'അങ്കമാലിയിലെ അമ്മാവന്‍ പ്രധാനമന്ത്രിയാണ്' കിലുക്കം സിനിമയിൽ രേവതിക്ക് അങ്ങനെ പറയാമെങ്കിൽ, തിരുവനന്തപുരം വിമാനത്താവളം എന്‍റെ സ്വന്തം അല്ലെങ്കിൽ സ്വന്തം പോലെ എന്ന് പറയാൻ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. അച്ഛന്‍റെ ജോലിയുടെ ഭാഗമായിട്ട് പലപ്പോഴും ഡൽഹി യാത്രയുണ്ടായിരുന്നു. അപ്പോഴൊക്കെ അച്ഛനെ യാത്രയ്ക്കാനും സ്വീകരിക്കാനുമൊക്കെയായിട്ട് ഞാനും വിമാനത്താവളത്തിൽ പോകുമായിരുന്നു. അന്നൊക്കെ ഇന്നത്തെപ്പോലത്തെ ഉറപ്പ്സുരക്ഷപ്രദാനം ചെയ്യുന്ന നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ വിമാനത്താവളത്തിനകത്ത് ഒരു പരിധി വരെ നമ്മുക്കും അകത്ത് പ്രവേശിക്കാം.അങ്ങനെയുള്ള രണ്ടു - മൂന്ന് സന്ദർശനത്തോടെ വിമാനം റൺവേയിൽ കൂടി എവിടെ വരെ പോകും തിരിയുന്നതെപ്പോൾ, മുകളിലോട്ട് പൊങ്ങുന്നത് എപ്പോൾ, അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .......എല്ലാം എനിക്ക് കാണാപ്പാഠം.ആവശ്യത്തിന് അവിടെയുള്ളവർക്ക് തത്സമയവിവരണങ്ങൾ കൊടുക്കാനും ഞാൻ മറന്നില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കലും അതിനകത്ത് കേറാനോ യാത്ര ചെയ്യാനോ ആഗ്രഹമില്ലായിരുന്നു.അന്നത്തെ കുട്ടിക്കുപ്പായക്കാരിയായ ഞാൻ, സിനിമ കണ്ട് ചിരിച്ച് മതി മറന്ന നിമിഷങ്ങളിലൊന്നായിരുന്നു, വിമാനസീറ്റിലെ ബെൽറ്റ് ഇട്ടതിനുശേഷം അത് ഊരാനാറിയാതെ കിടന്ന് കഷ്ടപ്പെടുന്നതും അതുപോലെ ഭക്ഷണം കൊണ്ടുവരുമ്പോൾ അതിന് പൈസ കൊടുക്കണമെന്ന് വിചാരിച്ച് കഴിക്കാതെ കൂടെയുള്ളവർ കഴിക്കുന്നത് നോക്കി കൊതിയോടെ ഇരിക്കുന്നതുമെല്ലാം. നമ്മുടെ ഹാസ്യസാമ്രാട്ടുകാരായ കുഞ്ചൻ / കുതിരവട്ടം പപ്പു ആ ഭാഗങ്ങളെല്ലാം തകർത്തു അഭിനയിച്ച സീനുകളായിരുന്നു.
വർഷങ്ങൾക്കു ശേഷം എന്റെ ആദ്യത്തെ വിമാനയാത്ര കേട്ട് നാട്ടുകാരും കൂട്ടുകാരും അസൂയയോടെ നോക്കിയപ്പോഴും സീറ്റിൽ നിന്നിറങ്ങാൻ പറ്റാതെ കഷ്ടപ്പെടുന്ന ആ സീനുകൾ എന്നിൽ ഉള്ളിൽ എവിടെയോ ഇരുന്ന് എന്നെ നോക്കി പല്ലിളിച്ചു.അല്ലെങ്കിലും അനാവശ്യ ചിന്തകൾ റബ്ബർപ്പന്തു പോലെയല്ലേ. എത്ര കണ്ട് താഴ്ത്തിയിടുവാൻ ശ്രമിക്കുന്നുവോ അത്രക്കണ്ട് വാശിയോടെ തിരിച്ചു വരുന്നു.അപ്പോഴേക്കും ഗൾഫ് രാജ്യങ്ങളിൽ ജോലിക്കായി പോയിവരുന്ന ആളുകളുടെ എണ്ണം കൂടി വരുന്ന സമയമാണ്.അവരോടൊക്കെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സ്വീകാര്യമായി തോന്നിയത്, ബെൽറ്റ് ഇടാനൊന്നും പോകണ്ട പകരം ഇടുന്നതു പോലെ കാണിച്ച് ദുപ്പട്ട കൊണ്ട് മറച്ചു വെച്ചാൽ മതിയെന്നാണ്. ആ ഐഡിയക്ക് അനുസരിച്ചുള്ള വേഷവിധാനങ്ങളോടെയായിരുന്നു അന്നത്തെ യാത്ര.
