6/20/18

മരം ഒരു വരം

ഛക്ക്....ഛക്ക്.....ആ ശബ്ദം കേട്ടാണ്, ഞാൻ ഞെട്ടിയുണർന്നത്.ചാടി എണീറ്റു.
"മിണ്ടാതെ അവിടെ കിടന്നോണം അല്ലെങ്കിൽ നാളെ രാവിലെത്തന്നെ ആ മരം വെട്ടും, കൂടെയുള്ളയാളുടെ ആജ്ഞ. സമയം നോക്കിയപ്പോൾ രാത്രി രണ്ടു മണി. ഈ സമയത്ത് .....എനിക്ക് തോന്നിയതായിരിക്കും. ആ ശബ്‌ദം കേൾക്കുന്നുണ്ടോ ...?
കഴിഞ്ഞ ഫെബ്രുവരി മുതൽ ഞാൻ ആ ശബ്ദത്തിന്‍റെ പുറകെയാണ്. വീട്ടിലെല്ലാവർക്കും എൻ്റെ നേരെ വിരൽ ചൂണ്ടാനായിട്ട്, അവർക്ക് പല കാരണങ്ങളുണ്ട്.ആറ്റുനോറ്റു നട്ടു വളർത്തിയ മാവിൽ ആദ്യമായി മാങ്ങയുണ്ടായപ്പോൾ, കിട്ടിയ 20 മാമ്പഴത്തിൽ, ഒന്നും രണ്ടും വെച്ച് അടുത്ത വീടുകളിലെല്ലാം, ഞാന്‍ കൊണ്ട് കൊടുത്തു.അതൊരു മാവ് ആണെന്നും അതിൽ ഉണ്ടായി നിൽക്കുന്നത് കടയിൽ മേടിക്കാൻ കിട്ടുന്ന മാമ്പഴം ആണെന്നുള്ളതും അവർക്കൊക്കെ പുതിയ ഒരറിവു തന്നെയായിരുന്നു.കടയിൽ നിന്നും മേടിച്ച മാമ്പഴത്തിന്റെ കുരുവിൽ നിന്നാണ്, ഞാൻ അതിനെ വളർത്തി എടുത്തതൊന്നൊക്കെ അവരോട് പറഞ്ഞപ്പോൾ, ഞാൻ ഒരു സംഭവം ആണെന്നും പ്രകൃതിസ്നേഹിയാണെന്നൊക്കെ അവർ തിരിച്ചു പറഞ്ഞപ്പോൾ , അതൊക്കെ ഈ വർഷത്തെ പാരകളാവുമെന്ന് ഒരിക്കലും വിചാരിച്ചില്ല.
ഇവിടത്തെ(ഡല്‍ഹി) 'ലങ്കടാം' എന്നറിയപ്പെടുന്ന മാങ്ങയാണിത്.മാവിന് അധികം പൊക്കമില്ലെങ്കിലും ശാഖകൾ ധാരാളം. പഴുത്താലും പച്ച നിറമാണുള്ളത്.ഫെബ്രുവരിയിലാണ് പൂവിടാറുള്ളത്. ജൂൺ - ജൂലൈ മാസത്തിലാണ്, മാങ്ങ പഴുക്കാറുള്ളത്. ചെടികൾ വളർത്തുന്നതിനോട് പണ്ടേ ഇഷ്ടമുള്ളതുകൊണ്ട്, താമസിക്കുന്ന വീടുകളിലെല്ലാം ഏതെങ്കിലും ചെടികൾ ഞാൻ നട്ടു പിടിപ്പിക്കാറുണ്ട്.ഞാൻ ഈ വീടു വിട്ടു പോയാലും ചെടി വളരണമെന്ന ഉദ്ദേശ്യത്തോടെ മതിലിനടുത്തുള്ള പൈപ്പിന്റെ അടുത്തായിട്ടാണ് മാവ് നട്ടുപിടിപ്പിച്ചത്.അതുകൊണ്ടെന്താ ശാഖകളും മാങ്ങകളുമെല്ലാം അധികവും മതിൽ കെട്ടിന്റെ പുറത്തോട്ടായി.
ഛക്ക് .....ഛക്ക് .....മാങ്ങ പൊട്ടിക്കുന്ന കള്ളനെ കൈയോടെ പിടിക്കാനായിട്ട്, ഞാൻ ബാൽക്കണിയിലേക്ക് ഓടിയത്. ഏതാനും സ്കൂൾ കുട്ടികളാണ്. അലുമിനിയത്തിന്റെ വലിയ ഒരു വടി കൊണ്ടാണ് അടിക്കുന്നത്. ഏതോ വീടു പണിയുന്നതിന്റെയവിടെ നിന്നും കൊണ്ടുവന്നതായിരിക്കും. മതിലിന്റെ പുറത്തായതു കൊണ്ട്, അത് ആർക്കുവേണമെങ്കിലും അവകാശപ്പെട്ടതാണെന്നാണ് അവരുടെ വാദം. കുറച്ചു സമയം വാക്കുതർക്കം നടത്താമെന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവുമില്ല.പകുതിയിലേറെ സമയം ഫോണിലും കംപ്യൂട്ടറിലും കളിക്കുന്ന കുട്ടികള്‍ , ഈ ഒരു കാര്യത്തിൽ ഒറ്റക്കെട്ടായി.പ്രകൃതി സ്നേഹിയായ ഞാൻ മറുവശത്തും.
