ഓർമ്മവെച്ചനാൾ തൊട്ട് എനിക്ക് അവരോട് ഭയങ്കര ദേഷ്യമായിരുന്നു. വ്യക്തിപരമായി അവരാരും എന്നോട് ഒന്നും ചെയ്തിട്ടില്ല കണ്ടിട്ടുപോലുമില്ല എങ്കിലും ......പിന്നീട് ഡൽഹിയിലുള്ള താമസത്തിനിടയിൽ കണ്ട് മുട്ടിയ പഴയ തലമുറക്കാർക്ക് ഇന്ത്യ-പാക് വിഭജന കാലത്തെപറ്റി വളരെ കയ്പേറിയ അനുഭവങ്ങളാണ് പറയാനുള്ളത്. കാശ്മീരിൽ നിന്നും പഞ്ചാബിൽ നിന്നും അഭയാർത്ഥികളെ പോലെ ഡൽഹിയിലേക്ക് വന്നതും അവിടത്തെ താമസവും .......ഇന്നും ഓർക്കാൻ ഇഷ്ടപ്പെടാത്ത ചില ഓർമ്മകളാണ്. ആ കഥകളും എന്നെ അവരെ കൂടുതൽ വെറുപ്പിക്കാൻ സാധിച്ചു.ക്രിക്കറ്റ് കളിയിലെ അവരുടെ പരാജയം എന്നും മനസ്സിന് കുളിർമ്മ തരുന്ന വാർത്തയായിരുന്നു.
ഒരു വിദേശയാത്രയിൽ പൊതുവെ പതിഞ്ഞ മൂക്കുകൾ ഉള്ള ആളുകളുടെ നാട്ടിൽ , നമ്മുടെ അഭിമാനമെന്ന് പറയാവുന്ന വലിയ മൂക്ക് കണ്ടിട്ട് ആയിരിക്കണം_ രണ്ട് അമ്മാമ്മന്മാർ, അവര് തമ്മിലുള്ള കുറെ നേരത്തെ ചർച്ചക്ക് ശേഷം എൻറെ അടുത്ത് വന്ന് ചോദിച്ചു " നീ പാകിസ്ഥാനിൽ നിന്ന് ആണോ?"
"അല്ല, ഞാൻ ഇന്ത്യയിൽ നിന്നാണ് "_ ഒരു നിമിഷം ഞാനറിയാതെ തന്നെ നാഗവല്ലി ആയോ എന്ന് സംശയം. എന്റെ മറുപടിയും ചവുട്ടികുതിച്ചുള്ള പോക്കും കണ്ട്, ദൂരെ നിന്ന് എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന ഭർത്താവ് എന്നോട് വന്ന് -"അവരെന്താ നിന്നോട് മോശമായി എന്തെങ്കിലും പറഞ്ഞോ ?"
എന്റെ മറുപടി കേട്ടപ്പോൾ ഭർത്താവിന് ഒരു സമാധാനം. പക്ഷെ എനിക്ക്, അംഗീകരിക്കാൻ പറ്റിയ ഒരു തമാശ ആയിട്ട് തോന്നിയില്ല .സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി പോയി.പിന്നീടുള്ള അവിടത്തെ താമസത്തിൽ പല പാകിസ്ഥാനികളെ കണ്ടുവെങ്കിലും അവരെയൊന്നും മനസ്സ് കൊണ്ട് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.അതുപോലെ പലരും എന്നോട് ആ ചോദ്യം ആവർത്തിച്ചിട്ടുമുണ്ട്.ആദ്യം കേട്ടപ്പോൾ ഉണ്ടായ ഞെട്ടൽ ഇല്ലായിരുന്നെങ്കിലും അവരോടെല്ലാം ഞങ്ങൾ അയല്ക്കാരാണ് എന്ന് പറയുമായിരുന്നു കൂട്ടത്തിൽ ഇന്ത്യക്കാരുടെ IT യിലുള്ള മിടുക്കും കമ്പ്യൂട്ടർ -ലുള്ള പ്രാവീണ്യ ത്തെക്കുറിച്ചും_എന്റെ വക ഇന്ത്യയെക്കുറിച്ചുള്ള വിശേഷണങ്ങളായി ഞാൻ പറയാറുണ്ട്.
എന്നാൽ മിഡിൽ ഈസ്റ്റ് (Middle East) ചെന്നപ്പോൾ എന്റേതായ ഇന്ത്യയുടെ വിശേഷണത്തിനെക്കുറിച്ച് പറയുവാനോ അത് കേൾക്കുവാനോ ആരുമില്ലായിരുന്നു.എല്ലാവരും ആ രാജ്യത്തിനകത്തേക്ക് കേറിപറ്റാനുള്ള ധ്രുതിയിലാണ്.രണ്ടു രാജ്യക്കാരും ഒരു ക്യൂ യിൽ തന്നെ നില്ക്കണം എന്നത് ആത്മാഭിമാനത്തിന് ക്ഷതം വരുത്തിയ നിമിഷങ്ങൾ !
