5/12/16

ഈ ഉള്ളിയുടെ ഒരു കാര്യമേ!


"പാപി ചെല്ലുന്നയിടം പാതാളം" എന്ന് പറയുന്നതു പോലെയാണ്, എന്റെ പല കാര്യങ്ങളും. അല്ലെങ്കിൽ മുൻപിൽ മണ്ണ് കൊണ്ടുപോകുന്ന ലോറിയിൽ നിന്നും വന്ന ചെറിയ ഒരു കല്ല് അതിന്റെ പുറകിലായി ബൈക്ക് ഓടിക്കുന്ന ഭർത്താവിൽ കൊള്ളാതെ, പുറകിലിരിക്കുന്ന എന്റെ കഴുത്തിൽ കൊള്ളേണ്ട വല്ല കാര്യവുമുണ്ടോ? ഞാനാണെങ്കിൽ ഹെൽമെറ്റ്‌ ഇട്ടിട്ടുണ്ട്. ഒരു പക്ഷെ ഉന്നം വെച്ച് ചെയ്‌താൽ പോലും പിഴയ്ക്കും. പക്ഷെ കല്ലിന് എല്ലാം കിറുകൃത്യം. ആ കല്ലിനെ ഞാൻ കണ്ടെങ്കിലും വണ്ടിയുടെ വേഗതയിൽ ഏതോ ചെറിയ പ്രാണിയായിട്ടാണ് എനിക്ക് തോന്നിയത്.എന്തായാലും കല്ല്‌ കൊണ്ട് ചെറിയ മുറിവുണ്ടായി. അതോടെ നല്ല വേദനയായി. ഏകദേശം വീടിനടുത്ത് വെച്ചായിരുന്നു ഈ സംഭവം നടന്നത് അതുകൊണ്ട് തന്നെ പ്രാണിയോ കല്ലോ എന്നറിയാതെ വേദന സഹിച്ച് വീട്ടിലെത്തി.
ഞാൻ കാണിച്ച ത്യാഗത്തിനുള്ള പരിഗണനയൊന്നും വീട്ടിൽ ചെന്നപ്പോൾ ആരിൽ നിന്നും കണ്ടില്ല.കുട്ടികളൊക്കെ വലുതായതു കൊണ്ടും, പഴയതു പോലെ സൈക്കിൾ നിന്നുള്ള വീഴ്ച, ഉന്തിയിടൽ ... അങ്ങനത്തെ അവരുടെ കലാപരിപാടികൾ അവസാനിച്ചിരിക്കുന്നതു കൊണ്ടും മുറിവിൽ പുരട്ടാനുള്ള മരുന്നുകൾ പലതും കാലാവധി കഴിഞ്ഞതായിരുന്നു. ഡെറ്റോൾ കുപ്പി കണ്ടാൽ ലോകത്തുള്ള എല്ലാ രോഗാണുക്കളും ആ കുപ്പിയുടെ പുറത്താണ് വസിക്കുന്നതെന്ന് തോന്നും! ചിലപ്പോൾ അതിനകത്തെ ദ്രാവകം നല്ലതായിരിക്കും. എന്റെ മുറിവിനേക്കാളും വീട്ടിലുള്ളവരെല്ലാം പ്രാധാന്യം കൊടുത്തത് ആ ഡെറ്റോൾ കുപ്പിക്കാണ്. ഇനി പുറത്ത് പോകുമ്പോൾ "മരുന്ന് മേടിക്കാം" എന്ന് പറഞ്ഞ്,എല്ലാവരും അവരവരുടെ പണിക്ക് പോയി. ഒരു പക്ഷെ മുറിവിനേക്കാളും വേദന തോന്നിയതു ഇവരുടെയൊക്കെ പെരുമാറ്റരീതിയിലായിരുന്നു എന്നും പറയാം.
മുറിവ് കണ്ടപ്പോൾ "അയ്യോ വീണോ .....ചോര വന്നോ ....കുറച്ച് ഉള്ളി തേച്ചാൽ മതിട്ടോ .....”, എന്റെ അമ്മയുടെ ശൈലിയിൽ കുട്ടികൾ എന്നോട് അനുകരിച്ചു പറഞ്ഞു. മുറിവ് ഉണ്ടാകുമ്പോൾ, അമ്മ ഒറ്റമൂലി മരുന്നായി പറഞ്ഞിരുന്നത്, ‘ചെറിയ ഉള്ളി ചതച്ച് തേക്കുക’ എന്നതായിരുന്നു. വളരെ കുഞ്ഞായിരുന്നപ്പോൾ കരച്ചിലിനും കുതറി മാറി പോകുന്നതിനുമിടയിൽ അമ്മ ഉള്ളിയുടെ നീര് തേച്ചിട്ടുണ്ടാവും. അതൊക്കെ പിന്നീട് വലിയ പരിചരണം ഇല്ലാതെ തന്നെ ഉണങ്ങി പോകാറുണ്ട്. അന്നൊക്കെ കൂട്ടുകാരികളിൽ പലരും നല്ല നിറമുള്ള സിറപ്പ് മരുന്നുകളും ഭംഗിയുള്ള ബാൻഡ് -ഏഡും ഒട്ടിക്കുമ്പോൾ, എനിക്ക് ഇങ്ങനെ നീറുന്നതും കയ്പുള്ളതുമായ മരുന്നുകൾ ആയിരിക്കും.