'ഹോണ്ട' കഴിഞ്ഞവർഷം ഇറക്കിയ 'Africa Twin' എന്ന ബൈക്കിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനായിട്ടുള്ള, 'True adventure anniversary ride' യിൽ പങ്കെടുക്കാനായി എനിക്കും അവസരം കിട്ടി എന്നതിൽ വളരെ സന്തോഷം.പതിവുപ്പോലെ ബൈക്കിന്റെ പുറകിലത്തെ സീറ്റിലാണ് എൻ്റെ സ്ഥാനം.ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കളേയും ബൈക്കടക്കം സംഘടിപ്പിച്ചിട്ടുള്ള യാത്രയാണിത്.54 ബൈക്കുകാരും ഹോണ്ട ജീവനക്കാരും മീഡിയക്കാരുമായി വലിയ ജനാവലി തന്നെയുണ്ട്. അവർ നിർദ്ദേശിച്ച പ്രകാരം രാവിലെ ആറു മണിക്ക് തന്നെ എല്ലാവരേയും യാത്രക്ക് വേണ്ട ചമയങ്ങളടക്കം തയ്യാറായി കണ്ടപ്പോൾ, 'നിർദ്ദേശങ്ങൾ തരൂ ഞങ്ങൾ അനുസരിക്കട്ടെ' എന്ന മട്ടിലാണ് എല്ലാവരും. അവരുടെയൊക്കെ ഉത്സാഹവും ചുറുച്ചുറുക്കും കണ്ടപ്പോൾ എല്ലാവരും വീണ്ടും ചെറുപ്പമായോ എന്ന് സംശയം.
എല്ലാ ശക്തിയോടു കൂടി എറിയുന്ന തേങ്ങയും അതിൻ്റെ കക്ഷണങ്ങൾ പെറുക്കാനായിട്ട് ഓടുന്ന ചില രംഗങ്ങളാണ് മനസ്സിൽ വന്നത്. അതിനൊക്കെ വിപരീതമായി ഹോട്ടലുകാർ കൊണ്ടുവന്ന കല്ലിൽ ഹോണ്ടയുടെ ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്ന ജപ്പാൻകാരൻ തേങ്ങ ഉടച്ചാണ്, ഞങ്ങളുടെ യാത്രക്ക് നാന്ദിക്കുറിച്ചത്.ഇത്തരം ആചാരങ്ങളും വിശ്വാസങ്ങളും അവർക്കുമുണ്ടോ അതോ നമ്മുടെ കീഴ്വഴക്കങ്ങളെ അന്ധമായി അനുകരിക്കുന്നതോ ? എന്തായാലും മനസ്സിൽ അവർക്ക് വലിയ ഒരു നമസ്ക്കാരം.
കർണ്ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.തലേദിവസം തന്നെ യാത്രക്കുറിച്ചുള്ള വിവരങ്ങളും അത്യാവശ്യത്തിന് വിളിക്കേണ്ട ഫോൺ നമ്പറുകളും ഞങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
മാർഷൽ-ന്റെ പുറകിലൂടെ എല്ലാ റൈഡേഴ്സും നല്ല അനുസരണകുട്ടികളെപ്പോലെയുള്ള യാത്ര, നഗരത്തിലെ മറ്റു വാഹനത്തിരക്കിലൂടെ മുന്നോട്ടു പോകാൻ സാധിക്കാത്തതു കൊണ്ട് വളരെ വേഗം തന്നെ പലർക്കും അവരുടേതായ രീതി പ്രയോഗിക്കേണ്ടി വന്നു.ചിലർ ചെറിയ ഗ്രൂപ്പായി പോയിരുന്നെങ്കിൽ മറ്റു ചിലവർ ഒറ്റപ്പെട്ടുപ്പോയി.
