പ്രാധാന്യമില്ല .നിസ്സാഹായതോടെ അവരെ നോക്കി പുഞ്ചിരിച്ചപ്പോഴും, ഞാന്‍- എന്‍റെ ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുകയായിരുന്നു. പരിചയമില്ലാത്ത ഇവര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നതിന്, അവരെ വീട്ടിനകത്തോട്ട് കയറ്റിയതിന്,...  ഇവർ പോയിക്കഴിയുമ്പോൾ എനിക്ക് കിട്ടാൻ പോകുന്ന വഴക്കിന്റെ അളവിനെ കുറിച്ചോർത്താണ്, ഞാൻ കൂടുതൽ അസ്വസ്ഥമായത്. പലപ്പോഴും മകനും ഭർത്താവും അതിന്റെ മുന്നോടിയായി രൂക്ഷത്തോടെ എന്നെ നോക്കുന്നുണ്ട്. ആ 2 ചെറുപ്പക്കാരികളും നല്ലൊരു തട്ടിപ്പ് സംഘത്തിന്റെ കണ്ണികളായിട്ടാണ് തോന്നിയത്. ഒരു പക്ഷെ അവർ അറിഞ്ഞോ അറിയാതെയോ ആയിരിക്കാം.

കുറച്ച് നാളുകൾക്ക് ശേഷം അത്യാവശ്യമായി പുറത്ത് പോകാനായി തയ്യാറായി കൊണ്ടിരിക്കുമ്പോഴാണ് "കാളിങ് ബെൽ "കേട്ടത്. ബാൽക്കണിയിലൂടെ നോക്കിയപ്പോൾ, മാന്യമായി വസ്ത്രധാരണം ചെയ്ത ഒരു ചെറുപ്പക്കാരിയാണ്.എന്നെ കണ്ടയുടൻ -"ആന്റിയുടെ അച്ഛന് ജോലിയാണോ ബിസിനസ്സ് ആണോ?

അന്ന് "ഫാദേഴ്സ് ഡേ " ആയതു കൊണ്ട് ആ ചോദ്യങ്ങളുടെ പരിണിതഫലം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.അതുകൊണ്ട് കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളുമായി മുന്നോട്ട് പോകാതെ തന്നെ ഞാൻ അവരെ യാത്രയാക്കി.പോകുന്ന സമയത്ത് അവരും എന്നോട് പറഞ്ഞു -"ആന്റി 80 G" ഉണ്ട്.

80 G, 1961 - നിലവിൽ വന്നതാണെങ്കിലും, ഞാൻ അതിനെപ്പറ്റി ശ്രദ്ധിക്കുന്നത് അന്നാണ്.പിന്നീടങ്ങോട്ട് ധനസഹായം ആവശ്യപ്പെടുന്ന എവിടെയും  അത് ആരാധനാലയങ്ങൾ , വിദ്യാഭ്യാസസ്ഥാപനങ്ങൾ ഷോപ്പിംഗ് മാളുകളിൽ പോലും സംഭാവന ചോദിക്കുന്നവർ എല്ലാവരും 80 G യേയും കുറിച്ചു ഓർമ്മപ്പെടുത്താറുണ്ട്.കേൾക്കുമ്പോൾ അരോചകം ആയി തോന്നാറുണ്ടെങ്കിലും  അവർ തമ്മിലുള്ള ബന്ധം കണ്ടാൽ "സിം ഇല്ലാത്ത മൊബൈൽ ഫോൺ പോലെയാണ്.

വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന പ്രമാണത്തിലാണ് വീട്ടിൽ വളർത്തിയിരുന്നത്.അതു കൊണ്ട് തന്നെ ദാനധർമ്മങ്ങൾക്ക് ആവശ്യത്തിലേറേ വാർത്തകൾ പത്രത്തിൽ ഫോട്ടോ സഹിതം കാണുമ്പോൾ  പുച്ഛമാണ് തോന്നിയിട്ടുള്ളത്.പക്ഷെ ഇന്ന് ദാനധർമ്മം എന്നത്  മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു.

സംഭവിച്ചതെല്ലാം നല്ലതിന്‌, സംഭവിക്കുന്നതും നല്ലതിന്‌, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്‌.......എന്ന പ്രത്യാശയോടെ

80 G (Donations to notified Funds and charitable institutions) ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും. ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന് ഇത് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം. (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.) 
കടപ്പാട്-
http://mathematicsschool.blogspot.in/2015/12/income-tax-2015-16.html



8/8/16

Apps അറിയാത്ത അമ്മാമ്മ

കുടുംബാംഗങ്ങൾ എല്ലാം ഒത്തു കൂടിയിരിക്കുന്ന അവസരത്തിലാണ് അവിടെ എത്തി ചേരാൻ പറ്റാത്ത വിദേശത്ത് പഠിക്കുന്ന അവന്റെ പിറന്നാളിന് എങ്ങനെയെങ്കിലും അവനെ ആശ്ചര്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീട്ടിലുള്ള നൂജിക്കാര്‍ അവരവരുടെ ന്യൂതനമായ ഉപകരണങ്ങളുടെ മുൻപിലാണ്. ചിലർ ചിലവില്ലാത്ത പിറന്നാൾ ആശംസകൾ കാർഡുകളാണെങ്കിൽ മറ്റു ചിലർ ചില "ഓൺ ലൈൻ ഷോപ്പിംഗ്"ങ്ങളിലൂടെ സമ്മാനങ്ങൾ ഓർഡർ ചെയ്യുന്നുണ്ട്.  അവരുടെ ഓരോ വിരൽ അമർത്തലിൽ കൂടി (ക്ലിക്ക്)  ആ ഉപകരണങ്ങളിൽ നിന്നുള്ള ആശയങ്ങൾ എല്ലാം ഒന്നിനുഒന്ന് മെച്ചപ്പെട്ടതായിരുന്നു.അതിലൊന്നായിരുന്നു അവൻ താമസിക്കുന്ന സ്ഥലത്ത് തന്നെയുള്ള കടയിൽ നിന്ന് കേക്ക് ഓർഡർ ചെയ്ത് അവനെ വിസ്മയസ്തബ്ധനാക്കുക എന്ന ആശയം. കടക്കാർ അവരുടെ പലതരത്തിലുള്ള കേക്കിനെ കുറിച്ചും പാക്കിംഗ് നെയും കൊണ്ടു കൊടുക്കുന്നതിനെ കുറിച്ചും വിശദമായ വിവരണവും പടങ്ങളും കൊടുത്തിട്ടുണ്ട്.