പിന്നീട് അവധിക്കാലത്ത്‌ വരുന്ന എന്‍റെ കുട്ടികളിലുണ്ടാകുന്ന മുറിവുകളിലും അമ്മ ചിലപ്പോൾ ഉള്ളി പ്രയോഗം നടത്താറുണ്ടായിരുന്നു. ഞങ്ങളെല്ലാവരും അതിന് കളിയാക്കുമായിരുന്നെങ്കിലും അമ്മക്ക് അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. മുറിവുകളും ചെറിയ ഉള്ളിയും അമ്മയും ഒരു ടീം ആയി മുന്നോട്ട് തന്നെ!
വീട്ടുകാർ മരുന്നൊക്കെ മേടിച്ചു വന്നപ്പോഴേക്കും ഒരു പ്രഥമശുശ്രൂഷയിൽ എന്ന നിലയിൽ ഞാൻ ഉള്ളി തേച്ചിരുന്നു. ഇതൊരു പുതിയ അറിവായിരുന്ന വീട്ടുകാരൻ, അതിന്റെ ഔഷധീയം അറിയാനായി ഗൂഗിളിന്റെ പുറകേയായി. മുറിവിൽ തേക്കുന്നത് മാത്രമല്ല അതിനെ കൊണ്ടുള്ള ഗുണങ്ങൾ വിവരിച്ച് കിടക്കുകയാണ്. ഗൂഗിൾ ഇല്ലാതെ തന്നെ അമ്മക്കുള്ള അറിവുകൾ മോശമല്ല എന്ന് പറയാൻ വേണ്ടി ഫോൺ വിളിച്ചപ്പോൾ, ആ അടുത്ത കാലത്തുണ്ടായ മുറിവിനെപ്പോലും ഡയബറ്റിക് രോഗിയായ അമ്മ ഉള്ളി കൊണ്ട് ഉണക്കിയെടുത്ത വീരകഥയാണ് അമ്മക്ക് തിരിച്ചു പറയാനുണ്ടായിരുന്നത്. അങ്ങനെ ഒരിക്കൽ കൂടി ഉള്ളിക്കുള്ള പിന്തുണ അമ്മ പ്രഖ്യാപിച്ചു.
ഉള്ളിയും ഡെറ്റോളും ബാൻഡ് ഏഡും ആയി എന്റെ മുറിവ് ഉണങ്ങി. ഇപ്രാവശ്യം മരുന്നുകളേക്കാൾ ഞാൻ ഇഷ്‌ടപ്പെട്ടത് ഉള്ളിയുടെ നീരായിരുന്നു. എന്തോ, അത് തേക്കുമ്പോഴുള്ള നീറ്റലിനേക്കാളും ഞാൻ ആസ്വദിച്ചിരുന്നത് ആ പഴയ ഓർമ്മകളെ ആയിരുന്നു.
അമ്മമാരുടെ ഗുണങ്ങളെ പറ്റി പറയുമ്പോൾ നമ്മുക്കെല്ലാവർക്കും നൂറു നാവുകളാണ്. എനിക്ക് വയസ്സ് ആവുന്നതോടെ, ഞാനും അമ്മയെ പോലെ ഉള്ളിയെ സ്നേഹിക്കാൻ തുടങ്ങുന്നു, ഒട്ടും ഇഷ്ടമല്ലാത്തതും പണ്ട് വഴക്ക് കൂടിയതുമായതുമായ കാര്യങ്ങളാണ് അതൊക്കെ. ഇനിയും അമ്മയിലെ ഏതൊക്കെ ഇഷ്ടമില്ലാത്ത കാര്യങ്ങളായിരിക്കും എന്നിൽ നിന്നും തല പൊക്കുക എന്ന ആശങ്കയിലാണ്, ഞാൻ! ഒരു പക്ഷെ ജീനുകളുടെ മറിമായമോ അല്ലെങ്കില്‍ നമ്മള്‍ പോലും അറിയാതെ രക്തത്തിൽ അലിഞ്ഞു പോയ നമ്മുടെ ചില വിശിഷ്‌ടതകളോ ? അങ്ങനെ ഉള്ളിയും അമ്മയേപോലെ എനിക്ക് ഹൃദ്യം!
http://emashi.in/may-2016/amma-ormakal-rita.html

18 comments:

 1. ഉള്ളിക്ക് ഇങ്ങിനെയൊരു ഗുണമുള്ളത് എനിക്കറിയില്ലായിരുന്നു...

