9/29/16

80G



ഉച്ച ഉറക്കത്തിന്റെ ആലസ്യത്തിലാണ് കതക് തുറന്നത്. പരിഷ്ക്കാരികളായ രണ്ടു ചെറുപ്പക്കാരികളാണ് അവിടെ ഉണ്ടായിരുന്നത്. എന്നെ കണ്ടയുടൻ -അമ്മ എവിടെ, അമ്മയെ വിളിക്കാമോ ?'

ആരുടെ അമ്മ ? എന്റെ അമ്മയോ ? എങ്ങനെ അറിയാം ?

എന്റെ ഇംഗ്ലീഷും അവരുടെ ഹിന്ദിയും പിന്നെ എന്റെ ഹിന്ദിയും അവരുടെ ഇംഗ്ലീഷും -അങ്ങനെ ഭാഷയിലെ വ്യത്യാസം ഞങ്ങളെ ആകെ ആശയക്കുഴപ്പത്തിലാക്കി.
പരിചയമില്ലാത്ത ശബ്ദം കേട്ടിട്ടാവും മകനും കാര്യം അന്വേഷിച്ച് അവിടെ എത്തി.

"ഓ! ചേച്ചി യാണോ വീട്ടിലെ അമ്മ, ഞങ്ങൾ ഓർത്തു .....അത്രയും നേരം "ദീദി" എന്ന് വിളിച്ചിരുന്നവർ പിന്നീട്  ആന്റി വിളിയിലോട്ട് മാറാൻ അധിക സമയം വേണ്ടിവന്നില്ല.ആശയക്കുഴപ്പവും അതിലെ തമാശയുമൊക്കെ ആസ്വദിച്ചു വന്നപ്പോഴേക്കും ഞങ്ങൾ നാലു പേരും സ്വീകരണ മുറിയിലെ സോഫയിൽ ഇരിപ്പായി.

ഒരു ചെറുപ്പക്കാരി മകനോടായി -" അമ്മയെ പറ്റി എന്താണഭിപ്രായം, ഒരു പക്ഷെ അമ്മയില്ല എന്ന് വിചാരിച്ചു നോക്കൂ "

ങേ, വടി പോലെ മുൻപിൽ ഇരിക്കുന്ന ഞാൻ ഇല്ലാതാവുകയോ -അവന് ഒരു പിടിയും കിട്ടിയില്ല.

ഉറങ്ങികിടന്ന എന്നെ "കാളിങ് ബെല്ലടിച്ച് എണീപ്പിച്ച്   വല്ല "ശവപ്പെട്ടിയിൽ കിടത്താനാണോ ...ദൈവമേ, വട്ടാണോ .......കാര്യം അറിയാതെ ഞങ്ങൾ രണ്ടുപേരും വീണ്ടും ആശയക്കുഴപ്പത്തിലായി!

അവധിദിനമായതു കൊണ്ട് വീട്ടിലുണ്ടായിരുന്ന ഭർത്താവും ഈ സംഭാഷണങ്ങൾ കേട്ടിട്ടാവും സ്വീകരണമുറിയിൽ എത്തി. I.T co യിൽ ജോലി ചെയ്യുന്ന അവർ, മാതൃദിനമായ അന്ന് ഏതോ ചാരിറ്റബിൾ സ്ഥാപനത്തിന് വേണ്ടി പിരിവിന് വേണ്ടി ഇറങ്ങിയതാണ്. .സ്ഥാപനത്തെ കുറിച്ചുള്ള ലഘുരേഖകളും വിവരണപത്രവും കാണിച്ചു തന്നു. അവിടെയുള്ള കുട്ടികളെ പറ്റിയും അവരുടെ ഭാവിയെ കുറിച്ചുമാണ് അവർ സംസാരിച്ചിരുന്നത്..അഭിനന്ദീനമായ അവരുടെ ആ   പ്രവൃത്തി ഞങ്ങളെ അത്ഭുതപ്പെടുത്തി പ്രത്യേകിച്ചും ഇന്നത്തെ പുതിയ തലമുറയിലെ ചെറുപ്പക്കാരികൾ ! പക്ഷേ സംഭാവനയ്ക്കായി മേടിക്കുന്ന തുകയ്ക്കുള്ള രസീതിൽ, ആ സ്ഥാപനം രജിസ്റ്റർ ചെയ്ത സംഖ്യ(number) ഇല്ലായിരുന്നു. ഭർത്താവ് അവരോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ, അവർക്കും അങ്ങനത്തെ അറിവ് ഒന്നും ഇല്ല.

