1/20/18

നെല്ലിയാമ്പതി



ജീവൻ തുടിക്കുന്ന രീതിയിലുള്ള സ്വർണ്ണാഭരണങ്ങളുടേയും സാരിക്കടകളുടേയും ഒരാൾ പൊക്കത്തിൽ വലുപ്പമുള്ള ഫ്ളക്സ് ബോർഡുകളുടെ പരസ്യങ്ങളാണ്, കേരളത്തിലുള്ള യാത്രകളിൽ എന്നെ കൂടുതൽ ആകർഷിക്കാറുള്ളത്. അതിനു വിപരീതമായി പാലക്കാടിലെ (നെന്മാറ)  കരിമ്പനകളും നെൽപ്പാടങ്ങളും കണ്ടു കൊണ്ടുള്ള യാത്ര, അനിർവ്വചനീയമായ കാഴ്ചകളാണ് നമുക്ക്  തരുന്നത് . അവിടെ നിന്നും ഏകദേശം 60കി.മി അകലെയായിട്ടുള്ള മലയും വിനോദസഞ്ചാരകേന്ദ്രവുമാണ് നെല്ലിയാമ്പതി. പത്ത് ചുരം വഴിയുള്ള യാത്ര മുഴുവനും പ്രകൃതി അവർണ്ണനീയമായ സൗന്ദര്യം കോരി ചൊരിഞ്ഞിരിക്കുന്നു. പോകുന്ന വഴിയിലുള്ള പോത്തുണ്ടി ഡാം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടുകളിൽ ഒന്നാണ്.
രാവിലെ ഒന്‍പത് മണിയോടെ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു. ഇപ്പോഴും വാണിജ്യവൽക്കരിക്കാത്തതു കൊണ്ടോ പുതു വർഷാഘോഷം കഴിഞ്ഞുള്ള ആലസ്യത്തിലാണോ എന്നറിയില്ല, പ്രാദേശികനിവാസികൾ ഉണർന്ന് വരുന്നതേയുള്ളൂ.

തേയില, കാപ്പി തോട്ടങ്ങളുടെ ഇടയിലൂടെയാണ് 'View point' ലേക്കുള്ള യാത്ര.വാഹനം ഇടാനുള്ള താവളത്തിലിട്ട് , അവിടെയുള്ള സെക്യൂരിറ്റി കാരനോട് കുശലാന്വേഷണം നടത്തിയപ്പോൾ അവൻ ഹിന്ദിക്കാരനാണ്. വന്നിട്ട് ഒരാഴ്ച ആയിട്ടേയുള്ളൂ.ഹിന്ദിക്കാർ ഇല്ലാത്ത കേരളം കാണാൻ ബുദ്ധിമുട്ടായി തുടങ്ങി.വലിയ ഉരുളൻകല്ലുകളും കുണ്ടും കുഴിയും പാറകളുമൊക്കെ കടന്നിട്ട്  വേണം 'വ്യൂ പോയിന്റ്' ലെത്താൻ. പ്രകൃതി ഭംഗിയോടൊപ്പം ആതിഥ്യം വഹിച്ച ഏതാനും കുരങ്ങന്മാരും നമ്മളെ കാത്ത് നിൽപ്പുണ്ട്.അപ്പോഴേക്കും അവിടെ എത്തിയ വിനോദയാത്രയിലെ കുട്ടികൾക്ക് കുരങ്ങനോടൊപ്പം നിന്ന് ഫോട്ടോ എടുക്കണം അതിനൊന്നും അവർക്ക് പ്രശ്നമില്ല.കുട്ടികളേക്കാൾ സ്റ്റൈലിലാണോ അവർ ഫോട്ടോക്ക് നിൽക്കുന്നത് എന്ന് സംശയം.പക്ഷെ ആ കൂട്ടത്തിലെ ആരുടെയോ കൈയ്യിൽ കണ്ട പ്ലാസ്റ്റിക് കവർ, കുരങ്ങൻറെ എല്ലാ സംയമനത്തെയും  മാറ്റി നിറുത്തി, അത് തട്ടി പറിച്ചെടുക്കാനുള്ള തത്രപ്പാടിലായി. ഓടിക്കലും പേടിക്കലും ചിരിയുമൊക്കെയായി ആകെ ബഹളമയം.

സർക്കാർ വകയിലുള്ള 'ഫാം ഹൌസ്സ്' ആണ്  അടുത്ത ആകർഷണം.fig (അത്തിപഴം ) എന്ന മരവും അതിൽ fig (അത്തിപ്പഴം) ഉണ്ടായി നിൽക്കുന്നതും കണ്ടു. ഓറഞ്ചിന്റെ സീസണ്‍ കഴിഞ്ഞിരിക്കുന്നു.സർക്കാരിന്റെ അധീനതയിലുള്ള കടയിൽ നിന്നും ജാം സ്ക്വാഷ് & ചെടികൾ എല്ലാം മിതമായ വിലക്ക് മേടിക്കാൻ കിട്ടുന്നതാണ്.