ഉയർന്ന ഉദ്യോഗപദവയിൽ നിന്നും വിരമിച്ച ശേഷം, കംപ്യുട്ടർ മൊബൈൽ ഫോൺ ....എന്നിങ്ങനെയുള്ള ആധുനിക ഉപകരണങ്ങളുമായി മറ്റുള്ളവർ  മല്ലിയിടുമ്പോൾ അതിൽ നിന്നും മാറി, ഞാൻ എങ്ങെനെ ആണോ ഇത്രയും കാലം ജീവിച്ചത് അതുപോലെയാണ് ഇനിയുള്ള കാലം എന്ന് വാശി പിടിച്ചിരിക്കുന്ന മാമനും കയ്യാലപുറത്തെ തേങ്ങ പോലെ അതായത് പഴഞ്ചനുമല്ല ന്യൂജിയും അല്ലാത്ത അവസ്ഥയിൽ ഇരിക്കുന്ന എനിക്കും ഏതോ ജാലവിദ്യ കാണുന്നത് പോലെ ആയിരുന്നു ഓരോ ആശയങ്ങളും. മാജിക്ക്കാരന്‍ , തന്‍റെ ദണ്ഡു കൊണ്ട് പുതിയ വിസ്മയങ്ങൾ കാണിച്ച് കാണികളെ അദ്ഭുതപ്പെടുത്തിയിരിക്കുന്നതിന് സമാനമായിട്ടായിരുന്നു ഓരോ പദ്ധതികളെയും പറ്റി തോന്നിയത്.
മാമനിൽ മതിപ്പ്‌ തോന്നിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാവരുടെയും പെരുമാറ്റം.കംപ്യൂട്ടർ, മൊബൈൽ ഫോൺ ഉപയോഗിക്കാത്ത കൊണ്ട് മാമന് നഷ്ടപ്പെടുന്ന പുതിയ ലോകത്തെ കാണിക്കണം എന്ന ഉദ്ദേശ്യവുമുണ്ട്  എല്ലാവര്‍ക്കും .അതുകൊണ്ട് തന്നെ ഓരോ ചെറിയ കാര്യങ്ങളും എല്ലാവരുമായി ചർച്ച ചെയ്താണ് മുന്നോട്ട് പോകുന്നത്.പക്ഷെ പൈസ കൊടുക്കാനായി "ക്രെഡിറ്റ് കാർഡ്" ഉപയോഗിക്കുന്നത് കണ്ടതോടെ, "ക്രെഡിററ് കാര്‍ഡോ, എന്ത് ക്രെഡിറ്റ് അതായത് കടം പറഞ്ഞാണോ മേടിക്കുന്നത് ?" ഏകദേശം 75 വയസ്സുള്ള മാമൻ രോഷാകുലനായി." എന്റെ ജീവിതത്തിൽ ഇതു വരെ ഒരു സാധനവും കടം പറഞ്ഞ് മേടിച്ചിട്ടില്ല, കാശില്ലെങ്കിൽ മേടിക്കില്ല, ഞങ്ങളൊക്കെ ആത്മാഭിമാനമുള്ളവരായിരുന്നു." മാമൻ വീണ്ടും വാചാലനാവുകയാണ് ...

ഞങ്ങൾ അവരാരേയും പറ്റിക്കുകയല്ല എന്ന കാര്യം മാമനെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള കർത്തവ്യം.കുട്ടികൾ ഒന്നും അറിയാത്ത പോലെ അവരുടെ ഉപകരണങ്ങളിൽ കുത്തിക്കൊണ്ടിരുന്നു.വിവരിച്ചു കൊടുക്കാൻ അറിയുന്നവർ, പതുക്കെ അവിടം വിട്ട് പോയി.അതോടെ വഴക്കിനും സംശയങ്ങൾക്കും മറുപടി കൊടുക്കേണ്ടത് എന്റെ ഡ്യൂട്ടിയായി.