അതോടെ ഞങ്ങൾക്കും അവരോടുള്ള ബഹുമാനം കുറഞ്ഞു തുടങ്ങിയോ എന്ന് സംശയം. അപ്പോഴേക്കും കൂട്ടത്തിലെ ഒരു കുട്ടിക്ക് ബാത്ത് റൂം യിൽ പോകണം മറ്റേയാൾക്ക് കുടിക്കാൻ വെള്ളവും വേണം പിന്നീടുള്ള വർത്തമാനത്തിൽ നിന്ന് മനസ്സിലായി രാവിലെ മുതൽ ഇങ്ങനെ നടന്ന കാരണം ഉച്ചഭക്ഷണം കഴിച്ചിട്ടില്ലെന്ന്.അങ്ങനെ വിശപ്പ്, ദാഹം, ബാത്ത്റൂം എല്ലാത്തിനും പരിഹാരങ്ങൾ ചെയ്തു കൊടുക്കുമ്പോഴും അവർ ആ സ്ഥാപനത്തെപ്പറ്റി വായ്തോരാതെ പറയുന്നുണ്ട്.ഇന്ത്യ പോലെയുള്ള  ഒരു രാജ്യത്ത് ഇങ്ങനത്തെ ഒരു രസീത് പുസ്തകം അച്ചടിക്കാനാണോ പ്രയാസം "? എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.ഭർത്താവിൽ നിന്നും അനുകൂലമായ മറുപടി കിട്ടാത്തതു കൊണ്ടാവും അവർ എന്നോടായി പറഞ്ഞു - " ആന്റി, ഇതിന് 80G ഉണ്ട് ". ഒരു വീട്ടമ്മ ആയതു കൊണ്ട് അതിനൊന്നും എനിക്ക് വലിയ പ്രാധാന്യമില്ല .നിസ്സാഹായതോടെ അവരെ നോക്കി പുഞ്ചിരിച്ചപ്പോഴും, ഞാന്‍- എന്‍റെ ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുകയായിരുന്നു. പരിചയമില്ലാത്ത ഇവര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നതിന്, അവരെ വീട്ടിനകത്തോട്ട് കയറ്റിയതിന്,...  ഇവർ പോയിക്കഴിയുമ്പോൾ എനിക്ക് കിട്ടാൻ പോകുന്ന വഴക്കിന്റെ അളവിനെ കുറിച്ചോർത്താണ്, ഞാൻ കൂടുതൽ അസ്വസ്ഥമായത്. പലപ്പോഴും മകനും ഭർത്താവും അതിന്റെ മുന്നോടിയായി രൂക്ഷത്തോടെ എന്നെ നോക്കുന്നുണ്ട്. ആ 2 ചെറുപ്പക്കാരികളും നല്ലൊരു തട്ടിപ്പ് സംഘത്തിന്റെ കണ്ണികളായിട്ടാണ് തോന്നിയത്. ഒരു പക്ഷെ അവർ അറിഞ്ഞോ അറിയാതെയോ ആയിരിക്കാം.

കുറച്ച് നാളുകൾക്ക് ശേഷം അത്യാവശ്യമായി പുറത്ത് പോകാനായി തയ്യാറായി കൊണ്ടിരിക്കുമ്പോഴാണ് "കാളിങ് ബെൽ "കേട്ടത്. ബാൽക്കണിയിലൂടെ നോക്കിയപ്പോൾ, മാന്യമായി വസ്ത്രധാരണം ചെയ്ത ഒരു ചെറുപ്പക്കാരിയാണ്.എന്നെ കണ്ടയുടൻ -"ആന്റിയുടെ അച്ഛന് ജോലിയാണോ ബിസിനസ്സ് ആണോ?

അന്ന് "ഫാദേഴ്സ് ഡേ " ആയതു കൊണ്ട് ആ ചോദ്യങ്ങളുടെ പരിണിതഫലം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.അതുകൊണ്ട് കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളുമായി മുന്നോട്ട് പോകാതെ തന്നെ ഞാൻ അവരെ യാത്രയാക്കി.പോകുന്ന സമയത്ത് അവരും എന്നോട് പറഞ്ഞു -"ആന്റി 80 G" ഉണ്ട്.

