രാജകീയ
പ്രൗഢിയോടെ ഉള്ള കവാടം കടന്ന്, മുകളിലേക്ക്
ലക്ഷ്യമിട്ടിരിക്കുന്ന പാത നടന്ന് കേറി ആതിഥ്യോപകചാര സ്ഥലത്ത് എത്തിയപ്പോഴേക്കും
ഞാനും കൂട്ടത്തിലെ പലരും അവശരായിരുന്നു.നമ്മൾ മനസ്സിൽ കാണുന്നത് അവൻ മനസ്സിൽ കാണും
എന്ന് പറയുന്ന പോലെ അവിടത്തെ ഒരു ജീവനക്കാരൻ, നല്ല തണുത്ത സംഭാരവും പലതരം പഴച്ചാറുകളുമായി പുഞ്ചിരിയോടെ
നിൽക്കുന്നു.സാഹചര്യത്തിന് അനുസരിച്ചുള്ള അവന്റെ സഹായമനസ്കതക്ക് അവനോട് ആദരവ്
തോന്നിയെങ്കിലും അതിന്റെ ആവശ്യമില്ല ആ ജ്യുസ്സ്, "ട്ടൂർ പാക്കേജിൽ "പറഞ്ഞിരിക്കുന്ന "വെൽക്കം
ഡ്രിങ്ക്" ആണെന്നാണ് കൂട്ടത്തിലുള്ള കുട്ടികളുടെ അഭിപ്രായം.
അവിടെയാണെങ്കിൽ
രണ്ട് രാജസ്ഥാനികളായ സ്ത്രീകൾ അവരുടെ പാരമ്പര്യാനുസൃതവേഷമായ ധാരാളം ഞൊറികളുള്ള പാവാടയും ബ്ലൗസും തലയിലെ
തുണി കൊണ്ട് മുഖത്തിന്റെ മുക്കാൽ ഭാഗവും മറച്ച് വെച്ച്, ഏതോ കീ കൊടുത്ത പാവയെപോലെ
അവിടെയെല്ലാം അടിച്ച് വൃത്തിയാക്കുന്നുണ്ട്.ശുചിത്വഭാരതം എന്നതിന്റെ തയ്യാറെടുപ്പിലായിരിക്കാം. ഇന്ത്യയിലെ അങ്ങോള മിങ്ങോളമുള്ള
റിസോർട്ടുകളിലാണ് പറയും പ്രകാരം ശുചിയായി
കണ്ടിട്ടുള്ളത്.
പുരാതന ഫോർട്ടിന്
കോട്ടം വരാതെ എന്നാൽ അതിനോട് ചേർന്ന് പല പുതിയ നിർമ്മാണങ്ങൾ
നടത്തിയിട്ടുണ്ട്.ആധുനികവും പുരാതനവും കൂടി കലർത്തിയ സംസ്കാരമാണ് കണ്ടത്.നീന്തൽ
കുളവും തിയേറ്ററും എയർകണ്ടീഷണറും ......അങ്ങനെ ഒരു റിസോർട്ടിന് വേണ്ട എല്ലാ
ഉചിതമായ ചേരുവകളോട് കൂടിയാണിത്. സസ്യശ്യാമളതയുടെ വിശാലമായ കാഴ്ചയാണ് അവിടെ നിന്ന്
എങ്ങോട്ട് തിരിഞ്ഞ് നോക്കിയാലും അത് തന്നെയാണ് ആ സ്ഥലത്തിന്റെ സൗന്ദര്യം.
വിശ്രമിക്കാനായി
സോഫ പോലത്തെ ഊഞ്ഞാലുകളും ദിവാനുകളും കുഷ്യനുകളുമൊക്കെ ബാൽക്കണിയിലും ഹാളിലുമായി
സജ്ജീകരിച്ചിട്ടുണ്ട് കൂട്ടത്തിൽ കാരംബോർഡ്, പാമ്പു കോണി , ചെസ് ബോർഡ് ഇല്ലാത്തതിന്റെ കരുക്കളും
അടുക്കിവെച്ചിട്ടുണ്ട്.ഗൃഹാതുരത്വമുണർത്തുന്ന ആ കളികൾ എന്നെപ്പോലെ പലരേയും ആ
പഴയകാലത്തേക്ക് കൂട്ടി കൊണ്ടു പോയി എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. കളിയിൽ തോൽക്കാൻ തുടങ്ങുമ്പോൾ അറിയാതെ കൈ തട്ടി
ബോർഡ് താഴെ വീഴുന്നതും അതിനെ തുടർന്നുള്ള അടിപിടിയും വഴക്ക് കൂടലും പറയാനേറെയുണ്ട്
എല്ലാവർക്കും. ആ സംഘത്തിൽ മലയാളിയായിട്ട് ഞാനും കുടുംബവും മാത്രമേയുള്ളൂ
എന്നിട്ടും എല്ലാവരുടേയും ബാലകാല്യ സ്മരണകൾ സാമ്യമുള്ളവ തന്നെ. ആ സമയങ്ങളിൽ
എല്ലാം കുട്ടികളും അവരുടെ ഫോണിലും
അതുപോലത്തെ മറ്റു സാമഗ്രികളിൽ കളിച്ചു
കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ അവരുടെ കളികളെയും അവർ ഞങ്ങളുടെ കളികളേയും
പ്രത്യേകിച്ച് പാബ്- കോണി എന്ന കളിയിലെ, ആകാംക്ഷയോടെ
ഡൈസിൽ നോക്കുന്ന ഞങ്ങളെ ക്കുറിച്ചും കളിയാക്കി കൊണ്ടിരുന്നു.ഒരു പക്ഷെ
ഇതിനായിരിക്കാം "ജനറേഷൻ ഗ്യാംപ് എന്ന് പറയുന്നത് !