വയസ്സാകുന്നതോടെ കുട്ടികളെ പോലെയാകും എന്ന് പറയുന്നത് പോലെതന്നെയായിരുന്നു മാമന്റെ സംശയങ്ങൾ."കേക്ക്, അവന് കൊണ്ടു കൊടുത്തില്ലെങ്കിൽ എന്ത് ചെയ്യും, ബാങ്ക് കാർ അവർക്ക് പൈസ കൊടുത്തില്ലെങ്കിൽ എന്ത് ചെയ്യും ......ആ പട്ടിക അങ്ങനെ നീണ്ടു കൊണ്ടിരിക്കുകയാണ്.ചിലതിനൊക്കെ ഞാൻ മറുപടി കൊടുത്തെങ്കിലും അതൊക്കെ കൂടുതൽ സംശയങ്ങൾക്കായി വഴി തെളിയിക്കുകയാണ്.പിന്തുണക്കായി  കുട്ടി സെറ്റുകളിൽ നിന്ന് ഒരുത്തനെ ഞാൻ വിളിച്ചെങ്കിലും, എന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ അവൻ എന്റെ അടുത്ത് വന്ന് പറഞ്ഞു " ഒരു മൊബൈൽ ഫോൺ പോലും ഉപയോഗിക്കാനറിയാത്ത  ആളിനെ എന്ത് പറഞ്ഞു മനസ്സിലാക്കാൻ, വേഗം ഇവിടെ നിന്ന് സ്ഥലം വിട്ടേക്കൂ."
കുഞ്ഞുനാള്‍ മുതലേ പഠിക്കാൻ മിടുക്കനായിരുന്ന മാമൻ, ഒരു പക്ഷെ ഞാനടക്കം ഉള്ള ഒരു തലമുറയുടെ "ആദര്‍ശമാതൃക(role model) ആയിരുന്നു. അദ്ദേഹത്തെ പോലെ പഠിച്ച് മിടുക്കനാവാനായിരുന്നു ഞങ്ങളുടെ മാതാപിതാക്കന്മാരും ഞങ്ങളെ ഉപദേശിച്ചിരുന്നത്.അദ്ദേഹത്തെ ആണോ ഇത്രയും നിസ്സാരനാക്കി കളഞ്ഞത്.കേട്ടപ്പോൾ വിഷമം തോന്നി.നമ്മുടെ ജീവിതമൂല്യങ്ങളാണ്, നമ്മളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിനെല്ലാം മാതാപിതാക്കന്മാരെ പോലെ ഇവരെല്ലാം ( പഴയതലമുറ) വലിയ പങ്ക് വഹിച്ചിട്ടില്ലേ ? അവരെ എല്ലാം അത്രയും നിസ്സാരക്കാരായി കാണേണ്ടതുണ്ടോ?  

ശാസ്ത്രം പുതിയ കണ്ടുപിടുത്തങ്ങളോടെ അനുദിനം മാറികൊണ്ടിരിക്കുകയാണ് അതോടപ്പം നമ്മുടെ കുട്ടികളും.കൂട്ടത്തില്‍   മനുഷ്യത്വവും.

 ഇന്ന് എന്തിനും ഏതിനും "apps" കൾ  ഡൗൺ ലോഡ് ചെയ്യുന്ന കാലമാണല്ലോ, പലപ്പോഴും അതിനെയൊക്കെ കളിയാക്കാറുകയാണുള്ളത് എന്നാൽ   തമാശയായിട്ടാണെങ്കിലും അവൻ പറഞ്ഞ ആ വാചകം എന്നെ കൂടുതൽ ചിന്തിപ്പിക്കുകയായിരുന്നു. അല്ലെങ്കിൽ "Apps അറിയാത്ത അമ്മാമ്മ എന്ന് പറഞ്ഞ് എന്നെ മാറ്റി നിറുത്തുന്ന സമയം അധികം ദൂരെയല്ല. അതേ, ഞാൻ എൻ്റെ ഭാവിയെ കുറിച്ച് വ്യാകുലപ്പെടുകയാണ്!!!! 







7/1/16

ഇത്തിരി കാഴ്ചകളും ഒത്തിരി ഓര്‍മ്മകളും

അങ്ങനെ ഒരു ദിനത്തിലേക്ക് ഞങ്ങള്‍ രാജാവും രാജ്ഞിയും രാജകുമാരന്മാരുമായി."നീമറാനാ ഫോർട്ട് പാലസ്‌ (Neemrana fort palace),യിൽ താമസിക്കുമ്പോൾ, പാലസിൽ താമസിക്കുന്നവരെ സാധാരണയായി അങ്ങനെയൊക്കെ അല്ലെ പറയാറുള്ളത്!A.D 1464-യിൽ പണി തുടങ്ങിയ 16-ആം നൂറ്റാണ്ടിലെ ഹിൽ ഫോർട്ട്, ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും പുരാതനമായ "ഹെറിറ്റേജ് റിസോര്‍ട്ട്, അവിടെയാണ്  ഞങ്ങളുടെ  അന്നത്തെ താമസം.122 കി.മീ ഡൽഹി-ജയ് പൂരിലോട്ടുള്ള ഹൈ-വേ യിലാണ് ഈ സ്ഥലം.1986 മുതലാണ് സുഖവാസ കേന്ദ്ര മാക്കിയത്.അവിടെയുള്ള ഓരോ മുറിയേയും "മഹൽ "എന്ന് ചേർത്താണ് പേര് കൊടുത്തിരിക്കുന്നത്.ഞങ്ങൾ താമസിച്ചത് "ഹീര മഹൽ"ആയിരുന്നു.


രാജകീയ പ്രൗഢിയോടെ ഉള്ള കവാടം കടന്ന്, മുകളിലേക്ക് ലക്ഷ്യമിട്ടിരിക്കുന്ന പാത നടന്ന് കേറി ആതിഥ്യോപകചാര സ്ഥലത്ത് എത്തിയപ്പോഴേക്കും ഞാനും കൂട്ടത്തിലെ പലരും അവശരായിരുന്നു.നമ്മൾ മനസ്സിൽ കാണുന്നത് അവൻ മനസ്സിൽ കാണും എന്ന് പറയുന്ന പോലെ അവിടത്തെ ഒരു ജീവനക്കാരൻ, നല്ല തണുത്ത സംഭാരവും പലതരം പഴച്ചാറുകളുമായി പുഞ്ചിരിയോടെ നിൽക്കുന്നു.സാഹചര്യത്തിന് അനുസരിച്ചുള്ള അവന്റെ സഹായമനസ്കതക്ക് അവനോട് ആദരവ് തോന്നിയെങ്കിലും അതിന്റെ ആവശ്യമില്ല ആ ജ്യുസ്സ്, "ട്ടൂർ പാക്കേജിൽ "പറഞ്ഞിരിക്കുന്ന "വെൽക്കം ഡ്രിങ്ക്" ആണെന്നാണ് കൂട്ടത്തിലുള്ള കുട്ടികളുടെ അഭിപ്രായം.