ഗ്രൂപ്പിൽ നിന്ന് വിട്ടുപോകാതെയിരിക്കാൻ മുൻപിൽ പോകുന്ന ടെമ്പോ യുടെ ഇടത്ത് ഭാഗത്തുക്കൂടെയുള്ള 'ഓവർടേക്ക്', അവസാനനിമിഷം എന്തിനാണ് ടെമ്പോ കൂടുതൽ ഇടത് ഭാഗത്തോട്ട് വന്നത് എന്നറിയില്ല. റോഡിന്റെ വശങ്ങളിലെ അസമമായ മണ്ണിലേക്ക് ഓടിക്കുകയാണ് ചെയ്തത്. എപ്പോൾ വേണമെങ്കിലും ബൈക്കടക്കം ഒരു വീഴ്ചയാണു പ്രതീക്ഷിച്ചതെങ്കിലും കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെട്ടു.ഹോണ്ട കമ്പനി പറഞ്ഞപ്പോലെ 'ട്രൂ അഡ്വെവഞ്ചർ ആനിവേഴ്സറി റൈഡ്' -യിൽ ഞങ്ങൾ ഞങ്ങളുടേതായ അഡ്വെവഞ്ചർ നടത്തി എന്നു തന്നെ പറയാം.
മുകളിലിരുന്ന് ഒരാൾ എല്ലാം കാണുന്നുണ്ട് എന്ന് പറയുന്നതിനുത്തുല്യമായി 'ഗൂഗിൾ മാപ്പ്' ഉപയോഗിച്ചവരുടെ സ്ഥിതി. മാപ്പ് പലപ്പോഴും ഓഫ് ആകുന്നതും നെറ്റ് കിട്ടാത്തതും പലർക്കും മറ്റു യാത്രികരെ കാത്ത് നിൽക്കേണ്ടി വന്നു.പല ഒറ്റപ്പെട്ടു പോയവരെ പിന്നെയും ഒരുമിച്ചു കൊണ്ടുവരാൻ സാധിച്ചു.
മടിക്കേരി ( 281 കി.മീ - കൂർഗ് ) ലാണ് ഞങ്ങൾക്ക് അന്ന് എത്തിച്ചെരേണ്ടത്. കാപ്പി/ തേയില എസ്റ്റേറ്റുകളുടെ ഇടയിലൂടെയുള്ള പാതയിലെ യാത്രകളുടെ മനോഹാരിത കൊണ്ടോ എന്തോ പലരും വളരെയധികം ചുറ്റിക്കറങ്ങിയാണ് കൂർഗിൽ എത്തിയത്.വൈകുന്നേരങ്ങളില്‍ ഓരോത്തരുടെ അന്നത്തെ അനുഭവത്തെക്കുറിച്ചും മാറ്റം വരുത്തേണ്ട കാര്യങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്താറുണ്ട്. വഴി തെറ്റുന്നതാണ് പലരുടേയും പ്രശ്നം. നല്ല വഴികള്‍ കാണുന്നതോടെ തലേദിവസമെടുത്ത തീരുമാനങ്ങള്‍ ആരും ഓര്‍ക്കാറുമില്ല എന്നത് മറ്റൊരു കാര്യം.
കർണ്ണാടക - കേരള ബോർഡർ ആയതോടെ പല കടകളുടേയും പേരുകൾ മലയാളത്തിലും എഴുതിക്കണ്ടു. വെറുതെ മനസ്സിലൊരു സന്തോഷം. സന്തോഷം, സങ്കടകരമാകാൻ അധികസമയം വേണ്ടിവന്നില്ല. കേരളത്തിലെ വയനാട്ടിൽ എത്തിയതോടെ റോഡിലെ കുണ്ടും കുഴികളും കൂട്ടത്തിലെ വളവും തിരിവുകളും എല്ലാം കൊണ്ടും ദുസ്സഹമായിരുന്നു. കുണ്ടും കുഴികളേയും ഒഴിവാക്കി എത്തിപ്പെട്ടത് റോഡിന്റെ എതിർഭാഗത്തുക്കൂടെ വരുന്ന ബസ്സിന്റെ മുൻപിൽ. കുരുത്തം കെട്ട ബൈക്ക് യാത്രക്കാരോട്, എന്ത് പറയാൻ എന്ന മട്ടിൽ ഡ്രൈവർ അയാളുടെ ദേഷ്യം മുഴുവൻ ആംഗ്യഭാഷയിലൊതുക്കി.
