6/26/13

കണി കാണേണ്ടത്?

പ്രതീക്ഷിക്കാതെ കോളേജില്‍ കൂട്ടമണി മുഴങ്ങിയപ്പോള്‍ .....ങേ..ഇനി ക്ലാസ്സില്ല എന്ന് അറിഞ്ഞപ്പോള്‍ .....ഇതില്‍പരം സന്തോഷത്തിന്, എന്തു വേണം! ബസ്സ് സ്റ്റോപ്പില്‍ എത്തിയപ്പോഴാണ്, അറിയുന്നത്,വീട്ടിലോട്ടുള്ള ബസ്സ്, എന്നത്തേയും പോലെ വൈകുന്നേരമെ വരുകയുള്ളൂ.  അങ്ങനെയാണെങ്കില്‍ വരുന്ന ബസ്സില്‍ കേറുകയെ, നിവര്‍ത്തിയുള്ളൂ.ആ ബസ്സില്‍ പോയാല്‍  വീട്ടിലേക്ക്‌ കുറച്ചധികം ദൂരം നടക്കാനുണ്ട്.പ്രതീക്ഷിക്കാതെ കുട്ടികളുടെ കൂട്ടം കണ്ടപ്പോള്‍ ബസ്സുകാരും അവരുടെ കളികള്‍ ആരംഭിച്ചു.കാത്ത് നില്‍ക്കുന്നവരുടെ അടുത്ത് ബസ്സ് നിറുത്താതെ, കൂറെ ദൂരെ കൊണ്ട് നിറുത്തുക.അതോടെ ബസ്സില്‍ കേറാനായിട്ട് അന്തംവിട്ട് ഓടുന്ന കുട്ടികള്‍,അതില്‍ ചിലര്‍ വീഴുന്നു.....മറ്റു ചിലവര്‍ വീഴുന്നവരെ കവച്ചു വെച്ചു ഓടുന്നു.......അങ്ങനെ ഉന്തിയും തള്ളിയും ഞാന്‍ ബസ്സിന്റെ ഫുട്ബോറ്ഡില്‍ കേറിയതും കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു.അപ്പോഴാണ്‌ കൂട്ടുകാരികള്‍ ബസ്സില്‍ കേറിയിട്ടില്ല എന്ന് ഞാന്‍ മനസ്സിലാക്കിയത്.അവര്‍ ഇല്ലാതെ എനിക്ക് എന്തു യാത്ര എന്ന മട്ടില്‍, ഓടുന്ന ബസ്സില്‍ നിന്ന് ഞാന്‍ താഴേക്ക് ഇറങ്ങി—ദേ,താഴെ കിടക്കുന്നു ഞാന്‍! !-ബസ്സിലുള്ളവര്‍ സഹതാപത്തോടെ എന്നെ നോക്കി.ഡ്രൈവര്‍ ഞാന്‍ ഒന്നും അറിഞ്ഞീല്ലെ എന്ന മട്ടില്‍ ബസ്സ് ഓടിച്ചു പോയി.ബസ്സ് കാത്ത് നിന്നവരില്‍ ചിലര്‍ക്ക് നല്ല തമാശ, മറ്റുചിലറ്ക്ക് സഹതാപം,ചില അമ്മാവന്മാര്‍ ഓടുന്ന ബസ്സില്‍ നിന്ന് എങ്ങനെയാണ്‍ താഴെ ഇറങ്ങേണ്ടത് എന്ന ക്ലാസ്സ്.......എന്തിന് പറയുന്നു, ആകെ നാണക്കേടായി കൂട്ടത്തില്‍ കൈമുട്ടൊക്കെ ഉരഞ്ഞു പൊട്ടുകയും ചെയ്തു.ഇതൊക്കെ കണ്ടുനിന്ന എന്റെ കൂട്ടുകാരി പറഞ്ഞു-“നിന്റെ ഇന്നത്തെ കണി ശരിയല്ല.....അതാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്”