അവിടെയാണെങ്കിൽ രണ്ട് രാജസ്ഥാനികളായ സ്ത്രീകൾ അവരുടെ പാരമ്പര്യാനുസൃതവേഷമായ  ധാരാളം ഞൊറികളുള്ള പാവാടയും ബ്ലൗസും തലയിലെ തുണി കൊണ്ട് മുഖത്തിന്റെ മുക്കാൽ ഭാഗവും മറച്ച് വെച്ച്, ഏതോ കീ കൊടുത്ത പാവയെപോലെ അവിടെയെല്ലാം അടിച്ച് വൃത്തിയാക്കുന്നുണ്ട്.ശുചിത്വഭാരതം എന്നതിന്റെ തയ്യാറെടുപ്പിലായിരിക്കാം.  ഇന്ത്യയിലെ അങ്ങോള മിങ്ങോളമുള്ള റിസോർട്ടുകളിലാണ്  പറയും പ്രകാരം ശുചിയായി കണ്ടിട്ടുള്ളത്.

പുരാതന ഫോർട്ടിന് കോട്ടം വരാതെ എന്നാൽ അതിനോട് ചേർന്ന് പല പുതിയ നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്.ആധുനികവും പുരാതനവും കൂടി കലർത്തിയ സംസ്കാരമാണ് കണ്ടത്.നീന്തൽ കുളവും തിയേറ്ററും എയർകണ്ടീഷണറും ......അങ്ങനെ ഒരു റിസോർട്ടിന് വേണ്ട എല്ലാ ഉചിതമായ ചേരുവകളോട് കൂടിയാണിത്. സസ്യശ്യാമളതയുടെ വിശാലമായ കാഴ്ചയാണ് അവിടെ നിന്ന് എങ്ങോട്ട് തിരിഞ്ഞ് നോക്കിയാലും അത് തന്നെയാണ് ആ സ്ഥലത്തിന്റെ സൗന്ദര്യം.

വിശ്രമിക്കാനായി സോഫ പോലത്തെ ഊഞ്ഞാലുകളും ദിവാനുകളും കുഷ്യനുകളുമൊക്കെ ബാൽക്കണിയിലും ഹാളിലുമായി സജ്ജീകരിച്ചിട്ടുണ്ട് കൂട്ടത്തിൽ കാരംബോർഡ്, പാമ്പു കോണി , ചെസ് ബോർഡ് ഇല്ലാത്തതിന്റെ കരുക്കളും അടുക്കിവെച്ചിട്ടുണ്ട്.ഗൃഹാതുരത്വമുണർത്തുന്ന ആ കളികൾ എന്നെപ്പോലെ പലരേയും ആ പഴയകാലത്തേക്ക് കൂട്ടി കൊണ്ടു പോയി എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. കളിയിൽ തോൽക്കാൻ തുടങ്ങുമ്പോൾ അറിയാതെ കൈ തട്ടി ബോർഡ് താഴെ വീഴുന്നതും അതിനെ തുടർന്നുള്ള അടിപിടിയും വഴക്ക് കൂടലും പറയാനേറെയുണ്ട് എല്ലാവർക്കും. ആ സംഘത്തിൽ മലയാളിയായിട്ട് ഞാനും കുടുംബവും മാത്രമേയുള്ളൂ എന്നിട്ടും എല്ലാവരുടേയും ബാലകാല്യ സ്മരണകൾ സാമ്യമുള്ളവ തന്നെ. ആ സമയങ്ങളിൽ എല്ലാം കുട്ടികളും  അവരുടെ ഫോണിലും അതുപോലത്തെ മറ്റു  സാമഗ്രികളിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ അവരുടെ കളികളെയും അവർ ഞങ്ങളുടെ കളികളേയും പ്രത്യേകിച്ച് പാബ്- കോണി എന്ന കളിയിലെ, ആകാംക്ഷയോടെ ഡൈസിൽ  നോക്കുന്ന ഞങ്ങളെ ക്കുറിച്ചും  കളിയാക്കി കൊണ്ടിരുന്നു.ഒരു പക്ഷെ ഇതിനായിരിക്കാം "ജനറേഷൻ ഗ്യാംപ് എന്ന് പറയുന്നത് !

ഉച്ചഭക്ഷണം "ബുഫേ " ആയതിനാൽ പയ്യെ തിന്നാൽ പനയും തിന്നാം എന്ന മട്ടിലായിരുന്നു ഞങ്ങളിൽ ഓരോത്തരും.പലതരം രാജസ്ഥാനി വിഭവങ്ങളായ, "ചുർമ്മ -ദാൽ ബാട്ടി ( ചുർമ്മ , ഒരു ഉണ്ട ആട്ട-എണ്ണയിൽ വറുത്തോ അല്ലെങ്കിൽ ബേക്ക് ചെയ്തോ എടുക്കണതാണ് ) മിസ്സി റോട്ടി ( ആട്ട യും കടലമാവും ചേർത്ത് ഉണ്ടാക്കിയ റോട്ടി ) ഗാട്ടി കി സബ്‌സി ( കടലമാവ് കൊണ്ട് ചെറിയ ഉരുളകൾ ഉണ്ടാക്കി തൈര് എല്ലാം ചേർത്ത ഒരു കറി).നമ്മൾ പൊതുവെ നോർത്ത് ഇന്ത്യൻ ഭക്ഷണം എന്ന്  പറഞ്ഞ് ചപ്പാത്തി,പൂരി, നാന്‍, റോട്ടി...... സാമാന്യവൽക്കരിക്കുമ്പോഴും അതിലെ ചില വിശിഷ്ടമായ ഭക്ഷണങ്ങളായിട്ടാണ് മേൽപറഞ്ഞ വിഭവങ്ങളെ പ്പറ്റി കൂടെ യുള്ളവർ വിവരിച്ചു തന്നത്.എല്ലാത്തിലും നെയ്യ്-ന്റെ ഉപയോഗം ഒരു പടി മുന്നിലാണ്.