ആർക്കും അറിഞ്ഞുകൊണ്ട് ഒരുപകാരം ചെയ്യരുതെന്നാണ് ഇത്രയും കാലത്തെ ജീവിതത്തിൽ നിന്നും പഠിച്ചത്. എന്നാലും ചില ശീലങ്ങളൊക്കെ നമ്മുക്ക് പെട്ടെന്ന് മാറ്റാൻ പറ്റില്ലല്ലോ.ആദ്യമായിട്ടാണ് ഞാൻ നട്ട ചെടിയിൽ നിന്ന് ഫലം ഉണ്ടായത്. ആ സന്തോഷമാണ്, നാട്ടുകാരുമായി പങ്ക് വെച്ചത്. തന്നത്താൻ ഉണ്ടാക്കിയെടുത്ത 'ഗുലുമാലുകൾ' സ്വയം നേരിടാനാണ്, വീട്ടുകാരുടെ അഭിപ്രായം.
ഉണ്ടായ സംഭവങ്ങൾ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ, അവളുടെ മറുപടിയും വിചിത്രമായി തോന്നി.ആ മാവ് കഴിഞ്ഞവർഷം അവിടെ ഇല്ലായിരുന്നിരിക്കും, എന്നാണ് അവളുടെ വാദം.പഠിത്തത്തിനും മാർക്കിനും ജോലിയുടെ ഉദ്യോഗക്കയറ്റത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുന്നവളെ കളിയാക്കി ചിരിച്ചാൽ, ഗൂഗിൾ നോക്കി മാങ്ങയുടെ ചരിത്രം, ഘടന, വൈവിധ്യങ്ങൾ .......അതിനെക്കുറിച്ചുള്ള 'പ്രസന്റേഷൻ' കാണുകയോ കേൾക്കേണ്ടിവരുമെന്നറിയാവുന്നതു കൊണ്ട്, 'മൗനം വിദ്വാന് ഭൂഷണം' എന്നല്ലേ പ്രമാണം.ആളുകൾ പ്രകൃതിയിൽ നിന്നും എത്ര മാത്രം മാറിപോകുന്നു എന്നാണ്, ഞാൻ ഓർത്തത്.
5/ ജൂൺ, ലോകപരിസ്ഥിതി ദിനം, വൃക്ഷതൈ നടുക, എന്ന യജ്ഞത്തിൽ മന്ത്രിന്മാർ തൊട്ട് റെസിഡെൻസ് അസോസിയേഷൻ പ്രസിഡന്റ് വരെ തിരക്കിലാവുന്ന ദിവസം. കഴിഞ്ഞവർഷം ഏതോ സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ഇത്തരം ചടങ്ങിൽ എനിക്കും പങ്കെടുക്കാനുള്ള അവസരം കിട്ടി.സംഘടനയുടെ പേരെഴുതിയ 'ഏപ്രൺ' തൊപ്പി, കൈയുറകൾ, മാസ്ക് ..എല്ലാം കൂടെ ആയപ്പോൾ ഞാൻ ഏതോ "അർബൻ ഫാർമറിന്റെ ലുക്ക്' ആയോ എന്ന് സംശയം.കളിസ്ഥലത്തിന്റെ ഒരു വശത്തായിട്ടാണ് ചെടികൾ നട്ടത്.കുട്ടികളാണ് ആ പരിപാടികൾ കൂടുതൽ ആസ്വദിച്ചത്.വൃത്തിയുടേയും ശുചിത്വത്തിന്റേയും പേരിലുള്ള അമ്മമാരുടെ അമിതസംരക്ഷണം അരോചകമായി തോന്നി. പതിവുപ്പോലെ മുതിർന്നവർ പലരും ഫോട്ടോ എടുക്കുന്നതിലും അതു കഴിഞ്ഞുള്ള സ്നാക്കിലുമായിരുന്നു, ശ്രദ്ധ.കാലത്തിന്റെ മാറ്റം ആകാം.
'മരം ഒരു വരം ' അതിന്റെ ഗുണഗണങ്ങളെപ്പറ്റി എത്രപേർക്കറിയാം എന്നത് ആശങ്കാജനകമാണ്.എന്നാലും അതിന്റെ പേരിൽ ഒരു പ്രദേശത്തുള്ള പലരേയും ഒത്തുചേരലിനു വഴിയൊരുക്കുന്നു എന്നതാണ് സത്യം.