അത് ഒരു സത്യമായിട്ട് എനിക്കും തോന്നി.ആരെ ആയിരിക്കും ഞാന്‍ കണി കണ്ടത്, ഞാന്‍ തലപുകഞ്ഞാലോചിച്ചു.വീ‍ട്ടിലുള്ളവരെ കണ്ടാല്‍ അത് കണക്കില്‍ കൂട്ടില്ല.വീടിനുപുറത്തുള്ളവരെയാണ്‍, കാണേണ്ടത്.ആലോചനയുടെ അവസാനമായിട്ട് വീടിന്റെ മുന്‍പിലുള്ള കാറ്ണവര്‍ ആയിരിക്കാം “എന്റെ ഇന്നത്തെ കണി” എന്ന നിഗമനത്തില്‍ എത്തിച്ചേറ്ന്നു.പിറ്റെദിവസം മുതല്‍ ആരെയാണ്‍ “കണികാണുന്നത്” എന്ന് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.ഒന്നെങ്കില്‍ പാലുകാരന്‍ അല്ലെങ്കില്‍ ഈ കാര്‍ന്നവര്‍ അതുമല്ലെങ്കില്‍ കാറ്ന്നവരുടെ ഭാര്യ മുറ്റത്ത്‌കോലം വരയ്ക്കുകയായിരിക്കും.അവര്‍ തമിഴ്‌ ബ്രാമണര്‍ ആണ്‍.
നഗരത്തിലേക്ക് താമസം മാറി വന്നപ്പോള്‍ ഉണ്ടായ പരിഷ്കാരങ്ങളില്‍ ഒന്നാണ്...മില്‍മയുടെ കവര്‍പാല്‍ ...
രാത്രി ഗേറ്റില്‍ മേല്‍ ഒരു സഞ്ചി തൂക്കിയിടും.രാവിലെ പാലുകാരന്‍ ആ സഞ്ചിയില്‍ വേണ്ട പാല്‍കവറുകള്‍  ഇട്ടിട്ട് പോകും.ആ കവറുകള്‍ ഫ്രിഡ്ജില്‍ എടുത്തുവെക്കേണ്ട ഡ്യൂട്ടി എനിക്കാണ്‍.അങ്ങനെ ചെയ്തില്ലെങ്കില്‍ ഒന്നെങ്കില്‍ പാല്‍ തിളപ്പിക്കിമ്പോള്‍ ചീത്തയാകും അല്ലെങ്കില്‍ റോഡില്‍കൂടി പോകുന്ന ആരെങ്കിലും കവര്‍ എടുത്തു കൊണ്ടുപോകും.ഞാനാണെങ്കില്‍ രാവിലെ നേരേത്തെ എണീറ്റ് പഠിക്കാം എന്ന വാഗ്ദാനത്തില്‍ വൈകുന്നേരത്തെ ട്ടി.വി.യിലെ ചിത്രഹാര്‍ ,ചിത്രഗീതം........അങ്ങനെയുള്ള പരിപാടികളില്‍ ഒരു മുടക്കവും വരുത്താറില്ല.അതുകാരണം നേരത്തെ എണീക്കേണ്ടത് എന്റെ ഒരു ആവശ്യമാണ്‍.എന്റെ വീടിന്റെ മുന്‍പിലുള്ള വീട്ടില്‍ അവിടത്തെ കാരണവര്‍ക്കാണ് ആ ഡ്യൂട്ടിയെന്ന് തോന്നുന്നു.രാവിലെ 6 മണിയോടെ ഞങ്ങള്‍ രണ്ടുപേരും പാല്‍ എടുക്കാന്‍ എത്താറുണ്ട്.