ഒട്ടകത്തിന്റെ പുറത്ത് ഇരുന്നോ അല്ലെങ്കിൽ ഒട്ടകം വലിക്കുന്ന വണ്ടി അതുമല്ലെങ്കിൽ 'വിൻറ്റേജ് കാർ"ഇരുന്ന് അടുത്ത നഗരപ്രാന്ത പ്രദേശങ്ങളിലേക്കുള്ള യാത്ര, അതിലും കൂടുതൽ  സാഹസികത വേണമെന്നുണ്ടെങ്കിൽ "Zipping-വായുവിൽ കൂടിയുള്ള സഞ്ചാരം, നമ്മളെ കേബിളുമായി ഘടിപ്പിച്ചിട്ടുള്ള യാത്രയാണിത്. കിണറ്റിൽ നിന്നും വെള്ളം കോരി എടുക്കുന്ന "കപ്പി - ആ സയൻസ്സാണ്  അതിൽ ഉപയോഗിച്ചിരിക്കുന്നത് . കേബിൾ ആണുള്ളത് 330മീ,400മീ,90മീ 250 മീ  & 175 മീ. ഏറ്റവും മുകളിലുള്ള കേബിൾ -ന്റെ അടുത്തേക്ക് മല കയറണം. ശരിയായ പാതകൾ ഇല്ലാത്തതും കരിങ്കല്ല് വെട്ടി ഉണ്ടാക്കിയ വഴികൾ ആയകാരണം ആ യാത്ര തന്നെ സാഹസികത നിറഞ്ഞതായിരുന്നു.ആവശ്യത്തിനുള്ള നിർദ്ദേശങ്ങൾ മനസ്സിലാക്കി "zipping" എന്ന അടുത്ത കടമ്പ കാൽ എടുത്ത് വെച്ചു.5 കേബിൾ കൂടിയുള്ള എന്‍റെ   യാത്ര, ഓരോ അനുഭവം തന്നെയായിരുന്നു.യാത്രകളിൽ ഞാൻ ഇരുന്ന രീതി ശരിയാവാത്ത കാരണം  കാറ്റിന്റെ ഗതി കൊണ്ട് മുൻപോട്ട് നോക്കിയിരുന്ന ഞാൻ പുറകിലോട്ട് നോക്കിയായി യാത്ര.മറ്റൊരു പ്രാവശ്യം പകുതിക്ക് വെച്ച് നിന്നു പോയി. പിന്നീട് നിർദ്ദേശകൻ വലിച്ചു കൊണ്ട് മറ്റേ തലയ്ക്കൽ എത്തിച്ചു. വേറെയൊരു പ്രാവശ്യം ബ്രേക്ക് ചെയ്യാൻ മറന്നു പോയി അങ്ങനെ എന്റെ വകയായും  സാഹസികതക്കുള്ള  ചേരുവകൾ കൂട്ടി എന്ന് തന്നെ പറയാം.


വൈകുന്നേരം 7 മണിയോടെ റിസോർട്ട് കാർ തന്നെ ഏർപ്പാട് ചെയ്ത, രാജസ്ഥാനിന്റെ മറ്റൊരു പ്രത്യേകതയായ "കഥക് ഡാൻസ് " ഉണ്ടായിരുന്നു.മഹാഭാരതത്തിലെ കഥയെ ആസ്പദമാക്കിയുള്ള കഥയായിരുന്നു.കാൽപാദങ്ങൾ  കൊണ്ടുള്ള ദ്രുത ചലനം വെച്ച്, ചിലങ്ക യും മൃദംഗവും തമ്മിൽ സമയക്രമീകരണത്തിലൂടെയുള്ള ഘോഷം ആണ്, അതിന് ഏറ്റവും മനോഹാരിത ആയി തോന്നിയത്.

പുലർകാലെ അടുത്ത ഗ്രാമപ്രദേശങ്ങളിലൂടെ ഉള്ള സൈക്കിൾ സവാരിയും ആസ്വദിക്കപ്പെട്ട നിമിഷങ്ങളായിരുന്നു.പല വീടുകളുടെ മുൻപിലും, നഗരത്തിൽ കാണുന്നത് പോലെ കാറുകളോ വാഹനകളോ ആയിരുന്നില്ല പകരം എരുമ, ആടുകൾ, പട്ടി .......അതൊക്കെ ആയിരിക്കാം  ചിലപ്പോൾ അവരുടെ അന്തസ്സിന്റെ അടയാളങ്ങൾ ! ഉഷ്ണകാലം ആയതുകൊണ്ടായിരിക്കാം പലരും മുറ്റത്തെ കട്ടിലിലാണ് ഉറക്കം.ഞങ്ങളുടെ ബഹളം കേട്ടിട്ടായിരിക്കും ആളുകളും മൃഗങ്ങളും ഉറക്കച്ചടവോടെ ഞങ്ങളെ നോക്കി.അവരുടെയെല്ലാം മുഖത്ത് അപരിചിതഭാവം ഉണ്ടായിരുന്നു.പാടങ്ങളിൽ ചിലതിൽ ഉള്ളി കൃഷിയായിരുന്നു. മറ്റേ ചിലയിടത്ത് "കോട്ടൺ -ന്റെ വിത്ത് പാകിയിരിക്കുന്നു എന്നാണ് പറഞ്ഞത്.ചില സ്ഥലങ്ങളിൽ ഇന്ത്യയിൽ എല്ലായിടത്തും  "ശോചനാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. കൂട്ടത്തിലെ പലരും ഞങ്ങളുടെ കൂടെ വരാത്തതിന്റെ കാരണം പിന്നീട് ഇതിനെപ്പറ്റി പറഞ്ഞപ്പോൾ പറഞ്ഞു.ഗ്രാമീണരേ ഫോട്ടോ എടുക്കാൻ ക്ഷണിച്ചപ്പോൾ, വയസ്സായവർ പലരും അതിന് പൈസ തരുമോ എന്നാണ് ചോദിച്ചത്.ദേശി/വിദേശി ആണോ എന്നാണ് പുതിയ തലമുറക്ക് അറിയേണ്ടത്. ഹിന്ദി യിൽ സംസാരിക്കുന്നത് കേട്ടിട്ടാവും, അവർ പൈസ ചോദിച്ചവരെ വഴക്ക് പറയുന്നുണ്ടായിരുന്നു. ഇന്ത്യ യുടെ ട്ടൂറിസ്സത്തിൽ, സ്‌മാരകക്കെട്ടിടങ്ങൾക്കും  ദരിദ്രരർക്കും ഒരു പോലെ പ്രാധാന്യമുണ്ട് എന്ന് പറയുന്നത് എത്ര സത്യമാണ് അല്ലെ !

