9/15/13

Onam@2012

ഇന്ന് ഉത്രാടം(ഒന്നാം ഓണം) ആണ്.മലയാള ട്ടി.വി ചാനലില്‍ പലതരം പരിപാടികള്‍ നടക്കുന്നുണ്ട്.ഇവിടെ ഉള്ളവര്‍ക്ക് ഓണവും ദീപാവലിയും ഉത്സവങ്ങളും എല്ലാം ഒരു പോലെ തന്നെ.......ഭവാനിഅമ്മ ആത്മഗതം പോലെ പറഞ്ഞു.അവര്‍ക്കൊക്കെ അവരുടെ ആഴ്ചയുടെ അവസാനം നടത്തുന്ന പാര്‍ട്ടികള്‍ക്കാണ്,പ്രാധാന്യം.കേരളത്തിന്റെ പുറത്ത് താമസിക്കുമ്പോള്‍ ഇങ്ങനെയോക്കെ ആവുമെന്ന് ഓര്‍ത്ത് അവര്‍ തന്നത്താന്‍ സമാധാനിച്ചു.എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ!

എഴുപത് വര്‍ഷത്തോളം കേരളത്തില്‍ താമസിച്ച്, ഭര്‍ത്താവിന്റെ മരണത്തോടെ, ഓരോ മക്കളുടെ കൂടെ അവരുടെ ജോലിസ്ഥലത്ത് താമസിക്കുകയാണ്,ഭവാനിഅമ്മ.ഇപ്പോള്‍ മലേഷ്യയില്‍ മൂത്ത മകന്റെ കൂടെയാണ് താമസം.രണ്ടു-മൂന്നു മാസം ഇവിടെ താമസിക്കും.അതുകഴിഞ്ഞ് ദുബായിലുള്ള മകന്റെ കൂടെ അടുത്ത രണ്ടു-മൂന്ന് മാസം.അവിടെ നിന്ന് ബോംബെയിലുള്ള മകളുടെ കൂടെ അടുത്ത മൂന്ന്-നാല് മാസം അതു കഴിഞ്ഞ് പിന്നെയും മലേഷ്യ .....അങ്ങനെ ആര്‍ക്കോ വേണ്ടി ദിവസങ്ങള്‍ തള്ളി നീക്കുകയാണ് അവര്‍

അല്ലെങ്കിലും വീട്ടിലുള്ളവരെല്ലാം മലയാളികള്‍ ആണെങ്കില്‍ അല്ലെ ഇതിനൊക്കെ പ്രധാന്യമുള്ളൂ....മരുമകള്‍ ഹിന്ദിക്കാരിയാണ്,അതുകോണ്ടെന്താ,വീട്ടില്‍ മലയാളം തന്നെ ശരിക്കും ആരും വര്‍ത്തമാനം പറയാറില്ല.ഒന്ന് മനസ്സ് തുറന്ന് മലയാളത്തില്‍ ആരോടെങ്കിലും വര്‍ത്തമാനം പറയാന്‍ കൊതിയാവുന്നു.കൊച്ചുമകന്‍ വരുമ്പോള്‍ നാട്ടിലുള്ള മാലതിയെ ഫോണില്‍ വിളിച്ച് കുറച്ച് നേരം വര്‍ത്തമാനം പറയണം.ഇടയ്ക്കൊക്കെ അങ്ങനെ ചെയ്യുന്നതാണ് .അവള്‍ പറയും
“നീ അങ്ങു മലേഷ്യയില്‍ അല്ലെ, ഞാന്‍ എന്നും ഇവിടെ തന്നെ”...ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപച്ച എന്ന് പറയുന്നത് പോലെയാണ് .അവളൊക്കെ ഓണത്തിന്റെ തിരക്കിലായിരിക്കും.ആ പഴയ ഓണക്കാല ഓര്‍മ്മകളായി എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് അറിഞ്ഞുകൂട.