കാരണവരെ കണികാണുന്ന ദിവസം എനിക്ക് എന്തെങ്കിലും തട്ടിമുട്ടിയ അനിഷ്ട്സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്.ചിലപ്പോള്‍ കോളെജില്‍ പോകാനുള്ള ബസ്സ് കിട്ടില്ല അല്ലെങ്കില്‍ കോളെജില്‍ ട്ടീച്ചറ് ചോദ്യം ചോദിച്ച് മനുഷ്യനെ നാണം കെടുത്തും.......അങ്ങനെ ഒരു കോളെജ്കുമാരിയുടെ മനസ്സില്‍ തട്ടുന്ന വിഷമങ്ങള്‍അപ്പോഴെല്ലാം എന്റെ കൂട്ടുകാരി പറയും “നിന്റെ ഇന്നത്തെ കണി ശരിയല്ല”.കണി ആര് എന്ന് ഓറ്ത്തുനോക്കുമ്പോള്‍, കാരണവര്‍ ആയിരിക്കും വില്ലനായിട്ട് വരുന്നത്.കൂട്ടുകാരി പറഞ്ഞു-“ഒറ്റ ബ്രാമണനെ കണി കാണുന്നത് നല്ലതല്ല”.അതോടെ പാലെടുക്കുന്നത് 6 മണി എന്നുള്ളത് 6.15 ആക്കി ഞാന്‍.
കണികാണുന്ന ആളുകളില്‍ ശ്രദ്ധകേന്ദീകരിച്ച് എന്റെ ദിവസങ്ങള്‍ ഓടി പോയികൊണ്ടിരിക്കുകയാണ്‍.ഒരു ദിവസം കാരണവന്റെ ഭാര്യ വീട്ടില്‍ വന്നു പറഞ്ഞു-“ഞങ്ങള്‍ വീട് മാറി പോവുകയാണെന്ന്”-പുറത്ത് വിഷമഭാവം കാണിച്ചെങ്കിലും മനസ്സിനകത്ത് ഈ കാറ്ന്നവരെ ഇനി കണി കാണെണ്ടല്ലോ എന്ന മനസമാധാനമായിരുന്നു.
രണ്ടു-മൂന്ന് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ പുതിയ താമസക്കാര്‍ വന്നു.പഴയ കാര്‍ന്നവരുടെ സ്വന്തക്കാരാണ്‍.ഒരമ്മയും രണ്ടു മക്കളും, ഒരാണും ഒരു പെണ്ണും.അന്നും പതിവുപോലെ പാല്‍ എടുക്കാനായിട്ട് ഗേറ്റിനടുത്ത് എത്തിയപ്പോള്‍, മുന്‍പിലത്തെ വീട്ടില്‍ നിന്ന് ഒരു സുന്ദരന്‍ എന്നെ നോക്കി പുഞ്ചിരി തൂകുന്നു-ങേ ഇതാര് ഈ കോമാളംഗന്‍ എന്ന എന്റെ സംശയത്തിന്, അവിടത്തെ മകനാണ്‍,രാവിലെ ഓടാനോ ചാടാനോ ആയിട്ട് പോവുകയാണ്,ഷോറ്ട്ട്സും ബനിയനും ഷൂസും ഒക്കെയാണ്‍ വേഷം‌- ആ കാലത്തൊക്കെ അത് പുതുമയുള്ള ഒരു വേഷമാണ്‍.സാധാരണ വീടുകളില്‍ അന്നൊക്കെ ആണുങ്ങള്‍ “Bata or Sandak”ഒരു ജോടി ചെരുപ്പിട്ട് “നാട് വാണീടും കാലം-ഇവനാണെങ്കില്‍ ഓടാന്‍ ഒരു തരം വേഷം ഓഫീസില്‍ പോകാന്‍ വേറെ തരം വേഷവും ഷൂസും വെറുതെ നടക്കാന്‍ പോകാന്‍ മൂന്നാമത് ഒരു തരം വേഷം! പിറ്റേദിവസം മുതല്‍ പാല്‍കവര്‍ എടുക്കാനായിട്ട് ഒരു ഉഷാര്‍ വന്നു എന്നത് ഒരു സത്യം!