പ്രഭാത ഭക്ഷണം കഴിച്ച്,പാലസ്സിനെ ഒന്നും കൂടെ വിസ്മയത്തോടെ ചുറ്റികണ്ട്, തിരിച്ചുള്ള യാത്രക്കുള്ള  തയ്യാറെടുപ്പിലായി ഞങ്ങൾ.അവിടെ തന്നെയുള്ള കടയിൽ നിന്നും എന്തെങ്കിലും സ്മാരകസമ്മാനം മേടിക്കാമെന്ന് വിചാരിച്ചെങ്കിലും സാധനവും വിലയും തമ്മിൽ യോജിപ്പ് തോന്നാത്തതു കൊണ്ട്. ഇത്തിരി കാഴ്ചകളും ഒത്തിരി ഓർമ്മകളുമായി  തിരിച്ചു വീടുകളിലേക്ക് ..........




.

6/16/16

മുത്തച്ഛന്‍റെ കംപ്യൂട്ടര്‍ ക്ലാസ്

 അഞ്ചോ-ആറോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, ഞാനും കുട്ടികളും കൂടെ അച്ഛനെ കമ്പ്യൂട്ടർ പഠിപ്പിക്കുക എന്ന സാഹസത്തിന് മുതിരുന്നത്.കൊച്ചുകുട്ടികളെ കൈപിടിച്ച് അക്ഷരമെഴുതിക്കുന്നതു പോലെയായിരുന്നു, മുത്തച്ഛനെകൊണ്ട് കമ്പ്യൂട്ടറിന്റെ മൗസ് ഉപയോഗിക്കാനുളള ക്ലാസ്. വീട്ടിലെ കമ്പ്യൂട്ടര്‍ അറിയാവുന്ന എല്ലാവരും കൈ പിടിച്ചാണ് മൌസ് ഉപയോഗിക്കാനും ക്ലിക്ക് ചെയ്യാനും പഠിപ്പിച്ചത്. അതിനുശേഷം കംപ്യൂട്ടര്‍ ഓണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാനുള്ള ക്ലാസ്സ്. അച്ഛനാണെങ്കില്‍ ഒരു പുസ്തകവും പേനയുമായി, കോളേജില്‍ ലെക്ച്ചര്‍ നോട്ട് എഴുതിയെടുക്കുന്നത് പോലെ, ആരുടെ വായില്‍ നിന്നും എന്തു വീണാലും എഴുതിയെടുക്കും.

 ഡെസ്ക്ടോപ്പ്, ടാസ്ക്ബാര്‍ അങ്ങനെ പുസ്തകം പുതിയവാക്കുകള്‍ കൊണ്ട് നിറയുകയാണ്.
വീട്ടിലെ ഒരു ടീച്ചര്‍ യാഹൂ പഠിപ്പിക്കാന്‍ പുറപ്പെടുമ്പോൾ  മറ്റൊരാള്‍ ജിമെയില്‍ പഠിപ്പിക്ക്, അപ്പെഴെക്കും അടുത്ത നിര്‍ദ്ദേശം ഫേസ്ബുക്ക് പഠിപ്പിക്കുക, അപ്പോള്‍പഴയ കൂട്ടുകാരെയൊക്കെ കണ്ടുപിടിക്കാം.വീട്ടിലെ എല്‍കെജികാരന്‍ മുതല്‍ എല്ലാവരും കംപ്യൂട്ടര്‍ ടീച്ചര്‍മാരാണ്. ആദ്യം ഏത് പഠിപ്പിക്കണമെന്ന ചര്‍ച്ചയിലാണ് എല്ലാ കംപ്യൂട്ടര്‍ ടീച്ചര്‍മാരും.അവര്‍ ഒരു തീരുമാനത്തില്‍ എത്തുബോഴെക്കും, വീട്ടിലെ ബഹളം കാരണം എനിക്ക്  കംപ്യൂട്ടര്‍ പഠിക്കേണ്ട യെന്ന നിലപാടിലാണ്, പഠിക്കാന്‍ വന്ന കുട്ടി. പിന്നെ ഒരു സമാധന ചര്‍ച്ച.

