ഭര്ത്താവ് _ "നീ, എന്തിന് ഇങ്ങനെ നാടകം കാണിക്കുന്നു ....അടങ്ങിയിരിക്കൂ അവിടെ”
മര്യാദക്ക് അടങ്ങിയിരിക്കുന്ന കുട്ടികളെ നോക്കി ഇങ്ങനത്തെ അഭിപ്രായങ്ങൾ പറയാൻ, അതിന്റെ പിന്നിലത്തെ അവരുടെ വികാരം മനസ്സിലാകാതെ ഇരിക്കുന്ന ഞങ്ങളോട്, അവരുടെ ഭർത്താവാണ് പറഞ്ഞത് _ അവര് വേറെ ഒരു ബോട്ടിൽ യാത്ര ചെയ്തെങ്കിലും അതിനകത്ത് ഉണ്ടായിരുന്ന കുട്ടികളുടെ പേടിച്ചുള്ള കരച്ചിൽ കാരണം അവർക്ക് യാത്ര പകുതിയാക്കി തിരിച്ചു വരേണ്ടി വന്നു. അതിന്റെ ദേഷ്യത്തിലാണ് ആ സ്ത്രീ.
ഹാവൂ! കാര്യങ്ങളൊക്കെ മനസ്സിലാക്കിയല്ലോ എന്ന സമാധാനത്തിനിടയിലാണ് ഞാൻ ശ്രദ്ധിച്ചത്, ഒരു ലൈഫ് ജാക്കറ്റ് പോലുമില്ലാതെ ഞങ്ങളുടെ ആ മോട്ടർ ബോട്ട് കടലിന്റെ നടുക്കെത്തിയിരിക്കുന്നു.ഞങ്ങളുടെ പത്ത് പേരുടെ ജീവൻ ആ ഇരുപത് -ഇരുപത്തിരണ്ട് വയസ്സ് തോന്നിക്കുന്ന ഡ്രൈവറുടെ കൈയ്യിൽ !ഗോവയിലുള്ള "ഫോർട്ട് അഗ്വാട(Fort Aguada),ഏഷ്യയിലെ ആദ്യത്തെ ലൈറ്റ് ഹൗസ് അവിടെ ആണ്.അവിടെയുള്ള കടലിൽ "ഡോൾഫിനുകൾ ഉണ്ട്. അവരെ കാണാനുള്ള ഞങ്ങളുടെ യാത്രയാണിത്.
ഡോൾഫിനെ കാണിച്ചിട്ടേ നമ്മൾ തിരിച്ച് വരൂ" എന്നതാണ് ബോട്ട് ഡ്രൈവറുടെ "ബിസിനസ് നയം" ആയിട്ട് ഞങ്ങളോട് പറഞ്ഞത്.അതുകൊണ്ടായിരിക്കും വിശാലമായി പരന്ന് കിടക്കുന്ന കടലിൽ ബോട്ടിനെയും കൊണ്ട് കുതിക്കുകയാണ്.ചില സ്ഥലങ്ങളിൽ എൻഞ്ചിൻ ഓഫ് ചെയ്ത് അവരെ കാത്തിരുന്നെങ്കിലും ഒന്നിനെയും കണ്ടില്ല.അതോടെ ഡോൾഫിൻ വരാറുള്ള പുതിയ സ്ഥലങ്ങൾ തപ്പി യാത്രയായി.കടലിലെ തിരമാലകളിൽ കൂടിയുള്ള യാത്രയും ലൈഫ് ജാക്കറ്റ് ഇല്ലാത്തതും എന്നെ കൂടുതൽ പേടിപ്പിച്ചു.ഗൂഗിൾ നോക്കി വല്ല ഡോൾഫിനെ ഞാൻ കണ്ടോള്ളാം എന്ന് എനിക്ക് പറയണമെന്നുണ്ടെങ്കിലും, കൂട്ടത്തിലുള്ള ആ സ്ത്രീ, ഡോൾഫിനെ കാണാൻ ചെയ്യേണ്ട പുതിയ ഐഡിയകൾ അവന് പറഞ്ഞു കൊടുക്കുന്നുണ്ട്.