അവിടെയുള്ള താമസം കൂടുതൽ പാകിസ്ഥാനികളെ കാണാനും പരിചയപ്പെടാനും സാധിച്ചു കൂട്ടത്തിൽ ഏതോ ഓഫീസ്സ് ആവശ്യത്തിനായി xerox എടുക്കാനായി ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന പാകിസ്ഥാനിയുടെ പെരുമാറ്റം.ഞാൻ പ്രത്യേകം ഓർക്കുന്നു.രൂപഭാവത്തിൽ ഒരു മലയാളി ആണെന്ന ധാരണയിലായിരുന്നു എന്റെ പെരുമാറ്റം.മലയാളികളെ കൊണ്ട് സമൃദ്ധമായ ആ നാട്ടിൽ വേറെ ഒരു ഭാഷ ആവശ്യമില്ലെന്ന മട്ടിൽ, മലയാളത്തിലാണ് നാട്ടിൽ എവിടെയാണ്‍ എന്ന ചോദ്യം ചോദിച്ചത്.
ഞാൻ പാകിസ്ഥാനിൽ നിന്നാണ് എന്ന് ഹിന്ദിയിൽ മറുപടി തന്നപ്പോൾ ............ഒരു നിമിഷം അന്തംവിട്ടുപോയെങ്കിലും മുഖഭാവം മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അവനും ഒന്നുമറിയാത്ത പോലെ ബാക്കി ജോലികൾ ചെയ്തു തന്നു പോരാൻ നേരത്ത് _ "മാഡം പേടിച്ച് പോയി അല്ലെ എന്ന അവന്റെ ചോദ്യത്തിന്
"എന്തിന് പേടിക്കണം" എന്ന് പറഞ്ഞ് വിഡ്ഢിച്ചിരിച്ചെങ്കിലും അവൻ അത് മനസ്സിലാക്കിയല്ലോ എന്ന ജാള്യതയായിരുന്നു മനസ്സിൽ.ഇന്നും വല്ലപ്പോഴും ആ വിഡ്ഢിച്ചിരി ഓർത്ത് ചിരിക്കാറുണ്ട്. ഇങ്ങനെയുള്ള ചിലരുടെ നല്ല പെരുമാറ്റം അവരോടുള്ള ശത്രുത മനോഭാവം മാറ്റി അവരും നമ്മളെപോലെ മനുഷ്യരാണ്,ചിന്തിക്കാൻ തുടങ്ങി എന്നത് വാസ്തവം.
അതുപോലെ തന്നെ കൗതുകരമായി തോന്നിയത്, ഒരു സ്ത്രീ എന്നോട് ചോദിച്ചത്, "നിങ്ങൾ തണുപ്പ് കാലത്ത് കട്ടിലൊക്കെ വീടിന്റെ പുറത്ത് ഇട്ട് റെസ്റ്റ് എടുക്കും അല്ലെ എന്ന ചോദ്യമാണ് .കേരളത്തിൽ തണുപ്പ് കാലം ഇല്ല ചില ഹിന്ദി സിനിമകളിൽ ഇങ്ങനെ ഒക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് അതിനെ പറ്റി അറിഞ്ഞു കൂട എന്നായിരുന്നു എന്റെ മറുപടി.പിന്നെയും ഓരോ കൊച്ചു കാര്യങ്ങൾ ചോദിച്ചപ്പോഴും എന്റെ മറുപടി അറിഞ്ഞുകൂട എന്നതായിരുന്നു.പിന്നീടുള്ള കുശലാന്വേഷണത്തിൽ നിന്നാണ് മനസ്സിലായത്, അവരുടെ മാതാപിതാക്കന്മാരുടെ ജന്മസ്ഥലം "അമൃതസർ "ആണ്. അവരെല്ലാം ഇപ്പോൾ U.K യിലാണ്.എന്നാൽ മകൾ ജനിച്ചതും വളർന്നതുമെല്ലാം പാകിസ്ഥാനിലും.ജനനസ്ഥലമായതു കൊണ്ട് അവർ ഇടയ്ക്കിടെ ഇന്ത്യ സന്ദർശിക്കാറു ണ്ട് എന്നാൽ മകൾ ഒരിക്കലും വന്നിട്ടുമില്ല. അവരുടെ അമ്മ പറയുന്ന ഓരോ കാര്യങ്ങളാണ് എന്നോട് ചോദിച്ചത്..ഒരു വീട്ടിൽ തന്നെ ഇന്ത്യാ-പാക് ആൾക്കാരോ ?
ലോകസഭ ഇലക്ഷനുശേഷം പാകിസ്ഥാൻ പ്രസിഡന്റു നവാബ് ഷെരീഫ് -ന്റെ ഇന്ത്യാസന്ദർശനത്തെക്കുറിച്ച് , മാധ്യമങ്ങളിലുള്ള വാർത്തകളും ചർച്ചകളും കണ്ടപ്പോൾ-എനിക്ക് അനുഭവും രസകരവും കൗതുകമായി തോന്നിയ ചില കാര്യങ്ങളാണിതൊക്കെ...രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അപ്പുറം ചില മനുഷ്യസ്നേഹികളായ നമ്മുടെ അയൽക്കാർ!!!