അതൊടെ എല്ലാവരും നല്ല ടീച്ചര്‍മാരും വിദ്യാര്‍ഥിയുമാകും . ഒരു അരമണിക്കൂര്‍ നല്ല രീതിയില്‍ ക്ലാസ്സ് പോകും പിന്നെയും തഥൈവ. പാസ്സ്‌വേര്‍ഡ്‌ ഒക്കെ വീട്ടിലെ എല്ലാവർക്കും  കാണാപാഠം.
അടുത്ത കടമ്പ, സ്പെല്ലിംഗ് പഠിച്ചുവരുന്ന ഒരു കൊച്ചുകുട്ടിയെപ്പൊലെ ഓരോ അക്ഷരങ്ങൾക്ക് വേണ്ടിയുള്ള  തപ്പല്‍ … (സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ് ഈ അക്ഷരങ്ങള്‍ക്കുവേണ്ടിത്തപ്പുന്നത്!)

"നിനക്ക് ഗൂഗിൾ ചെയ്തു നോക്കികൂടെ അതിനെന്താ ഒന്നിനും നിനക്ക് ക്ഷമയില്ലല്ലോ, ….  അങ്ങനെ  വടി കൊടുത്ത് അടി വാങ്ങുന്ന തരത്തിലെ പലതരം അനുഭവങ്ങള്‍ ഗൂഗിളും കമ്പ്യൂട്ടര്‍ പഠിപ്പിക്കല്‍ കൊണ്ട് എനിക്ക് ഉണ്ടായിട്ടുണ്ട്.ഇങ്ങനെയൊക്കെ ആണെങ്കിലും  ഇപ്പോള്‍ ചാറ്റിംഗ്, ഇമെയില്‍, വെബ്‌കാം വഴി കൊച്ചുമക്കളുടെ കളികൾ  യെന്നുവേണ്ടെ- കംപ്യൂട്ടര്‍ പഠനം കൊണ്ട് അച്ഛന്  A window to the world, യെന്ന മട്ടാണ്. കംപ്യൂട്ടര്‍ പഠിക്കാന്‍ വേണ്ടി  എടുത്ത ഉത്സാഹത്തിനും ക്ഷമക്കും ഞാന്‍ നന്ദി പറഞ്ഞു കൊണ്ട്....

  

Happy Father’s Day(19/06/2016)
(ഇത് ഒരു repost ആണ്)

5/12/16

ഈ ഉള്ളിയുടെ ഒരു കാര്യമേ!


