എന്തിനൊക്കെയോ പിണങ്ങി നടക്കുന്ന, ആവശ്യത്തിനും അനാവശ്യത്തിനും എല്ലാവരുമായി വഴക്ക് കൂടുന്നുണ്ട്, ചില കാര്യങ്ങൾ ആവശ്യമായി തോന്നുമെങ്കിലും ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ടു പോകുന്ന പ്രകൃതക്കാരിയായിട്ടാണ് 'നയൻതാര'. ഇടയ്ക്കിടെ കഥകളി മുഖവും മുദ്രകളും.അമ്മക്ക് വല്ല 'ലൈൻ ആണോ അതോ മാനസിക കുഴപ്പമാണോ' എന്ന സംശയത്തിലാണ് ന്യൂജിയായ മകൾ. ഇതിനിടയിലും അക്ഷോഭ്യനായി വളരെ ഗൗരവമായ കാര്യങ്ങളൊക്കെ തമാശയിലൂടേയും ഉപദേശമായും പറയുന്ന വക്കീലായ ഭര്‍ത്താവ്, മമ്മൂക്ക. എല്ലാം കൊണ്ടും ആകാംക്ഷയുള്ളവാക്കുന്ന രീതിയിലാണ് "പുതിയ നിയമം' - സിനിമയെങ്കിലും എനിക്ക് ബോറടിച്ചതു കൊണ്ട് ഞാൻ ഞെക്കി, റിമോട്ടിൽ.
അവിടെയാണെങ്കിൽ 'പോസ്റ്റവുമൺ'-ആയ മഞ്ജു വാര്യർ യും ഏത് സമയവും ഫോണിലും കാമറയുമായി നടക്കുന്ന മകൻ. കാശിനു പ്രാധാന്യം ഇല്ലാതെ നീതിക്കുവേണ്ടി മാത്രം വാദിക്കുന്ന വക്കീലായ ആനി എന്ന അമല.ഒരു സിനിമക്കുവേണ്ട എല്ലാ ചേരുവകൾ കൊണ്ട് കഥ പുരോഗമിക്കുമ്പോഴും തമാശക്കായി മഞ്ജു വാര്യർ കാണിക്കുന്ന കോപ്രായങ്ങൾ കണ്ടപ്പോൾ ( ലൈസൻസ് കിട്ടാൻ വേണ്ടിയുള്ള വണ്ടി ഓടിക്കൽ), ഞാൻ വീണ്ടും കുത്തി, റിമോട്ടിൽ .
ഏതോ ഡബ്ബിങ് സിനിമയാണ്.ഒരു കുറ്റാന്വേഷണ കഥയാണ്. റഹ്‌മാൻ, പോലീസ് ഓഫീസർ ആണ്.വലിയ പുതുമയൊന്നും തോന്നിയില്ല.
പൊതു അവധി ആഘോഷിക്കൂ എന്ന മട്ടിലാണ് എല്ലാ ചാനലുകാർ. പക്ഷെ പ്രൊജക്റ്റ് കളും വരാൻ പോകുന്ന പരീക്ഷകളുമായി കുട്ടികളും ചെയ്തു തീരാത്ത പണിയുമൊക്കെയായി വീട്ടിലുള്ളവരെല്ലാം തിരക്കിലാണ്. അതുകാരണം ചാനലുകാരോട് നീതി പുലർത്തുന്നത്, ഞാൻ മാത്രം.
മഴ വില്ലനായെത്തുമ്പോൾ പ്രത്യേകിച്ച് തുണി ഉണങ്ങാൻ ഇടുമ്പോൾ, ചിലപ്പോൾ ലിഫ്റ്റ് വരുന്നതുപോലും കാത്ത് നിൽക്കാതെ ഞാനും ടെറസ്സിൽ വിരിച്ചിട്ടിരിക്കുന്ന തുണികൾ എടുക്കാനായിട്ട് അഞ്ചാറു നിലകൾ ഓടിക്കയറാറുണ്ട്. സിനിമയിലെ നയൻതാര യുടെ മ്ലാനതയെക്കുറിച്ച് അറിഞ്ഞപ്പോൾ, സിനിമയാണെങ്കിലും ......സ്തംഭിച്ച ഒരു നിമിഷത്തിൽ നിന്ന് ഇറങ്ങി ഓടും പോലെ, ഞാൻ കുത്തി റിമോർട്ടിൽ.