'സാഹസികത വർദ്ധിപ്പിക്കാനായിട്ടായിരിക്കാം' ഹോണ്ട കമ്പനി കേരളത്തിലെ റോഡുകൾ തിരഞ്ഞെടുത്തത് എന്ന് പറഞ്ഞ് കൂടെയുള്ളവർ കളിയാക്കിയപ്പോൾ,
' ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമെന്നന്തരംഗം
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരബുകളിൽ.....
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരബുകളിൽ.....
ഞാനും അങ്ങനെയൊക്കെയാണെങ്കിലും സത്യത്തിന്റെ മുൻപിൽ 'തമാശ' എന്ന് പറഞ്ഞു ചിരിക്കാനെ സാധിച്ചുള്ളൂ.ഒരു നിമിഷം കേരളത്തിലെ ഭരണാധികാരികളോട് ദേഷ്യം തോന്നാതിരുന്നില്ല.ഞങ്ങളുടെ ആ യാത്ര കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് മഴ കാരണം 'വയനാട്' ഒറ്റപ്പെട്ടുപ്പോയി എന്ന വാർത്ത കണ്ടത്, നന്ദി ആരോട് പറയണം എന്നറിയാതെയായി , അത് മറ്റൊരു സത്യം.
ബാംഗ്ലൂർ, മടിക്കേരി ( 281 കി.മീ ) മസിനഗുഡി( 246 കി.മീ) ഊട്ടി ( 36 കി.മീ) കോയബത്തൂർ (100 കി.മീ) അങ്ങനെ നാലു ദിവസത്തെ 'റൈഡ്' പ്ലാൻ ചെയ്തിട്ടുള്ളത്.
എല്ലാ ദിവസവും രാവിലെ വണ്ടിക്കും ഓടിക്കുന്നവർക്കും വേണ്ട എന്തും സഹായവയും ചെയ്യാനായിട്ട് തയ്യാറായി നിൽക്കുന്ന ഹോണ്ട ജീവനക്കാരും കൂടെയുള്ളവരുടെ സംഘടിതപ്രവർത്തനവും ഒത്തൊരുമയും കാണുമ്പോൾ "Passion is everything" എന്ന് പറയുന്നത് വളരെ ശരിയായിട്ട് തോന്നുന്നു.
'Adventure ride'പിന്നീട് അത് അറം പറ്റിയ വാക്ക് പോലെയാണ്, എനിക്ക് തോന്നിയത്. കോയമ്പത്തൂര്‍ വരെ വന്ന സ്ഥിതിക്ക് കേരളത്തിൽ 2 -3 ദിവസം താമസിച്ച് 12/ ആഗസ്ത്, യോടെ ഞങ്ങള്‍ തിരിച്ചു ഡൽഹിയിൽ എത്തി. പിന്നീടുള്ള ദിവസങ്ങളിലെ കാര്യങ്ങൾ ലോകത്തിലെ ഒരു മലയാളിക്കും മറക്കാൻ പറ്റാത്തവയാണ്. ഞങ്ങൾ ഏതൊക്കെ വഴിയിലൂടെ യാത്ര ചെയ്തുവോ അവിടെയെല്ലാം മഴയുടെ വിളയാട്ടമായിരുന്നു.എന്നാൽ ജാതി മതം രാഷ്ട്രീയം സമ്പത്ത് ഒന്നും നോക്കാതെ കേരളത്തിലെ ഓരോരുത്തരുടേയും സഹായസഹകരണം കാണുമ്പോൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്ഥമായി നൂറു ശതമാനം സാക്ഷരത, സ്ത്രീ ശാക്തീകരണം, കമ്മ്യൂണിസം .......പല മലയാളികളല്ലാത്തവർക്കും ആശ്ചര്യത്തോടെ പറയാൻ കാരണങ്ങളേറെയുണ്ട്. അതൊക്കെയാണോ പ്രധാന കാരണങ്ങൾ, എനിക്കറിഞ്ഞു കൂടാ. അല്ലെങ്കിലും ഒരാവശ്യം വരുമ്പോൾ നമ്മളൊക്കെ ഇങ്ങനെയല്ലേ!