6/9/15

റേഡിയോ

ഡിഗ്രി പഠനത്തിനിടയ്ക്ക് കല്യാണം കഴിഞ്ഞ കൂട്ടുകാരിയെ കോളേജിലേക്ക് ആനയിക്കാനായിട്ട് എന്നും രാവിലെ ഞങ്ങൾ കോളേജ്  ഗേറ്റിൻറെ അടുത്ത് തന്നെ കാത്ത് നിൽക്കുമായിരുന്നു.ബൈക്കിലുള്ള അവരുടെ രണ്ടു പേരുടെയും വരവ് കാണുമ്പോൾ, ശങ്കർ-മേനക അല്ലെങ്കിൽ മോഹൻലാൽ -ശോഭന ....., അവർക്ക്  രണ്ടുപേർക്കും അവരുടെയാരുടെയും രൂപസാദൃശ്യമില്ലെങ്കിലും ഞങ്ങൾക്ക് അങ്ങനെയൊക്കെ തോന്നുമായിരുന്നു. ആ  വരവ് ഞങ്ങൾക്ക് കണ്ണിന് ആഹ്ലാദമാണെങ്കിലും മിക്കദിവസവും കരഞ്ഞുകലങ്ങിയ കണ്ണുകളായിട്ടായിരിക്കും കൂട്ടുകാരി എത്തുക. ഭർതൃഗൃഹത്തിൽ നിന്നും വരുന്ന അവൾക്ക്, ഒരു ദിവസം പാൽ തിളച്ചു പോയതാണെങ്കിൽ മറ്റൊരു ദിവസം ദോശയുടെ ആകൃതി ശരിയാകാത്തതോ അതുമല്ലെങ്കിൽ കറി കരിഞ്ഞതോ ........അതിനെയൊക്കെ അവളുടെ മമ്മിയിൽ നിന്നും കിട്ടുന്ന വഴക്കുകൾ (ഡോസുകൾ) ആയിരിക്കാം കണ്ണുനീരിന്റെ കാരണങ്ങൾ.

ക്ലാസ്സിൽ അദ്ധ്യാപികയുടെ മുഖത്ത് കണ്ണ് നട്ടിരിക്കുമ്പോഴും അവളുടെ കരഞ്ഞു  കലങ്ങിയ കണ്ണുകളായിരിക്കും ഞങ്ങളുടെ മനസ്സിൽ . മമ്മി അവളെ വഴക്ക് പറയുമ്പോൾ ഭർത്താവ് പത്രവായനയിലായിരിക്കും അതുകാരണം  അയാൾ ഒന്നും കേൾക്കുന്നില്ല. സത്യത്തിൽ അയാളുടെ തല പൊട്ടിക്കാനാണ് ഞങ്ങൾക്ക് തോന്നാറുള്ളത് പക്ഷെ അയാളെ കുറ്റം പറയുമ്പോൾ അവളുടെ കണ്ണുകൾ കൂടുതൽ നിറയുന്ന കാരണം , മമ്മിയോട് തിരിച്ച് പറയേണ്ട  മറുപടികൾ ഓർത്തെടുക്കുകയായിരിക്കും ഞങ്ങൾ. പാൽ തിളക്കുന്നത് കണ്ട് ഇളക്കാനുള്ള സ്പൂണ്‍ എടുത്ത് വരുമ്പോഴേക്കും പാൽ തിളച്ചു പോയത് ഒരു കുറ്റമാണോ അതുപോലെ ദോശ പൊട്ടിച്ചു തന്നെ അല്ലെ തിന്നുക ..... .അന്നൊക്കെ ഞങ്ങൾക്ക് മനസ്സിലാവാത്ത കാര്യങ്ങളായിരുന്നു.അതോടെ ഏത് തരത്തിലുള്ള പന്ത് എറിയുന്നതിനേയും ( കുറ്റം പറയുന്നതിനേയും) തടയാനുള്ള ബാറ്റിംഗിലുള്ള വിദ്യാനൈപുണ്യം അവളിൽ ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇവിടെ ബാറ്റിംഗും ബൗളിംഗും നാക്ക് കൊണ്ടാണെന്ന് മാത്രം!