  ReplyDelete
  Replies
  1. ഇനി പരീക്ഷിച്ചു നോക്കാം .....പക്ഷെ നല്ല നീറ്റല്‍ ആണ് .......Thx

   Delete
 2. ഉള്ളി അരിയുന്ന പ്രദേശത്തൊന്നും ഞാൻ നിൽക്കൂല്ല. അത്രയ്ക്ക് വിരോധമാണ് ഞങ്ങൾ തമ്മിൽ

  ReplyDelete
  Replies
  1. അത് ശരിയാ ......ഹി ഹി ....നന്ദി

   Delete
 3. 'ഒരു പക്ഷെ മുറിവിനേക്കാളും വേദന തോന്നിയതു ഇവരുടെയൊക്കെ പെരുമാറ്റരീതിയിലായിരുന്നു എന്നും പറയാം.'
  ഉള്ളിയുടെ നീറ്റലില്‍ അതും അലിഞ്ഞുപോയിക്കാണുമല്ലോ, ഇല്ലേ?

  ReplyDelete
  Replies
  1. ഹി ഹി ...അതെ പഴയ ഓര്‍മ്മകള്‍ .....അതൊക്കെ അലിയിച്ച് കളഞ്ഞു വെന്ന് പറയാം .....നന്ദി

   Delete
 4. നിലത്തുവീണൊ,കത്തികൊണ്ടുമുറിഞ്ഞോ പരിക്കുണ്ടായാല്‍ മുറിപ്പാടില്‍ ഉള്ളിച്ചതച്ച് തേക്കലായിരുന്നു പണ്ടൊക്കെ മിക്കവരും ചെയ്തിരുന്നത്.നീരു മുറിപ്പാടില്‍ വീഴുമ്പോള്‍ എന്തുനീറ്റമാണെന്നോ!....ആശംസകള്‍

  ReplyDelete
  Replies
  1. അതിന്റെ നീറ്റല്‍ ഭയാനകം ആയിരുന്നു .....നന്ദി സര്‍

   Delete
 5. പ്രാണി കടിക്കുന്നതിന് ഉള്ളി തേക്കാറുണ്ട്. മുറിവിനു തേക്കുന്നത് ആദ്യമായാണ്‌ കേള്‍ക്കുന്നത്. ഉം...കൊള്ളാം

  ReplyDelete
  Replies
  1. ഇനി പരീക്ഷിച്ചു നോക്കാം ......ഈ വരവിന് നന്ദി

   Delete
 6. നല്ല ഓർമ്മകൾ...

  ReplyDelete
 7. ഉള്ളിയുടെ സകലമാന
  ഉള്ളുകള്ളികളും ഉഷാറായി തന്നെ ഇവിടെ
  ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ

  ReplyDelete
  Replies
  1. ഇതൊന്നുമല്ല ഇനിയും ഒരു പാട് ഗുണങ്ങള്‍ ഉണ്ട്......വായനക്ക് നന്ദി

   Delete
 8. ഉള്ളിയെക്കുറിച്ചെന്ത്‌ പറയാനാണെന്ന് കരുതി വായിക്കാൻ തുടങ്ങിയതാ.വായന നിറഞ്ഞ സന്തോഷം നൽകി.!!!!!

  നല്ല ഓർമ്മകളും!!!

  ReplyDelete
  Replies
  1. ഒരു പാട് സന്തോഷം .....ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന കമന്റ്

   Delete
 9. അമ്മമാരുടെ കയ്യിൽ എന്തു മാത്രം പൊടിക്കൈകളാ അല്ലേ?! അത് പ്രയോഗിക്കുന്ന നേരത്ത് നമ്മൾ മുഖം തിരിക്കുമെങ്കിലും പിന്നീട് ആലോചിച്ചാൽ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയും. മറ്റുള്ളവർക്ക് സമാനമായ സാഹചര്യം വരുമ്പോ നമ്മൾ ആദ്യം നിർദേശിക്കുന്നതും ഈ ഒറ്റമൂലികൾ തന്നെയാവും. എഴുത്ത് ഇഷ്ടപ്പെട്ടു. ആശംസകൾ.

  ReplyDelete
  Replies
  1. അതെ സത്യം.......വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ

   Delete