പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. യാത്ര തുടങ്ങാനായിട്ട് ഇനിയും സമയം എടുക്കും. എന്നാൽ പിന്നെ, അങ്ങനെയാണ് മുൻപിൽ ഇരിക്കുന്നവനെ നോക്കി കണ്ണടച്ച് കാണിച്ചത്, ഒരു നിമിഷം അവൻ്റെ മുഖത്ത് അത്ഭുതമാണോ കുസൃതിയാണോ ചിരിയാണോ കൂട്ടത്തിൽ എൻ്റെ ചിരിയും കൂടി ആയപ്പോൾ, പറഞ്ഞറിയിക്കാൻ പറ്റാത്ത നവരസങ്ങളാണ് അവൻ്റെ മുഖത്ത്.പക്ഷെ അടുത്തിരിക്കുന്ന അവൻ്റെ അമ്മയുടെ രൂക്ഷമായ നോട്ടം, രണ്ടു കണ്ണുകളും അടച്ചാണ് കാണിച്ചത് ഇനി ഒരു കണ്ണ് മാത്രമാണോ അടഞ്ഞത് ? എന്തായാലും നോട്ടത്തിൻ്റെ തീക്ഷണത സഹിക്കാൻ പറ്റാത്തതു കൊണ്ട്, 'ഞാൻ ഒന്നും അറിഞ്ഞില്ലെ' എന്ന മട്ടിൽ നോട്ടത്തിൻ്റെ ദിശ മാറ്റി ഞാൻ അവിടെ തന്നെ ഇരുന്നു.
വിമാനത്താവളക്കാരുടെ 'സൈലന്റ് എയർപോർട്ട് പോളിസി (silent airport policy) നൂറു ശതമാനവും പിന്താങ്ങുന്നതു പോലെയാണ് അവിടെയുള്ള ഓരോത്തരും. രണ്ടോ- മൂന്നോ പേർ ഇരുന്ന് ഇന്നത്തെ പത്രം വായിക്കുന്നുണ്ട്.എൻ്റെ ജീവിതം എന്റേതു മാത്രമാണ് നിങ്ങളുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും ജീവിതകഷ്ടപ്പാടുകളുടേയും മാറാപ്പൊന്നും എന്നോട് പറയല്ലേ, എന്ന മട്ടിലാണെന്നു തോന്നുന്നു അവിടെയുള്ളവർ. കൊച്ചു കുട്ടികളടക്കം എല്ലാവരും അവരവരുടെ ലോകത്താണ്.പത്രത്തിന്റെ ഒരു കെട്ട് അവിടെ ഇരിക്കുന്നത് കണ്ടെങ്കിലും അതൊക്കെ വായിക്കുന്നത് വയസ്സന്മാർ ആയതുകൊണ്ടും അതിനകത്തെ വാർത്തകൾക്കായി പ്രത്യേക ജിജ്ഞാസ ഇല്ലാത്തതു കൊണ്ടും അതെടുത്തു വായിക്കാനൊന്നും തോന്നിയില്ല.ആ നിശ്ശബ്ദതയെ സഹിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.
ചെവിയിൽ കേൾക്കുന്ന സംഗീതത്തിനുസരിച്ചായിരിക്കാം മുതുകത്തുള്ള ബാഗ് കാരണം കൂനിപ്പോയ ആ ഊശാൻ താടിക്കാരൻ്റെ ഡാൻസ് ചെയ്യുന്ന പോലെയുള്ള വരവ് കണ്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.യാത്രകളിൽ മിക്കവാറും ഞാൻ ആളുകളെ നോക്കി വെറുതെ ഇരിക്കാറാണു പതിവ്.എന്തെല്ലാം ഭാവങ്ങളാണ് ഓരോത്തരുടേയും മുഖത്ത്.എന്തായാലും ആ നോക്കിയിരിപ്പിനും എനിക്ക് ഗുണമുണ്ടായി.വന്ന ഊശാൻ താടിക്കാരൻ്റെ ദേഹം മുഴുവനും പലതരം wire കളായിരുന്നു.അതൊക്കെ എന്തിനാണെന്ന് മനസ്സിലാക്കിയെടുക്കാനുള്ള തന്ത്രപ്പാടിലായിരുന്നു, ഞാൻ.സ്വയം സംസാരിക്കാൻ കഴിവുള്ള മൗനങ്ങളാണ് ഇപ്പോഴത്തെ യാത്രകളുടെ പ്രത്യേകതകൾ.മൊബൈൽ ഫോണും അതിലേക്കുള്ള ഹെഡ് ഫോണിന്റെയും wire കൾ മനസ്സിലായെങ്കിലും മൊബൈൽ ഫോണിലേക്ക് പോകുന്ന മറ്റൊരു wire യും അതിൻ്റെ ഉറവിടവും, ഏതോ രഹസ്യങ്ങൾ കണ്ടുപിടിക്കുന്ന സൂക്ഷമനിരീക്ഷകന്റെ സ്വഭാവമായിരുന്നു അടുത്ത കുറച്ചു സമയത്തേക്ക്.പിന്നീടാണു ഫോൺ ചാർജ്ജ് ചെയ്യാനുള്ള 'ബാറ്ററി' ആണെന്ന് മനസ്സിലായത്. ഇതുപോലെ തന്നെയായിരുന്നു, വടിയുടെ അറ്റത്തേക്ക് നോക്കി ചിരിക്കുന്നവരെ കണ്ട് വട്ടാണോ അതോ...... അവിടേയും ഒരു കുറ്റാന്വേഷകന്റെ തലയോടു കൂടി നോക്കി നിന്ന് മനസ്സിലാക്കിയെടുത്തതായിരുന്നു - 'സെൽഫി സ്റ്റിക്ക്'.ജീവിതത്തിന് ചുറ്റും നിറഞ്ഞു നിൽക്കുന്ന അത്ഭുതകരമായ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവു കിട്ടുന്നത് ഇങ്ങനെയുള്ള ചില കാഴ്ചകളിൽ നിന്നാണ്.