അവരുടെ മകള്‍ എന്റെ കോളെജില്‍ തന്നെയാണ്‍ പഠിക്കുന്നത്.ഞാനും ആ കുട്ടിയും കൂടെയാണ്,ബസ്സ് സ്റ്റോപ്പിലേക്കുള്ള വരവും പോക്കും.ഞങ്ങള്‍ ബസ്സ് കാത്ത് നില്‍ക്കുമ്പോള്‍,ചിലപ്പോള്‍ കോമാളാംഗന്‍ ബൈക്കില്‍ ഓഫീസ്സില്‍ പോകുന്നത് കാണാം.ഞാനും കൂട്ടുകാരികളും അവനെ “കോമാളാംഗന്‍ എന്ന് വിളിച്ചു മറ്റുചില കുട്ടികള്‍ അവനെ “രവിശാസ്ത്രി എന്നും മറ്റുചിലവര്‍ “മോഹന്‍ലാല്‍ എന്നും അനിയത്തികുട്ടിയും കൂട്ടുകാരികളും “അണ്ണാ എന്നും വിളിപേര്‍ കൊടുത്തു.ഓരോത്തരും അവരവരുടെ മനസ്സിലെ “ഹീറോ കളുടെ പേര്‍ അവന്‍ കൊടുത്തു.അവന്‍ ആരേയും വിഷമിപ്പിക്കാത്ത പോലെ എല്ലാവര്‍ക്കും ഒരു പുഞ്ചിരി കൊടുത്ത് ബൈക്ക് ഓടിച്ചു പോകും.
ഒരു ദിവസം അവന്‍ പുഞ്ചിരി തരാനായി തല തിരിച്ചതും അതിനിടയ്ക്ക് ഒരു ഓട്ടോ കുറുകെ വന്നതും എല്ലാം........കോമാളാംഗന്റെ ബൈക്ക് ഒരു ഓട്ടോയില്‍ മുട്ടി.ആകെ വഴക്കും ബഹളവുമായി.അപ്പോഴെക്കും കോളെജ് ബസ്സ് വന്നകാരണം ബാക്കി സീനുകള്‍ കാണാന്‍ പറ്റാതെ ഞങ്ങള്‍ ബസ്സിലേക്ക് കേറി.അപ്പോഴും എന്റെ കൂട്ടുകാരി പറഞ്ഞു-“ നമ്മുടെ കോമാളാംഗന്റെ ഇന്നത്തെ കണി ശരിയല്ല”!
ബസ്സില്‍ കേറിയിട്ടും ഞാന്‍ കോമാളാംഗനെ പറ്റി ചിന്തിക്കുകയായിരുന്നു.ആരെയായിരിക്കും അവന്റെ കണി., ഒരു പക്ഷെ ഞാന്‍ തന്നെയാണൊ? കോമാളാംഗന്‍, പഴയ കാറ്ന്നവരുടെ ബന്ധു ആണെങ്കിലും അതായത് ബ്രാഹ്മണനാണെങ്കിലും എനിക്ക് അവനെ കണികാണുന്നത് കൊണ്ട് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല.കണി കാണുന്നതില്‍ ആളുകളുടെ പ്രായത്തിനും ഒരു സ്ഥാനമുണ്ടോ അല്ലെങ്കില്‍ മനസ്സിന്റെ ഇഷ്ട്ത്തിനും സ്ഥാനമുണ്ടോ അതോ ഇതെല്ലാം വെറും ഒരു അന്ധവിശ്വാസമോ?

2 comments:

  1. കണി കാണും നേരം കോമളാംഗനെ.......
    ആശംസകള്‍

    ReplyDelete
  2. ആ കോമളാംഗനെ വീഴിച്ചു അല്ലേ?

    ReplyDelete