കുടുംബാംഗങ്ങൾ
എല്ലാം ഒത്തു കൂടിയിരിക്കുന്ന അവസരത്തിലാണ് അവിടെ എത്തി ചേരാൻ പറ്റാത്ത വിദേശത്ത്
പഠിക്കുന്ന അവന്റെ പിറന്നാളിന് എങ്ങനെയെങ്കിലും അവനെ ആശ്ചര്യപ്പെടുത്തുക എന്ന
ഉദ്ദേശത്തോടെ വീട്ടിലുള്ള “നൂജിക്കാര്‍
” അവരവരുടെ ന്യൂതനമായ ഉപകരണങ്ങളുടെ
മുൻപിലാണ്. ചിലർ ചിലവില്ലാത്ത പിറന്നാൾ ആശംസകൾ കാർഡുകളാണെങ്കിൽ മറ്റു ചിലർ ചില
"ഓൺ ലൈൻ ഷോപ്പിംഗ്"ങ്ങളിലൂടെ സമ്മാനങ്ങൾ ഓർഡർ ചെയ്യുന്നുണ്ട്. അവരുടെ ഓരോ വിരൽ അമർത്തലിൽ കൂടി (ക്ലിക്ക്) ആ ഉപകരണങ്ങളിൽ നിന്നുള്ള ആശയങ്ങൾ എല്ലാം
ഒന്നിനുഒന്ന് മെച്ചപ്പെട്ടതായിരുന്നു.അതിലൊന്നായിരുന്നു അവൻ താമസിക്കുന്ന സ്ഥലത്ത്
തന്നെയുള്ള കടയിൽ നിന്ന് കേക്ക് ഓർഡർ ചെയ്ത് അവനെ വിസ്മയസ്തബ്ധനാക്കുക എന്ന ആശയം.
കടക്കാർ അവരുടെ പലതരത്തിലുള്ള കേക്കിനെ കുറിച്ചും പാക്കിംഗ് നെയും കൊണ്ടു
കൊടുക്കുന്നതിനെ കുറിച്ചും വിശദമായ വിവരണവും പടങ്ങളും കൊടുത്തിട്ടുണ്ട്.
ഉയർന്ന
ഉദ്യോഗപദവയിൽ നിന്നും വിരമിച്ച ശേഷം, കംപ്യുട്ടർ
മൊബൈൽ ഫോൺ ....എന്നിങ്ങനെയുള്ള ആധുനിക ഉപകരണങ്ങളുമായി മറ്റുള്ളവർ മല്ലിയിടുമ്പോൾ അതിൽ നിന്നും മാറി, ഞാൻ എങ്ങെനെ ആണോ ഇത്രയും കാലം ജീവിച്ചത് അതുപോലെയാണ്
ഇനിയുള്ള കാലം എന്ന് വാശി പിടിച്ചിരിക്കുന്ന മാമനും കയ്യാലപുറത്തെ തേങ്ങ പോലെ
അതായത് പഴഞ്ചനുമല്ല ന്യൂജിയും അല്ലാത്ത അവസ്ഥയിൽ ഇരിക്കുന്ന എനിക്കും ഏതോ ജാലവിദ്യ
കാണുന്നത് പോലെ ആയിരുന്നു ഓരോ ആശയങ്ങളും. മാജിക്ക്കാരന്‍ , തന്‍റെ ദണ്ഡു കൊണ്ട് പുതിയ വിസ്മയങ്ങൾ കാണിച്ച് കാണികളെ
അദ്ഭുതപ്പെടുത്തിയിരിക്കുന്നതിന് സമാനമായിട്ടായിരുന്നു ഓരോ പദ്ധതികളെയും പറ്റി
തോന്നിയത്.
മാമനിൽ
മതിപ്പ് തോന്നിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാവരുടെയും
പെരുമാറ്റം.കംപ്യൂട്ടർ, മൊബൈൽ
ഫോൺ ഉപയോഗിക്കാത്ത കൊണ്ട് മാമന് നഷ്ടപ്പെടുന്ന പുതിയ ലോകത്തെ കാണിക്കണം എന്ന
ഉദ്ദേശ്യവുമുണ്ട് എല്ലാവര്‍ക്കും .അതുകൊണ്ട് തന്നെ ഓരോ ചെറിയ കാര്യങ്ങളും
എല്ലാവരുമായി ചർച്ച ചെയ്താണ് മുന്നോട്ട് പോകുന്നത്.പക്ഷെ പൈസ കൊടുക്കാനായി
"ക്രെഡിറ്റ് കാർഡ്" ഉപയോഗിക്കുന്നത് കണ്ടതോടെ, "ക്രെഡിററ് കാര്‍ഡോ, എന്ത് ക്രെഡിറ്റ് അതായത് കടം പറഞ്ഞാണോ മേടിക്കുന്നത് ?" ഏകദേശം 75 വയസ്സുള്ള മാമൻ രോഷാകുലനായി."
എന്റെ ജീവിതത്തിൽ ഇതു വരെ ഒരു സാധനവും കടം പറഞ്ഞ് മേടിച്ചിട്ടില്ല, കാശില്ലെങ്കിൽ മേടിക്കില്ല, ഞങ്ങളൊക്കെ ആത്മാഭിമാനമുള്ളവരായിരുന്നു." മാമൻ വീണ്ടും
വാചാലനാവുകയാണ് ...