ഒരു കുറ്റാന്വേഷകന്‍റെ കർത്ത്യവത്തിൽ നിന്ന് മാറി, വീണ്ടും എൻ്റെ കൂട്ടുകാരനെ തപ്പി ആ പഴയ കസേരയിലേക്ക് നോക്കിയപ്പോൾ, അവിടെ വേറെയാരോ ആണ് ഇരിക്കുന്നത്. 'അമ്മ മകനേയും കൊണ്ട് ഓടിയിരിക്കുന്നു.
യാത്രയുടെ കാത്തിരിപ്പ് നീളുകയാണ്.കാപ്പി കുടിക്കാമെന്ന് വെച്ച് 'കാപ്പിക്കട'യിൽ ചെന്നപ്പോൾ, പഴയ കുപ്പിഗ്ലാസ്സിൽ കിട്ടുന്ന കാപ്പിയിൽ നിന്നും രുചികളിലും അവതരണത്തിലും വ്യത്യസ്തത പുലർത്തിക്കൊണ്ടുള്ള 'കാപ്പി'കളാണവിടെ.അതൊക്കെ മനസ്സിലാക്കി കൊണ്ടിരിക്കുമ്പോൾ, ആരോ എൻ്റെ തോൾസഞ്ചിയിൽ തട്ടി വിളിക്കുന്നു.നോക്കിയപ്പോൾ, 'അവൻ' അവൻ്റെ കണ്ണുകളിൽ 'കണ്ടു പിടിച്ചല്ലോ എന്ന മട്ടിലുള്ള കുസൃതി നിറഞ്ഞ ചിരി.അവനെ നോക്കി ചിരിച്ചെങ്കിലും എൻ്റെ കണ്ണുകൾ അവൻ്റെ അമ്മയുടെ തീക്ഷണമായ ആ നോട്ടത്തെ പരതുകയായിരുന്നു.
അല്പസമയത്തിനുള്ളിൽ എൻ്റെ യാത്ര ആരംഭിക്കുന്നതിനുള്ള അറിയിപ്പ് കണ്ട കാരണം അവൻ്റെ ആ കുഞ്ഞിക്കൈ ക്ക് 'ഷേക്ക് ഹാൻഡ് ' കൊടുത്തും ദൂരെ ഇരിക്കുന്ന അമ്മയുടെ നോട്ടത്തെ വക വെക്കാതെ 'ബൈ' പറഞ്ഞപ്പോഴും ഏതോ 'alien' നെ കാണുന്നതു പോലെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന അവനോടും 'ബൈ' പറഞ്ഞു, ഞാൻ എന്റെ യാത്രയിലേക്ക് !
അവിടെ മുഴുവൻ ഓടിക്കളിക്കാൻ റെഡിയായിട്ടിരിക്കുന്ന അവനെ പലതരം കാർട്ടൂൺ വീഡിയോ കൾ കാണിച്ച്, 'അമ്മ അവനെ ഒരു സ്ഥലത്ത് തന്നെ തളച്ചിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് എൻ്റെ കണ്ണടയ്ക്കലും ചിരിയും. അവന്, ഞാൻ ഒരു സഹൃദയമായ 'alien' ആയിരുന്നെങ്കിൽ അമ്മക്ക്, ഞാൻ ഭയങ്കരരൂപിയായ 'alien' ആയിരിക്കാം. സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിച്ച് മനുഷ്യത്വം ഇല്ലാതായി പോകുന്ന പുതിയ തലമുറയെക്കെതിരെ വിരൽ ചൂണ്ടുമ്പോൾ ബാക്കി 3 വിരലുകൾ നമ്മളെ തന്നെയാണ് ചൂണ്ടുന്നത് എന്ന് നമ്മൾ മറന്നു പോകുന്നു.
സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിച്ച്
ReplyDeleteമനുഷ്യത്വം ഇല്ലാതായി പോകുന്ന പുതിയ തലമുറയെക്കെതിരെ
വിരൽ ചൂണ്ടുമ്പോൾ ബാക്കി 3 വിരലുകൾ നമ്മളെ തന്നെയാണ്
ചൂണ്ടുന്നത് എന്ന് നമ്മൾ മറന്നു പോകുന്നു...!