വീട്ടിലെ കോളിംഗ്ബെടിച്ചപ്പോഴാണ് ശരിക്കും സ്ഥലകാലബോധമുണ്ടായത്.വീട്ട് ജോലിക്ക് വന്ന ഫിലിപ്പിനോകാരിയാണ് .സാധാരണ വാതില്‍ തുറന്നു കൊടുക്കേണ്ട ജോലി മാത്രമെ ഭവാനിഅമ്മയ്ക്കുള്ളൂ.അവര്‍ ജോലിയൊക്കെ കഴിഞ്ഞ് വാതിലടച്ച് പോകാറാണു പതിവ്.ഇന്ന് ഞങ്ങളുടെ നാട്ടിലെ ഉത്സവമായ “ഓണം ആണെന്ന് പറയാന്‍ അവരോട് കുറെ ശ്രമിച്ചു.അവറ്ക്ക് മനസ്സിലായോ എന്നറിയില്ല എന്തായാലും ആ പരിശ്രമത്തില്‍ നിന്ന് തന്നത്താന്‍ പിന്മാറി.ഇവരോടോക്കെ വറ്ത്തമാനം പറയുന്നതോടെ, ആരോടെങ്കിലും വറ്ത്തമാനം പറയണം എന്ന കൊതി താനെ മാറി കിട്ടും.ഇങ്ങനെയൊക്കെ തന്നെയാണ് വീട്ടിലുള്ളവരും, അവര്‍ ട്ടിവി കാണുന്നതിനിടയില്‍ നിന്നും വല്ല മറുപടി കിട്ടിയാല്‍ ഭാഗ്യം.

കഴിഞ്ഞ വറ്ഷം തിരുവോണത്തിന് ദുബായില്‍ ആയിരുന്നു.അന്ന് സദ്യയൊക്കെ ഉണ്ടാക്കി എല്ലാവരും ഓഫീസ്സില്‍ നിന്ന് വരുന്നതും കാത്തിരുന്നു.പക്ഷെ കഴിക്കാന്‍ നേരം മകന്റെ മകള്‍ തൈരിന് വേണ്ടി വാശി പിടിച്ചപ്പോള്‍.......എല്ലാവരുടെയും സന്തോഷമെല്ലാം മാറി സന്താപമായി.അവള്‍ക്ക് കഴിക്കാനായി മറ്റി വെച്ച തൈര് എടുത്തിട്ടാണത്ര ഞാന്‍ പുളിശ്ശേരി ഉണ്ടാക്കിയതാണ് കുഴപ്പമായത്.എന്തായാലും മലയാളി അസോസിയേഷന്‍ നടത്തുന്ന ഓണാഘോഷത്തിന്,പോകുന്നുണ്ടല്ലോ പിന്നെ എന്തിനാണ്‌ വേറെ ഒരു അധികചിലവ്‌ എന്നായിരുന്നു മരുമകളുടെ വാദം.ആ കാര്യം പറഞ്ഞ മകനും മരുമകളും ഒരാഴ്ചക്കാലം വഴക്ക് കൂടി നടന്നു.തൈരിനു വേണ്ടി വാശി പിടിച്ച  കൊച്ചുമകള്‍ എന്നെ കെട്ടിപിടിച്ചാണ് അന്ന് രാത്രി ഉറങ്ങിയത്.ഇനി ഒരിക്കലും ഞാനായിട്ട് തിരുവോണത്തിന്‍ സദ്യ ഉണ്ടാക്കില്ല എന്ന് അന്ന് തീരുമാനിച്ചതാണ്.