അങ്ങനെ രണ്ടു-മൂന്നു സ്ഥലത്തുള്ള തിരച്ചിലിന്റെ ഭാഗമായിട്ട് ഡോൾഫിനുകൾ വെള്ളത്തിൽ കൂടി ചാടുന്നത് ഒരു "പൊട്ട്" പോലെ ഞങ്ങൾ കണ്ടു.അതോടെ വാക്ക് പാലിച്ച സന്തോഷം ബോട്ട് ഓടിക്കുന്ന ആൾക്കും ഇനി തിരിച്ച് പോകാമല്ലോ എന്ന സമാധാനം എനിക്കും. കുട്ടികൾ കരയാതിരുന്നത് ചിലപ്പോൾ ആ ദമ്പതികൾക്കും ആശ്വാസമായി കാണും. ബോട്ട് എപ്പോൾ വേണമെങ്കിലും മറിയാം അല്ലെങ്കിൽ ശരിക്ക് പിടിച്ചിരുന്നില്ലെങ്കിൽ നമ്മൾ എപ്പോൾ വേണമെങ്കിലും കടലിലേക്ക് വീഴാം എന്ന മട്ടിലായിരുന്നു യാത്ര.ആ സാഹസികമായ യാത്ര മനസ്സിൽ മായാതെ ഇപ്പോഴുമുണ്ട്.
ഗോവയിൽ, കൗതുകമായി തോന്നിയത്, സാധാരണ സിറ്റികളിൽ കാണുന്ന പോലെ വലിയ ട്രാഫിക്ക് കുരുക്കളൊന്നും കണ്ടില്ല. ചില സ്ഥലങ്ങളിൽ മറ്റു വണ്ടികൾ പോകാനായിട്ട് കാത്ത് നിൽക്കുന്നത്, ഞങ്ങൾ അത്ഭുതത്തോടെ നോക്കി, ഇങ്ങനത്തെ മര്യാദകളൊക്കെ മെട്രോ സിറ്റികളിൽ പഴയ വിശേഷങ്ങളായി കൊണ്ടിരിക്കുകയാണല്ലോ.
വിനോദ സഞ്ചാരികൾക്ക് സ്കൂട്ടരുകളും ബൈക്കുകളും അവിടെ വാടയ്ക്ക് എടുക്കാൻ സാധിക്കും. ചില യാത്രകൾ ഞങ്ങൾ അങ്ങനെയും നടത്തി. എല്ലാവരും വിനോദസഞ്ചാരികളെ ഉൾകൊള്ളാനുള്ള മനസ്സ് ഉള്ളവരായിട്ടാണ്‍ തോന്നിയത്. പഴയ തലമുറയിലുള്ള സ്ത്രീകളിൽ അധികവും "ബോയിംഗ് -ബോയിംഗ് സിനിമയിലെ “ഡിക്ക് അമ്മായിയെ(സുകുമാരി)” ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള രൂപവും വേഷവുമായിരുന്നു.അവരിൽ പലരും ഇംഗ്ലീഷ് ഭാഷ നന്നായിട്ട് കൈകാര്യം ചെയ്യുന്നതും കണ്ടു. ഒരു പക്ഷെ പോർച്ചുഗീസ്സ് കാരുടെ കൈയ്യിൽ നിന്നും കിട്ടിയ സംസ്കാരത്തിന്റെ ഭാഗമായിരിക്കും.
ട്ടൂറിസ്സത്തിന്‍ പേരു കേട്ട ഈ സ്ഥലത്ത്,St.Francis Xavier ന്റെ ഭൗതികശരീരം വെച്ചിട്ടുള്ള പള്ളി, കാഴ്ചബംഗ്ലാവ്,ഏകദേശം 50 യോളം ബീച്ചുകളും അവിടത്തെ പലതരത്തിലുള്ള “വാട്ടർ സ്പോർട്ട്സ്-കൾ, കടൽപുറത്ത് തന്നെ, വിലപേശലിന് തയ്യാറായി നിൽക്കുന്ന തുണി, കരകൗശലവസ്തുക്കൾ ........പലതരം കടകൾ, ഗോവയുടെ തനതായ രുചി വിഭവ വുമായിട്ടുള്ള ഭക്ഷണശാലകൾ .........അങ്ങനെ വരുന്ന വിനോദസഞ്ചാരികൾക്ക് "ട്ടെൻഷൻ ഫ്രീ " ആയിട്ടുള്ള കുറച്ച് ദിവസങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെയാണ്, അവിടത്തെ നാട്ടുകാർ എന്ന് തോന്നുന്നു.
നല്ലൊരു അവധിക്കാലം എനിക്ക് സമ്മാനിച്ച ഗോവയോട് നന്ദി പറഞ്ഞ്, എന്റെ അഞ്ചു ദിവസത്തെ "ഗോവ വാസം കഴിഞ്ഞ്.... ഞാൻ വീണ്ടും എന്റെ “ട്ടൈം ടേബിളിലേക്ക്”.