80 G, 1961 - നിലവിൽ വന്നതാണെങ്കിലും, ഞാൻ അതിനെപ്പറ്റി ശ്രദ്ധിക്കുന്നത് അന്നാണ്.പിന്നീടങ്ങോട്ട് ധനസഹായം ആവശ്യപ്പെടുന്ന എവിടെയും  അത് ആരാധനാലയങ്ങൾ , വിദ്യാഭ്യാസസ്ഥാപനങ്ങൾ ഷോപ്പിംഗ് മാളുകളിൽ പോലും സംഭാവന ചോദിക്കുന്നവർ എല്ലാവരും 80 G യേയും കുറിച്ചു ഓർമ്മപ്പെടുത്താറുണ്ട്.കേൾക്കുമ്പോൾ അരോചകം ആയി തോന്നാറുണ്ടെങ്കിലും  അവർ തമ്മിലുള്ള ബന്ധം കണ്ടാൽ "സിം ഇല്ലാത്ത മൊബൈൽ ഫോൺ പോലെയാണ്.

വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന പ്രമാണത്തിലാണ് വീട്ടിൽ വളർത്തിയിരുന്നത്.അതു കൊണ്ട് തന്നെ ദാനധർമ്മങ്ങൾക്ക് ആവശ്യത്തിലേറേ വാർത്തകൾ പത്രത്തിൽ ഫോട്ടോ സഹിതം കാണുമ്പോൾ  പുച്ഛമാണ് തോന്നിയിട്ടുള്ളത്.പക്ഷെ ഇന്ന് ദാനധർമ്മം എന്നത്  മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു.

സംഭവിച്ചതെല്ലാം നല്ലതിന്‌, സംഭവിക്കുന്നതും നല്ലതിന്‌, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്‌.......എന്ന പ്രത്യാശയോടെ

80 G (Donations to notified Funds and charitable institutions) ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും. ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന് ഇത് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം. (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.) 
കടപ്പാട്-
http://mathematicsschool.blogspot.in/2015/12/income-tax-2015-16.html



10 comments:

  1. ആദ്യമേ പറയട്ടെ .ഞാന്‍ ഇപ്പോള്‍ ചാരിറ്റി സംഘടനകള്‍ക്ക് സംഭാവന കൊടുക്കാറില്ല .അനാഥ ശാലകള്‍ അടക്കം തൊണ്ണൂറു ശതമാനവും ബിസിനസ് സ്ഥാപനങ്ങള്‍ ആണ് .രജിസ്ട്രേഷന്‍ ഉണ്ടായിട്ടും കാര്യമൊന്നുമില്ല .ധാരാളം യുവതികളെ റിക്രൂട്ട് ചെയ്തു കമ്മീഷന്‍ വ്യവസ്ഥയില്‍ പിരിവു നടത്തുന്നവര്‍ ഉണ്ട് .നല്ല ബോധ്യമുള്ളവര്‍ക്കെ പൈസ കൊടുക്കാവൂ.

    ReplyDelete
  2. ഇതിന്റെ മറവിൽ ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നതിനാൽ നമുക്കാരെയും വിശ്വസിക്കാൻ കഴിയില്ല ഇക്കാലത്ത്. നമ്മൾ പെണ്ണുങ്ങൾ പെട്ടെന്നെന്തെങ്കിലും കേട്ടാൽ എല്ലാം സത്യം എന്ന് കരുതും. പക്ഷെ ആണുങ്ങൾ അങ്ങനെയല്ലല്ലോ. എനിക്കും ഇതുപോലെ സമാനമായ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

    ReplyDelete
    Replies
    1. .വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  3. ഇതിപ്പോ ആരെ വിശ്വസിക്കും...?

    ReplyDelete
    Replies
    1. അതെ....വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  4. ഇതിന്റെ മറവിൽ ധാരാളം
    തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നതിനാൽ
    നമുക്കാരെയും വിശ്വസിക്കാൻ കഴിയില്ല ..

    ReplyDelete
    Replies
    1. സത്യം .....വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  5. തട്ടിപ്പുകൾ പലതും കണ്മുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ അർഹതപെട്ടവർക്കു പോലും സഹായങ്ങൾ ലഭിക്കാതെയാവുന്നു...

    ReplyDelete
    Replies
    1. അതെ ...സത്യം ..വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  6. വായിച്ചു.
    ആശംസകള്‍

    ReplyDelete