അത് കാരണം എന്തായാലും ഇപ്രാവശ്യം സദ്യ ഇല്ല.പത്തെഴുപത് വറ്ഷം എല്ലാം ആഘോഷിച്ചതല്ലെ എന്ന് സമാധാനിച്ചു.രാവിലെ തന്നെ പൂജാമുറിയില്‍ വിളക്ക് കത്തിക്കണം, അമ്പലത്തില്‍ പോകാന്‍ പറ്റുമോ........ആ നല്ല ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങളെപറ്റി ഓര്‍ക്കുകയായിരുന്നു, അവര്‍

എന്നത്തേയും പോലെ തന്നെ തിരുവോണദിവസവും.ഒറ്റപെടുന്നവരുടെ വിഷമം മുന്‍ കൂട്ടി മനസ്സിലാക്കിയാട്ടാണെന്ന് തോന്നുന്നു.ട്ടി.വി ചാനലുകാര്‍ സിനിമയും പാട്ടും.........പലതരം പരിപാടികള്‍ കൊണ്ട് സമൃദ്ധമാക്കിയിട്ടുണ്ട്.അന്ന് കൊച്ചു മകന്‍ സ്കൂളില്‍ നിന്ന് വരുന്ന സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍,പരിഭ്രാന്തിയോടെ മകനെ വിളിച്ചപ്പോഴാണ് പറയുന്നത്,
“ഈ ഞാറാഴ്ച ക്ലബില്‍ ഓണാഘോഷമുണ്ട്.അതിലെ ഏതോ പരിപാടിയുടെ പരിശീലനത്തിനായി പോയിരിക്കുകയാണ്‍.”
എല്ലാവരുടെയും സൌകര്യം അനുസരിച്ച് ഞാറാഴ്ചയാണ് ഓണം ആഘോഷിക്കുന്നത്.
രണ്ടു ദിവസം കഴിഞ്ഞ്, നാട്ടിലെ ഓണവിശേഷങ്ങള്‍ അറിയാനായി മാലതിയെ വിളിച്ചപ്പോള്‍, അവിടത്തെ വിശേഷങ്ങളിലും പ്രത്യേകത ഒന്നുമില്ല.മക്കളും കൊച്ചുമക്കളും മരുമക്കളെല്ലാം കൂടി നാലു ദിവസം അവധിയുള്ള കാരണം മൂന്നാറിലേക്ക് പോയിരിക്കുകയാണ് മാലതിയും ഭര്‍ത്താവും വീട്ടിലുണ്ട്.ഓണവിശേഷങ്ങളായിട്ട് പറയാനുള്ളത്, ട്ടി.വി യിലെ സിനിമകള്‍ തന്നെ അല്ലാതെ അത്തപൂവ് ഇടുന്നതും ഊഞ്ഞാല്‍ കെട്ടുന്നതും ഉപ്പേരി വറക്കുന്നതും സദ്യ ഒരുക്കുന്നതുമെല്ലാം പഴയകാല വിശേഷങ്ങളായിരിക്കുന്നു.

ആ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തപ്പോള്‍, ഭവാനിഅമ്മ ഓര്‍ത്തു ഇനി മുതല്‍,മാവേലി  ഓണത്തിന് വല്ല റിസോറ്ട്ടുകളിലോ അല്ലെങ്കില്‍ ട്ടൂറിസ്റ്റ് കേന്ദ്രങ്ങളിലോ അതുമല്ലങ്കില്‍ വല്ല ക്ലബ് നടത്തുന്ന ഓണഘോഷത്തിന്റെ അന്നോ വരേണ്ടീയിരിക്കുന്നു.അല്ലെങ്കില്‍ മാവേലിയും ട്ടിവി പരിപാടികള്‍ കണ്ട് തിരിച്ച് പോകേണ്ടി വരും!!!!

എല്ലാ കൂട്ടുകാക്കും എന്റെ ഓണം ആശംസക


3 comments:

  1. കാലം മാറി ,ആഘോഷവും-ഓണാശംസകള്‍

    ReplyDelete
  2. ഓണാശംസകള്‍
    എല്ലാം മാറുമ്പോള്‍ ഓണത്തിനുമാത്രം മാറാതിരിക്കാനാവുമോ അല്ലേ?

    ReplyDelete
  3. മാനുഷരെല്ലാരുമൊന്നുപോലെ......!
    തിരുവോണാശംസകള്‍

    ReplyDelete