ഭയഭക്തി ബഹുമാനത്തോടെ വലുത് കാൽ വെച്ച് കേറിയതു കൊണ്ടാണോ എന്നറിയില്ല 'East West airlines, ആദ്യത്തെ pvt airlines ആണ്, താമസിയാതെ അടച്ചുപൂട്ടി.ആ വിമാനത്തിൽ തന്നെ പോകുന്ന ഒരു കുടുംബവുമായി അച്ഛൻ എന്നെ പരിചയപ്പെടുത്തി തന്നു.അവരുടെ കൂടെ എല്ലാ ‘ഫോർമാലിറ്റി’ കളും കഴിഞ്ഞ്, പ്ലെയിനിൽ കേറി. അടുത്തടുത്തുള്ള സീറ്റുകൾ അവർ ചോദിച്ചു മേടിച്ചിട്ടുണ്ടായിരുന്നു.പക്ഷെ എല്ലാം വളരെ പെട്ടന്നായിരുന്നു എന്ന് പറയുന്നത് പോലെ, ഞാൻ സീറ്റിൽ ഇരുന്നതും എന്റെ എല്ലാ പദ്ധതികളേയും കാറ്റിൽ പറപ്പിച്ചു കൊണ്ട് സീറ്റ് ബെൽറ്റ് ഇട്ടു തന്നു.'ഒന്നും പേടിക്കേണ്ട എന്ന ഉപദേശവും തന്ന് അവർ ഉറങ്ങാൻ തുടങ്ങി.കരയണോ ചിരിക്കണോ എന്നറിയാതെ ഞാനും.ബോംബൈയിലേക്കാണ് യാത്ര.ആ കാലഘട്ടങ്ങളിലെ സിനിമകളിൽ നിന്നുള്ള വിവരം വെച്ച് ബോംബൈ മുഴുവൻ 'ബ്രീഫ് കേസും' പിടിച്ച് കൊള്ളയും കൊലയും ചെയ്യാൻ മടിയില്ലാതെ അധോലോകനായകന്മാർ 'തേരാ പേരാ ' നടക്കുന്നതാണ്.എന്നെ വിളിക്കാനുള്ളവർ അവിടെ കാണുമോ ഇല്ലെങ്കിൽ എന്തു ചെയ്യും എന്നതിനേക്കാളും, വിമാനസീറ്റ് ബെൽറ്റിൽ കുരുങ്ങിക്കിടക്കുന്ന ഞാനും എന്നേ നോക്കി പല്ലിളിക്കുന്ന യാത്രക്കാരേയും ആണ്, ഞാൻ മനസ്സിൽ കണ്ടത്.മനസ്സിന്റെ മിഥ്യാധാരണങ്ങളും ചാപല്യങ്ങളും കൊണ്ട് ആ യാത്ര ദുരിതപൂർണ്ണമാക്കിയെടുത്തു. എന്തായാലും എയർഹോസ്റ്റസ് കാണിച്ചു തന്ന നിർദ്ദേശവും ആ ചേച്ചിയുടെ സഹായത്തോടെ ഒരു പക്ഷെ ആദ്യം സീറ്റിൽ നിന്ന് ചാടി എണീറ്റത് ഞാനായിരിക്കാം.
പിന്നീട് പലപ്രാവശ്യം അന്തര്‍ദേശീയവും ദേശീയവുമായ വിമാനയാത്രകൾ കൂട്ടത്തിലും അല്ലാതെയുമായി ചെയ്യേണ്ടി വന്നിട്ടുണ്ട്.അപ്പോഴെല്ലാം ആ സീറ്റ് ബെൽറ്റ് എന്നെ നോക്കി കളിയാക്കി ചിരിക്കാറില്ലേ എന്ന് സംശയം. അത് പോലെയൊരു തനിയേയുള്ള യാത്രയില്‍ ഭക്ഷണം കൊണ്ട് വന്നവരോട്, 'വേണ്ട ' എന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ്, Ooopps അത് 'ഫ്രീ ' ആയിരുന്നോ, ശ്രദ്ധിച്ചത്. പല വിമാനക്കമ്പനികൾ സ്വകാര്യവല്‍ക്കരിച്ചതോടെ ഭക്ഷണം വേണമെങ്കിൽ മേടിക്കണം എന്നായിരിക്കുന്നു. ചില കമ്പനികളിൽ ആ മാറ്റം ഇല്ലതാനും.പ്രത്യേകിച്ച് സ്വദേശീയ യാത്രകളിൽ. ലോകം മുഴുവൻ അവനവിനലേക്ക് ഒതുങ്ങാനും ചുറ്റുമുള്ളവരോട് ഒട്ടും സഹൃദയമല്ലാത്തതുമായ സഹയാത്രക്കാരുടെ ഇടയിൽ പറ്റിപ്പോയ അബദ്ധം മറ്റുള്ളവരെ അറിയിക്കാതിരിക്കാനുള്ള ഏകമാർഗം ഗൗരവത്തിന്റെ മുഖംമൂടി അണിഞ്ഞ് കണ്ണടച്ച് ഉള്ള ഗമ വിടാതെ ഞാനിരുന്നു.കുട്ടിയുടുപ്പുക്കാരിയായ ഞാൻ കണ്ട സിനിമകളിലെ ഹാസ്യരംഗങ്ങളായിരുന്നു, മനസ്സിലേക്ക് ഓടി വന്നത് . കൂട്ടത്തിൽ നമ്മുടെ ഹാസ്യസാമ്രാട്ടുകാരും എന്നെ നോക്കി കളിയാക്കി ചിരിക്കുകയാണോ എന്ന് സംശയം.സിനിമകൾ അന്നൊക്കെ അത്രമാത്രം നമ്മളെ സ്വാധീനിച്ചിരുന്നു.ആ കഥകളിലൊക്കെ നമ്മുടെ ജീവിതവും ആത്മാവുമുണ്ടായിരുന്നു.
മരണം വരെ നമ്മൾ പഠിച്ചു കൊണ്ടിരിക്കും എന്ന് പറയുന്നതു പോലെയാണോ ........Ooopps !