ബാറ്റിംഗിന്റെ കാര്യത്തിൽ അവൾ വലിയ പരാജയമായിരുന്നു, പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ കണ്ണുകൾ ഞങ്ങളോട് പറഞ്ഞിരുന്നു.ആ നാട്ടിലെ പ്രസിദ്ധമായ പെണ്‍കുട്ടികളുടെ സ്കൂളിലെ 10 - ക്ലാസ്സിലെ ട്ടീച്ചറാണ് അവളുടെ അമ്മായിഅമ്മ അല്ലെങ്കിൽ മമ്മി.വളരെ ചെറിയ പ്രായത്തിൽ വിധവ ആയതാണ്.എല്ലാവരേയും വരച്ച വരയിൽ നിറുത്തിയ ശീലവും പോരാത്തതിന് അടുക്കും ചിട്ടയുടെ കാര്യത്തിൽ ഒരു പടി മുന്നിലുമായിരുന്നു,അതൊക്കെയായിരിക്കാം ചില കാരണങ്ങൾ. പല പ്രശ്നങ്ങൾക്കും അവളുടെ  വിശദീകരണം കേള്‍ക്കാന്‍  പോലുംതയ്യാറായിരുന്നില്ല.അതോടെ ഞങ്ങൾ "റേഡിയോ" എന്ന പുതിയ ഒരു പേര് അവർക്ക് കൊടുത്തു.റേഡിയോയിൽ നിന്നും കേൾക്കാം എന്നല്ലാതെ നമ്മുക്ക് തിരിച്ചു പറയാൻ സാധിക്കില്ലല്ലോ. അതുകാരണം "കേൾക്കാം കേട്ടുകൊണ്ടിരിക്കാം എന്ന പുതിയ നയത്തിലോട്ട് മാറി.ആ നയം ഞങ്ങളുടെ ഭാവി ജീവിതത്തിൽ പ്രയോജനപ്പെട്ടോ എന്ന സംശയമില്ലാതില്ല !

സർദാജി തമാശകൾ എന്ന്  പറയുന്നത് പോലെ. പല കഥകളും അബദ്ധങ്ങളും ഞങ്ങൾ അവരുടെ പേരിൽ മെനഞ്ഞെടുത്തു. ആ കാലങ്ങളിലുള്ള സിനിമയിൽ തൃശ്ശൂർ ഫിലോമനയും ശ്രീനിവാസനും അഭിനയിക്കുന്ന കഥാപാത്രങ്ങൾ "റേഡിയോ " അഭിനയിച്ചാൽ എങ്ങനെയിരിക്കും എന്ന രീതിയിൽ ഞങ്ങൾ കൂട്ടുകാർക്കിടയിൽ അഭിനയിച്ചു തകർത്തു. അതോടെ പുതിയ ഡോസുകൾ കിട്ടുന്നത് ഞങ്ങൾക്കും അവൾക്കും  ആനന്ദകരമായി. ആ ഡോസുകളും സന്ദര്‍ഭങ്ങളും  ഞങ്ങൾക്ക് പുതിയ കഥകൾ മെനയാനുള്ള പ്രചോദനമായി. അങ്ങനെ ഓരോ ദിവസവും രസകരമാക്കി എടുത്തു.

ഡിഗ്രി കഴിഞ്ഞതോടെ ഞങ്ങളിൽ പലരും പല വഴിക്കായി പിരിഞ്ഞു.ചിലർ രാജ്യം തന്നെ വിട്ടു. പിന്നീട് ഇ-മെയിൽ & മെസ്സേജ് വന്നതോടെയാണ് പഴയ കൂട്ടുകാരുമായുള്ള സമ്പര്‍ക്കം പുനസ്ഥാപിച്ചത്.ആ കൂട്ടുകാരിയോട് എല്ലാവർക്കും ചോദിക്കാനുള്ളത് "റേഡിയോ യെ പ്പറ്റിയാണ്. ഒരു പക്ഷെ അവളുടെ വിശേഷങ്ങൾക്ക് രണ്ടാമത്തേ പ്രാധാന്യമെ ഉണ്ടായിരുന്നുള്ളൂ. അവളും ഞങ്ങളുടെ ചോദ്യം ആസ്വദിച്ചു കൊണ്ട് പറയും "റേഡിയോ ഇപ്പോൾ F.M ആയി !