5 മികച്ച ഫോട്ടോഗ്രാഫറിൽ ഒരാളായി തെരെഞ്ഞെടുത്ത മകനെ പാരീസിൽ വിടാൻ സമ്മതിക്കാത്ത മഞ്ജു. പിന്നെയങ്ങോട്ടുള്ള വാക്കുതർക്കങ്ങളിൽ, ' എൻ്റെ സ്വന്തം 'അമ്മ അല്ലല്ലോ എന്ന് മകൻ - ഒരു പക്ഷെ ഞാൻ സിനിമ കണ്ടു തുടങ്ങിയ നാളുകളിൽ ഉള്ള ഡയലോഗുകളിൽ ഒന്നാണിത്. പിന്നെയുള്ള 'സെൻറ്റി ഡയലോഗുകൾ കാണാൻ താല്പര്യം ഇല്ലാത്തതിനാലും റഹമാനെ പിണക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടും ഞാൻ ആ ചാനലിൽ എത്തി. അന്വേഷണം പുരോഗമിക്കുന്നു. പുതിയതായി തോന്നിയത്, കൊല കണ്ട ദൃക്‌സാക്ഷി പറയുന്നത്, എനിക്ക് 10 ലക്ഷം തന്നാൽ പോലീസിനോട് പറയില്ല. നിന്നെയൊക്കെ ജയിലിൽ ഇട്ടിട്ട് എന്ത് കാര്യം എന്നാണ്.ആളുകളുടെ മനോഭാവത്തില്‍ വന്ന വ്യത്യാസം!
പരസ്യങ്ങൾ എല്ലാ ചാനലിലും ഒരേ സമയം ആയതിനാൽ, വിശപ്പിന്റെ വിളി ആയി എത്തുന്നവരേയും അത്യാവശ്യം വീട്ടു ജോലികൾ ചെയ്തു തീർക്കാനും ഉപകാരപ്പെട്ടു.
IPC-376 പീഡിത വ്യക്തിയായ നയൻതാര പോലീസ് ഫോണ്‍വിളികളുടെ സഹായത്തോടെ എല്ലാ കുറ്റവാളികളേയും മാനസികമായി തളർത്തി ആത്മഹത്യ ചെയ്യിപ്പിക്കുന്നു. പിന്നീട് അതിനു പിന്നിൽ പോലീസ് അല്ലെന്നും നമ്മുടെ മമ്മുക്കയുടെ ആധുനിക ടെക്നോളജിയുടെ ആശയങ്ങൾ ആണെന്നും അറിയുമ്പോൾ നമുക്കും ഒരു സമാധാനം.
മഞ്ജുവിന്റെ 'സൈറാബാനു' യിൽ മകൻ എങ്ങനെയോ പോലീസ് കേസിൽ പെട്ടു. കഥയിൽ ചോദ്യമില്ല എന്ന് പറയുന്നത് പോലെ, എനിക്ക് ആ മകന്റെ അച്ഛൻ ആരാണെന്നോ എങ്ങനെ മഞ്ജു വിന്റെ അടുത്ത് എത്തിയോ എന്നറിയില്ല. നീതിക്കു വേണ്ടി മാത്രം കേസ് വാദിക്കുന്ന ആനിക്ക് ( അമല) എതിരെ കേസ് വാദിക്കാൻ മറ്റു വക്കീലുമാർ തയാറാകാത്ത കാരണം മഞ്ജു തന്നെയാണ് വാദിക്കുന്നത്. നിയമത്തെക്കുറിച്ച് വിവരം ഉള്ള അമലയും പോസ്റ്റവുമൺ ആയ മഞ്ജു വിന്റെ വാദപ്രതിവാദങ്ങൾ. കുറ്റക്കാരാനായ അമലയുടെ മകനെ രക്ഷിക്കുകയും പകരം പോലീസ് കാരിലേക്ക് കുറ്റം ചുമത്തുകയും ചെയ്തതോടെ ആ സിനിമയും " ശുഭം".
രണ്ടര - മൂന്നു മണിക്കൂർ കൊണ്ട് രണ്ട് സിനിമ കണ്ട കൃതജ്ഞതയോടെ ടി. വി യുടെ മുൻപിൽ നിന്ന് എണീക്കുമ്പോൾ പണ്ടത്തെ സിനിമകളായ വന്ദനം, ആകാശദൂത് ചിത്രം……. എന്നീ സിനിമകൾ കണ്ടു കഴിഞ്ഞപ്പോഴുള്ള നീറ്റൽ മനസ്സിനില്ല. എന്നാലും നമ്മുടെ പോലീസിനും നിയമങ്ങൾക്കും എന്തു പറ്റി ? കണ്ട രണ്ടു സിനിമയും നിയമങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായിട്ടാണ് തോന്നിയത്.
കുറ്റവാളികൾക്കെതിരെ പോരാടുന്നത് നമ്മുടെ നിഴലുകൾക്കെതിരെ പോരാടുന്നതു പോലെയെന്ന ചിന്തയോ അതോ സാങ്കേതികയുടെ സൗകര്യങ്ങൾ കൂടിയതോടെ നമ്മുടെ നിയമങ്ങൾക്ക് പ്രാധാന്യം കുറയുകയാണോ ?