"പാപി ചെല്ലുന്നയിടം പാതാളം" എന്ന് പറയുന്നതു പോലെയാണ്, എന്റെ പല കാര്യങ്ങളും. അല്ലെങ്കിൽ മുൻപിൽ മണ്ണ് കൊണ്ടുപോകുന്ന ലോറിയിൽ നിന്നും വന്ന ചെറിയ ഒരു കല്ല് അതിന്റെ പുറകിലായി ബൈക്ക് ഓടിക്കുന്ന ഭർത്താവിൽ കൊള്ളാതെ, പുറകിലിരിക്കുന്ന എന്റെ കഴുത്തിൽ കൊള്ളേണ്ട വല്ല കാര്യവുമുണ്ടോ? ഞാനാണെങ്കിൽ ഹെൽമെറ്റ്‌ ഇട്ടിട്ടുണ്ട്. ഒരു പക്ഷെ ഉന്നം വെച്ച് ചെയ്‌താൽ പോലും പിഴയ്ക്കും. പക്ഷെ കല്ലിന് എല്ലാം കിറുകൃത്യം. ആ കല്ലിനെ ഞാൻ കണ്ടെങ്കിലും വണ്ടിയുടെ വേഗതയിൽ ഏതോ ചെറിയ പ്രാണിയായിട്ടാണ് എനിക്ക് തോന്നിയത്.എന്തായാലും കല്ല്‌ കൊണ്ട് ചെറിയ മുറിവുണ്ടായി. അതോടെ നല്ല വേദനയായി. ഏകദേശം വീടിനടുത്ത് വെച്ചായിരുന്നു ഈ സംഭവം നടന്നത് അതുകൊണ്ട് തന്നെ പ്രാണിയോ കല്ലോ എന്നറിയാതെ വേദന സഹിച്ച് വീട്ടിലെത്തി.
ഞാൻ കാണിച്ച ത്യാഗത്തിനുള്ള പരിഗണനയൊന്നും വീട്ടിൽ ചെന്നപ്പോൾ ആരിൽ നിന്നും കണ്ടില്ല.കുട്ടികളൊക്കെ വലുതായതു കൊണ്ടും, പഴയതു പോലെ സൈക്കിൾ നിന്നുള്ള വീഴ്ച, ഉന്തിയിടൽ ... അങ്ങനത്തെ അവരുടെ കലാപരിപാടികൾ അവസാനിച്ചിരിക്കുന്നതു കൊണ്ടും മുറിവിൽ പുരട്ടാനുള്ള മരുന്നുകൾ പലതും കാലാവധി കഴിഞ്ഞതായിരുന്നു. ഡെറ്റോൾ കുപ്പി കണ്ടാൽ ലോകത്തുള്ള എല്ലാ രോഗാണുക്കളും ആ കുപ്പിയുടെ പുറത്താണ് വസിക്കുന്നതെന്ന് തോന്നും! ചിലപ്പോൾ അതിനകത്തെ ദ്രാവകം നല്ലതായിരിക്കും. എന്റെ മുറിവിനേക്കാളും വീട്ടിലുള്ളവരെല്ലാം പ്രാധാന്യം കൊടുത്തത് ആ ഡെറ്റോൾ കുപ്പിക്കാണ്. ഇനി പുറത്ത് പോകുമ്പോൾ "മരുന്ന് മേടിക്കാം" എന്ന് പറഞ്ഞ്,എല്ലാവരും അവരവരുടെ പണിക്ക് പോയി. ഒരു പക്ഷെ മുറിവിനേക്കാളും വേദന തോന്നിയതു ഇവരുടെയൊക്കെ പെരുമാറ്റരീതിയിലായിരുന്നു എന്നും പറയാം.
മുറിവ് കണ്ടപ്പോൾ "അയ്യോ വീണോ .....ചോര വന്നോ ....കുറച്ച് ഉള്ളി തേച്ചാൽ മതിട്ടോ .....”, എന്റെ അമ്മയുടെ ശൈലിയിൽ കുട്ടികൾ എന്നോട് അനുകരിച്ചു പറഞ്ഞു. മുറിവ് ഉണ്ടാകുമ്പോൾ, അമ്മ ഒറ്റമൂലി മരുന്നായി പറഞ്ഞിരുന്നത്, ‘ചെറിയ ഉള്ളി ചതച്ച് തേക്കുക’ എന്നതായിരുന്നു. വളരെ കുഞ്ഞായിരുന്നപ്പോൾ കരച്ചിലിനും കുതറി മാറി പോകുന്നതിനുമിടയിൽ അമ്മ ഉള്ളിയുടെ നീര് തേച്ചിട്ടുണ്ടാവും. അതൊക്കെ പിന്നീട് വലിയ പരിചരണം ഇല്ലാതെ തന്നെ ഉണങ്ങി പോകാറുണ്ട്. അന്നൊക്കെ കൂട്ടുകാരികളിൽ പലരും നല്ല നിറമുള്ള സിറപ്പ് മരുന്നുകളും ഭംഗിയുള്ള ബാൻഡ് -ഏഡും ഒട്ടിക്കുമ്പോൾ, എനിക്ക് ഇങ്ങനെ നീറുന്നതും കയ്പുള്ളതുമായ മരുന്നുകൾ ആയിരിക്കും.പിന്നീട് അവധിക്കാലത്ത്‌ വരുന്ന എന്‍റെ കുട്ടികളിലുണ്ടാകുന്ന മുറിവുകളിലും അമ്മ ചിലപ്പോൾ ഉള്ളി പ്രയോഗം നടത്താറുണ്ടായിരുന്നു. ഞങ്ങളെല്ലാവരും അതിന് കളിയാക്കുമായിരുന്നെങ്കിലും അമ്മക്ക് അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. മുറിവുകളും ചെറിയ ഉള്ളിയും അമ്മയും ഒരു ടീം ആയി മുന്നോട്ട് തന്നെ!
വീട്ടുകാർ മരുന്നൊക്കെ മേടിച്ചു വന്നപ്പോഴേക്കും ഒരു പ്രഥമശുശ്രൂഷയിൽ എന്ന നിലയിൽ ഞാൻ ഉള്ളി തേച്ചിരുന്നു. ഇതൊരു പുതിയ അറിവായിരുന്ന വീട്ടുകാരൻ, അതിന്റെ ഔഷധീയം അറിയാനായി ഗൂഗിളിന്റെ പുറകേയായി. മുറിവിൽ തേക്കുന്നത് മാത്രമല്ല അതിനെ കൊണ്ടുള്ള ഗുണങ്ങൾ വിവരിച്ച് കിടക്കുകയാണ്. ഗൂഗിൾ ഇല്ലാതെ തന്നെ അമ്മക്കുള്ള അറിവുകൾ മോശമല്ല എന്ന് പറയാൻ വേണ്ടി ഫോൺ വിളിച്ചപ്പോൾ, ആ അടുത്ത കാലത്തുണ്ടായ മുറിവിനെപ്പോലും ഡയബറ്റിക് രോഗിയായ അമ്മ ഉള്ളി കൊണ്ട് ഉണക്കിയെടുത്ത വീരകഥയാണ് അമ്മക്ക് തിരിച്ചു പറയാനുണ്ടായിരുന്നത്. അങ്ങനെ ഒരിക്കൽ കൂടി ഉള്ളിക്കുള്ള പിന്തുണ അമ്മ പ്രഖ്യാപിച്ചു.
ഉള്ളിയും ഡെറ്റോളും ബാൻഡ് ഏഡും ആയി എന്റെ മുറിവ് ഉണങ്ങി. ഇപ്രാവശ്യം മരുന്നുകളേക്കാൾ ഞാൻ ഇഷ്‌ടപ്പെട്ടത് ഉള്ളിയുടെ നീരായിരുന്നു. എന്തോ, അത് തേക്കുമ്പോഴുള്ള നീറ്റലിനേക്കാളും ഞാൻ ആസ്വദിച്ചിരുന്നത് ആ പഴയ ഓർമ്മകളെ ആയിരുന്നു.
അമ്മമാരുടെ ഗുണങ്ങളെ പറ്റി പറയുമ്പോൾ നമ്മുക്കെല്ലാവർക്കും നൂറു നാവുകളാണ്. എനിക്ക് വയസ്സ് ആവുന്നതോടെ, ഞാനും അമ്മയെ പോലെ ഉള്ളിയെ സ്നേഹിക്കാൻ തുടങ്ങുന്നു, ഒട്ടും ഇഷ്ടമല്ലാത്തതും പണ്ട് വഴക്ക് കൂടിയതുമായതുമായ കാര്യങ്ങളാണ് അതൊക്കെ. ഇനിയും അമ്മയിലെ ഏതൊക്കെ ഇഷ്ടമില്ലാത്ത കാര്യങ്ങളായിരിക്കും എന്നിൽ നിന്നും തല പൊക്കുക എന്ന ആശങ്കയിലാണ്, ഞാൻ! ഒരു പക്ഷെ ജീനുകളുടെ മറിമായമോ അല്ലെങ്കില്‍ നമ്മള്‍ പോലും അറിയാതെ രക്തത്തിൽ അലിഞ്ഞു പോയ നമ്മുടെ ചില വിശിഷ്‌ടതകളോ ? അങ്ങനെ ഉള്ളിയും അമ്മയേപോലെ എനിക്ക് ഹൃദ്യം!
http://emashi.in/may-2016/amma-ormakal-rita.html