കഴിഞ്ഞപ്രാവശ്യത്തെ അവളുടെ വീട് സന്ദർശനത്തിൽ എനിക്ക്,റേഡിയോ  കാണാൻ സാധിച്ചു  ഇതിന് മുൻപ് അവരെ കണ്ടിട്ടുള്ളത് അവളുടെ കല്യാണത്തിനാണ്.പ്രായാധികവും പലതരം അസുഖങ്ങളുമായി അവർ  പലപ്പോഴും കിടപ്പ് തന്നെയായിരിക്കും എന്നാലും ഡോസ് കൊടുക്കുന്നതിന് കുറവൊന്നുമില്ല.ഞാൻ അവിടെ ഉണ്ടായിരുന്ന സമയവും അവൾ പാൽ തിളപ്പിച്ചു കളഞ്ഞു.അതിനുള്ള വഴക്കുകൾ എന്റെ മുൻപിൽ വെച്ച് തന്നെ കൊടുക്കുന്നുണ്ട്.പണ്ട് അവൾ കരച്ചിലോടെ പറഞ്ഞിരുന്ന ഡയലോഗുകൾ ഞാൻ അങ്ങനെ "ലൈവ്" ആയി കേട്ടു.അവൾക്ക് വിഷമമാവുമല്ലോ എന്നോർത്ത്, ഞാൻ കേൾക്കാത്ത മട്ടിലിരുന്നു.പക്ഷെ ആ ഡയലോഗുകൾ അവൾക്ക് മെലഡി പാട്ടുകൾ പോലെയാണെന്ന് തോന്നുന്നു. സന്തോഷത്തോടെ കേൾക്കുന്നുണ്ട്. ഞങ്ങൾ രണ്ടു പേരും മാത്രമായപ്പോൾ  കൂട്ടുകാരി എന്നോട്  പറഞ്ഞു "നമ്മുടെ റേഡിയോ ക്ക് ഒരു മാറ്റവും ഇല്ല അല്ലെ !" അവളുടെ കണ്ണുകൾ  നനഞ്ഞിരുന്നുവോ ? എന്നാലും ഞാൻ അതിന് പ്രാധാന്യം  കൊടുക്കാതെഞങ്ങളുടെ  പഴയ കഥകളൊക്കെ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്ത് വീണ്ടും സന്തോഷപരമായ   സാഹചര്യമുണ്ടാക്കി എടുത്തു. ചില  വിഷമങ്ങളെ ഫലിതം കൊണ്ട് അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു അല്ലെ ......... 

13 comments:

  1. പാല്‍ തിളച്ചുതൂകുന്ന പരിപാടിയ്ക്ക് ഈ വര്‍ഷങ്ങളോന്നും കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലല്ലേ? എങ്ങനെ പറയാണ്ടിരിക്കും!!!!

    ReplyDelete
  2. ചിലരുടെ സ്വഭാവം അങ്ങിനെയാണ്.ദിവസവുംകൃത്യമായിട്ടു വഴക്കു കേട്ടില്ലെങ്കില്‍ ഒരു സുഖവുമില്ല.

    ReplyDelete
  3. ഹ ഹ .....രണ്ടുപേര്‍ക്കും ഒരേ അഭിപ്രായം അല്ലെ......പാവം എന്‍റെ കൂട്ടുകാരി ......വായനക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  4. "റേഡിയോ ഇപ്പോൾ F.M ആയി !"
    റേഡിയോപ്രക്ഷേപണം നിലച്ചാല്‍ കഷ്ടമായിപ്പോകുമല്ലോ!
    രസകരമായ എഴുത്ത്.
    ആശംസകള്‍

    ReplyDelete
  5. റേഡിയോ പരിപാടികള്‍ മുടക്കം കൂടാതെ കേട്ട് കൊണ്ടിരിക്കണം റീത്ത...

    ReplyDelete
    Replies
    1. അതെ ...ജീവിതത്തിന്റെ ഭാഗമാക്കണം അല്ലെ .....ഈ വരവിന് നന്ദി

      Delete
  6. ചിരിയ്ക്കുന്നു എങ്കിലും തുടക്കത്തിലെ മുറിവുകൾ കൊടുത്ത വേദനകൾ ജീവിതത്തെ ബാധിച്ചു എന്നതാണ് സത്യം. അതിന്റെ ഒരു പങ്ക് ഉത്തരവാദിത്വം ഭർത്താവിനും ഉണ്ട്. കൂട്ടുകാരിയ്ക്ക് നിങ്ങളൊക്കെയാണ് ആശ്രയം.

    ReplyDelete
    Replies
    1. അതു തന്നെ സത്യം .........പിന്നെ അപ്രിയ സത്യങ്ങള്‍ പറയരുതെന്ന്‍ മാത്രം .....വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
    2. അതാപറയിണത്‌ കല്യാണം കഴിക്കുന്നതിനു മുന്മബ് സോധംവിട്ടില്‍ ഫുഡ്‌ ഉണ്ടാകിപടികാന്‍ ആധു ചെയിധിരുന്നീഗില്‍ ഒരു കുഴ്ഷപും ഉണ്ടാവിലയിരുന്നു

      Delete
    3. അതെ .....Ajesh, വായനക്കും അഭിപ്രായത്തിനും നന്ദി

      Delete