ഞങ്ങൾ
അവരാരേയും പറ്റിക്കുകയല്ല എന്ന കാര്യം മാമനെ ബോദ്ധ്യപ്പെടുത്താനുള്ള
ശ്രമത്തിലായിരുന്നു പിന്നീടുള്ള കർത്തവ്യം.കുട്ടികൾ ഒന്നും അറിയാത്ത പോലെ അവരുടെ
ഉപകരണങ്ങളിൽ കുത്തിക്കൊണ്ടിരുന്നു.വിവരിച്ചു കൊടുക്കാൻ അറിയുന്നവർ, പതുക്കെ അവിടം വിട്ട് പോയി.അതോടെ വഴക്കിനും സംശയങ്ങൾക്കും
മറുപടി കൊടുക്കേണ്ടത് എന്റെ ഡ്യൂട്ടിയായി.
വയസ്സാകുന്നതോടെ
കുട്ടികളെ പോലെയാകും എന്ന് പറയുന്നത് പോലെതന്നെയായിരുന്നു മാമന്റെ
സംശയങ്ങൾ."കേക്ക്, അവന്
കൊണ്ടു കൊടുത്തില്ലെങ്കിൽ എന്ത് ചെയ്യും, ബാങ്ക്
കാർ അവർക്ക് പൈസ കൊടുത്തില്ലെങ്കിൽ എന്ത് ചെയ്യും ......ആ പട്ടിക അങ്ങനെ നീണ്ടു
കൊണ്ടിരിക്കുകയാണ്.ചിലതിനൊക്കെ ഞാൻ മറുപടി കൊടുത്തെങ്കിലും അതൊക്കെ കൂടുതൽ
സംശയങ്ങൾക്കായി വഴി തെളിയിക്കുകയാണ്.പിന്തുണക്കായി കുട്ടി സെറ്റുകളിൽ നിന്ന് ഒരുത്തനെ ഞാൻ വിളിച്ചെങ്കിലും, എന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ അവൻ എന്റെ അടുത്ത്
വന്ന് പറഞ്ഞു " ഒരു മൊബൈൽ ഫോൺ പോലും ഉപയോഗിക്കാനറിയാത്ത ആളിനെ എന്ത് പറഞ്ഞു മനസ്സിലാക്കാൻ, വേഗം ഇവിടെ നിന്ന് സ്ഥലം വിട്ടേക്കൂ."
കുഞ്ഞുനാള്‍
മുതലേ പഠിക്കാൻ മിടുക്കനായിരുന്ന മാമൻ, ഒരു
പക്ഷെ ഞാനടക്കം ഉള്ള ഒരു തലമുറയുടെ "ആദര്‍ശമാതൃക(role model) ആയിരുന്നു. അദ്ദേഹത്തെ പോലെ പഠിച്ച്
മിടുക്കനാവാനായിരുന്നു ഞങ്ങളുടെ മാതാപിതാക്കന്മാരും ഞങ്ങളെ
ഉപദേശിച്ചിരുന്നത്.അദ്ദേഹത്തെ ആണോ ഇത്രയും നിസ്സാരനാക്കി കളഞ്ഞത്.കേട്ടപ്പോൾ വിഷമം
തോന്നി.നമ്മുടെ ജീവിതമൂല്യങ്ങളാണ്, നമ്മളെ
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിനെല്ലാം മാതാപിതാക്കന്മാരെ പോലെ
ഇവരെല്ലാം ( പഴയതലമുറ) വലിയ പങ്ക് വഹിച്ചിട്ടില്ലേ ? അവരെ എല്ലാം അത്രയും നിസ്സാരക്കാരായി കാണേണ്ടതുണ്ടോ?
ശാസ്ത്രം
പുതിയ കണ്ടുപിടുത്തങ്ങളോടെ അനുദിനം മാറികൊണ്ടിരിക്കുകയാണ് അതോടപ്പം നമ്മുടെ
കുട്ടികളും.കൂട്ടത്തില്‍ മനുഷ്യത്വവും.
ഇന്ന്
എന്തിനും ഏതിനും "apps" കൾ
ഡൗൺ ലോഡ് ചെയ്യുന്ന കാലമാണല്ലോ, പലപ്പോഴും
അതിനെയൊക്കെ കളിയാക്കാറുകയാണുള്ളത് എന്നാൽ തമാശയായിട്ടാണെങ്കിലും അവൻ പറഞ്ഞ
ആ വാചകം എന്നെ കൂടുതൽ ചിന്തിപ്പിക്കുകയായിരുന്നു. അല്ലെങ്കിൽ "Apps അറിയാത്ത അമ്മാമ്മ എന്ന് പറഞ്ഞ് എന്നെ മാറ്റി നിറുത്തുന്ന
സമയം അധികം ദൂരെയല്ല. അതേ, ഞാൻ
എൻ്റെ ഭാവിയെ കുറിച്ച് വ്യാകുലപ്പെടുകയാണ്!!!!