പുതിയ
എന്തെങ്കിലും കാര്യങ്ങളിൽ പര്യവേഷണം നടത്തുക കൂട്ടത്തിൽ നാല് കാശും ഉണ്ടാക്കുക
അങ്ങെനെയൊരു ചിന്തയുടെ ഭാഗമായിട്ടാണ് "ഓഹരിക്കമ്പോളത്തിൽ പയറ്റിയാലോ എന്ന
ആശയം ഉടലെടുത്തത്.ഇന്ന് ഈ വക കാര്യങ്ങളൊക്കെ "ഓണ്‍ലൈന്‍" ചെയ്യാവുന്നതുകൊണ്ട്
പഴയകാലങ്ങളിലെ പോലെയുള്ള കഷ്ടപ്പാടുകള്‍ ഒന്നുമില്ല.പിന്നീടുള്ള ദിവസങ്ങള്‍
അതൊക്കെ നടപ്പിലാക്കാനുള്ള തത്രപ്പാടിലായിരുന്നു .
കാശിന്‍റെ കളി ആയ
കാരണം, ഈ വ്യവഹാരം തനിച്ച് ചെയ്യാനൊരു
പേടി.ധൈര്യത്തിനായി മകനെയും കൂട്ടിനു വിളിച്ചു.മടികൂടാതെ എന്‍റെ ആവശ്യം അംഗീകരിച്ചെങ്കിലും അവന്‍റെ ഡിമാൻറ് അനുസരിച്ച് ലാഭത്തിന്‍റെ 50%-50% ആയിരിക്കണം അതായത് ഞാൻ പൈസ ഇറക്കണം അവൻ, വിലയേറിയ നിർദ്ദേശങ്ങളായ ഏത് കമ്പനിയുടെ
ഓഹരികൾ മേടിക്കണം എപ്പോൾ മേടിക്കണം
അല്ലെങ്കിൽ എപ്പോൾ വിൽക്കണം എന്നുള്ള ട്ടിപ്സ് തരും.അതെങ്ങനെ ശരിയാകും കാശ്
ഇറക്കുന്ന എനിക്കും യാതൊരു ചെലവുമില്ലാതെ ഉപദേശം തരുന്നവനും ഒരേ ലാഭവിഹിതമോ ?
എന്തായാലും ചില വിലപേശലിന്‍റെ അവസാനത്തിൽ 60%-40% യിൽ ധാരണയായി.
നിക്ഷേപകർക്ക് ലക്ഷങ്ങളും
ആയിരങ്ങളും സമ്പാദിക്കുകയും അതുപോലെ തന്നെ നഷ്ടത്തിലായി പാപ്പരാവുന്നതിനും
സാധ്യതയുള്ള ഒരു വേദിയാണ് ഓഹരിവിപണി.അധികം ലാഭം പ്രതീക്ഷിക്കാതെയുള്ള
ക്രയവിക്രയം ആയതു
കൊണ്ടായിരിക്കാം തുടക്കനാളുകൾ വലിയ
കുഴപ്പമില്ലാതെ മുന്നോട്ട് പോയി.എന്തേ ഈ
ബുദ്ധി എനിക്ക്
നേരത്തേ തോന്നിയില്ല എന്ന് ഓർത്ത് പോയ നിമിഷങ്ങൾ...... നാടോടിക്കാറ്റ് സിനിമയിൽ
ശ്രീനിവാസൻ പറയുന്നതു പോലെ "എല്ലാത്തിനും ഒരു സമയമുണ്ടല്ലോ -സ്വയം സമാധാനിച്ച
നിമിഷങ്ങൾ !
ആത്മവിശ്വാസം
കൂടിയതോടെ കൂടുതൽ പൈസ നിക്ഷേപിക്കാൻ തുടങ്ങി. ആത്മവിശ്വാസം കൂടിയതോടെയാണോ
എന്നറിയില്ല പലതിന്‍റെയും വില കുത്തനെ താഴോട്ടായിരുന്നു. പുതിയ തലമുറയുടെ
സദുപദേശമായി മകനെത്തി.
"മേടിച്ച ഓഹരികൾ നഷ്ടത്തിൽ
വിൽക്കുക പുതിയ ഓഹരികൾ മേടിച്ചിട്ട് അവ വിൽക്കുമ്പോൾ ഈ നഷ്ടം നികത്താം"
ചൂടുവെള്ളത്തിൽ
വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും
എന്നതു പോലെയായിട്ടുണ്ട് എനിക്ക് ഓഹരികൾ, ആ എന്നോടാണ് പുതിയ ഉപദേശങ്ങൾ! അവനെ ഞാൻ വഴക്ക് പറഞ്ഞു ഓടിച്ചു. അവൻ പറയുന്നതുപോലെ കേട്ടില്ലെങ്കിൽ
ഭാവിയിൽ, അവനിൽ നിന്നും ഒരു ട്ടിപ്സും പ്രതീക്ഷിക്കണ്ട എന്ന മട്ടിലായിരുന്നു അവൻ.
അല്ലെങ്കിലും 40% ലാഭവിഹിതം
എന്നുള്ളത് വെറും ഒരു മോഹന വാഗ്ദാനമാണെന്നുള്ളത് എനിക്കും അവനും അറിയാം അതുകാരണം
"രക്ഷപ്പെട്ടു" എന്ന മനോഭാവത്തോടെ പിണങ്ങി പോയി.
ഞാനാണെങ്കിൽ മുട്ട കച്ചവടത്തിന് നഷ്ടം വന്നപോലെ താടിക്ക്
കൈകൊടുത്ത് കംപ്യൂട്ടറിന്റെ മുൻപിൽ ഇരിപ്പായി. ഓഹരിക്കമ്പോളത്തിലെ അത്ഭുതകൃത്യങ്ങൾ ആര് വിവരിക്കും എന്നറിയാനായിട്ട് പിന്നെയുള്ള ആശ്രയം ഗൂഗിൾ ആണ്.എഴുതി ക്ലിക്ക്
ചെയ്തതും, ലോകത്തിലുള്ളവരെല്ലാവരും
എനിക്ക് ഒരു പരിഹാരമായിട്ട് ഇരിക്കുന്നവരോ എന്ന് തോന്നിപോയി, ഉപദേശങ്ങളും നിർദ്ദേശങ്ങളും അറിവുകളുമായി ഒരു നിര
തന്നെയുണ്ട്.ചിലർ സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞു മറ്റു ചിലർ വളഞ്ഞു മൂക്കിനെ തൊടുന്നതു
പോലെ കാര്യങ്ങളെ വളച്ചൊടിച്ചു പറഞ്ഞു. എന്തായാലും കാര്യങ്ങളെല്ലാം എല്ലാം ഒരു പോലെ
തന്നെ!
