5/30/17

വാച്ചുകളുടെ വിശേഷം

ഷഷ്ടിപൂർത്തി ആഘോഷത്തിൻറെ ആൽബം കണ്ടപ്പോൾ, പിറന്നാൾ കേക്ക് ആണോ പിറന്നാൾ ആഘോഷിക്കുന്ന ആളെ കണ്ടിട്ടാണോ കൂടുതൽ അതിശയിപ്പിച്ചത് എന്ന് ചോദിച്ചാൽ, ജീൻസ്സും ടീ -ഷർട്ടും കറുത്ത തലമുടിയുള്ള "അങ്കിൾ" നെ കണ്ടാൽ അത്രയും പ്രായം തോന്നില്ല എന്നതാണ്. എന്നാൽ ഞാനൊഴിച്ച് ആൽബം കണ്ടുകൊണ്ടിരുന്നവരെല്ലാം "കേക്കിനെ" പുകഴ്ത്തി പറയുന്നത് കണ്ടപ്പോഴാണ്, ഞാനത് ശ്രദ്ധിച്ചത്.കേക്ക്, അത് മുറിച്ച് കഴിക്കാൻ ഉള്ളതല്ലേ എന്ന മനോഭാവത്തിലായിരുന്നു , ഞാൻ.

കൂട്ടത്തിലുള്ളവരുടെ വിവരണവും കേക്കിന്റെ പല ഭാഗത്തിൽ നിന്നുമുള്ള പടങ്ങളും അതിനെ കൂടുതൽ ശ്രദ്ധിക്കേണ്ടി വന്നു.കൈയ്യിൽ കെട്ടുന്ന വാച്ചിന്റ"ഡയൽ"-ന്റെ രൂപത്തിലായിരുന്നു.നിലവിലുള്ള ഏതോ കമ്പനിയുടെ ഏകദേശം പന്ത്രണ്ട് ലക്ഷം വില വരുന്ന വാച്ചിന്റെ മോഡലിൽ ആയിരുന്നു. ആ ചെറിയ ഘടികാരത്തിലുള്ള ഏറ്റവും ചെറിയ സാമ്യത പോലും കേക്കിലുമുണ്ടാക്കിയിട്ടുണ്ട്. അതൊക്കെയാണ് തിന്നാനുള്ള ആ സാധനത്തിന്റെ പ്രത്യേകത. വാച്ചുകളോട് താത്പര്യം ഒന്നും തോന്നാത്ത എനിക്ക് ഇതെല്ലാം പുതിയ വിശേഷങ്ങളായിരുന്നു.

"പന്ത്രണ്ട് ലക്ഷത്തിന്റെ വാച്ചോ! " എന്റെ ആശ്ചര്യം കണ്ടിട്ടായിരിക്കാം കൂടെയുള്ളവർ സമയം നോക്കുന്ന ആ സാധനത്തെ പറ്റി ഒരു ക്ലാസ്സ് തന്നെ എനിക്ക് തന്നു.ബാറ്ററി ഇട്ട് ഉപയോഗിക്കുന്നത്,കീ കൊടുത്ത് ഉപയോഗിക്കുന്നത് എന്നാൽ ഇത് രണ്ടും വേണ്ടാത്തത് –“Seiko-5” ചിലതിന് ഡയലിന്റെ അടിയിൽ ഗ്ലാസ്സ് ആയിരിക്കും അതിന്റെ പ്രവർത്തനം നമ്മുക്ക് നേരിട്ട് കാണാനായിട്ടാണ്, മറ്റു ചിലത് തിരിച്ചുവിടാവുന്ന തരത്തിലുള്ള ഡയൽ ആണ്. 2 രാജ്യങ്ങൾ എപ്പോഴും സന്ദർശിക്കുന്നവർക്ക് ഉപകാരപ്പെടുമെന്നാണ്
പലരുടേയും അഭിപ്രായം .......അങ്ങനെ വിശേഷങ്ങൾ നീളുകയാണ്. ചില സവിശേഷതകൾ കണ്ടും കേട്ടിട്ടുണ്ടെങ്കിലും അതിനൊക്കെ ആളുകൾ ഇത്രമാത്രം ശ്രദ്ധചെലുത്തുന്നു എന്നത് ഒരു പുതിയ വിവരം. തന്നെയാണ്.പലതരം വാച്ചുകളുടെ പരസ്യങ്ങൾ കാണാറുണ്ടെങ്കിലും അതിനൊന്നും ഞാൻ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും അവിടെയുള്ളവർക്കെല്ലാം ആദ്യത്തെ ജോലി അല്ലെങ്കിൽ ആദ്യത്തെ ശബളം എന്നതുപോലെ പ്രാധാന്യമുണ്ടായിരുന്നു ആദ്യത്തെ വാച്ചിനും. എന്റെയും സ്ഥിതിയും മറിച്ചായിരുന്നില്ല.രാജ്യസഭയിലെ ഒരു ബിൽ പാസ്സാവുന്നതിനേക്കാളും പ്രയാസമായിരുന്നു, ഒരു വാച്ച് മേടിച്ച് തരാം എന്ന ഉറപ്പിന്, പിന്നെ അത് കൈയ്യിൽ കിട്ടാൻ, പരീക്ഷയുടെ മാർക്കുകൾ,വീട്ടിലേയും നാട്ടിലേയും അനുസരണ......അങ്ങനെ കടമ്പകൾ ഒരു പാടുണ്ടായിരുന്നു.അവസാനം സഹോദരന് ജോലി കിട്ടിയതിന്റെ ഭാഗമായിട്ടാണ് "hmt” യുടെ ആ വിലകൂടിയ സാധനം കിട്ടിയത്. ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു അന്നൊക്കെ.അത് കൈയ്യിൽ കിട്ടുന്നതിന് മുൻപും പിൻപുമായി എത്രമാത്രം സ്വപ്‌നങ്ങൾ കണ്ടിരിക്കുന്നു.പക്ഷെ ആദ്യത്തെ തന്നെയുള്ള ട്രെയിൻ യാത്രയിൽ "എന്റെ ആ നിധി"ആരോ പറിച്ചു കൊണ്ടു പോവുകയും ചെയ്തു.അപ്പോഴെല്ലാം കേട്ട വഴക്കുകൾ, ആ സാധനത്തോടുള്ള എന്റെ മമത കുറച്ചു എന്ന് തന്നെ പറയാം.