ഉച്ചഭക്ഷണം
"ബുഫേ " ആയതിനാൽ പയ്യെ തിന്നാൽ പനയും തിന്നാം എന്ന മട്ടിലായിരുന്നു
ഞങ്ങളിൽ ഓരോത്തരും.പലതരം രാജസ്ഥാനി വിഭവങ്ങളായ, "ചുർമ്മ -ദാൽ
ബാട്ടി ( ചുർമ്മ , ഒരു ഉണ്ട ആട്ട-എണ്ണയിൽ വറുത്തോ അല്ലെങ്കിൽ
ബേക്ക് ചെയ്തോ എടുക്കണതാണ് ) മിസ്സി റോട്ടി ( ആട്ട യും കടലമാവും ചേർത്ത്
ഉണ്ടാക്കിയ റോട്ടി ) ഗാട്ടി കി സബ്‌സി ( കടലമാവ് കൊണ്ട് ചെറിയ ഉരുളകൾ ഉണ്ടാക്കി
തൈര് എല്ലാം ചേർത്ത ഒരു കറി).നമ്മൾ പൊതുവെ നോർത്ത് ഇന്ത്യൻ ഭക്ഷണം എന്ന് പറഞ്ഞ് ചപ്പാത്തി,പൂരി, നാന്‍, റോട്ടി...... സാമാന്യവൽക്കരിക്കുമ്പോഴും
അതിലെ ചില വിശിഷ്ടമായ ഭക്ഷണങ്ങളായിട്ടാണ് മേൽപറഞ്ഞ വിഭവങ്ങളെ പ്പറ്റി കൂടെ യുള്ളവർ
വിവരിച്ചു തന്നത്.എല്ലാത്തിലും നെയ്യ്-ന്റെ ഉപയോഗം ഒരു പടി മുന്നിലാണ്.
ഒട്ടകത്തിന്റെ
പുറത്ത് ഇരുന്നോ അല്ലെങ്കിൽ ഒട്ടകം വലിക്കുന്ന വണ്ടി അതുമല്ലെങ്കിൽ 'വിൻറ്റേജ് കാർ"ഇരുന്ന് അടുത്ത നഗരപ്രാന്ത പ്രദേശങ്ങളിലേക്കുള്ള യാത്ര, അതിലും കൂടുതൽ സാഹസികത വേണമെന്നുണ്ടെങ്കിൽ
"Zipping-വായുവിൽ കൂടിയുള്ള സഞ്ചാരം, നമ്മളെ കേബിളുമായി ഘടിപ്പിച്ചിട്ടുള്ള യാത്രയാണിത്. കിണറ്റിൽ നിന്നും വെള്ളം
കോരി എടുക്കുന്ന "കപ്പി - ആ സയൻസ്സാണ്
അതിൽ ഉപയോഗിച്ചിരിക്കുന്നത് . 5 കേബിൾ ആണുള്ളത് 330മീ,400മീ,90മീ 250 മീ & 175 മീ. ഏറ്റവും
മുകളിലുള്ള കേബിൾ -ന്റെ അടുത്തേക്ക് മല കയറണം. ശരിയായ പാതകൾ ഇല്ലാത്തതും
കരിങ്കല്ല് വെട്ടി ഉണ്ടാക്കിയ വഴികൾ ആയകാരണം ആ യാത്ര തന്നെ സാഹസികത
നിറഞ്ഞതായിരുന്നു.ആവശ്യത്തിനുള്ള നിർദ്ദേശങ്ങൾ മനസ്സിലാക്കി "zipping" എന്ന അടുത്ത കടമ്പ കാൽ എടുത്ത് വെച്ചു.5 കേബിൾ കൂടിയുള്ള എന്‍റെ യാത്ര, ഓരോ അനുഭവം തന്നെയായിരുന്നു.യാത്രകളിൽ ഞാൻ ഇരുന്ന രീതി ശരിയാവാത്ത കാരണം കാറ്റിന്റെ ഗതി കൊണ്ട് മുൻപോട്ട് നോക്കിയിരുന്ന
ഞാൻ പുറകിലോട്ട് നോക്കിയായി യാത്ര.മറ്റൊരു പ്രാവശ്യം പകുതിക്ക് വെച്ച് നിന്നു
പോയി. പിന്നീട് നിർദ്ദേശകൻ വലിച്ചു കൊണ്ട് മറ്റേ തലയ്ക്കൽ എത്തിച്ചു. വേറെയൊരു
പ്രാവശ്യം ബ്രേക്ക് ചെയ്യാൻ മറന്നു പോയി അങ്ങനെ എന്റെ വകയായും സാഹസികതക്കുള്ള ചേരുവകൾ കൂട്ടി എന്ന് തന്നെ പറയാം.