ഭ്രമരം ഷൂട്ടിങ് നടന്ന സ്ഥലം കാണേണ്ടേ ? ഏതാനും ഗൈഡുകാർ ഞങ്ങളോട് വന്ന് ചോദിച്ചു .രണ്ടു -രണ്ടര മണിക്കൂർ കാടിന്റെ ഉള്ളിലേക്കുള്ള ജീപ്പ് യാത്രയാണ്. ബ്ലസ്സിക്കും മോഹൻലാലിനും ആകാമെങ്കിൽ നമ്മുക്ക് എന്തുകൊണ്ട് ആയികൂടാ, എന്ന ചിന്തയോടെയാണ് ഞാനതിന് സമ്മതിച്ചത്.

'അണ്ണാറക്കണ്ണാ വാ ...........' മൂളിപ്പാട്ടുമായിട്ടാണ് ജീപ്പിലേക്ക് കയറിയത്. വീതി കുറഞ്ഞ മണ്ണിന്റെ പാതയും അതിലെ കുണ്ടും കുഴിയും ഉരുളൻകല്ലുകളും .....'off road' ജീപ്പ് യാത്രയാണ്. മൂളിപ്പാട്ടിലെ വരികളും ഈണവും മാറാൻ അധിക സമയംവേണ്ടി വന്നില്ല.

പ്രധാനമായും 3 view point ആണുള്ളത്. അവിടെ നിന്ന് പറമ്പിക്കുളം & സഹ്യപർവ്വതമൊക്കെ ജീപ്പ് ഓടിക്കുന്നയാൾ കാണിച്ചു തന്നു. എങ്ങോട്ട് നോക്കിയാലും സൗന്ദര്യത്തിന്റെ മാന്ത്രികവിരൽ സ്പർശം ഉണ്ടാക്കിയിട്ടുണ്ട്.ഭ്രമരം ഷൂട്ടിംഗ് നടന്ന സ്ഥലം ചോദിച്ചപ്പോൾ, അടുത്ത മലയുടെ ഏകദേശം മധ്യഭാഗത്തു കൂടെ ഒരു ജീപ്പ് പോകുന്നത് കണ്ടില്ലേ, അവിടെയായിരുന്നു.ഇത് കാണാനാണോ ഇവിടെ വരെ വന്നത് എന്ന് തോന്നിയെങ്കിലും പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന 'നെല്ലിയാമ്പതി' -യിലെ ഉള്ളവർ ഒട്ടും പാവപ്പെട്ടവരല്ല എന്ന് മനസ്സിലായി.

തേൻ നെല്ലിക്ക, ചില സൗന്ദര്യവർദ്ധക സാധനങ്ങൾ പലതരം പ്രാദേശിക ചായപ്പൊടികൾ .....ഒക്കെയാണ് മേടിക്കാൻ പറ്റിയ സാധനങ്ങൾ.

പരശുരാമൻ മഴു പിടിച്ചിരുന്ന ശൈലിയിൽ 'സെൽഫി സ്റ്റിക്ക്' യിൽ ഫോൺ വെച്ച് വീഡിയോ എടുക്കുന്ന ബൈക്ക് യാത്രക്കാർക്ക് 'thumbs up' കാണിച്ചു കൊണ്ട് ,നെല്ലിയാമ്പതിയോട് യാത്ര പറഞ്ഞുകൊണ്ട് ഞങ്ങളുടെ തിരിച്ചുള്ള യാത്ര ആരംഭിച്ചു. മഴക്കാലമല്ലാത്തതിനാൽ വെള്ളച്ചാട്ടങ്ങൾ പലതും വരണ്ടു തുടങ്ങിയിരിക്കുന്നു.ചുരം ഇറങ്ങി വരുന്ന വരവിലാണ് പോത്തുണ്ടി അണക്കെട്ട്, ജലാശയത്തിന്റെ സൗന്ദര്യം കൂടുതൽ ആസ്വദിച്ചത്. അവിടെ നിന്ന് രണ്ടു - മൂന്ന് ഫോട്ടോകൾ എടുത്ത് ആ പ്രകൃതി ഭംഗിയോട് ഞങ്ങളുടെ നന്ദി അറിയിച്ചു. സ്ഥിരമുള്ള നമ്മുടെ ചിന്തകളിൽ നിന്നും സംഘർഷങ്ങളിൽ നിന്നുമുള്ള മോചനം പോലെ ആ യാത്രയും പ്രകൃതി ഭംഗിയും ആവോളം ആസ്വദിച്ചു കൊണ്ട് .........

7 comments:

  1. കുടജാദ്രി യാത്ര ഓര്‍ത്ത് പോയി.

    ReplyDelete
    Replies
    1. നന്ദി ട്ടോ .....ഞാന്‍ അവിടെ പോയിട്ടില്ല/

      Delete
  2. നെല്ലിയാമ്പതിയാത്ര അങ്ങനെ രസകരമാക്കിത്തീർത്തു ല്ലേ... നന്നായിരുന്നു വിവരണം ട്ടോ.. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ട്ടോ .....അതെ രസകരമാക്കി എടുത്തു.

      Delete
  3. നല്ല രസമുള്ള വിവരണം ..ആശംസകൾ

    ReplyDelete