പിന്നീട് എന്റെ ജീവിതത്തിൽ ഒരു സാധനത്തിന്റെ വില കുറഞ്ഞു കാണുന്നതും വാച്ചിനാണ്.ചൈനീസ്സ് വാച്ചുകൾ സുലഭമായതും ചില അക്ഷരങ്ങളിലെ വ്യത്യാസമൂലം പല വിലകൂടിയ വാച്ചുകളും 100 യോ 2 00 രൂപയ്ക്കോ കിട്ടാനും തുടങ്ങി.പോരാത്തതിന്,ഫോണ്‍ കമ്പ്യൂട്ടർ ......എല്ലാവരും സമയം കാണിക്കുന്ന ഉത്തരവാദിത്വവും ഏറ്റെടുത്തു. കൈയ്യിൽ കെട്ടുന്ന ആ ചെറിയ ഘടികാരത്തിന് ഇത്രയും പ്രാധാന്യമുള്ള കാര്യം ഞാൻ അറിഞ്ഞതേയില്ല.

പലതരത്തിലുള്ള വാച്ചുകൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ്, അങ്കിളിന്റെ ഹോബി, അതിന്റെ ഭാഗമായിട്ടാണ് ആ വിലകൂടിയ വാച്ചിന്റെ മോഡലായിട്ട് കേക്ക് ഉണ്ടാക്കിയിരിക്കുന്നത്.ഈ തരത്തിലുള്ള വിശേഷങ്ങൾ കേട്ട് കണ്ണ് തള്ളിയിരിക്കുന്ന എനിക്ക്, അദ്ദേഹത്തിന്റെ ശേഖരത്തിൽ നിന്ന് മൂന്നു-നാലെണ്ണം എനിക്ക് കാണിച്ച് തന്നു.അതിൽ ഒരെണ്ണം,Bireitling എന്നതാണ്, ഏകദേശം 5 ലക്ഷം രൂപ വിലയുണ്ട്.Bentley എന്ന സ്പോർട്ട്സ് കാറിന് എങ്ങനെ പെയിന്റ് അടിക്കുമോ അതേ രീതിയിൽ ആണ് ഈ വാച്ചിനും നിറം നൽകുന്നത്.ആ കാർ കമ്പനി ഉണ്ടാക്കുന്നതാണിത്.ഇതൊക്കെ കാണിച്ച് തന്നപ്പോഴും എന്റേയും ആ വാച്ച് കളിലേയും സമയം ഒന്ന് തന്നെയായിരുന്നു. അത് കൊണ്ടായിരിക്കാം അവയൊക്കെ കാണുമ്പോഴും എനിക്ക് അങ്കിളിനോടോ വാച്ചുകളോടോ പ്രത്യേകിച്ച് കുശുമ്പോ പരിഭവമോ തോന്നിയില്ല എന്നത് ഒരു സത്യം !

7 comments:

  1. ഓരോരുത്തര്‍ക്കും ഓരോന്നിനോടുമുള്ള പ്രതിപത്തി വിഭിന്നമായിരിക്കാം...
    ആശംസകള്‍

    ReplyDelete
    Replies
    1. വ്യത്യസ്തത തോന്നി ...നന്ദി സര്‍

      Delete
  2. ആളുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പല തരത്തിലാണല്ലോ...

    ReplyDelete
    Replies
    1. ശരിയാ ...പുതിയ തരത്തിലെ ഹോബി ആയിട്ട തോന്നി ...നന്ദി

      Delete
  3. പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പരീക്ഷക്ക് സമയം അഡ്ജസ്റ്റ് ചെയ്യാനായാണ് എനിക്കൊരു സെക്കൻഡ് ഹാൻഡ് റിക്കോ വാച്ചു വാങ്ങിയത്.അത് ഏറെക്കാലം ഉപയോഗിക്കുകയും ചെയ്തു

    ReplyDelete
    Replies
    1. അതെ ......ആ excuse പറഞ്ഞ് ഒരെണ്ണം സംഘടിപ്പിക്കാന്‍ നോക്കിയിട്ടുണ്ട് പക്ഷെ കിട്ടിയില്ല .....നന്ദി

      Delete
  4. പഴയ ചില ഇഷ്ട്ടങ്ങളോടുള്ള പ്രതിപത്തി ...!

    ReplyDelete