വൈകുന്നേരം 7 മണിയോടെ റിസോർട്ട് കാർ തന്നെ ഏർപ്പാട് ചെയ്ത, രാജസ്ഥാനിന്റെ
മറ്റൊരു പ്രത്യേകതയായ "കഥക് ഡാൻസ് " ഉണ്ടായിരുന്നു.മഹാഭാരതത്തിലെ കഥയെ
ആസ്പദമാക്കിയുള്ള കഥയായിരുന്നു.കാൽപാദങ്ങൾ
കൊണ്ടുള്ള ദ്രുത ചലനം വെച്ച്, ചിലങ്ക യും
മൃദംഗവും തമ്മിൽ സമയക്രമീകരണത്തിലൂടെയുള്ള ഘോഷം ആണ്, അതിന് ഏറ്റവും
മനോഹാരിത ആയി തോന്നിയത്.
പുലർകാലെ അടുത്ത
ഗ്രാമപ്രദേശങ്ങളിലൂടെ ഉള്ള സൈക്കിൾ സവാരിയും ആസ്വദിക്കപ്പെട്ട
നിമിഷങ്ങളായിരുന്നു.പല വീടുകളുടെ മുൻപിലും, നഗരത്തിൽ
കാണുന്നത് പോലെ കാറുകളോ വാഹനകളോ ആയിരുന്നില്ല പകരം എരുമ, ആടുകൾ, പട്ടി .......അതൊക്കെ ആയിരിക്കാം ചിലപ്പോൾ അവരുടെ അന്തസ്സിന്റെ അടയാളങ്ങൾ ! ഉഷ്ണകാലം ആയതുകൊണ്ടായിരിക്കാം പലരും മുറ്റത്തെ
കട്ടിലിലാണ് ഉറക്കം.ഞങ്ങളുടെ ബഹളം കേട്ടിട്ടായിരിക്കും ആളുകളും മൃഗങ്ങളും
ഉറക്കച്ചടവോടെ ഞങ്ങളെ നോക്കി.അവരുടെയെല്ലാം മുഖത്ത് അപരിചിതഭാവം
ഉണ്ടായിരുന്നു.പാടങ്ങളിൽ ചിലതിൽ ഉള്ളി കൃഷിയായിരുന്നു. മറ്റേ ചിലയിടത്ത് "കോട്ടൺ
-ന്റെ വിത്ത് പാകിയിരിക്കുന്നു എന്നാണ് പറഞ്ഞത്.ചില സ്ഥലങ്ങളിൽ ഇന്ത്യയിൽ
എല്ലായിടത്തും "ശോചനാലയം
ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. കൂട്ടത്തിലെ പലരും ഞങ്ങളുടെ കൂടെ
വരാത്തതിന്റെ കാരണം പിന്നീട് ഇതിനെപ്പറ്റി പറഞ്ഞപ്പോൾ പറഞ്ഞു.ഗ്രാമീണരേ ഫോട്ടോ
എടുക്കാൻ ക്ഷണിച്ചപ്പോൾ, വയസ്സായവർ പലരും അതിന് പൈസ തരുമോ എന്നാണ്
ചോദിച്ചത്.ദേശി/വിദേശി ആണോ എന്നാണ് പുതിയ തലമുറക്ക് അറിയേണ്ടത്. ഹിന്ദി യിൽ
സംസാരിക്കുന്നത് കേട്ടിട്ടാവും,
അവർ പൈസ ചോദിച്ചവരെ
വഴക്ക് പറയുന്നുണ്ടായിരുന്നു. ഇന്ത്യ യുടെ ട്ടൂറിസ്സത്തിൽ, സ്‌മാരകക്കെട്ടിടങ്ങൾക്കും
ദരിദ്രരർക്കും ഒരു പോലെ പ്രാധാന്യമുണ്ട് എന്ന് പറയുന്നത് എത്ര സത്യമാണ്
അല്ലെ !
പ്രഭാത ഭക്ഷണം
കഴിച്ച്,പാലസ്സിനെ ഒന്നും കൂടെ വിസ്മയത്തോടെ ചുറ്റികണ്ട്, തിരിച്ചുള്ള യാത്രക്കുള്ള തയ്യാറെടുപ്പിലായി ഞങ്ങൾ.അവിടെ തന്നെയുള്ള കടയിൽ
നിന്നും എന്തെങ്കിലും സ്മാരകസമ്മാനം മേടിക്കാമെന്ന് വിചാരിച്ചെങ്കിലും സാധനവും
വിലയും തമ്മിൽ യോജിപ്പ് തോന്നാത്തതു കൊണ്ട്. ഇത്തിരി കാഴ്ചകളും ഒത്തിരി
ഓർമ്മകളുമായി തിരിച്ചു വീടുകളിലേക്ക്
..........
.